മഹിളാ മാൾ: കുടുംബശ്രീയുടെ ചരിത്രത്തിലെ സങ്കടകരമായ സംരംഭം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സമാധാനമായി ഒന്നുറങ്ങിയിട്ട് എത്ര നാളായി? ജോലിക്ക് പോയി തിരിച്ച് വീട്ടില്‍ വരുന്നു എന്നല്ലാതെ മറ്റൊന്നിനും സമയം കണ്ടെത്താൻ കഴിയാതെ എന്നെപ്പോലുള്ളവര്‍ പോലീസ് സ്‌റ്റേഷനും കോടതിയും കയറുകയാണ്. ലക്ഷങ്ങളാണ് കടം. ചിലപ്പോള്‍ മരിച്ച് കളയാം എന്ന് കരുതും. പക്ഷെ അതും കൂട്ടത്തിലുള്ളവരെ കുടുക്കിലാക്കും പോലെയാവും. കഷ്ടപ്പാടില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടി പുറപ്പെട്ടതാണ്. ജോലി ചെയ്ത് സമാധാനമായിട്ട് ജീവിക്കുകയായിരുന്നു. ഉള്ള വരുമാനം കൊണ്ട് കുടുംബം നടത്തിക്കൊണ്ട് പോയിരുന്നു. മക്കളെ പഠിപ്പിച്ചിരുന്നു. അതിനിടിക്കാണ് ഇങ്ങനെയൊരു കുരുക്കില്‍ ചാടിയത്. ഒരു സംരംഭം തുടങ്ങുകയല്ലാതെ ഞങ്ങളൊന്നും ചെയ്തിട്ടില്ല. ഞങ്ങളെക്കൊണ്ട് താങ്ങാനാവാത്തത്ര ബാധ്യതയാണ് അതുവഴി ഉണ്ടായത്. എന്നിട്ടും ഞങ്ങളാണ് ചതിച്ചത് എന്നാണ് പലരും പറയുന്നത്. എത്രയോ സിവില്‍ കേസുകളും ക്രിമിനല്‍ കേസിലുമെല്ലാം പ്രതികളാണ് ഞങ്ങള്‍.” കോഴിക്കോട് സ്വദേശിയായ ജിഷ കൃഷ്ണന്‍ നിസ്സഹായാവസ്ഥയും വേദനയും പങ്കുവച്ചു.

ഉദ്യോഗസ്ഥരുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും ഒടുവിൽ കടക്കെണിയിൽ അകപ്പെട്ടുപോവുകയും ചെയ്ത ഒരു കുടുംബശ്രീ സംരംഭകയാണ് ജിഷ കൃഷ്ണൻ. ജിഷ ഉൾപ്പെടെയുള്ള 10 വനിതകള്‍ ചേർന്ന് തുടങ്ങിയ ആ സംരംഭം കേരളം മറന്നിട്ടുണ്ടാകില്ല. അത്രമാത്രം കൊട്ടിഘോഷിച്ച ഒരു ഉദ്യമമായിരുന്നു അത്. ‘പെൺകരുത്തിന്റെ കയ്യൊപ്പ്’ എന്ന വാചകവുമായി, സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കോഴിക്കോട് ന​ഗര ഹൃദയത്തിൽ തുടങ്ങിയ ഇന്ത്യയിലെ ആദ്യ വനിതാ മാൾ ആയ ‘മഹിളാ മാൾ’. ഇന്ന് ഒറ്റ ഷോപ്പുപോലും തുറക്കാത്ത കേവലം കെട്ടിടം മാത്രമാണ് ഈ മാൾ. ജിഷയ്ക്കൊപ്പം ആ സംരംഭത്തിന് നേതൃത്വം നൽകിയ 10 വനിതകള്‍ കടക്കെണിയിലും ദുരിതത്തിലുമാണ്. പത്ത് പേർക്കും പങ്കുവയ്ക്കാനുള്ളത് ജിഷ പറയുന്നപോലെയുള്ള കുറേ വേദനകളുടെ കഥകൾ മാത്രം. കുടുംബശ്രീയുടെ 25-ാം വർഷ ആഘോഷങ്ങൾക്കിടയിൽ, നിരവധി ചോദ്യങ്ങളുയർത്തി മഹിളാ മാൾ എന്ന ഈ സംരംഭം കോഴിക്കോട് ന​ഗരമധ്യത്തിൽ പൂട്ടിക്കിടക്കുകയാണ്.

