ഇരുട്ടില്ല, മിന്നാമിനുങ്ങിന്റെ വെട്ടവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഒരുകാലത്ത് വീടുകളിലും തൊടികളിലും വ്യാപകമായി കണ്ടുവന്നിരുന്ന ഒരു പ്രാണിയാണ് മിന്നാമിനുങ്ങ്. എന്നാൽ നമ്മുടെ ചുറ്റുപാടുകളിൽ നിന്നും അവ അപ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു. മിന്നാമിനുങ്ങളുടെ എണ്ണം കുറയുന്നതായി പഠനങ്ങളും പുറത്തുവന്നിരിക്കുകയാണ്. എന്താണ് അവ അപ്രത്യക്ഷമാവാനുള്ള കാരണം?

വണ്ടുകൾ ഉൾപ്പെടുന്ന ജീവിവർഗമായ Coleoptera യിലെ Lampyridae എന്ന കുടുംബത്തിലാണ് മിന്നാമിനുങ്ങുകൾ ഉൾപ്പെടുന്നത്. ഇവ Nocturnal, അതായത് രാത്രികാലങ്ങളിൽ സഞ്ചരിക്കാൻ ഇഷ്ട്ടപ്പെടുന്ന ജീവിവർഗ്ഗമാണ്. ലോകത്താകമാനം രണ്ടായിരത്തിലധികം തരം മിന്നാമിനുങ്ങുകൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രകാശം പുറപ്പെടുവിക്കാൻ കഴിയുന്ന ഇവയുടെ ശേഷിയാണ് മിന്നാമിനുങ്ങുകളെ കൂടുതൽ ആകർഷകമാക്കുന്നത്. ബയോളജിയിൽ ഈ ശേഷിയെ ‘ബയോലുമിനസെൻസ്‌’ എന്നാണ് പറയുന്നത്. മിന്നാമിനുങ്ങുകൾ തന്റെ ഇണയെ ആകർഷിക്കാനായാണ് വെളിച്ചം പുറപ്പെടുവിക്കുന്നത്. അന്തരീക്ഷത്തിൽ അനുയോജ്യമായ തണുപ്പും, ആർദ്രതയുമുള്ള രാത്രി കാലങ്ങളാണ് ഇവ ഇതിനുപയോഗിക്കുന്നത്. നനവുള്ള ചപ്പുകളിലും മറ്റുമാണ് ഇവ മുട്ടയിടുന്നത്. ഇപ്പോൾ മിന്നാമിനുങ്ങുകൾ നമ്മുടെ നാട്ടിൽ നിന്ന് മറഞ്ഞുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ടൗൺഷിപ്പുകളിലും മറ്റും അവ പൂർണമായും കാണാതായിരിക്കുന്നു. നമ്മുടെ പരിസ്ഥിതിയിൽ ഭക്ഷ്യശൃംഖല കൃത്യമായി നിലനിന്നുപോകാൻ മിന്നാമിനുങ്ങുകൾ ഉൾപ്പെടുന്ന പ്രാണി സമൂഹം സഹായിക്കുന്നുണ്ട്. മിന്നാ മിനുങ്ങുകളെ ‘bio indicators’ എന്ന് പറയാറുണ്ട്. അതായത്, ഒരു ആവാസവ്യവസ്ഥ മലിനമാണോ അല്ലയോ എന്ന് പരിശോധിക്കാൻ ആ പ്രദേശത്ത് മിന്നാമിനുങ്ങുകളുടെ സാന്നിധ്യം എത്രത്തോളമുണ്ടെന്ന് പരിശോധിച്ചാൽ മതിയാകും. നമ്മുടെ പരിസ്ഥിതിയിൽ കാലങ്ങൾ കൊണ്ടുണ്ടായ മാറ്റമാണ് ഇവയുടെ ആവാസവ്യവസ്ഥ തകരാൻ കാരണമായാത്. മിന്നാമിന്നികൾക്ക് ഇണ തേടാൻ ഇരുട്ടാണ് അത്യാവശ്യഘടകം എന്നിരിക്കെ നമ്മൾ കൃത്രിമമായി ഉപയോഗിക്കുന്ന അതിതീവ്രതയുള്ള ലൈറ്റുകൾ അവയെ ബാധിക്കുന്നുണ്ട്. മിന്നാമിനുങ്ങുകളുടെ മുതിർന്ന അവസ്ഥയിൽ കൂടിപ്പോയാൽ മൂന്നാഴ്ച്ച വരെ മാത്രമേ അവ ജീവിക്കുകയുള്ളൂ. ഇതിനുളിൽ തന്നെ അവയ്ക്ക് തന്റെ ഇണയെ കണ്ടെത്തണം.

