തദ്ദേശകം: നമ്മുടെ ഭാവിയും സന്തോഷവും

സുസ്ഥിരമായ ഭക്ഷ്യസ്ഥലങ്ങൾ എന്ന പ്രമേയവുമായി ജൂൺ 21ന് ലോക പ്രാദേശീകരണ ദിനം ആചരിക്കുകയാണ്. ഹെലിന നോർബർഗ് ഹോഡ്ജ് സ്ഥാപിച്ച അന്തർദേശീയ സന്നദ്ധ സംഘടനയായ ലോക്കൽ ഫ്യൂച്ചേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രങ്ങളിലെ ജനത പങ്കാളികളാകുന്നു. കഴിഞ്ഞ നാല് ദശകങ്ങളായി പ്രാദേശിക വത്കരണത്തിന്റെയും വികേന്ദ്രീകരണത്തിന്റെയും നിർണ്ണായക വക്താവാണ് ഹെലിന. ഗ്രന്ഥകർത്താവും ചലച്ചിത്ര നിർമ്മാതാവും പ്രാദേശിക സാമ്പത്തിക പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായ അവരുടെ പുസ്തകമാണ് Local is our future – Steps to an Economics of Happiness. ആഗോള സാമ്പത്തിക വ്യവസ്ഥയും ദേശാന്തര വികസനവും അവനിയിലും തദ്ദേശീയ സമൂഹത്തിലും അവരുടെ സാമ്പത്തികാവസ്ഥയിലും ഉണ്ടാക്കിയ പ്രത്യാഘാതത്തെ കുറിച്ചുള്ള ഗരിമയാർന്ന പഠനം. ബദൽ നോബൽ സമ്മാനമായ റൈറ്റ് ലൈവ്‌ലിഹുഡ് അടക്കം ഒട്ടനവധി പുരസ്‌കാരങ്ങൾ ഹെലിനക്ക് ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമൂഹികവും വ്യക്തിപരവുമായ ഒട്ടനവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഈ താളുകളിലുള്ളതിനാൽ പുസ്തകം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സമ്മാനമായി നൽകണമെന്ന് ഷുമാക്കർ കോളേജിന്റെ സ്ഥാപകനും റിസർജൻസ് & ഇക്കോളജിസ്റ്റിന്റെ എഡിറ്റർ എമിറിറ്റസുമായ സതീഷ്‌കുമാർ ഉപദേശിക്കുന്നുണ്ട്. 160 പേജുകളിൽ, 12 അധ്യായങ്ങളിലായി ആഗോളവൽക്കരണത്തിന് മറുമരുന്നായി നമ്മുടെ സംസ്‌കാരം തകർന്നു പോകാതിരിക്കാനുള്ള സിദ്ധാന്തങ്ങൾ എന്ന് Lain Mcgil Christ, മനശാസ്ത്രജ്ഞനും ദ മാസ്റ്റർ ആന്റ് ഹിസ് എമിസ്സറി എന്ന പുസ്തകത്തിന്റെ രചയിതാവും.

