ഖനനത്തിൽ ഇല്ലാതാകുന്ന ഝാർഖണ്ഡ്: ആദിവാസി സ്ത്രീകളുടെ അതിജീവനത്തെക്കുറിച്ച് ‘ലഡായ് ഛോഡബ് നഹി’

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മൃദുല ഭവാനി: സൗത്ത് ഇന്ത്യയിൽ നിന്നുള്ള എന്നെപ്പോലെ ഒരാൾക്ക് ഝാർഖണ്ഡിൽ നിന്ന് വരുന്ന വാർത്തകളും കഥകളും വളരെ വിദൂരമാണ്. ജോലി സംബന്ധമായോ അതുപോലെ ഒഴിച്ചുകൂടാനാവാത്ത മറ്റെന്തെങ്കിലും ആവശ്യത്തിനായോ അല്ലാതെ അവിടേക്ക് ഞങ്ങൾ എത്തിപ്പെടാറില്ല. അല്ലെങ്കിൽ സ്വമനസ്സാലെ, തീരുമാനിച്ചുറപ്പിച്ച് അവിടെ എത്തണം. ഞാൻ ഝാർഖണ്ഡിൽ പോയിട്ടില്ല, അവിടുത്തെ പരിസ്ഥിതി നശീകരണത്തെപ്പറ്റി വായിച്ചും കേട്ടുമുള്ള അറിവാണ് എനിക്കുള്ളത്. ‘ഫെെറ്റ് ഷാൽ കണ്ടിന്യൂ- ലഡായ് ഛോഡബ് നഹി’ എന്ന ഡോക്യുമെന്ററി ചെയ്യാനുള്ള ആലോചനയിലേക്ക് താങ്കൾ എങ്ങനെയാണ് എത്തിപ്പെട്ടത്? ആ ചിത്രത്തെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചും സംസാരിക്കാമോ?

ആസ്ത: 2017ലാണ് ഞാൻ ഝാർഖണ്ഡിൽ താമസിക്കാൻ തുടങ്ങിയതും കോളേജ് വിദ്യാഭ്യാസം ആരംഭിച്ചതും. റാഞ്ചിയിൽ ഞാൻ താമസിച്ചിരുന്ന ഹോസ്റ്റലിനടുത്തായി തിരക്കേറിയ ഒരു മെയിൻ റോഡ് ഉണ്ടായിരുന്നു. അവിടുത്തെ ഫാസ്റ്റ് ഫുഡ് ചാനലുകളാവട്ടെ, കടകളോ കാർട്ടുകളോ ആകട്ടെ, പാത്രം കഴുകൽ, വൃത്തിയാക്കൽ തുടങ്ങിയ തൊഴിലുകൾക്ക് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള പ്രായമായ സ്ത്രീകളെയാണ് കാണാൻ സാധിക്കുക. എന്നാൽ ഭക്ഷണം പാചകം ചെയ്യാനോ വിളമ്പാനോ അവരില്ല. വലിയ റെസ്റ്റോറന്റുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഈ കാഴ്ച ഒരുപാട് നാൾ മനസിൽ തങ്ങി. ഒരു ബഹുജൻ സമുദായത്തിൽ പെട്ട ആളാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം ഈ സ്ത്രീകൾ വളരെ അസംഘടിതമായ ഒരു മേഖലയിലെ വേതനത്തോടുകൂടിയ തൊഴിലാളികളാണ്. ഇതേ തൊഴിൽ, ഇതേ തൊഴിൽ നിയമങ്ങളും പാലിച്ച് വേതനമില്ലാതെ ചെയ്യുന്ന ആളാണ് എൻ്റെ അമ്മ. ചില നിറത്തിലുള്ള തൊലി, ചില സ്വത്വങ്ങളുമായി മാത്രം ചേർത്തുവെക്കുന്ന ചില തൊഴിലുകൾ ഇതൊക്കെ ഞാൻ കണ്ടു. രണ്ടു കാര്യങ്ങളാണ്: ഒന്ന് ശരീരം, മറ്റൊന്ന് തൊഴിൽ. 2017 മുതൽ ഞാനിത് കാണാൻ തുടങ്ങി. അതെന്നെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്തു.

2021ൽ ഞാൻ സർക്കാർ മേഖലയിൽ ജോലി ചെയ്തു തുടങ്ങി. മുപ്പതിൽ രണ്ടു സ്ത്രീകളെന്ന അനുപാതത്തിൽ ആ തൊഴിലിടം വളരെ പിതൃമേധാവിത്വപരമായിരുന്നു. പുരുഷന്മാരുടെ ഇടയിൽ നിന്ന് മിക്കവാറും അസഹ്യപ്പെടുത്തുന്ന തമാശകളും ചിരികളും ഉയരുമായിരുന്നു. വളരെ അസ്വസ്ഥത ഉളവാക്കുന്ന അന്തരീക്ഷം. ഞാൻ മാറി താമസിച്ചതിനാലും ഉപജീവനം കണ്ടെത്തേണ്ടതിനാലും ആ ജോലി ഉപേക്ഷിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. രണ്ടു വർഷം ഞാൻ അവിടെ തുടർന്നു. അവിടുത്തെ വൃത്തിയാക്കൽ ജോലികളും ചെയ്തിരുന്നത് അസംഘടിതമായ, ദലിത് ബഹുജൻ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള 40 നും 50നും ഇടയിലും അതിനു മുകളിലും പ്രായമുള്ള സ്ത്രീകൾ ആയിരുന്നു. ദിവസം എഴുപത് രൂപ എന്നിങ്ങനെ വളരെ കുറഞ്ഞ വേതനമാണ് അവർക്ക് ഭക്ഷണശാലകൾ കൊടുത്തിരുന്നത്. ഇവിടെയും ദിവസം 12 മണിക്കൂർ പണിയെടുക്കുന്നതിന് 12,000 രൂപ മാസ വേതനമാണ് അവർക്ക് കിട്ടുന്നത്. തൊഴിലില്ലായ്മയും പുലർത്താൻ കുടുംബങ്ങൾ ഉള്ളതും ആണ് അവിടുത്തെ സ്ഥിതി. വീണ്ടും അതേ ചോദ്യം. ഒരു തരം തൊലി, ഒരു തരം സ്വത്വം, ഒരു തരം തൊഴിൽ. ഈ ചോദ്യം എന്നെ ഒരുപാട് അസ്വസ്ഥതപ്പെടുത്തി. അപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സൂപ്പർവൈസിങ് പോസ്റ്റിലുള്ള, പ്രായമുള്ള ഒരു സീനിയർ ഉദ്യോഗസ്ഥൻ ഒരു ക്ലീനിംഗ് ലേഡിയോട് കയർത്തു സംസാരിച്ചു. അവർക്ക് അയാളുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. അവർക്ക് രോഷമുണ്ട് എന്നെനിക്ക് അറിയാം. ആ ശരീരത്തിന് ഒരു കഥയുണ്ട്, ആ ശരീരത്തിൽ രോഷമുണ്ട്. അവരുടെ അതേ സ്ഥാനത്തുള്ള ഒരു പുരുഷൻ ആയിരുന്നെങ്കിൽ ആ സ്ത്രീക്ക് തിരിച്ച് എന്തെങ്കിലും പറയാമായിരുന്നു. പക്ഷേ അവർക്കതിന് കഴിഞ്ഞില്ല. എന്തുകൊണ്ടാണ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകൾ, എൻ്റെ സമുദായത്തിലെ സ്ത്രീകൾ, പ്രത്യേക ജോലികൾ മാത്രം ചെയ്യേണ്ടി വരുന്നത് എന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചത് ആ കാഴ്ച ആയിരുന്നു. പുരുഷ സഹപ്രവർത്തകരാലോ പങ്കാളികളാലോ സ്വാധീനിക്കപ്പെടാതെ തീരുമാനങ്ങൾ എടുക്കാവുന്ന സ്ഥിതിയിലേക്ക് അതിൽ വളരെ ചുരുക്കം പേരെ എത്തിച്ചേരുന്നുള്ളു. അപ്പോൾ എനിക്ക് മനസിലായി, ഞാനിതല്ല ചെയ്യേണ്ടത്. ഞാനൊരു സിനിമ എടുക്കുകയും ഈ തൊഴിലുകൾ അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന് ലോകത്തോട് വിളിച്ചു പറയുകയും ചെയ്യണം.

എൻ്റെ അമ്മ ഒരു വീട്ടമ്മയാണ്. അവരുടെ അധ്വാനം ഒരിക്കലും സമ്പത്താവില്ല, കണക്കുകളുമാവില്ല. നിസ്സാരമായി കാണുന്ന, അഭിനന്ദിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യാത്ത, ഒരിക്കലും അവസാനിക്കാത്ത ഒരു ജോലിയാണത്. ഝാർഖണ്ഡിലെ പാർശ്വവൽകൃത സ്ത്രീകളെപ്പറ്റി ഒരു സിനിമ ചെയ്യണം എന്നൊരു പ്രൊപ്പോസൽ ഞാൻ തയാറാക്കി. ഝാർഖണ്ഡിലെ ഖനികളുടെ വ്യാപനം തദ്ദേശീയരെ കാര്യമായി ബാധിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പൂർണമായി അവരുടെ ഇടം നഷ്ടപ്പെട്ടു. അതിനെ രണ്ടു രീതിയിൽ നോക്കിക്കാണാം. കുടുംബത്തിലെ പുരുഷന്മാർ ഉപജീവനം തേടി പുറംനാടുകളിലേക്ക് പോകും. പക്ഷേ സ്ത്രീകൾ ഒന്നുമില്ലായ്മയിൽ നിന്ന് ഒരു വീട് സൃഷ്ടിക്കേണ്ടി വരുന്നു, കുട്ടികളുടെ വിദ്യാഭ്യാസം ശ്രദ്ധിക്കുന്നു. ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഉരിമാരി എന്ന ഗ്രാമത്തിലെ ജനങ്ങൾക്ക് നഷ്ടപരിഹാരമായി ഒരു ചെറിയ തുക കൊടുത്ത് അവരോട് അവിടം ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. അവർക്ക് ഉപജീവനത്തിന് മാർഗ്ഗങ്ങളില്ല. മാറ്റി പാർപ്പിച്ചാലും അവർക്ക് തൊഴിലില്ല, കുടിവെള്ളമില്ല. ഖനനം പോലെയുള്ള വ്യാവസായിക പ്രവർത്തനങ്ങൾ ശുദ്ധജലത്തിൻ്റെ ലഭ്യത കുറക്കുകയും കുടിവെള്ളക്ഷാമത്തിന് കാരണമാകുകയും ചെയ്യും. മറ്റ് പട്ടണങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ തൊഴിൽ തേടി പുരുഷന്മാർ യാത്രയാകുമ്പോൾ സ്ത്രീകൾ ബാക്കിയാകും. അവർ ജീവിതവും ചുറ്റുപാടും ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരും. ആരാണ് അതിനെപ്പറ്റി സംസാരിക്കുന്നത്?

