മമ്പുറത്ത് നിന്ന് ഗംഗാധരൻ മാഷെ ഓർക്കുമ്പോൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“ഈ കുട്ടി വല്ല്യാപ്പാന്റെ (മുത്തച്ഛന്റെ) ഫോട്ടോയും ചോദിച്ചു വന്നതാണ്, കുറച്ച് ദൂരത്തു നിന്നാണ്, യമുനേ ഇയാൾക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കൂ” – 1984 ലെ വേനൽക്കാലത്ത് പരപ്പനങ്ങാടിയിലെ ‘കൈലാസം’ (അതോ മധുവനമോ) എന്ന വീടിന്റെ മുറ്റത്ത് നിന്ന ഞാൻ ആദ്യമായി കേട്ട എം ഗംഗാധരൻ മാഷ്ടെ സംഭാഷണം അതായിരുന്നു. 2022 ഫെബ്രുവരി ഒമ്പതിന് അതേ മുറ്റത്ത് മാഷെ ചിതയിലേക്കെടുക്കുമ്പോൾ കാലത്തിന്റെ പല തിരിവുകൾ കൺമുന്നിൽ നിവർന്നുവന്നു. 1984ൽ പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ് ഫലം വരാനുള്ള കാത്തിരിപ്പിനിടയിലാണ് പരപ്പനങ്ങാടിയിലേക്ക് ആദ്യമായി ഞാൻ പോകുന്നത്. അന്നത് വളരെ ദീർഘമായ ഒരു യാത്രയായി തോന്നിച്ചു. മൂന്നു ബസ്സുകൾ മാറിക്കയറി ഗംഗാധരൻ മാഷ്ടെ മുന്നിലെത്തിയപ്പോൾ എന്തേ പോന്നത് എന്ന ചോദ്യം വന്നു. അപ്പോഴാണ് ഞാൻ വല്ല്യാപ്പാന്റെ ഫോട്ടോ കാര്യം പറയുന്നത്. (ആ ഫോട്ടാ മാഷ്ടെ കയ്യിലുണ്ടാകുമെന്ന് എന്തുകൊണ്ടോ ഞാൻ ധരിച്ചിരുന്നു).

മലബാർ റെബല്യൺ 1921-22 കവർ

ഞാനന്ന് പൊടിമീശക്കാരൻ. പൗരനോ വോട്ടറോ ആയിട്ടില്ല. കൗമാരത്തിന്റെ അവസാന കയറ്റം കയറി യൗവ്വനത്തിലേക്കെത്താൻ മുടിചീകിവെച്ച് നടക്കുന്ന കാലം. എന്റെ വാപ്പയുടെ വാപ്പ (അച്ഛന്റെ അച്ഛൻ) കുഞ്ഞഹമ്മദ് കുട്ടി മലബാർ കലാപത്തിൽ പിടിക്കപ്പെട്ട് കർണാടകയിലെ ബെല്ലാരി ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. ശിക്ഷാ കാലം കഴിഞ്ഞ് മടങ്ങിയെത്തിയത് രോഗിയായിട്ടാണ്. എന്റെ വാപ്പാക്ക് 13 വയസ്സുള്ളപ്പോൾ വല്ല്യാപ്പ മരിച്ചു. എന്റെ ഉമ്മയുടെ ഉപ്പയും ബല്ലാരിയിൽ തടവിലായിട്ടുണ്ട്. അദ്ദേഹം എന്റെ വിവാഹവും കഴിഞ്ഞാണ് മരിച്ചത്. കലാപത്തിന്റെ പല കാര്യങ്ങളും അദ്ദേഹത്തോട് ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്. പ്രീഡിഗ്രിക്കാലത്ത് ആരോ (ആ ആളെ എനിക്കോർത്തെടുക്കാനായില്ല) എന്നോട് പറഞ്ഞു, മലബാർ കലാപത്തെക്കുറിച്ച് പഠിക്കുന്ന ഒരാൾ പരപ്പനങ്ങാടിയിലുണ്ടെന്ന്. ഒരുപക്ഷെ നിന്റെ വല്ല്യാപ്പാന്റെ ഫോട്ടോ എവിടേയുമെങ്കിലുമുണ്ടാകുമോ എന്ന് ചോദിച്ചറിയാൻ പറ്റുന്നയാൾ ആ പരപ്പനങ്ങാടിക്കാരനാണെന്ന്. വല്ല്യാപ്പാന്റെ ഒരു ഫോട്ടോയും എവിടേയും ഉണ്ടായിരുന്നില്ല. കാണാത്ത വല്ല്യാപ്പാനെ ഫോട്ടോയിലെങ്കിലും കാണാനുള്ള അടങ്ങാത്ത ത്വരയുമായാണ് ഞാൻ ഗംഗാധരൻ മാഷെ കാണാൻ അന്നാദ്യമായി പോയത്.

മലബാർ കലാപം 1921-22 കവർ

മാഷ് ഇരിക്കാൻ പറഞ്ഞു. യമുന ചേച്ചി ചായ തന്നു. മാഷ് ചോദിച്ചു, എന്തിനാ ഇപ്പോ ഈ ഫോട്ടോ? ഒന്നു കാണാൻ തന്നെ. ബ്രിട്ടീഷുകാർ തടവുകാരുടെ ഫോട്ടോ എടുത്ത് ജയിൽ രേഖകളിൽ പതിച്ചുവെക്കാറുണ്ടെന്ന് എവിടെയോ വായിച്ചു. മാഷോട് ചോദിച്ചാൽ അതിനൊരു വഴി തെളിഞ്ഞുകിട്ടുമെന്ന് തോന്നി. അതുകൊണ്ട് വന്നതാണ്. ഞാൻ പറഞ്ഞു. മാഷ് നിറഞ്ഞു ചിരിച്ചു. ജയിൽ രേഖകളിൽ പോയി തപ്പി നോക്കൂ. മാഷ് എന്നോട് പറഞ്ഞു. ചിലപ്പോൾ കാണും. ചിലപ്പോൾ കിട്ടണമെന്നുമില്ല. ബെല്ലാരി രേഖകൾ പലതും നഷ്ടമായിട്ടുമുണ്ട്. എന്തായാലും ആ ഫോട്ടോ ഇതേവരേയും കാണാൻ കഴിഞ്ഞില്ല. ബെല്ലാരി രേഖകൾ ചെന്നൈ ആർക്കൈവ്സിലേക്ക് മാറ്റിയിട്ടുണ്ടെന്നും അവിടെയുള്ള ഒരു നൂറ്റാണ്ട് പിന്നിട്ട കടലാസുകളിൽ തടവുകാരുടെ കയ്യൊപ്പുകളും വിരലടയാളങ്ങളും മാത്രമാണ് കണ്ടിട്ടുള്ളതെന്നും ഒരു യുവ ഗവേഷകൻ ഈ അടുത്ത കാലത്ത് എന്നോട് പറഞ്ഞിരുന്നു. ഫോട്ടോ എന്ന പ്രതീക്ഷ കയ്യൊപ്പിലേക്കും വിരലടയാളത്തിലേക്കും പരിണമിച്ച ആ അനുഭവത്തിൽ ഞാൻ വല്ല്യാപ്പാക്കുള്ള അന്വേഷണം തുടരുക തന്നെയാണ്.  

