

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


നദികൾ വളർത്തിയ ഒരുപാട് എഴുത്തുകാർ നമുക്കുണ്ട്. കേരളത്തിന്റെയോ ഭാരതത്തിൻ്റെയോ മാത്രം കാര്യമല്ല, ലോകത്തിൽ തന്നെ സാഹിത്യകാരന്മാരുടെ പ്രചോദനമായി പല നദികളും ഒഴുകിയിട്ടുണ്ട്. ഇപ്പോഴും ഒഴുകുന്നുമുണ്ട്. നദികളുടെ പ്രചോദനം ലോകസാഹിത്യത്തെ ചരിത്രത്തിൻ്റെ പല വളവുതിരുവുകളിലേയ്ക്കും എത്തിച്ചിട്ടുണ്ട്. കയറ്റിറക്കങ്ങളിലൂടെ സമതലത്തിന്റെ രൂപഭംഗികളിലേക്കും ഭാവപരിസരങ്ങളിലേയ്ക്കും നമ്മെ ആനയിച്ചിട്ടുണ്ട്.
വില്യം ഷെയ്ക്സ്പിയർ അറിയപ്പെടുന്നത് തന്നെ ഏവൺ നദിയുടെ പാട്ടുകാരൻ (The bard of Avon) എന്ന പേരിലാണ്. റോമിലെ വെർജിൽ (70 BCE – 19 BCE) എന്ന കവി ടൈബർ നദിയുടെ പ്രചോദനം ഉൾക്കൊണ്ട് ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. പ്രസിദ്ധ റോമൻ കവിയായ ഓവിഡ് (43BCE-17 BCE) ഡാന്യൂബ് നദിയുടെ ഗായകനാണ്. ഇംഗ്ലീഷ് കവിതയിലെ കാല്പനിക കാലഘട്ടത്തിലേക്ക് വന്നാൽ വില്യം വേർഡ്സ് വർത്ത് ലെയ്ക്ക് ഡിസ്ട്രിക്ടിന്റെയും ഡഡൻ നദിയുടെയും (River Duddon) പ്രചോദനം ഉൾക്കൊണ്ട മഹാകവിയാണ്. അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്ന കോളറിഡ്ജ് ആകട്ടെ ഓട്ടർ നദിയുടെ (River Otter) ആരാധകനായിരുന്നു. ലോഡ് ബൈറൺ തെംസ് നദിയുടെ (River Thames) കാമുകനായിരുന്നു. അമേരിക്കൻ സാഹിത്യത്തിലേക്ക് കടന്നാൽ ഹെർമൻ മെൽവിൽ എന്ന നോവലിസ്റ്റ് ഹഡ്സൺ നദിയുടെ (River Hudson) സ്വാധീനത്തിൽ ആയിരുന്നു. മാർക്ക് ട്വൈൻ മിസിസിപ്പി നദിയുടെ (River Mississippi ) കാവൽക്കാരനായിരുന്നു. ജർമ്മൻ എഴുത്തുകാരനായ ഗെഥേ/ഗോഥേ (Johan Wolfgang Von Goethe) റൈൻ നദിയുടെ (River Rhine) പൂജാരിയായിരുന്നു. ഫ്രഞ്ച് നോവലിസ്റ്റ് ആയ ഫ്ലോബർട്ട് (Gustave Flaubert) സീൻ നദിയുടെ (Riven Seine) പ്രണയിയായിരുന്നു. ഇങ്ങനെ നോക്കിയാൽ ലോകത്ത് പല എഴുത്തുകാരും അവരുടെ ജീവിതവും സാഹിത്യവും പല നദികളുമായി ബന്ധപ്പെട്ടിരുന്നു എന്ന് കാണാം.
