

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കോഴിക്കോട്ടെ നൈറ്റ് ലൈഫ് എന്നത് ചർച്ച ചെയ്യുന്നതിന് മുന്നേ മനസ്സിലാക്കേണ്ട പല കാര്യങ്ങളുമുണ്ട്. പ്രീ കൊളോണിയൽ കാലഘട്ടത്തിൽ പലതരം മനുഷ്യർ വന്നുപോയ ഒരിടമാണിത്. വലിയ ഉരുക്കളും അതിൽ നിന്ന് പലതരം അടിമകളും യാത്രക്കാരും ഒക്കെ വന്നുപോയിരുന്നിരുന്ന, പല പുരാതനമായ ഭൂപടങ്ങളിലും ഇടമുണ്ടായിരുന്ന ഒരു നഗരമായിരുന്നു ഇത്. ഇവിടെ നൈറ്റ് ലൈഫ് ഉണ്ടായത് ഒരു മേയറിന്റെയും കലക്ടറിന്റെയും ഔദാര്യത്തിൽ അല്ല.
കോഴിക്കോടിന്റെ ചരിത്രത്തിൽ ഇവിടത്തെ യുവതക്കും അതിന്റെ സ്വപ്നങ്ങൾക്കും രാത്രികൾക്കും പങ്കുണ്ട്. കടപ്പുറത്ത് കിടന്നുറങ്ങുന്നവരാണ് പലരും. ഈ രാത്രിജീവിതത്തെ ഇന്നോ അല്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമോ ഒക്കെ നടക്കുന്ന, ‘യുവതയുടെ അപക്വത’യായിട്ട്, മറ്റേതോ രാജ്യത്ത് നടക്കേണ്ട കാര്യമായിട്ട് മനസിലാക്കുന്നത് കൊളോണിയൽ അധിനിവേശത്തിന്റെയും അടിച്ചമർത്തലിന്റെയും ബാക്കിപത്രമാണ്. ഈ സാംസ്‌കാരിക അംനീഷ്യ ലോകം മുഴുവൻ കോളനി രാജ്യങ്ങൾ അനുഭവിക്കുന്ന സാംസ്‌കാരിക പ്രതിസന്ധികളിൽ ഒന്നാണ്. അഡീച്ചിയെപ്പോലുള്ളവരുടെയും മറ്റും ആഫ്രിക്കൻ നോവലുകളിലും അത്തരം പല സാംസ്‌കാരിക ഇടങ്ങളിലും ഈ ഓർമ്മക്കുറവ് വായിച്ചെടുക്കാനാവും. ഒരു കോളനിക്ക് കൊളോനിയലിസത്തെ അതിന്റെ എല്ലാ അടരുകളിൽ നിന്നും അടർത്തിക്കളയാൻ, പൂർണമായി സ്വതന്ത്രരാവാൻ 400 വർഷമെടുക്കും എന്നാണ് മറ്റൊരു പഠനത്തിൽ വായിച്ചത്.
കോഴിക്കോട് ഉണ്ടായിരുന്ന മയക്കുമരുന്നുകളെക്കുറിച്ച് വൃദ്ധരായ ആളുകൾ പറഞ്ഞുതന്നിട്ടുണ്ട്. കറുപ്പ്, ബ്രൗൺ ഷുഗർ, ഹെറോയിൻ തുടങ്ങിയ പലതും ഇവിടത്തെ യുവതയെ കവർന്നെടുത്ത ചരിത്രമാണ് കോഴിക്കോടിനുള്ളത്. അതൊക്കെ കോഴിക്കോട്ട് നിന്ന് ജനങ്ങൾ ചേർന്ന് തുരത്തിയതും വളരെ പ്രധാനപ്പെട്ട പഠനവിഷയങ്ങളാണ്.