മമ്പുറം പള്ളി കണ്ടിട്ടുണ്ടോ? മാഷ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ചയിൽ ചോദിച്ചു. ഇല്ല ഞാൻ പറഞ്ഞു. ആ പള്ളിയും മലബാർ കലാപവും തമ്മിലുള്ള ബന്ധം അറിയുമോ? കുറച്ചൊക്കെ അറിയാം. എന്തായാലും ഞാൻ കുറച്ചു കഴിഞ്ഞ് അതുവഴി പോകുന്നുണ്ട്. കൂടെപ്പോരുന്നെങ്കിൽ പള്ളി കാണാം. അങ്ങിനെയാണ് മമ്പുറം പള്ളി (ആലി മുസ്ലിയാർ മതപഠനശാല നടത്തിയിരുന്ന പള്ളി) ആദ്യമായി കാണുന്നത്. മാഷ് പള്ളിയങ്കണത്തിൽ ആരോ ഒരാളുമായി കുറച്ചു നേരം സംസാരിച്ചു നിന്നതും ഓർമ്മയിലുണ്ട്. മമ്പുറം മഖാം ആദ്യം കാണുന്നതും അന്നുതന്നെ. മാഷ് അത്തരം സ്ഥലങ്ങളിലൊക്കെ ചുറ്റി നടക്കുന്നത് എന്തിനെന്ന് അപ്പോൾ മനസ്സിലായില്ല. അമേരിക്കൻ ചരിത്രകാരൻ സ്റ്റീഫൻ ഫെഡറിക് ഡെയിലുമായി ചേർന്ന് മാഷെഴുതിയ ‘നേർച്ചയുടെ കേരളീയ മാനങ്ങൾ’ എന്ന പ്രബന്ധത്തിൽ ആ ചുറ്റിനടക്കലുകളുടെ (കലാപത്തിന്റെ ആത്മീയ-മത സ്വാധീനങ്ങളുടെ അന്വേഷണം) അർത്ഥം പിൽക്കാലത്ത് വായിക്കാൻ കഴിഞ്ഞു. നേർച്ചകൾ പോലുള്ളവയിൽ അന്ധവിശ്വാസം ആരോപിക്കുന്നവർ അതു ചെയ്യട്ടെ, അതിലെ സാമൂഹിക ബന്ധങ്ങളാണ് ചരിത്ര വിദ്യാർത്ഥിയുടെ വിഷയമെന്നും പഠിപ്പിച്ചത് മാഷാണ്. ഡെയിലിനൊപ്പം നേർച്ചകളുടെ ചരിത്രം അന്വേഷിച്ചു നടക്കുമ്പോഴുണ്ടായ ഒരു കുടുക്കിനെക്കുറിച്ച് മാഷ് ഇങ്ങിനെ പറഞ്ഞിട്ടുണ്ട്:  “ഈ ലേഖനത്തിന്റെ കർത്താക്കൾ ഇതു സംബന്ധിച്ച ഒരു വിവാദത്തിൽ പെടുകയുമുണ്ടായി. ഞങ്ങൾ നേർച്ചകളിൽ പങ്കെടുത്തതായി കോഴിക്കോട്ടെ ചില ദിനപത്രങ്ങളിൽ വാർത്ത വന്നതിനെത്തുടർന്നായിരുന്നു അത്. പത്രവാർത്ത വന്നു കഴിഞ്ഞ്, ഒരു ദിവസം കോളേജ് വിദ്യാഭ്യാസം ലഭിച്ച ഒരു വിഭാഗം ചെറുപ്പക്കാരായ മാപ്പിളമാർ ഞങ്ങളെ ചോദ്യം ചെയ്തു. ഞങ്ങൾ നേർച്ചകളിൽ പങ്കെടുത്തതിനെ അവർ വളരെയധികം വിമർശിച്ചു. ഇത്തരം അനിസ്ലാമികാചാരങ്ങളുടെ വിശ്വാസ്യതക്ക് താങ്ങായിത്തീരും ഞങ്ങളുടെ സന്ദർശനങ്ങൾ എന്നായിരുന്നു അവർ കരുതിയിരുന്നത്”. നരവംശശാസ്ത്രത്തിലുള്ള അറിവും ധാരണകളും ഉപയോഗപ്പെടുത്തിയാണ് നേർച്ചയെക്കുറിച്ചുള്ള ലേഖനം എഴുതപ്പെട്ടിരിക്കുന്നത്. മാഷ് പറഞ്ഞുതന്നിട്ടുള്ള ഒരു കാര്യം മറക്കാതെ കൂടെയുണ്ട്: “വിശ്വാസത്തിലും അവിശ്വാസത്തിലും അർധ വിശ്വാസത്തിലും അന്ധവിശ്വാസത്തിലും പുലരുന്ന ചെറുതും വലുതുമായ സമൂഹങ്ങളും സമുദായങ്ങളും ലോകമെങ്ങുമുണ്ട്. ചരിത്രവും നരവംശ ശാസ്ത്രവും പഠിക്കുന്നവർ ഈ വിശ്വാസങ്ങളിലും ഒരു സമൂഹം എങ്ങിനെ ജീവിക്കുന്നു/ അതിജീവിക്കുന്നു എന്നത് പഠിക്കാനാണ് ശ്രമിക്കുക, അത് പ്രധാനവുമാണ്. നേർച്ചയുടെ തെറ്റും ശരിയും മതപണ്ഡിതർ വ്യാഖ്യാനിച്ചോട്ടെ. അതിലൂടെ ഒരു സമൂഹത്തെ, സമുദായത്തെ, അവരുടെ ജീവിത ബലാബലങ്ങളെ, സൂത്രവാക്യങ്ങളെ കണ്ടെത്തുകയാണ് ചരിത്ര വിദ്യാർത്ഥിയുടെ ജോലി”. ഇത്തരത്തിൽ തന്റെ ബോധ്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് ചരിത്രപഠനം നടത്തുകയാണ് മാഷ് ചെയ്തത്.