ഒരുപാട് നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇതെന്റെ മനസിലേക്ക് വന്നത്. ഝാർഖണ്ഡിലെ ചില പാർശ്വവൽകൃത സ്ത്രീകളോടൊപ്പം പ്രവർത്തിക്കണമെന്ന് Institute of Arts and Expressionന് ഞാനൊരു പ്രൊപ്പോസൽ സമർപ്പിച്ചു. അവർക്ക് എൻ്റെ ആശയം ഇഷ്ടമാകുകയും സിനിമ നിർമ്മിക്കാൻ സഹായിക്കുകയും ചെയ്തു. ഞാൻ ഒരുപാട് ഗവേഷണം നടത്തുകയും ഒപ്പം ഈ ടീം രൂപം കൊള്ളുകയും ചെയ്തു. ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടു. എട്ടോ ഒൻപതോ സ്ത്രീകളെ സന്ദർശിക്കുകയും നാല് പേരെ ചിത്രീകരിക്കുകയും ചെയ്തു. മൂന്ന് പേരുടെ രംഗങ്ങളാണ് ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ സാധിച്ചത്. എൻ്റെ സിനിമയിലെ എല്ലാ സ്ത്രീകൾക്കും ഒരേ കഥയാണ്. അദൃശ്യമാക്കപ്പെടുന്ന അധ്വാനത്തിന്റെ കഥ. അടയാളപ്പെടുത്തപ്പെടാത്ത രോഷത്തിന്റെ കഥ. ആരാലും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത രോഷമാണ് അവരുടേത്. ഒരു സവർണ വ്യക്തിയുടെയും ദലിത് വ്യക്തിയുടെയും കോപവും കോപത്തിൻ്റെ പ്രയോഗവും രണ്ടാണ്. പ്രകടനവും വളരെ വ്യത്യസ്തമായിരിക്കും. ഒരു ദലിത് വ്യക്തിക്ക് ആ അധികാരം ഉണ്ടായിരിക്കില്ല, സാമൂഹിക മൂലധനമോ, വിഭവങ്ങളോ, പിന്താങ്ങാൻ ആളുകളോ ഉണ്ടായിരിക്കില്ല. ജാതിയും പിതൃ മേധാവിത്വവും പാർശ്വവൽകൃത സ്ത്രീകളിൽ ശക്തമായ ആഘാതമാണ് ഉണ്ടാക്കുക. ഇങ്ങനെയാണ് ഞാൻ എൻ്റെ കഥാപാത്രങ്ങളെ ചിത്രീകരിച്ചത്.

എൻ്റെ എല്ലാ കഥാപാത്രങ്ങളും ഒന്നുമില്ലായ്മയിൽ നിന്ന് ഒരു വീട് ഉയർത്തിയതിനെപ്പറ്റി സംസാരിക്കുന്നുണ്ട്. പക്ഷേ വീട് പുതുക്കി പണിയുന്നത് അവർക്ക് ചിന്തിക്കാനാവില്ല. “ഇതൊരു ഖനന മേഖലയാണ്, ഇവിടെ വീട് വീണ്ടും പണിയുന്നത് എൻ്റെ സമ്പാദ്യം മുഴുവൻ പാഴാക്കും” എന്ന് അവർ പറയും. നാൽപ്പതു വർഷത്തോളം അവർ ഭയത്തിലാണ് ജീവിക്കുന്നത്. പക്ഷേ ആ ഭയം ഒരിക്കലും പ്രതിഷേധിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല. അവരുടെ അവകാശങ്ങൾ അവർ പ്രയോഗിക്കുന്നുണ്ട്. അത് അവരുടെ ശരീരത്തിലെ രോഷം ആണ്. ബസന്തി സർക്കാർ ഒരു സ്വയം പര്യാപ്തയായ സ്ത്രീയാണ്. നമ്മുടെ പോപ് കൾച്ചറിൽ സ്വയം പര്യാപ്തയായ സ്ത്രീ എന്നാൽ ഒരു ഓഫീസിലെ ‘ഗേൾബോസ്’ ആണല്ലോ. പക്ഷേ ബസന്തി അവരുടേതായ ഇടങ്ങളിൽ അതൊക്കെയാണ്. അവർ തിയേറ്ററിൽ പോയിട്ടില്ലായിരുന്നു. ആദ്യമായി തിയേറ്ററിൽ പോയപ്പോൾ അവർ വിചാരിച്ചത് അവിടെ പുരുഷന്മാർ മാത്രം ആയിരിക്കും എന്നാണ്. പെൺകുട്ടികൾ എന്ത് ചെയ്യും? മുമ്പ് പങ്കെടുത്ത പ്രതിഷേധങ്ങൾ കാരണം അവരുടെ പേരിൽ ഒരു എഫ്.ഐ.ആർ ഉണ്ട്. പക്ഷേ അതൊന്നും പുറത്തു പോകുന്നതിനോ റീൽസ് ഉണ്ടാക്കുന്നതിൽ നിന്നോ അവരെ തടയുന്നില്ല. ഇതൊക്കെ രസമാണ്, പക്ഷേ നമ്മൾ ഏത് കാഴ്ചയിലൂടെ ആണ് അവരെ കാണുന്നത് എന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വയം പര്യാപ്തയായ സ്ത്രീയുടെ നിർവ്വചനം മേൽജാതിയിലും കീഴ്ജാതിയിലും വ്യത്യസ്തമായിരിക്കും. ബിഗാൻ കുജൂറിന്റെ കാര്യം എടുത്താൽ അവർ ഹ‍ണ്ടിയ, ഝാർഖണ്ഡിലെ ഒരു തരം മദ്യം നിർമ്മിക്കുന്ന ആളാണ്. അതിൽ അവർ അവമതിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സാദാചാരത്തിന് വിരുദ്ധമായ കാര്യങ്ങളിൽ ഒരു സ്ത്രീ എങ്ങനെയാണ് ഏർപ്പെടുക? അവരുടെ നാല് മക്കളെയും അവർ വിദ്യാഭ്യാസം ചെയ്യിച്ചു, അവർക്കിപ്പോൾ ജോലിയും ഉണ്ട്. അവരുടെ ഉപജീവനം മദ്യനിർമ്മാണത്തിലൂടെ ആണ്. അതിൽ അവർ ലജ്ജിക്കുന്നില്ല, മറിച്ച് അത് ഏറ്റെടുക്കുകയും ചെയ്യുന്നു. അത് അധികാരം നൽകുന്നു എന്ന് അവർ പറയുന്നു. സ്ത്രീ സംരംഭകരെ നമ്മൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? നമ്മുടെ കാഴ്ച വ്യത്യസ്തമാണ്. സ്ത്രീ സംരംഭക എന്നു പറയുമ്പോൾ ഒരു മീറ്റിംഗ് ഹോളിൽ സ്യൂട്ട് ധരിച്ച ഒരു സ്ത്രീയെയാണ് ഓർമ്മ വരിക. പക്ഷേ, എനിക്ക് ഇവരെ ആണ് ഓർമ്മ വരുന്നത്. ഇവരൊക്കെയാണ് എൻ്റെ ചില കഥാപാത്രങ്ങൾ. ഇവരിലൂടെയാണ് കഥ പറയപ്പെടുന്നത്.

ആസ്തയും വിശാലും ഡോക്യുമെന്ററി ചിത്രീകരണത്തിനിടയിൽ

മൃദുല: 2018-19 കാലത്തിൽ തിരുവനന്തപുരത്തെ ഒരു കരിങ്കൽ ക്വാറിയുടെ പ്രശ്നം ഞാൻ കവർ ചെയ്തിരുന്നു. ഒരു ദലിത് കോളനിയുടെ നടുവിൽ ഒരു കരിങ്കൽ ക്വാറി പ്രവർത്തിച്ചിരുന്നു. ക്വാറി ലെെസൻസിയുടെ ഭർത്താവ് ഐഎസ്ആർഓയിൽ ഉദ്യോഗസ്ഥനായിരുന്നു. ക്വാറിക്ക് വേണ്ടി ആളുകളെ ഒഴിപ്പിച്ചു. പക്ഷേ മുപ്പതോളം കുടുംബങ്ങൾ അവിടെ തന്നെ തുടർന്നു. കേരളത്തിലെ ക്വാറികൾ സാധാരണ ജീവിതം അസാധ്യമാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു. ആളുകൾക്ക് കുടിവെള്ളം ഉണ്ടായിരുന്നില്ല. പ്രതിഷേധത്തെ തുടർന്ന് സർക്കാർ പൈപ് ലൈനുകൾ സ്ഥാപിച്ചെങ്കിലും അവ പ്രവർത്തിച്ചു തുടങ്ങാൻ കാലതാമസം നേരിട്ടു. ക്വാറി പ്രവർത്തനം അവസാനിക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ വേണ്ടി വന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന പരിസ്ഥിതി നിയമങ്ങളെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?

