മൃ​ഗങ്ങളുടെ ചരിത്രം എഴുതുമ്പോൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ബ്രിട്ടീഷുകാർ മലബാർ ഏറ്റെടുത്ത 1792 മുതൽ 1922 വരെ നടന്ന നിരവധി കലാപങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇക്കാലമത്രയും സാമ്രാജ്യത്വകൊളോണിയൽ വിരോധം, കാർഷിക ബന്ധങ്ങൾ, ദേശീയത, സാമുദായികത, വർഗീയത തുടങ്ങിയ ഏതാനും ചർച്ചാവിഷയങ്ങളിൽ ബന്ധിതമാണ്. ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ ഇക്കാലത്തെന്നപോലെ അക്കാലത്തും സംവാദങ്ങളുടെ വിളനിലമായിരുന്നു. ഏറ്റവും ചുരുങ്ങിയത് 1852 മുതലെങ്കിലും ഏറ്റുമുട്ടലുകളുടെ അടിസ്ഥാനചോദനകൾ കാർഷികബന്ധങ്ങളിൽ വന്ന വ്യതിയാനങ്ങളായിരുന്നോ മതപ്രേരിതമായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ മലബാറിലെ അധിനിവേശാധികാരികളെയും സമകാലീന വിശാരദരെയും കുഴക്കിയിരുന്നു. ഇത്തരം ചോദ്യങ്ങളുടെ പ്രസക്തിയോ പ്രാധാന്യമോ തള്ളിക്കളയാതെതന്നെ, കലാപങ്ങളെ വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണാനാണ് ഈ പുസ്തകത്തിന്റെ ശ്രമം.

മനുഷ്യൻ മൃഗമായി ന്യൂനീകരിക്കപ്പെടുന്ന സംഘട്ടനഘട്ടങ്ങളിൽ ഓരോ വ്യക്തിയും മനുഷ്യേതര മൃഗങ്ങളുമായി നടത്തുന്ന ഇടപഴകലുകൾ നമുക്ക് തുറന്നുതരുന്ന കാഴ്ചപ്പാടുകളുടെ വിശാലമായ ഒരു ലോകമുണ്ട്. ഓരോ പ്രദേശത്തെയും മനുഷ്യർ എന്താണെന്നും അവർ ഇതരദേശങ്ങളിലെ മനുഷ്യരിൽ നിന്നും മൃഗങ്ങളിൽ നിന്നും എത്ര വ്യത്യസ്തരാണെന്നും വിവിധ ധാർമിക സാംസ്കാരിക മൂല്യങ്ങളിലൂടെ അവർ ആർജിച്ച ജൈവമാതൃകകളുടെ പ്രസക്തിയെന്താണെന്നുമെല്ലാം സമാധാനഘട്ടങ്ങളിലെന്നപോലെ പോരാട്ടമുഖങ്ങളിലും അവർ മൃഗങ്ങളോട് കാണിക്കുന്ന അനുഭാവക്രൗര്യഭേദങ്ങൾ നോക്കിയാൽ മനസ്സിലാക്കാം. മനുഷ്യർ മൃഗങ്ങളെ മെരുക്കുന്നു എന്നതിനെക്കാളേറെ മനുഷ്യമൃഗങ്ങളുടെ കൂടെ ജീവിക്കാൻ ഇതര മൃഗങ്ങൾ സ്വന്തം ഇഷ്ടപ്രകാരമോ നിർബന്ധിതമായോ തയ്യാറാകുന്നു എന്നത് ചരിത്രത്തിലെ സ്വാഭാവികമായ വികാസമല്ല, മറിച്ച് ലോകഘടനയിൽ മൃഗങ്ങൾക്കൂടി എടുത്ത തീരുമാനങ്ങളുടെ പരിണതഫലം കൂടിയാണ്. മൃഗങ്ങൾ നടത്തിയേക്കാവുന്ന കലാപങ്ങളായിരുന്നു ഒരുകാലത്ത് മനുഷ്യസമൂഹത്തിന്റെ ഏറ്റവും വലിയ ആധിയെന്ന് ചരിത്രകാരന്മാരായ ജെഫ്രി സെന്റ് ക്ലയറും ജെയ്സൺ ഹ്രിബലും പറയുന്നുണ്ട്. മൃഗങ്ങളെ പരമാവധി അടക്കമുള്ള ജന്തുക്കളായി മാറ്റാൻ ഇരുമ്പിന്റെയും മരത്തിന്റെയും വേദനയുടെയും ശിക്ഷയുടെയും വിവിധ മെരുക്ക് ഉരുപ്പടികളിലൂടെ മധ്യകാല യൂറോപ്പിൽ ജനങ്ങൾ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്.

