Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ലോകപ്രശസ്ത ചിത്രകാരൻ കാസറഗോട്ടു കാരനായ കെ.പി. വത്സരാജിന്റെ ആകസ്മിക വിയോഗം നമ്മെയൊക്കെ തീവ്ര നഷ്ടത്തിലാക്കിയിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ചിത്രകാരൻ കുഞ്ഞമ്പു മാഷിൻറെ (സി.കെ.നായർ ) പുത്രനാണദ്ദേഹം. കേരളീയ കലാകുടുംബത്തിനു മാത്രമല്ല ഇന്ത്യൻ ചിത്രകലയ്ക്ക് മൊത്തമായിട്ടാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. അത്രയ്ക്ക് മൗലികതയും അസാമാന്യ പ്രതിഭയുമുള്ള ഒരു കലാകാരനായിരുന്നു വത്സരാജ്. 1992 മുതൽ അദ്ദേഹവുമായി ബന്ധമുണ്ട്. വളരെ അപൂർവ്വമായേ കണ്ടിട്ടുള്ളു എങ്കിലും 3 ദശകത്തിനിടയിൽ അദ്ദേഹം സാക്ഷാത്കരിച്ച ചിത്രങ്ങൾ ചിലതെങ്കിലും കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.
സംസാരിക്കുമ്പോൾ വലിയ അന്തർമുഖത്വം അനുഭവപ്പെട്ടിട്ടുണ്ട്. കലാകാരന്മാർ പലപ്പോഴും പ്രഹേളികയായി മാറാറുണ്ട്. കലാകാരന്മാരുടെ അന്തർമുഖത്വം പൊതുസ്വഭാവമാണ് എന്ന് പറയാമെങ്കിലും ഞാൻ ഏറ്റവുമേറെ പരിചയപ്പെട്ട ബഷീർ നിരന്തരം സംസാരിച്ചു കൊണ്ട് ലോകത്തെ നേരിട്ട ഒരാളാണ്. ബഷീറിന് സ്വതസിദ്ധമായ ഉപഹാസത്തിലൂടെ സംസാരിക്കുക എന്നത് ഒരു പ്രതിപ്രവർത്തനമായിരുന്നു. ലോകത്തെ നേരിടാനുള്ള കലാകാരന്റെ മാർഗങ്ങൾ പലതാണല്ലോ.
ചിത്രകലയിലെ റാഡിക്കൽ മൂവ്മെന്റിലെ ചിത്രതലത്തിലെ ദൃഢതയിലൂടെയാണ് വത്സരാജ് പെയിന്റിംഗിലൂടെ പ്രത്യക്ഷവൽക്കരിച്ചത്. നിലവിലുള്ള വർണ്ണ സങ്കേതങ്ങൾ അദ്ദേഹം മാറ്റി വരച്ചു. നിറങ്ങൾ പുതിയൊരു ഭാഷ്യമായിരുന്നു വത്സരാജ് നല്കിയത്. നിലവിലുള്ള വർണങ്ങൾക്ക് ഒരു പുതു വെളിച്ചം ആ ശൈലി നല്കി. എല്ലുറപ്പുള്ള ഒരു വർണ പ്രതലം റാഡിക്കൽ ചിത്രങ്ങൾക്ക് പൊതുവെ വരുന്നുണ്ട്. പ്രഭാകരനോ സുനിൽ അശോകപുരമോ നല്കുന്ന വർണ ദൃഡതയല്ല വത്സരാജന്റ കാസർക്കോടൻ പെയിന്റിംഗിൽ കാണുന്ന നിറത്തിന്റെ വർണ വിസ്മയങ്ങൾ. പ്രശസ്ത ഫോട്ടോഗ്രാഫറും ആർക്കിടെക്റ്റുമായ എ.കെ. മുണ്ടോളിന്റെ വീട്ടിൽ സൂക്ഷിച്ച അദ്ദേഹത്തിന്റെ ഒരു പെയിന്റിംഗിൽ റാഡിക്കൽ സ്വഭാവം പ്രകടമായിക്കാണാം. ആ അനശ്വരതയോടെ.