മിന്നാമിനുങ്ങിന്റെ വെട്ടം. കടപ്പാട്:guelphtoday

ആവാസ വ്യവസ്ഥയുടെ നാശവും മിന്നാമിനുങ്ങുകളുടെ അതിജീവനത്തെ ബാധിക്കുന്നുണ്ട്. നമ്മൾ ഇലക്കൂട്ടങ്ങളും ചപ്പുകളും ഒക്കെ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുന്നു. പക്ഷേ മിന്നാമിനുങ്ങുകൾ മുട്ടയിടുന്നത് ഈർപ്പം തങ്ങിനിൽക്കുന്ന ഇവിടങ്ങളിലാണ്. മറ്റൊന്ന്, നമ്മളിപ്പോൾ ധാരാളം കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്. ഈ ഭാഗങ്ങളിലെല്ലാം മിന്നാമിന്നികളുടെ ലാർവകൾ ഉണ്ടായേക്കാം. അതൊക്കെ നശിക്കാൻ ഇത് കാരണമാവും. കാലാവസ്ഥാ വ്യതിയാനം കാരണം മഴ എപ്പോൾ വരുമെന്ന് നമുക്കിപ്പോൾ അറിയില്ല. കേരളത്തിൽ മിന്നാമിന്നികൾ ഏപ്രിൽ-മെയ് മാസങ്ങളിലാണ് സംഘം ചേർന്ന് ഇണചേരുന്നത്. കാലാവസ്ഥ മാറുന്നത് ഇവയെ നേരിട്ട് ബാധിക്കുന്നുണ്ട്. മിന്നാമിന്നികളുടെ ആവാസ കേന്ദ്രം കഴിയുന്നതും പൊതുജനങ്ങൾ അറിയാതിരിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മിന്നാമിന്നികൾക്ക് നാല് ജീവിതഘട്ടങ്ങൾ ആണുള്ളത്. മുട്ടകൾ ലാർവയിൽ നിന്നും പ്യൂപ്പയിലേക്ക് മാറി പിന്നീടാണ് മുതിർന്ന അവസ്ഥയിലെത്തുന്നത്. പുഴുക്കൾ ആണെന്ന് കരുതി നമ്മൾ നശിപ്പിക്കുന്ന ഈ ലാർവകളാണ് ഏറ്റവുമധികം ഉപകാരി. ഒച്ചുകൾ, മണ്ണിര എന്നിവയുടെ ക്രമാതീതമായ വർദ്ധനവിനെ തടയാൻ ഇവയ്ക്ക് കഴിവുണ്ട്. മിന്നാമിന്നികളുടെ ലാർവകൾ ഏറ്റവും ചുരുങ്ങിയത് ആറ് മാസം മുതൽ രണ്ടുകൊല്ലം വരെ ജീവിക്കും. ഭക്ഷണം കഴിക്കാൻ കൂടുതൽ താല്പര്യമുള്ള voracious feeders ആണിവ. മിന്നാമിന്നികളെക്കുറിച്ഛ് അധിമാർക്കും അറിയാത്ത കാര്യമാണിത്. മിന്നാമിന്നികൾ നശിക്കുന്നത് മൊത്തം ഭക്ഷ്യശൃംഖല തന്നെ തകരുന്നതിന് കാരണമായി മാറും.