Local is our future, ബുക്ക് കവർ

‘For our species to have a future, it must be local’ (മനുഷ്യവംശത്തിന് ഭാവിവേണമെങ്കിൽ അത് പ്രാദേശികമാകണം) എന്ന ആപ്തവാക്യത്തോടെ Reclaiming the future എന്ന ആദ്യ അധ്യായത്തിന് ആരംഭം (പേജ്-9). പ്രകൃതിയുമായും മറ്റുള്ളവരുമായും ബന്ധം സ്ഥാപിക്കുന്നതിലൂടെ ആനന്ദം ഉറവപൊട്ടുമെന്ന് ജനം തിരിച്ചറിയുന്നു. യഥാർത്ഥ സമ്പദ്‌വ്യവസ്ഥ നമ്മുടെ ആവശ്യങ്ങളെ ആത്യന്തികമായി ആശ്രയിക്കുന്ന പ്രകൃതിയാണെന്ന് അടിത്തട്ടിൽ നിന്ന് അക്കാദമിക വൃത്തം വരെയുള്ളവർക്ക് അവബോധമുണ്ട്. നമ്മുടെ സമയം അപഹരിച്ചെടുത്ത്, സാങ്കേതിക വിദ്യയിലൂടെ പുരോഗതിയുടെ പാത നമ്മുടെ സമയം ലാഭിച്ച് തരുമെന്ന് വിശ്വസിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതിയെ കുറ്റം പറയാതെ, ജനം സ്വയം പഴിക്കുന്നു – വേണ്ടത്ര സമയം കൂട്ടുകാരോടും വീട്ടുകാരോടും ചെലവഴിച്ചില്ലെന്നും ജീവിതം ശരിയായി മാനേജ് ചെയ്തില്ലെന്നും (പേജ്-10). പൗരന്മാരോടോ, സമുദായങ്ങളോടോ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത WTO, IMF, വേൾഡ് ബാങ്ക്, COP (കാലാവസ്ഥ വ്യതിയാന ചർച്ചാവേദി) തുടങ്ങിയവയെല്ലാം ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെയും ബാങ്കുകളുടെയും എതിരില്ലാത്ത ആഗോള സർക്കാരാകാനുള്ള അധികാര കേന്ദ്രങ്ങളായി മാറുന്നു (പേജ്-11, ആദ്യ ഖണ്ഡിക).

ഹെലിന നോർബർഗ് ഹോഡ്ജ്

കോർപ്പറേറ്റുകളുടെ അധികാരം പോകാതിരിക്കാനും അടിസ്ഥാനപരമായ രാഷ്ട്രീയമാറ്റം ഉണ്ടാകാതിരിക്കാനും സന്നദ്ധസംഘടനകളെ വ്യാജ പ്രതിവിധികളായ ഗ്രീൻ കൺസ്യൂമറിസം, നൈതിക നിക്ഷേപം, കാർബൺ ട്രേഡിംഗ് തുടങ്ങിയ കാര്യങ്ങളിൽ ദേശരാഷ്ട്രങ്ങളോടൊപ്പം ചേർത്തുനിർത്തുന്നു. ഗൂഗിളിന്റെ റേ കുർസ്വിൽ (Ray Kurzweil) അറിയിക്കുന്നത് ഇതാണ് – നിർമ്മിതബുദ്ധി നിയന്ത്രിത വെർട്ടിക്കൽ കെട്ടിടത്തിൽ നിന്ന് നിങ്ങളുടെ ഭക്ഷണമെത്തും; അതിൽ ലാബിൽ ക്ലോൺ ചെയ്ത ഇറച്ചിയുമുണ്ടാകം (in-virto cloned meat – പേജ്-12). ബഹുഭൂരിപക്ഷത്തിന്റെ ഇച്ഛയെ തള്ളി, ഈ സമ്പ്രദായം നമ്മെയെല്ലാം കെണിയിൽ അകപ്പെടുത്തിയിരിക്കുകയാണ്. ലാഭവും പുരോഗതി ടാർജറ്റും ലക്ഷ്യം വെച്ച് സി.ഇ.