മമ്പുറത്തെ ‘കേറിപ്പള്ളി’ (ഫോട്ടോ: അബ്ദുൽ ബാരി എം.സി.എ)

കഥകളിയുമായി ബന്ധപ്പെട്ട് മാഷ് പറയാറുണ്ടായിരുന്ന ഒരനുഭവവും ഓർമ്മയിൽ വരികയാണ്. ഒരിടത്ത് കഥകളി നടക്കുന്നു. മുസ്ലിം സ്ത്രീകൾ കൈക്കുഞ്ഞുങ്ങളുമായി കളി കാണാൻ വന്നിട്ടുണ്ട്. മാഷ് കളിക്കിടെയുള്ള ഒരിടവേളയിൽ അവരോട് ചോദിച്ചു, കഥകളി ഇഷ്ടപ്പെടുന്നുണ്ടോ? ആ സ്ത്രീകൾ പറഞ്ഞു, അതൊന്നും ഞങ്ങൾക്ക് മനസ്സിലാകില്ല, പക്ഷെ കളിക്കുന്നവരുടെ വസ്ത്രം ഞങ്ങളുടേതാണല്ലോ!… കഥകളിയിൽ തട്ടം പോലെയാണ് സ്ത്രീ വേഷത്തിൽ ശിരോ അലങ്കാരം. അതാണ് ആ സ്ത്രീകൾ വസ്ത്രം ഞങ്ങളുടേതാണല്ലോ എന്നു പറയുന്നതിന്റെ കാരണം. അത് കാണാനാണ് അവർ വന്നിരിക്കുന്നത്. ഒരു നിലയിലും മനസ്സിലാക്കാൻ കഴിയാത്ത ഒരു കലയുമായി മനുഷ്യർ അടുക്കാൻ ശ്രമിക്കുന്നതിൽ ഇതിൽപരം മറ്റൊരുദാഹരണം ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് മാഷ് പറയും. ചരിത്രത്തിൽ മനുഷ്യബന്ധങ്ങൾ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള തന്റെ അന്വേഷണത്തിൽ ഈ കഥകളി അനുഭവം എല്ലായ്പ്പോഴും പ്രവർത്തിക്കാറുണ്ടെന്ന് മാഷ് പലരോടായി ആവർത്തിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. മലബാർ മുസ്ലിം ജീവിതത്തെ പല കോണിൽ നോക്കിക്കാണാൻ അദ്ദേഹം എല്ലായിപ്പോഴും താത്പ്പര്യം കാണിച്ചു.  

മലബാർ കലാപ ഗവേഷണത്തിന്റെ തുടക്കത്തെക്കുറിച്ച് എം.എൻ കാരശ്ശേരിയുമായുള്ള അഭിമുഖത്തിൽ ഗംഗാധരൻ മാഷ് പറയുന്നു: “1971-ഓടു കൂടിയിട്ടാണ്, 50 കൊല്ലം കഴിഞ്ഞിട്ട് രേഖകളെല്ലാം പുറത്തുവന്നതിന്റെ ശേഷമാണ് ഇതിനെപ്പറ്റിയുള്ള ഗവേഷണങ്ങൾ നടക്കുന്നത്. കലാപത്തെപ്പറ്റി പഠിക്കാൻ 1972ൽ ഞാൻ പോയപ്പോൾ കലാപ രേഖകൾ ടോപ്പ് സീക്രട്ട് എന്ന് എഴുതിവെച്ചതുകൊണ്ട് തരില്ലായെന്നാണ് അവർ പറഞ്ഞത്. അന്ന് അതിനെപ്പറ്റി പഠിക്കാൻ വേണ്ടി കെ.എൻ പണിക്കരും ശ്രമിക്കുന്നുണ്ട്. ഞാൻ കെ.എൻ പണിക്കർക്ക് എഴുതി, നമുക്ക് തരാൻ വേണ്ടിയുള്ള എന്തെങ്കിലും ഏർപ്പാട് ചെയ്യണം. പണിക്കർ എനിക്ക് മറുപടി അയച്ചില്ല. ഞാൻ എം ഗോവിന്ദനുമായി ചർച്ച ചെയ്തു. ഗോവിന്ദൻ പറഞ്ഞു, നമുക്ക് ഒരു വഴിയുണ്ട്. നമ്മുടെ എം.പി ദാമോദരൻ എന്നു പറഞ്ഞ കക്ഷിയുണ്ട്. എം.പി ദാമോദരൻ അന്ന് കാമരാജ് നാടാരിന്റെ സ്വന്തം ആളാണ്. കുറച്ചുകാലം അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്നു. അവിടുത്തെ ഗവൺമെന്റിൽ നല്ല സ്വാധീനമുള്ളയാളാണ്. അദ്ദേഹത്തെ പോയി കണ്ടാൽ മതിയെന്ന് പറഞ്ഞു. എന്നിട്ട് ഞാൻ ദാമോദരനെ പോയിക്കണ്ടു. അത് എ.പി കുഞ്ഞിക്കണ്ണനൊക്കെയാണ് ഏർപ്പാട് ചെയ്തത്. ദാമോദരൻ അന്നത്തെ ചീഫ് സെക്രട്ടറിക്ക് ഒരു കത്തു തന്നു. ഞാൻ ചീഫ് സെക്രട്ടറിയെപ്പോയിക്കണ്ടു. ഒരു ചെട്ടിയാരാണ്. അദ്ദേഹം പറഞ്ഞു, ഇന്നിപ്പോൾ അത് രഹസ്യമാക്കി വെക്കേണ്ട ഒരു കാര്യവുമില്ല. അതുകൊണ്ട് ഞാൻ അത് തരാൻ വേണ്ട ഏർപ്പാട് ചെയ്യാമെന്ന്. അങ്ങിനെയാണ് എനിക്കതിന്റെ ഗവൺമെന്റ് രേഖകൾ കിട്ടുന്നത്. ആയിരക്കണക്കിന് പേജുകളുണ്ട് ഇതിന്റെ രേഖകൾ.
അതുമാത്രമല്ല മാധവൻ നായർ, കേശവമേനോൻ, മൊയ്തു മൗലവി, മൊയാരത്ത് ശങ്കരൻ- ഇവരുടെയെല്ലാം ബുക്കുകളുണ്ട്. എല്ലാവരേയും ഞാൻ റഫർ ചെയ്തിട്ടുണ്ട്. എല്ലാവരും പറയുന്നത് ഞാൻ എടുത്തിട്ടുണ്ട്. അവരൊക്കെ പറയുന്നതിൽ നിന്നും കിട്ടുന്ന വിവരം വളരെ ഭാഗികമാണ്. എന്നുവെച്ചാൽ റെബല്യന്റെ കാലത്ത്, മാർഷ്യൽ ലോ പ്രഖ്യാപിച്ചുള്ള പ്രദേശത്തുള്ള വിവരങ്ങൾ പുറമേക്ക് കിട്ടാൻ വലിയ പ്രയാസമായിരുന്നു. അന്ന് കമ്മ്യൂണിക്കേഷൻ സിസ്റ്റം ഒന്നുമില്ലല്ലോ. അതും റെബൽസ് തടഞ്ഞിരുന്നു. അവിടെ നിന്ന് ആളുകൾ പുറത്തേക്കു വരാൻ സമ്മതിച്ചിരുന്നില്ല. ഗവൺമെന്റും സമ്മതിച്ചിരുന്നില്ല. മുഴുവൻ തടയാൻ കഴിഞ്ഞിരുന്നില്ല. കുറച്ചാളുകളൊക്കെ പുറത്തേക്ക് രക്ഷപ്പെട്ടിരുന്നു”. പിൽക്കാലത്ത് ഡെയിലിന്റെ കൂടി സഹായത്തോടെ കലാപ രേഖകൾ മൈക്രോ ഫിലിമാക്കി മാഷ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗത്തിന് നൽകുകയും ചെയ്തിരുന്നു.

