ആനന്ദിന് ആദരവോടെ: ഏകവിള പ്ലാന്റേഷൻ വിട്ട് ബഹുവിളകളുടെ ആരാമത്തിലേക്ക് പോകാം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സാമൂഹ്യചിന്തയുടെ വൈകാരികാനുഭവങ്ങളിലേക്ക് മലയാള സാഹിത്യത്തെ നയിച്ച എഴുത്തുകാരനാണ് ആനന്ദ്. അടിമുടി ഇന്ത്യക്കാരനായി നിന്നുകൊണ്ട് നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ ആകുലതകളെ, മനുഷ്യൻ്റെ നിലനില്പിനെ പ്രതി ഉറക്കംകെടുന്ന കഥാപാത്രങ്ങളിലൂടെ ആനന്ദ് അവതരിപ്പിച്ചു. ചരിത്രത്തിൻ്റെ ജലാഴങ്ങളിൽ മുങ്ങി ഇന്ത്യൻ ജീവിതസന്ദർഭങ്ങളെ ഉത്ഖനനം ചെയ്തു അദ്ദേഹത്തിൻ്റെ അനുഭവമണ്ഡലം. എഴുത്തുകാരിൽ സാധാരണ കാണാറുള്ള അഹം വിക്ഷോഭങ്ങളോ ചപലതകളോ ഇല്ലാതെ, ബൗദ്ധികമായ പാകതയോടെ ആനന്ദ് എന്നും ലോകത്തോട് പ്രതികരിച്ചു.

ആനന്ദുമായി എം.കെ കൃഷ്ണകുമാർ നടത്തിയ അഭിമുഖം (മാതൃഭൂമി വാരാന്തപ്പതിപ്പ്, 2025 ജനുവരി 12) ആനന്ദിൻ്റെ തനത് ശൈലിയിൽ സാർവ്വമാനുഷികത നിറഞ്ഞ സംവേദനങ്ങളാൽ നമ്മെ ഉണർത്തുന്നതാണ്. പ്രത്യേകിച്ചും, എഴുത്തുകാരെ പറ്റി മലയാളസാഹിത്യ ഉല്പാദക – ഉപഭോക്തൃ മധ്യവർഗ്ഗ ലോകം കെട്ടിപ്പൊക്കിയ ഇമേജുകളെ ഇത്ര അനുഭവവാദപരമായി പൊട്ടിച്ചുകളയുന്നത് ആനന്ദല്ലാതെ വേറാരുമല്ല. “സംസ്ക്കാരത്തെ ചലിപ്പിക്കുന്നത് എഴുത്തുകാരല്ല, നീതിക്കുവേണ്ടി ദാഹിക്കുന്നവരാണ് അതു ചെയ്യുന്നത്. എഴുത്തുകാർ അവിടവിടെ ഒരു നട്ടും ബോൾട്ടും തിരിക്കുന്നുണ്ടാവാം, അത്രയേ ഉള്ളൂ” എന്ന് ഈ അഭിമുഖത്തിൽ ആനന്ദ് പറയുന്നത്, ഇതിന് മുമ്പ് ഒരു മലയാള സാഹിത്യകാരനും പറയുകയോ, അറിയുമെങ്കിൽ തന്നെ തുറന്നുപറയുകയോ ചെയ്യാത്തതാണ്.