ഒ. മാർ വരെ അധിക സമ്മർദ്ദത്തിലാക്കുന്നു. വൻകിട, ആഗോള കമ്പനികൾക്ക് ഉദാരമായ നിയമങ്ങളും സബ്‌സിഡികളും നൽകുന്നു. കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾക്കും ഫണ്ട് അനുവദിക്കുന്നതിൽ പക്ഷപാതിത്വം. സമൂഹ നന്മയും പരിസ്ഥിതി പരിരക്ഷയും കാംക്ഷിക്കുന്ന ഗവേഷണ, വിദ്യാഭ്യാസ ശൃംഖലയേക്കാൾ (academia) അധികമാണത്. ഗുണകരമായ മാറ്റം സൃഷ്ടിക്കുതിന് ജനങ്ങൾ ഒരുമിച്ചു വരുമ്പോൾ, പ്രചോദനത്തിനും സ്ഥിരോത്സാഹത്തിനും ശക്തിക്കും സാമൂഹിക ശാക്തീകരണത്തിനും ഇതൊരു വെല്ലുവിളിയാണ്. (പേജ്-15)

പ്രാദേശികവൽകൃത ജീവിതവഴിയിലെ ഹെലിനയുടെ നേരനുഭവമുണ്ടായത് 1975 ൽ ഫിലിം യൂണിറ്റിന്റെ കൂടെ ‘ചെറിയ തിബറ്റ്’ എന്ന ലഡാക്കിൽ പോയപ്പോളാണ്. ആഗോളവൽക്കരണത്തിനെതിരെ കാഹളം മുഴക്കാനുള്ള പ്രചോദനമേകി ഈ സംഭവഭം. (പേജ്-17) പ്രകൃതി ആധാരിത ധന വ്യവസ്ഥിതിയിൽ അന്നും അവർക്ക് ആത്മാഭിമാനവും ജീവിതത്തിൽ നിയന്ത്രണവും ഉണ്ടെന്ന് ദൃശ്യമായിരുന്നു. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സ്വതന്ത്രരും ശാന്തരും സമാധാനമുള്ളവരുമായ ഒരു ജനതയാണ് ലഡാക്കികളെന്ന് ഹെലിനക്ക് ബോധ്യമായി. അടുത്ത ദശകത്തിൽ വിനാശകരമായ സാമ്പത്തിക വികസനത്തിന്റെ പരിക്കുകൾക്ക് അവിടം വിധേയമായതിന് അവർ ദൃക്‌സാക്ഷിയായി. കൃത്രിമവും അപൂർവ്വവുമായ വിദ്യാഭ്യാസ അവസരങ്ങൾക്കും ജോലികൾക്കും വേണ്ടിയുള്ള അധികാര കേന്ദ്രീകരണത്താൽ, സ്‌നേഹത്തിനു പകരം ഉപഭോഗാസക്തിയിൽ ആമഗ്നരായ യുവതയുടെ മാനസികാവസ്ഥ അവരെ വ്യാകുലപ്പെടുത്തി. വിഷാദവും ആത്മഹത്യയും അക്രമങ്ങളും അതിനെല്ലാം പുറമെ പ്രകൃതിയുടെ മേലുള്ള താണ്ഡവങ്ങളും.

Globalization creating a lose-lose World, (പേജ്-21), The Rise of Extremism (പേജ്-31), Globalisation Revisited (പേജ്-91) യഥാക്രമം 2, 4, 9 എന്നീ അധ്യായങ്ങൾ ഏക ലോക കമ്പോളത്തിന്റെ അതിക്രമങ്ങൾ തുറന്നു കാണിക്കുകയും അര സഹസ്രാബ്ദം മുമ്പ് തുടങ്ങിയ കോളനിവത്കരണത്തിന്റെ തുടർച്ചയാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. പേജ്-27 ലെ മൂന്നാം അധ്യായമായ Counting the Costൽ അതിന്റെ അനന്തരഫലങ്ങൾ അക്കമിട്ട് പറയുകയുമാണ്. ബലികൊടുക്കപ്പെട്ട ജീവിതങ്ങൾ, കുറഞ്ഞ വേതനത്തിനായി കോർപ്പറേഷനുകൾ ആഗോളാടിസ്ഥാനത്തിൽ ആളുകളെ അന്വേഷിക്കുമ്പോൾ, തൊഴിൽ നഷ്ടപ്പെട്ടവർ, ശാരീരിക-മാനസിക സ്വാസ്ഥ്യത്തിന്റെ അവരോഹണങ്ങൾ, മരീചികയാകുന്ന