കളിമൺ പാവകളുടെ കാട്

ചോയ്തി ഘോഷും മുഹമ്മദ് ഷമീമും നാടകത്തിൽ. കടപ്പാട്:newindianexpress

ഇതുവരെ എത്ര വേദികളിൽ ‘മാട്ടി കഥ’ കളിച്ചുകഴിഞ്ഞു ? കളിമണ്ണിന്റെ ഈ കഥ പരിണമിക്കുന്നതെങ്ങനെ ?

ഈ അടുത്താണ് മാട്ടി കഥ കളിച്ച് തുടങ്ങിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ആദ്യ വേദി. ഇതുവരെ പന്ത്രണ്ട് വേദികളിൽ ഞങ്ങൾ മാട്ടി കഥ അവതരിപ്പിച്ചു. ഇതൊരു പുതിയ നാടകമാണ്. ഇന്നത്തെ അവതരണം ഒരു വലിയ പാഠമായിരുന്നു. ഇത്രയേറെ കാണികൾക്ക് മുന്നിൽ ഇതിന് മുമ്പ് മാട്ടി കഥ കളിച്ചിട്ടില്ല. വളരെ അടുത്തറിയേണ്ട ഒരു നാടകമാണിത്. ഈ കളിമൺ പാവകളെ നോക്കൂ, അവരെത്ര ചെറുതാണെന്ന്. ഏറ്റവും പിന്നിൽ ഇരിക്കുന്ന ആളോടും സംവദിക്കാനാവണം എനിക്ക്. അവർ എങ്ങനെയാണ് കാണുന്നതെന്ന് കാണണം. ഇത്രയും കളികൾ കഴിഞ്ഞപ്പോൾ, ഈ നാടകത്തിന്റെ ​ഗുണവും ദോഷവും പിടികിട്ടി തുടങ്ങി. കാണികൾക്ക് മനസ്സിലാവുന്നതും മനസ്സിലാവാത്തതും മനസ്സിലായി തുടങ്ങി. അതെന്തായാലും ഞാൻ ഇപ്പോൾ പറയാൻ പോകുന്നില്ല. ഓരോ കളി കഴിയുമ്പോഴും വ്യക്തമാവുന്നത് ദൗർബല്യങ്ങളാണ്. അവയിലാണ് ശ്രദ്ധ കൊടുക്കുന്നതും. നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും.

കാണികളെയും നാടകത്തിൽ പങ്കാളികളാക്കുന്ന ഒരു ഇന്ററാക്ടീവ് തിയറ്റർ ആണല്ലോ മാട്ടി കഥ. കാണികളെ നിരീക്ഷിക്കുന്നതിലൂടെയും കാണികളുമായി ഇടപഴകുന്നതിലൂടെയും ‌അവരുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന‌ എന്തെല്ലാമാണ് മാട്ടി കഥയിൽ ഉള്ളതായി തോന്നുന്നത് ?

സാംസ്കാരികപരമായി തന്നെ ഇന്ത്യക്കാർക്ക് കളിമണ്ണ് ഒരു ദാർശനിക വസ്തുവാണ്. സത്യം പറഞ്ഞാൽ, നിങ്ങൾ കളിമണ്ണ് വേദിയിൽ വെച്ചാൽ പിന്നെ കാര്യമായൊന്നും ചെയ്യേണ്ടതില്ല. കളിമണ്ണ് സ്വയമേവ കാണികളോട് സംവദിക്കും. അവരവരുടെ ജീവിതവും, ജീവിതദർശനവും എല്ലാം അവരതിൽ കാണും. വേദിയിലെ കളിമണ്ണിന്റെ സാന്നിധ്യം വളരെ ശക്തമാണ്. മുൻകൂട്ടി കാണാതിരുന്ന, അവതരണങ്ങളിലൂടെ ഞങ്ങൾ തിരിച്ചറിഞ്ഞ കാര്യങ്ങളിൽ ഒന്നാണത്. കുറേക്കൂടി സ്വകാര്യമായ അവതരണങ്ങളിൽ ഈ കളിമൺ പാവകളെ കുറേക്കൂടി അടുത്ത് കാണാനാവും, അവർ ഓരോരുത്തരും വളരെ നാടകീയരാണ്. ഈ കളിമണ്ണും, കളിമൺ പാവകളും ഉള്ളതിനാൽ പിന്നെ ഏറെയൊന്നും ഞങ്ങൾക്ക് ചെയ്യാനില്ല. അവരെ വേദിയിൽ വെച്ചാൽ മതി. അവരങ്ങ് പറഞ്ഞ് തുടങ്ങിക്കോളും.

