പ്രത്യുല്പാദനശക്തികളുടെ മാനിഫെസ്റ്റോ

പ്രകൃതി, സ്ത്രീകൾ, ആദിവാസി- ദലിത് സമൂഹം, കാർഷിക ജനത, കൈവേലക്കാർ, മൂന്നാംലോക രാഷ്ട്രങ്ങൾ തുടങ്ങിയ പ്രത്യുല്പാദനശക്തികളെ ആഗോള മൂലധനവും അതിൻ്റെ കൂലിവേലക്കാരും സാങ്കേതികവിദ്യകളും അടങ്ങുന്ന ഉല്പാദനശക്തികൾ അടിമപ്പെടുത്തുന്നതിൻ്റെയും അതിനെതിരെ പ്രത്യുല്പാദനശക്തികൾ നടത്തുന്ന ചെറുത്തുനില്പിൻ്റെയും കഥയാണ് ആധുനിക ലോകചരിത്രം. ഈ ചരിത്രം തുടങ്ങുന്നത് അഞ്ച് നൂറ്റാണ്ട് മുമ്പ് അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ പ്രത്യുല്പാദനശക്തികളായ ഭൂപ്രകൃതിക്കും തദ്ദേശീയ ജനങ്ങൾക്കും മേൽ യൂറോപ്യൻ അധിനിവേശത്തോടെയാണ്.

അമേരിക്കയിലെ തദ്ദേശീയ ജനതയെപ്പറ്റിയുള്ള യൂറോപ്യൻ ആരോപണം തദ്ദേശീയ ജനത ഉല്പാദനപരമല്ല എന്നതായിരുന്നു. അവരുടെ കണ്ണിൽ ഉല്പാദനപരമാക്കാതെ ഇട്ടിരിക്കുന്ന അമേരിക്കൻ ആദിവാസി ഭൂമിയെ ‘ടെറാ നള്ളിയസ്’ (terra nullius) എന്നാണ് അവർ വിളിച്ചത്. അത്തരം ഭൂമി ആരുടെ ഉടമയിലാണെന്നതിന് രേഖയില്ല. ഭൂമിക്ക് ആരുടെയെങ്കിലും ഉടമയിൽ ആധാരമുണ്ടാകണമെങ്കിൽ അത് രേഖാമൂലം അനുവദിച്ചുതരുന്ന സാക്ഷരമായ ഒരു കേന്ദ്രീകൃത ഭരണകൂടമുണ്ടാകണം. യൂറോപ്യൻ മാതൃകയിൽ സാക്ഷര ഭരണകൂടമില്ലാത്ത ആദിവാസികളുടെ ഭൂമിക്ക് ഉടമസ്ഥതാ രേഖയില്ലാത്തതിനാൽ, അത്തരം ഭൂമി പുതിയ കൃഷിയിറക്കിയോ ഖനനം നടത്തിയോ ഉടമ്പടികളുണ്ടാക്കിയോ ആട്ടിപ്പായിച്ചോ കൈക്കലാക്കി; അതു രേഖയുള്ളതാക്കി; യൂറോപ്യൻ ഉടമസ്ഥതയിലാക്കുന്നതാണ് അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ കോളനിവാഴ്ച.

ടെറാ നള്ളിയസ്

അതിന് മുമ്പുള്ള എല്ലാ ആക്രമണങ്ങളിൽ നിന്നും കീഴടക്കലുകളിൽ നിന്നും പിടിച്ചെടുക്കലുകളിൽ നിന്നും ആധിപത്യങ്ങളിൽ നിന്നും സാമ്രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ അധിനിവേശത്തെ വ്യത്യസ്തമാക്കുന്നത് അത് യൂറോപ്യൻ ശൈലിയിലുള്ള ഭരണകൂടവും സാക്ഷരതയും ഇല്ല എന്ന കുറ്റം ആരോപിച്ച്, ഉല്പാദനത്തെ മുൻനിർത്തി പ്രത്യുല്പാദനശക്തികൾക്കെതിരെ നടത്തിയ അതിക്രമം എന്ന നിലയ്ക്കാണ്. അതിനു മുമ്പ് ഉല്പാദനപരമല്ല എന്ന ന്യായം കണ്ടെത്തി ആരും ഭൂമിയുടെ മേൽ അധികാരം സ്ഥാപിച്ചിട്ടില്ല. അല്ലെങ്കിൽ ഭരണകൂടമില്ല അഥവാ, ആധാരമില്ല എന്ന കാരണത്താൽ ആരും ഉടമാവകാശം നേടിയിട്ടില്ല. അതുകൊണ്ട് യൂറോപ്യൻ മാതൃകയിൽ കേന്ദ്രീകൃത ഭരണകൂടവും ഉടമസ്ഥതാ രേഖകളുമില്ലാത്ത പ്രത്യുല്പാദനശക്തികൾക്ക് മേൽ ഉല്പാദന പ്രത്യയശാസ്ത്രത്തിൻ്റെ അധീശത്വമാണ് കോളനിവാഴ്ച (ഇന്ത്യയിൽ സാക്ഷരതയും ഭരണകൂടവും ഉണ്ടെങ്കിലും അവയെ യൂറോപ്പിന് തുല്യം ഉല്പാദനപരമല്ലാത്ത പ്രത്യുല്പാദന സമൂഹങ്ങളായിട്ടാണ് യൂറോപ്യൻ മേധാവിത്വം വിലയിരുത്തിയത്).

ഭൂമിയുടെ പ്രത്യുല്പാദനക്ഷമത പരിപോഷിപ്പിക്കുന്നവരല്ല, ഭൂമിയുടെ പ്രത്യുല്പാദനക്ഷമതയെ നശിപ്പിച്ച് അതിനെ ഉല്പാദനപരമാക്കി മാറ്റുന്നവരാണ് ഭൂമിയുടെ ഉടമകൾ എന്ന പാശ്ചാത്യ ഭരണകൂട നിർവ്വചനത്തിലാണ് യൂറോപ്യൻ അധിനിവേശം കുടിയിരിക്കുന്നത്. യൂറോപ്യൻ ഉല്പാദനശക്തികളും അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ തദ്ദേശീയ പ്രത്യുല്പാദനശക്തികളും തമ്മിലുള്ള ഈ സംഘർഷം, ഉടമസ്ഥതയുടെ ഭരണകൂടരേഖ എന്ന സാക്ഷരത കൊണ്ട് നിരക്ഷരമായ തദ്ദേശീയ അവകാശങ്ങളെ കീഴ്പെടുത്തുന്നു. അഥവാ സാക്ഷരമായ അധീശ ഭരണവ്യവസ്ഥ നിരക്ഷരമായ സ്വയംഭരണ സാമൂഹ്യക്രമത്തെ അടിമയാക്കുന്ന കഥയാണിത്. അതിനാൽ ഉല്പാദനശക്തികളും പ്രത്യുല്പാദന ശക്തികളും തമ്മിലുള്ള മുഖാമുഖം സാക്ഷരതയും നിരക്ഷരതയും തമ്മിലും, യൂറോപ്യൻ കേന്ദ്രീകൃത ഭരണകൂടവും ആദിവാസി സ്വയംഭരണ സാമൂഹ്യക്രമവും തമ്മിലുമുള്ള ഏറ്റുമുട്ടലാണ്.

സാക്ഷരമായ ഭരണകൂടം നിരക്ഷരമായ സ്വയംഭരണത്തെ അടിപ്പെടുത്തിയ ഈ സമരത്തിലെ ആദ്യത്തെ ഉല്പാദന പ്രവർത്തനമാണ് അമേരിക്കൻ തദ്ദേശീയ മണ്ണിൽ ആരംഭിച്ച സ്വർണ്ണ- വെള്ളി ഖനനവും പുകയില കൃഷിയും. അന്ന് ലോഹ ഖനന-സംസ്ക്കരണത്തിനായി നടത്തിയ പ്രത്യുല്പാദനമേഖലാ കൈയേറ്റങ്ങൾ – വനനശീകരണവും മെർക്കുറി മലിനീകരണവും തെക്കേ അമേരിക്കൻ രാഷ്ട്രങ്ങളിലുണ്ടാക്കിയ പാരിസ്ഥിതികാഘാതങ്ങൾ ഇന്നും തുടരുന്നു. അന്നത്തെ സ്പാനിഷ് ഖനന പ്രദേശങ്ങളായിരുന്ന Huancavelica, Peru, Potosi, Bolivia എന്നിവ ഇന്നും ലോകത്തിലെ ഏറ്റവുമധികം മെർക്കുറി മലിനീകരണ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന നഗരങ്ങളാണ്.

