കർണാടകയിലെ കോൺ​ഗ്രസ് തിരിച്ചുവരവ്

ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 മണ്ഡലങ്ങളിൽ 17 സീറ്റ് നേടി ബി.ജെ.പി മുന്നിലെത്തിയെങ്കിലും 9 സീറ്റുകളിൽ വിജയിച്ച കോൺ​ഗ്രസാണ് വലിയ മുന്നേറ്റമുണ്ടാക്കിയത്. രണ്ട് സീറ്റുകൾ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.എസും നേടി. 2019ൽ കർണാടകയിലെ 28ൽ 25 സീറ്റും ബി.ജെ.പി ഒറ്റക്ക് നേടിയപ്പോൾ ഒന്നിച്ചുനിന്ന കോൺഗ്രസ്, ജെ.ഡി.എസ് സഖ്യത്തിന് ലഭിച്ചത് വെറും രണ്ട് സീറ്റുകൾ മാത്രം. കഴിഞ്ഞ തവണ നേടിയതിൽ നിന്ന് 8 സീറ്റുകൾ കുറഞ്ഞത് ബി.ജെ.പിയുടെ വിജയത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. 2019ൽ 51 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 46.6% വോട്ടാണ്. 2004 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതലാണ് ബി.ജെ.പി കർണ്ണാടകയിൽ ആധിപത്യം പുലർത്താൻ തുടങ്ങിയത്. 2014 ൽ ബി.ജെ.പിക്ക് 18 സീറ്റ് (35% വോട്ട്) ലഭിച്ചപ്പോൾ 2009 ൽ 42 ശതമാനം വോട്ടും 19 സീറ്റുമായി അത് വർദ്ധിച്ചു. 2014ൽ സീറ്റുകളുടെ എണ്ണം 17 ആയി കുറഞ്ഞെങ്കിലും വോട്ടുവിഹിതം 43 ശതമാനമായി ഉയർന്നു. തെക്കൻ കർണ്ണാടകയിൽ സ്വാധീനമുള്ള ജെ.ഡി.എസിനെ സഖ്യകക്ഷിയാക്കിയായിരുന്നു ബി.ജെ.പി ഇത്തവണ മത്സരത്തിനിറങ്ങിയത്. ബാം​ഗ്ലൂരിലെ ജലക്ഷാമമുൾപ്പടെ ബി.ജെ.പി പ്രചരണായുധമാക്കിയിരുന്നു. സിദ്ധരാമയ്യ സർക്കാരിനെതിരെ ബി.ജെ.പി നടത്തിയ പ്രചാരണങ്ങൾ വോട്ടായി മാറിയില്ല. 2023 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തി സംസ്ഥാന ഭരണത്തിലേക്ക് തിരിച്ചെത്തിയതിന്റെ നേട്ടം കോൺ​ഗ്രസിന് തന്നെയാണ് ലോക്സഭ തെരഞ്ഞെടുപ്പിലും ലഭിച്ചത്. സംസ്ഥാന തലത്തിൽ ബി.ജെ.പിക്കുള്ളിലുണ്ടായിരുന്ന പ്രശ്നങ്ങളും, പല പ്രമുഖ നേതാക്കൾക്കും സീറ്റ് ലഭിക്കാതെ പോയതും ബി.ജെ.പിയുടെ പ്രകടനത്തെ ബാധിച്ചു. മുൻ മുഖ്യമന്ത്രി ആയിരുന്ന ബി.എസ് യെദ്യൂരപ്പയുടെ മകൻ ബി.വൈ. ഈശ്വരപ്പയെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ആക്കിയതും പാർട്ടിക്കുള്ളിൽ വിള്ളലുണ്ടാക്കിയിരുന്നു.