തിരൂരങ്ങാടി ചന്തപ്പടിയിലെ മലബാർ പോരാളികളുടെ പേരുകൾ എഴുതിവെച്ച ബോർഡ് (ഫോട്ടോ- അബ്ദുൽ ബാരി എം.സി.എ)
അതേ മതിലിലുള്ള കലാപത്തെക്കുറിച്ചുള്ള വിവരണം

ഗംഗാധരൻ മാഷ്ടെ മലബാർ കലാപ ഗവേഷണ പ്രബന്ധം ‘Malabar rebellion 1921-1922’ അലഹബാദിലെ വോറ പബ്ലിഷേഴ്സ് & ഡിസ്ട്രിബ്യൂട്ടേഴ്സ് 1989 ലാണ് പ്രസിദ്ധീകരിക്കുന്നത് (റോയൽറ്റിയായി പ്രസാധകർ മാഷ്ക്ക് പുസ്തകത്തിന്റെ 50 കോപ്പികളാണ് നൽകിയത്. അതിൽ ഒരു കോപ്പി എനിക്ക് തന്നു. ഈ പുസ്തകം എ.പി കുഞ്ഞാമു പിന്നീട് മലയാളത്തിലാക്കി 2009 ൽ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചു). ആ പുസ്തകം വായിക്കുന്ന ഒരാൾക്ക് ഗവേഷകന്റെ അന്വേഷണ അധ്വാനം മനസ്സിലാക്കാൻ കഴിയും. മലബാർ കലാപത്തെക്കുറിച്ച് രണ്ട് പ്രധാന നിരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നു. (1) കലാപം അതിസങ്കീർണ്ണമായ ചരിത്ര സന്ദർഭത്തെയാണ് പ്രതിനിധീകരിക്കുന്നത്. (2) വലിയ തോതിലുള്ള ബ്രിട്ടീഷ് വിരുദ്ധതയാണ് കലാപത്തെ നയിച്ചത്. അതിന്റെ രാഷ്ട്രീയ കാരണങ്ങളെയും അദ്ദേഹം ആഴത്തിൽ ഗവേഷണ പ്രബദ്ധത്തിൽ വിശകലനം ചെയ്തിട്ടുണ്ട്. പൂർണ്ണമായ കാർഷിക കലാപം എന്ന ആശയം തള്ളിക്കളയുകയും ചെയ്തു. (മാഷ് വളരെക്കൂടുതൽ തന്റെ ഗവേഷണത്തിൽ അവലംബിച്ച വില്യം ലോഗന്റെ ‘മലബാർ മാന്യുവലി’ൽ മലബാർ കലാപത്തിന്റെ അടിസ്ഥാനം കർഷകത്തൊഴിലാളികൾ അനുഭവിച്ചുപോന്ന കഠിന പീഠകളായിരുന്നു എന്ന് അസന്നിഗ്ധമായി രേഖപ്പെടുത്തിയിട്ടുമുണ്ട്). പിന്നീട് പ്രസംഗങ്ങളിലും ലേഖനങ്ങളിലും മാഷ് ഉപയോഗിക്കുന്നത് മലബാർ കലാപത്തിന്റെ അടിസ്ഥാനം ബ്രിട്ടീഷ് വിരോധമായിരുന്നു എന്നാണ്.

ബ്രിട്ടീഷ് വിരുദ്ധത എന്ന വാക്ക് അപ്രത്യക്ഷമാവുകയാണ്. വ്യക്തി വിരോധം എന്നതു പോലെയാണ് ബ്രിട്ടീഷ് വിരോധം എന്ന പ്രയോഗം നമുക്കിപ്പോൾ വായിച്ചെടുക്കാനാവുക. ആ പ്രയോഗത്തോടെ കലാപത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം മായ്ച്ചു കളയപ്പെട്ടു. മാപ്പിളമാരുടെ ബ്രിട്ടീഷ് വിരോധം (ബ്രിട്ടീഷ് വിരുദ്ധത) അകാരണമായിരുന്നോ? അതിന് രാഷ്ട്രീയമുണ്ടായിരുന്നില്ലേ? ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി കണ്ണിചേർക്കപ്പെട്ട പ്രക്ഷുബ്ദ്ധത അതിൽ ഉള്ളടങ്ങിയിട്ടില്ലേ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ എം ഗംഗാധരന്റെ നിലപാടിനെതിരെ ഇന്നുയരും എന്നതിൽ സംശയമില്ല. വാഗൺ കൂട്ടക്കൊലയുടെ ബ്രിട്ടീഷ് ഭീകരതയുടെ ഉള്ളടക്കവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ‘ഹിന്ദു’ പത്രത്തിനെഴുതിയ കത്തും ഗംഗാധരൻ മാഷ്ടെ കാഴ്ചപ്പാടുകളെ തിരുത്തിക്കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. നിർഭാഗ്യകരമായ വസ്തുത, രോഗാതുരമായ തന്റെ ജീവിതത്തിലെ അവസാന വർഷങ്ങളിൽ മാഷ്ക്ക് മലബാർ കലാപ സംവാദങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നതാണ്. പ്രത്യേകിച്ചും കലാപത്തിന്റെ നൂറാം വാർഷിക വേളയിൽ. അനാരോഗ്യം ഈ സംവാദത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഡോ.കെ.എൻ പണിക്കരെയും (Against Lord and the State എന്ന അദ്ദേഹത്തിന്റെ വിഖ്യാത മലബാർ കലാപ പഠനം ഓർക്കുക. അദ്ദേഹം ഒരു വെബിനാറിൽ കുറച്ചു സമയം പങ്കെടുത്തതായി കണ്ടിരുന്നു) തടഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി നടന്നു വന്ന മലബാർ കലാപ വിവാദ/സംവാദങ്ങളെ ഇത് ദുർബലപ്പെടുത്തി എന്ന വസ്തുത കൂടി കാണേണ്ടതുണ്ട്. പക്ഷെ അതിൽ ആർക്കും ഒന്നും ചെയ്യാനില്ല, തുടർ പഠനങ്ങളിലൂടെ ചരിത്ര സംവാദത്തെ മുന്നോട്ടുകൊണ്ടുപോവുക മാത്രമേ സാധ്യമാകൂ.