പെറുവിലെ മെർക്കുറി ഖനനം. കടപ്പാട്:mongabay.com

അതായത് ആധുനിക കാലത്ത് യൂറോപ്യൻ വ്യവസായ-വാണിജ്യ തുറമുഖ നഗരങ്ങൾ എന്ന ഉല്പാദനശക്തികൾ ഉയർന്നു വരുന്നതും, എല്ലാ ലോകങ്ങളിലേക്കും അവരുടെ ചരക്കുകൾ കപ്പലോട്ടം നടത്തുന്നതും, ഏഷ്യൻ – ആഫ്രിക്കൻ വൻകരകളെയും കോളനിയാക്കുന്നതും, അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ പ്രത്യുല്പാദനശക്തികളെ കൊള്ളയടിച്ചും നിസ്തേജമാക്കിയും നേടിയ വിഭവങ്ങളുടെ ഊർജ്ജം സംഭരിച്ചുകൊണ്ടാണ്. വനനശീകരണവും മലിനീകരണവും മാത്രമല്ല അമേരിക്കൻ കാട്ടുപോത്തുകളെ വേട്ടയാടി (Bison Hunting) നശിപ്പിച്ചതും, ആവാസശൈലികളെ തകിടം മറിച്ച് തദ്ദേശീയരുടെ ജനസംഖ്യ ഒട്ടുമുക്കാലും ഇല്ലാതാക്കിയതും പ്രത്യുല്പാദനശക്തികളെ നശിപ്പിച്ചതിന് നേർതെളിവായി കാണാം. ഈ നശീകരണത്തിൻ്റെ വിപരീതാനുപാതത്തിൽ മറുവശത്ത് യൂറോപ്യൻ ഉല്പാദനശക്തികൾ വളർന്നുകൊണ്ടിരുന്നു.

തദ്ദേശീയർ ആഘോഷങ്ങൾക്കും ഔഷധരൂപത്തിലും മാത്രം ഉപയോഗിച്ചിരുന്ന പുകയിലയെ അവരിൽ നിന്നും കണ്ടെടുത്ത്, വ്യാവസായികാടിസ്ഥാനത്തിൽ ഏകവിളകൃഷി ചെയ്ത് യൂറോപ്പിലേയ്ക്ക് കയറ്റി അയച്ച്, പുതിയ ലഹരിസേവയ്ക്ക് ആഗോള വിപണിയുണ്ടാക്കുന്നതാണ് യൂറോപ്യൻ അധിനിവേശത്തിൻ്റെ മറ്റൊരു ആദ്യകാല ഉല്പാദനപ്രവർത്തനം. യൂറോപ്പിലെ കേന്ദ്രീകൃത ഉല്പാദന സമ്പ്രദായത്തെ ത്വരിതപ്പെടുത്തുന്ന ഉൽപ്രേരക ലഹരിയായിരുന്നു പുകയില. ഇത് അമേരിക്കയിൽ മാത്രമല്ല ലോകതലത്തിൽ തന്നെയുള്ള പ്രത്യുല്പാദനശക്തികളെ ക്ഷയിപ്പിച്ചു. ഒന്നാമത് പുകയിലയുടെ ഏകവിളകൃഷി മണ്ണിൻ്റെ പ്രത്യുല്പാദനശേഷിയെ ഇല്ലാതെയാക്കി. രണ്ടാമത് പുകയിലശീലം മനുഷ്യാധ്വാനത്തിൻ്റെയും ജീവൻ്റെ തന്നെയും പ്രത്യുല്പാദനശേഷിയെ വിവിധ രോഗങ്ങളായി വന്ന് തകിടം മറിയ്ക്കുന്നു.

സ്പാനിഷ് അധിനിവേശത്തിനെതിരെ ഇന്നത്തെ ന്യൂ മെക്സിക്കോയിൽ 1540-41കാലത്തുണ്ടായ ടിവഷ് യുദ്ധം (Tiguex War), 1680 ൽ നടത്തിയ പെബ്ലോ (Pueblo) ചെറുത്തുനില്പ് ഉൾപ്പെടെ നിരവധി സമരങ്ങൾ, നിയമപോരാട്ടങ്ങൾ, പ്രതിഷേധങ്ങൾ ഇവയെല്ലാം കോളനിവാഴ്ചയിലെമ്പാടും അമേരിക്കാ വൻകരകളിലെ തദ്ദേശീയ പ്രത്യുല്പാദന സമൂഹങ്ങൾ നടത്തുകയുണ്ടായി. പ്രത്യുല്പാദനശക്തികളെ വീണ്ടെടുക്കുന്നതിന് ആദിമസമൂഹങ്ങൾ അഞ്ഞൂറുവർഷം മുമ്പ് തുടങ്ങിയ ഈ സമരം, പിന്നീട് യൂറോപ്യൻ കോളനികളായി മാറിയ ഏഷ്യയിലും ആഫ്രിക്കയിലും അലയടിച്ചു. അങ്ങനെയാണ് പ്രത്യക്ഷ കോളനിവാഴ്ചയിൽ നിന്നും 20-ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയെത്തിയതോടെ മൂന്നാംലോക ജനത രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയത്.

ടിവഷ് യുദ്ധം. കടപ്പാട്:wikipedia

എന്നാൽ കോളനിത്വമെന്നത് മൺമറഞ്ഞ ഏതാനും ചരിത്രസംഭവങ്ങളല്ല, പകരം അത് ഇന്നും പ്രത്യുല്പാദനശക്തികളുടെ സ്വയംഭരണത്തെ ഭൗതികമായും സാംസ്ക്കാരികമായും കീഴ്പെടുത്തി ആഭ്യന്തരവും വൈദേശികവുമായ ഉല്പാദനശക്തികൾ അധീശത്വം പുലർത്തുന്ന ആഗോളവ്യവസ്ഥയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഉല്പാദനം പ്രത്യുല്പാദനത്തെ ഇല്ലായ്മ ചെയ്ത് വളരുന്നതും, അത് ഉല്പാദനശക്തികളെ തന്നെ പ്രതിസന്ധിയിലാക്കുന്നതും, അതിൽ നിന്നും കരകയറാൻ വീണ്ടും പ്രത്യുല്പാദനശക്തികളെ തകർക്കുന്നതുമായ രാജ്യാന്തര വ്യവസ്ഥയുടെ തികച്ചും പുതുക്കിയ രൂപഭാവങ്ങളായാണ് നവ ലിബറലിസത്തിൽ നാം അനുഭവിക്കുന്നത്. നവ ലിബറൽ യുഗത്തിൽ പ്രത്യുല്പാദന ക്രമത്തിനെതിരെയുള്ള അതിക്രമങ്ങൾ അതിൻ്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്നതിൻ്റെ തെളിവായി ഉല്പാദനവ്യവസ്ഥയുടെ കാർബൺ ബഹിർഗമനത്താൽ വന്നുചേർന്ന ആഗോളതാപനത്തെയും കാലാവസ്ഥാമാറ്റത്തെയും, അതോടൊപ്പം ലോകവ്യാപകമായി സംഭവിക്കുന്ന ഭീകരമായ സാമ്പത്തികാസമത്വത്തെയും അതിൻ്റെ വിപത്തുകളെയും തിരിച്ചറിയണം.

