ഗാന്ധിയുടെ ധർമ്മധാതുക്കൾ – 10

ഒരുവൻ അവനവനെത്തനെ ഭരിക്കാൻ പഠിക്കുമ്പോൾ, സ്വയം ഭരിക്കുമ്പോൾ സ്വയംഭരണ സ്വരാജ് ആയി: ഗാന്ധി

‘ഇന്ത്യയ്ക്കെങ്ങനെ സ്വാതന്ത്ര്യം നേടാം?’ എന്ന അദ്ധ്യായം (ഹിന്ദ് സ്വരാജ് – അദ്ധ്യായം 14) ​ഗാന്ധി തുടങ്ങുന്നതിങ്ങനെയാണ്: “സ്വരാജ് നമ്മുടെ ഉള്ളംകൈയിൽ തന്നെയുണ്ട്. സ്വരാജ് ഒരു സ്വപ്നമാണെന്ന് കരുതരുത്. വെറുതെ ഇരിക്കാൻ പാടില്ല. ഞാൻ വിഭാവനം ചെയ്യുന്ന സ്വരാജ് എങ്ങനെയുള്ളതെന്നോ? നാമത് നേടിക്കഴിഞ്ഞാൽ അന്യർക്കത് നേടാനുള്ള പ്രേരണ ജീവിതാന്ത്യം വരെ നൽകിക്കൊണ്ടിരിക്കണം. ഓരോ വ്യക്തിക്കു സ്വന്തം അനുഭവം വഴി മാത്രമേ അതിന്റെ നേരറിയാനാകൂ. മുങ്ങിത്താഴ്ന്ന ഒരാൾക്ക് മുങ്ങുന്ന മറ്റൊരാളെ രക്ഷിക്കാനാവില്ല. അടിമകളായ നമുക്കെങ്ങനെ അന്യരെ സ്വതന്ത്രരാക്കാനാകും?”

വര: വി.എസ് ​ഗിരീശൻ

മുകളിൽ ഉദ്ധരിച്ച ഗാന്ധിയുടെ ഒമ്പത് ചെറുവാചകങ്ങൾ വിശദമായി, ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ അപഗ്രഥിക്കുവാൻ ശ്രമിച്ചാൽ ഒമ്പത് പുസ്തകങ്ങളെങ്കിലും എഴുതാനാവും. അത്രയ്ക്കുണ്ട് അവയുടെ ആഴം, സ്ഫോടകശക്തി. സ്വരാജ് നമ്മുടെ ഉള്ളംകൈയിൽ തന്നെയുണ്ട് എന്നതിന്റെ അർത്ഥം, സ്വാതന്ത്ര്യം അന്വേഷിച്ച്, നിങ്ങളെ അന്വേഷിച്ച്, നിങ്ങളുടെ ജീവിതം തേടി നിങ്ങൾ മറ്റൊരാളെ, സ്ഥാപനത്തെ, അധികാരകേന്ദ്രത്തെ ആശ്രയിക്കേണ്ട എന്നാണ്. “സ്വർഗ്ഗരാജ്യം നിങ്ങളിൽത്തന്നെയുണ്ട്.”

സ്വരാജ് ഒരു സ്വപ്നമല്ല. ഭൂമിയിൽ നടപ്പാക്കാൻ കഴിയാത്ത ഉട്ടോപ്യ അല്ല. അതിനായി പ്രവർത്തിക്കാം. വെറുതെയിരിക്കാൻ പാടില്ല. ജീവിതം മുഴുവൻ അതിനായി അർപ്പിക്കണം. അലസത, മടി അതിന്റെ പൂർത്തീകരണത്തിനുള്ള ശത്രുക്കളാണ്. ഗാന്ധി വിഭാവനം ചെയ്യുന്ന സ്വരാജ് ഗാന്ധിയിലുണ്ട്. അതാണ് ഗാന്ധിയെ ഇന്ത്യയുടെ പ്രാചീന ഋഷിമാരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. താൻ നേടാൻ ശ്രമിച്ച അതിന്റെ അർത്ഥതലങ്ങൾ, പ്രവൃത്തിമാർഗ്ഗങ്ങൾ അദ്ദേഹം സത്യാഗ്രഹസമരങ്ങളിലൂടെ ആശ്രമങ്ങളിലൂടെ ജീവിതാവസാനം വരെ നടപ്പാക്കാൻ ശ്രമിച്ചു. മറ്റുള്ളവർക്കും അത് പ്രാപ്യമാണെന്ന് അവരോട് പറഞ്ഞുകൊണ്ടിരുന്നു. അവരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അതേസമയം ഗാന്ധി പറഞ്ഞ വാചകങ്ങളിൽ കടിച്ചുതൂങ്ങി നിന്നാൽ അവർക്ക് സ്വരാജ് നേടാനാവില്ല. സ്വന്തം അനുഭവത്തിലൂടെ ജീവിതത്തിലൂടെ മാത്രമേ അതിന്റെ നേരറിയാനാകൂ. നിങ്ങളുടെ ജീവിതമാണ് നിങ്ങളുടെ അനുഭവം. മാർക്സിൽ നിന്ന് ഗാന്ധിയെ വ്യത്യസ്തനാക്കുന്നത് ഈ അടിസ്ഥാപരമായ, വ്യക്ത്യധിഷ്ഠിതമായ, അതേസമയം സമഷ്ടിയെ പുൽകുന്ന വ്യക്തിയുടെ അനുഭവത്തിന്റെ ഊർജ്ജമാണ്.

നിങ്ങൾ പ്രവൃത്തി ചെയ്യാതെ നിങ്ങളുടെ വഴിക്കുപോകുക, ഗാന്ധിയൻ വചനങ്ങൾ ഉരുവിടുകയും ചെയ്യുക എന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. മാത്രമവുമല്ല, നിങ്ങൾ ആസക്തികളുടെയും സ്ഥാപനങ്ങളുടെയും വെറും അടിമ മാത്രമെങ്കിൽ, നിങ്ങൾക്കെങ്ങിനെ മറ്റൊരടിമയെ സ്വതന്ത്രനാക്കാനാകും?

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read