ഒന്നാം ലോക മഹായുദ്ധകാലത്ത് മാക്‌സിം എം 1910 മെഷീൻ ഗണ്ണും, വെടിമരുന്നും വഹിച്ചു നിൽക്കുന്ന ജർമൻ പട്ടാളത്തിന്റെ കുതിര. കടപ്പാട്: ബ്രെറ്റ് ബട്ടർവർത്ത്/ ദി അറ്റ്ലാന്റിക്

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബാന്ധവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ സമീപകാലത്ത് ഏറെ ശക്തമാണ്. മനുഷ്യാനന്തരചരിത്രവും സാമ്രാജ്യത്വദേശീയപ്രാദേശിക ചരിത്രാന്വേഷണങ്ങളും പരിസ്ഥിതിപഠനങ്ങളുമെല്ലാം ഇത്തരം അന്വേഷണങ്ങൾക്ക് ശക്തി പകരുന്നു. മനുഷ്യചരിത്രത്തിലെപ്പോഴും മൃഗങ്ങൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകങ്ങളാണ്. അവയുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അനേകസംഭാവനകൾ പുതുപഠനങ്ങൾ മുന്നോട്ടുകൊണ്ടുവരുന്നു. മാർഗരറ്റ് ഡെറി, ക്ലൗഡ് ലെവിസ്ട്രോസ്, തോമസ് ട്രോട്മാൻ, ഹാരിയറ്റ് റിറ്റ്വോ, വിർജിനിയ ആൻഡേഴ്സൺ തുടങ്ങിയ സാമൂഹികശാസ്ത്രജ്ഞർ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഇത്തരം അന്വേഷണങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്.

ഈ ഗവേഷണ പരിസരങ്ങളിലൂന്നിയാണ് മലബാർ സമരങ്ങളിലെ മനുഷ്യമൃഗ പാരസ്പര്യത്തെക്കുറിച്ച് ഈ പുസ്തകം അന്വേഷിക്കുന്നത്. ഒട്ടനവധി മൃഗങ്ങൾ സമരങ്ങളുടെ നിരവധി ഫ്രെയിമുകളിൽ വന്ന് സ്ഥാനമുറപ്പിക്കുകയോ വന്ന് മറയുകയോ ചെയ്തിട്ടുണ്ട്. കലാപകാരികളുടെയും നേതാക്കളുടെയും സൈന്യത്തിന്റെയും ഇരകളുടെയും സഹയാത്രികരായും മുദ്രകളായും സമ്മാനങ്ങളായും വാഹനങ്ങളായും ഛായകളായും ഇരകളായും മോഷണവസ്തുക്കളായും കഴുതകളും കുതിരകളും കന്നുകാലികളും ആനകളും നായകളും പൂച്ചകളും എലികളും പ്രത്യക്ഷപ്പെടുന്നു. അവയുടെ ചരിത്രവും സമരങ്ങളിലെ പങ്കും അനാവരണം ചെയ്യാൻ മാത്രമല്ല, കേരളചരിത്രത്തിന്റെതന്നെ നിർമ്മിതിയിൽ വിവിധ മൃഗങ്ങൾ വഹിച്ച അനിഷേധ്യ പങ്ക് അംഗീകരിക്കാനും അന്വേഷിക്കാനും ഈ പഠനം ഒരു ചവിട്ടുപടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