ആസ്ത: ഝാർഖണ്ഡിലെ പരിസ്ഥിതി നശീകരണം ഒരു പുതിയ കാര്യം അല്ല എന്നാണ് ഞാൻ നിരീക്ഷിച്ചിട്ടുള്ളത്. വർഷങ്ങളായി അത് നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് ആളുകൾ അത് സംഭവിക്കാതിരിക്കാൻ പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെയാണ് ഈ പ്രതിഷേധങ്ങൾ? അവർക്ക് ഒരു ചാനൽ ഉണ്ടോ? മീഡിയ കവറേജ് ഉണ്ടോ? അവരുടെ പ്രതിസന്ധികൾ ഝാർഖണ്ഡിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോ? അത് ആളുകൾക്കിടയിൽ ചർച്ച ആകുന്നുണ്ടോ? നിയമ നിർമ്മാതാക്കൾക്ക് ഇടയിൽ? പോളിസി നിർമ്മാതാക്കൾക്ക് ഇടയിൽ? ഇല്ല! അതുകൊണ്ട് ഈ പ്രതിഷേധങ്ങളിൽ പോലീസിന്റെ ക്രൂരതക്ക് ഇരയായി ആളുകൾ കൊല്ലപ്പെടുന്നു. പലരും സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. തങ്ങളുടെ ജീവിതങ്ങൾ വിട്ടുകൊടുക്കാൻ ജനങ്ങൾ തയ്യാറല്ല എന്ന് ഇതിൽ നിന്നും വ്യക്തമാണ്. സ്ത്രീകളിൽ ഈ പ്രതിസന്ധികൾ വലിയ ആഘാതം ഏൽപ്പിക്കുന്നു. അതുകൊണ്ട് അവരും പ്രതിഷേധങ്ങളിൽ കാര്യക്ഷമമായി പങ്കെടുക്കുന്നു. എന്നെ മാറ്റിപ്പാർപ്പിക്കുകയാണ് എന്ന് വിചാരിക്കുക. എൻ്റെ പ്രധാന കുടിവെള്ള സ്രോതസ്സ് വീട്ടുമുറ്റത്തെ കിണറാണ്. പക്ഷേ ഖനനം കാരണം ഞാൻ മാറ്റി പാർപ്പിക്കപ്പെട്ടു. പുതിയ സ്ഥലത്ത് കുടിവെള്ളമില്ല. വീട്ടിലെ സ്ത്രീകൾ ഇരുപതും മുപ്പതും കിലോമീറ്റർ അകലെ നിന്ന് വെള്ളം കണ്ടെത്തേണ്ടി വരുന്നു. ഇത് ഇന്ത്യ മുഴുവനും നിലനിൽക്കുന്ന ഒരു പ്രതിസന്ധി ആണ്. പരിസ്ഥിതി നശീകരണം ഏറ്റവും ബാധിക്കുക സ്ത്രീകളെയാണ്. ശുദ്ധജലം ആവട്ടെ, ഉപജീവനം ആവട്ടെ, അതിന് പല അടരുകളുണ്ട്. ഹസാരിബാഗിൽ മുപ്പത് ഏക്കറിൽ കൃഷി ചെയ്തിരുന്ന ഗോതമ്പ്, കമ്പനി ജെസിബി ഉപയോഗിച്ച് നശിപ്പിച്ചുകളഞ്ഞു. അവർക്ക് ആ ഭൂമി കയ്യേറണമായിരുന്നു. ആ ഗ്രാമത്തിലെ ആളുകൾ കരഞ്ഞു, നിലവിളിച്ചു, പ്രതിഷേധിച്ചു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. ആളുകൾ പ്രതിഷേധിച്ചുകൊണ്ടേയിരിക്കുന്നു, പക്ഷേ നടപടികൾ ഉണ്ടാവുന്നില്ല. ബഹുരാഷ്ട്ര കുത്തക കമ്പനികളിൽ നിന്ന് ആനുകൂല്യം പറ്റുന്നതിനാൽ സർക്കാർ നടപടി എടുക്കുന്നില്ല. പൗരസംഘടനങ്ങൾ പോലും അനുകൂലിക്കുന്നില്ല എങ്കിൽ എത്ര നാൾ പ്രതിഷേധം തുടരാനാകും? ഉള്ളതെല്ലാം എടുത്തു മാറ്റപ്പെടുകയാണ്. ഒരു കഥാപാത്രമായ സീതാമണി ചോദിക്കുന്നു, മറ്റിടങ്ങളിൽ നിങ്ങൾക്ക് വീട് കണ്ടെത്താനാകുമോ? ഒരു വീടും കുടുംബവും, കുഞ്ഞുങ്ങൾക്ക് വളരാൻ ഒരിടവും കെട്ടിപ്പടുക്കാൻ ആളുകൾക്ക് വർഷങ്ങൾ വേണ്ടി വരും. അവിടുന്ന് ഞങ്ങളെ പറഞ്ഞയച്ചാൽ ഞങ്ങൾ എങ്ങോട്ട് പോകും? ഞങ്ങൾ ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങേണ്ടി വരും. ഉത്തരവാദിത്വം സ്ത്രീകളുടെ ചുമലിലാണ്. കുടിയൊഴിപ്പിക്കലും പിന്നീടുള്ള ജീവിതവും എല്ലാവരെയും ഒരുപോലെ ബാധിക്കുന്നു എന്നല്ല, സ്ത്രീകളിൽ അത് കുറച്ചുകൂടി കഠിനമാണ്.

മൃദുല: കാലാവസ്ഥ വ്യതിയാനത്തെ പറ്റി സംസാരിക്കുമ്പോൾ അന്തരീക്ഷ താപനിലയെ കുറിച്ചുള്ള ചർച്ചകളാണ് കൂടുതൽ. പരിസ്ഥിതി നശീകരണം സംഭവിക്കുന്ന മേഖലകളെ പറ്റിയോ അവിടുത്തെ മനുഷ്യരെ പറ്റിയോ സംസാരങ്ങൾ കുറവാണ്. പാർപ്പിടം ഇല്ലാതാവലും അതിനെ തുടർന്നുള്ള നാശനഷ്ടങ്ങളും ചർച്ചയാവാറില്ല. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

ആസ്ത: കാലാവസ്ഥയെ കുറിച്ച് വ്യാകുലപ്പെടുന്ന നിയമ നിർമ്മാതാക്കളും മറ്റും അവനവൻ്റെ സുഖ സൗകര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ല എന്നത് എനിക്ക് തമാശ ആയാണ് തോന്നാറ്. “നമുക്ക് സുസ്ഥിരതയെപറ്റി സംസാരിക്കാം” എന്നാൽ സുസ്ഥിരത ഉറപ്പുവരുത്തുന്ന രീതിയിൽ എത്ര സമ്മേളനങ്ങൾ നടക്കാറുണ്ട്? എന്തുകൊണ്ടാണങ്ങനെ? എനിക്ക് സുഖങ്ങൾ വെടിയാൻ കഴിയില്ല, പക്ഷേ നിയമങ്ങൾ ഉണ്ടാക്കണം. ഈ നിയമങ്ങളൊക്കെ ഗ്രാമീണ ജനതയിൽ അടിച്ചേൽപ്പിക്കാൻ ഉള്ളതാണ്. “പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കൂ”, “സൈക്കിളിൽ സഞ്ചരിക്കൂ”. നിങ്ങൾ പ്രധാന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുക. കഴിഞ്ഞ പത്ത് വർഷത്തിൽ ഝാർഖണ്ഡിലെ താപനില വൻതോതിൽ ഉയർന്നു. 2022 ൽ 22 ജില്ലകൾ വരൾച്ച നേരിട്ടു. ഇതൊക്കെ ഗ്രാമങ്ങളെയാണ് ബാധിച്ചത്. ഖനനം മൂലം മഴയുടെ നിരക്ക് തന്നെ വ്യതിയാനപ്പെട്ടു. പക്ഷേ ആരും അത് അംഗീകരിക്കില്ല. ഗ്രാമങ്ങളെ മാത്രം ബാധിക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നു. കാലാവസ്ഥയെ കുറിച്ചും സുസ്ഥിരതയെ കുറിച്ചും സംസാരിക്കുകയായിരുന്നു എങ്കിൽ നിങ്ങൾ നിങ്ങളിൽ നിന്നുതന്നെ തുടങ്ങണം. ഛത്തീസ്ഗഢിലെ ഹസ്ദിയോ വനമോ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രമോ ആയിക്കോട്ടെ, പരിസ്ഥിതി സംരക്ഷണത്തിന് കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിന് പകരം വനമേഖലയുടെ വിസ്തൃതി കുറയ്ക്കാനാണ് നിയമ നിർമ്മാതാക്കൾ നോക്കുന്നത്.

ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

വിശാൽ രഞ്ജൻ: ഇന്ത്യയിലെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിൽ ഒന്നായ ജംഷഡ്പൂരിലാണ് എൻ്റെ സ്വദേശം. 2000ന് മുൻപ് ഝാർഖണ്ഡും ബീഹാറും ഒരേ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഗോത്ര വിഭാഗങ്ങളുടെ സ്വയം നിർണ്ണായകാവകാശത്തിനുള്ള ആഗ്രഹത്തിൽ നിന്നും ഉടലെടുത്തതാണ് ഝാർഖണ്ഡിനെ മറ്റൊരു സംസ്ഥാനം ആക്കാനുള്ള പ്രസ്ഥാനം. ഷിബു സോറെൻ, ജയ്പാൽ സിങ് മുണ്ട മുതലായ നേതാക്കൾ ജൽ, ജംഗൽ, സമീൻ (ജലം, വനം, ഭൂമി) എന്നിവയിൽ ഊന്നിയ ഒരു സ്വത്വത്തിനു വേണ്ടി വാദിച്ചു. തലമുറകളായി അവിടെ ജീവിക്കുന്ന ജനങ്ങൾക്ക് ഇത്തരം വിഭവങ്ങൾ ലഭ്യമാകും എന്ന് ഉറപ്പിക്കുന്നതായിരുന്നു ആ വാദങ്ങൾ. 2000ൽ ഝാർഖണ്ഡ് ഒരു സ്വതന്ത്ര സംസ്ഥാനമായി. വികസനങ്ങൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തും എന്ന വിശ്വാസത്തിൽ.

അന്നുമുതൽ വ്യാവസായിക മേഖലയിൽ, പ്രത്യേകിച്ചും ഖനന, നിർമ്മാണ മേഖലകളിൽ ഝാർഖണ്ഡിന് വലിയ ഉയർച്ച ഉണ്ടായി. ഈ വികസനം ജംഷഡ്പൂർ പോലെയുള്ള പട്ടണങ്ങളിൽ ആധുനികവത്കരണത്തിനും നഗരവത്കരണത്തിനും ഉതകുന്ന സാമ്പത്തിക അവസരങ്ങൾ ഉണ്ടാക്കി. എന്നാലും ഈ വളർച്ച പല വെല്ലുവിളികളും ഉയർത്തി. ഉദാഹരണത്തിന്, ജംഷഡ്പൂർ നഗരവത്കരിക്കപ്പെട്ടപ്പോൾ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്ള ആവശ്യം വർദ്ധിച്ചു. അത് നീതിയുക്തമായ ലഭ്യത, സുസ്ഥിരത എന്നീ കാര്യങ്ങളിൽ ആശങ്കയുയർത്തി. ഈ വിടവ് നികത്താൻ സ്വകാര്യ സംരംഭങ്ങൾ ഉടലെടുത്തു. അപ്പോഴും അടിസ്ഥാന വിഭവങ്ങൾ സൗകര്യപ്പെടുത്തുന്നതിൽ സ്റ്റേറ്റിനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉണ്ടായി.