2018ല്‍ കുടുംബശ്രീയുടെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കുടുംബശ്രീ മഹിളാ മാള്‍ കോഴിക്കോട് നഗരത്തില്‍ ആരംഭിക്കുന്നത്. പൂര്‍ണമായും സ്ത്രീകളാല്‍ നടത്തപ്പെടുന്ന, സ്ത്രീകള്‍ സംരംഭകരായുള്ള രാജ്യത്തെ ആദ്യത്തെ മാളായിരുന്നു ഇത്. ലോകത്തിനാകെ മാതൃകയെന്ന വിശേഷണത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാൾ ഉദ്ഘാടനം ചെയ്തത്. പത്ത് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് വനിതകള്‍ ചേര്‍ന്ന് രൂപം നൽകിയ യൂണിറ്റി എന്ന ​ഗ്രൂപ്പായിരുന്നു മാള്‍ വാടകയ്ക്കെടുത്ത് നടത്താൻ തീരുമാനിച്ചത്. മാള്‍ മാനേജ്‌മെന്റും അഡ്മിനിസ്‌ട്രേഷനും ഉള്‍പ്പെടെ എല്ലാം വനിതകള്‍ തന്നെയായിരുന്നു നിയന്ത്രിച്ചത്. സുരക്ഷാജീവനക്കാരുള്‍പ്പെടെ വനിതകള്‍. 79 വനിതാ സംരംഭകർ വൈകാതെ മാളിൽ പ്രവർത്തനം തുടങ്ങി. ഹെല്‍ത്ത് ക്ലബ്ബ്, ഫുഡ് കോര്‍ട്ട്, സ്പാസ്, കോസ്മറ്റിക്-ജ്വല്ലറി ഷോപ്പുകള്‍, എന്റര്‍പ്രണര്‍ഷിപ്പ് ട്രെയിനിങ് സെന്റര്‍, വിമന്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, തുണിഷോപ്പുകള്‍, ആഘോഷങ്ങള്‍ നടത്താനുള്ള ഹാള്‍ എന്നിങ്ങനെ വ്യത്യസ്തതരം സംരംഭങ്ങൾ. അഞ്ച് നിലകളിലായി 36,000 ചതുരശ്ര അടിയില്‍ കോഴിക്കോട് ഫാത്തിമ ആശുപത്രിക്ക് എതിര്‍വശത്തായി ആരംഭിച്ച മാള്‍ തുടക്കത്തില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തി.

എന്നാല്‍ തുടങ്ങി മൂന്ന് വര്‍ഷം കഴിയും മുമ്പ് തന്നെ മാള്‍ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചു. ആളുകൾ എത്താതിനെ തുടർന്ന് മാളിൽ പ്രവർത്തനം ആരംഭിച്ച പതിനാറോളം കടകൾ ആദ്യം മാസങ്ങളിൽ തന്നെ പൂട്ടി. നാല് വർഷത്തിനുള്ളിൽ എല്ലാ സംരംഭകരും പൂര്‍ണ്ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും പുറത്ത് നിന്നുള്ള സംരംഭകരുമുള്‍പ്പെടെ മാളില്‍ സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു. 250 പേര്‍ക്ക് നേരിട്ടും 500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ എന്നതായിരുന്നു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പലകാരണങ്ങളാല്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ പോയി. കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവർ വാടക നൽകാതെ ഒഴിഞ്ഞുപോയതോടെ കെട്ടിടത്തിന്റെ വാടക ഉടമയ്ക്ക് നല്‍കാന്‍ പോലും പണമില്ലാതെ യൂണിറ്റി ഗ്രൂപ്പ് അംഗങ്ങള്‍ കുഴഞ്ഞു. ഉപഭോക്താക്കളെ മാളിലേക്ക് എത്തിക്കുന്നതിനായി പല ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ഒടുവില്‍ കൂടുതല്‍ പരീക്ഷണങ്ങൾക്ക് നിൽക്കാതെ മാളിന്റെ പ്രവര്‍ത്തനം യൂണിറ്റി ​ഗ്രൂപ്പ് അവസാനിപ്പിച്ചു. എന്നാൽ മാൾ നിർത്തിയെങ്കിലും കടങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുകയാണ്.