ആനന്ദ്

എഴുത്തുകാരനെന്ന നിലയിൽ ആത്മവിമർശനപരമായി നിലകൊള്ളുമ്പോഴും, ഇന്ത്യൻ സാഹിത്യ ഉല്പാദക – ഉപഭോക്തൃ മധ്യവർഗ്ഗ ലോകം പൊതുവേ വെച്ചു പുലർത്തുന്ന ചില ചരിത്രധാരണകളെ അതേപടി ആനന്ദും പിൻപറ്റുന്നല്ലോ എന്ന വ്യാകുലതയാണ് ഈ പ്രതികരണമെഴുതാൻ കാരണം. ചരിത്രപാഠങ്ങൾ ഉൾക്കൊണ്ടും നിശിത ചിന്തയിലൂടെ സഞ്ചരിച്ചും മലയാളീ ബൗദ്ധികസമൂഹത്തിൽ സ്ഥാനമുള്ള ആനന്ദിൻ്റെ നിരീക്ഷണങ്ങൾക്ക് കൂടുതൽ സ്വീകാര്യതയുള്ളതിനാൽ, അദ്ദേഹം നടത്തിയ ചരിത്ര നിരീക്ഷണങ്ങൾ നിലവിൽ മലയാളീ എഴുത്ത്-വായനാ ഗണങ്ങൾ വെച്ചു പുലർത്തുന്ന ധാരണകളെ കൂടുതൽ ബലപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നല്ലോ എന്ന ഖേദം ഇവിടെ അറിയിക്കട്ടെ.

ആനന്ദിൻ്റെ ചരിത്ര ബോധ്യങ്ങളോടുള്ള ഈ പ്രതികരണം, എന്തുകൊണ്ട് മലയാളത്തിൽ, മറ്റിടങ്ങളിൽ പ്രബലമായി കാണുന്ന വിധത്തിൽ പോസ്റ്റ് കൊളോണിയൽ /ഡീകൊളോണിയൽ എഴുത്തുകൾ ഇന്നും ദുർബ്ബലമായി നിൽക്കുന്നു എന്നതിൻ്റെ അന്വേഷണമായി കൂടി കണക്കാക്കാം. ചരിത്രത്തെ തൻ്റെ സൃഷ്ടികൾക്ക് മജ്ജമാംസാദികളായി ഏറ്റവും കൂടുതൽ ഉപയോഗിച്ച എഴുത്തുകാരൻ ആനന്ദാണെന്നിരിക്കെ, അദ്ദേഹത്തിൻ്റെ ചില ചരിത്ര നിലപാടുകളുടെ പുനഃപരിശോധന ഏറ്റവും പ്രധാനമായി ഈ ലേഖകൻ കരുതുന്നു.

മേൽപറഞ്ഞ അഭിമുഖത്തിൽ, “എല്ലാ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യക്ക് ഐക്യം സൂക്ഷിക്കാൻ കഴിയുന്നു എന്നതിനെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?” എന്ന ചോദ്യത്തിന് രണ്ടുത്തരമാണ് ആനന്ദ് പറയുന്നത്. അതിലൊന്ന്, നെഹ്രുവിൻ്റെ വ്യക്തിപ്രഭാവം ഇന്ത്യയുടെ ഐക്യത്തിന് കാരണമായി എന്ന് ഒറ്റവാക്യത്തിൽ മറുപടി നൽകിക്കൊണ്ട്, രണ്ടാമത്തെ കാരണം നിരവധി വാക്യങ്ങളിലൂടെ ചരിത്രച്ചുരുൾ നിവർത്തുന്നുണ്ട് ആനന്ദ്. അതിൻ്റെ ചുരുക്കം ഇങ്ങനെ: “ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചതുകൊണ്ടാണ് എല്ലാ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യക്ക് ഐക്യം സൂക്ഷിക്കാൻ കഴിയുന്നത്.” അതിൻ്റെ വിശദീകരണം ചരിത്രത്തിൽ നിന്നും ആനന്ദ് എണ്ണിയെണ്ണി എടുത്തത് കാണുമ്പോൾ, ബ്രിട്ടീഷുകാർക്കെതിരെ ഇവിടെ സ്വാതന്ത്ര്യസമരം നടത്തിയത് ചരിത്രപരമായ വമ്പൻ മണ്ടത്തരമായിരുന്നോ എന്ന് തോന്നിപ്പോയി!