മയക്കുമരുന്ന്
ഇപ്പോൾ നാട്ടിൽ നടക്കുന്ന Methamphitamine (കെമിക്കൽ മരുന്ന്) ഉപയോഗം കാണിച്ചുതരുന്നത് അനോരാഗ്യം ബാധിച്ച ഒരു യുവതയെ ആണ്. ഈ യുവതയുടെ ആരോഗ്യം ആണ് സർക്കാറിന്റെ പ്രധാന പ്രശ്നമെങ്കിൽ M ഉപയോഗത്തെക്കുറിച്ച് മലയാളത്തിൽ എഴുത്തുകൾ ചുമരിൽ പതിക്കേണ്ട കാലഘട്ടമാണിത്. ഈ ഡ്രഗ്സ് ഉപയോഗിച്ചാൽ കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും എന്ന് പൊതുജനം തിരിച്ചറിയണം. തലച്ചോറ് ചുരുങ്ങി ചിന്താശേഷി ഇല്ലാത്തവരായി മാറും എന്നതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. സ്‌കൂളുകളിൽ ഇതിനെക്കുറിച്ച് അവബോധം ഉണ്ടാക്കണം, ഇതുപോലുള്ള എല്ലാ ഡ്രഗ്സിനെ കുറിച്ചും. ഉപയോഗിക്കുന്ന പലർക്കും പലതും അറിയില്ല. അവരെ ആദ്യമേ കുറ്റവാളികളാക്കാതെ തിരുത്താനും വിഷയം വിശദീകരിക്കാനും പറ്റണം.
ഒരു രാജ്യത്തെ യുവത ഇത്തരം ഡ്രഗ്സ് ഉപയോഗിക്കുന്നതിന് അതത് ഇടങ്ങളിലെ യുവതയുടെ ജീവിതത്തിലെ സമാധാനവുമായി, അവരുടെ മെന്റൽ ഹെൽത്തുമായി ബന്ധമുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. ഈ വിഷയത്തിൽ നടന്ന എലികളുമായി ബന്ധപ്പെട്ട ഒരു പഠനത്തിൽ മനസിലാക്കിയത്, അവയ്ക്ക് ആരോഗ്യമുള്ള ഒരു സമൂഹമായി ജീവിക്കാനുള്ള അവസരമുണ്ടായപ്പോൾ ഒരു എലി പോലും അവിടെ എന്നും തുറന്നുകിടന്ന ഹെറോയിൻ വെള്ളം വന്ന് കുടിച്ചില്ല എന്നതായിരുന്നു.
മനുഷ്യർക്ക് സ്വാതന്ത്ര്യം, നൈറ്റ് ലൈഫ് ഒക്കെ വളരെ പ്രധാനപ്പെട്ടതാണ്. ഇത് ചർച്ച ചെയ്യുന്നവർ പറയുന്നത് ഈ രാത്രി ജീവിതം സംരക്ഷിച്ച് ഡ്രഗ്സ് ഇല്ലാതാക്കുക പൊലീസിന്റെ പണിയാണെന്നാണ്, അല്ല. അത് മൊത്തം ജനത ഒരുമിച്ച് അവയെർനെസ്സ് ഉണ്ടാക്കേണ്ട വിഷയമാണ്. ഒരു തലമുറയെത്തന്നെ ശാരീരികവും മാനസികവുമായി നശിപ്പിക്കാൻ ശേഷിയുള്ള ഡ്രഗ്സ് ഇവിടത്തെ യുവതക്ക് ആത്മഹത്യാപരമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും ഉപയോഗിച്ചുകൊണ്ടിരിക്കാൻ തോന്നുന്നുണ്ടെങ്കിൽ ഒരു സമൂഹമെന്ന നിലയിൽ നമ്മൾക്ക് സമാധാനവും സ്വാതന്ത്ര്യവും ഇല്ലാതാകുന്ന സാഹചര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണ്. ആരോഗ്യമുള്ള ഒരു സമൂഹത്തിന് സന്തോഷിക്കാനും ജീവിതം ആസ്വദിക്കാനും കെമിക്കലുകളുടെ ആവശ്യമില്ല.


എമ്പ്രാക്കന്മാരും യുവതയും
സംഘപരിവാറിന്റെ മറച്ചുവയ്ക്കപ്പെട്ട ചരിത്രം തുറന്നുകാട്ടി എന്നത് എമ്പുരാനെ സംബന്ധിച്ചിടത്തോളം നേട്ടം തന്നെയാണ്. അതിക്രൂരമായ കഥകൾ എല്ലാ ദിവസവും കേട്ടുകൊണ്ടിരുന്ന ഒരു സമയമാണത്. മുസ്ലീമായതുകൊണ്ടുമാത്രം വേട്ടയാടപ്പെട്ടവർ, അതിക്രൂരമായി അതിക്രമിക്കപ്പെട്ടവർ, കൊല്ലപ്പെട്ടവർ. ഇന്നധികാരത്തിലിരിക്കുന്നവർക്കെതിരെ നിന്ന് സത്യം തുറന്നുപറയുക എന്നത് ധീരതയാണ്.