“2004 മുതല്‍ സംരംഭകരാണ് ഞങ്ങള്‍. ഐടി യൂണിറ്റ് നടത്തുകയായിരുന്നു. അന്നുമുതല്‍ 40 പേര്‍ക്ക് സാലറി കൊടുത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. കുടുംബശ്രീ ജില്ലാമിഷന്റേയും സ്റ്റേറ്റ് മിഷന്റേയും എല്ലാം ഡാറ്റാ എന്‍ട്രിയും ടൈപ്പിങ്ങും ഉള്‍പ്പെടെ സ്ഥിരം ഞങ്ങള്‍ക്ക് ജോലികള്‍ കിട്ടാറുമുണ്ട്. കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ ഓഫീസ്, ആര്‍.ടി.ഒ ഓഫീസ് എന്നുവേണ്ട പല ഓഫീസുകളും ഡിജിറ്റലൈസ് ചെയ്യുന്നതില്‍ ഞങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. അത്തരത്തില്‍ നന്നായി ജോലി ചെയ്ത് വരുമ്പോഴാണ് കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ വലിയ ഒരു പ്രോജക്ടിന്റെ ഭാഗമാകുന്ന കാര്യം പറയുന്നത്. കോര്‍പ്പറേഷന്‍ കുടുംബശ്രീ ഹാളില്‍ കൂടിയ ആദ്യ മീറ്റിങ്ങിൽ അവർ തന്ന ഉറപ്പിൽ നിന്നാണ് ഞങ്ങള്‍ ഈ സംരംഭത്തിലേക്ക് എടുത്തുചാടുന്നത്. കുറേ യൂണിറ്റുകളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് ഞങ്ങള്‍ പത്ത് പേരാണ് അവസാനത്തേക്ക് എത്തിയത്.” ഐ.ടി യൂണിറ്റ് സെക്രട്ടറി കൂടിയായ വിജയ പറയുന്നു.

മഹിളാ മാൾ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ

“അന്ന് തന്നെ ഇത്രയും വലിയ പ്രോജക്ട് ഞങ്ങള്‍ 10 പേര്‍ ചേര്‍ന്ന് നടത്താന്‍ കഴിയുമോ എന്ന് സംശയം ഉണ്ടായിരുന്നു. അത് ചോദിച്ചപ്പോള്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീയാണ് ഇത് നയിക്കുന്നത് എന്നാണ് സാറ് പറഞ്ഞത്. തുടങ്ങുന്നതിനായി 40 ലക്ഷം രൂപ ഹെഡ് ഓഫീസില്‍ നിന്ന് അനുവദിക്കാന്‍ പറ്റും, മാളില്‍ വരുന്ന ചെറിയ സംരംഭകര്‍ക്ക് സബ്‌സിഡി നല്‍കാം എന്നിങ്ങനെ വലിയ വലിയ വാഗ്ദാനങ്ങളായിരുന്നു. എന്നാല്‍ ഒടുക്കം അതൊന്നും ഉണ്ടായില്ല. എന്തിന് ബള്‍ബ് വാങ്ങിയത് വരെ ഞങ്ങളുടെ സ്വന്തം കയ്യിലെ പൈസയെടുത്തിട്ടാണ്. അന്നുതന്നെ ഈ ചതിയില്‍ ചാടരുത് എന്ന് പലരും പറഞ്ഞിരുന്നു. ആ ബില്‍ഡിങ്ങിന് നമ്പര്‍ കിട്ടാന്‍ ഞങ്ങളെ ആയുധമാക്കുകയാണെന്ന് വിമര്‍ശകര്‍ പറഞ്ഞു. അന്നത് വിശ്വസിച്ചില്ല. പക്ഷെ എല്ലാം ട്രാപ്പ് ആയിരുന്നു എന്ന് ഇന്ന് മനസ്സിലാകുന്നു.” വിജയ തുടര്‍ന്നു.