ഭക്ഷ്യസുരക്ഷ, അനാരോഗ്യകരമായ നഗരവല്ക്കരണവും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർധിച്ച അന്തരങ്ങളും, പ്രതിരോധത്തിന്റെ അഭാവവും ജനാധിപത്യത്തിന്റെ ശോഷണവും, കൂടിയ കാർബൺ ഡൈ ഓക്‌സൈഡിന്റെ ബഹിർഗമനവും പാരിസ്ഥിതിക തകർച്ചയും, ഉയർന്നു വരുന്ന സംഘട്ടനങ്ങൾ, അതിക്രമങ്ങൾ, തീവ്രവാദം മുതലായവ കോർപ്പറേറ്റ് ദുർഭരണത്തിന്റെ ബാക്കിപത്രം. അന്തർദേശീയ വാണിജ്യം 1750 നേക്കാൾ 2017 ൽ 28 ഇരട്ടി വർധിച്ചു. 1980 നും 2007 നുമിടയിൽ മൂലധനത്തിന്റെ ഒഴുക്ക് 500 ബില്യൺ ഡോളറിൽ നിന്നും 48 ട്രില്യൺ ഡോളറിന്റെ കൊടുമുടിയിലെത്തി (പേജ്-24, 25 ആദ്യഖണ്ഡികകൾ). ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് അമേരിക്കയിലെ സംസ്ഥാന-പ്രാദേശിക സർക്കാരുകൾ 80 ബില്യൺ ഡോളറാണ് വർഷം തോറും നികുതിയിളവുകൾ, സൗജന്യ പൊതുഭൂമി, അടിസ്ഥാന സൗകര്യവികസന സഹായം, കുറഞ്ഞ പലിശനിരക്കിലുള്ള ധനസഹായം, മറ്റു സബ്‌സിഡികൾ തുടങ്ങിയവ വൻകിട, പ്രാദേശികമല്ലാത്ത ബിസിനസ് ആകർഷിക്കാനും നിലനിറുത്താനും കൊടുത്തുകൊണ്ടിരിക്കുന്നത്. ദേശാന്തര നാണയവ്യവസ്ഥ തുടരാനനുവദിച്ചാൽ മനുഷ്യരാശിയും ഭൂമിയിലെ ജീവസമ്പ്രദായങ്ങളും തകർന്നു തരിപ്പണമാകും. അതുകൊണ്ട് ഇനിയും പകച്ചുനിൽക്കരുത്, പടക്കളത്തിലിറങ്ങുക, ഹെലിനയുടെ താക്കീതാണിത്.

ലഡാക്കിലെ തദ്ദേശീയ സമൂഹം. കടപ്പാട്:scrapsfromtheloft.com

Grass roots Inspirations (പേജ്-27), Local Food for Our future (പേജ്-75), Rethinking the Past (പേജ്-107), Big Picture Activism (പേജ്-113), The Economics of Happiness (പേജ്-121), തുടങ്ങിയ ശീർഷകങ്ങളിൽ യഥാക്രമം 6, 7, 10, 11, 12 എന്നീ അധ്യായങ്ങളിലായി ഇതൾവിരിയുന്നത് സന്തോഷത്തിന്റെ സ്വാധ്യായം; ഒപ്പം സാന്ത്വനത്തിന്റെയും. നമുക്ക് തിരിച്ച് നടക്കാനാകില്ല. പൃത്ഥ്വിയെ കേന്ദ്രീകരിച്ചുള്ള വംശീയ സംസ്‌കാരത്തിന് ദേശജ്ഞാനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും പ്രാധാന്യം നമുക്ക് കാണിച്ചുകൊടുക്കാനാകും. അങ്ങിനെ തദ്ദേശീയ വിഭവങ്ങളുപയോഗിച്ച്, പ്രകൃതിയോടും നമ്മോടു തന്നെയുമുള്ള തികച്ചും നൈസർഗ്ഗികവും സുസ്ഥിരവുമായ ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചതിന്റെ വിജയഗാഥകൾ (പേജ്-105 അവസാന ഖണ്ഡിക).

