Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ മറുപടി, തെരഞ്ഞെടുപ്പിൽ പതറാതെ പോരാടിയ പ്രാദേശിക സഖ്യത്തിന്റെ വിജയം – ഇൻഡ്യ മുന്നണിയുടെ ഭാഗമായ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിയുടെ വിജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. അവസാന ഫലം വരുമ്പോൾ മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റിൽ 30 മണ്ഡലങ്ങളിലാണ് മഹാവികാസ് അഘാടി വിജയിച്ചിരിക്കുന്നത്. എൻ.ഡി.എയുടെ മുന്നേറ്റം 17 സീറ്റിലൊതുങ്ങി. 2019ൽ എൻ.ഡി.എ 41 സീറ്റ് തുത്തുവാരിയിടത്ത് നിന്നാണ് ഈ വീഴ്ച. അഘാടിയുടെ ഈ വിജയത്തിന്റെ മധുരം അറിയണമെങ്കിൽ കുറച്ച് ചരിത്രം കൂടി മനസ്സിലാക്കണം.
അഞ്ച് വർഷങ്ങൾക്കിടയിൽ വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് സാക്ഷിയായ സംസ്ഥാനമാണ് മഹാരാഷ്ട്ര. 2019ൽ എൻ.ഡി.എയുടെ ഭാഗമായി ശിവസേനയും ബി.ജെ.പിയും ഒരുമിച്ചായിരുന്നു മത്സരം. അന്ന് 23 സീറ്റിൽ ബി.ജെ.പിക്കും 18 സീറ്റിൽ ശിവസേനക്കുമായിരുന്നു വിജയം. ആകെ 41 സീറ്റിൽ എൻ.ഡി.എക്ക് മിന്നും വിജയം. യു.പി.എ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് 25 സീറ്റിലും എൻ.സി.പി 19 സീറ്റിലും മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ വിജയം ഒരു സീറ്റിലും എൻ.സി.പിയുടെത് നാല് സീറ്റിലുമൊതുങ്ങി. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ സീറ്റു തർക്കത്തെത്തുടർന്ന് 2019 നവംബറിൽ ശിവസേന, എൻ.സി.പി-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേരുകയും 2019 നവംബർ 29ന് പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു. മഹാവികാസ് അഘാടിയെ എന്ന ആ സഖ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പി ആസൂത്രണം അന്ന് മുതൽ തുടങ്ങുന്നുണ്ട്. 2022 ജൂണിൽ ശിവസേനയിലെ മുതിർന്ന നേതാവ് ഏക്നാഥ് ഷിൻഡെ ഒരുകൂട്ടം എം.എൽ.എമാരുമായി മറുകണ്ടം ചാടിയതോടെ ശിവസേന-എൻ.സി.പി-കോൺഗ്രസ് ഭരണത്തിന് അറുതിയാകുന്നു. ജൂൺ 30ന് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രിയായി ചുമതല ഏൽക്കുകയും ചെയ്തു. കൂറുമാറിയ ഷിൻഡെയെയും കൂട്ടരെയും സ്പീക്കർ യഥാർത്ഥ ശിവസേനയായി പ്രഖ്യാപിച്ചതോടെ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനക്ക് കാലങ്ങളായുള്ള തങ്ങളുടെ പേരും ചിഹ്നവും നഷ്ടപ്പെടുകയാണുണ്ടായത്. അത് അവരിലുണ്ടാക്കിയ മുറിവ് ചെറുതായിരുന്നില്ല. 2023ൽ എൻ.സി.പിയെയും ബി.ജെ.പി പിളർത്തുന്നുണ്ട്. കഴിഞ്ഞ വർഷമാണ് എൻ.സി.പിയുടെ മുഖങ്ങളിലൊരാളായിരുന്ന അജിത് പവാറിനെയും പാർട്ടിയുടെ ഭൂരിഭാഗം എം.എൽ.എമാരെയും ബി.ജെ.പി തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുന്നത്. ഇതോടെ ശരത് പവാറിനും തങ്ങളുടെ ഔദ്യോഗിക പാർട്ടി പേരും ചിഹ്നവും നഷ്ടപ്പെടുന്നു.
ശിവസേനയിലെയും എൻ.സി.പിയിലെയും വലിയൊരു വിഭാഗത്തെ പിളർത്തി തങ്ങളുടെ ചേരിയിലെത്തിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശരത്പവാർ വിഭാഗം എൻ.സി.പിയെയും ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയെയും സംബന്ധിച്ചിടത്തോളം മറാത്ത രാഷ്ട്രീയത്തിൽ തങ്ങളുടെ ഇടം അടയാളപ്പെടുത്താനുള്ള അവസരവും. സമാനമായിരുന്നു അജിത് പവാറിന്റെയും ഏക്നാഥ് ഷിൻഡെയുടെയും അവസ്ഥ.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് 2024നെ വ്യത്യസ്തമാക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉയർന്നുവന്ന വിഷയങ്ങൾ തന്നെയാണ്. പുൽവാമ അക്രമം, അതിന്റെ ഭാഗമായി നടത്തിയ ബലാക്കോട്ട് തിരിച്ചടി, എൻ.സി.പി അഴിമതി പാർട്ടിയാണെന്ന തരത്തിൽ ഉയർന്നു വന്ന വിവാദങ്ങൾ കോൺഗ്രസിനെതിരെയുള്ള ഭരണവിരുദ്ധ വികാരം എന്നിവയായിരുന്നു 2019 തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രചാരണ വിഷയങ്ങൾ. ബി.ജെ.പിയും ശിവസേനയും ഒരുമിച്ചായിരുന്നു അന്ന് മത്സരിച്ചത് എന്നതും പ്രധാനമാണ്. 2024ൽ കാര്യങ്ങൾ ഏറെ മാറി. മഹാരാഷ്ട്രയിലെ കേഡർ പാർട്ടികളായി കണക്കാക്കിയിരുന്ന ശിവസേനയെയും എൻ.സി.പിയെയും ബി.ജെ.പി പിളർത്തിയതിനെ ഒരു രാഷ്ട്രീയായുധമായി പ്രയോഗിക്കാൻ ശിവസേന ഉദ്ദവ് വിഭാഗത്തിനും എൻ.സി.പി ശരത് പവാർ പക്ഷത്തിനും സാധിച്ചിരുന്നു. തങ്ങൾക്കനുകൂലമായി ജനങ്ങൾക്കിടയിൽ ഉയർന്നുവന്ന സഹതാപതരംഗം ഏറ്റവം സമർഥമായി ഉപയോഗപ്പെടുത്താൻ പ്രചാരണത്തിൽ ആദ്യം മുതലേ രണ്ട് വിഭാഗവും ശ്രമിച്ചിരുന്നു. ഇതിന് പുറമെ മറാത്ത സംവരണം, വിലക്കയറ്റം, കർഷക പ്രശ്നങ്ങൾ എന്നീ ജനകീയ വിഷയങ്ങൾ ആഴത്തിൽ ചർച്ചയായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഇത്തരം ജനകീയ പ്രശ്നങ്ങളാണ് ഇൻഡ്യാ സഖ്യം ഉയർത്തിയത്. രാജ്യത്ത് കർഷക ആത്മഹത്യ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. മറാത്ത സമൂഹത്തിൽ കൂടുതൽ പേരും കൃഷിയിലേർപ്പെടുന്നവരാണ്.