മിന്നാമിനുങ്ങുകളെ ടൂറിസം ആവശ്യങ്ങൾക്കായി പോലും ഉപയോഗിക്കുന്നതായി കാണാം. മുജു ഫയർ ഫ്ലൈ ഫെസ്റ്റിവൽ പോലുള്ളവ അതിനുദാഹരണമാണ്. വരുമാന മാർഗത്തിന് വേണ്ടിയാണല്ലോ ഇത്തരം കാര്യങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് എത്രത്തോളം അപകടകരമാണ്?

കൂട്ടമായി മിന്നാമിനുങ്ങുകൾ കാണപ്പെടുന്ന സ്ഥലങ്ങളിലേക്ക് കൃത്യമായ മുൻകരുതലുകളെടുക്കാതെ മനുഷ്യർ പോകുന്നത് തന്നെ പ്രശ്നമാണ്. ഞങ്ങൾക്ക് പഠനത്തിന്റെ ഭാഗമായി പോകേണ്ട സാഹചര്യം വരുമ്പോഴൊക്കെ എടുക്കേണ്ട മുൻകരുതലുകൾ കൃത്യമായി പാലിച്ച് അവയെ ശല്യപ്പെടുത്താതെ മാത്രമേ പോകാറുള്ളൂ. പക്ഷേ, ഇതിനെക്കുറിച്ചൊന്നും പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണയില്ല. അടിസ്ഥാനമായ അറിവ് ഇല്ലാതെയാണ് ആളുകൾ ഇവിടങ്ങളിലേക്ക് പോകുന്നത്. മിന്നാമിന്നികൾ കൂട്ടത്തോടെ കാണപ്പെടുന്ന സ്ഥലങ്ങളിലേക്ക് ആളുകൾ പോകുന്ന സമയത്ത് പലപ്പോഴും അശ്രദ്ധകൊണ്ട് മണ്ണിലെ അവയുടെ ലാർവകളെ ചവിട്ടി മെതിക്കാൻ സാധ്യതയുണ്ട്.

മിന്നാമിന്നികളുടെ ലാർവ. കടപ്പാട് : wikimedia.org

പ്രകാശം പുറപ്പെടുവിച്ചുകൊണ്ടുള്ള മിന്നാമിന്നികളുടെ കൂട്ടത്തോടെയുള്ള ക്രമീകരണം വളരെ മനോഹരമായ കാഴ്ച്ച തന്നെയാണ്. ഇത് കാണാൻ വരുന്ന ആളുകൾക്ക് അത് ഫോണിലോ ക്യാമറയിലോ പകർത്തണം എന്ന നിർബന്ധവും ഉണ്ടാകും. ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കുന്ന ഹൈ ഇന്റെന്സിറ്റി ഫ്ലാഷുകൾ അവയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. കോൺഗ്രിഗേഷൻ അഥവാ ലൈറ്റ് സിംഫണി ആണ് അവിടെ നടക്കുന്നത്. യഥാർത്ഥത്തിൽ ഡാർവിന്റെ ‘sexual selection’ എന്ന സിദ്ധാന്തമാണ് അവിടെ നമ്മൾ കാണുന്നത്. മഹാരാഷ്ട്രയിലെ ഭണ്ഡാർദാര, പുരുഷവാഡി എന്നിങ്ങനെ മൂന്നോ നാലോ ഇടങ്ങളിൽ ഫയർ ഫ്ലൈ ടൂറിസം നടക്കുന്നുണ്ട്. ശാസ്ത്രീയമായ അറിവില്ലാതെയാണ് ഇത് നടക്കുന്നത് എന്ന് ഉറപ്പിച്ചു പറയാം. അമേരിക്കയിൽ ഗ്രേറ്റ് സ്‌മോക്കി പർവത നിരയിലാണ് മിന്നാമിനുങ്ങുകളുടെ പേരിൽ ഏറ്റവും കൂടുതൽ ടൂറിസം പ്രവർത്തനങ്ങൾ നടക്കുന്നത്. മലേഷ്യയിലെ കോലാലംപൂരിൽ നടക്കുന്ന ഫയർഫ്‌ളൈ ടൂറിസം ലോക പ്രശസ്തമാണ്. ടൂറിസം നല്ലത് തന്നെയാണ്. പക്ഷേ, ഇതുപോലുള്ള അടിസ്ഥാന വിഷയങ്ങൾ മനസിലാക്കി വേണം നമ്മൾ അവിടങ്ങളിലേക്ക് പോകേണ്ടത്. യാത്രാവേളകളിൽ കഴിവതും ക്യാമറകൾ ഉപയോഗിക്കാതെ ദൂരത്ത് നിന്ന് കാഴ്ച്ച ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത്.