ലോക്കൽ ഫിനാൻസ്, ലോക്കൽ ബിസിനസ്, ലോക്കൽ എനർജി, ലോക്കൽ ഫുഡ് ആന്റ് ഫാമിംഗ്, ഫാർമേഴ്‌സ് മാർക്കറ്റ്, കമ്മ്യൂണിറ്റി മീഡിയ, പ്ലേസ് ബേസ്ഡ് എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, കമ്മ്യൂണിറ്റി ബിൽഡിംഗ്, ട്രാൻസിഷൻ ടൗസ്, കമ്മ്യൂണിറ്റി റൈറ്റ്‌സ് മൂവ്‌മെന്റ്, റെസിസ്റ്റൻസ് & റിന്യൂവൽ : ടോസ്പാൻ മുതലായ മുൻകൈയിലൂടെ മുതലാളിത്ത സമ്പ്രദായം ആക്രമിക്കുകയും പറിച്ചുമാറ്റിയതിന്റെയും വൈപരീത്യങ്ങൾ മറികടക്കാനാകുമെന്ന് വിവരിക്കുകയാണ് ഹെലിന. പ്രപഞ്ചവീക്ഷണത്തിന്റെയും ജീവിതഘടനയുടേയും മൂല്യങ്ങൾ ഉൾകൊള്ളുന്നതാണ് നമ്മുടെ സഹകരണ സംവിധാനങ്ങൾ. ജീവിതം, ജനത, മണ്ണ്, മൃഗങ്ങൾ, തരുക്കൾ തുടങ്ങിയവയെ വിലമതിക്കുന്ന സാമൂഹികവും സൗഹാർദ്ദപരവുമായ സമ്പദ്ഘടനയാണ് ഏറ്റവും ഏകീഭാവമുള്ളത് (പേജ്-73 അവസാനഭാഗം).

എന്നും എവിടെയും എല്ലാവർക്കും വേണ്ടതാണ് അന്നം. അക്കാരണത്താൽ ഭക്ഷണത്തിന്റെ ഉല്പാദനം, വിതരണം, വിപണനം എന്നിവയിൽ വരുന്ന ചെറിയ പരിണാമങ്ങൾ പോലും ആഴത്തിലുള്ള ആഘാതങ്ങളുണ്ടാക്കും. അതിനാൽ, വരാനിരിക്കുന്ന പ്രക്ഷുബ്ധതയിൽ തുഴയാൻ പൗരസമൂഹത്തെ പ്രാപ്തമാക്കുന്ന പ്രതിരോധത്തിന്റെ രക്ഷാനൗകകൾ കഴിഞ്ഞ 40 സംവത്സരങ്ങളായി ലോക്കൽ ഫ്യൂച്ചേഴ്‌സ് തയ്യാറാക്കികൊണ്ടിരിക്കുകയാണ് (പേജ്-75). സാധാരണ കർഷകർ ഭൂമിയുടെയും വെള്ളത്തിന്റെയും ഊർജത്തിന്റെയും 25 ശതമാനം മാത്രം ഉപയോഗിച്ച് ഇപ്പോഴും ലോകജനസംഖ്യയുടെ 70 ശതമാനം പേരെയും തീറ്റിപ്പോറ്റുന്നു. കാർഷിക ആവാസവ്യൂഹം, സമഗ്രവിഭവപരിപാലനം, പെർമകൾച്ചർ, പുനരുജ്ജീവിപ്പിക്കാവുന്ന കാർഷിക സമ്പ്രദായങ്ങൾ എന്നിവയാൽ, ആഗോള ഭക്ഷ്യശൃംഖല വഷളാക്കിയ ജൈവവൈവിധ്യനാശം, ഊർജ്ജശോഷണം, രാസമലിനീകരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ആത്യധികമായ കാർബൺ ഉത്സർജനം തുടങ്ങിയവയെ ചെറുക്കാനാകും. ഗിരിശൃംഗങ്ങൾ കോളനിവല്ക്കരണത്തെ പ്രതിരോധിച്ച ലഡാക്ക് ഇപ്പോഴും എറെക്കുറെ ആഘാതബാധിതമല്ല. നമ്മെപ്പോലെ ന്യൂറോസിസ് (neurosis) അവർക്കില്ല. ആൺകോയ്മയുള്ള ബ്യൂറോക്രസിയും മലിനീകരണവും നഗര ജീവിതത്തിന്റെ പൊലിമയും കർഷകരുടെ പിന്നോക്കാവസ്ഥയുമൊക്കെ ഉണ്ടെങ്കിലും ലഡാക്കികളുടെ ജീവിതം ആയാസരഹിതവും ആനന്ദപൂർണ്ണവുമാണ് (പേജ്-108 ഖണ്ഡിക-3). പ്രതിസന്ധികളുടെ മൂലകാരണം കൃത്യമായറിഞ്ഞ്, അർത്ഥപൂർണ്ണമായ പരിഹാരങ്ങളെകുറിച്ച് ഉത്തമബോധ്യമുള്ള, വിമർശനബുദ്ധിയുള്ള ജനതയാണ് അനിവാര്യം. അത്തരം സമൂഹത്തെ സൃഷ്ടിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ‘ബിഗ് പിക്ച്ചർ ആക്ടിവിസം’ (പേജ്-113 ഓം ഖണ്ഡിക). ടിം, കരോലിൻ എന്ന സജീവരായ ദമ്പതികൾ തങ്ങളുടെ കുട്ടികളെ ജൈവഭക്ഷണവും ജൈവജീവിതവും പ്രദാനം ചെയ്ത് വളർത്തിയ കാര്യം ഹെലിന ആഖ്യാനിക്കുന്നുണ്ട്. പുതിയ സാമ്പത്തിക മത്സരം നിങ്ങളുടെ ജീവിതത്തിന്റെയും സന്തോഷത്തിന്റെയും ചെലവിലാണെറിഞ്ഞ്, എതിർത്തുനിൽക്കാൻ അസാധാരണ ധൈര്യം വേണം. ഒന്നിച്ചു യത്‌നിക്കണം ഒരു സന്തോഷ സമ്പദ്‌വ്യവസ്ഥക്കായി. ലഡാക്കികളെ അത് ബോധ്യപ്പെടുത്തി ജനങ്ങളോടും ജീവികളോടുമുള്ള മമത അവർ ഊട്ടി ഉറപ്പിച്ചു. മറ്റുള്ളവരുടെ സന്തോഷം പോലെ തന്നെയാണ് നമ്മുടേതെന്ന അധ്യാത്മിക വഴി പഠിപ്പിച്ചു. കണ്ണഞ്ചിപ്പിക്കുന്ന കമ്പോള ലോക മിത്തിന്റെ അപനിർമ്മിതിക്കായുള്ള, യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള പ്രവണതയാണ് വേണ്ടത്.