ഇറ്റ്ഫോക്കിലെ അവതരണത്തിൽ നിന്നും. കടപ്പാട്:itfok

നാടകത്തിൽ പറഞ്ഞതുപോലെ, അവരൊന്നാന്തരം അഭിനേതാക്കളാണ് !

തീർച്ചയായും അതെ. സുന്ദർബൻസിലെ ഈ പാവകൾ നിർമ്മിക്കുന്ന കലാകാരന്മാർ ജീവസുറ്റ കളിമൺ പാവകളുണ്ടാക്കും. പലതരം പാവകളെ ഉണ്ടാക്കുന്ന കലാകാരന്മാർ സുന്ദർബൻസിലുണ്ട്. ഈ പാവകളെ ഉണ്ടാക്കിയവർ എപ്പോഴും എന്തെങ്കിലും ചെയ്യുന്ന രൂപത്തിലുള്ള പാവകൾ മാത്രം ഉണ്ടാക്കുന്നവരാണ്. അവരുടെ പാവകൾ വെറുതെയിരിക്കുന്നത് കാണാനാവില്ല. കളിമണ്ണും, പാവകളും ഈ രണ്ട് കാര്യങ്ങളും കാണികളുടെ ഉള്ളുടക്കുന്നുണ്ട്. അതുപോലെ സംഗീതവും.

ഭാഗികമായി വാചികവും, ഭാഗികമായി അവാചികവുമാണ് ഈ നാടകം. അങ്ങനെയാണിതു ചിട്ടപ്പെടുത്തിയത്. ഈ നാടകത്തിലെ പ്രധാന ഭാഗങ്ങളെല്ലാം അവാചികമായാണുള്ളത്. വ്യാഖ്യനത്തിന്റെ സാധ്യതകൾ കാണികൾക്ക് വിട്ടുകൊടുക്കേണ്ടതുണ്ട്. ‘വിഭജൻ സീൻ’ എന്ന് ഞങ്ങൾ വിളിക്കുന്ന ആ കലാപാനന്തര രംഗമെല്ലാം ആളുകൾ അവരവരുടെ ഓർമ്മകളിലൂടെയാണ് കാണുന്നതെന്ന് കഴിഞ്ഞ കളികളിൽ നിന്നും തിരിച്ചറിയാനായി. അക്രമങ്ങളും, അതേ തുടർന്നുള്ള രംഗങ്ങളും എല്ലാം ആളുകൾ അവരവരുടെ കാലത്ത് നിന്നും ദേശത്ത് നിന്നുമാണ് കാണുന്നത്. 1947 ലെ വിഭജനത്തിലേക്ക് ആ രംഗത്തെ കൊണ്ടുപോയവരുണ്ട്. അവിടെ 2022 ലെ ഡൽഹി കലാപം കണ്ടവരുണ്ട്. അങ്ങനെ പല ഓർമകളിൽ ആ രംഗത്തെ കാണികൾ ഉൾക്കൊണ്ടിട്ടുണ്ട്.

സുന്ദർബൻസിൽ നിർമ്മിച്ച കളിമൺ പാവകൾ. കടപ്പാട്:tram art trust

ആ രംഗങ്ങൾ പൂർണ്ണമായും അവാചികമാണല്ലോ?