റോയൽ സ്കോട്ട്സ് ഗ്രേസ് കുതിരപ്പട. കടപ്പാട്: ലൈബ്രറി ഓഫ് കോൺഗ്രസ്/ ദി അറ്റ്ലാന്റിക്

ഇംഗ്ലീഷിലുള്ള കൊളോണിയൽ സ്രോതസ്സുകളാണ് ഈ കൃതിയുടെ നട്ടെല്ലെങ്കിലും മലയാളത്തിലും അറബിയിലും അറബിമലയാളത്തിലും തമിഴിലും ഡച്ചിലും ഇറ്റാലിയനിലും എഴുതപ്പെട്ട ഏതാനും സമരരചനകളും നോവലുകളും കവിതകളും നാടകങ്ങളും ഈ അന്വേഷണങ്ങൾക്ക് ഉപോദ്ബലകമായിട്ടുണ്ട്. സമരകാലങ്ങളോടും സമകാലീന വിവരണങ്ങളോടും നീതിപുലർത്തുന്നതിനായി 1930കൾക്കുമുൻപ് എഴുതപ്പെട്ട സ്രോതസ്സുകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.

സംസാരിക്കാൻ കഴിയാത്ത മൃഗങ്ങളുടെ ചരിത്രം എങ്ങനെ എഴുതാം? സ്വന്തം എഴുത്തുകുത്തുകളും ആത്മകഥനങ്ങളും ചരിത്രസ്രോതസ്സുകളായി നൽകാൻ പര്യാപ്തമല്ലാത്ത മൃഗങ്ങളെ എങ്ങനെ അവലോകനം ചെയ്യാൻ കഴിയും? സർവ്വോപരി, മൃഗങ്ങളുടെ ചരിത്രത്തിനെന്താണ് പ്രസക്തി? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരമാണ് മലബാർ സമരപരിസരങ്ങളിൽ ഊന്നിയുള്ള ഈ പുസ്തകം. മൃഗങ്ങളുടെ ഭാഷ മനുഷ്യന് മനസ്സിലാക്കാനായില്ലെങ്കിലും അവയുമായുള്ള സഹവാസം വഴി ആനുഷംഗികമായോ ബോധപൂർവ്വമോ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മൃഗങ്ങളുടെ വ്യത്യസ്തങ്ങളായ ഭാഗധേയങ്ങൾ അനാവരണം ചെയ്യാനുള്ള ശ്രമം. വിവിധ പശ്ചാത്തലങ്ങളിൽ എഴുതപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും അറബി-മലയാളത്തിലുമെല്ലാമുള്ള ചരിത്രരേഖകളിലെ ചെറിയ ചെറിയ തെളിവുകൾ വലിയ തെളിവുകളോടു ചേർത്തുവെച്ച് കഴുതകളുടെയും നായകളുടെയും എലികളുടെയും പൂച്ചകളുടെയും മറ്റും സമരഗതികൾ മനസ്സിലാക്കാനുള്ള ശ്രമം. അത്രയധികം പഠിക്കപ്പെടാനുണ്ടോ കേരളത്തിലെ മൃഗങ്ങളുടെ ചരിത്രം എന്നത് ഇതുമായി ബന്ധപ്പെട്ടുവരുന്ന ചോദ്യങ്ങളിൽ ഏറ്റവും പ്രധാനമാണ്. അല്ലെങ്കിൽ എന്തിനു പഠിക്കണം മൃഗങ്ങളെക്കുറിച്ച് എന്ന്.

