Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
അസ്വസ്ഥതയുണ്ടെന്നുള്ള അറിവുതന്നെ അതിൽനിന്ന് പുറത്ത് കടക്കാൻ നമ്മെ പ്രാപ്തരാക്കുന്നു: ഗാന്ധി
‘ഹിന്ദ് സ്വരാജി’ലെ മൂന്നാം അദ്ധ്യായത്തിൽ നിന്നാണ് ഈ ഉദ്ധരണി. നമ്മുടെ കാലത്തിന് ചേർന്നതാണീ വാക്കുകൾ. നമ്മെ ചൂഴ്ന്നിട്ടുള്ള ഭയത്തിന്റെ മൗഢ്യത്തിൽ നിന്ന് നാം ഉണരേണ്ടതില്ലേ? തീർച്ചയായും ഗാന്ധി സൂചിപ്പിക്കുന്നതുപോലെ പൂർണ്ണമായി ഉണരാൻ കുറച്ചു നേരമെടുത്തേക്കും. അസ്വസ്ഥതയുടെ ഇടവേളയിലാണ് നാം ഇന്ത്യക്കാർ, കേരളീയർ. കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് പലർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. ഒരു വിഭാഗം ഇന്ത്യക്കാരെ വെറുപ്പിന്റെ ഇരകളാക്കിക്കൊണ്ട് നമുക്കെങ്ങിനെ ബഹുസ്വരതയെക്കുറിച്ചും, സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും, ഇന്ത്യൻ ഭാഷകളുടെ പെരുമയെക്കുറിച്ചും വിവിധ വിശ്വാസങ്ങളുടെ സമന്വയത്തെപ്പറ്റിയും, ഫെഡറലിസത്തെക്കുറിച്ചും മതസഹിഷ്ണുതയെക്കുറിച്ചും പറയാനാവും? നാമെങ്ങനെ പുരോഗതിയിലേക്ക് നീങ്ങും? ആദിവാസികൾക്ക് അവകാശപ്പെട്ട കാടും മലയും ഒരു ന്യൂനപക്ഷത്തിന്റെ ചൂഷണത്തിനായി തുരന്നെടുക്കാൻ അനുവദിക്കാമോ? ബുള്ളറ്റ് ട്രെയിനുകളും കെ റെയിലുകളും മുപ്പത്താറ് മീറ്റർ വീതിയുള്ള ഹൈവേകളും മാളുകളും കൊണ്ട് ദരിദ്രരിൽ ദരിദ്രനായ ഇന്ത്യക്കാരന്റെ പശിയടക്കാൻ കഴിയുമോ?
അസ്വസ്ഥത അതൃപ്തി തന്നെയാണ്. നിലവിലുള്ള അധികേന്ദ്രീകരണങ്ങളോടുള്ള അതൃപ്തി. ഈ അതൃപ്തി വളരെ ഉപയോഗമുള്ള ഒന്നാണെന്നും ഗാന്ധി വെളിപ്പെടുത്തുന്നുണ്ട്. നമ്മുടെ കാലത്തെ മദ്ധ്യവർഗികൾ താൽക്കാലികമായ തങ്ങളുടെ ഭദ്രതയിൽ തൃപ്തിയുള്ളവരായി, തങ്ങൾക്ക് വെളിയിലുള്ള മനുഷ്യരുടെ ജീവിതത്തെ കാണുന്നില്ല, അറിയുന്നില്ല. തീർച്ചയായും തന്റെ താൽക്കാലിക സ്ഥിതിയിൽ തൃപ്തനായ ഒരാളെ അതിൽ നിന്ന് പുറത്തുകൊണ്ടുവരിക ബുദ്ധിമുട്ടാണ്. ഇന്ത്യയിലും കേരളത്തിലും ഇന്ന് നടമാടുന്ന ഭരണസംവിധാനങ്ങളുടെ കേന്ദ്രീകരണത്തിൽ നഷ്ടപ്പെടുന്നത് ആദിവാസികൾക്കും ദലിതർക്കും ദരിദ്രനും അവകാശപ്പെട്ട നീതിയും ജിവസന്ധാരണത്തിനുവേണ്ട മണ്ണും ജലവും.
മധ്യവർഗികൾ ബഹുഭൂരിപക്ഷവും അതിന് ഞങ്ങൾക്കെന്ത് എന്ന ചോദ്യത്തിൽ ഒളിച്ചിരിക്കുമ്പോൾ ചെറിയൊരു ന്യൂനപക്ഷം അസ്വസ്ഥരാവുന്നു. അവരുടെ അതൃപ്തി പരസ്പരമുള്ള പങ്കുവയ്ക്കലുകളിലൂടെ സമൂഹത്തിൽ തീ പടർത്തുമ്പോഴാണ് കർഷകരും കൈവേലക്കാരും ആദിവാസികളും ദലിതരും അസംഘടിത തൊഴിലാളികളും ഉണരുന്നത്. അത് മൊത്തം സമൂഹത്തിന്റെ അസ്വസ്ഥതയായി പടരാൻ സമയമെടുക്കും. പക്ഷെ, നീറുപ്പുകയുന്ന അതൃപ്തി, ഗാന്ധി വ്യക്തമാക്കുന്നതുപോലെ അഹിംസയുടെ പ്രതിഷേധങ്ങളായി മാറാതിരിക്കില്ല… തീർച്ച.
കേൾക്കാം