മഹാരാഷ്ട്രയിൽ സംഭവിച്ചതെന്ത്?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുന്നൂറിലേറെ സീറ്റുകളിൽ വിജയിച്ച് വലിയ മുന്നേറ്റമാണ് ബി.ജെ.പി സഖ്യം നടത്തിയിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഒരു സഖ്യവും ഇരുന്നൂറിലധികം സീറ്റ് നേടിയിട്ടില്ല. ഭരണകക്ഷിയായ മഹായുതിയും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് മ​ഹാരാഷ്ട്ര സാക്ഷിയായതെങ്കിലും ഏകപക്ഷീയമായ വിജയമാണ് മഹായുതി സഖ്യം കൈവരിച്ചിരിക്കുന്നത്. ബിജെപി, ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ.സി.പി എന്നിവരാണ് മഹായുതി സഖ്യത്തിലെ പ്രധാന പാർട്ടികൾ. കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ്), എൻ.സി.പി (ശരദ്പവാര്‍) എന്നീ പാർട്ടികളുടെ സഖ്യമാണ് മഹാ വികാസ് അഘാഡി. 2022 ജൂണില്‍ ശിവസേനയും 2023 ജൂലൈയില്‍ എന്‍സിപിയും പിളര്‍ന്നശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ വിജയം ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ), എൻ.സി.പി (അജിത് പവാര്‍) വിഭാ​ഗങ്ങൾക്ക് നേട്ടമായി മാറി. മത്സരിച്ച 148 സീറ്റുകളിൽ 131ലും ബി.ജെ.പി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം വിജയിച്ചു. ഷിൻഡേ ശിവസേന മത്സരിക്കുന്ന 81ൽ 55ലും അജിത് പവാറിൻ്റെ എൻ.സി.പി 59ൽ 41ലും മുന്നിലാണ്. 101 സീറ്റുകളിൽ മത്സരിച്ച കോൺ​ഗ്രസ് 17 എണ്ണത്തിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. ശരദ് പവാറിൻ്റെ എൻ.സി.പി 86-ൽ 10 സീറ്റിലും താക്കറെ ശിവസേന 95-ൽ 21 സീറ്റിലും മാത്രമാണ് മുന്നിൽ. ഇത് ഈ പാർട്ടികൾക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായി മാറിയിരിക്കുന്നു.

മഹായുതി സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത വൻകിട വികസന പദ്ധതികളായിരുന്നു അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയം. ഒപ്പം വർഗീയതയും ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധമായിരുന്നു. ഹൈന്ദവരെല്ലാം ബിജെപിക്ക് കീഴിൽ ഒന്നിച്ചുനിൽക്കണം എന്നർഥം വരുന്ന ‘ബട്ടേങ്കേ തോ കട്ടേങ്കേ’ (ഭിന്നിച്ചാൽ തകരും), മുസ്ലീങ്ങൾ വോട്ട് ജിഹാദ് നടത്തുന്നു, അതിനെതിരെ ധർമയുദ്ധത്തിന് ബിജെപി പ്രവർത്തകർ തയാറാകണം, വഖഫിന്റെ പേരിൽ മുസ്ലീങ്ങൾ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നു, മുസ്ലീം സംവരണം നടപ്പാക്കില്ല, ഇൻഡ്യാ മുന്നണി ഭരണത്തിലേറിയാൽ ലൗജിഹാദ്, ലാൻഡ് ജിഹാദ് എന്നിവ സംസ്ഥാനത്ത് വ്യാപകമാകും തുടങ്ങിയ ആരോപണങ്ങളാണ് ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കൾ ഉന്നയിച്ചത്. ക്യാമ്പയിനിലും ബി.ജെ.പി ഏറെ മുന്നിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ആഴ്ചക്കിടയിൽ 11 റാലികളിലാണ് പങ്കെടുത്തത്. മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മുതിർന്ന ബിജെപി നേതാക്കളായ നിതിൻ ഗഡ്കരി, ജെ.പി നഡ്ഡ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ മഹായുതി സഖ്യത്തിനായി പ്രചാരണത്തിനെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി പ്രചാരണത്തിൽ ആർ.എസ്.എസ് പങ്കുചേർന്നത് ബിജെപിക്ക് ഗുണം ചെയ്തു. വീടുവീടാന്തരം കയറിയും ചെറിയ പൊതുയോഗങ്ങൾ നടത്തിയും പ്രചാരണത്തിൽ അവർ സജീവമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യ പ്രചാരണത്തിൽ നിന്ന് ആർ.എസ്.എസ് വിട്ടുനിന്നത് സംസ്ഥാനത്തെ ബി.ജെ.പിയുടെ തോൽവിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിരുന്നു.