അതെ, അതിനൊരു കാരണം, സുന്ദർബൻസിലെ കലാപം ഞങ്ങൾ കണ്ടിട്ടില്ലെന്നതാണ്. അതെക്കുറിച്ച് കേട്ടിട്ടുണ്ടെന്നാലും എന്താണുണ്ടായതെന്ന് അറിയാനുമായില്ല. സുന്ദർബൻസിലെ ആളുകൾ അതേക്കുറിച്ച് പറയാറില്ല. അവരുടെ ഒരുമയിലും കൂട്ടായ്മയിലും വലിയ അഭിമാനമുള്ളവരാണവർ. അവരുടെ കൂട്ടായ്മയിൽ ഉണ്ടായ ആ വിള്ളൽ വലിയ അപമാനമാണവർക്ക്. ആരോട് ചോദിച്ചാലും അതേപ്പറ്റി ഒന്നും പറയില്ലവർ. ചുഴിഞ്ഞു ചുഴിഞ്ഞ് ചോദിച്ചാലും അവർ പറയും, നാ… നാ… അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ അങ്ങനെയൊന്നുണ്ടായി. ഒരു ഫോറസ്റ്റ് ഗാർഡാണ് ഞങ്ങളോട് കുറച്ച് കാര്യങ്ങൾ പറഞ്ഞത്. എന്നാൽ അവർ പറയാത്തതുകൊണ്ട് അതേപ്പറ്റി ഞങ്ങളും ഒന്നും പറയുന്നില്ല. എന്താവാം സംഭവിച്ചിരിക്കുക എന്നുള്ളതിന്റെ ഒരു സൂചന മാത്രമാണ് ആ രംഗങ്ങൾ.

സുന്ദർബൻസിലെ മനുഷ്യരുടെയും ജീവിതത്തിന്റെയും ഒരു പരിഛേദമാണ് മാട്ടി കഥ. തേൻ ശേഖരണവും, മീൻ പിടുത്തവും, കൃഷിയും, പാമ്പു പിടുത്തവും ഉൾപ്പെടെ പലതരം തൊഴിലെടുക്കുന്ന പലതരം ബന്ധങ്ങളുള്ള വ്യത്യസ്തരായ മനുഷ്യർ. ഈ കഥാപാത്രങ്ങളെയും അവരുടെ സവിശേഷതകളെയും ഒരിക്കൽ കൂടെ വിശദമാക്കാമോ ?

ആ ആദ്യ കവിത ഞാൻ ഒന്നുകൂടെ ചൊല്ലണം, അല്ലേ ? എന്നാൽ കേട്ടോ …

ഇതാ വരുന്നൂ മൂവ്ലേസ്, തേൻ ശേഖരിപ്പോൻ
ഒരു കൈപ്പിടി കാശിനായ് ജീവിതം പന്താടുവോൻ.
തലയിൽ കൊടും ഭാരമേറ്റുന്നോൻ ജൊഗർനാഥ്
കാണാതിരിക്കില്ല കയ്യിലൊന്നും, കാലിടറാത്തോൻ.

ഉസ്മാൻ ഭായ്, നിങ്ങൾക്കൊരു വടിയുണ്ട്
എന്നാൽ നിങ്ങടെ ആടെവിടെ ?
കൊടുങ്കാറ്റ് കട്ടോണ്ടുപോയത്രെ !
ഒരുക്കമാണിനി എന്തിനുമങ്ങോർ.

ചാന്ത് ബീവിക്കിഷ്ടം പാമ്പുകളെ
പാമ്പിനെ മെരുക്കി അന്നം കാണുന്നോൾ.
മാമോനുഷയെ പൂജിപ്പോൾ.
ഏറെ ഉദാരയവൾ ഏറെ സ്നേഹവതി.