കാർബൺ ബഹിർഗമനത്തെ നിയന്ത്രിച്ച് പ്രത്യുല്പാദന വ്യവസ്ഥയെ സംരക്ഷിക്കാൻ ഉല്പാദനശക്തികൾ കൊണ്ടുവരുന്ന പരിഹാരങ്ങൾ നോക്കുക. ഗ്രീൻ എനർജിയ്ക്കായി സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് പച്ചപ്പിൻ്റെ കൃഷിയിടങ്ങളും മേച്ചിൽപ്പുറങ്ങളും വ്യാപകമായി കൈയേറുമ്പോൾ സോളാർ വ്യവസായം കുതിക്കുകയും പരമ്പരാഗത പ്രത്യുല്പാദന വ്യവസ്ഥ അമ്പേ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതേപോലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള അന്താരാഷ്ട്ര വായ്പകളും ഇടപെടലുകളും കൂടുതൽ കടക്കെണി വരുത്തിവെച്ച് മൂന്നാം ലോകങ്ങളിൽ സാമ്പത്തികാസമത്വം കൂടുതൽ മൂർച്ഛിപ്പിക്കുന്നു.

നവ ലിബറൽ പരിഷ്ക്കാരങ്ങൾ ശക്തമായപ്പോൾ മുതൽ മുൻ കോളനികളിൽ നിന്നും യജമാനരാഷ്ട്രങ്ങളിലേയ്ക്ക് അധാർമ്മികമായി എത്തുന്ന അസമ സമ്പത്ത് ഒരു വർഷം 2.2 ട്രില്യൻ ഡോളർ വരുമെന്നു സമീർ അമിനും (Samir Amin) മറ്റും കണക്കുകൂട്ടിയിട്ടുണ്ട്. ലോകത്തെയാകെ കൊടും ദാരിദ്ര്യം അവസാനിപ്പിക്കാൻ വേണ്ട പണത്തിന്റെ 15 മടങ്ങുവരും ഈ തുക. മാത്രമല്ല 1960 കൾ മുതൽ നോക്കിയാൽ ഇപ്രകാരം ഭൂഗോളത്തിൻ്റെ വടക്കൻ രാഷ്ട്രങ്ങളിലേക്കെത്തിയത് 62 ട്രില്യൻ ഡോളർ വരും. ഈ സമ്പത്ത് തെക്കൻ രാഷ്ട്രങ്ങളിൽ തന്നെ നിലനിന്നിരുന്നെങ്കിൽ അതുവഴി ഇന്നവിടങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന മൂല്യം 152 ട്രില്യൻ ഡോളർ ആകുമായിരുന്നു. അതിസൂക്ഷ്മമായും ആദൃശ്യമായും അധിനിവേശ അക്രമം കാട്ടാതെയും, അതിനാൽ തന്നെ പ്രതിഷേധങ്ങളോ ധാർമ്മികരോഷമോ ഇല്ലാതെ, ചരിത്രപരമായി അനിവാര്യമായ പരിഷ്ക്കാരങ്ങൾ എന്ന ബോധം സൃഷ്ടിച്ചാണ് ഈ സാമ്പത്തിക സമാഹരണം നടക്കുന്നത്.

കോവിഡ് കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ പാലായനം. കടപ്പാട്:livelaw

2018 ലെ കണക്കുപ്രകാരം ലോകജനതയിൽ പകുതി വരുന്നവരുടെ (380 കോടി ജനങ്ങൾ) മൊത്തം സമ്പത്തിനേക്കാൾ കൂടുതൽ വരും 26 അതിസമ്പന്നരുടെ സ്വത്ത്. ഒരു ശതമാനം വരുന്ന ലോക ധനികവർഗ്ഗത്തിന്റെ പക്കൽ ബാക്കി 99 ശതമാനത്തിന്റെ മൊത്തം സമ്പത്തിനേക്കാൾ കൂടുതൽ ഉണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ സമത്വാധിഷ്ഠിത സാമ്പത്തികവളർച്ച എന്ന കമ്മ്യൂണിസ്റ്റ് വ്യവഹാരം പ്രയോഗത്തിൽ നിലംപൊത്തിയപ്പോൾ ഇന്ന് യൂറോപ്പിലും അസമത്വാധിഷ്ഠിത സാമ്പത്തിക വളർച്ച അപ്രതിരോധ്യമായി തീർന്നിരിക്കുന്നു. ആളോഹരി വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന അമേരിക്ക വികസിത രാഷ്ട്രങ്ങളിൽ സാമ്പത്തിക അസമത്വത്തിലും മുന്നിലുണ്ട്. മൂന്നാംലോക രാജ്യങ്ങളിലാകട്ടെ, അസന്തുലിതമായ സാമ്പത്തിക വളർച്ചയുടെ കോളനി പാരമ്പര്യം പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുകയും ചെയ്തിട്ടുണ്ട്.

ഇന്ന് നവ ലിബറലിസത്തിൽ അസമമായ അന്താരാഷ്ട്ര വായ്പാ പദ്ധതികൾ, നിബന്ധനകൾ, വാണിജ്യക്കരാറുകൾ, നിക്ഷേപങ്ങൾ, ഏജൻസികൾ എന്നിവ വഴി മുൻ കോളനി യജമാനശക്തികളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി പഴയ കോളനി രാഷ്ട്രങ്ങളിൽ പരോക്ഷ കോളനിവൽക്കരണം ആഗോളതലത്തിൽ അതിരൂക്ഷമായിരിക്കുന്നു. സമകാലിക ഇംപീരിയലിസത്തെ ബലപ്പെടുത്തുന്ന നവ ലിബറലിസത്തിലെ ഈ പുതിയ തന്ത്രം ഒട്ടും ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് ജയതി ഘോഷ് പറയുന്നുണ്ട്. ഇന്നത്തെ ആഗോള സാമ്പത്തികഘടന വികസ്വര രാഷ്ട്രങ്ങൾക്കുമേൽ അടിച്ചേല്പിക്കുന്ന നിയന്ത്രണങ്ങൾ കോളനികാലത്തുണ്ടായിരുന്നതിനു സമാനമാണെന്നും, നവ നിബറലിസം അതിനാൽ നവ കൊളോണിയലിസത്തെ സൃഷ്ടിച്ചിരിക്കുന്നുവെന്നും അവർ ചൂണ്ടുന്നു.

ജയതി ഘോഷ്

ഈ സാഹചര്യത്തിൽ കാലാവസ്ഥാമാറ്റവും അസമത്വക്കെടുതികളും രൂക്ഷമാക്കുന്ന നവ ലിബറൽ നയങ്ങൾക്കെതിരെ ലോകതലത്തിൽ നടക്കുന്ന ശക്തമായ ചെറുത്തുനില്പുകൾ നോക്കുക, അത് ആഗോള ഉല്പാദനശക്തികൾക്കെതിരെ (ആഗോള മൂലധനവും കൂലിവേലയും) തദ്ദേശീയ പ്രത്യുല്പാദനശക്തികളായ കൂലിയതീത വേലക്കാർ (സ്ത്രീകൾ, കാർഷിക-പരിസ്ഥിതി പ്രസ്ഥാനങ്ങൾ, ദലിത്-ആദിവാസി സംഘങ്ങൾ) നടത്തുന്ന അതിജീവനത്തിൻ്റെ പ്രതിരോധങ്ങളാണ്.