ഈ വിഷയം ചർച്ചചെയ്യപ്പെടുമ്പോൾ അത് അവിടെത്തന്നെ നിന്നുപോകുന്നു എന്നതും കൂടിയാണ് സാംസ്‌കാരിക അംനീഷ്യ. ‘ഏ എം എം ഏ’ എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയാണെന്നും സ്വന്തം തൊഴിലിടത്തിലെ സ്ത്രീകൾക്ക്, സ്ത്രീയായതുകൊണ്ടുമാത്രം അവരനുഭവിച്ച വേദനകൾക്ക് മറുപടി പറയാതെ മുങ്ങിയ ഒരാളാണെന്നും എല്ലാവരും മറന്നു. അയാൾ ഇടതുപക്ഷ മതേതരവാദികൾക്ക് കുറച്ചുനാളുകൾക്ക് ദൈവതുല്യനായി. മാപ്പ് പറഞ്ഞപ്പോഴാണ് ഈ വിഷയത്തിൽ ഒരു തീരുമാനമായത്. സിനിമ എഴുതിയ ആൾ പറയുന്നു അയാൾ ‘ആന്റി റൈറ്റ് വിങ്’ ആണെന്ന്. റൈറ്റ് വിങ് കൊടിയുടെ കളറല്ല സുഹൃത്തെ. അതൊരു നിലപാടാണ്. കുന്തത്തിൽ കോർത്ത് മനുഷ്യനെ കൊല്ലാമെന്നും എതിർക്കുന്നവരെയും ശത്രുക്കളെയും ഇല്ലാതാക്കാമെന്നും പറഞ്ഞുവയ്ക്കുന്ന അടിസ്ഥാന കഥാതന്തുവാണ് റൈറ്റ് വിങ്. ഇന്നും രാമൻ ധർമത്തിന് വേണ്ടി ശൂദ്രനെക്കൊന്നു, അസുരനെ/ ആദിവാസിയെ/ദലിതനെ കൊന്നു എന്ന് വിശ്വസിക്കുന്ന ഒരു ജനതയ്ക്കാണ് ഹീറോ ചെയ്യുന്ന വയലൻസ്, വയലൻസ് ആകാത്തത്. ജയ് ശ്രീ രാം എന്ന വിളി വയലൻസ് ആകുന്നത് അതുകൊണ്ടാണ്. ഇത്ര ആഴത്തിൽ നിലനിൽക്കുന്ന ജാതീയതയെ, വിഭാഗീയതയെ തിരിച്ചറിയാതെ മുന്നോട്ട് പോകാൻ പറ്റില്ല എന്നതാണ് മതേതരത്വത്തിന്റെ തകർച്ചയും സംഘപരിവാറിന്റെ വളർച്ചയും നമുക്ക് കാണിച്ചുതരുന്നത്.


എന്തുകൊണ്ട് സ്‌നേഹത്തിൽ പൂക്കുന്ന ഒരു പുരുഷന് മെയിൻസ്ട്രീമിൽ വിജയിച്ചുകൂടാ? കാരണമുണ്ട്. നല്ല ആൺ അങ്ങിനെയല്ല. അതിപ്പഴും മുഖത്തൊരു ഭാവഭേദവുമില്ലാതെ കൊല്ലുന്ന നായകനാണ്, അതാണ് ബ്രാഹ്‌മണ തന്തവാഴ്ച (brahminist patriarchy). ഇത് കണ്ട് തീയറ്ററിൽനിന്നിറങ്ങുന്ന യുവത, ഇതൊക്കെ സിനിമ മാത്രമാണെന്ന് കരുതണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അതല്ല M ഉപയോഗിച്ച ഒരാൾക്ക് സംഭവിക്കുന്നത്. ഇത്തരത്തിലെ വയലന്റ് ഇമേജറി സത്യമാണോ കഥയാണോ എന്ന് തിരിച്ചറിയാനുള്ള ശേഷി അയാൾക്ക് ഇല്ലാതാകാം. ഇത്തരെ സിനിമകളും ഇത്തരം മരുന്നുകളും ചേർന്ന് വളരെ അപകടകരമായ, അനാരോഗ്യകരമായ ഒരു സാഹചര്യമാണ് നാട്ടിലുണ്ടാക്കിയിട്ടുള്ളത്.