എത്രയെത്ര മനുഷ്യരാണ്, 1757 മുതൽ 1947 വരെയുള്ള രണ്ടുനൂറ്റാണ്ട്, ബ്രിട്ടീഷ് ഭരണത്തെ നേരിട്ടത് മൂലം ജീവൻ പോയവർ. ഇവർക്കാർക്കും തന്നെ, ആനന്ദ് പുകഴ്ത്തുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ ‘എൻലൈറ്റൻഡ്’ ആയ ഭരണമഹത്വം മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ! ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരസമൂഹങ്ങളായ ആദിവാസി ജനത മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയ പുതിയ നാഗരികവർഗ്ഗം വരെ, പലവിധ സമരങ്ങൾ നടത്തിയില്ലായിരുന്നെങ്കിൽ, അങ്ങനെ ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടുപോയില്ലായിരുന്നെങ്കിൽ, ‘എൻലൈറ്റൻഡ്’ ആയ ഭരണം തുടർന്നും നടത്തി, ഇന്നു കാണുന്ന യാതൊരുവിധ കൊള്ളരുതായ്മകളും ഇല്ലാത്ത പരിഷ്കൃത രാജ്യമാക്കി ഇന്ത്യയെ മാറ്റി തീർക്കാൻ കഴിഞ്ഞേനെ എന്ന് ആശിച്ചുപോയി ആനന്ദിനെ വായിച്ചപ്പോൾ.

ശിപായി ലഹള, 1857. കടപ്പാട്:newyork public library

“ചൂഷണം ചെയ്യാൻ വേണ്ടി തന്നെയാണ് കോളനിഭരണം ഉണ്ടാവുന്നത്. എന്നാൽ ബ്രിട്ടൻ്റെ കോളനിഭരണം വ്യത്യസ്തമായിരുന്നു” എന്ന് ആനന്ദ് പറയുന്നു. അതായത് പോർച്ചുഗീസ്, സ്പാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ എന്നിങ്ങനെ നീളുന്ന ഇതര യൂറോപ്യൻ അധിനിവേശ ശക്തികളുമായി തട്ടിച്ചുനോക്കിയാൽ, എന്തുകൊണ്ടും ബ്രിട്ടൻ്റെ കോളനി ഭരണം വ്യത്യസ്തമായിരുന്നു എന്നർത്ഥം. ഉദാഹരണമായി “ചെറിയൊരു രാജ്യമാണ് ബ്രിട്ടൻ. അവരുടെ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവരെക്കാൾ കൂടുതൽ പേർ ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നു” എന്ന് ആനന്ദ് ചൂണ്ടിക്കാട്ടുന്നു. ശരിയാണ്, ഇന്ന് 10 ശതമാനത്തിന് മുകളിൽ ഇന്ത്യക്കാർ ഇംഗ്ലീഷ് സംസാരിക്കും. ബ്രിട്ടീഷ് ഭരണം ഇവിടെ ഇന്നും ഉണ്ടായിരുന്നെങ്കിൽ, നമ്മിൽ ഏറ്റവും കുറഞ്ഞത് 80-90 ശതമാനവും ഇപ്പോൾ ഇംഗ്ലീഷ് സംസാരിച്ചേനേ. (‘തിളക്കം’ സിനിമയിൽ സലിംകുമാർ ചെയ്ത ‘ഓമനക്കുട്ട’ൻ്റെ ആത്മഗതം ഓർമ്മ വന്നു: ‘ഇതു വലിച്ചാൽ ഇംഗ്ലീഷ് പറയാൻ പറ്റും; വെറുതേ സ്കൂളിൽ പോയി സമയം കളഞ്ഞ്; ഒന്നാം ക്ലാസ് തുടങ്ങി കഞ്ചാവ് വലിച്ചിരുന്നെങ്കിൽ ചറപറാന്ന് ഇംഗ്ലീഷ് പറയാമായിരുന്നു.’)