ഇതാ വരുന്നൂ ബാവുലെ
മരം വെട്ടുന്നോൻ, ദേശത്തിന്നായുള്ളോൻ.
കാടു വെടിപ്പാക്കുന്നോൻ.
ആ കയ്യോട് കടപ്പെട്ടിവിടെ ജീവിക്കുന്നു ഞങ്ങൾ.

നൂറു നൂറ് ജാത്രകളും പാലാ ഗാനകളും പാടുന്നോൾ
ബീബി മസ്താനിലെ ശാന്തിക്കാരിയിവൾ മാഷിമാ.
ഓ… റാണീ… അവളുടെ നോട്ടത്തിൽ ചന്തം, കർഷകനാം
ചാഷിയ്ക്കുള്ളിൽ ഒരേയൊരാശ, ഒരൊറ്റമോഹം, ഒരൊറ്റവട്ടം !

ഓയ്… ചിരിക്കല്ലേ ഒവറെ ശ്രീഹൊരി നാട്ടുഷൊമ്സ്താ
ആളൊരു പാട്ടുകാരനെന്നറിയില്ലേ, ഒരു മുന്നണി ഗായകൻ.
കീറിപ്പറിഞ്ഞൊരാ വെളളമുണ്ടൊന്ന് കണ്ടാലെന്നാൽ
കളിയാക്കീടും നീയവനെ.

രാജുവും അൽത്താഫും. ചങ്കും കരളുമായോർ.
മത്സരിച്ച് മീൻപിടിക്കും, ഓടി തോൽപ്പിക്കും, കളി പറയും
നേരം പോക്കൊഴിഞ്ഞൊരു നേരമില്ലാത്തോർ.
ഒടുവിലിതാ ഒട്ടും കുറയാത്ത ഒരുവൾ കൂടി ..

കൊഞ്ച് കൊയ്യാൻ പോവുന്നോൾ റീനി.
അരയോളം പൊങ്ങും വെള്ളം തൊഴിച്ചു നീങ്ങുന്നോൾ
കഠിനകഠോരമാ പണി. അപകടം പതിയിരിക്കും പുഴ.
ഒന്നു കാണാൻ പോലും കിട്ടില്ലവളെ.

ഇവരാണ് കഥാപാത്രങ്ങൾ. സുന്ദർബൻസിലെ മനുഷ്യർ. തേൻ എടുക്കാനായി കടുവകൾ മേയുന്ന ഉൾക്കാട്ടിൽ പോകുന്നവർ. മീൻ പിടിക്കാൻ പോയി മുതലയെ കാണുന്നവർ. കൊടുങ്കാറ്റിൽ ജീവിതം തകരുന്നവർ. ബീബി മസ്താനിയെ കുറിച്ച് ഞാൻ പിന്നെ പറയാം. ബീബി മസ്താനിയില്ലാതെ സുന്ദർബൻസില്ല.

കാടിനും പുഴയ്ക്കുമിടയിൽ എവിടെയും മരണം പതിയിരിക്കുന്ന, ഭയന്നു ജീവിക്കേണ്ട ഒരിടം കൂടിയാണല്ലോ സുന്ദർബൻസ്. സുന്ദർബൻസിൽ നിങ്ങൾ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ടോ ?