കലാപ പഠനത്തിനൊരുങ്ങിയപ്പോൾ തനിക്ക് ഗുരുസമാനനായ എം ഗോവിന്ദൻ പറഞ്ഞതിനെക്കുറിച്ച് മാഷ് ഇടക്കിടെ ഓർക്കും: “മലബാർ കലാപം ഒരു മുൻവിധിയുമില്ലാതെ പഠിക്കണം, ഗോവിന്ദൻ ഇങ്ങിനെ ഒരൊറ്റ വാചകം മാത്രം പറഞ്ഞ് എന്നെ പ്രചോദിപ്പിച്ചു”. ഇന്ന് മാഷ്ടെ മലബാർ കലാപ പഠന അനുബന്ധ ലേഖനങ്ങൾ സൂക്ഷ്മമായി വായിച്ചു നോക്കിയാൽ ഗോവിന്ദൻ മുന്നറിയിപ്പ് നൽകിയ ‘മുൻവിധി’ മാഷേയും പിൽക്കാലത്ത് ബാധിച്ചുവെന്ന് ഒരാൾക്ക് തോന്നിയാൽ ഒരു നിലക്കും കുറ്റം പറയാനാവില്ല. ബ്രിട്ടീഷ് ചരിത്രകാരൻ കോൺറാഡ് വുഡ് (‘ദ മാപ്പിള റെബലിയൻ ആന്റ് ഇറ്റ്സ് ജെനിസിസ്’ എന്ന ഗവേഷണ പ്രബദ്ധത്തിന്റെ കർത്താവ്) അമേരിക്കൻ ചരിത്രകാരൻ സ്റ്റീഫൻ ഡെയിൽ തുടങ്ങി ഡോ. ഷംസാദ് ഹുസൈൻ വരെ എത്രയോ പേർക്ക് (ഐ.വി ശശിയുടെ 1921 സിനിമയുടെ റിസോഴ്സ് പേഴ്സൺ മാഷായിരുന്നു) മലബാർ കലാപ ഗവേഷണത്തിൽ മാർഗദർശിയായി മാഷ് നിന്നു. കോൺറാഡ് വുഡും ഡെയിലും മരണ വാർത്തയറിഞ്ഞ് ഗംഗാധരൻ മാഷ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ചെറുകുറിപ്പുകളെഴുതി. 1980തുകളിലും 1990കളിലും മലബാർ കലാപത്തിന്റെ അവസാന വാക്ക് എം ഗംഗാധരൻ എന്ന നില തന്നെയുണ്ടായിരുന്നു. എന്നാൽ പിന്നീട് ചരിത്ര ഗവേഷണത്തിന്റെ ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നതിൽ നിന്നും മാഷ് പിന്നോട്ടു പോയി. മാപ്പിളക്ക് ബ്രിട്ടീഷ് വിരോധമുണ്ടായതിന്റെ കാരണം തുർക്കി ഖിലാഫത്തിനെ ബ്രിട്ടീഷുകാർ എതിർത്തതാണെന്ന് അദ്ദേഹം വാദിച്ചു. തങ്ങളുടെ തൊട്ടരികിൽ നിൽക്കുന്ന ബ്രിട്ടീഷുകാരോട് മലബാർ മാപ്പിളക്കുണ്ടായ വിരോധത്തിന് കാരണം തുർക്കി ഖിലാഫത്തു മാത്രമാണെന്നത് വിശ്വസിക്കാനാകില്ല. അങ്ങിനെ മാത്രമായിരുന്നില്ലെന്നതിന് ഇന്ന് എത്രയോ തെളിവുകളും രേഖകളും ലഭ്യമാണു താനും. ബ്രിട്ടീഷ് വിരുദ്ധതയുടെ കാരണം പ്രാദേശികം തന്നെയായിരുന്നു. തങ്ങളുടെ നിത്യജീവിതത്തെ ബ്രിട്ടീഷുകാരും ജന്മിമാരും ചേർന്ന് നരകമാക്കുന്നതിന്റെ പ്രതിഷേധമായിരുന്നു കലാപത്തിന്റെ കാതൽ. പിന്നീടതിന് മറ്റു മാനങ്ങൾ, ദേശീയവും അന്തർദേശീയവുമായവ വന്നു ചേരുകയുമായിരുന്നു.
ദേശീയ സങ്കൽപ്പമുള്ളവർക്കേ ദേശീയ സമരത്തിന്റെ ഭാഗമാകാനാകൂ എന്നാണ് ഗംഗാധരൻ മാഷ്ടെ മറ്റൊരു വാദം. മാപ്പിള കലാപകാരികൾക്കും അവരുടെ നേതാക്കൾക്കും ഇത്തരം ദേശീയ കാഴ്ച്ചപ്പാടുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സത്യത്തിൽ ഇന്ന് നാം ദേശീയ സ്വാതന്ത്ര്യ സമരം എന്നു വിളിക്കപ്പെടുന്ന സംഭവം അരങ്ങേറുമ്പോൾ അതിന്റെ മുന്നണി നേതാക്കളുടെ പോലും ദേശീയതാ സങ്കൽപ്പം എന്തായിരുന്നുവെന്നാലോചിച്ചാൽ അദ്ദേഹം പറയുന്നതിന്റെ ചരിത്ര ശൂന്യത മനസ്സിലാകും.

2011 ജൂലൈയിൽ മലബാർ കലാപത്തിന്റെ തൊണ്ണൂറാം വാർഷിക വേളയിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ‘മലബാർ കലാപം ആഘോഷിക്കരുത്’ എന്നൊരു ലേഖനം അദ്ദേഹമെഴുതി. അതിൽ ഇങ്ങിനെ കാണാം: “ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കിയതും യാതൊരു ഗുണഫലവും എടുത്തു പറയാനില്ലാത്തതുമായിരുന്നു 1921ലെ കലാപം. ഒരു ചരിത്ര സംഭവം എന്ന നിലക്കല്ലാതെ കലാപത്തെക്കുറിച്ച് സംസാരിക്കുന്നതും എഴുതുന്നതും നല്ലതല്ല. മുസ്ലിംകൾക്കെന്ന പോലെ ഹിന്ദുക്കൾക്കും ആവേശം കൊള്ളേണ്ടുന്ന ഒന്നും കലാപത്തിൽ സംഭവിച്ചിട്ടില്ല. വിഷമിക്കേണ്ടതും ലജ്ജിക്കേണ്ടതുമായ ചിലതെല്ലാം നടന്നിട്ടുമുണ്ട്”.  ഇന്ത്യ-പാക് വിഭജനത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് മലബാർ കലാപമായിരുന്നുവെന്നും ഗംഗാധരൻ മാഷ് അതേ ലേഖനത്തിൽ വാദിക്കുന്നു. കൊളോണിയൽ രേഖകളിൽ മാത്രമൂന്നി ചരിത്രത്തിലേക്ക് നോക്കുമ്പോൾ ഉണ്ടായ നിഗമനങ്ങളായേ ഈ വാദങ്ങളെ ഇന്ന് കാണാനാകൂ. (ബ്രിട്ടീഷുകാർ നുണ പറയും എന്നു കരുതാൻ ഒരു ന്യായവുമില്ല എന്നു പോലും അദ്ദേഹം വാദിച്ചു).

തിരൂരങ്ങാടി ഹജൂർ കച്ചേരി (ഫോട്ടോ: അബ്ദുൽ ബാരി എം.സി.എ)

ചരിത്രകാരൻ എന്ന നിലയിൽ മാഷാണ് മലബാർ കലാപത്തെക്കുറിച്ച് ആദ്യമായി പഠിക്കാൻ തയ്യാറാകുന്നത് എന്ന കാര്യവും കൂടി ഓർക്കുമ്പോഴാണ് ഈ പിന്നോട്ടു പോക്കിനെക്കുറിച്ച് പറയേണ്ടി വരുന്നത്. മാസങ്ങളോളം ബ്രിട്ടീഷുകാർക്ക് തങ്ങളുടെ അധികാര സ്ഥാനങ്ങളിലേക്ക് അടുക്കാൻ കഴിയാതെ അകന്നു നിൽക്കേണ്ടിവന്നു എന്നത് കലാപത്തിന്റെ മൗലികതയെ കാണിക്കുന്നു. പക്ഷെ അതിനെ ആ നിലയിൽ അദ്ദേഹം ഗവേഷണ പ്രബന്ധാനന്തര ലേഖനങ്ങളിലും പ്രസംഗങ്ങളിലും പരിഗണിക്കുകയുണ്ടായില്ല. ഇന്ന് പല യുവ ചരിത്രകാരന്മാർക്കും മലബാർ രേഖകൾക്കായി വിദേശ ആർക്കൈവ്സുകളെ സമീപിക്കാൻ കഴിയുന്ന നില മാഷ്ക്ക് തന്റെ ഗവേഷണ കാലത്ത് ഉണ്ടായിരുന്നില്ല എന്നതും കാണേണ്ട കാര്യമാണ്.  