നവ ലിബറൽ ഇന്ത്യയിൽ പ്രത്യുല്പാദനശക്തികളുടെ ഉയിർത്തെഴുന്നേൽപ്പ് ആദിവാസി- കാർഷിക സമരങ്ങളായി സംഭവിക്കുന്നത് കാണുക. കാരണം നവ ലിബറൽ നയങ്ങൾ നഗ്നമായി തന്നെ പ്രത്യുല്പാദനശക്തികളെ വീണ്ടും വീണ്ടും പിഴിഞ്ഞെടുക്കുന്നതു ലാക്കാക്കിയുള്ളവയാണ്. അതായത് ഭരണകൂട ഉത്തരവാദിത്വങ്ങളായ ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും ഭരണകൂടം പിന്മാറുന്നു എന്നതാണ് നവ ലിബറൽ നയങ്ങളുടെ കാതൽ. ഇതുവഴി ഭരണം എന്ന ധർമ്മത്തിൻ്റെ ചിരപുരാതനമായ നിർവ്വചനത്തെ തന്നെ നവ ലിബറലിസം അട്ടിമറിച്ചിരിക്കുന്നു. ഭരണത്തെ മാർക്കറ്റ് ഇക്കോണമിക്കു അഥവാ ഉല്പാദന മാത്ര സമ്പദ്ഘടനക്ക് സമ്പൂർണ്ണമായി വിധേയമാക്കി, വിപണിയിതര സമ്പദ് വ്യവസ്ഥയെ അഥവാ സാമൂഹ്യ പ്രത്യുല്പാദന ക്രമത്തെ ഇല്ലായ്മ ചെയ്യുന്നു നവ ലിബറൽ ഭരണകൂടം. മാർക്കറ്റ് ഇക്കോണമിയുടെ കർക്കശയുക്തി ഉല്പാദനശക്തികളുടെ വളർച്ചയെ മാത്രം പരിഗണിച്ച്, ഉല്പാദനശക്തികളുടെ വളർച്ചക്ക് നിദാനമായ പ്രത്യുല്പാദനശക്തികളെ പാടെ അവഗണിക്കുന്നതിനാൽ നവ ലിബറൽ ഭരണമെന്നത് ഒരു സംരംഭകത്വമായി മാറുന്നു.

ഉല്പാദനശക്തികളെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും പ്രത്യുല്പാദനശക്തികളായതിനാൽ പ്രത്യുല്പാദനശക്തികളുടെ ക്ഷേമവും പരിരക്ഷയുമാണ് യഥാർത്ഥത്തിൽ ആദ്യത്തെ ഭരണകൂടധർമ്മം. കുടുംബത്തിൽ പെൺ ചുമതലകളായി കരുതുന്ന പരിരക്ഷണം, പരിപോഷണം, പരിപാലനം എന്നിവയാണ് അനേകം കുടുംബങ്ങളുടെ സമുച്ചയമായ സാമൂഹ്യവ്യവസ്ഥയിൽ ഭരണകൂടം നിറവേററുന്ന പരമ പ്രധാന ഉത്തരവാദിത്വങ്ങൾ. ഭരണകൂടമെന്നത് പ്രത്യുല്പാദനമേഖലയായ കുടുംബത്തിൻ്റെ സാമൂഹ്യാവിഷ്കൃത രൂപമാണ്. പൊലീസും പട്ടാളവും ധർമ്മാശുപത്രിയും സൗജന്യവിദ്യാഭ്യാസവും പെൻഷനും സബ്സിഡികളും ഗതാഗതവും ഉച്ചക്കഞ്ഞിയുമെല്ലാം പെൺ പ്രത്യുല്പാദനധർമ്മത്തിൻ്റെ സാമൂഹ്യാവിഷ്ക്കാരങ്ങളത്രേ. നവ ലിബറൽ ഭരണകൂടം സാമൂഹ്യ പ്രത്യുല്പാദനത്തിൻ്റെ ഈ അടിസ്ഥാന ഉത്തരവാദിത്വങ്ങളിൽ നിന്നും പിന്മാറുകയും, പ്രത്യുല്പാദനശക്തികളെ വിപണിയുടെ മത്സരക്കളത്തിൽ ഉല്പാദനശക്തികളുടെ മുന്നിലേക്ക് ഇരയായി നിർദ്ദയം തള്ളിയിടുകയും മാത്രമല്ല, ഭരണകൂടത്തിൽ അർപ്പിതമായ പ്രത്യുല്പാദന ധർമ്മങ്ങളെ ഉല്പാദനശക്തികളുടെ പരിപോഷണത്തിനായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ നവ ലിബറൽ വ്യവസ്ഥ പ്രകൃതിയുടെയും സമൂഹത്തിൻ്റെയും പ്രത്യുല്പാദനചക്രത്തെ അവതാളത്തിലാക്കുകയാണ്.

ദില്ലിയിൽ നടന്ന കർഷക സമരത്തിൽ നിന്നു. കടപ്പാട്:scroll

ഇതിനെതിരെ ഇപ്പോൾ ഇന്ത്യൻ നവ ലിബറൽ മണ്ഡലത്തിൽ, ഗ്രാമങ്ങളിൽ നിന്നും കിലോമീറ്ററുകൾ താണ്ടി, ആണും പെണ്ണും അടങ്ങിയ കാർഷിക ജനത ഡൽഹി തലസ്ഥാനത്തെത്തി കർഷക ക്ഷേമനിയമങ്ങൾ പുന:സ്ഥാപിക്കാനും ശക്തിപ്പെടുത്താനും ആവശ്യപ്പെട്ട് സന്ധിയില്ലാ സമരം ചെയ്യുന്നതു കാണുക. ഇന്ത്യൻ കാർഷികമേഖല പൂർണ്ണമായും നവലിബറൽ ഉല്പാദനശക്തികൾക്ക് തീറെഴുതിക്കൊടുക്കുന്ന പുതിയ കാർഷിക- ഭക്ഷ്യനയങ്ങൾക്കെതിരെയാണ് കൃഷിക്കാരുടെ സമരം. കാർഷികോല്പന്നങ്ങളുടെ താങ്ങുവിലയും സബ്സിഡികളും സ്വാതന്ത്ര്യാനന്തരം ഏർപ്പാടാക്കിയത് പ്രത്യുല്പാദനശക്തികളായ കാർഷിക സമൂഹത്തിൻ്റെ ക്ഷേമത്തിനും എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായിട്ടുള്ള ഭരണകൂട പരിരക്ഷണ സംവിധാനങ്ങൾ എന്ന നിലയിലാണ്. അവയെല്ലാം പാടെ റദ്ദാക്കി ഇന്ത്യൻ കാർഷികമേഖലയെ നവ ലിബറൽ ഉല്പാദനശക്തികളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലാക്കുക എന്നതാണ് പുതിയ കാർഷിക നിയമങ്ങളുടെ ഉന്നം. മാത്രമല്ല കാർഷികവൃത്തിയിൽ സ്വാശ്രിതരായി കഴിയുന്ന ഗ്രാമീണ സമൂഹത്തിൻ്റെ സ്വയംപര്യാപ്തത തകർത്ത്, അവരെ നവ ലിബറൽ ഉല്പാദനവ്യവസ്ഥയുടെ നിത്യാശ്രിതരായ കൂലിയടിമകളായി നഗരങ്ങളിലേക്ക് എത്തിക്കുന്നതിനും പുതിയ കാർഷിക നിയമങ്ങൾ ഉതകുന്നു.

പ്രത്യുല്പാദനശക്തികളായ തങ്ങളെ ഉല്പാദനശക്തികളുടെ സമ്പൂർണ്ണ അടിമകളാക്കി തരം താഴ്ത്തുന്നതിനെതിരെയാണ് ഇന്ന് കർഷകസമൂഹം ഇന്ത്യയിൽ സമരം നടത്തുന്നത്. പ്രത്യുല്പാദനശക്തികളെന്ന നിലയിൽ ഗ്രാമീണ കാർഷികജനത സ്വയം ആർജ്ജിച്ച സ്വാതന്ത്ര്യത്തിൽ നിന്നും സ്വയംഭരണ ബോധ്യത്തിൽ നിന്നുമാണ് ഈ സമരം.

പുതിയ കാർഷികനിയമങ്ങൾ കൊണ്ടുവന്ന അതേ സമയത്ത് തന്നെയാണ് കൂലിത്തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങളെല്ലാം അവസാനിപ്പിക്കുന്ന പുതിയ തൊഴിൽനിയമങ്ങളും കേന്ദ്രസർക്കാർ കൊണ്ടുവന്നത്. പക്ഷേ ഇതിനെതിരെ കർഷകസമരം പോലെ ശക്തവും നിരന്തരവുമായ പ്രക്ഷോഭങ്ങൾ ഇന്ത്യൻ തൊഴിലാളി സംഘടനകൾക്ക് നടത്താനായില്ല. കാർഷികജനതയെ പോലെ സ്വയംഭരണം, സ്വാശ്രയത്വം എന്നീ മൂല്യങ്ങളിൽ മുറുകെ പിടിക്കാൻ മൂലധനത്തോട് അടിപ്പെട്ട ഉല്പാദന ശക്തികളായ കൂലിവേലക്കാർക്ക് കഴിയുന്നില്ല. മൂലധനവാഴ്ചയോട് നേരോട് നേർ നിന്ന് പോരാടാൻ പ്രത്യുല്പാദനശക്തികളായ കാർഷിക സമൂഹങ്ങളെപ്പോലെ സ്വതന്ത്രരല്ല ഉല്പാദനശക്തികളുടെ ഭാഗമായി മാത്രം അസ്തിത്വമുള്ള കൂലിത്തൊഴിലാളി വർഗ്ഗം.