ഇതുവരെയില്ല. എന്നാൽ ഈ വർഷം നാടകം കളിക്കാനായി ഞങ്ങൾ സുന്ദർബൻസിൽ പോകുന്നുണ്ട്. ബംഗാളിൽ നിന്നും ഒരു ക്ഷണമുണ്ട്. അവിടുത്തെ കളി കഴിഞ്ഞാൽ പിന്നെ ഞങ്ങൾ സുന്ദർബൻസിൽ പോകും. ഈ കളിമൺ പാവകൾ ഉണ്ടാക്കുന്നവരുടെ വീടുകളിലേക്ക്. ഇതുവരെ ഞങ്ങൾ അവിടെ കളിച്ചിട്ടില്ലെങ്കിലും അവരും ഈ നാടകത്തിന്റെ ഭാഗമായിട്ടുണ്ട്. ബോംബെയിലെ ഒരു ഫെസ്റ്റിവലിൽ ഞങ്ങൾ ഈ നാടകം കളിച്ചു. നാടകം കഴിഞ്ഞ ഉടനെ ഒരു വർക്ക്ഷോപ്പ് ചെയ്യാനായി സംഘാടകർ അവരെ ബോബെയിലേക്ക് ക്ഷണിച്ചു. വേദികളിൽ നിന്നും വേദികളിലേക്ക് പോകാൻ മാത്രമുള്ള ഒരു നാടകമല്ലിത്. എന്നാൽ ഏറെ തവണ ഞങ്ങളുടെ ആശ നിറവേറ്റാനുമായിട്ടില്ല.

ബോംബെയിൽ നടത്തിയ ആ പ്രദർശനം മനോഹരമായിരുന്നു. കളിമൺ പാവകൾക്കൊപ്പം അവയുടെ കഥകളുമുണ്ടായിരുന്നു. ചരിത്രപരമായ കഥകൾ മാത്രമല്ല ഈ പാവകൾക്ക് പറയാനുള്ളത്. സമകാലികവുമാണ് അവയുടെ കഥകൾ. ആ കലാകാരും കളിമൺ പാവകളും തമ്മിൽ ബന്ധപ്പെടുന്ന സ്വകാര്യമായ കഥകളുണ്ട്. നാടകം പോലെതന്നെ വളരെ അനൗപചാരികമാണ് ഈ പ്രദർശനവും. പശ്ചിമ ബംഗാളിലെ പാവകളെയെല്ലാം അവിടെ കാണാം. സുന്ദർബൻസിലെ പാവകളും കൂട്ടത്തിൽ കാണും. പ്രദർശനത്തോടൊപ്പം പാവകളെ വാങ്ങാനുള്ള ഒരു കടയുമിട്ടിട്ടുണ്ടാവും. എന്നിട്ട് നാടകത്തിലേക്ക് വരുമ്പോൾ നാടകത്തിനായ് ഉണ്ടാക്കിയതല്ലാത്ത ഈ പാവകളെ നാടകത്തിൽ ഉപയോഗിക്കുന്നത് എങ്ങനെയെന്നു കാണാം. സ്വന്തം കഥകളുള്ള ഈ പാവകളെ മറ്റൊരു കഥയിൽ കാണാം. അതിനുശേഷം, സുന്ദർബൻസിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ ഒരു വർക്ഷോപ്പുണ്ടാവും. അവിടെ നിങ്ങൾക്ക് സ്വന്തം പാവകളുണ്ടാക്കാം.

പാവകളെ നിർമ്മിച്ച സുന്ദർബൻസിലെ കലാകാരർക്കൊപ്പം ചോയ്തി ഘോഷ്. കടപ്പാട്:tram art trust

തുടക്കത്തിൽ, കളിമണ്ണ് കയ്യിലിട്ട് കുഴച്ച് നിമിഷ നേരം കൊണ്ട് ഓരോ ജീവികളെ പുറത്തെടുത്ത രംഗം അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാണികളിലേക്ക് ഒഴുകി വന്ന ആ കളിമൺ താറാവിന്റെ കഴുത്ത് ചെരിച്ചുള്ള നോട്ടം മറക്കാനാവില്ല.