ഗ്രാമീണ മേഖലയിൽ വ്യവസായങ്ങൾ വ്യാപകമാകുന്നത് പരമ്പരാഗത തൊഴിൽ വ്യവസ്ഥയെ ബാധിച്ചു. പല കർഷകരും വ്യാവസായിക തൊഴിലാളികളായി. അത് പുതിയ ജോലി സാധ്യതകൾ സൃഷ്ടിച്ചെങ്കിലും കാർഷിക മേഖലയെ തകിടം മറിച്ചു. സ്റ്റേറ്റ് പരിണമിക്കുമ്പോൾ വ്യാവസായിക വളർച്ചയെയും പരമ്പരാഗത ജീവിത രീതിയെയും സന്തുലിതമാക്കേണ്ടത് ഒരു പ്രാധാന ആവശ്യമാണ്. മറ്റൊരു പ്രധാന ആശങ്ക മനുഷ്യ- വന്യജീവി സംഘർഷത്തിൻ്റെ വർദ്ധനവാണ്. പ്രത്യേകിച്ചും ആനകളുടെ ആവാസവ്യവസ്ഥകളുള്ള ചാണ്ഡിൽ പോലെയുള്ള സ്ഥലങ്ങൾ. കഴിഞ്ഞ പതിറ്റാണ്ടിൽ ആവാസവ്യവസ്ഥയുടെ നഷ്ടവും വിഭവങ്ങളുടെ ദൗർലഭ്യവും ഈ പ്രശ്നങ്ങൾ തീവ്രമാക്കി. മനുഷ്യന്റെയും വന്യജീവികളുടെയും ക്ഷേമം ഉറപ്പാക്കുന്ന സുസ്ഥിര വികസനമാണ് വേണ്ടത്. പ്രത്യേകിച്ചും ഝാർഖണ്ഡ് പോലെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു സംസ്ഥാനത്ത്.

ഈ മാറ്റങ്ങളുടെ മറ്റൊരു വശം കുടിയേറ്റമാണ്. സ്ത്രീകളെയും പ്രായമുള്ളവരെയും ഗ്രാമങ്ങളിൽ വിട്ട് പുരുഷന്മാർ മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ തേടി പോകുന്നു. ഗ്രാമങ്ങളുടെ സംസ്കാരിക സാമൂഹിക തലത്തിൽ കുടിയേറ്റം വലിയ മാറ്റങ്ങൾ വരുത്തി. കുടിയേറ്റം എന്നാൽ ആളുകൾ സ്ഥലം ഒഴിഞ്ഞുപോകുന്നത് മാത്രമല്ല, ഭാഷ, പാരമ്പര്യം, സ്വത്വം എന്നിവയെയും അത് ബാധിക്കുന്നു. കൂടുതൽ ആളുകൾ പുറപ്പെടുമ്പോൾ ഗ്രാമം മാറുന്നു. സാംസ്കാരിക ശീലങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ എന്നിവ ദുർബലമാകുന്നു.

സമ്പന്നമായ ഒരു സാംസ്ക്കാരിക പൈതൃകം ഝാർഖണ്ഡിനുണ്ട്. സെരായ്കെലാ ചൗ എന്ന പൊയ്മുഖ നൃത്തം അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കപ്പെട്ട ഇന്ത്യൻ നൃത്തങ്ങളിൽ ഒന്നാണ്. ഇത്രയും ചരിത്ര പ്രാധാന്യം ഉണ്ടായിട്ടും ഝാർഖണ്ഡിൽ ഇത് പരിശീലിക്കുന്നവരുടെ എണ്ണം പുറത്ത് പരിശീലിക്കുന്നവരെക്കാൾ കുറവാണ്. പ്രാദേശികമായി ഇവ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയുണ്ട്. ഝാർഖണ്ഡിൻ്റെ വികസന ആഖ്യാനത്തിൽ ഇതും ഉണ്ടെന്ന് ഉറപ്പുവരുത്തണം.

വ്യവസായങ്ങൾ സാമ്പത്തിക വികസനത്തിൽ പങ്കുവഹിക്കുമ്പോൾ ഒരു സമഗ്രമായ വികസനത്തിന് സംസ്കാര സംരക്ഷണം, നീതിയുക്തമായ വിഭവ വിതരണം, സുസ്ഥിരത എന്നിവയാണ് വേണ്ടത്. എന്നാലേ ആധുനിക പുരോഗതിയെ പുൽകുമ്പോഴും ഝാർഖണ്ഡിൻ്റെ സ്ഥാപക ദർശനമായ ‘ജൽ ജംഗൽ സമീൻ’ എന്ന മുദ്രാവാക്യത്തോട് നീതി പുലർത്താൻ കഴിയൂ.

ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

ആസ്ത: റാറ്റാ സ്റ്റീൽ ഒരുപാട് ജീവിതങ്ങളെ തകർത്തു. അവർ ആളുകളുടെ വീടുകൾ നശിപ്പിച്ചു. ഇനി സൗകര്യങ്ങൾ ഒരുക്കാം എന്ന് പറയുന്നു. അതിലെന്താണ് കഥ? ഞങ്ങളുടെ തൊഴിലാളി ആകൂ, ഞങ്ങൾ വെള്ളം തരില്ല പകരം പ്രശ്നങ്ങൾ തരാം. എന്നിട്ട് ഞാൻ നിങ്ങളെ രക്ഷിക്കുകയും രാജാവാകുകയും ചെയ്യാം!

വിശാൽ രഞ്ജൻ: സ്റ്റേറ്റാണ് ഇതിലെ തൽപ്പരകക്ഷി. സ്റ്റേറ്റ് പ്രവർത്തനക്ഷമം അല്ലെങ്കിൽ സ്വകാര്യ കമ്പനികൾ എന്തെങ്കിലും വാഗ്ദാനവുമായി വരും. പിന്നീട് എല്ലാം അവരുടെ കൈകളിൽ ആകും. ഇക്കാര്യത്തിൽ സ്റ്റേറ്റ് പരാജയമാണ്. അവർക്ക് തലമുറകളായി ഇവിടെ ജീവിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ പ്രാദേശിക ഭാഷ പോലും അറിയില്ല. ഞാൻ ഗോത്രവർഗത്തിലെ അംഗം അല്ല. പക്ഷേ ചുറ്റിലും, സുഹൃത്തുക്കളുടെ ഇടയിലും ഒക്കെ സംഭവിക്കുന്നതിന് ഞാൻ സാക്ഷിയാണ്. അവർക്ക് നഷ്ടങ്ങൾ സംഭവിക്കുന്നു. അവരുടെ അഭിമാനം നഷ്ടപ്പെടുന്നു. അവർ നഗരവത്കരിക്കപ്പെടുന്നു. അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലെ ഹസ്ദിയോ വനമേഖല ഇല്ലാതെയായി. നമ്മുടെ ചില പാറക്കെട്ടുകൾ നിറഞ്ഞ പർവ്വതങ്ങളും അപ്രത്യക്ഷമാകുകയാണ്. പർവ്വതങ്ങൾ അപ്രത്യക്ഷമാകുന്നു എന്ന വാർത്തകളാണ് ബീഹാറിൽ നിന്നും ഝാർഖണ്ഡിൽ നിന്നും വരുന്നത്. ക്രഷറുകൾ പർവ്വതങ്ങൾ സ്വന്തമാക്കി. എങ്ങനെയാണ് ഒരാൾക്ക് പർവ്വതം സ്വന്തമാക്കാൻ കഴിയുന്നത്? ആളുകൾ പ്രതികരിക്കുന്നില്ല. അവർക്ക് അതിന് കഴിയുന്നില്ല. ഝാർഖണ്ഡിൽ ആളുകൾ മരണപ്പെടുന്നതിൻ്റെ കണക്ക് ഒരിക്കലും രേഖപ്പെടുത്തപ്പെടില്ല. ഒരു ഗ്രാമം മുഴുവൻ കൊല്ലപ്പെടാം, കുടിയൊഴിപ്പിക്കപ്പെടാം. ആരും അത് അറിയാൻ പോകുന്നില്ല.

ആസ്ത: ആരും അതേ പറ്റി സംസാരിക്കില്ല. കമ്യൂണിറ്റിയിൽ നിന്ന് വളരെ കുറച്ച് ആളുകൾ മാത്രമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ഒരു സവർണ സ്ത്രീയെ സംബന്ധിച്ചിടത്തോളം തൻ്റെ വീട്ടുജോലിക്കാരിയുടെ നാട്ടിൽ കുടിവെള്ള ക്ഷാമം ഉണ്ടെങ്കിൽ അവർക്കെന്താണ്? സ്റ്റേറ്റിലും കുറച്ച് പ്രാതിനിധ്യം മാത്രമാണുള്ളത്. ഉള്ള പ്രതിനിധികൾ തങ്ങളുടെ കർത്തവ്യം ജനസേവനം ആണെന്ന് മറന്ന പോകുന്നു. ഝാർഖണ്ഡിൻ്റെ അർത്ഥം വനഭൂമി എന്നാണ്. അവിടുത്തെ വനങ്ങളുടെ എണ്ണമാണ് ആ പേരിന് പിന്നിൽ. വരും വർഷങ്ങളിൽ വനങ്ങൾ ഇല്ലാതെയാകും, ആരും അതേപ്പറ്റി സംസാരിക്കില്ല. ആളുകളെ പുനരധിവസിപ്പിക്കും, സംരക്ഷിക്കും എന്നൊക്കെ പറയുന്നത് വെറുതെയാണ്. മാറ്റി പാർപ്പിച്ച ജനത കർഷകരായിരുന്നു, കന്നുകാലി മേയ്ക്കുന്നവരായിരുന്നു. ഗവേഷണത്തിനായി ഞാൻ പോയ ഒരു ഗ്രാമത്തിൽ പുതുതായി നിർമ്മിച്ചതും പെയ്ന്റിംഗ് കഴിഞ്ഞതുമായ ധാരാളം വീടുകൾ ഉണ്ടായിരുന്നു. അപ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്നു പറയും അത് വനഭൂമിയാണ് അവിടെ വീട് കെട്ടാൻ പാടില്ല. ഇപ്പോൾ അവരുടെ ഉപജീവന മാർഗ്ഗങ്ങളും മുടക്കി, ഒരു കോളനിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. നമ്മൾക്ക് വേണമെങ്കിൽ ഒരു കോളനിയിൽ ജീവിക്കാം. പക്ഷേ കൃഷിയും കന്നുകാലി വളർത്തലും ചെയ്യുന്നവർക്ക് എങ്ങനെ ജീവിക്കാനാകും? നിങ്ങളുടെ കോർപ്പറേഷനിലെ ഒരു തൊഴിലാളി ആയല്ലാതെ മറ്റെന്ത് ഉപജീവനമാർഗം ആണ് അവർക്ക് കൊടുക്കാൻ സാധിക്കുക? വികസനം എന്നാൽ നിങ്ങൾക്ക് എന്താണ്? കാട് വെട്ടിത്തെളിച്ച് കെട്ടിടം പണിയുന്നതാണ് നിങ്ങൾക്ക് വികസനം എങ്കിൽ അതിന്റെ പ്രയോജനം നിങ്ങളുടെ പോക്കറ്റിന് മാത്രമാണ്, അവിടുത്തെ ജനങ്ങൾക്കല്ല.

