Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ജനപ്രതിനിധികൾ പൊതുവിൽ തൻകാര്യം നോക്കികളും കപടനാട്യക്കാരുമാണ്: ഗാന്ധി
പാർലമെന്റ് വന്ധ്യയാണെന്ന് പറഞ്ഞതിന് ശേഷമാണ് ഗാന്ധി ജനപ്രതിനിധികളെപ്പറ്റി ഇത്തരമൊരു പരാമർശം നടത്തുന്നത്. സ്വന്തം കാര്യത്തെക്കുറിച്ചാണ് ഓരോ ജനപ്രതിനിധിയുടെയും ചിന്ത. “അവരെ നയിക്കുന്നത് ഭയമാണ്. ഇന്ന് ചെയ്തതിനെതിരായിട്ടാവും നാളത്തെ ചെയ്തി. അന്തിമ തീരുമാനം എന്ന് പറയാവുന്ന ഒന്നുപോലും പാർലിമെന്റിന്റെ മുൻകാല ചരിത്രത്തിൽ നിന്നെടുത്ത് കാണിക്കാനാവില്ല. കക്ഷിയുടെ ചൊൽപ്പടിക്ക് നീങ്ങലാണ് അവരുടെ അച്ചടക്കം. ഏതെങ്കിലുമംഗം പതിവുവിട്ട് സ്വതന്ത്രമായി വോട്ടുചെയ്താൽ അയാൾ വിശ്വാസവഞ്ചകനാവും.”
പാർലമെന്റിനെപ്പറ്റി 115 വർഷം മുമ്പാണ് ഗാന്ധി ‘ഹിന്ദ് സ്വരാജി’ലൂടെ ഇത്തരം വിമർശനങ്ങൾ നടത്തുന്നത്. ഗാന്ധി എഴുതുന്നത് ശ്രദ്ധിക്കുക: “പ്രധാനമന്ത്രിമാരോടെനിക്ക് വിരോധമൊന്നുമില്ല. എന്നാൽ എന്റെ അനുഭവം വച്ചുനോക്കുമ്പോൾ ജനിച്ച നാടിനോട് കൂറുകാണിച്ചിട്ടുള്ളവരാണവർ എന്നു കരുതാൻ വയ്യ. കൈക്കൂലി വാങ്ങാത്തവരാണ് സത്യസന്ധരെങ്കിൽ അവരങ്ങനെയൊക്കെതന്നെയാവും. എന്നാൽ കൂടുതൽ സൂക്ഷ്മമായ വിധേയത്വങ്ങളുടെ പിടിയിലാണവർ. തൻകാര്യം നേടാൻ ബഹുമതികൾ നൽകി അവരാളുകളെ പാട്ടിലാക്കുന്നു. ഇത് അഴിമതി തന്നെയാണ്. സജീവ മനസാക്ഷിയോ യഥാർത്ഥ സത്യനിഷ്ഠയോ അവർക്കില്ലെന്ന് പറയാൻ ശങ്കയെനിക്കൊട്ടുമില്ല.” ഇന്നാണ് ഗാന്ധി പാർലിമെന്റിനെപ്പറ്റിയോ അസംബ്ലിയെപ്പറ്റിയോ, എന്തിന് ഗ്രാമസഭകളെപ്പറ്റിയോ, ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നെങ്കിൽ അദ്ദേഹം രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ടേനെ. വികസന വിരോധിയായി അവഹേളിക്കപ്പെട്ടേനെ.
നമ്മുടെ ഇന്നത്തെ നിയമനിർമ്മാണ സഭകളെ ഗാന്ധിയുടെ വാക്കുകളിലൂടെ അപനിർമ്മിച്ചു നോക്കിയാൽ നമുക്ക് കിട്ടുന്ന ചിത്രങ്ങൾ ഭയാനകവും ദാരുണവുമായിരിക്കും. ഇന്ന് നമ്മുടെ നിയമനിർമ്മാണസഭകളിൽ ജനകീയമായ ഒരു പ്രശ്നവും ചർച്ച ചെയ്യപ്പെടുന്നില്ല. പ്രശ്നം പ്രതിപക്ഷത്തിന്റേതും കൂടിയാണ്. ഉപരിപ്ലവമായ പ്രസ്താവനകളിൽ കുടുങ്ങി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടിക്കുന്നു. അവതരിപ്പിക്കപ്പെടുന്ന ബില്ലുകൾ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ പാസാകുന്നു. ഭരണപക്ഷത്ത് നിന്ന് ഒരു വിമതശബ്ദം പോലും കേൾക്കാൻ സാധിക്കില്ല. വസ്തുതകളുടെ നിജസ്ഥിതിയോ, അതുകൊണ്ട് ദരിദ്രന് എന്തെങ്കിലും പ്രയോജനമുണ്ടോയെന്നും ഒരു ജനപ്രതിനിധിയും ചിന്തിക്കാറില്ല. കച്ചവട താത്പര്യങ്ങളാണ് രണ്ടു കൂട്ടരെയും നയിക്കുന്നത്.
ഒരു നിലയ്ക്ക് വൻകിട കോർപ്പറേറ്റുകളുടെയും അവരുടെ ഏജന്റുമാരുടെയും വാലാട്ടികളാണ് ബഹുഭൂരിപക്ഷം ജനപ്രതിനിധികളും. സ്വാതന്ത്ര്യം, ജനാധിപത്യ മൂല്യങ്ങൾ, ഗാന്ധിയൻ മതേതരത്വം, ബഹുസ്വരത, സുതാര്യത എന്നിവയിലൂന്നിയ ഒരു ചർച്ചയും നടക്കുന്നില്ല. ധാർമ്മികതയില്ലാത്ത ചുങ്കക്കാരുടെയും പരീശന്മാരുടെയും വെറും ചന്തപ്പുരകളായി നമ്മുടെ നിയമനിർമ്മാണ സഭകൾ മാറിയിട്ടില്ലേ? ജനങ്ങൾക്കും ഇതിലൊരു താൽപ്പര്യവുമില്ല. എങ്ങനെയെങ്കിലും ഏതെങ്കിലും കക്ഷിയുടെ തണലിൽ തന്റെ കാര്യം നടത്തിയെടുക്കാനാണ് അവരിൽ നല്ലൊരുപങ്കും ശ്രമിക്കുന്നത്. ഇതൊക്കെത്തന്നെയാവാം, പേരിന് ജനാധിപത്യമുള്ള രാജ്യങ്ങളിലെ യുവാക്കൾ പാട്ടാളഭരണത്തോട് താൽപര്യം കാട്ടാൻ തുടങ്ങുന്നത്. എന്തൊരു ക്രൂരമായ അവസ്ഥ! ഇതിനൊരു പോംവഴി ഗാന്ധിയുടേതാണ്.
കേൾക്കാം