ഭാരതത്തിലേക്ക് വന്നാൽ വ്യാസനും വാല്മീകിക്കും കാളിദാസനും പ്രിയപ്പെട്ട നദികളുണ്ടായിരുന്നു എന്ന് നമ്മുടെ പുരാണങ്ങളും കാവ്യങ്ങളും ഉദ്ഘോഷിക്കുന്നുണ്ട്. ഇവിടെ കേരളത്തിലെ അനുഭവമാണെങ്കിൽ നാൽപ്പത്തിനാല് നദിയും ഏറ്റെടുത്തിട്ടുള്ള എഴുത്തുകാരുടെ ഒരു വലിയ പട്ടികതന്നെയുണ്ട്. ഓരോ നദിയും ഒന്നിലേറെ എഴുത്തുകാരെ – കവികളും നോവലിസ്റ്റുകളും കഥാകൃത്തുക്കളും അതിൽ പെടുന്നു – വളർത്തിയെടുത്തിട്ടുള്ളതായി അറിയാം.
നമ്മൾ ഭാരതപ്പുഴ എന്ന്പറഞ്ഞ് ആരാധിക്കുന്ന നിളാ നദി പണ്ടുകാലം മുതലേ കവികളെ നെഞ്ചിലേറ്റിയിട്ടുണ്ട്. സമീപകാല ചരിത്രം പരിശോധിച്ചാൽ തുഞ്ചത്തെഴുത്തച്ഛൻ മുതൽ വള്ളത്തോളിലൂടെ, അക്കിത്തത്തിലൂടെ, സി രാധാകൃഷ്ണൻ വരെ ആ പട്ടിക നീളുന്നു . അതിന്നിടയിൽ കൂടല്ലൂർ എന്ന നിളക്കരയിലെ ഗ്രാമത്തിൽ ജനിച്ച എം.ടിയുടെ സ്ഥാനം വലുതാണ്. എം.ടി നിളക്കരയിൽ ജനിച്ചു എന്ന് മാത്രമല്ല നിളയുടെ പരിസരത്തിൽ ജീവിച്ചുമരിച്ച ഒരുപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം കഥയിലെ കഥാപാത്രങ്ങളാക്കി എന്നതുകൂടി ഓർക്കേണ്ടതുണ്ട്. നഗരങ്ങളിലേക്ക് ചേക്കേറിയപ്പോഴും എം.ടി നെഞ്ചിൽ കൊണ്ടുനടന്നത് നിളയുടെ കുളിർമയും സൗമ്യതയും ആഴവും പരപ്പും ഒക്കെയാണ്. നിളയുമായി ബന്ധപ്പെട്ട ആദ്യകാല കഥകളിൽ ഒഴുകുന്നതും പരക്കുന്നതും വായനക്കാരെ തണുപ്പിക്കുന്നതും തഴുകുന്നതും നിളയുടെ അനുഗ്രഹങ്ങൾ കൂടിയാണ്.


കൂടല്ലൂരിൽ ജനിച്ച് ഭാരതം മുഴുവൻ പലരംഗങ്ങളിൽ നിറഞ്ഞുനിന്ന എം.ടി വാസുദേവൻ നായർ നിളയുടെ ദാനമാണ്. അദ്ദേഹത്തിൻ്റെ നിര്യാണം നിളയ്ക്കും നിളാതീരത്തിനും മാത്രമല്ല മലയാളത്തിനും ഭാരതത്തിനും വലിയ നഷ്ടമാണ്. നിളക്കരയിലെ എഴുത്തുകാരൻ്റെ മനസ്സിൽ എപ്പോഴും നിള ഒഴുകിയിരുന്നു. കൂടല്ലൂരിൽനിന്ന് പാലക്കാട്ട് പോയി പഠിക്കുമ്പോഴും ജോലിയുടെ ഭാഗമായി കോഴിക്കോട്ടേക്ക് മാറിയപ്പോഴും നിള മനസ്സിൽ ഉണ്ടായിരുന്നതിൻ്റെ തെളിവാണ് എം.ടിയുടെ കഥകളിലെ കുളിർമയും ആർദ്രതയും. കഥകളുടെയും നോവലുകളുടെയും ഇടവേളകളിൽ സിനിമയെ പ്രണയിച്ചപ്പോഴും നിളയുടെ വളവും തിരിവും അടിയൊഴുക്കും എം.ടിയുടെ എഴുത്തിൽ പ്രതിഫലിച്ചു. ‘ഓളവും തീരവും’, ‘കടവും’, ‘നിളയും കടന്ന്’… എല്ലാം അതിൻ്റെ പ്രഖ്യാപനം കൂടിയാണ്. നിളയുടെ വരൾച്ചയും തകർച്ചയും തന്നെ വേദനിപ്പിച്ചപ്പോൾ അതിൻ്റെ സംരക്ഷണം ഏറ്റെടുക്കാനും എം.ടി മുന്നിലുണ്ടായി. യുവാവായിരിക്കുമ്പോൾ ഓരോ കഥയെഴുതിക്കഴിഞ്ഞാലും പുഴ കടന്ന് അക്കിത്തത്തെ കാണിക്കാൻ എം.ടി കുമരനല്ലൂർക്ക് പോയിരുന്നു. ‘ഇരുട്ടിൻ്റെ ആത്മാവ്’ എന്ന പേര് അക്കിത്തത്തിൻ്റെ കണ്ടെത്തലാണ്.