കടപ്പാട്: ലൈബ്രറി ഓഫ് കോൺഗ്രസ്/ ദി അറ്റ്ലാന്റിക്

ഒന്നാമതായി, ലോകം ഇന്നു കൈവരിച്ച പുരോഗതിയുടെ പിന്നിൽ മൃഗങ്ങളുടെ വലിയൊരു പങ്കുണ്ട്. കർഷകരായും ചുമട്ടുകാരായും വാഹനങ്ങളായും സംരക്ഷകരായും ഭക്ഷണങ്ങളായും മറ്റും മനുഷ്യന്റെ ദൈനംദിനജീവിതത്തിൽ അവ നൂറ്റാണ്ടുകളായി കൂടെ നിൽക്കുന്നുണ്ട്. മറ്റെങ്ങുമെന്നപോലെ ആധുനിക കേരളത്തിന്റെ നിർമ്മാണത്തിലും ഇവയുടെ പങ്കാളിത്തം അനിഷേധ്യമാണ്. അവ ഉഴുത നിലങ്ങളും വഹിച്ച ഭാരങ്ങളും രസിപ്പിച്ച ആഘോഷങ്ങളും നൽകിയ പാലും നെയ്യും ഇറച്ചിയും ഓരോ മലയാളിയുടെയും ജീനിൽ രൂഢമാണ്. എങ്കിലും ചരിത്രരചനയിൽ അവ നിഷ്കാസിതരായി തുടരുന്നു. കേരളത്തിന്റെ നിർമ്മാണത്തിൽ വിവിധ സമുദായ-ജാതി-മതവിഭാഗങ്ങളുടെയും തൊഴിലാളിവർഗ്ഗങ്ങളുടെയും പങ്കിനെക്കുറിച്ചെല്ലാം നമ്മൾ ഘോരഘോരം സംസാരിക്കുമെങ്കിലും മൃഗങ്ങളോളം കേരളത്തിനുവേണ്ടി അദ്ധ്വാനിച്ച മറ്റൊരു വിഭാഗമുണ്ടെന്ന് തോന്നുന്നില്ല. അതിനാൽ അവയുടെ പങ്ക് അംഗീകരിക്കലും ചരിത്രപരമായും സാമൂഹികമായും അന്വേഷിക്കലും അവയുടെ ചൂഷകർ, അല്ലെങ്കിൽ ഗുണഭോക്താക്കൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണ്. അതിന്റെ കേരളീയമായ ആദ്യപടികളിലൊന്നായിരിക്കട്ടെ ഈ പുസ്തകം.

മഹ്മൂദ് കൂരിയ

രണ്ടാമതായി, ആപത്കരമായ ആഗോളതാപനത്തിന്റെയും പ്രകൃതിവ്യതിയാനങ്ങളുടെയും ഇക്കാലത്ത് മൃഗങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള വംശനാശങ്ങളും മാറ്റങ്ങളും മനസ്സിലാക്കാൻ ചരിത്രപരമായ സമീപനം അത്യാവശ്യമാണ്. പൗരാണികഭാരതത്തിൽ ചുരുങ്ങിയത് എട്ട് ആനവനങ്ങളെങ്കിലുമുണ്ടായിരുന്നത് പതിനെട്ടാം നൂറ്റാണ്ടിനുശേഷം ശോഷിച്ച് വെറും ഒന്നുരണ്ടിടങ്ങളിലേക്കു മാത്രമായി ചുരുങ്ങിയതും ഏഷ്യൻ ആനകൾ ലോകത്ത് ഇനി അമ്പതിനായിരമേ ശേഷിക്കുന്നുള്ളൂവെന്നും അവയിൽ മുപ്പതിനായിരവും തെന്നിന്ത്യയിലാണെന്നും ലോകം മുഴുവൻ തിരിച്ചറിയുന്നത് പ്രകൃതിചരിത്രകാരൻ മഹേഷ് രംഗരാജന്റെ നേതൃത്വത്തിൽ 2010-ൽ പുറത്തുവന്ന എലഫന്റ് ടാസ്ക് ഫോഴ്സിന്റെ റിപ്പോർട്ടിനെയും തോമസ് ട്രോട്മാന്റെ പഠനത്തെയും തുടർന്നാണ്. ആനകൾക്ക് ഇത്രയും വലിയൊരു വംശനാശം സംഭവിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് അവയ്ക്കു കുറെക്കൂടെ സംരക്ഷണം നൽകാൻ സർക്കാരുകളെയും ജനങ്ങളെയും പ്രേരിപ്പിച്ചത്. ഇത്തരത്തിൽ ഓരോ പ്രദേശത്തുമുള്ള ഓരോ മൃഗത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ ചരിത്രപരമായി നടത്തിയാൽ മാത്രമേ അവ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ നമുക്ക് മനസ്സിലാക്കാനാകൂ. ആ പ്രതിസന്ധികളിൽ നല്ലൊരു ശതമാനവും മനുഷ്യരുടെ നിർമ്മിതികളാണെന്നിരിക്കെ പ്രത്യേകിച്ചും.