ഒരു വർഷം തുടർച്ചയായി ഞങ്ങൾ റിഹേർസൽ ചെയ്തിരുന്നു. എന്നാൽ ഷമീം ഒരു ശിൽപ്പി കൂടിയാണ്. നാളെ ഷമീം ഇവിടെ കളിക്കുമ്പോൾ എന്റെ തറാവും ഷമീമിന്റെ താറാവും തമ്മിലെ വ്യത്യാസം നേരിട്ടു കാണാം. ഹിന്ദിയിലാണ് ഷമീം അവതരിപ്പിക്കുക. ഇംഗ്ലീഷിലും, ഹിന്ദിയിലും, ബാംഗ്ലയിലും ഇപ്പോൾ ഈ നാടകമുണ്ട്. പാട്ടുകൾ എല്ലായ്പ്പോഴും ബാംഗ്ലയിൽ ആയിരിക്കും. എന്നാൽ ഞാൻ ഇംഗ്ലീഷിൽ അവതരിപ്പിക്കും. ഷെമീം ഹിന്ദിയിലും. ബാംഗ്ലയിൽ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ഞങ്ങളുടെ കയ്യിൽ തിരക്കഥയുണ്ട്.

ബോൺ ബീബിയെ കുറിച്ച് പറഞ്ഞില്ലല്ലോ …?

ബോൺ ബീബീ ! സുന്ദർബൻസിൽ നിന്നും ബോൺ ബീബിയെ മാറ്റിനിർത്താനാവില്ല. അവൾ എല്ലായിടത്തുമുണ്ട്. ഉറച്ച നിലപാടുകൾ ഉള്ളവളാണവൾ. സുന്ദർബൻസിൽ അവരെയെല്ലാം സംരക്ഷിക്കുന്നവൾ മാത്രമല്ല, അവരെയെല്ലാം ഒരുമിപ്പിക്കുന്നവളുമാണ് ബോൺ ബീബി. ഈ കൂട്ടായ്മയുടെ കരുത്തിൽ ജീവിക്കുന്നവരും, ഏറെ അഭിമാനിക്കുന്നവരുമാണ് സുന്ദർബൻസിലെ ജനങ്ങൾ. അതുകൊണ്ടുതന്നെ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി ബോൺ ബീബിയുണ്ട്. ബോൺബീബിയും സുന്ദർബൻസിലെ ജനങ്ങളും തമ്മിൽ ഒരു കരാറുണ്ട്, ഇന്നത്തെ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാണത്. വളരെയേറെ പ്രചോദിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പാണത്. നിങ്ങൾ തമ്മിൽ സ്നേഹമുണ്ടെങ്കിൽ ഞാൻ നിങ്ങളെ സംരക്ഷിക്കും എന്നാണ് ബോൺ ബീബിയുടെ വാഗ്ദാനം. നിങ്ങൾ ഒന്നിച്ചു നിന്നില്ലെങ്കിൽ പിന്നെങ്ങനെ നിങ്ങളെ സംരക്ഷിക്കും എന്നാണ് ബോൺ ബീബി ചോദിക്കുന്നത്. കെട്ടുറപ്പുള്ള കൂട്ടായ്മയില്ലാതെ സുന്ദർബൻസിൽ ജീവിക്കാനുമാവില്ല. വർഷത്തിൽ ഒരിക്കൽ വന്നിരുന്ന കൊടുങ്കാറ്റുകൾ ഇപ്പോൾ വർഷാവർഷം രണ്ട് തവണ വരുന്നു. എല്ലാത്തിനെയും നശിപ്പിക്കുന്ന കൊടുങ്കാറ്റാണിത്. ഹിന്ദുവെന്നോ, മുസൽമാനെന്നോ ഭേദമില്ലല്ലോ കൊടുങ്കാറ്റിനും, കടവയ്ക്കും, മുതലയ്ക്കുമൊന്നും.