13 ലക്ഷം രൂപയാണ് മാസ വാടകയായി ബില്‍ഡിങ്ങിന് നിശ്ചയിച്ചത്. 40 ലക്ഷം രൂപ വാടക അഡ്വാന്‍സും കെട്ടിട ഉടമ വാങ്ങി. എന്നാല്‍ യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാതെ വെറും ബില്‍ഡിങ് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കുടുംബശ്രീ സംരംഭകര്‍ പറയുന്നു. ഓരോ സംരംഭകയും നാല് ലക്ഷം വീതം നല്‍കിയാണ് കെട്ടിടത്തിന്റെ വാടക അഡ്വാന്‍സ് ഉടമയ്ക്ക് നല്‍കിയത്. പിന്നീട് റൂമുകള്‍ തരംതിരിക്കുന്നതിനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി പത്തുപേരും ചേര്‍ന്ന് ഒന്നരക്കോടി രൂപ മുതല്‍ മുടക്കി. 2018 ജൂണ്‍ മാസത്തില്‍ കെട്ടിട ഉടമയുമായി കരാര്‍ വച്ചെങ്കിലും മാളിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും മറ്റൊരുക്കങ്ങളും തുടങ്ങാന്‍ നവംബര്‍ മാസമായി. 2018ല്‍ കോഴിക്കോടിനെ ബാധിച്ച നിപയും പിന്നീട് വന്ന മഴയും പ്രളയവും ചേര്‍ന്ന് പണികള്‍ വൈകിപ്പിച്ചു. എന്നാല്‍ കെട്ടിട ഉടമ ജൂണ്‍ മാസം മുതല്‍ തന്നെ 13 ലക്ഷം വാടക പിരിക്കാന്‍ തുടങ്ങി. മാള്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യ നാല് മാസത്തോളം നല്ല രീതിയില്‍ കച്ചവടം നടന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ മാളിലെ തിരക്ക് കുറയുകയും കച്ചവടം നഷ്ടത്തിലേക്ക് നീങ്ങുകയും ചെയ്തു.

“പല കാരണങ്ങളാണ് മാളിനെ നഷ്ടത്തിലേക്ക് നയിച്ചത്. ഒന്നാമത് കണ്ടെത്തിയ സ്ഥലം വണ്‍വേ റോഡുള്ള സ്ഥലമാണ്. കോഴിക്കോട് നിരവധി മാളുകളുള്ള ന​ഗരമാണ്. അപ്പോള്‍ മറ്റ് മാളുകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും നല്‍കിയാല്‍ മാത്രമേ മഹിളാ മാളിലേക്ക് ആളുകള്‍ എത്തുകയുള്ളൂ. അതും കഴിഞ്ഞില്ല. സംരംഭം തുടങ്ങിയവര്‍ക്ക് കൃത്യമായ ധാരണയില്ലാത്തതും പ്ലാനിങ് ഇല്ലാത്തതുമാണ് പരാജയപ്പെടാനുള്ള കാരണം. കച്ചവടം കുറഞ്ഞപ്പോള്‍ പലരും വാടക കൊടുത്തില്ല. അത് തര്‍ക്കമായി. പലരും വിട്ടുപോയി. അങ്ങനെ നിരവധി കാരണങ്ങളുണ്ട്. സംരംഭകരായുള്ളവര്‍ സര്‍ക്കാരിലേക്കും കുടുംബശ്രീ മിഷനിലേക്കും നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംരംഭത്തില്‍ കുടുംബശ്രീ നേരിട്ട് പങ്കാളിയല്ല. സംരംഭകര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം. പക്ഷെ സംരംഭകരെല്ലാം വലിയ പ്രശ്‌നത്തിലാണ്. വലിയ കടക്കെണിയിലാണ് എല്ലാവരും അകപ്പെട്ടിട്ടുള്ളത്.” കുടുംബശ്രീ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററുടെ സ്ഥാനം വഹിക്കുന്ന പി.വി ഗിരീശന്‍ പ്രതികരിച്ചു.