ഫയർ ഫ്ലൈ ഫെസ്റ്റിവലിന്റെ പരസ്യം.

വായു മലിനീകരണം, ശബ്ദ മലിനീകരണം എന്നീ വാക്കുകൾ ഏറെ കേൾക്കുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ മിന്നാമിനുങ്ങുകൾ നേരിടുന്ന പ്രശ്നങ്ങളുടെ കാരണം വിശദീകരിക്കുമ്പോൾ പ്രകാശ മലിനീകരണം എന്ന വാക്കാണ് ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. പ്രകാശ മലിനീകരണം മറ്റ്‌ പ്രാണിവർ​ഗത്തേയും ബാധിക്കുന്നില്ലേ?

പ്രകാശമലിനീകരണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് Nocturnal ആയ ജീവികളെയാണ്. പ്രകാശത്തിന്റെ തോത് കൂടുതലാകുന്ന സമയത്ത് അവരുടെ ആചാരങ്ങൾ തടസ്സപ്പെടുന്നു. വെളിച്ചത്തിന്റെ തീവ്രതയിൽ മിന്നാമിന്നികൾക്ക് ഇണയെ ആകർഷിക്കാൻ തടസമാകുന്നുണ്ടെങ്കിൽ മറ്റ് പ്രാണികൾക്ക് അവയുടെ സഞ്ചാരപ്രക്രിയയെ ഇത് പ്രതികൂലമായി ബാധിക്കുന്നു. പ്രകാശത്തിന്റെ തീവ്രത വർധിക്കുന്നത് ഇരയെ കണ്ടെത്താനുള്ള ശേഷിയെ ബാധിക്കുന്നു. ചില പ്രാണികൾക്ക് നിലനിൽക്കാൻ പ്രകാശം വേണം. എന്നാൽ മിന്നാമിനുങ്ങുകൾക്ക് ആവശ്യമില്ല. പുതിയ തലമുറ രാത്രി കാലങ്ങൾ ഇപ്പോൾ സഞ്ചാരങ്ങൾക്കും, ഷോപ്പിം​ഗിനുമായി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. രാത്രിയിൽ പലപ്പോഴും സെൽഫി സ്പോട്ടുകളായും, ബോർഡുകളായും ഒരുപാട് ലൈറ്റുകൾ ഇപ്പോൾ നഗരപ്രദേശങ്ങളിൽ ക്രമീകരിച്ചിട്ടുള്ളതായി കാണാൻ കഴിയും. ഇതിനെ ALAN (Artificial light at night) എന്നാണ് ശാത്രജ്ഞർ വിളിക്കുന്നത്. ഈ ലൈറ്റുകൾ രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്ന മിന്നാമിന്നി കൂട്ടങ്ങൾ ഉൾപ്പെടുന്ന പ്രാണി സമൂഹത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നമ്മുടെ വീടുകളിൽ പൂർണമായും വെളിച്ചത്തിന്റെ സാന്നിധ്യം കുറച്ചുനേരത്തേക്കെങ്കിലും ഒന്ന് ഒഴിവാക്കി നോക്കിയാൽ ഒന്നോ രണ്ടോ മിന്നാമിന്നികളെ കാണാൻ കഴിഞ്ഞേക്കാം. പ്രകാശത്തിന്റെ അളവ് വർദ്ധിക്കുന്നത് എങ്ങനെയാണ് പ്രാണി സമൂഹത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് വരും വർഷങ്ങളിൽ കൂടുതൽ പഠന റിപ്പോർട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. പുറം നാടുകളിൽ അതിനെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. റിപ്പോർട്ടുകൾ കൂടുതൽ പുറത്തുവരുമ്പോൾ പ്രകാശമലിനീകരണം എന്ന വാക്കും കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും അതിനെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ഉണ്ടാവുകയും ചെയ്യും എന്ന് പ്രതീക്ഷിക്കാം.