വിശാൽ രഞ്ജൻ: മരങ്ങൾക്ക് ജീവനുണ്ടെന്ന് നമ്മൾ പറയുന്നു. ഒരു കൈമരുതിനോ മഹാഗണിക്കോ ഒരു മരമായി മാറാൻ 13-14 വർഷമെടുക്കും. ഒരു ഗോത്ര വിഭാഗത്തെ കുടിയൊഴിപ്പിക്കുമ്പോൾ അവിടുത്തെ മരങ്ങളോടും ചോദിക്കണം അതിനെയും മാറ്റണോ എന്ന്. കാരണം ഒരു ആദിവാസിയുടെ ഉപജീവനമാർഗം ആ മരം ആയിരിക്കും. അതേപോലെ ഒരു പത്ത് മരങ്ങൾ ഉണ്ടെങ്കിൽ അയാൾക്ക് ജീവിക്കാനുള്ള വക ലഭിക്കും, ഇലകളോ കൊമ്പുകളോ കച്ചവടം ചെയ്താൽ. മഹാഗണിയും കൈമരുതും ഒക്കെ വിലപിടിപ്പുള്ള മരങ്ങളാണ്. ഒരാളെ കുടിയൊഴിപ്പിക്കുമ്പോൾ അയാൾ മാത്രമല്ല ആ സ്ഥലത്തിനുടമ. അവിടുത്തെ മരങ്ങൾ കൂടിയാണ്. മരങ്ങളോടും ചോദിക്കണം. ചില പ്രത്യേകതരം മരങ്ങൾ മാത്രമേ സമീപത്ത് വളരാൻ പാടുള്ളു. ഒരേ ഗോത്ര വർഗ്ഗത്തിൽ വ്യത്യസ്തമായ പ്രാർത്ഥന രീതികൾ ഉണ്ട്. മരങ്ങളാണ് അവരുടെ ദൈവങ്ങൾ.

ആസ്ത: ഉരിമാരിയിൽ CCL എന്ന കമ്പനി ഏറ്റെടുത്ത സ്ഥലത്ത്, കുറച്ചു ഭാഗം മരങ്ങളെന്ന പേരിൽ കുറ്റിച്ചെടികൾ നട്ടിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തെല്ലാം പച്ചപ്പ് നിലനിർത്തും എന്നു കാണിക്കാൻ. രണ്ടു വർഷത്തിൽ താഴെ സമയത്തിൽ വളർത്തിയെടുക്കാൻ പറ്റിയ ചെടികളാണ് അവ. കുറഞ്ഞ സമയത്തിനുള്ളിൽ അവ തെളിച്ചെടുക്കാനും കഴിയും. അതിന്റെ വേരുകൾ അധികം ആഴത്തിൽ പടരാറില്ല. നമ്മുടെ ടീം മേറ്റ് ദീപക് പറഞ്ഞു ആ പ്രദേശം മുഴുവൻ വനം ആയിരുന്നെന്ന്. അവിടം തെളിച്ച് ചെറിയ പ്ലാന്റേഷൻ നിർമിച്ചിരിക്കുകയാണ്, സർക്കാരിനെ കാണിക്കാൻ.

വിശാൽ രഞ്ജൻ: ഝാർഖണ്ഡിൻ്റെ ചില ഭാഗങ്ങളിൽ തീവ്രമായ കുടിവെള്ള ക്ഷാമമുണ്ട്. ചെടികൾ ജലനിരപ്പ് സംരക്ഷിക്കും. എത്രത്തോളം മരങ്ങൾ വെട്ടുന്നുവോ അത്രയും ജലം നഷ്ടപ്പെടും. ജംഷഡ്പൂരിലെ എൻ്റെ സ്ഥലത്ത് 150-160 അടിയിലാണ് ജലനിരപ്പ്. മുമ്പ് അവിടൊരു ജല വിതരണ പദ്ധതി ഉണ്ടായിരുന്നു. ആളുകൾ കുഴൽ കിണറുകൾ കുഴിച്ചതോടെ വെള്ളം ഇല്ലാതെയായി. വെള്ളത്തിന് വേണ്ടി 200 അടി കുഴിക്കേണ്ടി വരുന്നു.

ആസ്ത: ഫിലിമിൽ ഇതേക്കുറിച്ചും പറയുന്നുണ്ട്. കുഴൽ കിണർ താല്ക്കാലിക പരിഹാരം ആണ്. അത് ജലനിരപ്പ് നികത്തില്ല, ശോഷിപ്പിക്കുകയേ ഉള്ളു.

വിശാൽ രഞ്ജൻ: ഖനനം മൂലവും ഭൂഗർഭ ജലനിരപ്പ് താഴും. വെള്ളം നശിക്കും. ജനങ്ങൾക്ക് വെള്ളം വിതരണം ചെയ്യാൻ മറ്റ് മാർഗങ്ങൾ കണ്ടെത്തണം. പ്രവർത്തിക്കാത്ത ഒരുപാട് ഹാൻഡ് പമ്പുകൾ അവിടെ കാണാം. കുഴൽ കിണറിന് ഒരുപാട് പേപ്പർവർക്ക് ആവശ്യമാണ്. ആളുകൾ മലിനജലം കുടിക്കേണ്ടി വരും. ഖലാരി പോലെയുള്ള സ്ഥലങ്ങളിൽ ആശുപത്രികൾ പോലുമില്ല. വൈദ്യസഹായത്തിന് അടുത്തുള്ള പട്ടണങ്ങളിൽ പോകേണ്ടി വരും. കമ്പനിയുടെ തൊഴിലാളി ആണെങ്കിൽ മാത്രമാണ് ഇത്തരം സൗകര്യങ്ങൾ.

ആസ്ത: ഫിലിമിലെ ആ ഹാൻഡ്പമ്പ് ഓർക്കുന്നോ? ആ പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരേയൊരു ഹാൻഡ് പമ്പാണത്. അവിടെയാണ് മീറ്റിംഗുകൾ നടക്കുന്നത്. പല വീടുകളിലും ആളുകൾ മറ്റ് ഹാൻഡ് പമ്പുകൾ സ്ഥാപിച്ചാലും അവർക്കത് ഉപയോഗിക്കാൻ കഴിയില്ല. 30-50 വീടുകൾക്ക് ഒരേയൊരു ഹാൻഡ് പമ്പാണ് ഉള്ളത്. അവസ്ഥ വളരെ ഭീതിദമാണ്. 2023 മെയ് മാസത്തിലാണ് നമ്മൾ ചിത്രീകരണം നടത്തിയത്. മെയ് മാസത്തിലെ ചൂട് അതിഭീകരമാണ്. രാവിലെ ആറുമണി മുതൽ വെള്ളത്തിനായി പമ്പിനു മുന്നിൽ ക്യൂ ആണ്. ആളുകൾ അവരുടെ ദിനചര്യകൾ അവിടെ നിന്നാണ് ചെയ്യുന്നത്. ഒരു മറവുമില്ലാതെ. വീടുകളിൽ വെള്ളമില്ലാത്തതിനാൽ അവർ ആ പമ്പ് ഉപയോഗിക്കുന്നു.

നമ്മുടെ ഡോക്യുമെന്ററി ക്ര്യൂവില്‍ ബഹുജന്‍ വ്യക്തികള്‍ മാത്രമാണ് ഉള്ളത്. സവര്‍ണ ലെന്‍സ് ഇതില്‍ ഉണ്ടായിരിക്കുകയില്ല എന്നത് ഞാന്‍ ഉറപ്പാക്കിയിരുന്നു. സവര്‍ണരുടെ നോട്ട (gaze) ത്തില്‍ വ്യത്യാസമുണ്ടാകും. എന്റെ ഫിലിമിന്റെ അടിസ്ഥാനം സഹതാപമായിരിക്കരുത്. അനുതാപത്തിന്റെ ലെന്‍സ് ആണ് നമുക്ക് വേണ്ടത്. അവര്‍ക്ക് നമ്മുടെ സഹതാപം ആവശ്യമുണ്ടെന്ന് നിങ്ങളെന്തിനാണ് കരുതുന്നത്? നമുക്കും സമരങ്ങളുണ്ട്, പക്ഷേ അവരുടെയത്രയും നമുക്ക് സമരം ചെയ്യേണ്ടിവരുന്നില്ല. അത്രയും പ്രതിരോധം ഉള്ളിലുള്ളതുകൊണ്ട് അവര്‍ അതിനെതിരെ പോരാടുന്നുണ്ട്. ഇന്റര്‍നെറ്റില്‍, ചില യൂറ്റ്യൂബ് വീഡിയോകള്‍ കാണാറുണ്ട് ഇപ്പോള്‍, ‘ആദിവാസിക്കൊപ്പം ഒരു ദിവസം’, അങ്ങനെയൊക്കെയുള്ള ക്ലിക്‌ബെയ്റ്റ് തലക്കെട്ടുകള്‍. വംശീയതയാണ് അത്. ആദിവാസി ജനതയ്‌ക്കെതിരെയുള്ള വംശീയത. സാമൂഹ്യമാധ്യമങ്ങളില്‍ ആളുകള്‍ അവരുടെ നിലനിൽപ്പിനെ തന്നെ തള്ളിപ്പറയുന്ന അന്തരീക്ഷമാണ് നിലവില്‍. അവര്‍ മനുഷ്യര്‍ തന്നെയാണ്.