കലാപത്തെക്കുറിച്ചുള്ള പഠനത്തിൽ അറബി, അറബി-മലയാളം രേഖകൾ വേണ്ട വണ്ണം പരിശോധിക്കാനും പഠിക്കാനും പല ചരിത്രകാരന്മാരെപ്പോലെ ഗംഗാധരൻ മാഷ്ക്കും കഴിഞ്ഞില്ല. അറബി ഭാഷാ പരിമിതിയായിരുന്നു കാരണം. ചില അറബി-അറബ് മലയാള രേഖകൾ പരിശോധിക്കാൻ അദ്ദേഹം ശ്രമിച്ചു. അറബി വിവർത്തനത്തിനും അറബി മലയാളം ലിപ്യന്തരണത്തിനും ചിലരെ ആശ്രയിച്ചു. ചില സന്ദർഭങ്ങളിലെങ്കിലും ഗംഗാധരൻ മാഷ് അവലംബിച്ച വിവർത്തകർക്ക് വ്യാഖ്യാനിക്കുന്ന ചരിത്ര വസ്തുതകളുടെ പ്രാധാന്യം മനസ്സിലായില്ല. പ്രധാനപ്പെട്ട മിക്ക മലബാർ ആഭ്യന്തര രേഖകളും, കലാപ രേഖകളും (കൊളോണിയൽ രേഖകളല്ല) അറബിയിലോ അറബി മലയാളത്തിലോ ആണെന്നത് ഇന്ന് ഈ വിഷയത്തിലേക്ക് കണ്ണോടിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയും.

വാരിയൻകുന്നൻ ‘ദ ഹിന്ദു’ പത്രത്തിനയച്ച കത്ത്

മലബാർ കലാപത്തിന്റെ സങ്കീർണ്ണതകളെ മുഴുവനായി അഴിച്ചെടുത്ത് ലോകം ശ്രദ്ധിക്കുന്ന ചരിത്രകാരനാകുന്നതിൽ നിന്നും അദ്ദേഹത്തെ പിന്നോട്ടു വലിച്ചത് ബഹുവിധമായ മാഷ്ടെ താത്പ്പര്യങ്ങളായിരുന്നുവെന്ന് കാണാനും കഴിയും. നിരൂപകൻ, പരിസ്ഥിതി പ്രവർത്തകൻ, രാഷ്ട്രീയ അനുഭാവി, ആദിവാസി മേഖലയിലെ പ്രശ്നങ്ങളിലുള്ള ഇടപെടൽ, (മുത്തങ്ങ സമരത്തിൽ) -ഇങ്ങിനെയുള്ള ബഹുവിധമായ മേഖലകൾ കൂടി കർമ്മ മണ്ഡലമാക്കിയ മാഷ് പിന്നെ പിന്നെ കലാപത്തെ അത്ര പ്രാധാന്യത്തോടെ കാണുകയുണ്ടായില്ല.  

കെ വേണുവിനൊപ്പം കേരള ദേശീയതയുടെ പ്രചരണ അരങ്ങുകളിൽ, എ മോഹൻ കുമാറിനൊപ്പം പശ്ചിമഘട്ട രക്ഷായാത്രയിൽ, പിന്നീട് ചാലിയാർ സംരക്ഷണ സഹായ സമിതി ചെയർമാൻ എന്ന നിലയിൽ (അക്കാലത്തൊരിക്കൽ കൊണ്ടുപോയി വായിക്ക് എന്നു പറഞ്ഞ് വന്ദനശിവയുടെ ‘Staying Alive’ എനിക്കു തന്നു), ജയകേരളം പത്രാധിപരായി, നിരൂപകനായി, (അന്വേഷണം- ആസ്വാദനം, നിരൂപണം-പുതിയ മുഖം, ബോധത്തിലെ പടുകുഴികൾ, ഉണർവിന്റെ ലഹരിയിലേക്ക് എന്നീ നിരൂപക പുസ്തകങ്ങൾ ഓർക്കുക), അധ്യാപകനായി (കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും പിന്നീട് ഗാന്ധി യൂണിവേഴ്സിറ്റിയിലും), ഗാന്ധിയനായി (ഗാന്ധി ഒരന്വേഷണം എന്ന അദ്ദേഹത്തിന്റെ പുസ്തകം മാഷിലെ ഗാന്ധിയനെ വെളിപ്പെടുത്തുന്നു), സ്ത്രീവാദിയായി (സ്ത്രീയവസ്ഥ കേരളത്തിൽ എന്ന പുസ്തകം ഓർക്കുക), വിവർത്തകനായി (മേനോൻ എസ്. മാരാത്തിന്റെ ‘വസന്തത്തിന്റെ മുറിവ്’ എന്ന നോവലിന്റെ മലയാള വിവർത്തനം. ഈ വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2014ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരവും മാഷ്ക്ക് നൽകി). അങ്ങിനെ പല തരത്തിൽ മാഷെ തന്നെത്തന്നെ മുറിച്ചിട്ടു. പലപ്പോഴും പരസ്പര വിരുദ്ധം എന്നു തോന്നിക്കുന്ന ഒരു സംവാദയുക്തിയുടെ ലഹരിയിൽ കൂടിയായിരുന്നു അദ്ദേഹം. (‘കത്തുകൾ, കുത്തുകൾ’ എന്ന പുസ്തകത്തിൽ ആ ലഹരി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്). അതൊരു ഗോവിന്ദൻ സ്കൂൾ പ്രാക്ടീസാണെന്ന് മാഷ് ഉള്ളിൽ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. തന്റെ അഭിപ്രായത്തിന്റെ പേരിൽ ഒറ്റപ്പെട്ടാൽ ഒറ്റപ്പെടട്ടെ എന്ന ഗോവിന്ദൻ തോന്നൽ ഗംഗാധരൻ മാഷെയും നയിച്ചു. ആ ഒറ്റപ്പെടൽ അദ്ദേഹം അനുഭവിച്ചിട്ടുമുണ്ട്. അതിൽ നിരാശയോ ഭയമോ ഉണ്ടായിരുന്നുമില്ല. എന്തെങ്കിലും നേടിയെടുക്കാൻ ആരേയും ഒരിക്കലും സമീപിച്ചുമില്ല.