ദേവേന്ദ്ര ഫഡ്‌നവിസ്, എക്‌നാഥ് ഷിൻഡെ, അജിത് പവാർ. കടപ്പാട്:livemint

സ്ത്രീകൾക്കായി സർക്കാർ അവതരിപ്പിച്ച ‘മുഖ്യമന്ത്രി ലഡ്കി ബഹിൻ യോജന’യുടെ പിൻബലവും മഹായുതി സഖ്യത്തിന് ​ഗുണമായി മാറി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി മഹായുതി സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഈ പദ്ധതി പ്രകാരം, പ്രതിമാസം 1,500 രൂപയാണ് 2.5 ലക്ഷത്തിന് താഴെ പ്രതിശീർഷവരുമാനമുള്ള സ്ത്രീകൾക്ക് സർക്കാർ ഓരോ മാസവും നൽകുന്നത്. ഇത് സ്ത്രീവോട്ടർമാരിൽ വലിയ സ്വാധീനം സൃഷ്ടിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുശേഷമുള്ള ഏറ്റവും വലിയ പോളിങ്ങാണ് മഹാരാഷ്ട്രയിൽ ഇത്തവണ രേഖപ്പെടുത്തിയത്. സ്ത്രീ വോട്ടർമാർ കൂടുതലായി വോട്ട് ചെയ്തതുകൊണ്ടാണ് പോളിം​ഗ് കൂടിയതെന്നാണ് മഹായുതി സഖ്യത്തിന്റെ വാദം. ലഡ്കി ബഹിൻ പദ്ധതിയുടെ കൂടുതൽ ഗുണഭോക്താക്കളുള്ള ഗ്രാമീണ-ആദിവാസി മേഖലകളിലാണ് ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാർ പോളിങ് ബൂത്തുകളിലെത്തിയത് എന്നതും ശ്രദ്ധേയം.

മഹാരാഷ്ട്രയിലെ പ്രധാന വോട്ടുബാങ്കായ കർഷകരെ തൃപ്തിപ്പെടുത്താനുള്ള പദ്ധതികളും സർക്കാർ അവസാന നാളുകളിൽ ആവിഷ്കരിച്ചിരുന്നു. “സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ കാരണക്കാർ വിദർഭയിലെ കർഷകരാണ്” എന്നാണ് കഴിഞ്ഞ സെപ്തംബറിൽ വാർധയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഗ്രാമീണ ജനതയെ ലക്ഷ്യംവച്ച് ഒട്ടേറെ പദ്ധതികളാണ് കഴിഞ്ഞ നാല് മാസത്തിനിടയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്. കൃഷിക്ക് ഉപയോഗിക്കുന്ന മോട്ടോർ പമ്പുകളുടെ വൈദ്യുത ബില്ലിൽ ഇളവ് നൽകുന്ന പദ്ധതി വിദർഭയിലെ 9.4 ലക്ഷം കർഷകരടക്കം സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഉപകാരമായി മാറി.

ശരദ് പവാറും ഉദ്ദവ് താക്കറെയും. കടപ്പാട്:timesofindia

വിജയം ഉറപ്പായതോടെ മഹായുതി സഖ്യത്തിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി തർക്കം ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി ഞായറാഴ്ച ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഷിൻഡെ വിഭാഗം ഈ ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസിനും എൻ.സി.പി നേതാവ് അജിത് പവാറിനും മുഖ്യമന്ത്രി കസേരയിൽ താത്പര്യമുണ്ട്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബി.ജെ.പിയും ആ ആവശ്യം ഉന്നയിക്കും. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് ബി.ജെ.പിയും ശിവസേനയും അകന്നതും ബി.ജെ.പിക്ക് ഭരണം നഷ്ടമാകുന്നതും എന്നത് അവർ മറക്കാനിടയില്ല. അതുകൊണ്ടുതന്നെ ശ്രദ്ധയോടെയാണ് അവർ അക്കാര്യങ്ങൾ മുന്നോട്ടുനീക്കുന്നത്.

Also Read

3 minutes read November 23, 2024 11:40 am