ഒരു സ്ത്രീക്ക് ചെവി മുറിച്ചു കൊടുത്ത വാൻ ഗോഗ് നമുക്കൊരു പ്രഹേളികയായിരുന്നു. ജോൺ എന്ന ചലച്ചിത്രകാരനും പ്രഹേളികയായിരുന്നു മാധവിക്കുട്ടിക്കും പി.കുഞ്ഞിരാമൻ നായർക്കും ഈ പ്രഹേളിക അലങ്കാരമായിരുന്നു. നിലവിലുള്ള ലോകം തികയാതെ വരുന്ന അപൂർവ്വം വ്യക്തിത്വങ്ങളായിരുന്നു അവരൊക്കെ. ലോകത്തിന്റെ വഴികളോ, വസ്ത്രങ്ങളോ അവർക്ക് തികയില്ല. ഇത്തരത്തിലുള്ള ഒരു വ്യക്തിത്വമായിരുന്നു വത്സരാജിന്റേത്. ഈ മഹത്വം നാം ആദ്യം തിരിച്ചറിയണം.
1990 കാലത്ത് ഞാൻ ഗോത്രസ്മൃതി ഡോക്യുമെന്ററി ചെയ്യുമ്പോൾ അതിന്റെ നരവംശശാസ്ത്ര പ്രതിനിധാനങ്ങൾ വ്യക്തമാക്കാൻ കുറെ ചിത്രങ്ങൾ വേണമായിരുന്നു. സുഹൃത്തായ സുധീഷിന്റെ ഭാര്യാ സഹോദരനായിരുന്നു അദ്ദേഹം. വിഷയത്തിന്റെ പ്രത്യേകത മനസ്സിലാക്കി അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്റെ ഈ സർഗാത്മക പ്രശ്നം ഞാൻ മനസ്സിലാക്കിയത്. സിനിമപോലുളള സമയബന്ധിത മേഖലയിൽ അനുഭവിക്കുന്ന പരിമിതി ഞാനും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ അനുജൻ ജ്യോതി ചന്ദ്രനാണ് അദ്ദേഹത്തിനു പകരം ആ ചിത്രങ്ങൾ വരച്ചു തന്നത്.
ജോണിനെയും, മാധവിക്കുട്ടിയെയും കുഞ്ഞിരാമൻ നായരെയും ബഷീറിനെയും പോലെ തന്റെ പ്രതിഭയെ ആവിഷ്ക്കാൻ ലോകത്തിന്റെ നീതിശാസ്ത്രങ്ങളുടെ ക്യാൻവാസ് തികയാതിരുന്ന കലാകാരനായിരുന്നു വത്സരാജ്. അതദ്ദേഹത്തിന്റെ മഹത്വമായിരുന്നു. അതിനു മുമ്പിൽ എൻറെ വിനീതമായ അഞ്ജലികൾ.
ലോകത്തിന്റെ നിറുകയിലേക്ക് ഇനിയും എത്ര സംഭാവന ചെയേണ്ട വത്സരാജാണ് നമുക്ക് നഷ്ടപ്പെട്ടത്. എ.കെ. മുണ്ടോളിന്റെ വീട്ടിൽ പോകുമ്പോഴെല്ലാം കാസർക്കോടിന്റെ രക്ത പശിമയുള്ള ആ പെയിന്റിംഗ് റാഡിക്കൽ ഗ്രൂപ്പിന്റെ നിശ്ചയദാർഡ്യവും രാഷ്ട്രീയവും വർണ്ണ വിന്യാസവും ഉണർത്തുന്ന ഈ ചിത്രത്തിന്റെ പ്രഭാവലയത്തിൽ ഉത്തേജിതനാകും.