Countering the Objections അധ്യായത്തിൽ സദസ്സുകളിൽ സാധാരണ ഉയർന്നു വരുന്ന സംശയങ്ങൾക്ക് ഹെലിന മറുപടി പറയുന്നു. ലോക്കലൈസേഷൻ ഒരു വിധത്തിലുള്ള സോഷ്യൽ എഞ്ചിനീയറിംഗ് ആണെന്ന് അവർ സമർത്ഥിക്കുന്നു (പേജ്-86, ഖണ്ഡിക-2). ജനങ്ങളോട് അവരുടെ തനത് വസ്ത്രം, ഭാഷ, ഭക്ഷണം എന്നിവ ഉപേക്ഷിച്ച് തൊഴിൽരഹിതരുടെ സമൂഹത്തിലേക്ക്, (jobless growth society) ചിട്ടപ്പെടുത്തിയ ഏകസംസ്‌കാരത്തിലേക്ക് പോകുവാൻ പ്രേരിപ്പിക്കുന്നു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ അവിടത്തുകാരോട് ഗ്രാമം വിട്ട് നഗരകേന്ദ്രത്തിലേക്കുള്ള ആഗമനത്തിനായി ആഹ്വാനം ചെയ്യുന്നു. ഒറ്റമൂലിക്ക് പകരം (Centralized Prescription) പ്രാദേശിക സമ്പദ് വ്യവസ്ഥകൾ പുരുഷാരത്തിന് അവരുടെ ജീവിതവും ഭാവിയും സ്വയം നിർവ്വചിക്കാനും നിർണ്ണയിക്കാനും പിന്തുടരാനും കഴിയുന്നു. വികസിത, വടക്കൻ രാജ്യങ്ങളിൽപ്പോലും നഗരവാസികൾ പ്രാദേശിക സമുദായങ്ങളേക്കാൾ സംഘർഷഭരിതരാണ്. ഗ്രാമങ്ങൾ ശൈഥില്യത്തിലേക്ക് പോകുന്നു. ജനസാന്ദ്രതയേറിയ മഹാനഗരങ്ങളിലേക്കാണ് ഗ്രാമീണരുടെ കുടിയേറ്റം. ഏറ്റവും ധനികരായ പാരീസിലേയും പരമദരിദ്രരായ കൽക്കത്തയിലെയും ചേരി നിവാസികൾ വരെ ആശ്രയിക്കുന്നത് പാക്കുചെയ്യപ്പെട്ട, വാഹനങ്ങളിലെത്തുന്ന ഭക്ഷണം. നഗരങ്ങൾ കൂടുതൽ കാര്യക്ഷമമല്ലേ എന്ന് പുരികമുയർത്തുന്നവരോട് ഹെലിന പ്രതിവചിക്കുന്നു. മറിച്ച് ചെറുപട്ടണങ്ങൾ അയൽ ഗ്രാമങ്ങളെ ആശ്ലേഷിച്ച്, പാരിസ്ഥിതിക, സാംസ്‌കാരിക ആർജ്ജവം കാത്തുപോരുന്നു. ആഗോളീകരണത്തിൽ അസ്തമിക്കുന്നത് ആരോഗ്യപരമായ ബന്ധങ്ങളാണ്. ഫെയർട്രേഡ് ഒരു പരിഹാരമല്ലെന്നും അവർ വിശദീകരിക്കുന്നു. കയറ്റുമതിക്കായി കെനിയൻ കൃഷിയിടങ്ങൾ വിദേശ കോർപ്പറേഷനുകൾ വിപുലമായ ഏകവിളത്തോട്ടങ്ങളാക്കുന്നു. (പേജ്-89) ഫെയർട്രേഡും വിദേശ വിപണിയുമെന്നാൽ ഉല്പന്നങ്ങൾക്കായുള്ള അപകടകരമായ നിലനിൽപ്പെന്നർത്ഥം. സ്ഥാനീയാവശ്യങ്ങൾ നിറവേറ്റുന്ന ദേശീയ-പ്രാദേശിക വ്യാപാരത്തിന് പിന്തുണക്കാനുള്ള മുൻഗണന നല്കിയാൽ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാനും ഉത്തര-ദക്ഷിണ രാഷ്ട്രങ്ങൾക്ക് ഒരുപോലെ കഴിയും. ആദർശവൽകൃത ഭൂതകാലത്തിലേക്ക് തിരിച്ചു പോകലല്ല പ്രാദേശീകരണമെന്ന ഹെലിന ആവർത്തിക്കുന്നു. പ്രസ്തുത ജനങ്ങളുടെ ചരിത്രത്തിലേക്കും പ്രകൃതികേന്ദ്രീകൃത സംസ്‌കൃതിയിലേക്കും പൈതൃകത്തിലേക്കുമുള്ള യാത്രയാണത്.

വെൻഡൽ ബെറി

30 വർഷമായി ഭൗമാധിഷ്ഠിത ജീവിത മാർഗ്ഗങ്ങളുടെ പ്രമുഖവക്താവും മോട്ടിവേറ്ററുമായ അമേരിക്കയിലെ വെൻഡൽ ബെറിയുമായുള്ള സംവാദത്തിലാണ് ഗ്രന്ഥത്തിന്റെ പര്യവസാനം CODA – A Conversation with Wendell Berry (പേജ്-127). കർഷകൻ, കവി, ലേഖകൻ, ഉപന്യാസകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തൻ. മാനവരാശിയുടെ അജ്ഞതയേയും അത്യാഗ്രഹത്തിനെയും പഴിച്ച്, അവരുടെ കാരണം കൊണ്ടുതന്നെ അവർക്ക് സർവ്വനാശം വരട്ടെയെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. തിന്മകളുണ്ടെങ്കിലും എല്ലാവരിലും എന്തെങ്കിലും നന്മയുണ്ടെന്നും പ്രശ്‌നത്തിൽ നിന്ന് ഒളിച്ചോടുകയല്ല, പ്രതിവിധി കണ്ടെത്തുകയാണ് പ്രധാനമെന്നും വെന്റൽ. മനുഷ്യർ ബുദ്ധിയിൽ പരിമിതർ, ആശ്രയിക്കാവുന്ന ദീർഘവീക്ഷണവുമില്ലാത്തവർ. ആഗോളവല്ക്കരണമെന്ന ഇത്രയും വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ നമുക്കാകില്ല. അതുകൊണ്ട് സ്വഭാവം, ചരിത്രം, സമകാലിക സാഹചര്യം എന്നിവ വിലയിരുത്തി കാര്യക്ഷമത, ലാഭം (പുതുവ്യവസ്ഥിതിയുടെ കേന്ദ്രബിന്ദു) എന്നിവയേക്കാൾ നിലവാരമുള്ളതിനെ അല്ലെങ്കിൽ – നാമിപ്പോഴും ധനപരമായ തീരുമാനമെടുക്കുന്നത് നിർണ്ണയിക്കുന്ന നടപടികൾ സ്വീകരിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാവുന്നത്. അഭികാമ്യം അയൽബന്ധം (neighbourliness), അവർ സുഹൃത്തുക്കൾ മാത്രമല്ല, ലോകം പങ്കുവെക്കുന്ന അമാനുഷിക ജീവികളും. ആഗോളവത്കരണത്തിന് പരിമിതികളുണ്ടെന്നത് അതിന്റെ പ്രയോക്താക്കൾ അംഗീകരിക്കുന്നില്ല. എന്നാൽ നാം അത് അംഗീകരിച്ചാൽ സമീപത്തുള്ളവയെ സ്വീകരിക്കും. നിങ്ങൾ സമീപസ്ഥരെ സ്‌നേഹിച്ചാൽ ഒരു യന്ത്രത്തെയോ അല്ലെങ്കിൽ റോബോട്ടിനേയോ അവർക്ക് പകരം വെക്കില്ല. മറിച്ച് വിഭവങ്ങളെ പണമാക്കി വികസിപ്പിക്കുന്ന പ്രക്രിയയെ പുൽകിയാൽ അനിവാര്യമായ വിനാശത്തിൽ പതിക്കും. ധനം അമൂർത്തമാണ് (Abstract). പ്രത്യേകിച്ച് സാധനങ്ങൾ – സ്വാഭാവിക പരിധിയിലും പരിമിതിയിലും മാത്രം ഉപയോഗിക്കാനാവുന്നത്. അതുകൊണ്ട് ചുവടുവെക്കാം മനുഷ്യാഭിമുഖ്യമുള്ള, പ്രാദേശീകരിച്ച സാമൂഹിക, സമ്പദ് വ്യവസ്ഥയിലേക്ക്. മൗലികാർത്ഥത്തിൽ കുടുംബ മാനേജ്‌മെന്റിലേക്ക്, അയൽപക്ക അർത്ഥശാസ്ത്രത്തിലേക്ക്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read