നിർണായകമായ മുംബൈ മേഖല
അഭിമാന പോരാട്ടത്തിനിറങ്ങിയ ഉദ്ദവ് പക്ഷത്തിനും ഷിൻഡെ പക്ഷത്തിനും ഏറെ നിർണായകമായിരുന്നു മുംബൈ മേഖലയിലെ വിജയം. ശിവസേനയുടെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന മുബൈ നഗരത്തിലെ വിജയം യഥാർഥ ശിവസേനയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. 2019ൽ എൻ.ഡി.എ സഖ്യമാണ് മുംബൈ മേഖലയിലെ ആറ് സീറ്റും തൂത്തുവാരിയത്. ബി.ജെ.പിയും ശിവസേനയും മൂന്ന് വീതം. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്തിൽ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. ബാക്കി വരുന്ന മുംബൈ സൗത്ത്, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് ഈസ്റ്റ് എന്നീ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും വിജയിച്ചത് ശിവസേന ഉദ്ദവ് പക്ഷമാണ്. മുംബൈ നോർത്ത് സെൻട്രലിലാകട്ടെ കോൺഗ്രസും. മുംബൈ നോർത്ത് വെസ്റ്റിൽ തീപ്പൊരി മത്സരത്തിനൊടുവിൽ 48 വോട്ടിന് ശിവസേന ജയിക്കുകയും ചെയ്തു.
ബി.ജെ.പിയുമായുള്ള വേർപിരിയലിന് ശേഷം ഗുജറാത്തി വോട്ടുകളും നോർത്ത് ഇന്ത്യൻ വോട്ടുകളും ഉദ്ദവ് പക്ഷത്തിന് നഷ്ടപ്പെട്ടിരിക്കാം. മുസ്ലീം വോട്ടുകളിലൂടെയാണ് അവരത് പരിഹരിക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എൻ.സി.പി പക്ഷത്തോട് ചേർന്നു നിൽക്കുന്ന ഉദ്ദവ് പക്ഷത്തോട് മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് പൊതുവെ അടുപ്പവുമുണ്ട്. മുംബൈ വോട്ടർമാരിൽ 18 ശതമാനം മുസ്ലീം വോട്ടർമാരാണ്. ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ട എക്സിറ്റ് പോൾ ഫലം മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുംബാദേവി, ബൈകുള, ധാരാവി എന്നിവിടങ്ങളിലെ 75 മുതൽ 80 ശതമാനം വരെ വോട്ടർമാരും ഉദ്ദവ് താക്കറെ പക്ഷത്തിനാണ് വോട്ട് രേഖപ്പെടുത്തിയത് എന്ന് പറയുന്നുണ്ട്. മഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായാണ് മറാത്തികളും മുസ്ലീം വോട്ടർമാരും ഒരുമിച്ച് ശിവസേനക്ക് വോട്ടു ചെയ്യുന്നത്. മുംബൈയിലെ ആറിൽ അഞ്ച് മണ്ഡലങ്ങളിലും ഇത് പ്രതിഫലിച്ചുവെന്നാണ് മനസ്സിലാകുന്നത്. മുംബൈ മേഖലയിലെ ഉദ്ദവ് പക്ഷത്തിന്റെ തേരോട്ടം ഭാവിയിൽ ഷിൻഡെ പക്ഷത്തിനുണ്ടാക്കാൻ പോകുന്ന മുറിവും ചെറുതല്ല.
ഏക്നാഥ് ഷിൻഡെയുടെ ശിവസേന 15 സീറ്റിലാണ് മത്സരിച്ചത്. അഞ്ച് സീറ്റ് മുംബൈ മെട്രോപോളിറ്റൻ റീജിയണിൽ. രാംതക്, ഹിങ്കോളി, യവാത്മാൽ വാഷിം മണ്ഡലങ്ങളിൽ തങ്ങളുടെ സിറ്റിംഗ് എം.പിമാരെ മാറ്റിയാണ് ഷിൻഡെ പക്ഷം മത്സരിപ്പിച്ചത്. ഈ മൂന്ന് മണ്ഡലത്തോടൊപ്പം നാസികിൽ ഭരണവിരുദ്ധ വികാരം നേരിടുന്ന ഹേമന്ദ് ഗോഡ്സെയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതും ഷിൻഡെ പക്ഷത്തിന് തിരിച്ചടിയായേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മണ്ഡലങ്ങളിൽ ബി.ജെ.പി സഹായം ഷിൻഡെ പക്ഷം വല്ലാതെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ചാണ് ഫലം വന്നത്. രാംതകിൽ കോൺഗ്രസും ബാക്കി മൂന്ന് മണ്ഡലങ്ങളിൽ ശിവസേന താക്കറെയുമാണ് വിജയിച്ചത്. പ്രതീക്ഷിച്ച ബി.ജെ.പി സഹായം കിട്ടിയില്ലെന്ന് മാത്രമല്ല, ഷിൻഡെ പക്ഷം തകരുകയും ചെയ്തു. ഏഴ് മണ്ഡലങ്ങളിൽ മാത്രമാണ് ഷിൻഡെ പക്ഷത്തിന് വിജയിക്കാനായത്.