കോഴിക്കോട്ടെ ഏറ്റവും മികച്ച വായനക്കാരിൽ ഒരാൾ എം.ടിയായിരുന്നു. എം.ടിയും എൻ.പിയും വായിക്കാത്ത പുസ്തകങ്ങൾ അന്ന് കോഴിക്കോട് ഉണ്ടായിരുന്നില്ല. ഒരു ദിവസം മൂന്ന് പുസ്തകം വരെ എം.ടി വായിച്ചിരുന്നു എന്നാണ് ഒരറിവ്. വായനയിലൂടെ എം.ടിയുടെ ലോകം വളർന്ന് വിശാലമായി. ചെക്കോവിന്റെ കഥകളും ജെയിംസ് ജോയ്സിന്റെയും ഹെമിംഗ്വെയുടെയും നോവലുകളും ലാറ്റിനമേരിക്കൻ കൃതികളും എം.ടിയുടെ വായനാലോകത്തെ വിസ്തൃതമാക്കി. എന്നാൽ വായിച്ച ഒരു പുസ്തകവും എഴുത്തിൽ എം.ടിയെ നേരിട്ട് സ്വാധീനിച്ചിട്ടില്ല. മനസിലെപ്പോഴും സ്വന്തം നാട്ടിൻപുറവും ഇടവഴികളും വയൽവരമ്പുകളും പാടശേഖരങ്ങളും ആമ്പൽപൂക്കളും ആയിരുന്നു. നാട്ടിൻപുറത്തെ കഥകൾക്ക് ശേഷം നഗരത്തിലെ കഥകൾ എഴുതുമ്പോഴും എം.ടിയുടെ ഭാഷ എം.ടിയുടെ മാത്രമായിരുന്നു. എം.ടിയുടെ കഥകളിൽ കാണുന്ന പല നിരീക്ഷണങ്ങളും കുട്ടികൾക്ക് കോപ്പിയെഴുതാൻ പാകത്തിൽ വാർന്നുവീണ വാക്യങ്ങളാണ്. ജീവിതം എന്ന പുഴയും മരണം എന്ന കോമാളിയും എം.ടി മലയാളികൾക്ക് വേണ്ടി ബാക്കിവെച്ച നിരീക്ഷണങ്ങളാണ്.
ഞങ്ങളുടെ ഗ്രാമത്തിൽ ഒരു സ്കൂൾ വാർഷികത്തിന് എത്തിയ എം.ടി യുടെ ഒരു വാക്യമാണ് എന്നെ വായനശാലയിലേക്കും പുസ്തകങ്ങളിലേക്കും എത്തിച്ചത്. പ്രഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞ ഒരു വാക്യം ഇങ്ങനെയാണ്, “സ്ത്രീകൾക്ക് ചോര കണ്ടാൽ തലകറങ്ങുകയില്ല; അവരത് എല്ലാ മാസവും കാണുന്നതാണ് എന്ന് പേൾ എസ് ബക്ക് പറഞ്ഞിട്ടുണ്ട്”. ഈ വാക്യമാണ് പിന്നീട് ‘ഗുഡ് എർത്ത്’എന്ന നോവൽ തേടിയെത്താനും, ഇത് ആര് പറഞ്ഞു, എവിടെ പറഞ്ഞു, എന്തിന് പറഞ്ഞു എന്ന് അന്വേഷിക്കാനും എന്നെ പ്രേരിപ്പിച്ചത്.