ഇതിനിടെ 13 ലക്ഷത്തില്‍ നിന്ന് വാടക എട്ട് ലക്ഷമാക്കി കുറയ്ക്കാൻ അന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ ഇടപെടല്‍ നടത്തുകയും കെട്ടിട ഉടമയുമായി ഇക്കാര്യം ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മാളില്‍ കച്ചവടം നടത്തിയിരുന്നവരും യൂണിറ്റി ഗ്രൂപ്പ് ഭരണസമിതിയും തമ്മില്‍ തര്‍ക്കം രൂപപ്പെടുകയും തുടർന്ന് മാളിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഭരണസമിതി തീരുമാനിക്കുകയുമായിരുന്നു. “നവംബര്‍ മാസത്തില്‍ പ്രവര്‍ത്തനം തുടങ്ങി ഒരു മാസം കഴിഞ്ഞ് പ്രോജക്ടുമായി കുടുംബശ്രീ മിഷനിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് തിരികെ കാണിച്ച് തരുന്നത് ഒരു പേപ്പര്‍ കട്ടിങ് ആണ്. മാള്‍ നിര്‍ത്താന്‍ പോവുകയാണെന്ന വാര്‍ത്ത. അത് മാളില്‍ കച്ചവടം നടത്തിയിരുന്ന ചിലര്‍ തന്നെ കൊടുത്ത വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍ വാര്‍ത്ത വരുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെയാണ് സഹായിക്കാന്‍ കഴിയുക എന്നാണ് കുടുംബശ്രീ മിഷന്‍ ഓഫീസര്‍ ചോദിച്ചത്. മാള്‍ തുടങ്ങിയത് മുതല്‍ പ്രശ്‌നങ്ങളാണ്. സാധാരണ കെട്ടിടം കൊടുത്താല്‍ കച്ചവടം തുടങ്ങുന്നവരാണ് റൂം ശരിയാക്കി എടുക്കുന്നത്. എന്നാല്‍ ഞങ്ങള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി താക്കോലാണ് സംരംഭകര്‍ക്ക് കൈമാറയത്. ചില ഇന്റീരിയര്‍ വര്‍ക്കുകള്‍ മാത്രമാണ് അവര്‍ക്ക് സ്വന്തമായി ചെയ്യേണ്ടി വന്നിട്ടുള്ളത്. പതിനായിരവും പതിമൂവ്വായിരവും എല്ലാം വാടക നിശ്ചയിച്ചെങ്കിലും ചിലര്‍ കച്ചവടം മോശമാണെന്ന് പറഞ്ഞ് തുടക്ക മാസങ്ങളിലേ വാടക തരാതെയായി. കച്ചവടം മോശമായപ്പോള്‍ 58 ആളുകള്‍ ഒഴിഞ്ഞുപോയി. അവരുടെയെല്ലാം വാടക അഡ്വാന്‍സ് ലോണ്‍ എടുത്ത് ഞങ്ങള്‍ തിരിച്ച് കൊടുത്തു. എ.സി വയ്ക്കാന്‍ ആകെ 15.5 ലക്ഷം ഞങ്ങള്‍ക്ക് ചെലവായി. 15 ലക്ഷം കറണ്ടിനും. ഓരോ കച്ചവടക്കാരും 15,000 രൂപ വീതമാണ് എ.സിക്ക് വേണ്ടി തന്നത്. അതും ഞങ്ങള്‍ തിരിച്ചുകൊടുത്തു. 92 ലക്ഷം രൂപ ഞങ്ങള്‍ വാടക കൊടുത്തു. പക്ഷെ വാടക പലരും ഞങ്ങൾക്ക് തന്നില്ല. ഒരു കോടി രൂപയോളം അങ്ങനെ മാത്രം ഞങ്ങള്‍ക്ക് കടം കയറിയതല്ലാതെ വേറെ മെച്ചമൊന്നും ഉണ്ടായില്ല. എന്നിട്ടും ഞങ്ങള്‍ ആരുടേയും പൈസ എടുത്തിട്ടില്ല. മിക്കവര്‍ക്കും അഡ്വാൻസ് തിരികെ കൊടുത്തു. ഇനിയും പത്ത് പന്ത്രണ്ട് പേര്‍ക്ക് കൊടുക്കാനുണ്ട്. അതും ഞങ്ങള്‍ കൊടുക്കും.” സംരംഭകയായ ബീന വിശദമാക്കി.