അതുകൊണ്ട് ഇന്ത്യയിൽ മാത്രമല്ല എല്ലാ ഭൂഖണ്ഡങ്ങളിലും നവ ലിബറൽ ഭരണകൂടങ്ങൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്നവർ കൃഷിക്കാരും ആദിവാസി-ദലിത് സമൂഹങ്ങളുമടങ്ങിയ പ്രത്യുല്പാദനശക്തികളാണ്. കർഷകസമരങ്ങളുടെ ഉന്നം തദ്ദേശീയ കാർഷികോല്പന്നങ്ങൾക്ക് വിലയില്ലാതാക്കുന്ന തുറന്ന വിപണിയും, കോർപ്പറേറ്റ് ഉല്പാദനശക്തികൾക്ക് മാത്രം ഗുണം കൊയ്യുന്ന അന്താരാഷ്ട്ര കച്ചവടക്കരാറുകളും അവസാനിപ്പിക്കുക എന്നതാണെങ്കിൽ, ആദിവാസി-ദളിത് ജനങ്ങൾ പ്രതിരോധിക്കുന്നത് തങ്ങളുടെ ആവാസമേഖലകളും പരിസ്ഥിതിയും കൈയറുന്ന കോർപ്പറേറ്റ് അധിനിവേശ ഖനന – വികസനത്തെയാണ്. (16-ാം നൂറ്റാണ്ടിൽ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെന്നപോലെ, മണ്ണുമായി തദ്ദേശ ജനതയ്ക്കുള്ള സഹബന്ധത്തിൻ്റെയും സ്വാശ്രയത്വത്തിൻ്റെയും സമകാലിക അവശേഷിപ്പുകളെ കൂടി കവർന്നെടുക്കുന്നു, ഇന്നും ദ്വിമുഖ സ്വഭാവമുള്ള കാർഷിക – ഖനന അധിനിവേശങ്ങൾ).

പ്രത്യുല്പാദന ശക്തികളുടെ ഉയിർത്തെഴുന്നേല്പ്, കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനകം ഉല്പാദനശക്തികളാൽ നിർമ്മിക്കപ്പെട്ട ലോകവീക്ഷണത്തെ തന്നെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നതാണ്. ഉല്പാദനശക്തികളാൽ നിർമ്മിതമായ ലോകവീക്ഷണം ഒന്നാമതായി ഉല്പാദന-പ്രത്യുല്പാദനങ്ങളെ രണ്ടായി വേർപെടുത്തുകയും ഉല്പാദനത്തിൽ പ്രത്യുല്പാദനത്തിൻ്റെ പങ്ക് (കുടുംബം, പെണ്ണ്, പ്രകൃതി, കൂലിയതീത വേല, മൂന്നാംലോക രാഷ്ട്രങ്ങൾ) തമസ്ക്കരിക്കുകയും ഉല്പാദനശക്തിയെ (തൊഴിലിടം, മൂലധനം, കൂലിവേല, ആണ്, യൂറോപ്യൻ കോളനിവാഴ്ച) കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. എന്നാൽ സാമൂഹ്യമായ പ്രത്യുല്പാദനശക്തികളില്ലാതെ ഉല്പാദനശക്തികൾക്ക് നിലനില്പില്ല. പ്രകൃതിയിലും കുടുംബത്തിലും സമൂഹത്തിലും കുടികൊള്ളുന്ന ചിരസ്ഥായിയായ പരിരക്ഷണം, പരിചരണം, പരിപോഷണം എന്നിങ്ങനെയുള്ള കൂലിയതീത വേലകളാണ് കൂലിവേലയ്ക്കാധാരമായ ആൺ അധ്വാനശക്തിയെ സൃഷ്ടിക്കുന്നത്. പെണ്ണങ്ങളും കുട്ടികളും ആദിവാസി-ദലിതുകളും കൃഷിക്കാരും കൈവേലക്കാരും മൂന്നാംലോക പ്രകൃതിയും അടങ്ങിയ കീഴാളകൂട്ടായ്മയാണ് കൂലിയതീത വേലയുടെ ആഗോള സമൂഹം.

പ്രത്യുല്പാദനശക്തികളുടെ ലോകവീക്ഷണം, ഒന്നാമതായി ആധുനിക ഭരണകൂടങ്ങളെ അപനിർമ്മിക്കുന്നു. കാരണം ആധുനിക ആൺ ഭരണകൂടങ്ങളുടെ ഉത്ഭവലക്ഷ്യം തന്നെ പ്രത്യുല്പാദനശക്തികളെ നശിപ്പിച്ചുകൊണ്ട് ഉല്പാദനശക്തികളെ മാത്രം വളർത്തുക എന്ന അധിനിവേശ ഹിംസയാണ്. പ്രത്യുല്പാദനശക്തികളെ അബലം, ആശ്രിതം എന്ന് ഇകഴ്ത്തിയും അതിനെ ഉല്പാദനപരമാക്കി ഉയർത്തി പ്രബലവും സ്വാശ്രിതവുമാക്കാം എന്നു വ്യാമോഹിപ്പിച്ചും പെൺ പ്രത്യുല്പാദനശക്തികളെ ആൺ ഉല്പാദനശക്തികളുടെ നേർവിപരീത സ്ഥാനത്ത്, അതിൻ്റെ അപരത്വമായി ആധുനിക ഭരണകൂടം പ്രതിഷ്ഠിക്കുന്നു. പ്രത്യുല്പാദനശക്തികളുടെ നിരക്ഷരമായ വികേന്ദ്രീകൃത സ്വയംഭരണത്തെ കേന്ദ്രീകൃതഭരണം കൊണ്ട് കീഴ്പ്പെടുത്തി നിർവീര്യമാക്കുന്നു ആധുനിക ഭരണകൂടം. അതുകൊണ്ട് നവ ലിബറൽ ലോകത്ത് പ്രത്യുല്പാദനശക്തികൾ നടത്തുന്ന സമരങ്ങൾ സ്വയംഭരണം പുനഃസ്ഥാപിച്ച് ബലവും സ്വാശ്രയത്വവും വീണ്ടെടുക്കാനുള്ള സമരങ്ങളാണ്.

വേദാന്ത കമ്പനിയുടെ ബോക്സൈറ്റ് ഖനനത്തിനെതിരെ ഒഡീഷയിൽ നടന്ന ആദിവാസി സമരം. കടപ്പാട്:businesstoday

ഇന്ന് എല്ലാ വൻകരകളിലും നടക്കുന്ന കാർഷിക-ആദിവാസി പ്രക്ഷോഭങ്ങൾ പ്രത്യുല്പാദനശക്തികളുടെ സ്വയംഭരണം മുന്നോട്ടുവെയ്ക്കുന്നു. അത് പരിസ്ഥിതി സംബന്ധമായ വിനിയോഗവും ഉല്പാദനവും പ്രത്യുല്പാദനശക്തികൾക്ക് അനുഗുണമാക്കുന്നതിനുള്ള തദ്ദേശ ജനതയുടെ അവകാശസമരമാണ്. വേദാന്ത കമ്പനിയുടെ ബോക്സൈറ്റ് ഖനനത്തിനെതിരെ ഒഡീഷയിലെ ആദിവാസി സമരം ഊന്നിയത് തദ്ദേശീയ വിഭവങ്ങൾ വിനിയോഗിക്കുന്നതിനുള്ള അവരുടെ സ്വയം നിർണ്ണയാവകാശത്തിലാണ്. ഇത്തരം പ്രക്ഷോഭങ്ങളുടെ ഫലമായി ഇന്ത്യാ ഗവൺമെന്റ് കൊണ്ടുവന്ന വനാവകാശ നിയമം ആദിവാസി പ്രദേശങ്ങൾക്ക് മേൽ അവരുടെ സ്വയംഭരണാവകാശം ഉറപ്പ് നൽകുന്നു. കേന്ദ്രീകൃത ഭരണകൂടം ആദിവാസികളുടെ സ്വയംഭരണാവകാശം അംഗീകരിക്കുന്നതാണ് വനാവകാശ നിയമം. എന്നാൽ, വനഭൂമി കോർപ്പറേറ്റുകളുടെ സ്വൈര്യവിഹാര ഭൂമിയാക്കുന്നതിന് തടസ്സമായി നിൽക്കുന്ന വനാവകാശ നിയമത്തെ അട്ടിമറിക്കുന്ന പൊളിച്ചെഴുത്തുകൾ ഇപ്പോൾ കേന്ദ്രഭരണകൂടം കോർപ്പറേറ്റുകൾക്കു വേണ്ടി വീണ്ടും കൊണ്ടുവന്നിട്ടുണ്ട്.

പ്രത്യുല്പാദനശക്തികളുടെ സമരം സ്വയം നിർണ്ണയാവകാശത്തിൻ്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു. സ്വയം നിർണ്ണയാവകാശത്തിൻ്റെ രാഷ്ട്രീയമെന്നത് ഉല്പാദന ശക്തികളുടെ ആധിപത്യത്തിൽ നിന്നും പ്രത്യുല്പാദനശക്തികളുടെ വിമോചനമാണ്. ഉല്പാദനശക്തികളുടെ ആധിപത്യത്തിനുതകുന്ന എല്ലാവിധ അറിവുകളിൽ നിന്നുമുള്ള വിമോചനമാണ് പ്രത്യുല്പാദനശക്തികളുടെ സ്വയംഭരണം. ഉല്പാദനശക്തികളുടെ ആധിപത്യപരമായ അറിവുകളെ പ്രത്യുല്പാദനശക്തികൾ അവരുടെ വിമോചനാത്മകമായ അറിവുകളുടെ സ്വയംഭരണം കൊണ്ട് പ്രതിരോധിക്കുന്നു. അധികാരം മാത്രമല്ല അറിവും ആധിപത്യപരമായതിനാൽ വിമോചനാത്മകമായ അറിവ് ഇല്ലാതെ സ്വയംഭരണം സാധ്യമല്ല.

ഉല്പാദനശക്തികളുടെ അറിവ് മുകളിൽ നിന്നും താഴേക്കു തരുന്ന സാക്ഷരമായ ശാസ്ത്രീയ അറിവാണെങ്കിൽ അതിനോട്, താഴെ നിന്നും സൃഷ്ടിച്ചെടുത്ത നിരക്ഷരമായ സൂക്ഷ്മാനുഭവങ്ങൾ കൊണ്ടുള്ള സംവാദമാണ് പ്രത്യുല്പാദനശക്തികളുടെ അറിവ്. ഈ സംവാദം ശാസ്ത്രീയം – അശാസ്ത്രീയം എന്നിങ്ങനെയുള്ള അറിവിൻ്റെ ആധുനിക ഭരണകൂട വിഭജനങ്ങളെ അതിലംഘിക്കുന്നു. ഭരണകൂടത്താൽ ഔദ്യോഗികമായി ശാസ്ത്രീയവും അംഗീകൃതവുമാക്കി മാറ്റി, പ്രത്യുല്പാദന ശക്തികളുടെ അറിവിൻ്റെ സ്വാശ്രയത്വത്തെ അടിച്ചമർത്താൻ പുറപ്പെടുന്ന ഉല്പാദനശക്തികളുടെ അറിവിനെ അതിജീവനത്തിൻ്റെ ആർജ്ജിതമായ അറിവുകൊണ്ടാണ് പ്രത്യുല്പാദന ശക്തികൾ പ്രതിരോധിക്കുന്നത്.

ഉല്പാദനശക്തികൾ നിർമ്മിക്കുന്ന അറിവ് പ്രത്യുല്പാദനശക്തികളെ ഇല്ലായ്മ ചെയ്ത് അതുവഴി ഉല്പാദനശക്തികളുടെ വളർച്ചയെ മാത്രം കരുതി ചമച്ചതാണ്. അതുകൊണ്ട് അറിവുകളെ ഉല്പാദനപരം മാത്രമാക്കാതെ പ്രത്യുല്പാദനപരം കൂടിയാക്കുക എന്നതാണ് പ്രത്യുല്പാദനശക്തികളുടെ കടമ. മൂന്നാംലോക രാഷ്ട്രങ്ങളിലെ പ്രത്യുല്പാദന ശക്തികളുടെ സമരമെന്നത് പ്രത്യുല്പാദനപരമായ അറിവിൻ്റെ പ്രയോഗങ്ങൾ കൂടി ഉൾപ്പെട്ടിരിക്കുന്നു. ആദിവാസി-ദലിത്-കർഷക പ്രസ്ഥാനങ്ങൾ അവരുടെ സ്വയംഭരണ പ്രതിരോധത്തിൽ പരിസ്ഥിതി സൗഹൃദ കാർഷിക മുറകൾ ഉൾപ്പെടുത്തിയത് ശ്രദ്ധിക്കുക.

പ്രത്യുല്പാദനശക്തികളെ പാടെ അവഗണിച്ചാൽ തങ്ങളുടെ ഉല്പാദനമാത്ര വ്യവസ്ഥക്ക് തന്നെ അത് ഭീഷണിയാണെന്ന് ആഗോളതാപനവും കാലാവസ്ഥാമാറ്റവും യൂറോപ്യൻ ഉല്പാദനശക്തികളെ കൂടി ബോധ്യപ്പെടുത്തുന്നുണ്ട്. അതിനാൽ പരിസ്ഥിതി സൗഹൃദ ഉല്പാദനത്തെ പറ്റി ആഗോളവേദികൾക്ക് ഇപ്പോൾ ചർച്ച ചെയ്യേണ്ടി വരുന്നു. മാത്രമല്ല ഉല്പാദനശക്തികളെ മാത്രം വളർത്തുന്ന ആർടിഫിഷ്യൻ ഇൻ്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകൾ മുന്നും പിന്നും നോക്കാതെ പ്രയോഗിച്ചാൽ, സാമൂഹ്യ പ്രത്യുല്പാദന വ്യവസ്ഥയെ ഇത്തരം സാങ്കേതികവിദ്യകൾ തകർത്ത്, ഇന്നത്തെ ഉല്പാദനകേന്ദ്രിത ലോകം തന്നെ ഇല്ലാതാകുമെന്ന മുന്നറിയിപ്പും, പ്രത്യുല്പാദനശക്തികളുടെ മൂല്യം തിരിച്ചറിയുന്ന ശാസ്ത്രസമൂഹത്തിന് ഉല്പാദനശക്തികൾക്ക് നൽകേണ്ടി വരുന്നു.