എന്നാൽ ഒരു സമന്വയ ദേവതയായി (syncretic godess) മാത്രമായിട്ടായിരുന്നു ഞാൻ ബോൺ ബീബിയെ കണ്ടിരുന്നത്. അതു ശരിയല്ല. തിരക്കഥാകൃത്തായ മഞ്ജിമയോടൊപ്പം ഞാൻ സുന്ദർബൻസിലേക്ക് പോയി തുടങ്ങിയപ്പോൾ, ബോൺ ബീബിയുടെ ഉള്ളുതുറുന്ന് കാണാൻ മഞ്ജിമ എന്നോട് പറഞ്ഞു. ഒരു സമന്വയ ദേവതയായി മാത്രം ബോൺ ബീബിയെ കാണുകയാണെങ്കിൽ അതവളെ കുറച്ചുകാണലാണ്. സുന്ദർബൻസിലുള്ള സകല ജന്തുജീവജാലങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന ദേവതയാണവൾ. ഞണ്ടാവട്ടെ, മുതലയാവട്ടെ, ഹിന്ദുവോ, മുസൽമാനോ,ക്രിസ്ത്യനോ, കടുവയോ, ആമയോ എന്തുമാകട്ടെ… എല്ലാവരുടെയും ദേവതയാണവൾ. സുന്ദർബൻസിലെ പരിസ്ഥിതിയിൽ നിന്നും മാറ്റിനിർത്താനാവില്ലവളെ. എല്ലാത്തിനേയും ഉൾക്കൊള്ളുന്ന ഒരുവളാണവൾ. അത്രയേറെ സങ്കീർണ്ണവും, ലളിതവുമാണവൾ. അതുകൊണ്ടുതന്നെ ഈ നാടകവും സങ്കീർണ്ണവും ലളിതവുമാവണം. അല്ല, ഈ സങ്കീർണ്ണതയെ ലളിതമായി അവതരിപ്പിക്കുന്നതാവണം.

സുന്ദർബൻസ്. കടപ്പാട്:wikipedia

കൊടുങ്കാറ്റു വന്നപ്പോൾ ആ മരത്തിനു ചുറ്റും കറുത്ത ചരടിനാൽ എല്ലാവരെയും കെട്ടിവെച്ച രംഗം കാണിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധിയുടെ ഘട്ടത്തിൽ സുന്ദർബൻസിലെ മനുഷ്യർ എങ്ങനെ പെരുമാറുമെന്ന്.

ജീവിതത്തിലും നാടകത്തിലും. അതൊരു രൂപകം മാത്രമല്ല. ശരിക്കും അവർ അങ്ങനെ ചെയ്യും. കൊടുങ്കാറ്റുകൾ വരുമ്പോൾ അവർ മരങ്ങളെ കെട്ടിപ്പിടിക്കും. പറന്നുപോകാതിരിക്കാൻ മരങ്ങളെ ചുറ്റി നിന്ന് സ്വയം മരത്തിൽ കെട്ടിവെക്കും.

പാട്ടുകളാണല്ലോ ഈ നാടകത്തിന്റെ ആത്മാവ് ?