രാത്രികളിലെ പ്രകാശ മലിനീകരണം. കടപ്പാട്:mongabay india

‘ഏഷ്യൻ ഫയർ ഫ്ലൈ അസോസിയേഷൻ’ ആണല്ലോ മിന്നാമിനുങ്ങുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവിനെക്കുറിച്ച് പഠനം നടത്തിയത്. ആ പഠനം പ്രധാനമായും ഏത് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്? മിന്നാമിനുങ്ങുകളെക്കുറിച്ച് നടത്തിയ മറ്റ്‌ പഠനങ്ങൾ എന്തൊക്കെയാണ്?

‘ഏഷ്യൻ ഫയർ ഫ്ലൈ അസോസിയേഷൻ’ പുതിയതായി രൂപപ്പെട്ടിട്ടുള്ള ഒരു എൻ.ജി.ഒ ആണ്. EMPRI (Environmental Management & Policy Research Institute) എന്ന പേരിൽ ബാംഗ്ലൂരിലുള്ള ഒരു ഗവേഷണ സ്ഥാപനത്തിൽ മിന്നാമിന്നികളെ കുറിച്ച് ദീർഘകാല പഠനം നടക്കുന്നുണ്ട്. ഇന്ത്യയിൽ എത്രതരം മിന്നാമിന്നികൾ ഉണ്ട് എന്ന് മനസിലാക്കുകയും കർണ്ണാടകയിലെ മിന്നാമിന്നികളുടെ സ്വഭാവത്തെക്കുറിച്ചും ഇവർ പഠിക്കുന്നുണ്ട്. മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. എ.ബി ചക്രവർത്തിയുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർഥിയായ പർവീസാണ് പഠനത്തിന് മുൻകൈയെടുത്തിട്ടുള്ളത്. ദക്ഷിണ ഏഷ്യയിലെ മിന്നാമിനുങ്ങുകളെക്കുറിച്ച് ഇന്ന് നമുക്കറിയുന്ന പല അറിവുകളും ലഭിച്ചത് ഓസ്‌ട്രേലിയയിലെ ചാൾസ് സ്‌റ്റർട്ട് യൂണിവേഴ്‌സിറ്റിയിലെ ഡോ. ലെസ്ലി ബാലൻറ്റൈൻ എന്ന മുതിർന്ന ശാസ്ത്രജ്ഞയുടെ പഠനങ്ങളിൽ നിന്നാണ്. 1961 മുതൽ അവർ ഇതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. ശ്രീലങ്കയിൽ മിന്നാമിന്നികളെക്കുറിച്ച് പഠിച്ചത് റുഹൂണ യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ കൂടിയായ ഡോ. ദമിക വിജിക്കൂൺ ആണ്. അതുപോലെ മലേഷ്യയിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ സീനിയർ അധ്യാപികയായ ഡോ. വാൻ ജൂസോ മലേഷ്യയിലെ കണ്ടൽക്കാടുകളിൽ കാണുന്ന മിന്നാമിന്നികളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സുവോളജി വിഭാഗത്തിലെ ഷഡ്പദ റിസർച് ലാബും, കണ്ണൂർ സർവ്വകലാശാലയിലെ സുവോളജി വിഭാഗവും ചേർന്നാണ് കേരളത്തിലെ മിന്നാമിന്നികളെക്കുറിച്ച് പഠനം നടത്തുന്നത്. IUCN (The International Union for Conservation of Nature ) ൽ ഒക്കെ ഇതുമായി ബന്ധപ്പെട്ട പഠനം നടത്താനായി ഒരു സ്‌പെഷ്യൽ ഗ്രൂപ്പ് തന്നെയുണ്ട്. വൈൽഡ് ലൈഫ് ഫിലിം മേക്കറും IUCN സ്പീഷീസ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ അംഗവുമായ ശ്രീറാം മുരളിയുടെ ആനമല ടൈഗർ റിസർവിൽ നിന്നുമെടുത്തിട്ടുള്ള മിന്നാമിന്നിയുടെ കോൺഗ്രിഗേഷന്റെ ചിത്രം ലോകപ്രസിദ്ധമാണ്. ഈ ചിത്രം ആഗോളതലത്തിൽ മിന്നാമിന്നികളെക്കുറിച്ച് പഠനം നടത്തുന്നവരുടെ ശ്രദ്ധനേടിയിട്ടുണ്ട്. വരും വർഷങ്ങളിൽ മിന്നാമിനുങ്ങുകളുടെ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തിക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാവും എന്നാണ് പ്രതീക്ഷ.