എന്നാൽ കർണാടകയിൽ രണ്ടു പതിറ്റാണ്ടായി കോൺ​ഗ്രസിന് ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഇത്തവണയും അത് സ്വപ്നം മാത്രമായി അവശേഷിച്ചുവെങ്കിലും കഴിഞ്ഞ തവണ കോൺഗ്രസ് – ജെ.ഡി.എസ് സഖ്യം നേടിയ രണ്ട് സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കക്ഷി ചേരാതെ തന്നെ 9 സീറ്റുകൾ (45.43% വോട്ട്) നേടാനായി എന്നത് അവർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. പ്രത്യേകിച്ച് കഴിഞ്ഞവർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 224 സീറ്റിൽ 135 സീറ്റും നേടി അധികാരത്തിൽ എത്താൻ കഴിഞ്ഞതിന് പിന്നാലെയുണ്ടായ ഈ നേട്ടം കർണാടകത്തിൽ കോൺ​ഗ്രസിനെ ശക്തിപ്പെടുത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ഷേമ പ്രവർത്തനങ്ങളും വാ​ഗ്ദാനങ്ങൾ പാലിച്ചതുമൊക്കെ കോൺ​ഗ്രസിന് തുണയായി.

കൽബുർഗിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്ന മല്ലികാർജുൻ ഖാർഗെ. കടപ്പാട്:thehindu.com

കോൺ​ഗ്രസിന്റെ വിജയത്തിന് പിന്നിലെ മറ്റൊരു കാരണം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ച പിന്തുണ കൂടിയാണ്. അദ്ദേഹത്തിന് സ്വാധീനമുള്ള മേഖലയായ ഹൈദരാബാദ്-കർണാടകയിലെ ബിദാർ, കലബുറഗി, റായ്ച്ചൂർ, കൊപ്പൽ, ബല്ലാരി എന്നീ അഞ്ച് സീറ്റുകളിലും കോൺ​ഗ്രസ് വിജയിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഖാർഗെ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ ബി.ജെ.പി സ്ഥാനാർത്ഥികളോട് ഈ മണ്ഡലങ്ങളിൽ പരാജയപ്പെട്ടിരുന്നു. ബി.ജെ.പിക്ക് ഇത്തവണയും കൂടുതൽ സീറ്റുകൾ നേടാൻ കഴിഞ്ഞത് അവരുടെ പരമ്പരാ​ഗത ശക്തി കേന്ദ്രമായ തീരദേശ കർണ്ണാടകയിൽ നിന്നും മുബൈ കർണ്ണാടകയിൽ നിന്നുമാണ്. ലിം​ഗായത്ത് സമു​ദാത്തിന് സ്വാധീനുള്ള മുബൈ-കർണ്ണാടക മേഖലയിലും ബി.ജെ.പി നേട്ടമുണ്ടാക്കി. ലിം​ഗായത്ത് സമുദായത്തിൽ നിന്നുള്ള മുൻ മുഖ്യമന്ത്രിമാരായ ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മൈ എന്നിവരെ മത്സരിപ്പിച്ചുകൊണ്ട് നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ നിന്നുണ്ടായ തിരിച്ചടിയിൽ നിന്നും ബി.ജെ.പി കരകയറി. ബെൽ​ഗാമിൽ നിന്നും ജഗദീഷ് ഷെട്ടാറും ഹാവേരിയിൽ നിന്നും ബസവരാജ് ബൊമ്മൈയും ലോക്സഭയിലേക്ക് വിജയിച്ചു. ദക്ഷിണേന്ത്യയിലെ ആർഎസ്എസിൻ്റെ പരീക്ഷണശാലയായി കണക്കാക്കപ്പെടുന്ന തീരദേശ കർണ്ണാടകയിലെ ദക്ഷിണ കന്നഡ മണ്ഡലത്തിൽ ഒന്നരലക്ഷം വോട്ടിന്റെയും ഉഡുപ്പി-ചിക്മം​ഗലൂരിൽ രണ്ടര ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചത്. ബാം​ഗ്ലൂർ ന​ഗര മണ്ഡലങ്ങളിലും ബി.ജെ.പിക്കാണ് വിജയിക്കാൻ കഴിഞ്ഞത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read