വിശാല്‍ രഞ്ജന്‍: ഞാനൊരു ഫിലിം സ്‌കൂളിലാണ് പഠിച്ചത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെല്ലാം എനിക്ക് കൂട്ടുകാരുണ്ട്. ആദിവാസിജനതയെയോ മറ്റു ചില സമുദായങ്ങളെയോ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശരിയായി ചിത്രീകരിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നാറുണ്ട്. ഉത്തരേന്ത്യയില്‍ ഇവരെല്ലാം സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത് വളരെ വേറിട്ട രീതിയിലാണ്, വേറിട്ടൊരു നോട്ടമാണത്, അതൊരു പ്രശ്‌നം തന്നെയാണ്. ഞാന്‍ സ്‌കൂളിലായിരുന്നപ്പോള്‍ നമ്മള്‍ വെള്ളമെടുത്തിരുന്നത് പബ്ലിക് വാട്ടര്‍ സിസ്റ്റത്തിലൂടെയാണ്. ഞാന്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. രാവിലെ ആറുമണിക്ക് ക്രിക്കറ്റ് പരിശീലിക്കാന്‍ പോകണമെങ്കില്‍ അമ്മ എന്നെ നാല് മണിക്ക് എഴുന്നേല്‍പിക്കും. സ്‌കൂള്‍ പഠന കാലത്ത് എനിക്കുണ്ടായിരുന്ന സ്വപ്നങ്ങള്‍ എങ്ങനെയുള്ളതാണെന്നോ? എല്ലാ ദിവസവും 24 മണിക്കൂറും വെള്ളം കിട്ടുന്ന ഒരു വീട് അല്ലെങ്കില്‍ ഞാനൊരു വാട്ടര്‍ ടാങ്കര്‍ വാങ്ങിക്കും. അങ്ങനെയുള്ള സ്വപ്നങ്ങളായിരുന്നു എന്റേത്. വെള്ളത്തിന് വേണ്ടി പോയി ക്യൂവില്‍ നില്‍ക്കുവാന്‍ എനിക്ക് ഇഷ്ടമേയല്ലായിരുന്നു. പിന്നീട് നമ്മള്‍ കുഴല്‍ക്കിണര്‍ ഉപയോഗിച്ച് വെള്ളമെടുത്തുവെങ്കിലും നമുക്ക് ഇപ്പോഴും വെള്ളത്തിന്റെ പ്രശ്‌നമുണ്ട്. എന്റെ രക്ഷിതാക്കള്‍ ഗ്രാമത്തിലേക്ക് തിരിച്ച് കുടിയേറി. നമ്മള്‍ ബോറിങ് സംവിധാനത്തെയാണ് വെള്ളത്തിനായി ആശ്രയിച്ചത്, പിന്നീട് സര്‍ക്കാര്‍ ലഭ്യമാക്കുന്ന ജലവിതരണ പദ്ധതിയെ. പക്ഷേ അത് സ്ഥിരമായി കിട്ടിയിരുന്നില്ല. നമുക്കെപ്പോഴും പേടിയായിരുന്നു, ഇന്ന് വെള്ളം കിട്ടിയാലും നാളെ വെള്ളം കിട്ടുമോ എന്നതിന് ഒരു ഉറപ്പുമില്ല. പക്ഷേ നമ്മള്‍ ജീവിച്ചത്, വെള്ളമില്ലെങ്കില്‍ കമ്മ്യൂണിറ്റിയിൽ നിന്ന് തന്നെ ഉള്ളവര്‍ പങ്കുവെച്ച് സഹായിച്ചുകൊണ്ടായിരുന്നു. ബോര്‍വെല്‍ ഉപയോഗിച്ചാണെങ്കിലും അഞ്ചാറ് വര്‍ഷത്തോളം നന്നായി മുന്നോട്ടുപോയി. കുറേപ്പേര്‍ സര്‍ക്കാര്‍ ജലവിതരണത്തിൽ നിന്ന് വെള്ളമെടുക്കുന്നത് നിര്‍ത്തിയിരുന്നു. ഇതേയാളുകള്‍ ബോര്‍വെല്ലില്‍ നിന്നും വെള്ളം കിട്ടാതായതോടെ സര്‍ക്കാര്‍ പദ്ധതിയിലേക്ക് തന്നെ മടങ്ങി. രാവിലെ ആറുമണിക്ക് ഉണര്‍ന്നാലാണ് വെള്ളം കിട്ടുക.

ഡോക്യുമെന്ററി ചിത്രീകരണം

ആസ്ത: ആ സമയത്ത് നമ്മള്‍ ഷൂട്ടിങ്ങിലായിരുന്നു. നമ്മള്‍ അഞ്ചുപേരും ജംഷദ്പൂരിലെ വിശാലിന്റെ വീട്ടിലാണ് താമസിച്ചത്. സിറ്റിയില്‍നിന്നും കുറേ ദൂരെയുള്ള പോഡ്ക എന്ന ഗ്രാമത്തില്‍ നിന്നും ഒരു സ്ത്രീ നമ്മളെ അവരുടെ വീട്ടിലേക്ക് വിളിച്ചു, അവിടെയാണ് മൂന്നു നാലു ദിവസം ഞങ്ങള്‍ താമസിച്ചത്.

വിശാല്‍ രഞ്ജന്‍: ഒന്നുകൂടി ഉറങ്ങണം എന്ന് തോന്നിയാല്‍ അന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരും. സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ ഞാന്‍ കൃഷിയിടങ്ങള്‍ കാണാറുണ്ട്. ഇരുപതടി താഴ്ചയില്‍ ബിഹാറില്‍ വെള്ളം കിട്ടും. ഝാര്‍ഖണ്ഡില്‍ 150 അടിയിലും നമുക്ക് വെള്ളം കിട്ടുന്നില്ല. ഝാര്‍ഖണ്ഡിലെ ഗ്രാമീണമേഖലയില്‍ പല കാരണങ്ങള്‍ കൊണ്ട് ജലലഭ്യത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവരുടെ നീരുറവുകളെല്ലാം വറ്റിപ്പോയിട്ടുണ്ട്. തടാകമായാലും കുളം ആയാലും അവിടത്തെ അവസ്ഥ വളരെ മോശമാണ്. വരള്‍ച്ചയുള്ളപ്പോള്‍ അവര്‍ കൃഷി തന്നെ ഉപേക്ഷിക്കുന്നു. അവരുടെ ഉപജീവനം ഭീഷണിയിലാണ്.

ഝാര്‍ഖണ്ഡിലെ നെല്‍കൃഷിക്കാലം മഴയെ ആശ്രയിച്ചുള്ളതാണ്. അവിടെയും ഇവിടെയുമായി കുറച്ചു മഴ പെയ്യും. ഇത് നെല്ലുല്‍പാദനത്തെ ബാധിക്കും. പുഴയില്‍ വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യും? വളരെ പ്രിവിലേജ്ഡ് ആയവര്‍ക്ക് കൃഷിയിടങ്ങളില്‍ കുഴല്‍ക്കിണര്‍ ഉണ്ടാകും. ഝാര്‍ഖണ്ഡ് മലകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ചില പ്രദേശങ്ങള്‍ പാറ നിറഞ്ഞതാണ്. മഴയുണ്ടെങ്കില്‍ തന്നെ മഴവെള്ളം ഒഴുകിപ്പോകും. അവിടെയും ജലക്ഷാമ പ്രശ്‌നമുണ്ട്. ജലം എങ്ങനെ സംഭരിക്കും എന്നതിനെക്കുറിച്ച് അവിടെയുള്ളവര്‍ക്ക് അറിയില്ല. ഉറിമാരിയില്‍ അവര്‍ ഡ്രിപ് ഇറിഗേഷന്‍ ചെയ്യുന്നു, സ്മാര്‍ട്ട് ആയ വഴികള്‍ കണ്ടെത്തുകയാണ് ആളുകള്‍ കൃഷിചെയ്യുന്നതിനായി. കൂടുതൽ വെള്ളം സംഭരിക്കാൻ കഴിയുന്നതരത്തിൽ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന രീതിയും അവർ തുടങ്ങിയിട്ടുണ്ട്, പക്ഷേ ഇത് ഝാർഖണ്ഡിലെമ്പാടും ആ രീതിയിൽ പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. ഒരു കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ ഒന്നര ലക്ഷത്തോളം രൂപ ചെലവാകും, എന്നാല്‍ കുഴിച്ചു കഴിഞ്ഞാല്‍ വെള്ളം കിട്ടണമെന്ന് ഉറപ്പൊന്നുമില്ല.

ആസ്ത: വനത്തില്‍നിന്നും നിരവധി വിഭവങ്ങള്‍ കിട്ടും, പക്ഷേ ആദിവാസി ജനതയ്ക്ക് അത് ഉപയോഗിക്കാന്‍ ആവശ്യമായ വഴികളില്ല. വലിയൊരു വിഭാഗം ആദിവാസി ജനത ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരല്ല. ഝാര്‍ഖണ്ഡില്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കാത്ത പലയിടങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ അടയാളപ്പെടുത്താത്ത ഒരു ജനതയുടെ ആശങ്കകള്‍ നമ്മളിലേക്ക് എത്തുകയില്ല. ഝാര്‍ഖണ്ഡിലെ പ്രശ്‌നങ്ങള്‍ പ്രധാനവാര്‍ത്തകളാകുന്നില്ല. എത്ര ആളുകള്‍ മരിക്കുന്നു എന്നതായിരിക്കും പ്രധാനം, അതനുസരിച്ച് വാര്‍ത്തയുടെ പ്രാധാന്യം നിശ്ചയിക്കപ്പെടുന്നു. യൂറ്റ്യൂബിലേക്കുള്ള കണ്ടന്റ് ആയി ആദിവാസി ജനതയെ മനസ്സിലാക്കുന്നതിന്റെ പ്രശ്‌നമാണിത്, ‘a day with tribal people’ അല്ലെങ്കില്‍ ‘eating tribal food’ എന്നിങ്ങനെയുള്ള വംശീയത നിറഞ്ഞ തലക്കെട്ടുകള്‍ യൂറ്റ്യൂബില്‍ കാണാം.

വിശാല്‍ രഞ്ജന്‍: ഒരു ആദിവാസി സംസ്ഥാനത്ത് ആദിവാസിയല്ലാത്ത ഒരു വ്യക്തിയാണ് അധികാര സ്ഥാനത്തിരിക്കുന്നത്. ആദിവാസി വ്യക്തികളൊന്നും പ്രാതിനിധ്യം നേടുന്നില്ല. സിനിമയിലും അവര്‍ പ്രാതിനിധ്യം നേടുന്നില്ല. സിനിമയിലും ആദിവാസികള്‍ക്ക് പ്രാതിനിധ്യമില്ല. ഝാര്‍ഖണ്ഡ് സംസ്ഥാനവും സിനിമയ്ക്ക് പിന്തുണ നല്‍കുന്നില്ല. അപ്പോള്‍ എങ്ങനെയാണ് അവരുടെ കഥകള്‍ ആളുകള്‍ അറിയുക? വളരെ മിനിമല്‍ ആയി നിര്‍മ്മിക്കപ്പെടുന്ന ഡോക്യുമെന്ററികള്‍ മാത്രമാണ് പുറത്തുവരുന്നത്.

