ഗാന്ധിയുടെ ധർമ്മധാതുക്കൾ – 12

ഞാനൊരു അനേകതാവാദിയാണ്: ​ഗാന്ധി

ജൈനദർശനത്തിൽ നിന്നും ഗാന്ധി പഠിച്ച ഏറ്റവും പ്രധാനമായ കാര്യം ഇതാണ്. ‘യങ്ങ് ഇന്ത്യ’യിൽ 1926 ജനുവരി 21ന് ​ഗാന്ധി എഴുതി, “ആനയെ പറ്റി ഏഴ് വ്യത്യസ്ത വിശദീകരണങ്ങൾ നൽകിയ ഏഴ് അന്ധന്മാരും അവരുടേതായ വീക്ഷണ കോണുകളിൽ ശരിയായിരുന്നു. ഓരോരുത്തരുടെയും വീക്ഷണകോണുകളിൽ തെറ്റും. ആനയെ അറിഞ്ഞവന്റെ വീക്ഷണകോണിൽ അവരുടേത് തെറ്റും ശരിയുമായിരുന്നു. യാഥാർത്ഥ്യത്തിന്റെ അനേകതയെന്ന സിദ്ധാന്തം എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്.”

ഈ സിദ്ധാന്തമാണ് മുസൽമാനെ അദ്ദേഹത്തിന്റെ നിലപാടിൽ നിന്നുകൊണ്ടും ക്രിസ്ത്യാനിയെ അദ്ദേഹത്തിന്റെതിൽ നിന്നുകൊണ്ടും വിലയിരുത്തുവാൻ ഗാന്ധിയെ പഠിപ്പിച്ചത്. നമ്മുടെ കാലം എല്ലാറ്റിനെയും പരമാവധി രണ്ടു കോണുകളിൽ നിന്നും മാത്രം കാണാൻ ആഗ്രഹിക്കുന്നു, കാണുന്നു – കറുപ്പും വെളുപ്പും, ശത്രുവും മിത്രവും.

വര: വി.എസ് ​ഗിരീശൻ

ശാസ്ത്രീയമായി ഇത് തെറ്റാണ്. ഒരു വസ്തുവിനെ അനേകം കോണുകളിലൂടെ വീക്ഷിച്ചും വിലയിരുത്തിയും ആണ് ശാസ്ത്രീയ സത്യങ്ങളിൽ എത്താൻ കഴിയുക. എന്നിട്ടും അത് പൂർണ്ണമാകുന്നുമില്ല. വെറുപ്പിന്റെ രാഷ്ട്രീയം, കൊലപാതകത്തിന്റെ രാഷ്ട്രീയം നമ്മുടെ രാജ്യത്തും ഭൂമിയിലും പടരുന്നത് അനേകതാവാതം മനസ്സിലാക്കാതെയാണ്. ഇത് മനസ്സിലാക്കി കഴിഞ്ഞാൽ ഭരണാധികാരി പൗരനെ കാണുന്നത് പൗരന്റെ കണ്ണിലൂടെയാകും. ഭിഷഗ്വരൻ രോഗിയെ രോഗിയുടെ കണ്ണിലൂടെ, അധ്യാപകൻ വിദ്യാർത്ഥിയുടെ, പുരുഷൻ സ്ത്രീയുടെ, നാഗരികൻ ആദിവാസിയെ ആദിവാസിയുടെ കണ്ണിലൂടെ, സവർണ്ണൻ അവർണ്ണനിലൂടെ. ഈ ശൃംഖല നീണ്ടുനീണ്ട് മനുഷ്യനിൽ നിന്ന് ഇതര ജീവികളിലേക്കും പുഴയിലേക്കും മലയിലേക്കും മൺതരിയിലേക്കും സംക്രമിക്കുന്നു. ഈ സമസ്ത ലോകത്തെയും പ്രപഞ്ചത്തെയും നിങ്ങൾക്ക് സ്നേഹാലിംഗനത്തിൽ ആക്കുവാൻ സാധിക്കുന്നു.

നമുക്കിത് നിത്യജീവിതത്തിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാളെ ശത്രുവായി മുദ്രയടിക്കുന്നതിന് മുമ്പ്. ആലോചിക്കുക: ശത്രു എന്ന് നിങ്ങൾ ധരിക്കുന്ന മനുഷ്യന്റെ മനസ്സിൽ എന്താണ് ഉള്ളത്? നിങ്ങളെപ്പറ്റി, നിങ്ങളുടെ അനിഷ്ടത്തെ പറ്റി. ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കിയ ഹിറ്റ്ലർ ഒരിക്കൽ പോലും ജൂതന്റെ കണ്ണിലൂടെ നോക്കിയില്ല. സ്റ്റാലിൻ വർഗ്ഗ ശത്രുവിന്റെ കണ്ണിലൂടെയും. ഗുജറാത്തിൽ മുസ്ലീങ്ങളെ കൊല്ലുമ്പോൾ ഹിന്ദുവിന് മുസ്ലീമിന്റെ കണ്ണിലൂടെ നോക്കാനായിരുന്നെങ്കിൽ… 1984ൽ സിഖുകാരെ ഹിന്ദുക്കളായ കോൺഗ്രസുകാർ കൊല്ലുമ്പോൾ ഇപ്രകാരം ചെയ്തിരുന്നെങ്കിൽ… കേരളത്തിൽ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ ഇതൊന്ന് പരീക്ഷിച്ചിരുന്നെങ്കിൽ? നാം മനുഷ്യ ജീവികളെ പീഡിപ്പിച്ചു കൊല്ലുമ്പോൾ, ഈ രീതി പരീക്ഷിക്കുമോ? നമുക്ക് തണൽ നൽകുന്ന മരം വെട്ടിമുറിക്കുമ്പോൾ മരത്തിന്റെ കണ്ണിലൂടെ നോക്കുമോ? പുഴയിലേക്ക് മാലിന്യങ്ങളെറിയുമ്പോൾ പുഴയുടെ കണ്ണിലൂടെ?

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read