

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭീതി പടർത്താനും സൗഹാർദ്ദം തകർക്കാനും വേണ്ടി സംഘപരിവാർ കേന്ദ്രങ്ങൾ സൃഷ്ടിച്ച ലവ് ജിഹാദ് എന്ന പ്രൊപ്പഗണ്ടയെ രാഷ്ട്രീയ വിഷയമായി മാറ്റിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ‘ലവ് ജിഹാദിനെതിരെ’ നിയമ നിർമ്മാണം സർക്കാർ തയാറെടുക്കുന്നതായുള്ള വിജ്ഞാപനം കുറച്ച് ദിവസം മുമ്പ് പുറത്തിറങ്ങുകയുണ്ടായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ന്യൂഡൽഹിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നീക്കം.


‘ലൗ ജിഹാദും വഞ്ചാനപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സംഘടനകളും ചില പൗരരും നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ ലൗ ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനവും തടയുന്നതിന് നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അതനുസരിച്ച് മഹാരാഷ്ട്രയിൽ നിലവിലുള്ള സാഹചര്യം പഠിക്കുകയും ലൗ ജിഹാദും നിർബന്ധിത മതപരിവർത്തനങ്ങളും സംബന്ധിച്ച് ലഭിച്ച പരാതികളിൽ നടപടികൾ നിർദേശിക്കാനും മറ്റ് സംസ്ഥാനങ്ങളിലെ നിയമം പഠിക്കാനും കരട് തയ്യാറാക്കാനും ഒരു പ്രത്യേക സമിതി വേണമെന്നത് സർക്കാരിന്റെ പരിഗണനയിലുള്ള കാര്യമായിരുന്നു. അതനുസരിച്ച് ഡി.ജി.പിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നു.’ സർക്കാർ വിജ്ഞാപനം പറയുന്നു.
ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അധ്യക്ഷനായ ഏഴംഗ സമിതിയെ സർക്കാർ നിയമിച്ചു. സർക്കാർ പ്രമേയം അനുസരിച്ച്, നിർബന്ധിത മതപരിവർത്തനം, ലവ് ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഈ കമ്മിറ്റി നിർദ്ദേശിക്കും. മറ്റ് സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങൾ അവലോകനം ചെയ്യുകയും നിയമ വ്യവസ്ഥകൾ ശുപാർശ ചെയ്യുകയും ചെയ്യും. വനിതാ ശിശുക്ഷേമ വകുപ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നിയമ-നീതിന്യായ വകുപ്പ്, സാമൂഹിക നീതി, പ്രത്യേക സഹായ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് അംഗങ്ങൾ.
2022 ലെ ശ്രദ്ധ വാക്കർ കേസിനെ തുടർന്നാണ് മഹാരാഷ്ട്രയിലെ ബിജെപി സഖ്യ സർക്കാർ ലവ് ജിഹാദ് വിഷയം ആദ്യം ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായി സ്വദേശിയായ ശ്രദ്ധ വാക്കര്‍ എന്ന യുവതിയെ അവരുടെ കാമുകനായ അഫ്താബ് പൂനാവാലെ കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന്, ലവ് ജിഹാദ് നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ മഹാരാഷ്ട്രയിൽ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. ‘സകൽ ഹിന്ദു സമാജ്’ എന്ന ബാനറിൽ 2023 ജനുവരി 29 ന് മുംബൈയിൽ നടന്ന പ്രതിഷേധ മാർച്ചിൽ ബി.ജെ.പി, ബാലസാഹെബ് ശിവസേന (ബിഎസ്എസ്), വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തിരുന്നു. നാഗ്പൂർ, അമരാവതി, പൂനെ, വാർധ, ബുൽദാന, ഷിർദ്ദി, ശ്രീരാംപൂർ, സത്താറ എന്നിവയുൾപ്പെടെ മഹാരാഷ്ട്രയിലെ 31 സ്ഥലങ്ങളിൽ ഇത്തരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. മിശ്രവിവാഹങ്ങൾ നിരീക്ഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരു പാനൽ രൂപീകരിക്കാൻ തീരുമാനിച്ചത് അന്ന് വലിയ എതിർപ്പുകൾക്ക് കാരണമായിത്തീർന്നു. 2024ൽ പൂർവ്വാധികം ശക്തിയോടെ വീണ്ടും അധികാരത്തിൽ തിരിച്ചുവന്നതോടെ അത്തരം നീക്കങ്ങൾ സംഘപരിവാർ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ‘ലവ് ജിഹാദിനെതിരായ’ നിയമ നിർമ്മാണം.