പ്രത്യുല്പാദനശക്തികളുടെ സ്വയംഭരണം, അറിവ് എന്നിവ നിലവിലെ ഉല്പാദന സമ്പദ്ഘടനയ്ക്ക് പകരം പ്രത്യുല്പാദന സമ്പദ് വ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്നതാണ്. പ്രത്യുല്പാദന സമ്പദ്ഘടനയെന്നാൽ വിഭവങ്ങളുടെ കൈമാറ്റം മാത്രം നടക്കുന്ന ഉല്പാദന സമ്പദ്ഘടനയല്ല. അത് താൽക്കാലിക പ്രതിഫലം ലാക്കാക്കിയുള്ള വിൽക്കലും വാങ്ങലുമല്ല. പാരിപാലനത്തെ ഉദ്ദേശിച്ചുള്ള പരിപോഷണവും പരിരക്ഷണവും കൂലി പ്രതീക്ഷിക്കാതെ നിർവ്വഹിക്കുന്ന ഇടമാണ് പ്രത്യുല്പാദന സമ്പദ് വ്യവസ്ഥ. വിപണി സമ്പദ്ഘടനയ്ക്ക് അതീതമായി, കൂലി ലക്ഷ്യമാക്കാതെ ചെയ്യുന്ന അധ്വാനവും അതിൻ്റെ സ്വീകരണവും ഉൾപ്പെടുന്ന പ്രത്യുല്പാദന സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന മാതൃക കുടുംബത്തിൽ സ്ത്രീകളുടെ അധ്വാനമാണ്. പ്രത്യുല്പാദനപരമായി സ്ത്രീകൾ കുടുംബത്തിൽ ചെയ്യുന്ന കൂലിയതീതമായ അധ്വാനത്തിൻ്റെ സാമൂഹികമായ തുടർച്ചയാണ് ആദിവാസി-ദലിത് ജനത, കാർഷിക സമൂഹം, കൈവേലക്കാർ, മൂന്നാംലോകരാഷ്ട്രങ്ങൾ എന്നിവ. കൂലിയതീതമായ ഈ പ്രത്യുല്പാദന ശക്തിയുടെ മനുഷ്യേതരമായ അധ്വാനമാണ് പ്രകൃതിയിൽ നിന്നുമുള്ള പാരിസ്ഥിതിക സേവനങ്ങൾ. പ്രകൃതിയുടെ വരദാനമെന്നാണല്ലോ ഈ സേവനങ്ങൾ അറിയപ്പെടുന്നത്. പ്രത്യുല്പാദന ശക്തികളുടേത് വരദാന സമ്പദ്ഘടനയാണ് (Gift Economy).

ഡീ​ഗ്രോത്ത് മൂവ്മെന്റ് യൂറോപ്പിൽ. കടപ്പാട്:bloomberg

പ്രത്യുല്പാദനപരമായ സമ്പദ്ഘടന സാമ്പത്തികാസമത്വവും പാരിസ്ഥിതിക ആഘാതങ്ങളും രൂക്ഷമാക്കുന്ന സാമ്പത്തിക വളർച്ചയെ -ഉല്പാദനശക്തികളുടെ ഏകപക്ഷീയമായ വളർച്ചയെ തടയുന്ന അപവളർച്ചാ സിദ്ധാന്തം (Degrowth Theory) മുന്നോട്ടുവെയ്ക്കുന്നു. ലോകതലത്തിൽ രണ്ടോ മൂന്നോ ശതമാനം ജി.ഡി. പി.വളർച്ച സംഭവിച്ചെങ്കിലേ വൻകിട ഉല്പാദനശക്തികൾക്ക് അവരുടെ മൊത്തം ലാഭം നിലനിർത്താൻ കഴിയൂ. മൂന്ന് ശതമാനം വളർച്ചയെന്നാൽ ഓരോ 23 വർഷം കൊണ്ട് ലോക സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാകുമെന്നും വീണ്ടും അതിന്റെ ഇരട്ടിയിൽ വലുതാകുമെന്നുമാണ്. ഈ വളർച്ച അതിനൊത്ത് ഊർജ്ജവും വിഭവങ്ങളും ഉപയോഗിക്കാതെ നടക്കില്ലെന്നും ജെയ്സൺ ഹെക്കൽ (Jason Hickel) എഴുതുന്നു. അതുകൊണ്ട് സാമ്പത്തിക വളർച്ച കൊണ്ട് ആഗോളതാപനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും തടയാനാവില്ല. ഇതേ നിലയിൽ വികസിത രാഷ്ട്രങ്ങൾ വളർന്നാൽ ആഗോള താപനം 1.5°C – 2°C ൽ താഴെയെങ്കിലും പിടിച്ചുനിർത്തുക സാധ്യമല്ല. അതിനാൽ ജി.ഡി.പി. വളർച്ചയിൽ നോക്കാതെ മനുഷ്യ നന്മയും പരിസ്ഥിതിരക്ഷയും വിഷയമാക്കണമെന്ന് 238 ശാസ്ത്രജ്ഞർ 2018 ൽ യൂറോപ്യൻ കമ്മീഷൻ മുമ്പാകെ ആവശ്യപ്പെട്ടു. ലോകരാഷ്ട്രങ്ങൾ വളർച്ചയെ വിട്ട് സുസ്ഥിര ഭാവിയ്ക്കായി പ്രയത്നിക്കാൻ തൊട്ടടുത്ത വർഷം 150 രാജ്യങ്ങളിലെ 11,000 ശാസ്ത്രജ്ഞർ സർക്കാരുകളോടായി പറഞ്ഞു.

പ്രത്യുല്പാദനശക്തികളുടെ അടിമത്തം ശാശ്വതമാക്കുന്നതിനായി ഉല്പാദനശക്തികൾ രൂപപ്പെടുത്തിയ ലോകവീക്ഷണത്തെ അനുസരിക്കുന്നതിന് പകരം അതിൻ്റെ ഓരോ അടരും പ്രത്യേകം പ്രത്യേകം പുന:പരിശോധിക്കുക എന്നതാണ് പ്രതുല്പാദനശക്തികളുടെ കടമ. ഉല്പാദനശക്തികളുടെ ലോകവീക്ഷണം രേഖീയമായി വളരുന്ന ചരിത്രബോധത്തിലും, അതിൻ്റെ ഭാഗമായി നിർമ്മിച്ച മുൻകാല ഇരുണ്ടയുഗം- ആധുനിക ജ്ഞാനോദയ യുഗം (Enlightenment Age) എന്നീ വിരുദ്ധബോധത്തിലും അധിഷ്ഠിതമാണ്. മൂന്നാംലോക പ്രത്യുല്പാദന സമൂഹങ്ങൾ ഈ ചരിത്രബോധത്തിൽ ഇരുണ്ട യുഗത്തെ പ്രതിനിധാനം ചെയ്യുന്നു. ജ്ഞാനോദയത്തെപ്പറ്റി ഇമ്മാനുവൽ കാൻ്റ് നൽകുന്ന നിർവ്വചനം നോക്കുക: “മനുഷ്യൻ സ്വയം തീർത്ത അപക്വതയിൽ നിന്നും പുറത്തുകടക്കുന്നതാണ് ജ്ഞാനോദയം. അപക്വതയെന്നാൽ ഒരാളുടെ അറിവുകൾ മറ്റാരുടെയെങ്കിലും നിർദ്ദേശമില്ലാതെ ഉപയോഗിക്കാനുള്ള കഴിവില്ലായ്മയാണ്.” ഇതനുസരിച്ച് യൂറോപ്പ് ജ്ഞാനോദയം നേടി, സ്വന്തം കഴിവുകൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ പക്വമായെങ്കിൽ, മറ്റ് വൻകരകൾക്ക് യൂറോപ്പിൻ്റെ മാർഗ്ഗനിർദ്ദേശത്തെ ആശ്രയിച്ചാലേ ജ്ഞാനോദയം നേടി പാകമാകാൻ കഴിയൂ. മറ്റുള്ളവരെ കൂടി ജ്ഞാനോദയത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യിക്കുക എന്നതാണ് ഇതര വൻകരകളിലെ യൂറോപ്യൻ അധിനിവേശത്തിനുള്ള നീതീകരണം.