ഒരു തലമുറയെയാണ് വളർത്തിക്കൊണ്ടുവരുന്നത് എന്നോർക്കാതെ വിഷം കലക്കിക്കൊടുക്കുന്ന, തങ്ങളല്ലാത്ത മറ്റുള്ളവരെ എങ്ങിനെയും മുതലെടുക്കാം, ഉപദ്രവിക്കാമെന്ന സ്വഭാവം ഇവിടെ ജനതയ്ക്ക് ഉണ്ടായത് പലതരം അധിനിവേശങ്ങളുടെ ഫലമായികൂടിയാണ്. പരസ്പരം സ്നേഹത്തോടെ പെരുമാറുക എന്നത് തങ്ങൾക്കും കൂടയുള്ളവർക്കും സമൂഹത്തിന് തന്നെയും നല്ലതാണെന്ന് നമ്മൾക്ക് ഓർമ്മയില്ല. ജാതീയത നിലനിൽക്കുന്നിടത്തോളം, തന്തവാഴ്ചയും മുതലാളിത്തവും ഏബിളിസവും നിലനിൽക്കുന്നിടത്തോളം മറ്റൊരു കമ്മ്യൂണിറ്റിയുടെ ആരോഗ്യത്തിന് അവരവരുടെയോ പൊതുവായതോ ആയ പരിഗണന ലഭിക്കില്ല. വളരെ അടിസ്ഥാനപരമായ ആരോഗ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഏറ്റവും അധികം ആളുകളെ കുറ്റവാളികളാക്കുക എന്നത്. M പോലുള്ള കെമിക്കൽ മരുന്ന് ഉപയോഗിച്ച ആളുകളെ പൊലീസ് പിടിക്കുമ്പോൾ അവരുടെ റിഹാബിലിറ്റേഷൻ പരിഗണിക്കുക എന്നത് ഒരു മനുഷ്യാവകാശ വിഷയമല്ലേ? അവർക്ക് ശാരീരികമായി റിക്കവർ ചെയ്യാനുള്ള വൈദ്യസഹായം ലഭിക്കുന്നുണ്ടോ? ഈ വിഷയത്തെക്കുറിച്ച് കേരള പൊലീസിന് എന്ത് ധാരണയാണുള്ളത്?
അമ്മ
ഒരു ദലിതയായ, രണ്ട് പെൺമക്കളെ നഷ്ടപ്പെട്ട അമ്മയെക്കുറിച്ച് കള്ളച്ചിരിയോടെ പറയാൻ പറ്റുന്ന തരത്തിലെ ക്രൂരത കണ്ടുകൊണ്ടിരിക്കുന്ന യുവതയ്ക്ക്, അടിച്ചമർത്തപ്പെട്ടവരെ വീണ്ടും തെരുവിലിറക്കുന്ന കാഴ്ച നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന, രസിക്കാനായി വയലൻസ് മാത്രം കണ്ട് ശീലിച്ച യുവതക്ക് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്നതായി തോന്നുന്നതിൽ എന്ത് അത്ഭുതമാണുള്ളത്?
ഏറ്റവും മൃദുലമായി ലോകം ഒരാളോട് പെരുമാറേണ്ട ഒരു കാലഘട്ടമാണ് അവരുടെ ഗർഭകാലം. ‘ഓഫീസർ ഓൺ ഡ്യൂട്ടി’യിൽ വയറ്റിൽ ചവിട്ടിയ അതേപോലെയാണ് കോഴിക്കോടുള്ള ഒരു സ്ത്രീയോട് അവർക്ക് പരിചയമോ ദേഷ്യമോ ഇല്ലാത്ത ഒരാൾ ചെയ്തത്. അയാളുടെ കൂട്ടുകാരൻ അവരുടെ നൈറ്റി വലിച്ചുകീറി വീഡിയോ എടുത്തു. ഒരുപറ്റം സ്ത്രീകൾ, അതിൽ പലരും അമ്മമാർ, അവരുടെ ജീവിതത്തിനും ജോലിക്കും അന്തസ്സുണ്ടെന്ന് ഉറപ്പുകിട്ടാനായി സെക്രട്ടറിയറ്റിന്റെ മുന്നിൽ ഒരു പന്തൽ പോലും കെട്ടാനാവാതെ ഒന്നരമാസത്തോളമായി ഇരിക്കുന്നു. പ്രേമിച്ചു എന്ന തെറ്റിന് ആദിവാസി യുവാക്കളെ തൂങ്ങിച്ചാവുന്ന അവസ്ഥയിൽ എത്തിക്കുക… കുഞ്ഞുങ്ങളെ ഉപദ്രവിക്കുക… മേൽപ്പറഞ്ഞതൊക്കെ, സ്നേഹം അർഹിക്കുന്ന ജീവികളായി പരസ്പരം കാണാൻ പറ്റാത്തതിന്റെ ഏറ്റവും ജൈവിക തലത്തിലുള്ള ഉദാഹരണങ്ങളാണ്. പ്രകൃതിയിൽ ഓരോ ജീവിവ്യവസ്ഥയും അവരുടെ പുതുതലമുറയെ കൂടുതൽ ആരോഗ്യമുള്ളവരാക്കാൻ പണിയെടുക്കുമ്പോൾ മനുഷ്യർ സൂയിസൈഡലാണ്.