എം.ടി തന്നെയാണ് ഞങ്ങൾക്കൊക്കെ ആദ്യമായി ആൻ്റൺ ചെക്കോവിനെ പരിചയപ്പെടുത്തിയത്. പ്രശസ്തമായ ‘പന്തയം’ എന്ന കഥ അദ്ദേഹം ഒരുപ്രഭാഷണത്തിൽ ചുരുക്കിപ്പറഞ്ഞത് ഓർക്കുന്നു. ആ കഥ പിന്നീട് നമ്മുടെ പാഠപുസ്തകങ്ങളിൽ വന്നു. എം.ടിയുമായി എനിക്കുള്ള ബന്ധം തുടങ്ങുന്നത് 1973 ലാണ . ആ വർഷത്തെ വിഷുപ്പതിപ്പ് മത്സരങ്ങളിൽ എനിക്ക് രണ്ട് സമ്മാനങ്ങൾ കിട്ടി. ഏകാങ്കരചനയ്ക്ക് ഒന്നാം സമ്മാനവും കവിതാരചനക്ക് മൂന്നാം സമ്മാനവും. എന്നാൽ സമ്മാനം എം.ടിയിൽനിന്ന് ഏറ്റുവാങ്ങാൻ എനിക്കന്ന് ഭാഗ്യമുണ്ടായില്ല. ഞാനന്ന് വളരെ ദൂരെ മദ്രാസിൽ ജോലിയിലായിരുന്നു. പഠനം കഴിഞ്ഞ ഉടനെ കിട്ടിയ ജോലിയായിരുന്നു. ലീവ് എടുക്കാനും കോഴിക്കോട്ടേക്കുള്ള യാത്ര ഏറ്റെടുക്കാനും സൗകര്യമുണ്ടായില്ല. സത്യം പറഞ്ഞാൽ അതിനുള്ള കാശും ഉണ്ടായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് എം.ടിയിൽനിന്ന് ആ രണ്ട് സമ്മാനങ്ങളും നേരിട്ട് സ്വീകരിക്കുവാൻ സാധിച്ചില്ല എന്നുള്ളതാണ്. പിന്നെ അദ്ദേഹം സമ്മാനത്തുക അയച്ചുതരികയാണ് ഉണ്ടായത്.
വർഷങ്ങൾക്കുശേഷം എന്റെ നാടിനടുത്തുള്ള ഒരു വിദ്യാലയത്തിൽ പുതുതായി നിർമ്മിച്ച ലൈബ്രറി കെട്ടിടം ഉദ്ഘാടനത്തിന് എം.ടിയായിരുന്നു മുഖ്യാതിഥി. എന്റെ നാട്ടുകാർ എന്നെയും ക്ഷണിച്ചിരുന്നു. അങ്ങനെ എം.ടിയുടെ ഒപ്പം ഒരേ വേദിയിൽ ഒരു ആശംസാപ്രസംഗകനാവാൻ എനിക്ക് അവസരം കിട്ടി. വീണ്ടും വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചപ്പോൾ കോയമ്പത്തൂർ മലയാളിസമാജം അദ്ദേഹത്തിന് ഒരു സ്വീകരണം ഏർപ്പെടുത്തി. അന്ന് പോത്തന്നൂർ കേരളസമാജത്തെ പ്രതിനിധീകരിച്ച് എം.ടിക്ക് അനുമോദനങ്ങൾ അർപ്പിക്കാൻ എനിക്ക് അവസരമുണ്ടായി.