സംഗീതമില്ലാതെ ബാംഗ്ലയിൽ നിന്നും ഒരു നാടകം സങ്കൽപ്പിക്കാനാവില്ല. ബംഗാളിലെ ഗ്രാമങ്ങളിൽ നിന്നാണെങ്കിൽ പിന്നെ പറയേണ്ട. സ്വന്തം പാട്ടില്ലാത്തതായ് ഒന്നും ബംഗാളിലെ ഗ്രാമങ്ങളിലില്ല. ഓരോ തൊഴിലിനും സ്വന്തമായി പാട്ടുകളുണ്ട്. ഈ നാടകത്തിൽ ആദ്യം കേട്ട പാട്ടുകൾ രണ്ടും വെള്ളത്തിന്റെ പാട്ടുകളാണ്. ബാട്ടിയാലി, തോണിക്കാരന്റെ സംഗീതം. കൊടുങ്കാറ്റിനുD ശേഷം എല്ലാവരും അൽത്താഫിനെ തിരഞ്ഞുപോകുന്നിടത്ത് കേൾക്കുന്നത് ഒരു ബാവുൽ ഗാനമാണ്. ബംഗാളിലെവിടെയും ബാവുലിന്റെ സ്വാധീനമുണ്ട്. ബംഗാളിലാകെ കറങ്ങിക്കൊണ്ടിരിക്കുന്നവരാണ് ബാവുലുകൾ. അവസാനത്തെ മൂന്ന് പാട്ടുകളും അവരുടെ പാരമ്പര്യത്തിൽ ഞങ്ങൾ തന്നെ എഴുതിയിട്ടുള്ളതാണ്. പരമ്പരാഗതമായ രണ്ട് പാട്ടുകളുടെ വരികൾ മാറ്റിയെഴുതുകയായിരുന്നു. അവസാനത്തെ പാട്ട് സുന്ദർബൻസിലേക്ക് പുതുതായി വന്നതാണ്. കുടിയേറ്റത്തിന്റെ ഒരു ചരിത്രം സുന്ദർബൻസിനുണ്ട്. ജുമൂൻ എന്ന പാട്ടുശാഖ സുന്ദർബൻസിൽ എത്തുന്നതങ്ങനെയാണ്. പശ്ചിമബംഗാളിലെ മേഥ്നിപൂർ ജില്ലയിൽ പ്രചാരത്തിലുള്ള പാട്ടുകളാണിവ. മേഥ്നിപൂരിൽ നിന്നും നിരവധി പേർ സുന്ദർബൻസിലേക്ക് കുടിയേറി. അവരോടൊപ്പം അവരുടെ പാട്ടുകളും. ആഘോഷവേളകളിൽ അവർ നൃത്തം ചെയ്യാറുള്ള പാട്ടുകളാണവ. അതുകൊണ്ട് തന്നെ ആ അവസാന രംഗത്തിൽ ജുമൂൺ മാത്രമെ പാടാനാവു.

ചോയ്തി ഘോഷ്

ബാവുലുകൾ കേരളത്തിലും സുപരിചിതരാണ്. ആദ്യത്തെ ആ പാട്ട് തൊട്ടുതന്നെ ആത്മീയമായ ഒരു തലം നാടകത്തിലുണ്ട്. ആ ബാട്ടിയാലി പാട്ട് കേട്ടപ്പോൾ അതിന് മറുമൊഴിയെന്നോണം ബോബ പാഗ്ലെയുടെ ഒരു ബാവുൽ ഗാനം ഞാൻ ഓർത്തു, തുഴയാനറിയാത്ത തോണിക്കാരാ… നീ നിന്റെ തുഴകൾ ഉപേക്ഷിച്ചേക്കൂ… കാലപ്രവാഹത്തിൽ ഒഴുകിക്കോളൂ … എന്ന് പറയുന്ന പാട്ട്.

ഇതൊരു പുതിയ നിരീക്ഷണമാല്ലോ ! ബാട്ടിയാലി പാട്ടുകൾ എപ്പോഴും പുഴയുടെയും തോണിയുടെയും രൂപകങ്ങൾ സ്വീകരിക്കുന്ന പാട്ടുകളാണ്. ഒരു ബാവുൽ ഹൃദയം ഈ പാട്ടുകളിൽ തുടിക്കുന്നണ്ട്. ബാവുൽ പോലെ തന്നെ ബാട്ടിയാലിയും എല്ലായ്പ്പോഴും ദാർശനികമാണ്.

അതേപോലെ തന്നെ അള്ളാ… അള്ളാ… ഹരി… ഹരി… എന്നു തുടർച്ചയായി കൂടെ പാടുന്നു. കാണികളും കൂടെ പാടിയത് കേട്ടപ്പോൾ സന്തോഷം തോന്നിയോ?

അതെ, സുന്ദർബൻസിൽ അവർ ഒന്നിച്ചു പാടും പോലെ ഇന്ന് നമ്മളും പാടി. അള്ളാ… അളളാ… ഹരി… ഹരീ… ഓ… അള്ളാ… അള്ളാ… ഹരി… ഹരി…

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read