പവാർ കുടുംബത്തിലെ കരുത്തനാര് ?
എൻ.സി.പിയിലെ ഭൂരിപക്ഷം എം.എൽ.എമാരെയും കൊണ്ട് ബി.ജെ.പി ചേരിയിലേക്ക് ചാഞ്ഞ അജിത് പവാറിനെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പായിരുന്നു ഇത്. പവാർ കുടുംബത്തിലെ ആരാണ് ശക്തനെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന മത്സരം. എന്നാൽ ശരത് പവാർ പക്ഷം ഏഴിടത്ത് വിജയച്ചപ്പോൾ ഒരിടത്ത് മാത്രം ഒതുങ്ങാനായിരുന്നു അജിത് പവാർ പക്ഷത്തിന്റെ വിധി. ശരത് പവാറിന്റെ മകൾ സുപ്രിയ സുലെയും അജിത് പവാറന്റെ ഭാര്യ സുനേത്ര പവാറും മത്സരിച്ച, കുടുംബപോരാട്ടം നടന്ന ബാരാമതി മണ്ഡലത്തിൽ മിന്നും വിജയമാണ് സുപ്രിയ സുലെ നേടിയത്. ഇതോടെ മഹാരാഷ്ട്രയിലെ അജിത് പവാർ പക്ഷത്തിന്റെ നിലനിൽപ്പ് വലിയൊരു ചോദ്യ ചിഹ്നമായിരിക്കുകയാണ്.
വിവിധ പാർട്ടികളുടെ വോട്ട് ശതമാനത്തിലും വലിയ ഇടിവ് ഇപ്രാവശ്യം സംഭവിച്ചിട്ടുണ്ട്. 2019ൽ എൻ.ഡി.എ സഖ്യം മാത്രം 51ശതമാനം വോട്ട് നേടിയിട്ടുണ്ടെങ്കിൽ 2024ൽ 41 ശതമാനം വോട്ട് നേടാനേ അവർക്കായുള്ളൂ. കഴിഞ്ഞ തവണ 32 ശതമാനം വോട്ട് നേടിയിരുന്ന യു.പി.എ ഇപ്രാവശ്യം സീറ്റ് വർധിപ്പിച്ചത് പോലെ വോട്ട് ഷെയർ വർധിപ്പിച്ച് 43 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഔദ്യോഗിക ശിവസേന 13 ശതമാനത്തതിലേക്കും അജിത് പവാർ വിഭാഗം കേവലം മൂന്ന് ശതമാനത്തിലേക്കും ഒതുങ്ങി. ശരത് പവാറും ഉദ്ദവ് താക്കറെയും തങ്ങളുടെ പാർട്ടി കേഡർ സംവിധാനത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയും മഹാ വികാസ് അഘാടിയുടെ കെട്ടുറപ്പിന് കോട്ടം തട്ടാത്ത രൂപത്തിൽ എൻ.സി.പി കരുക്കൾ നീക്കുകയും ചെയ്തതോടെയാണ് അഘാടിക്ക് മഹാരാഷ്ട്രയിൽ മിന്നും വിജയം സാധ്യമായത്.