1987ൽ നടന്ന പശ്ചിമഘട്ട രക്ഷായാത്രയുടെ കാര്യമെടുക്കുക. യാത്രക്ക് കാൽ നൂറ്റാണ്ട് പ്രായമായപ്പോൾ 2012ൽ എ മോഹൻകുമാർ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ ഇങ്ങിനെ കാണാം: “ഇതിനിടെ കേരള കോ-ഓർഡിനേറ്റർമാരിൽ ഒരാൾ രാജിവെച്ച വാർത്ത പത്രത്തിൽ വന്നിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന യാത്ര ‘അനുഭാവം അർഹിക്കുന്നില്ല’ എന്ന് മഗ്സസെ അവാർഡ് ജേതാവും ഗാന്ധിയനുമായ സുന്ദർലാൽ ബഹുഗുണയുടെ പ്രസ്താവന പത്രത്തിൽ വന്നതിന്റെ പ്രതികരണമായിരുന്നുവത്രെ ഡോ. എം ഗംഗാധരനെ രാജിവെപ്പിച്ചത്. മലമ്പുഴയിലെ അവലോകന യോഗത്തിൽ രാജി പിൻവലിച്ച് എം ഗംഗാധരൻ വീണ്ടും യാത്രികരോടൊപ്പം ചേർന്നിരുന്നു. (2012 ജൂലൈ)”. രാജിവെക്കുക, വീണ്ടും വന്നു ചേരുക- അതായിരുന്നു ഗംഗാധരൻ മാഷ്. പരിസ്ഥിതി മേഖലയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്നവർ വ്യാപകമായി ഈ രാജിയും തിരിച്ചു വരവും ചർച്ച ചെയ്തിരുന്നത് ഇന്നും ഓർമ്മകളിലുണ്ട്.  

ആറ്റൂർ രവിവർമയുടെ കവിതകളെക്കുറിച്ചുള്ള 1977ലെ പഠനം (ആഴത്തിന്റെ താളം) നിരൂപണത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വന്തം വഴി സ്ഥാപിക്കുന്നു. ചുള്ളിക്കാട്, കടമ്മനിട്ട എന്നിവരുടെ കവിതയെക്കുറിച്ചുള്ള പഠനങ്ങൾ, എം ഗോവിന്ദനെ ക്കുറിച്ചുള്ള ദീർഘ പഠനം അങ്ങിനെ നിരവധിയായ എഴുത്തുകളുമുണ്ട്. ‘ആഴത്തിന്റെ താള’ത്തിൽ മനുഷ്യനെക്കുറിച്ച് ഒരു സങ്കൽപ്പം അവതരിപ്പിക്കുന്നു: “മനഃശാസ്ത്രജ്ഞന്മാരേയും സാമൂഹ്യ ശാസ്ത്രജ്ഞന്മാരേയും വല്ലാതെ കുഴക്കുന്നതാണ് സ്വത്വത്തെക്കുറിച്ചുള്ള പ്രശ്നങ്ങൾ. ഒരാളെ, ഒരു സമൂഹത്തെ, വ്യത്യസ്തമായി നിലനിൽക്കാൻ പ്രേരിപ്പിക്കുന്നതെന്താണ്? പാരമ്പര്യമാണോ, പൈതൃകമാണോ, ജീവൽ തൃഷ്ണയുടെ പ്രത്യേകതയാണോ, പരിസ്ഥിതിയാണോ? നാം സാധാരണയായി ധരിക്കുന്നതിലധികം ഓരോ വ്യക്തിയും സ്വത്വത്തെക്കുറിച്ച് തത്പ്പരനാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ഇന്ന് മനസ്സിലാക്കുന്നുണ്ട്. ഹോട്ടലുകൾ, തുണിക്കടകൾ, തിയേറ്ററുകൾ തുടങ്ങി ആൾക്കൂട്ടത്തെ ആകർഷിക്കാൻ ശ്രമിക്കുന്ന സ്ഥലങ്ങളിൽ ആൾക്കണ്ണാടികൾക്ക് പ്രമുഖസ്ഥാനം ലഭിക്കുന്നതിന്റെ കാരണം കണ്ണാടി നോക്കി സ്വന്തം രൂപമുറപ്പിക്കാനുള്ള വല്ലാത്ത മോഹം എല്ലാവരിലുമുണ്ടെന്നുള്ളതാണെന്ന് ഒരു സാമൂഹ്യശാസ്ത്രജ്ഞൻ നിർദേശിച്ചത് ഞാനോർക്കുന്നു (The presentation of self in everyday life By Ervin Goffman, 1959). പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞനും സാമൂഹ്യശാസ്ത്രജ്ഞനുമായ ഗോഫ്മാൻ selfനേയും identityയേയും കുറിച്ച് പത്തോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്”. ഇത്തരത്തിൽ തന്റെ പഠനത്തിൽ പുതിയ വെളിച്ചങ്ങൾ തേടുമായിരുന്നു അദ്ദേഹം. സാഹിത്യ നിരൂപണത്തിൽ നരവംശശാസ്ത്രം ഉപയോഗപ്പെടുത്തുന്ന ആദ്യ ആറ്റൂർ പഠന ലേഖനമാണിത്. നമ്മുടെ കാലത്ത് പലതിന്റേയും തുടക്കക്കാരനായ ഒരാൾ കൂടിയായിരുന്നു മാഷെന്ന് ഈ ഉദാഹരണം ഓർമ്മിപ്പിക്കുന്നു.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കവർ

ഗംഗാധരൻ മാഷെ അവസാനമായി കണ്ട് മടങ്ങുമ്പോൾ എന്തോ എനിക്ക് മമ്പുറം പള്ളിയും മഖാമും കാണണമെന്ന് തോന്നി. സഹയാത്രികനും ‘മലബാർ കലാപവും സാഹിത്യ പ്രതിനിധാനങ്ങളും’ എന്ന വിഷയത്തിൽ ഡോക്ടറൽ പഠനം നടത്തുന്ന യുവ ഗവേഷകനുമായ അബ്ദുൽ ബാരി എം.സി.എ ആ വഴിയിലൂടെ വണ്ടിയോടിച്ചു. മമ്പുറത്ത് മലബാർ കലാപ നേതാവ് ആലി മുസ്ലിയാർ മതപഠനശാല നടത്തിയിരുന്ന പള്ളിയുടെ വശത്ത് കൂടെ പുഴയിലേക്കുള്ള ഇടവഴിയിലൂടെ കൽപ്പടവുകളിറങ്ങി ചെല്ലുമ്പോൾ ഇടക്ക് ഒരു ചെറിയ പള്ളിയുണ്ട്, ‘കേറിപ്പള്ളി’.  പുഴക്കക്കരെ മമ്പുറം മഖാം. ഇക്കരെ പള്ളി. നടുവിൽ കടവ്. മഖാമിന്റെ ഭാഗത്തു നിന്ന് പുഴ കടന്ന് പള്ളിയിലേക്ക് വരുന്നവർ ആദ്യം കാണുക ഈ ചെറിയ പള്ളിയാണ്. അതു കയറിയാണ് വലിയ പള്ളിയിൽ എത്തുന്നത്. അതുകൊണ്ടാണ് ഇതിനെ കേറിപ്പള്ളി എന്നു വിളിക്കുന്നത്. ആലി മുസ്ലിയാർ പഠിപ്പിക്കലില്ലാത്ത സമയത്ത് വിശ്രമിച്ചിരുന്നതും വായനയിലും പഠനങ്ങളിലും മുഴുകിയിരുന്നതും മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന പണ്ഡിതന്മാരുമായി സംവദിച്ചിരുന്നതും ‘കേറിപ്പള്ളിയിൽ’ ആയിരുന്നു എന്ന് വാമൊഴിക്കഥകളിൽ കേൾക്കാം. അൽപ്പനേരം ആളും അനക്കവുമില്ലാത്ത ആ പള്ളി മുറ്റത്തുനിന്നു. വലിയ പള്ളിയുടെ പരിസരത്ത് നിൽക്കുമ്പോൾ നിരവധിയായ എം ഗംഗാധരൻ ഓർമ്മകൾ എന്നെ പിന്തുടർന്നു.