ശിപായി ലഹള. കടപ്പാട്:Hulton Archive

മൂന്നാമതായി, മൃഗങ്ങളെക്കുറിച്ചു പഠിക്കുന്നത് മനുഷ്യർ നിർമ്മിച്ച സ്രോതസ്സുകളുടെ അടിസ്ഥാനത്തിലാണ് എന്നതിനാൽ ആത്യന്തികമായി അത് മനുഷ്യരെക്കുറിച്ചുള്ള പഠനങ്ങൾ തന്നെയാണ്. നാം മൃഗങ്ങളോട് കാണിക്കുന്ന സ്നേഹവും അനീതിയും ലാളനയും ക്രൂരതയും പരിപോഷണവും നശീകരണമനോഭാവവുമെല്ലാം സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ മനുഷ്യർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പ്രതിഫലനങ്ങളാണ്. മൃഗങ്ങളെ അവയുടേതായ ഇടങ്ങളിലും സ്വാതന്ത്ര്യങ്ങളിലും അക്രമങ്ങളുടെ അകമ്പടിയില്ലാതെ നിലനിർത്തുക അസാദ്ധ്യമെന്നുതോന്നാം. കാടിന് പുറത്ത് ജീവിക്കുന്ന മനുഷ്യർ പല കൊള്ളരുതായ്മകളെയും കാട്ടുനീതി എന്ന് പരിഹസിക്കുമെങ്കിലും കാട്ടിലെ ഉത്കൃഷ്ടമായ ഏതാനും സഹജീവിസമധാരണകളെ അപ്പാടേ നിരാകരിക്കുന്നുണ്ട് മൃഗങ്ങളോടുള്ള സമീപനങ്ങളിൽ നാട്ടിലെ മനുഷ്യർ. മനുഷ്യകേന്ദ്രിതവും സ്വാർത്ഥനിഷ്ഠവുമായ നമ്മുടെ സമീപനങ്ങളിൽ വന്ന മാറ്റങ്ങൾ മനസ്സിലാക്കാനും വിള്ളലുകൾ നികത്താനും ചരിത്രപരമായി മനുഷ്യ-മൃഗ സഹവാസങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. അതായിരിക്കണം അതിക്രമങ്ങളിൽ അധിഷ്ഠിതമല്ലാത്ത സഹജീവിസമഭാവനകളുടെ കാതൽ. മറ്റേത് മൃഗത്തെക്കാളും മുന്നിൽ നിൽക്കുന്നുവെന്ന് സ്വയം കരുതുന്ന മനുഷ്യരുടെ ബാദ്ധ്യതയാണത്.

സ്വന്തമായി സ്രോതസ്സുകൾ ഇല്ലെങ്കിലും മനുഷ്യർ പല കാലങ്ങളിൽ പലതരത്തിൽ തങ്ങളുടെ തന്നെ ചരിത്രം അടയാളപ്പെടുത്തുന്നതിനിടയിൽ അനിഷേധ്യഘടകങ്ങളായി കടന്നെത്തുന്ന മൃഗങ്ങളുടെ ജീവിതങ്ങളും വികാരങ്ങളും വിചാരണകളും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതോടെ നമുക്ക് അന്വേഷിക്കാൻ കഴിയും. ചെറുതെങ്കിലും അവയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ഊന്നൽ നൽകാനും വിശകലനത്തിന്റെ മൈക്രോസ്കോപ്പ് വെച്ച് സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവും മതപരവുമായ സൂക്ഷ്മതലങ്ങളിലൂടെ അനാവരണം ചെയ്യാനും സാധിക്കും. മൃഗങ്ങളുടെ ചരിത്രം പഠിക്കാൻ പര്യാപ്തമായ സ്രോതസ്സുകളില്ല എന്ന സ്ഥിരം ഒഴിവുകഴിവുകളെ മറികടക്കാനും ക്രിയാത്മകമായ ഇത്തരം സൂക്ഷ്മവായനകൾ സഹായിക്കും.