ജ്ഞാനോദയകാലം നിർമ്മിച്ച പ്രാകൃതമായ മൂന്നാംലോകം – പരിഷ്കൃതമായ യൂറോപ്പ് എന്ന രേഖീയ ചരിത്രബോധത്തെ മാത്രമല്ല, കോളനിവാഴ്ചയെ എതിർപക്ഷത്ത് വ്യാജമായി നിർത്തി, മോചനത്തിനായി സുവർണ്ണ ഭൂതകാലത്തിലേക്കു തിരികെ പോകാം എന്ന ദേശരാഷ്ട്ര -മതാത്മക ആൺപ്രത്യയശാസ്ത്രങ്ങളെയും പ്രത്യുല്പാദനശക്തികളുടെ ലോകവീക്ഷണം ഉപേക്ഷിക്കുകയും, യൂറോപ്യൻ അധിനിവേശവും മതാത്മക ഏകാധിപത്യവും തമ്മിലുള്ള രഹസ്യബന്ധത്തെ – രണ്ടിലും ഒരേ പോലെ പ്രബലമായ ഉല്പാദനത്തിൻ്റെ ആൺകോയ്മയെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പ്രത്യുല്പാദന ശക്തികളുടെ ലോകവീക്ഷണം പരമ്പരാഗത അറിവുകളെ ഭരണകൂടകേന്ദ്രിതമായ ആൺ മതാത്മകത തീർത്ത മിത്തുകളിൽ നിന്നും രക്ഷപ്പെടുത്തി, പരമ്പരാഗത അറിവുകളുടെ ഉടമസ്ഥതയെ പരസ്പരം പരിപോഷിപ്പിക്കുന്ന ആഗോള പ്രത്യുല്പാദനശക്തികളുടെ കൂട്ടായ്മയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നു. അതിനാൽ പ്രത്യുല്പാദനശക്തികളെ സംബന്ധിച്ച് അധിനിവേശ വിരുദ്ധമാകുക എന്നതിനർത്ഥം, മതാത്മകമായ ആൺ ഏകാധിപത്യത്തിൻ്റെ ചിരകാല ബന്ധനത്തിലേക്ക് മൂന്നാംലോക ജനത വീണ്ടും ചേക്കേറുക എന്നതല്ല. പകരം, മതാത്മക ഏകാധിപത്യത്തിനെതിരെ രാഷ്ട്രാതിർത്തികളെ മറികടക്കുന്ന കീഴാള ആത്മീയത കൊണ്ടുള്ള പ്രതിരോധം കൂടിയാണ്. അത് ഭൗതികം – ആത്മീയം എന്ന രണ്ട് ലോകങ്ങൾ തീർക്കുന്ന ആൺ ഉല്പാദന പ്രത്യയശാസ്ത്രത്തെ നിരസിക്കുകയും പ്രത്യുല്പാദനത്തിൻ്റെ കീഴാള ആത്മീയതയെ എല്ലാ ഭൗതികമണ്ഡലങ്ങളിലേക്കും സന്നിവേശിപ്പിക്കുകയും ചെയ്യുന്നു.

ഒരു ക്ലൈമറ്റ് ആക്ടിവിസ്റ്റ്. കടപ്പാട്:istock

ഇപ്രകാരം ആത്മീയതയെന്നും പാരമ്പര്യമെന്നുമുള്ള പൊയ്മുഖങ്ങൾ വെച്ച് – അധിനിവേശയുക്തി കൊണ്ട് സൃഷ്ടിച്ചെടുത്ത മതാധിഷ്ഠിത ദേശരാഷ്ട്ര ഏകാധിപത്യത്തെ സർവ്വവിധ അധിനിവേശങ്ങളെയും ചെറുക്കുന്ന കീഴാള ആത്മീയതയാൽ പ്രതിരോധിക്കുന്നു പ്രത്യുല്പാദന ശക്തികളുടെ ഉയിർത്തെഴുന്നേല്പ്. സാക്ഷരത – നിരക്ഷരത, ഭരണം – സ്വയംഭരണം, ആൺ-പെൺ, ഉല്പാദനം – പ്രത്യുല്പാദനം, കൂലിവേല – കൂലിയില്ലാവേല, ഭൗതികം – ആത്മീയം, സാമ്പത്തിക ലോകം – വരദാന ലോകം, സ്വദേശം – വിദേശം, പൗരത്വം – മനുഷ്യത്വം, പ്രകൃതി – മനുഷ്യൻ, തൊഴിലിടം – കുടുംബം, ഭരണകൂടം – സമൂഹം, യുക്തി – വിശ്വാസം, പഴമ -പുതുമ എന്നിങ്ങനെയുള്ള വിഭജനങ്ങളെയും മറികടക്കുന്ന ലോകവീക്ഷണം ഉയർത്തിപ്പിടിക്കുന്നതാകും പ്രത്യുല്പാദനശക്തികളുടെ അതിജീവന സമരം. ആൺ നിർമ്മിത ഉല്പാദനമൂല്യങ്ങളിലേക്ക് പെൺ സൃഷ്ടികളായ പ്രത്യുല്പാദനമൂല്യങ്ങൾ ലയിപ്പിച്ചു ചേർക്കലാണത്.

അതായത് ലോകത്തിൻ്റെ സംഘർഷം ഉല്പാദനശക്തികളായ മൂലധനവും തൊഴിലാളിയും തമ്മിലല്ല. കാരണം മൂലധനത്തെ സൃഷ്ടിക്കുന്ന തൊഴിലാളിയുടെ അധ്വാനത്തെ നിർമ്മിക്കുന്നത് പ്രത്യുല്പാദനശക്തികളാണ് – കീഴാള സമൂഹമാണ്. അതിനാൽ നവ ലിബറൽ ലോകത്ത് ഒരു വശത്ത് ഉല്പാദനശക്തികളാണെങ്കിൽ അവർക്ക് നേർ നിൽക്കുന്നത് പ്രത്യുല്പാദനശക്തികളാണ്.

റഫറൻസ്

  1. Susan Ferguson. “Social Reproduction: What’s the big idea?” https://www.plutobooks.com/blog/social-reproduction-theory-ferguson/
  2. Tithi Bhattacharya (Edited). Social Reproduction Theory: Remapping Class, Recentering Oppression. Pluto Press. 2017
  3. Helen Hester and Nick Srnicek. “The Crisis of Social Reproduction and the End of Work “
    https://www.bbvaopenmind.com/en/articles/the-crisis-of-social-reproduction-and-the-end-of-work/
  4. Jayati Ghosh. “Neoliberalism as Neocolonialism” https://www.dollarsandsense.org/archives/2020/0520ghosh.html
  5. “European colonization of the Americas ” https://en.m.wikipedia.org/wiki/European_colonization_of_the_Americas.
  6. Scott C. Miller. “Ten Facts About the American Economy in the 18th Century ” https://www.mountvernon.org/george-washington/colonial-life-today/early-american-economics-facts/
  7. David Cheal. The Gift Economy (Routledge Library Editions: Social and Cultural Anthropology) Routledge. 2015
  8. Jason Hickel. “The anti-colonial politics of degrowth” http://www.elsevier.com/locate/polgeo
  9. Jason Hickel, Dylan Sullivan and Huzaifa Zoomkawala. “Rich countries drained $152tn from the global South since 1960” https://www.aljazeera.com/opinions/2021/5/6/rich-countries-drained-152tn-from-the-global-south-since-1960
  10. Corinna Burkhart, Matthias Schmelzer and Nina Treu.(Edited). Degrowth in Movement(s): Exploring pathways for transformation.Winchester. 2020
  11. Kate Soper. Post-Growth Living: For an Alternative Hedonism. Verso Books. 2023
  12. “Tiguex War” https://en.m.wikipedia.org/wiki/Tiguex_War
  13. “Pueblo Revolt” https://en.m.wikipedia.org/wiki/Pueblo_Revolt
  14. “Discovery doctrine” https://en.m.wikipedia.org/wiki/Discovery_doctrine
  15. Manuela L. Picq. “Indigenous Politics of Resistance: An Introduction”
    https://scholar.google.co.in/scholar_url?url=https://newdiversities.mmg.mpg.de/wp-content/uploads
  16. Matt Shipman. “Spanish Colonialism’s Environmental Legacy, Part One: Origins”
    September 27, 2011 https://news.ncsu.edu/2011/09/cost-of-silver-one/
  17. Brian Slattery. “Paper Empires: The Legal Dimensions of French
    and English Ventures in North America” https://www.researchgate.net/publication/
  18. Akshay VR. “The Impact Of Solar Energy On Wildlife And Biodiversity” https://arka360.com/ros/solar-energy-impact-wildlife-biodiversity-sustainability/
  19. David J. Lynch. “World adds 165 million more poor as debt consumes governments’ funds ” https://www.washingtonpost.com/business/2023/07/14/poverty-global-economy-debt-un/
  20. “Bison hunting” https://en.m.wikipedia.org/wiki/

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 28, 2024 12:41 pm