സർക്കാരിന്റെ നീക്കത്തിൽ എതിർപ്പറിയിച്ച് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ‘വിവാഹവും പ്രണയവുമെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്’ എന്ന് എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു. തീരുമാനം ഏകപക്ഷീയമാണെന്നും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമാണെന്നും മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അബു അസിം ആസ്മി പ്രതികരിച്ചു. രാജ്യത്ത് നിർബന്ധിത മതപരിവർത്തനം നടക്കില്ലെന്നും ലവ് ജിഹാദ് ഒരു മിഥ്യയാണെന്നും കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ് പറഞ്ഞു. ‘ജനാധിപത്യം എല്ലാവർക്കും ഏത് മതവും പിന്തുടരാൻ അനുവദിക്കുന്നു. നമ്മുടെ രാജ്യം മതേതരമാണ്. പക്ഷേ, ചിലർ നമ്മുടെ സംസ്കാരത്തിന്റെ ഘടനയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. എത്ര ലവ് ജിഹാദ് കേസുകൾ അവർ യഥാർത്ഥത്തിൽ കണ്ടിട്ടുണ്ടെന്ന് അവർ കാണിക്കട്ടെ. ഈ ആളുകൾ ഹിറ്റ്ലറുടെ സംസ്കാരം നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.’ ഹുസൈൻ ദൽവായ് അഭിപ്രായപ്പെട്ടു.
ലവ് ജിഹാദ് തടയാനെന്ന പേരിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ നിലവിൽ നിയമനിർമാണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉത്തർപ്രദേശ് നിയമസഭ നിയമവിരുദ്ധ മതപരിവർത്തന നിരോധന (ഭേദഗതി) ബിൽ, 2024 പാസാക്കിയിരുന്നു. ഭീഷണിപ്പെടുത്തിയോ വിവാഹ വാഗ്ദാനം നൽകിയോ ഒരാളെ മതപരിവർത്തനം ചെയ്താൽ 20 വർഷം തടവോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളാണ് നിയമത്തിൽ ഉൾച്ചേർത്തത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ന് പറഞ്ഞത്. 2021ലാണ് മതപരിവർത്തന നിരോധന നിയമം ഉത്തർപ്രദേശ് സർക്കാർ ആദ്യം നടപ്പിലാക്കുന്നത്. ലവ് ജിഹാദ് ആരോപിച്ച് യു.പി പൊലീസ് കേസെടുത്ത സംഭവം നിയമ ഭേദഗതിയെ തുടർന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, കുറ്റാരോപിന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗമോ നിർബന്ധിത മതപരിവര്‍ത്തനത്തിനായുള്ള സമീപനം ഉണ്ടായതായോ തെളിവുകള്‍ ഇല്ലെന്നാണ് കോടതി കണ്ടെത്തിയത്. ലവ് ജിഹാദ് ആരോപിച്ച് കേസെടുക്കാമെന്ന ഈ സാധ്യത നിലനിൽക്കുന്നതുകൊണ്ട് തന്നെ ‘ലവ് ജിഹാദിനെതിരെ’ നിയമ നിർമ്മാണം വേണമെന്ന ആവശ്യം ഹിന്ദുത്വ സംഘടനകളുടെ ഭാഗത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ ഉയരുന്നുണ്ട്.
ലവ് ജിഹാദ് ആരോപണം നേരിട്ട കേസുകളിലെല്ലാം പിന്നീട് നടന്ന അന്വേഷണങ്ങളിൽ ലവ് ജിഹാദ് സംഭവിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. പരമോന്നത കോടതികളിൽ നടന്ന വിചാരണകളിൽ വരെ ലവ് ജിഹാദ് ഇല്ലെന്നാണ് തെളിഞ്ഞിട്ടുള്ളത്. 2020 ഫെബ്രുവരി 4ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാർലമെന്റിൽ പറഞ്ഞതും ലവ് ജിഹാദിന് തെളിവില്ലെന്നാണ്. ബെന്നി ബെഹനാൻ എം.പിയുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ലവ് ജിഹാദ് നിർവ്വചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതുവരെ അത് സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലന്ന് കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡി മറുപടി നൽകിയത്. ഇത്രയും നിർണ്ണായകമായ തെളിവുകൾ നിലനിൽക്കെയാണ് യു.പി സർക്കാരിന്റെ ചുവടുപിടിച്ച് മഹാരാഷ്ട്രയും ‘ലവ് ജിഹാദ്’ എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്നത്.
ലൗ ജിഹാദ് പ്രചാരണത്തിന്റെ ഉറവിടവും വളർച്ചയും എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കുന്ന കേരളീയം റിപ്പോർട്ട് വായിക്കാം: