Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഓഫ്റോഡ്-7
അതെന്നെ ഒട്ടും അൽഭുതപ്പെടുത്തിയില്ല. യാഥാർത്ഥ്യങ്ങളിലേക്ക് നോക്കി നിൽക്കുമ്പോൾ തോന്നാറുള്ള ഇങ്ങിനെയും! എന്ന പരുഷത ഒരു നിമിഷാർധത്തിൽ മിന്നി മറഞ്ഞു, പതിവു പോലെ. എന്നിട്ട് ആ ഫോട്ടോഗ്രാഫിന്റെ അടിക്കുറിപ്പ് വായിച്ചു: ചേർത്തല ടൗണിനടുത്തുള്ള ഈ വീട് ഹൈവേയിലേക്കുള്ള റോഡിൽ നിന്നു കാണാം. വീതം വെച്ചപ്പോൾ ഒരു കോൺക്രീറ്റ് കട്ടറുപയോഗിച്ച് രണ്ടായി മുറിച്ചതാണ്: അനൂപ് മാത്യുതോമസാണ് ആലപ്പുഴയിൽ നടക്കുന്ന ‘ലോകമേ തറവാടിൽ’ ഈ രംഗം കാണികൾക്കായി അവതരിപ്പിച്ചത്. കേരളത്തിൽ ഇങ്ങനെയും വീടുകൾ ഭാഗം വെച്ചിട്ടുണ്ട്. അക്ഷരാർഥത്തിൽ രണ്ടായി മുറിക്കുക. അടിക്കുറിപ്പില്ലെങ്കിൽ കാടുമൂടി വിജനതയിലും അവഗണനയിലും താമസിക്കുന്ന പല വീടുകളിലൊന്ന് എന്നേ തോന്നൂ. രണ്ടു വീടുകൾക്കിടയിൽ ഒരു വിടവെന്നും. എന്നാൽ ആ അടിക്കുറിപ്പ് തറവാടുകൾ അവയുടെ ഭൂതകാല ശൗര്യങ്ങളെ എങ്ങിനെ പൊഴിച്ചു കളഞ്ഞുവെന്നതിലേക്കുള്ള തുറസ്സായി തോന്നി. അതിൽ മലയാളിയുടെ കുടുംബ വീട് സങ്കൽപ്പം തകിടം മറയുന്നത് കാണാം.
“ലോകം ഒരു കുടുംബമാണ് എന്നതാണ് ഈ കലാപ്രദർശനത്തിന്റെ പ്രധാന സങ്കൽപ്പനം. വള്ളത്തോൾ നാരായണ മേനോന്റെ കവിതയിലെ വരികളിൽ നിന്നെടുത്ത ഈ ആശയം മനുഷ്യരാശിയുടെ വിശ്വചേതനയോടുള്ള അഭ്യർത്ഥനയാണ്. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ നിരാശാഭരിതമായ മനുഷ്യ ചൈതന്യത്തെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനും ‘ലോകമേ തറവാട്’ കലയിലൂടെ ശ്രമിക്കുന്നു. വിരസമായ ഈ കാലഘട്ടത്തിൽ കലാസമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രത്യേക താൽപര്യത്തിന്റെ ഫലമാണിത്. നമ്മുടെ വീടിനെയും, ചുറ്റുപാടുകളേയും ലോകത്തേയും പറ്റിയുള്ള ആശയങ്ങളെ കുറിക്കുന്ന ചില പ്രധാന ചോദ്യങ്ങൾ മുന്നോട്ടുവെച്ചാണ് ബോസ് കൃഷ്ണമാചാരി ഈ പ്രദർശനത്തിന്റെ സങ്കൽപ്പങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്.” (ലോകമേ തറവാട് ബ്രോഷറിൽ നിന്ന്). 267 മലയാളി കലാകാരരുടെ സൃഷ്ടികളാണ് 2021 ആഗസ്റ്റ് 13 മുതൽ 2021 നവംബർ 30 വരെ നടക്കുന്ന ഈ പ്രദർശനത്തിലുള്ളത്.
വീട്, വീടില്ലായ്മ, വാസം, പ്രവാസം തുടങ്ങിയ കേരളീയ ജീവിതത്തിന്റെ പ്രധാനമായ ചോദ്യങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് ഈ ഗംഭീര കലാഷോയിലൂടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്. വീടോർമ്മയും നാടോർമ്മയും എന്നും കലയുടെ പ്രധാന വിഷയങ്ങളിൽ പ്രധാനപ്പെട്ടതാണ്. അങ്ങിനെ വിചാരിച്ചു നടക്കുമ്പോൾ ശ്രീജ പള്ളത്തിന്റെ കൂറ്റൻ പെയിറ്റിംഗിന് മുന്നിലെത്തി. 40 പാനലുകളാണ് ഈ ചിത്രത്തിലുള്ളത്. ഓരോ പാനലിലും ജോലി ചെയ്യുന്ന ഒരു സ്ത്രീയെ കാണാം. എല്ലാം വ്യത്യസ്തമായ ജോലികൾ. ബസോടിക്കുന്നതു മുതൽ ശ്മശാനത്തിലെ ദേഹ എരിപ്പു ജോലി വരെ, കിണർ കുഴിക്കുന്നതു മുതൽ ശുചീകരണ ജോലി വരെ, നഴ്സിംഗ് മുതൽ നിർത്താതെയുള്ള വീട്ടു ജോലികൾ വരെ. സ്ത്രീകളുടെ കണക്കറ്റ അധ്വാനത്തിന്റെ ഗോപുരമാണ് ഈ ചിത്രം. അവരെ ജോലി അടിമകൾ മാത്രമാക്കി മാറ്റിയ ദൈവത്തിന്റെ സ്വന്തം നാടിനു നേരെ പെണ്ണിന്റെ തറവാട് ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത അധ്വാനം മാത്രമെന്ന് ഈ വലിയ കാൻവാസ് വ്യക്തമാക്കുന്നു. അടിത്തട്ടിലേയും ദരിദ്ര മധ്യവർഗത്തിലേയും കേരള സ്ത്രീ ജീവിതങ്ങൾ കാണിയോട് പറയുന്നു, “ഇങ്ങിനെ നോക്കി നിൽക്കാതെ, ഞങ്ങളുടെ ജോലി തുടങ്ങിയിട്ടേ ഉള്ളൂ”.
രാധാകൃഷ്ണൻ കെ.എസിന്റെ പ്രതിഷ്ഠാപനം നിരവധിയായ മനുഷ്യർ ഒരു വീടിനെ വളയുന്നതാണ്. അവർ കാന്തത്താലെന്നപോലെ ആ വീട്ടിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്, അതോടൊപ്പം ആ വീട് അവരിൽ നിന്നും വികർഷിക്കുകയും ചെയ്യുന്നു. അത് നമ്മുടെ ജീവിതത്തിൽ നിരന്തരമായി ആവർത്തിക്കുന്ന യാഥാർത്ഥ്യവുമാണ്. വീട്ടിലേക്ക് ആർത്തിയോടെ വരുന്നവരിൽ എത്ര പേർക്ക് സ്വന്തമായി വീടുണ്ടെന്ന/ ഒപ്പം എത്ര പേർക്ക് ഇരട്ടവീടുകളുണ്ടെന്ന/അടഞ്ഞ് കിടക്കുന്ന എത്ര വീടുകളുണ്ടെന്ന നിരവധിയായ വീട്/വാസം ചോദ്യങ്ങൾ ഇവിടെ ഉയർത്തപ്പെടുന്നു. ജിജി സ്ക്കറിയയുടെ കലാ ആവിഷ്ക്കാരത്തിൽ എന്തിനോ വേണ്ടി കാത്തുനിൽക്കുന്ന നിരവധി മനുഷ്യരിലേക്ക് മറിഞ്ഞുവീഴാൻ പാകത്തിലുള്ള പാറക്കല്ലും വീടിനു നടുവിലൂടെ തുളഞ്ഞു കയറിയ വൃക്ഷവും കാണാം. വിഖ്യാത ന്യൂറോ സയന്റിസ്റ്റ് ചാൾസ് ലിമ്പ് കലയെക്കുറിച്ച് പറഞ്ഞു: Art is magical, but it’s not magic. It’s a neurological product, and we can study this neurological product the same way we study other complex processes such as language. കാലാവസ്ഥാ വ്യതിയാനങ്ങൾ മനുഷ്യഭാഷയെ സ്വാധീനിക്കുകയും മാറ്റുകയും ചെയ്യുന്നതിനെക്കുറിച്ച് അമിതാവ് ഘോഷ് പറയുന്ന കാര്യങ്ങൾ കൂടി ഇവിടെ ഓർക്കാം. ചിത്ര ഭാഷ അതിസങ്കീർണ്ണമായ ഒരു സാഹചര്യത്തിന്റെ നേർ ആവിഷ്ക്കാരമായി മാറുന്നു. കേരളത്തിലെ പ്രകൃതി സമീപകാലത്ത് നൽകിയ മുന്നറിയിപ്പുകളുടെ ഞരമ്പൊപ്പായി ഈ കലാസന്ദർഭം മാറിയിരിക്കുന്നു.
പ്രകൃതിയുടെ ആഞ്ഞടിക്കലിൽ തകർന്ന് ഇല്ലാതായിപ്പോകുന്ന കടൽത്തീര വീടുകളുടെ അവശിഷ്ടങ്ങൾ കെ.ആർ സുനിൽ തന്റെ ക്യാമറയിൽ പകർത്തിയിരിക്കുന്നു. ഏകാന്ത ഭീതയിലാണ് ആ അവശിഷ്ടങ്ങൾ നിൽക്കുന്നത്. ഒരു ചുമർകഷണമോ, ജനൽപ്പൊളിയോ മാത്രം ബാക്കി നിൽക്കുന്ന കാഴ്ച്ചകളാണ് കറുപ്പിലും വെളുപ്പിലും സുനിൽ പകർത്തുന്നത്. ആ അനുഭവത്തെ അദ്ദേഹം ഇങ്ങിനെ വിശദീകരിക്കുന്നു: “എല്ലാവർഷവും മഴക്കാലത്ത് കടലോരത്ത് പാർക്കുന്ന നൂറു കണക്കിനാളുകൾക്ക് കേരളത്തിൽ വീട് നഷ്ടമാകുന്നു. ഒന്നുകിൽ വീട് തകർന്നു പോകുന്നു, അല്ലെങ്കിൽ പാർപ്പ് അസാധ്യമാകും വിധം ഉപയോഗ ശൂന്യമാകുന്നു. പലപ്പോഴും അവരുടെ വീട് നിന്ന കര തന്റേതാണെന്ന് പറഞ്ഞ് കടൽ എടുക്കുന്നു. കഴിഞ്ഞ ദശകങ്ങളിൽ ആഗോള താപനം ഈ പ്രശ്നത്തെ കൂടുതൽ ത്വരിതമാക്കിയിരിക്കുന്നു. മഞ്ചുക്കാർ എന്ന ഫോട്ടോ പുസ്തകത്തിനുവേണ്ടി അന്വേഷണ യാത്രകൾ നടത്തുമ്പോൾ ഉത്തരകേരളത്തിലെ കടൽത്തീരങ്ങളിലെ നിരവധി മനുഷ്യരുമായി എനിക്ക് സൗഹൃദങ്ങളുണ്ടാക്കാനായിരുന്നു. എന്നാൽ അടുത്ത കാലത്ത് അവരുണ്ടായിരുന്ന സ്ഥലങ്ങളിൽ പോയപ്പോൾ വീട് കടലെടുത്തതുകൊണ്ട് എല്ലാവരും സ്ഥലം മാറിപ്പോയെന്ന വിവരമാണ് കിട്ടിയത്. ആധുനിക സമ്പന്നർക്ക് കടലോരം ഉല്ലാസത്തിനും ആഡംബരത്തിനും വേണ്ടിയുള്ളതാണ്. എന്നാൽ കടൽത്തീര സമൂഹങ്ങൾക്ക് കടൽ അവർ ആരാധിക്കുന്ന ദൈവത്തെപ്പോലെയും എന്നാൽ എപ്പോഴും മനസ്സുമാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയുമാണ്. അത് സുന്ദരവും ഒപ്പം ക്രൂരവുമാണ്. കടലിനോടു ചേർന്നു ജീവിക്കുക എന്നതവരുടെ തീരുമാനമല്ല, തൊഴിൽ സൗകര്യത്തിൽ നിന്നുമുണ്ടായതാണ്. കടൽത്തീര മനുഷ്യർ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതം തുച്ഛമാണ്. പക്ഷെ കാലാവസ്ഥാ മാറ്റത്തിന്റെ ആദ്യ ഇരകൾ അവരാണു താനും. തങ്ങളുടെ ജീവിതകാലം മുഴുവനും അധ്വാനിച്ചാണ് അവർ ഒരു വീടുണ്ടാക്കുന്നത്. കര കടലെടുക്കുമ്പോൾ ഇവരിൽ നിന്ന്, ഇവരുടെ സുഹൃത്തുക്കളിൽ നിന്ന്, അയൽവാസികളിൽ നിന്ന് അവരുടെ വീടുകളേയും കഥകളേയും കവരുന്നു.” കേരളത്തിലെ പരമ്പരാഗത/പൈതൃക സമൂഹങ്ങളുടെ വീടുകൾക്ക് എന്തു സംഭവിക്കുന്നു എന്നതിന് ഇതിൽ പരം വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
കേരളത്തിലെ ജാതി/അടിമ ചരിത്രം എന്നിവയോട് പ്രതികരിക്കുന്ന സാജൻ മണിയുടെ പ്രതിഷ്ഠാപനം കാസ്റ്റ്-പിറ്റൽ, പൊയ്കയിൽ അപ്പച്ചന്റെ കവിതകളെ സ്രോതസാക്കി കേരള ചരിത്രത്തിലേക്ക് നോക്കുന്നു. കലപ്പയും ദളിത് ശരീരവും മലയാളിയുടെ ചരിത്രവും ഇവിടെ മുഖാമുഖം നിൽക്കുന്നു. 2018ൽ മ്യൂണിച്ചിൽ ‘സ്പെക്ടേഴ്സ് ഓഫ് കമ്യൂണിസം, എ ഫെസ്റ്റിവെൽ ഓൺ ദ റെവലൂഷണറി സെഞ്ച്വറി’ പരിപാടിയുടെ ഭാഗമായി Okwuvi Enwezor (Haus der Kunts) ക്യൂറേറ്റ് ചെയ്ത 9.30 മണിക്കൂർ നീളുന്ന പ്രതിഷ്ഠാപന കലാപ്രകനടത്തെക്കുറിച്ച് സാജൻ മണി പൊയ്കയിൽ അപ്പച്ചന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് പറയുന്നു:
“കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേകവംശത്തിൽ ചരിത്രങ്ങൾ
എന്റെ വംശത്തിൻ കഥ എഴുതിവച്ചിടാൻ
പണ്ടീ ഉർവ്വിയിലാരുമില്ലാതെ പോയല്ലോ
ഇടതുപക്ഷത്തിന് ദീർഘചരിത്രമുള്ള ഒരിടമായ കേരളത്തിൽ നിന്നും വരുന്ന ദലിതരുടെ ചരിത്രത്തിലേക്ക് നോക്കുമ്പോൾ അടിമത്തത്തിന്റേയും അടിമത്തൊഴിലിന്റേയും നിരവധി സന്ദർഭങ്ങളുണ്ട്. മോസ്ക്കോ പുസ്തകങ്ങൾ ഒരു ഭാഗത്ത്. തമസ്ക്കരിക്കപ്പെട്ട ദളിത് ചരിത്രം മറ്റൊരു ഭാഗത്ത്. അതിനാൽ വിജയങ്ങളേക്കാൾ ആഘോഷിക്കപ്പെടേണ്ടത് പരാജയങ്ങളാണ്. അത്യഅപൂർവം ചില സന്ദർഭങ്ങളിലൊഴിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ജാതിയെ അഭിസംബോധന ചെയ്തിട്ടില്ല. മാർക്സ് പക്ഷെ 1853ൽ ഇങ്ങിനെ എഴുതി, ‘We must not forget that these little communities were contaminated by distinctions of caste and by slavery, that they subjugated man to external circumstances instead of elevating man the sovereign of circumstances’. ഇടതു നേതൃത്വത്തിന് മാർക്സിസ്റ്റ് കാഴ്ച്ചപ്പാടോടെയുള്ള ദേശീയ സങ്കൽപ്പമുണ്ടായി, പക്ഷെ ജാതിയെ അഭിസംബോധന ചെയ്തില്ല”
അടിമയായി ജനിച്ച പൊയ്കയിൽ അപ്പച്ചനിൽ നിന്നുമാരംഭിക്കുന്ന കേരളീയ ചരിത്ര നോട്ടമാണ് ഈ രചന. പൊയ്കയിൽ അപ്പച്ചന്റെ വരികൾ ചിത്രങ്ങളായും ചിത്രങ്ങൾ വാക്കുകളായും മാറുന്ന കലാസന്ദർഭമെന്ന് ഈ രചന ഇതിനോടകം വിലയിരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ജാതിയെക്കുറിച്ചും തറവാട് എന്ന സങ്കൽപത്തിലെ മുതലാളിത്താംശത്തെക്കുറിച്ചും ചില ചോദ്യങ്ങൾ ഉന്നയിക്കാനാണ് ഈ കലാകാരൻ ശ്രമിച്ചിട്ടുള്ളത്. ഒപ്പം അയാൾ പറയുന്നു, “എന്താണ് വീട്, അതൊരു ഭൗതിക സ്ഥലമാണോ? അതോ സാമൂഹിക സ്ഥലം, അല്ലെങ്കിൽ ഒരു മാനസിക നില?” സാജൻ മണിയുടെ മറ്റൊരു രചന ‘പൗരത്വം കത്തിച്ചുകളയൂ’ വും പ്രദർശനത്തിലുണ്ട്. പി സനൽ മോഹന്റെ ‘കീഴാളപക്ഷ ചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും’ എന്ന പുസ്തകത്തിന്റെ കവർ ചിത്രവും കാസ്റ്റ്-പിറ്റൽ ആണ്.
സാജൻ മണി ഉന്നയിച്ച പ്രശ്നത്തിന്റെ മറ്റൊരു വശം അനൂപ് തോമസ്മാത്യു ‘കറുത്ത മഡോണ’ എന്ന പള്ളി ശിൽപ്പവുമായി ബന്ധപ്പെട്ടുയർന്ന കാര്യങ്ങളെക്കുറിച്ചുള്ള അടയാളപ്പെടുത്തയതിൽ കൂടുതൽ സുതാര്യമാക്കുന്നു. അതിങ്ങനെയാണ്: “പള്ളോട്ടൻസ് എന്ന പേരിൽ കൂടുതൽ നന്നായി അറിയപ്പെടുന്ന സൊസൈറ്റി ഓഫ് കാത്തലിക് അപ്പൊസ്തലേറ്റിലെ ഫാ. ടോണി കോൽബ് തിരുവനന്തപുരത്തെ പള്ളോട്ടിഗിരിയിൽ പുതുതായി തുടങ്ങുന്ന ചാപ്പലിലേക്കുള്ള മഡോണയുടെ ഒരു ശിൽപ്പമുണ്ടാക്കാനായി 1970ൽ ജ്യോതി സാഹിയെ നിയോഗിച്ചിരുന്നു. അടുത്തുതന്നെയുള്ള മരിയനാട് എന്ന മൽസ്യബന്ധനഗ്രാമത്തിൽ താൻ താമസിച്ച ഒരു മാസക്കാലത്തിനുള്ളിൽ ശിൽപം തീർക്കാമെന്നായിരുന്നു സാഹി തീരുമാനിച്ചത്. അത് വീട്ടിയിൽ ചെയ്യാമെന്ന് ഫാ. കോൽബുമായി ആലോചിച്ച് നിശ്ചയിച്ചതനുസരിച്ച് യോജിച്ച ഒരു തടി കടൽത്തീരത്തുള്ള ഗ്രാമത്തിൽ കൊണ്ടു വരികയും ചെയ്തു. ശിൽപ്പം പൂർത്തിയാക്കിയ ശേഷം സാഹി അത് പള്ളോട്ടൻസിന് കൈമാറി. പക്ഷെ, അവരത് ചാപ്പലിൽ വെച്ചില്ല. ചാപ്പലിന്റെ ചുമതലയുള്ള ഫാ. മാൻഫ്രെഡ് ഹോക്ക് സഭക്കാരുമായി കൂടിയാലോചിച്ച ശേഷം പറഞ്ഞത് ഇരുണ്ടു ഭംഗിയില്ലാത്ത ആ ശിൽപ്പം മേരിയുടേതാണെന്ന് കരുതാനാവില്ലെന്നായിരുന്നു. എന്നാൽ, മരിയനാട്ടെ മൽസ്യബന്ധനത്തിലേർപ്പെട്ടവരെ മാതൃകയാക്കിയുണ്ടാക്കിയ ശിൽപ്പം തിരസ്ക്കരിക്കപ്പെട്ടു എന്നത് ഒരു ബദൽ സൗന്ദര്യശാസ്ത്രത്തിനുവേണ്ടിയുള്ള സാഹിയുടെ അന്വേഷണത്തെ കൂടുതൽ ദൃഡമാക്കുകയാണ് ചെയ്തത്. ലളിതകലയും അധസ്ഥിത വർഗത്തിന്റെ ‘ദലിത് കല’യും തമ്മിലുള്ള വ്യത്യാസം തുടർന്നും അന്വേഷിക്കുകയാണ് അദ്ദേഹം ചെയ്തത്. അതോടെ, ക്രിസ്തുമതാചാരം അതത് ദേശത്തെ സംസ്ക്കാരവുമായി പൊരുത്തപ്പെടണം എന്ന നിലപാടുമായി കാത്തോലിക്കാ സഭക്കകത്തു തന്നെ രൂപം കൊണ്ട ‘സാംസ്ക്കാരികാനുരൂപണം’ എന്ന പ്രസ്ഥാനത്തിനുവേണ്ടി അദ്ദേഹം നടത്തിയ ശ്രമം, പ്രത്യേകിച്ച് ഒരു ‘ദളിത് മഡോണ’യെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന സങ്കൽപം ഒരു വിവാദ വിഷയമാവുകയും ചെയ്തു. സംസ്ക്കാരവും വിശ്വാസ സംഹിതകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്വേഷിക്കുന്ന സാഹിയുടെ ഒരേസമയം കലാകാരനും ദൈവശാസ്ത്രജ്ഞനും എന്ന നിലയിലുള്ള പ്രവർത്തനം സാധാരണക്കാരുടെ ആഗ്രഹങ്ങൾക്കും ആഗോള സഭയുടെ അഭിലാഷങ്ങൾക്കും ഇടയിൽ ഒരസ്വസ്ഥതതായി ഇന്നും നിലനിൽക്കുന്നു. ഇന്ത്യയിലും ആഗോള തലത്തിലും ഉള്ള വേറെയും സഭകളിൽ അദ്ദേഹം ധാരാളം പ്രവർത്തിച്ചിട്ടുണ്ട്. പള്ളോട്ടൻസ് തന്നെ വേറെ രണ്ടു പള്ളികളിലെ ജോലി പിന്നീട് അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു.
ഫാ.ഹോക്ക് മരണമടഞ്ഞത് 2015ൽ ആയിരുന്നു. പള്ളോട്ടിഗിരിയിലെ അദ്ദേഹത്തിന്റെ മുറിയിൽ നിന്നാണ് ഈ ശിൽപ്പം കണ്ടുകിട്ടിയത്. പള്ളോട്ടൻസിന്റെ ചരിത്രവും ഇന്ത്യയിലെ അവരുടെ പ്രേഷിത പ്രവർത്തനവും വിശദീകരിക്കുന്ന ഒരു മ്യൂസിയം അവിടെ തുറന്നിട്ടുണ്ട്. ഇന്ത്യയിൽ സഭയുടെ പ്രവർത്തനം തുടങ്ങിയ ജർമ്മൻ പുരോഹിതർക്കുള്ള ആദരം കൂടിയാണ് ഈ മ്യൂസിയം. അവർ ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ ശേഖരിച്ച കലാവസ്തുക്കളും മ്യൂസിയത്തിലുണ്ട്. സാഹിയുടെ ശിൽപ്പം കൂടി മ്യൂസിയത്തിന്റെ ഭാഗമാക്കാനാലോചിക്കുകയാണ് ഇപ്പോൾ മ്യൂസിയത്തിന്റെ ചുമതലയുള്ള ഇന്ത്യൻ പുരോഹിതൻമാർ.”
മതവും കലയും ജാതിയും മുഖാമുഖം നിൽക്കുന്ന ഈ സന്ദർഭം പ്രദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്. സമാന മുസ്ലിം/ഇസ്ലാം സന്ദർഭങ്ങൾ പ്രദർശനത്തിൽ കാണാനാവില്ല. അത്തരം അന്വേഷണം ഇല്ലാത്തതോ കലയും ഇസ്ലാമും തമ്മിലുള്ള സംഘർഷം ആവിഷ്ക്കരിക്കപ്പെടാത്തതോ ആയിരിക്കാം ഇതിനു കാരണം.
രാജേഷ് തച്ചന്റെ തിമിംഗല വാരിയെല്ലിനെ ഓർമിപ്പിക്കുന്ന തോണി അണിയം കടൽക്കല എങ്ങിനെയാകാം എന്നതിനുള്ള മികച്ച ഉദാഹരണമാണ്. മലയാളിയുടെ കടൽ ജീവിതത്തിന്റെ മുഹൂർത്തങ്ങളൊന്നും നമ്മുടെ ബീച്ച് ആർട്ടിൽ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിൽ തുറന്ന കടൽത്തീരങ്ങളിൽ വരേണ്ട പൊതുകലയിൽ സ്ഥാപിക്കപ്പെടേണ്ട ശിൽപ്പങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവ എന്തായിരിക്കാമെന്ന, കടൽക്കലാ വീട്ടിൽ എന്തുണ്ടായിരിക്കണമെന്ന ചർച്ച രാജേഷ് തച്ചൻ കലയുടെ വാരിയെല്ലുകളെ ഉപയോഗിച്ച് ചോദിക്കുകയാണ്. പക്ഷെ അപ്പോഴും കടൽ മനുഷ്യർ എങ്ങിനെ കടൽക്കലയിൽ വരുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കുന്നില്ല.
ജിതേഷ് കല്ലാട്ടിന്റെ ചപ്പാത്തി-ചന്ദ്രക്കല പ്രതിഷ്ഠാപനം ‘എപ്പിലോഗ്’ ഒരാളുടെ ജന്മനക്ഷത്രം ചപ്പാത്തി ചന്ദ്രക്കലയിൽ പ്രതിബിംബിക്കും മട്ടിലാണ് സങ്കൽപ്പിച്ചിരിക്കുന്നത്. ചപ്പാത്തിയുടെ കരിഞ്ഞതും മൊരിഞ്ഞതുമായ വക്കുകളിൽ പ്രതിബിംബിക്കുന്ന ഇന്ത്യൻ മനുഷ്യജീവിതത്തിന്റെ ജന്മനക്ഷത്ര ഗ്യാലറിയാണ് പത്തു വർഷം മുമ്പ് പൂർത്തീകരിച്ച ഈ രചന. കലാകാരന്റെ അച്ഛൻ ജീവിതത്തിൽ കണ്ട 22000 ചന്ദ്രബിംബകാഴ്ചകൾ (പൂർണ്ണ ചന്ദ്രൻ ഉൾപ്പെടെ) ആണ് ഇവിടെ പ്രതിഫലിക്കപ്പെടുന്നത്. മലയാളിയുടെ തൊഴിൽ കുടിയേറ്റ/പ്രവാസത്തിന്റെ-അന്നത്തിനായുള്ള അന്വേഷണയാത്രകളെ- ഒരു നിലയിൽ ചപ്പാത്തി-ചന്ദ്രക്കല പ്രതിനിധീകരിക്കുന്നു. ചപ്പാത്തി വീടുകൾ എന്ന സങ്കൽപ്പത്തിലേക്കും അതു നമ്മെ നയിക്കുന്നു.
ഉണ്ണിക്കൃഷ്ണൻ ദാമോദരന്റെ വീഡിയോ ഇൻസ്റ്റലേഷനിൽ കേരളത്തെക്കുറിച്ചുള്ള നിരവധി നിരീക്ഷണങ്ങൾ മിന്നിമറയുന്നു. അതിലൊന്ന് ‘നോബഡി ഈസ് എക്സൈറ്റഡ് ഓൺ പ്രവാസി’ എന്നാണ്. തൊഴിൽ പ്രവാസം എന്നത് ആധുനിക മലയാളിയെ രൂപീകരിച്ചതിൽ പ്രധാന പ്രതിഭാസമാവുകയും എന്നാൽ കോവിഡോടെ പ്രവാസി തന്നെ കേരളത്തിലെ മലയാളിയുടെ ശത്രു എന്ന നിലയിലേക്ക് മാറിയതും നാം കണ്ടു കഴിഞ്ഞു. അത്തരമൊരു സന്ദർഭത്തോടുള്ള പ്രതികരണം കൂടി ആയി ഈ വീഡിയോ ഇൻസ്റ്റലേഷൻ പ്രവർത്തിക്കുന്നു. ടി.കെ മുരളീധരന്റെ രചനകളിലെ കെട്ടിടക്കെട്ടുകളും തൊഴിൽ പ്രവാസത്തിന്റെ മലയാളിയുടെ നീണ്ട ഇടവഴികളും പെരുമ്പാതകളും ചിത്രീകരിക്കുന്നു. മനുഷ്യരെയല്ല വഴികളും പടികളും യാത്രാപഥങ്ങളും കെട്ടിടക്കെട്ടുകളുമാണ് ആ ചിത്രങ്ങളിൽ കാണാനാവുക.
ജോർജ് കുരുവിളയുടെ ട്രാൻസ് ജെൻഡർ പോർട്രെയ്റ്റുകൾ അവർ പോരാടി നേടിക്കൊണ്ടിരിക്കുകയും ഇടക്കിടെ നഷ്ടപ്പെടുകയും ചെയ്യുന്ന സാമൂഹ്യ സ്ഥലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അവർക്ക് വീടുണ്ടോ, ഉണ്ടെങ്കിൽ അത് തെരുവാണോ എന്ന ചോദ്യം ഉയരുകയും ചെയ്യുന്നു. പ്രദർശനത്തിൽ ഈ കലാചിത്ര-ശിൽപ്പ പ്രതിഷ്ഠാപനം ഒരു മേൽക്കൂരക്ക് കീഴെ ഇരിക്കുമ്പോൾ തോന്നാവുന്ന സമാശ്വാസം അവരുടെ യഥാർത്ഥ നിത്യജീവിതത്തിൽ ഇന്നുമില്ല. പരിത്യക്തരുടെ, അതിനാൽ തന്നെ പൗരജീവിതം നഷ്ടപ്പെട്ട് അഭയാർഥി ജീവിതം നയിക്കുന്ന, വീട് എന്നത് എത്തിപ്പിടിക്കാൻ പറ്റാത്ത ഒരു ജനവിഭാഗത്തെ ജോർജ് കുരുവിള നമ്മുടെ മുന്നിലേക്ക് ഈ പ്രതിഷ്ഠാപനത്തിലൂടെ എത്തിക്കുന്നു. ഗോപീകൃഷ്ണന്റെ പെയിന്റിംഗിൽ വീടിന്റെ പുറംതിണ്ടിലിരിക്കുന്ന കപ്പടാ മീശക്കാരന്റെ മുകളിൽ വിറക് വെക്കാനുപയോഗിക്കുന്ന കെട്ടിൽ ഒരു കടുവ വിശ്രമിക്കുന്നു. ഇപ്പോൾ കേരളത്തിൽ പതിവായിക്കഴിഞ്ഞ കടുവയുടെ/വനമൃഗത്തിന്റെ മനുഷ്യവാസ മേഖലയിലെ സാന്നിധ്യത്തെ ഈ കടുവ പ്രതിനിധീകരിക്കുന്നുണ്ട്. വീടു തേടി വന്ന കടുവയാണത്.
ഭാഗ്യനാഥിന്റെ നിരവധി വിശദാംശങ്ങൾ രേഖപ്പെടുത്തിയ പെയിന്റിംഗ് അങ്ങേയറ്റം സവിശേഷമാണ്. തന്റെ വീടിനു ചുറ്റും വന്നു കൊണ്ടിരുന്ന ഫ്ളാറ്റ് സമുച്ചയങ്ങളെ നോക്കിയാണ് ഈ ചിത്രമുൾപ്പെടെയുള്ള പരമ്പര വരക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. ഈ ചിത്രത്തിന്റെ ഓരോ അടരിലും കേരളത്തിലെ വിവിധ ജീവിതങ്ങൾ കാണാം. രാഷ്ട്രീയം, സാംസ്ക്കാരികം, തൊഴിൽ പരം തുടങ്ങി വിവിധ അടരുകളെ നോക്കിക്കാണുകയാണ് ചിത്രകാരൻ. അരിവാൾച്ചുറ്റിക സ്ഥാപിക്കുന്നവർ മുതൽ തനി ഗ്രാമീണ ജീവിതത്തിന്റെ ദൃശ്യങ്ങൾ വരെ. കല്ലിൽ തലവെച്ചുറങ്ങുന്ന ഒരാളുണ്ട് ഈ ചിത്രത്തിൽ. ആ അടിക്കല്ലിൽ ഇങ്ങിനെ കാണാം: ‘The sleep of reason produces monsters’. അത് വിഖ്യാത ചിത്രകാരൻ ഗോയയിൽ നിന്നും വരുന്നതാണ്. ഈ ചിത്രത്തെക്കുറിച്ച് ഭാഗ്യനാഥൻ ഇങ്ങിനെ വിശദീകരിച്ചു: “സാമൂഹികവും രാഷ്ട്രീയവുമായ, പല സംഭവങ്ങളുടെ കാര്യത്തിൽ മറ്റു പലരെയും പോലെ ഞാനും ആശങ്കാകുലനാണ്. സമകാലിക ജീവിതത്തിലെ വിരോധാഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും, എന്റേതായ രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് ഈ ചിത്രത്തിലൂടെ. പക്ഷേ ഇത് ദൃശ്യപരമാണ്. എന്നെ സംബന്ധിച്ചെടുത്തോളം അത് വളരെ പ്രധാനമാണ്. ഒരർഥത്തിൽ “വിഷ്വൽ കമന്ററി” എന്ന് പറയാം. പെയിന്റിംഗിൽ നാടകീയരംഗങ്ങൾ ഉണ്ടാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഈ കഥാപാത്രങ്ങൾ ഒരു സ്റ്റേജ് പോലെയുള്ള സ്ഥലത്തു പ്രത്യക്ഷപ്പെടുന്നു. ചരിത്രപരമായ പരാമർശങ്ങൾ, സർറിയലിസ്റ്റ് അമൂർത്തീകരണം, ആക്ഷേപഹാസ്യം എന്നിവ കൂട്ടിച്ചേർക്കുന്നു. ഇമേജുകൾ തമ്മിൽ ധാരാളം ഡയലോഗുകൾ സൃഷ്ടിക്കാനും ചിത്രത്തിലൂടെ ശ്രമിക്കുന്നു.” ഗോയയുടെ സന്ദേശം കൊണ്ടു വരാൻ ശ്രമിക്കുന്നതിനെക്കുറിച്ചും ഭാഗ്യനാഥൻ പറഞ്ഞു: “ഗോയയുടെ ഇമേജ് (The Sleep of Reason Produces Monsters) ഉപയോഗിക്കുന്നതിലൂടെ ഗോയയുടെ ചിത്രത്തിലെ ശക്തമായ സന്ദേശം contemporary contest ൽ കൊണ്ടുവരാനുള്ള ശ്രമമാണ്. ഗോയയുടെ ഇമേജ് ദൃശ്യപരമായ ഒരു ആകർഷിക്കലിനപ്പുറം സംഭാഷണങ്ങൾക്കുള്ള, ചർച്ചക്കുള്ള ഒരു കാരണം കൂടി ഉണ്ടാക്കുന്നുണ്ട്. പലവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു വരുന്ന ഈ കാലത്ത് ആധുനിക കാഴ്ചപ്പാടോടെ ഈ ചിത്രത്തെ സമീപിക്കുക എന്നത് പ്രധാനമാണ്. ഇത് provoke ചെയ്യുന്നു. കാണിയുടെ ശക്തമായ പങ്കാളിത്തത്തിന് ക്ഷണിക്കുന്നു.” ചിത്രകാരന് ഇതിൽക്കൂടുതൽ ഈ രചനയെക്കുറിച്ച് പറയാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. അത്രയേറെ സ്വയം സംസാരിക്കുന്നു ഈ ചിത്രം.
വിപിൻ ധനുർധരന്റെ തീവണ്ടിപ്പാത പ്രതിഷ്ഠാപനം പ്രദർശനത്തിൽ കോവിഡ് കാലത്തിന്റെ ഇന്ത്യനവസ്ഥയെ അതിതീവ്രമായി ആവിഷ്ക്കരിച്ചിരിക്കുന്നു. കോവിഡ് കാലത്തിന്റെ നിരവധി സൂചനകൾ മാസ്ക്കും സാനിറൈസറും ഉൾപ്പെടെ പല കലാകൃതികളുടേയും പാർശ്വങ്ങളിലുണ്ട്. എന്നാൽ അവയൊന്നും കോവിഡ് കാലത്തിന്റെ കൊടിയ ഇരുട്ടിലേക്ക് നമ്മെ പൂർണ്ണമായും കൊണ്ടു പോകുന്നില്ല. എന്നാൽ ഈ രചന അതിശക്തമായി ഇന്നും തീർന്നിട്ടില്ലാത്ത കോവിഡ് കാല കൊടും കെടുതികളെ നമ്മെ ഓർമ്മിപ്പിക്കുന്നു. രോഗം കൊണ്ടല്ല, വീട്ടിലേക്കു നടന്നുപോകുമ്പോൾ കൊല്ലപ്പെട്ട മനുഷ്യർ ഇന്ത്യൻ ദേശപ്രതിസന്ധിയുടെ കിടുക്കുന്ന യാഥാർഥ്യമാണ്. ഒരു തീവണ്ടിപ്പാതയും പാത അവസാനിക്കുന്ന ഇരുട്ടുമുറിയിൽ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ” why do we always return home?” എന്ന ഡോക്യുമെന്ററി സിനിമയും. തന്റെ രചന വ്യക്തമാക്കുന്ന കലാകാരന്റെ കുറിപ്പിൽ ഇങ്ങിനെ പറയുന്നു.
“2020 മെയ് എട്ടാം തീയതി മഹാരാഷ്ട്രയിലെ ജൽനയിലെ ഇരുമ്പുരുക്ക് ഫാക്ടറിയിലെ തൊഴിലാളികളായ 16 പേർ ഔറംഗബാദ് ജില്ലയിലെ കർമാട് റെയിൽവേ ട്രാക്കിൽ വിശ്രമിക്കുമ്പോൾ ചരക്കു തീവണ്ടി കയറി മരിച്ചു. കോവിഡ് മൂലം അടച്ചിടൽ കാലം തുടങ്ങിക്കഴിഞ്ഞിരുന്നു. പണിയും കൂലിയും ഇല്ലാതായിക്കഴിഞ്ഞിരുന്നു. പാളത്തിലൂടെ അപ്പോൾ തീവണ്ടി വരില്ലെന്ന് കരുതിയാണ് അവർ അവിടെ വിശ്രമിച്ചത്. അൽപ്പനേരം വിശ്രമിച്ച് വീണ്ടും നടക്കാമെന്ന് കരുതിയ അവർ ക്ഷീണം മൂലം പാളത്തിൽ കിടന്നുറങ്ങിപ്പോയി. അപ്പോൾ അതുവഴി ഒരു ചരക്കുവണ്ടി വന്നു. അവർ മധ്യപ്രദേശിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടക്കുകയായിരുന്നു.” നടന്നുപോകുന്നതിനിടെ ക്ഷീണിച്ച് വഴിയിൽ വീണു മരിച്ച മനുഷ്യരും നിരവധിയായിരുന്നു. കർമാട് മരിച്ചവരെക്കുറിച്ചുള്ള മലയാള മാധ്യമ റിപ്പോർട്ടുകളിലൊന്നും അവരുടെ പേരുകളുണ്ടായിരുന്നില്ല. അജ്ഞാതരായ ഇതര സംസ്ഥാന തൊഴിലാളികൾ എന്ന പരാമർശം മാത്രമാണ് വാർത്തകളിലുണ്ടായിരുന്നത്. ഈ മനുഷ്യരെ പല തരത്തിൽ ഓർക്കാനുള്ള ശ്രമമാണ് ഡോക്യുമെന്ററി സാധ്യമാക്കുന്നത്. അവരുമായി ബന്ധപ്പെട്ട, അവരുടെ മരണം കണ്ട, മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് എടുത്തുമാറ്റിയ- അങ്ങിനെ കോവിഡ് കാലത്തെ ഏറ്റവും വലിയ ദേശീയ ദുരന്തത്തിന് സാക്ഷികളായ പലരുടേയും ഓർമ്മകളിലൂടെ അജ്ഞാതരായ ഊ മനുഷ്യരുടെ ഓർമ്മകൾ രേഖപ്പെടുത്തുകയാണ് വിപിൻ ധനുർധരൻ. ദിവസക്കൂലിത്തൊഴിലാളികളാണ് ഈ ദുരന്തങ്ങളിൽ പിടഞ്ഞു മരിച്ചത്. വീട്ടിലിരിക്കാൻ കഴിയുന്നവർ ടി.വി സ്ക്രീനുകളിൽ ഈ ദുരന്തങ്ങൾ കണ്ടുനിന്നു.
ഈ 16 മനുഷ്യരുടെ പേരുകൾ എവിടേയും രേഖപ്പെടുത്തപ്പെടില്ല എന്നു മനസ്സിലാക്കി ദൽഹി ഇന്ത്യൻ എക്സ്പ്രസിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ അമൃത് ലാൽ ഈ പേരുകൾ ശേഖരിച്ച് അദ്ദേഹത്തിന്റെ ‘പാഠഭേദം’ പംക്തിയിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ റിപ്പബ്ലിക്ക് 2020 എന്ന പുസ്തകത്തിൽ ആ ലേഖനം ചേർക്കുകയും ചെയ്തു. കോവിഡ് കാലത്തെ ഏറ്റവും ഭീകരമായ ഈ ദേശീയ ദുരന്തം പതിവുപോലെ എല്ലാവരും മറന്നു. ആ തൊഴിലാളികൾ അജ്ഞാതരായി മാറി. ഈ സാഹചര്യത്തെ തുറന്നുകാണിക്കുന്നു വിപിൻ ധനുർധരൻ.
കലാപ്രതിഷ്ഠാപനത്തിന്റെ ഭാഗമായുള്ള തീവണ്ടിപ്പാതയിലെ 12 റെയിൽ-കോൺക്രീറ്റ് വിടവുകൾക്കിടയിൽ ഇങ്ങിനെ എഴുതി വെച്ചിരിക്കുന്നു: “1. breath out 2.breath in. 3.breath deeply&slowly 4. Just relax! 5.become aware of your surroundings. 6. Breathe naturally. 7. legs should be seperated. 8. Your palms facing up. 9. Keep your arms at your side. 10. Close your eyes. 11.life flat on your back. 12. breathe deeply&slowly”. അതിദാരുണമായ ആ മരണങ്ങൾ നടന്ന റെയിൽപ്പാത തന്നെയാണ് ഇതെന്ന് കാണുന്ന ഓരോരുത്തർക്കും തോന്നും. റെയിൽപാളത്തിനും ഡോക്യുമെന്ററിക്കുമിടിയിൽ വീട് എന്നതിന്റെ അർഥം കാണികളിൽ ഓരോരുത്തരേയും പല നിലയിൽ വേട്ടയാടുക തന്നെ ചെയ്യും. എന്തിനാണ് എപ്പോഴും നാം വീട്ടിലേക്കു മടങ്ങുന്നത്, അല്ലെങ്കിൽ മടങ്ങാൻ ആഗ്രഹിക്കുന്നത്? റെയിൽപ്പാളത്തിൽ ചതഞ്ഞരഞ്ഞ മനുഷ്യരും ഏറ്റവും ക്ലേശകരവും ഇരുണ്ടതുമായ കാലത്ത് എന്തിന് അതിദീർഘമായ പാതയിലൂടെ നടന്ന് വിദൂരസ്ഥമായ തങ്ങളുടെ ഗ്രാമത്തിൽ എത്താൻ ആഗ്രഹിച്ചു? ഈ ചോദ്യത്തോടെ ‘ലോകമേ തറവാട്’ നാം എല്ലാം ഒരേ തറവാട്ടുകാർ എന്ന സങ്കൽപ്പത്തെ വിധ്വംസകമായി നേരിടുന്നു. ഒരേ തറവാട്, ലോക പൗരൻ എന്നീ പ്രയോഗങ്ങൾ അപ്പാടെ അപ്രസക്തമാക്കപ്പെടുന്നു. ആലപ്പുഴയിലെ ഷോയിൽ ഏറ്റവും പ്രധാനപ്പെട്ട രചനകളിലൊന്നായി വിപിൻ ധനുർധരന്റെ രചന മാറുന്നതും ഇക്കാരണത്താൽ തന്നെ. ലോകം ഒരു കുടുംബമെന്ന് പറയുന്നതിലെ സൂക്ഷ്മ വിശദാംശങ്ങളിലേക്കു പോകുമ്പോൾ അത് അങ്ങിനെയല്ലെന്ന് ഈ കലാപ്രദർശനം സ്വയമേവ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിൽ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ, ലോകത്തിന്റെ പല കോണുകളിൽ ജീവിച്ചുകൊണ്ട് കല നിർമ്മിക്കുന്ന 267 പേർ പ്രധാനമായും വീട്/വാസം എന്ന സങ്കൽപ്പത്തെക്കുറിച്ച് അന്വേഷിക്കുന്ന ഈ കലാപ്രദർശനം അസാധാരണമായതു തന്നെയാണ്. അതിൽ പ്രധാനമായി തോന്നിയത് കേരളത്തിനും ഇന്ത്യക്കും പുറത്തു ജീവിച്ചുകൊണ്ട് കലാരംഗത്ത് പ്രവർത്തിക്കുന്നവർ കേരളം എന്ന ദേശത്തെ കലയിലേക്കു കൊണ്ടുവരുമ്പോൾ കാണിക്കുന്ന, ഗൃഹാതുരമല്ലാത്ത, ജൈവികമായ സംഘാടനമാണ്. മലയാള പ്രവാസ സാഹിത്യത്തിന് ഇനിയും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒന്നുമാണിത്. കേരളത്തെ എങ്ങിനെ അപ്രോപ്പിയേറ്റ് ചെയ്യണം എന്നതിനെക്കുറിച്ചുള്ള ധാരണക്കുറവ് പ്രവാസ സാഹിത്യത്തിൽ വളരെ വ്യക്തമായി കാണാൻ കഴിയും. ഈ കലാകാരർ ആ പ്രതിസന്ധിയെ തങ്ങളുടെ കലയിലൂടെ ഉല്ലംഘിച്ച് എഴുത്തുകാർക്കു മാതൃക തീർക്കുകയാണ്. സാഹിത്യ സമൂഹം എന്നു വിളിക്കപ്പെടുന്ന കേരളത്തിന് ഈ ഷോ നൽകുന്ന ഏറ്റവും വലിയ തിരുത്തും അതായിരിക്കും. ലോകമേ തറവാടിൽ പങ്കെടുത്ത കലാകാരരുടെ പേരുകൾ രേഖപ്പെടുത്തിയ ഗ്രാഫിറ്റി അങ്ങിനെ മലയാളിയുടെ സാംസ്ക്കാരിക ഭൂപടം കൂടിയായി മാറിയിരിക്കുന്നു.
ചിത്രങ്ങൾ: സ്വനൂപ് ജോൺ/ കൊച്ചി ബിനാലെ ഫൗണ്ടേഷൻ