ആസ്ത: ഈ ഡോക്യുമെന്ററികള്‍ എല്ലാം ആദിവാസി ജനത നേരിടുന്ന വയലന്‍സിനെ കുറിച്ചുള്ളതാണ്.

ആര്‍ട്ടിസ്റ്റുകളെ പിന്തുണയ്ക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ ആര്‍ട്ടിസ്റ്റുകളുടെ മൈഗ്രേഷന്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. സംസ്ഥാനത്ത് കലാപ്രവര്‍ത്തനത്തിനുള്ള സാധ്യതകള്‍ ഇല്ലാതെയാകുമ്പോളാണ് അവര്‍ക്ക് മറ്റിടങ്ങളിലേക്ക് കുടിയേറേണ്ടിവരുന്നത്.

‘ലഡായ് ഛോഡബ് നഹി’ പോസ്റ്റർ

വിശാല്‍ രഞ്ജന്‍: ഈ ഡോക്യുമെന്ററി ഝാര്‍ഖണ്ഡില്‍ എപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന് നമുക്കറിയില്ല. നമ്മള്‍ ആര്‍ക്കുവേണ്ടിയാണോ ഈ സിനിമ നിര്‍മ്മിച്ചത്, അവര്‍ക്കു വേണ്ടി സ്‌ക്രീന്‍ ചെയ്യുകയാണെങ്കില്‍ അത് ഝാര്‍ഖണ്ഡില്‍ തന്നെയാണ്. ഈ കഥ പറയേണ്ടത് ഝാര്‍ഖണ്ഡില്‍ തന്നെയാണ്. ഈ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നൊരു ഫെസ്റ്റിവല്‍ നമുക്ക് നടത്താനാകുമോ എന്നൊന്നും അറിയില്ല. അതുകൊണ്ട് പ്രൈവറ്റ് സ്‌ക്രീനിങ് നടത്തേണ്ടിവരും. പ്രൈവറ്റ് സ്‌ക്രീനിങ് ഒരിക്കലും ഒരു കൂട്ടായ്മയെ പ്രതിനിധീകരിക്കുന്ന സ്‌ക്രീനിങ് ആവില്ല, അതില്‍ കമ്മ്യൂണിറ്റി അനുഭവം ഉണ്ടാകുകയില്ല. സിനിമയുടെ ആശയം തന്നെ ഒരു കൂട്ടായ കാഴ്ചാനുഭവം ആളുകള്‍ക്ക് ഉണ്ടാകുക എന്നത് തന്നെയാണ്, ആളുകള്‍ക്ക് അതിനെ കുറിച്ച് കൂട്ടമായി ചിന്തിക്കാന്‍ കഴിയും എന്നതുകൊണ്ട്. ‘ഇന്‍ സേര്‍ച്ച് ഓഫ് അജാന്ത്രിക്’ സംവിധാനം ചെയ്ത മേഘ്‌നാഥിന്റെ സിനിമകളെല്ലാം ഝാര്‍ഖണ്ഡിനെ കുറിച്ചും കുടിയൊഴിപ്പിക്കലിനെ കുറിച്ചും കുടിയേറ്റത്തെ കുറിച്ചുമുള്ളതാണ്- ഇവരെല്ലാം ഡോക്യുമെന്ററി സംവിധായകരാണ്. ഇവര്‍ ജീവിതകാലം മുഴുവനും ചെയ്തത് ഡോക്യുമെന്ററി സിനിമകള്‍ സംവിധാനം ചെയ്യുകയാണ്. ഇപ്പോഴും അവരുടെ സിനിമകള്‍ സംസ്ഥാനത്ത് സ്‌ക്രീന്‍ ചെയ്യപ്പെടുന്നില്ല, അവരും പ്രൈവറ്റ് സ്‌ക്രീനിങ്ങുകളാണ് നടത്തുന്നത്.

ആസ്ത: അതുകാരണമാണ് അവര്‍ സിനിമകള്‍ ഝാര്‍ഖണ്ഡിന്റെ ഗ്രാമപ്രദേശങ്ങളില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിക്കുന്നത്.

വിശാല്‍ രഞ്ജന്‍: പക്ഷേ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഝാര്‍ഖണ്ഡിനെ പ്രതിനിധീകരിക്കുന്ന സിനിമകള്‍ വേണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ സിനിമകള്‍ക്ക് വേണ്ടി ആളുകളോട് യാചിക്കുന്നത് കാണാം. പക്ഷേ സിനിമ നിർമ്മിക്കാനുള്ള മൂലധനം നല്‍കാന്‍ അവര്‍ തയ്യാറല്ല. ആഗസ്റ്റ് ഒമ്പത് അന്താരാഷ്ട്ര ആദിവാസി ദിവസമാണ്. സര്‍ക്കാര്‍ അന്ന് ഒരു വലിയ പരിപാടി സംഘടിപ്പിക്കാറുണ്ട്. വലിയൊരു മേള പോലെയാണ് ഇത് നടക്കുന്നത്, ആദിവാസി ജനതയെ ഷോകേസ് ചെയ്യുന്ന ഫാഷന്‍ വാക്ക് നടത്തും, സിനിമകള്‍ പ്രദര്‍ശിപ്പിക്കും, രണ്ട് ദിവസത്തെ പരിപാടിയായി ആണ് ഇത് നടക്കുന്നത്. ഇതും നടത്തുന്നത് ഒരു പ്രത്യേക ഗ്രൂപ്പ് തന്നെയാണ്, അതില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാതിനിധ്യവും ഇല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഝാര്‍ഖണ്ഡിലെയും ബിഹാറിലെയും ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നത് അതിലെ കഥാപാത്രങ്ങള്‍ കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന തരത്തിലുള്ളവരായതുകൊണ്ടാണ്. അവരുടെ തൊലിനിറത്തോടും ഭാഷയോടുമെല്ലാം ഇവിടെയുള്ളവര്‍ക്ക് അടുപ്പവും തോന്നുന്നുണ്ട്.

ആസ്ത: കഥകളുമായും ബന്ധം തോന്നുന്നുണ്ട്.

വിശാല്‍ രഞ്ജന്‍: ഞാന്‍ ധനുഷിന്റെ ഒരു സിനിമ കണ്ടത് ഓര്‍ക്കുന്നുണ്ട്, ഡബ്ബ്ഡ് വേര്‍ഷന്‍ ആയിരുന്നു- അത് കണ്ടപ്പോള്‍ ഞാനോര്‍ത്തത് ധനുഷിന്റെ നിറം എന്റെ അനിയന്റെ നിറവും സമാനമാണ്. ഇപ്പോള്‍ ഓടിടി ഉള്ളതുകൊണ്ട് എന്റെ നാട്ടുകാര്‍ ഈ ദക്ഷിണേന്ത്യന്‍ സിനിമകള്‍ കണ്ടുതുടങ്ങി. ബിഹാറിലോ ജാര്‍ഖണ്ഡിലോ പോയാല്‍ അവര്‍ക്ക് ചിലപ്പോള്‍ ഒരു ഹിന്ദി താരത്തെ അറിയണമെന്നില്ല, പക്ഷേ അവര്‍ക്ക് ദക്ഷിണേന്ത്യന്‍ താരങ്ങളെ അറിയാം. വിജയ് സേതുപതിക്കും ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കും ആരാധകരുണ്ട്. വിജയ് ദേവരകൊണ്ട പാട്‌നയില്‍ ഒരു സ്‌ക്രീനിങ്ങിന് വന്നപ്പോള്‍ വലിയൊരു ഫാന്‍ ബേസ് തനിക്ക് ബിഹാറിലുണ്ടെന്ന് മനസ്സിലാക്കി. സത്യജിത് റായ് ചെയ്തത് എന്താണെന്ന് പറയാം. റായ് ഝാര്‍ഖണ്ഡ് ജനതയുടെ ഇമേജ് നശിപ്പിച്ചതെങ്ങനെ എന്ന് പറയാം. ഝാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തിലേക്ക് വരുന്ന മൂന്ന് ആണ്‍കുട്ടികളുടെ കഥ പറയുന്ന ‘അരണ്യേര്‍ ദിന്‍ രാത്രി’ എന്ന സിനിമയില്‍ അവര്‍ മിസ് ഇന്ത്യ സിമി ഗരേവാളിനെയാണ് കാസ്റ്റ് ചെയ്തത്, കറുത്ത നിറത്തിലുള്ള മേക്കപ്പ് അണിയിച്ച്. മദ്യപിച്ച് നൃത്തം ചെയ്യുന്ന ഝാര്‍ഖണ്ഡിലെ ഒരു ആദിവാസി സ്ത്രീയുടേതാണ് അവരുടെ റോള്‍. സത്യജിത് റേയുടെ സിനിമകളേക്കാള്‍ ഋത്വിക് ഘട്ടകിന്റെ സിനിമകളോടാണ് നമുക്ക് അടുപ്പം തോന്നുക, കാരണം ഘട്ടക് ആദിവാസി ജനതയെ ചിത്രീകരിച്ചിരിക്കുന്നത് അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ്. റേ വരുന്നത് വളരെ പ്രബലമായൊരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ്.

‘അരണ്യേര്‍ ദിന്‍ രാത്രി’ പോസ്റ്റർ

ആസ്ത: സവര്‍ണ സ്വത്വമുള്ള ഒരു ഫിലിം മേക്കറും ദലിത് സ്വത്വമുള്ള ഒരു ഫിലിം മേക്കറും സൂക്ഷിക്കുന്ന ഫ്രെയ്മുകളും നോട്ടങ്ങളും വളരെ വ്യത്യസ്തമായിരിക്കും.

വിശാല്‍ രഞ്ജന്‍: എന്റെ ഒരു സവര്‍ണ സുഹൃത്തും ഞാനും കുടിവെള്ള പ്രശ്‌നത്തെ നോക്കിക്കാണുന്നത് രണ്ട് രീതിയിലായിരിക്കും. എന്നെ സംബന്ധിച്ച് അതൊരു പേടിസ്വപ്‌നമാണ്. ഞാനതിനെ കാണുന്നത് വേറെ രീതിയിലാണ്. എന്റെ കഥ ഞാന്‍ പറയുക എന്റേതായ രീതിയിലായിരിക്കും. അങ്ങനെയുണ്ടാകില്ല എന്ന സാമാന്യവൽക്കരണ ആശയത്തോട് ഞാൻ ഒരിക്കലും യോജിക്കില്ല.