കോവിഡും വെള്ളപ്പൊക്കവും ഒക്കെ അതിജീവിച്ച നമ്മൾ, അതുപോലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി പൊതുജനാരോഗ്യത്തെ മനസിലാക്കേണ്ടത് അത്യാവശ്യമായി മാറിയ ഒരു കാലമാണിത്. പഴയകാലത്തെ വിവേചന വ്യവസ്ഥയെ മുറുക്കെപ്പിടിച്ച് ഇനി ഈ മാറിയ കാലാവസ്ഥയിലും ഇനിയുള്ള കാലത്തും ജീവിക്കാമെന്ന് കരുതുന്നത് തന്നെ അസംബന്ധമാണ്. ‘അമ്മ’ യോട്, പ്രകൃതിയോട് ഒക്കെ പതിനായിരം വർഷങ്ങളുടെ ബന്ധമുള്ള indigenous മനുഷ്യർക്ക് ഈ കാലാവസ്ഥാ വ്യതിയാനത്തെ മനസിലാക്കാൻ കഴിയുകയും അവരുടെ കൃഷിരീതികൾ മാറ്റാൻ കഴിയുകയും ചെയ്തിട്ടുണ്ട്, അതിനാൽ പല ഗവേഷകരും അവരെ Climate Faculty എന്നാണ് ഇന്ന് വിളിക്കുന്നത്.


ഈ പൊതുസമൂഹം അതിന്റെ കൊളോണിയൽ ജാഡ വിട്ട് മറ്റു സമൂഹങ്ങളിൽ നിന്ന് പഠിക്കേണ്ട സമയമായി. ഇവിടെത്തന്നെയുള്ള ജ്ഞാനശാഖകളെ, ഉദാഹരണത്തിന് നമ്മളുടെ ബൗദ്ധ ജ്ഞാനശാഖകളുടെ അറിവിനെ, നമ്മുടെ തന്നെ വളരെ സങ്കീർണമായ ചരിത്രങ്ങളെ പഠിക്കുകയും അവിടെനിന്നും ആരോഗ്യ പരിപാലനത്തെക്കുറിച്ചും മാനസിക ആരോഗ്യത്തെക്കുറിച്ചും ഒക്കെ മനസിലാക്കുകയും ആവശ്യമുള്ളതെടുക്കുകയും ഒക്കെ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്വമായ രീതിയിൽ മനുഷ്യർ ജീവനെ മനസിലാക്കിത്തുടങ്ങിയില്ലെങ്കിൽ വളരെ പെട്ടന്ന് നശിച്ചുകൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയെ രക്ഷപ്പെടുത്താനാവില്ല. അതിന് വെടിയും ബോംബും പൊട്ടിക്കുന്ന ഹീറോയിൽ നിന്ന് മാറി സമാധാനത്തോടെ ജീവിക്കുന്ന, പ്രകൃതിക്കും പൂർവികർക്കും അമ്മമാർക്കും മക്കൾക്കും വൃദ്ധർക്കും യുവതക്കും ഒക്കെ പ്രാധാന്യമുള്ള ജനസമൂഹങ്ങളിലേക്ക് നമ്മുടെ നന്മയുടെ സങ്കല്പം എത്തിച്ചേരണം.