എന്നാല്‍ തങ്ങളെ ചതിയില്‍ പെടുത്തിയതാണെന്ന് ആരോപിച്ച് മാളില്‍ സംരംഭങ്ങള്‍ തുടങ്ങിയവര്‍ യൂണിറ്റി ഗ്രൂപ്പിനെതിരെ നിരവധി സിവില്‍ കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. വിവിധ പോലീസ് സ്‌റ്റേഷനുകളായി ഇവർക്കെതിരെ ഇപ്പോൾ കേസുകൾ നിലനിൽക്കുന്നുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് മിക്ക കേസുകളും. സാധനങ്ങള്‍ മോഷണം പോയി എന്ന് ആരോപിച്ച് ഒരു സംരംഭക ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസും നല്‍കിയിട്ടുണ്ട്. “വാടക കുറച്ചപ്പോള്‍ മാള്‍ എങ്ങനെയെങ്കിലും നടന്ന് പോവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അക്കാര്യം പറയാന്‍ വന്നപ്പോള്‍ കച്ചവടം നടത്തിയിരുന്ന ചില സ്ത്രീകള്‍ ഇനി നിങ്ങളുമായി ഞങ്ങള്‍ സഹകരിക്കില്ല, കെട്ടിട ഉടമയുമായി നേരിട്ട് ഞങ്ങള്‍ കച്ചവടം നടത്തിക്കോളാം എന്ന് പറഞ്ഞ് തര്‍ക്കമുണ്ടായി. ഞങ്ങള്‍ക്ക് വാടക തരില്ല എന്നായിരുന്നു അവരുടെ നിലപാട്. സത്യം പറഞ്ഞാല്‍ ഒരു രൂപ അതില്‍ നിന്ന് എടുത്തിട്ടില്ല. ഇങ്ങോട്ടുവരാനുള്ള ബസ് കാശ് പോലും വേറെ ജോലി ചെയ്ത് കിട്ടുന്ന പൈസയില്‍ നിന്നെടുത്താണ് ചെലവാക്കിയത്. മാള്‍ ഉദ്ഘാടനത്തിന്റെ തലേന്ന് വെയിസ്റ്റ് പോലും ഞങ്ങള്‍ പത്ത് പേരും ചേര്‍ന്നാണ് വാരിയത്. കാരണം ആളെ വച്ച് പണി ചെയ്യിപ്പിക്കാനുള്ള പൈസയുണ്ടായിരുന്നില്ല. ഇത്രയും കാലം അഞ്ചേമുക്കാല്‍ ലക്ഷം രൂപയാണ് കറണ്ട് ബില്ല് അടച്ചത്. എന്നാല്‍ പകുതിയിലധികം പേരും കറണ്ട് ചാര്‍ജ് തന്നിട്ടില്ല. 15 മാസം മാള്‍ നടത്തിയതില്‍ ഏഴ് മാസത്തെ വാടകയും പലരും കുടിശ്ശികയാക്കിയിരിക്കുകയാണ്. ആ ബാധ്യതകളെല്ലാം ഞങ്ങളാണ് പല ലോണുകളെടുത്തും ഉണ്ടായിരുന്ന ഒരു മണി സ്വര്‍ണ്ണം വരെ വിറ്റും കൊടുത്തത്. എന്നിട്ടും ക്രിമിനല്‍ കേസ് പോലും ഞങ്ങള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തു. ഇപ്പോ എനിക്ക് മാത്രം 10 ലക്ഷം രൂപ കടമുണ്ട്. ഞങ്ങള്‍ എല്ലാവര്‍ക്കുമുണ്ട് അതും അതിലും മീതെയും കടം. ഇനിയും ആറോ ഏഴോ ലക്ഷമെങ്കിലും ലോണെടുത്താലേ കുറച്ചെങ്കിലും കടം വീടൂ.” ജിഷ സങ്കടത്തോടെ തുടര്‍ന്നു.