മൃഗ കലാപങ്ങൾ. കവർ

മലബാർസമരങ്ങളിലെ കഴുതകളുടെയും ആനകളുടെയും കുതിരകളുടെയും കന്നുകാലികളുടെയും നായകളുടെയും എലികളുടെയും പൂച്ചകളുടെയും വിവിധങ്ങളായ ഭാഗധേയങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. അതിൽ വാരിക്കുഴിയിൽ വീണ ഒരു ആനയുടെ പേരിൽ തുടങ്ങിയ കലാപമുണ്ട്, കന്നുകാലികളുടെ സംരക്ഷണത്തിനുവേണ്ടി ആയുധമെടുത്ത മാപ്പിളക്കർഷകരുണ്ട്, മമ്പുറം ഫദ്ൽ തങ്ങളെ നാടുകടത്തുമ്പോൾ പ്രകോപിതരായേക്കാവുന്ന തദ്ദേശീയരെ അടിച്ചൊതുക്കാൻ വിളിച്ചുവരുത്തപ്പെടുന്ന കുതിരസൈന്യമുണ്ട്, കൊളോണിയൽ അധികാരികളെ കടിച്ച നായകളുണ്ട്, നായകളുടെ കുര കാരണം കൊല്ലപ്പെട്ട എസ്റ്റേറ്റ് മുതലാളിയുണ്ട്, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൈന്യഭാരങ്ങൾ ഏറ്റി മലബാറിലങ്ങോളമിങ്ങോളം സഞ്ചരിച്ച കഴുതകളും കാളകളുമുണ്ട്… അവയെല്ലാം ചേർന്ന് മലബാർസമരങ്ങളെക്കുറിച്ച് നമ്മൾ പൊതുവേ വായിച്ചുശീലിച്ച ആഖ്യാനങ്ങൾ ഭിന്നമാക്കുന്നു. അവയെ ചരിത്രകഥനങ്ങളുടെ മുന്നിൽ കൊണ്ടുവരുന്നതോടെ മനുഷ്യർ പരസ്പരം നടത്തിയ പോരുകളുടെ വ്യാഖ്യാനങ്ങൾ അധിനിവേശവിരുദ്ധത, സാമുദായികത, വർഗ്ഗീയത, കാർഷികത തുടങ്ങിയ സ്ഥിരംബിന്ദുക്കളിൽ നിന്ന് തെന്നിത്തെറിക്കുന്നു. പോരാട്ടവേളകളിൽ മനുഷ്യരുടെ മുന്നിലും പിന്നിലും ഇടയിലും സ്വയംകർത്തൃത്വത്തോടെയും അല്ലാതെയും പ്രത്യക്ഷപ്പെടുന്ന മൃഗങ്ങൾ അതിനാൽത്തന്നെ സങ്കീർണ്ണമായ പല തലങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കേരളചരിത്രത്തിൽ മൃഗങ്ങളെ മുൻനിർത്തിയുള്ള അന്വേഷണങ്ങൾക്ക് അധികം മുൻമാതൃകകളില്ലാത്തതിനാൽ വിശകലനങ്ങളിലും വിവരണങ്ങളിലും വന്നിരിക്കാവുന്ന പരിമിതികളുണ്ടാകാം. എങ്കിലും മൃഗങ്ങൾ കേന്ദ്രസ്ഥാനത്തുവരുന്ന, കൊണ്ടുവരുന്ന ഈ പഠനം കേരളചരിത്രരചനയിൽ കാര്യമായ മാറ്റങ്ങൾക്കും പുതുചിന്തകൾക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മൃ​ഗകലാപങ്ങൾ എന്ന പുസ്തകത്തിന്റെ ആമുഖം. കടപ്പാട്: മാതൃഭൂമി ബുക്സ്

Also Read

6 minutes read November 14, 2023 2:54 pm