ശ്രീറാം മുരളിയുടെ പ്രശസ്തമായ മിന്നാമിന്നി ഫോട്ടോ.

രാത്രികാലങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ വെളിച്ചം മിന്നാമിനുങ്ങുകൾക്ക് പ്രയാസമുണ്ടാക്കുന്നു എന്നാണ് താങ്കളുടേത് അടക്കമുള്ള പഠനങ്ങൾ പറയുന്നത്. നഗരങ്ങളിൽ രാത്രികാല ജീവിതം കൂടുന്നതോടെ എന്തെല്ലാം കാര്യങ്ങളാണ് രാത്രികാല വിളക്കുകൾ ക്രമീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?

മനുഷ്യരും ഇപ്പോൾ ‘Nocturnal’ ആയി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയുള്ള കാലത്ത് രാത്രി ലൈറ്റുകളുടെ വെളിച്ചം നമ്മൾക്ക് ഒഴിവാക്കാൻ കഴിയില്ല. നമ്മുടെ വീടുകളിൽ പണ്ടൊക്കെ കുറഞ്ഞ പ്രകാശ തീവ്രതയുള്ള ഇൻകാൻഡസെന്റ് ബൾബുകളാണ് ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ന് ഊർജ്ജക്ഷമതയ്ക്ക് വേണ്ടി നമ്മളുപയോഗിക്കുന്നത് എൽ.ഇ.ഡി ആണ്. ഇത്തരം വെളിച്ചമൊന്നും മിന്നാമിന്നികൾ പോലുള്ള കുഞ്ഞു ജീവികൾക്ക് താങ്ങാൻ കഴിയില്ല. ലൈറ്റ് നിർമ്മാണ കമ്പനികൾ മുതൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്. പ്രാണികൾക്ക് ദോഷം ചെയ്യാത്ത വേവ് ലെങ്തിൽ ഉള്ള ലൈറ്റുകൾ നിർമ്മിക്കാൻ കമ്പനികൾ ശ്രദ്ധിക്കണം. വീടുകളിലും കടകളിലും ഒക്കെ ആവശ്യം കഴിഞ്ഞാൽ വെളിച്ചം പരമാവധി ഓഫ് ചെയ്യണം. വീടുകളേക്കാൾ കൂടുതൽ കടകളും മറ്റു കെട്ടിടങ്ങളുമെല്ലാമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. അതുപോലെ സ്ട്രീറ്റ് ലൈറ്റുകളും. അലങ്കാരത്തിനുപയോഗിക്കുന്ന ലൈറ്റുകൾ കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. പുറത്ത് ക്രമീകരിക്കുന്ന ലൈറ്റുകളിൽ ഷീൽഡ് ഘടിപ്പിച്ച് പ്രകാശം കൂടുതൽ ഇടങ്ങളിലേക്ക് പരക്കാതെ ഒരിടത്തേക്ക് ഫോക്കസ് ചെയ്യുന്ന രീതി സ്വീകരിക്കാവുന്നതാണ്. കഴിയുമെങ്കിൽ മോഷൻ ആക്ടിവേറ്റർ പോലുള്ള സംവിധാനങ്ങളും ഉപയോഗിക്കാം. അതായത് ഒബ്ജക്റ്റ് അടുത്ത് വരുമ്പോൾ ലൈറ്റ് പ്രകാശിക്കുകയും ദൂരേക്ക് പോകുമ്പോൾ പ്രകാശം കുറയുകയും ചെയ്യുന്ന സാങ്കേതികവിദ്യ. വീടുകളിൽ നിന്നുള്ള അമിതവെളിച്ചം പുറമേക്ക് കടക്കാതിരിക്കാൻ ജനാലകൾ അടച്ചിടാം. കൂടുതൽ വൃക്ഷതൈകൾ വെച്ചുപിടിപ്പിച്ച് മിന്നാമിന്നികൾ പോലുള്ള പ്രാണികളും നമ്മുടെ ഭൂമിയിൽ ജീവിക്കേണ്ടവരാണെന്ന ബോധത്തോടുകൂടെ പ്രവർത്തിക്കാം. ഇപ്പോഴും മിന്നാമിന്നികൾ കുറെയൊക്കെ നമ്മുടെ ചുറ്റിലുമുണ്ട്, ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിനെ നമുക്ക് ഇനിയെങ്കിലും രക്ഷിക്കാനാവും.