വിജയ കാന്‍സര്‍ രോഗിയാണ്. എന്നാല്‍ കേസുകളുടെ ഭാ​ഗമായി പോകേണ്ടി വന്നതിനാ​ൽ മൂന്ന് തവണ ചികിത്സ മുടങ്ങി. ബാങ്ക് ലോണിലേക്ക് പലിശ മാത്രമാണ് അടക്കുന്നതെങ്കിലും ജോലി ചെയ്യുന്ന വരുമാനം കൊണ്ട് മരുന്നിന് പോലും തികയില്ലെന്ന് വിജയ പറയുന്നു. “എന്നേക്കാള്‍ മോശമാണ് പലരുടേയും അവസ്ഥ. മൂന്ന് പെണ്‍മക്കളുമായി ജീവിക്കുന്ന ഒരു സ്ത്രീ ഞങ്ങളുടെ കൂടെയുണ്ട്. അവര്‍ക്ക് സ്ഥിരം ഡയാലിസിസും വേണം. ചികിത്സയേക്കാള്‍ മനസ്സമാധാനമില്ലാത്തതാണ് ഞങ്ങളുടെ പ്രശ്‌നം. ജോലി കഴിഞ്ഞ് വന്നാല്‍ ഫോണ്‍ ഓഫ് ചെയ്ത് വക്കും. ഏഴ് സിവില്‍ കേസുകളാണ് ഞങ്ങളുടെ പേരിലുള്ളത്.”

കോവിഡ് മഹാമാരി വ്യാപിച്ചതോടെയാണ് മാളിന്റെ പ്രവര്‍ത്തനം കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ലോക്ഡൗൺ കാരണം കടകൾ തുറക്കാൻ കഴിയാതെ വന്നതോടെ സംരംഭകർ എല്ലാം മാളില്‍ നിന്ന് ഒഴിഞ്ഞു. “അതൊക്കെയാണെങ്കിലും കൊറോണ വന്നത് നന്നായി എന്നാണ് ഞങ്ങൾ കരുതുന്നത്. അല്ലായിരുന്നെങ്കില്‍ ഞങ്ങളില്‍ പലരും ആ സമയത്ത് മരിച്ചേനെ. കടവും നഷ്ടവുമാണെങ്കിലും ആ സമയത്ത് ശരിക്ക് കിടന്ന് ഉറങ്ങാനെങ്കിലും കഴിഞ്ഞു. ഞാനടക്കം ഞങ്ങളിൽ പലരും മരണത്തെക്കുറിച്ച് ആലോചിച്ചതാണ്. പക്ഷെ അത് പറയുമ്പോള്‍, നീ മരിച്ചാല്‍ ആ ബാധ്യത കൂടി ബാക്കിയുള്ളവരുടെ തലയിലാവും എന്ന് കൂട്ടത്തിലുള്ളവര്‍ പറയും. അതുമാത്രം കരുതി മരിക്കാതെ പിടിച്ച് നിന്നവരാണ് ഞങ്ങളില്‍ പലരും…” നിരാശയോടെ ജിഷ പറഞ്ഞുനിര്‍ത്തി.

Also Read

7 minutes read May 18, 2022 10:42 am