പിന്നീട് പല വേദികളിലും അദ്ദേഹത്തെ കാണുവാൻ സാധിച്ചു. എൻറെ ആദ്യത്തെ കഥ മാതൃഭൂമിയിൽ വന്നത് എം.ടിയുടെ കാലത്താണ്. എൻ്റെ ആദ്യത്തെ കഥാപുസ്തകം (ഭാരതപ്പുഷ) ഞാൻ നേരിട്ട് കോഴിക്കോട്ട് പോയി അദ്ദേഹത്തിന് കൊടുത്തു. വർഷങ്ങൾക്കുശേഷം എൻ്റെ ഒരു കഥാപുസ്തകം (മറ്റൊരിടത്ത് വീണ്ടും) പ്രസിദ്ധീകരിക്കുമ്പോൾ അതിലേയ്ക്ക് ഒരു ആശംസാവാക്യം എഴുതിത്തരാൻ അദ്ദേഹത്തോട് അപേക്ഷിച്ചപ്പോൾ അദ്ദേഹം അത് എഴുതി അയച്ചു. എന്നാൽ അത് കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം ഫോണിലൂടെ എനിക്ക് അദ്ദേഹത്തിൻ്റെ ആശംസാവാക്യങ്ങൾ വീണ്ടും പറഞ്ഞുതന്നു.
മറ്റൊരിക്കൽ കോയമ്പത്തൂരിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് വിജയകുമാർ കുനിശ്ശേരിയോടൊപ്പം ഞാനും അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ സംസാരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു, എനിക്ക് സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും വളർന്ന എഴുത്തുകാരെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്നുണ്ട്. ഞാൻ എവിടെനിന്ന് തുടങ്ങണം എന്ന് ചോദിച്ചു . അന്ന് അദ്ദേഹം എന്നോട് പറഞ്ഞു, “എന്നാൽ, സംശയിക്കേണ്ട ഏതൻസിൽ നിന്ന് തുടങ്ങിക്കോളൂ”. അങ്ങനെ ഞാൻ അത് ഹോമറിൽ നിന്ന് തുടങ്ങി. ഏകദേശം കണ്ണൂരിലെ ടി. പത്മനാഭൻ വരെ എത്തിയെങ്കിലും എനിക്കത് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇന്ന് അതിന്റെ ഒരു പേജുപോലും കയ്യിലില്ല.


എം.ടി വിടപറഞ്ഞു എന്നത് വ്യക്തികളുടെ ദുഃഖം മാത്രമല്ല. ഒരു സംസ്ഥാനത്തിൻ്റെയുമല്ല, ഏറെക്കുറെ ഒരു രാഷ്ട്രത്തിന്റെ മുഴുവൻ ദുഃഖമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ പുറത്തേക്ക് ആ ദുഃഖം പടർന്നുകൊണ്ടിരിക്കുന്നു. ഇത്രയധികം പേരുടെ മനസ്സിൽ ഓളം സൃഷ്ടിക്കാൻ കഴിഞ്ഞ നിളയുടെ എഴുത്തുകാരന് നിത്യശാന്തി നേർന്നുകൊണ്ട് ഞാൻ കുമ്പിടുന്നു. എം.ടി വാസുദേവൻ നായർ മാത്രമല്ല, സാക്ഷാൽ വാസുദേവനും ഒരു പുഴയുടെ പാട്ടുകാരനായിരുന്നല്ലോ. യമുനയുടെ പാട്ടുകാരനായ ശ്രീകൃഷ്ണൻ, ഗംഗയുടെ പാട്ടുകാരനായ വ്യാസന്റെ സൃഷ്ടി മാത്രമല്ല, പലരുടെയും മനസ്സിൽ വേണുനാദമായി ഒഴുകുന്ന ഒരു വിശ്വാസമാണ്, ഒരു മനോഹര സങ്കല്ലമാണ്. അതുപോലെ ഓരോ മലയാളിയുടെ മനസ്സിലും എം.ടി എന്ന എഴുത്തുകാരൻ ഭാരതപ്പുഴയുടെ പാട്ടുകാരനായി കുളിർമയുടെയും ആർദ്രതയുടെയും ആഴത്തിൻ്റെയും പരപ്പിൻ്റെയും പര്യായമായി എന്നുമുണ്ടാവും.