ഡോ. ബിജോയ് സി

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ പോലും കീടങ്ങളുടെയും പ്രാണികളുടെയും അതിജീവനത്തെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടുന്നതിനെക്കുറിച്ചും ചർച്ചകൾ കുറവാണ്. പ്രകൃതിയിൽ പ്രാണികളുടെ സേവനങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിയാത്തതുകൊണ്ടല്ലേ ഇത് സംഭവിക്കുന്നത്?

പ്രാണിവർഗത്തെ നിസാരമായി നോക്കികാണുന്നവരാണ് മനുഷ്യർ. വെറും കീടങ്ങളായി മാത്രമാണ് നമ്മൾ പ്രാണി കൂട്ടങ്ങളെ പരിഗണിക്കുന്നത്. ലോകത്തുള്ള ജീവിവർഗങ്ങളിൽ തന്നെ 70 ശതമാനത്തിൽ കൂടുതൽ കാണുന്നത് പ്രാണി വർഗങ്ങളാണ്. നമ്മുടെ ഭക്ഷ്യശൃംഖലയിൽ പ്രാണികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. മനുഷ്യൻ ഭൂമിയിൽ വന്നിട്ട് വളരെ കുറച്ച് വർഷങ്ങളേ ആയിട്ടുള്ളു. എന്നാൽ പ്രാണികൾ ദിനോസറുകൾക്കും മുമ്പ് രൂപം കൊണ്ടവരാണ്. ഇതിനോടകം ഭൂമിയിൽ പല നാശങ്ങൾ ഉണ്ടായിട്ടും അതിനെ അതിജീവിച്ചവരാണ് പ്രാണികൾ. തേനീച്ചകൾ ഇല്ലാതായാൽ നമ്മുടെ തീൻ മേശയിൽ ഇന്നുള്ള നല്ലൊരു ശതമാനം പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കാനാവില്ല എന്ന് തിരിച്ചറിയണം. ഭക്ഷ്യോത്പാദനത്തിൽ പരാഗണം എന്നത് എത്രത്തോളം പ്രധാനമെന്ന് അറിയാമല്ലോ. ‘Little creatures that run the world’ എന്നാണ് ജൈവവൈവിധ്യത്തിന്റെ പിതാവ് എന്നറിയപെടുന്ന ഇ.ഒ വിത്സൺ പ്രാണി സമൂഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ പ്രാണിവർഗ്ഗങ്ങളെയൊന്നും പരിഗണിക്കുന്നുപോലുമില്ല. വീണ്ടുവിചാരമില്ലാത്ത വികസന പ്രവർത്തനങ്ങൾ ഇങ്ങനെ തുടർന്നാൽ ഒരു പ്രാണിയെ മാത്രമല്ല, അതിന് അനുബന്ധമായിട്ടുള്ള മുഴുവൻ ജീവിവർഗ്ഗങ്ങൾക്കും വലിയ രീതിയിലുള്ള വിപത്തുകൾ നേരിടേണ്ടിവരും എന്നതിൽ സംശയമില്ല.

Also Read

7 minutes read July 5, 2024 11:46 am