ആസ്ത: ഝാര്‍ഖണ്ഡില്‍വെച്ച് ചിത്രീകരിച്ച ജൊറാം എന്ന സിനിമയില്‍ ആദിവാസി ജനതയെ ചിത്രീകരിച്ചതെങ്ങനെ എന്നു നോക്കണം. ഝാര്‍ഖണ്ഡിലെ ആദിവാസി ജനതയുടെ വേഷം അതില്‍ കാണിക്കുന്നതുപോലെയല്ല, അവര്‍ സംസാരിക്കുന്നതും അങ്ങനെയല്ല.

വിശാല്‍ രഞ്ജന്‍: മനോജ് വാജ്‌പേയ് അഭിനയിച്ച ഈ സിനിമയെ പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നല്ല സിനിമയായി തോന്നാം. പക്ഷേ ഝാര്‍ഖണ്ഡില്‍ ഉള്ളവരാരും ഈ സിനിമയെ ആഘോഷിക്കുകയില്ല. ഖനനവുമായി ബന്ധപ്പെട്ടുള്ള വലിയ പ്രശ്‌നങ്ങളെ ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ പ്രാതിനിധ്യം ആണ് പ്രശ്‌നം. ഈ സിനിമ ഝാര്‍ഖണ്ഡിനെ എങ്ങനെയാണോ അങ്ങനെയല്ല കാണിക്കുന്നത്.

‘ലഡായ് ഛോഡബ് നഹി’ ട്രെയ്ലർ

ആസ്ത: മുസ്ലീം ജനതയെ എങ്ങനെയാണ് സിനിമയില്‍ കാണിക്കുന്നത്? ഒരു മുസ്ലീമിനെ സിനിമയില്‍ കാണിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ആസാന്‍ കൊണ്ടുവരും. കഥാപാത്രത്തെക്കൊണ്ട് പതിനേഴു തവണ അസ്സലാമു അലൈക്കും പറയിപ്പിക്കും. യഥാര്‍ത്ഥത്തില്‍ അങ്ങനെയാണോ മുസ്ലീം വ്യക്തികള്‍? അല്ല. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്ന സിനിമകളില്‍ സൗത്ത് ഇന്ത്യന്‍ കഥാപാത്രങ്ങളായി ഉണ്ടെങ്കില്‍ അവര്‍ ഭോജ്പൂരി ഭാഷയിലായിരിക്കും സംസാരിക്കുന്നത്, അല്ലെങ്കില്‍ ബിഹാറിലെ ഭാഷ. ഈ സ്റ്റീരിയോടൈപ്പ് തുടരുകയാണ്. ഞാന്‍ ഇതിലും നല്ല പ്രതിനിധാനങ്ങള്‍ പ്രതീക്ഷിക്കുന്നു. വിശാഖപട്ടണത്താണ് എന്റെ സഹോദരന്‍ പഠിച്ചത്. അവിടെയുള്ളവര്‍ക്ക് ബിഹാറിലെ ആളുകളെക്കുറിച്ചുള്ള ഇമേജ് അവരെപ്പോഴും തോക്ക് ഉപയോഗിക്കുന്നവരും അക്രമകാരികളായവരുമാണ് എന്നാണ്. എന്നാല്‍ എന്റെ സഹോദരന്‍ ഒരു ഇന്‍ട്രോവെര്‍ട്ട് ആണ്. എന്റെ ഒരു മുസ്ലീം സുഹൃത്ത് വെജിറ്റേറിയനാണ്, ഇത് കേട്ടാല്‍ എല്ലാവരും ഞെട്ടും. എനിക്കത് ഇഷ്ടപ്പെടാറില്ല.

അങ്ങനെയുള്ള എന്തൊക്കെ മുന്‍വിധികള്‍! എത്രയധികം സിനിമാ സംവിധായകരുണ്ട്, ഇരുപതും മുപ്പതും വര്‍ഷങ്ങളോളം സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നവര്‍. പക്ഷേ ഈ ഡോക്യുമെന്ററി സിനിമകളില്‍ സ്ത്രീകളെ എങ്ങനെയാണ് പ്രതിനിധീകരിച്ചിരിക്കുന്നത്? എത്ര സിനിമകള്‍ നിങ്ങള്‍ സ്ത്രീകളുടെ സഹനത്തെക്കുറിച്ച് നിർമ്മിച്ചിട്ടുണ്ട്? കാരണം നിങ്ങളുടെ ക്ര്യൂവില്‍ സ്ത്രീകള്‍ ഉണ്ടായിരിക്കില്ല. ഒരിക്കലും സ്ത്രീകളുടെ സമരങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുകയില്ല. സ്ത്രീകളുടെ അധ്വാനം ഒരിക്കലും രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നില്ല. ആദിവാസി സ്ത്രീകളെയും അടിച്ചമർത്തൽ നേരിടുന്ന ജാതികളിൽനിന്നുള്ള സ്ത്രീകളെയും കുറിച്ച് സംസാരിക്കുന്നു എന്ന് നിങ്ങളൊരിക്കലും ഉറപ്പാക്കുകയും ചെയ്യാറില്ല. എപ്പോഴും കരയുന്നവരും അശക്തരായവരുമായി നിങ്ങള്‍ സ്ത്രീകളെ ചിത്രീകരിക്കുന്നു. ഒരിക്കലും ഒരു പുരുഷനെ കാണിക്കുന്നതുപോലെ ശക്തമായി സ്ത്രീകളെ കാണിക്കാറില്ല.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഝാര്‍ഖണ്ഡില്‍ ഒരു ഡോക്യുമെന്ററി സംവിധായിക വേറെയില്ല. ആസ്ത അല്ലാതെ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്ന സ്ത്രീകളെ എനിക്കറിയില്ല, കൂടുതല്‍പേര്‍ ഉണ്ടോ എന്നറിയാന്‍ ഇനിയും അവിടെ ചെന്ന് അന്വേഷിക്കണം. ഫിക്ഷനില്‍ ആണെങ്കിലും നോണ്‍ ഫിക്ഷനില്‍ ആണെങ്കിലും അവിടെനിന്ന് സ്ത്രീ സംവിധായകരില്ല. ഒരുപാട് യാത്ര ചെയ്യുന്ന ഒരു സിനിമാറ്റോഗ്രാഫര്‍ സുഹൃത്ത് എനിക്കുണ്ട്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാത്തതിനാല്‍ അവള്‍ക്ക് സിനിമ സംവിധാനം ചെയ്യാന്‍ കഴിയുമോ എന്നറിയില്ല.

ഖനന കമ്പനികള്‍ക്ക് ഒരു സംസ്ഥാനത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ആ സംസ്ഥാനത്തിന് അതിനുമേല്‍ ഖനന നികുതി ഏര്‍പ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് ആഗസ്റ്റ് 2024ല്‍ ആണ്. “ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ പോലെ വലിയ ധാതുവിഭവ ശേഖരമുള്ള സംസ്ഥാനങ്ങളില്‍ ഖനന മേഖല ആഭ്യന്തര വികസനത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ധാതുസമ്പന്നമെങ്കിലും ഈ സംസ്ഥാനങ്ങളില്‍ പലതും സാമ്പത്തിക വികസനത്തില്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഇക്കണോമിസ്റ്റുകള്‍ ഇതിനെ റിസോഴ്‌സ് കഴ്‌സ് എന്ന് വിളിക്കുന്നു. ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും ഒഡീഷയിലും പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. അതിനാല്‍ നികുതി ഈടാക്കല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പ്രധാന വരുമാനമാര്‍ഗമാകാം, ഇതിലൂടെ അവരുടെ ജനങ്ങള്‍ക്ക് ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കാം.” സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഈ ബില്ലിനെ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായൊരു ബില്‍ ആയി വിലയിരുത്തി. ഈ നിയമപരിഷ്‌കരണത്തിലൂടെ ഝാര്‍ഖണ്ഡിന് 1,36,000 കോടി രൂപ യൂണിയന്‍ ഗവണ്മെന്റില്‍ നിന്നും കിട്ടുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഈ തുക ഉപയോഗിക്കുന്നതോടൊപ്പം ഈ പണം പൊതു ക്ഷേമത്തിനായി ചെലവഴിക്കുമെന്നും സംസ്ഥാനത്തെ എല്ലാവര്‍ക്കും അതിന്റെ ഗുണഫലം ലഭിക്കുമെന്നും സോറന്‍ പറഞ്ഞു. എന്നാല്‍, യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. 2011ലെ സെൻസസ് കണക്ക് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ 26.21 ശതമാനം ആദിവാസി ജനസംഖ്യയാണ്. ആദിവാസി ഭൂമിയിലെ ഖനനത്തെക്കുറിച്ച് ‘അസ്തിത്വ് കാ ഉത്ഖനൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ആദിവാസി കവിയും മാധ്യമപ്രവർത്തകയുമായ ജസീന്ത കര്‍കെട്ട (2022, ഔട്ട്‌ലുക്ക് മാഗസിന്‍) ഇങ്ങനെ എഴുതുന്നു, “ആദിവാസി അവകാശങ്ങള്‍ ഉന്നയിക്കുന്ന പല നേതാക്കളും പറയുന്നത് ഇന്ന് ആദിവാസി മേഖലകള്‍ സ്വന്തം രാജ്യത്തിനകത്തുതന്നെ നിലനില്‍ക്കുന്ന ആഭ്യന്തര കോളനികള്‍ക്ക് സമാനമാണെന്നാണ്. ആയിരക്കണക്കിന് ഏക്കർ ഭൂമി വന്‍കിട കമ്പനികള്‍ക്കും ഡാമുകള്‍ക്കുമായി എടുത്തിരിക്കുന്നു. ഇതില്‍ പ്രവര്‍ത്തിക്കുന്നതിനായി പുറത്തുനിന്നുമെത്തുന്ന അനിയന്ത്രിതമായ ജനസംഖ്യ ആദിവാസി ജനസംഖ്യയെക്കാള്‍ കൂടുന്നു. ജനാധിപത്യത്തിന്റെ പേരിലുണ്ടാകുന്ന ഭൂരിപക്ഷവാദം അവരെ ആഴത്തില്‍ മുറിപ്പെടുത്തുന്നു. വികസനത്തിന്റെയും ദേശീയ താല്‍പര്യത്തിന്റെയും പേരില്‍ വിഭവങ്ങള്‍ക്കുവേണ്ടിയുള്ള കടിപിടിയില്‍, സ്റ്റേറ്റും ഈ സംവിധാനവും ആദിവാസികളെയും അവരുടെ ഭൂമിയെയും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ അവര്‍ എങ്ങനെ അതിജീവിക്കുമെന്നോ എത്രത്തോളം അതിജീവിക്കുമെന്നോ മനസ്സിലാക്കുക ബുദ്ധിമുട്ടാണ്.”

പരിഭാഷ: അലീന, മൃദുല ഭവാനി

Also Read