തിരൂരങ്ങാടി ഹജൂർ കച്ചേരി മുറ്റത്തുള്ള ജോൺസൺ, റൗളി ശവകുടീരം (ഫോട്ടോ-അബ്ദുൽ ബാരി എം.സി.എ)

തിരൂരങ്ങാടിയിലെ ഹജൂർ കച്ചേരിയിലും പോയി. ഇപ്പോൾ പൂട്ടിയിട്ടിരിക്കുന്ന (നേരത്തെ ഇത് താലൂക്കാഫീസായിരുന്നു, പിന്നീട് മ്യൂസിയമാക്കുമെന്ന പ്രഖ്യാപനവും വന്നിരുന്നു) ബ്രിട്ടീഷുകാരുടെ ഹജൂർ കച്ചേരിയുടെ മുറ്റത്ത് രണ്ട് ബ്രിട്ടീഷ് സൈനികരുടെ മൃതദേഹം അടക്കിയിട്ടുണ്ട്. 1921 ആഗസ്റ്റ് 20-ന് തിരൂരങ്ങാടിയിൽ കൊല്ലപ്പെട്ട ജോൺസൺ, റൗളി എന്നിവരുടെ ശവകുടീരമാണ് അവിടെയുളളത്. അന്ന് വലിയ ജനക്കൂട്ടം ഹജൂർ കച്ചേരി മുറ്റത്തെത്തുകയും എല്ലാവരും ഇരിക്കൂ നമുക്ക് സമാധാനമായി ചർച്ചകൾ നടത്താമെന്നും ബ്രിട്ടീഷുകാർ പറയുകയുമായിരുന്നു. തുടർന്ന് അടങ്ങിയിരിക്കുന്ന ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷുകാർ വെടിയുണ്ടകൾ പായിക്കുന്നു. നിരവധി കലാപകാരികൾ കൊല്ലപ്പെടുന്നു. രണ്ട് ബ്രിട്ടീഷ് സൈനികരും. കലാപത്തിൽ മനുഷ്യച്ചോര വീണ ആദ്യ സ്ഥലങ്ങളിലൊന്നാണിത്.

തിരൂരങ്ങാടി ചന്തപ്പടിയിലെ എഫ്.എം. എല്ലീ, എച്ച്.ജി. ഹച്ചിങ്സ്, വില്യംസ് എന്നിവരുടെ ശവകുടീരങ്ങൾ. (ഫോട്ടോ; അബ്ദുൽ ബാരി എം.സി.എ).

തിരൂരങ്ങാടി ചന്തപ്പടിയിൽ  മലബാർ കലാപ സ്മാരക ഗേറ്റുണ്ട്. 1921 വാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിന്റെ പ്രവേശന കവാടമാണിത്. ആ കെട്ടിടത്തിന്റെ പുറം ചുമരിൽ 77 പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തൂക്കിലേറ്റപ്പെട്ടവർ, ജീവരക്തം കൊണ്ട് നിറം പിടിപ്പിച്ചവർ, തടങ്കൽ പാളയങ്ങളിൽ, നാടുകടത്തപ്പെട്ടവർ-നാടുവിട്ടവർ, മുറിപ്പാടുകളും പേറി എന്നിങ്ങനെയുള്ള ഉപ ശീർഷകങ്ങളിലാണ് പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആലി മുസ്ലിയാരുടേയും വാരിയൻകുന്നന്റേയും പേരുകൾ ആദ്യം തന്നെ കാണാം. ഈ സ്മാരക ഗേറ്റിനു പിൻവശം നിരവധി വീടുകൾക്കിടയിൽ ബ്രിട്ടീഷ് ഡോർസെറ്റ് റെജിമെന്റിലെ എഫ്.എം. എല്ലീ, എച്ച്.ജി. ഹച്ചിങ്സ്, വില്യംസ് എന്നിവരുടെ ശവകുടീരങ്ങളും കണ്ടു. ആ കാഴ്ച്ചകളും പല കാലങ്ങളിൽ ഗംഗാധരൻ മാഷ് പറഞ്ഞുതന്ന കാര്യങ്ങളുടെ ഓർമ്മകളുണർത്തി. പരപ്പനങ്ങാടിയിൽ ‘കൈലാസ’ത്തെ മുൻവശത്തെ മുറിയിലിരുന്ന് സംസാരിക്കുമ്പോൾ എന്തെങ്കിലും സംശയങ്ങൾ ചോദിച്ചാൽ മാഷ് എണീറ്റ് മുകളിലെ ലൈബ്രറിയിലേക്കുള്ള മരക്കോണി ഓടിക്കയറും. പിന്നെ ഒരു പുസ്തകവുമായി അതേ വേഗത്തിൽ കോണി ഇറങ്ങി വരും. പുസ്തകം നിവർത്തും. അടിവരയിട്ട ഭാഗങ്ങൾ കാണിക്കും. എന്റെ ചോദ്യത്തിനും സംശയങ്ങൾക്കുമുള്ള മറുപടിയായിരിക്കുമത്. ഇന്നും സംശയമോ ചോദ്യങ്ങളോ മനസ്സിലുയരുമ്പോൾ കോണിപ്പടിയിലൂടെ ഓടിക്കയറുകയും ഓടി ഇറങ്ങുകയും ചെയ്യുന്ന മനുഷ്യന്റെ കാലടി ശബ്ദങ്ങളാണ് ആദ്യം കേട്ടു തുടങ്ങുക. ആ കാലടി ശബ്ദം ഇപ്പോഴും എന്നിൽ യോജിപ്പുകളോടെയും വിയോജിപ്പുകളോടെയും പ്രവർത്തിക്കുന്നു. തന്റേടം എന്ന വാക്കിന്റെ അർത്ഥം തന്റെയിടം എന്നാണെന്ന് മാഷ് ഒരിടത്ത് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ആ പ്രസംഗത്തിൽ അദ്ദേഹം ഇങ്ങിനെ കൂടി പറഞ്ഞു: “തന്റേടികൾ വലിയ വാഗ്ദാനമാണ്, അതിനർത്ഥം അവർ വിമർശന മുക്തരാണെന്നല്ല”.

Also Read

13 minutes read February 13, 2022 5:11 am