ഭാഷയുടെ കാര്യത്തിൽ ബ്രിട്ടീഷ് ഭരണം മാത്രമല്ല സ്പാനിഷ് കോളനിവാഴ്ചയും വ്യത്യസ്തമായിരുന്നു. സ്പെയിനിൻ്റെ കോളനിയായിരുന്ന ലാറ്റിനമേരിക്കയിൽ സ്പാനിഷ് സംസാരിക്കുന്നവരുടെ എണ്ണം സ്പെയിനിൽ ഉള്ളതിനേക്കാൾ വളരെ കൂടുതലാണ്. അതുകൊണ്ട് സ്പാനിഷ് കോളോണിയലിസം ‘വ്യത്യസ്തമായിരുന്നു’ എന്ന് ലാറ്റിനമേരിക്കൻ എഴുത്തുകാർ പുകഴ്ത്തിയിട്ടില്ല. കാരണം സ്പാനിഷ് ഭാഷയുടെ അധിനിവേശത്താൽ അവിടങ്ങളിലെ നൂറു കണക്കിന് നാട്ടുഭാഷകൾക്ക് വന്നുചേർന്ന വംശനാശവും മുരടിപ്പും സമൂഹത്തിൻ്റെ സ്വതനഷ്ടവും, അതുവഴി അമരത്വം നേടിയ സ്പാനിഷ് അധിനിവേശവുമാണ് ലാറ്റിനമേരിക്കൻ ചിന്തകർക്ക് വേദനയും അമർഷവും നൽകിയത്.

ഗൂഗി വാ തിയോഗോ

കെനിയൻ എഴുത്തുകാരനായ ഗൂഗി വാ തിയോഗോ (Ngũgĩ wa Thiong’o) ചോദിക്കുന്നു, “ആഫ്രിക്കക്ക് സാമ്രാജ്യത്വമില്ലാതെ ജീവിക്കാനാവില്ല എന്ന് പറയുന്ന രാഷ്ട്രീയക്കാരനും, ആഫ്രിക്കക്ക് യൂറോപ്യൻ ഭാഷകളില്ലാതെ നിലനില്പില്ല എന്ന് പറയുന്ന എഴുത്തുകാരനും തമ്മിലുള്ള വ്യത്യാസമെന്താണ്?” ആശയവിനിമയോപാധിക്കൊപ്പം തന്നെ സംസ്ക്കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും വാഹനമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇംഗ്ലീഷെന്നും തിയോഗോ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടാണ് തൻ്റെ നാട്ടുഭാഷാനഷ്ടത്തെ ചിരന്തനമായ അടിമത്തചിഹ്നമായി അദ്ദേഹം കണ്ടത്.

ഭാഷാവൈവിധ്യ സംരക്ഷണ പണ്ഡിതനായ ജി.എൻ ഡേവി (Ganesh Narayandas Devy) യുടെ നേതൃത്വത്തിൽ 2010 ൽ നടത്തിയ സർവ്വേ (People’s Linguistic Survey of India) 780 ഇന്ത്യൻ ഭാഷകൾ രേഖപ്പെടുത്തിയപ്പോൾ, ഇതിൽ 600 ഭാഷകളും മൃതാവസ്ഥയിലാണ്; 250 ഭാഷകൾ ഇതിനകം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. കോളനി ഭാഷാനയത്തിൻ്റെ വലിയ മാറ്റമൊന്നും കൂടാതെയുള്ള അനുകരണമാണ് ഭാഷാ വൈവിധ്യ നശീകരണത്തിൻ്റെ ഉത്തരവാദി. ശക്തമായ ഗ്രന്ഥപാരമ്പര്യ സമ്പത്തുള്ള ഏതാനും ഭാഷകൾക്ക് മാത്രമാണ് ഇംഗ്ലീഷ് യുഗത്തെ ഇന്ത്യയിൽ അതിജീവിക്കാനായത്. ഇന്ന് 600 ഭാഷകൾ ജീവശ്വാസം വലിക്കുന്നു എന്നതിൻ്റെ അർത്ഥം അത്രയും സാംസ്ക്കാരിക വൈവിധ്യനാശം സംഭവിക്കുന്നു എന്നതു മാത്രമല്ല, അത്രയും സമൂഹങ്ങളും അലിഞ്ഞില്ലാതാകുന്നു എന്നു കൂടിയാണ്.

ജി.എൻ ഡേവി

ആനന്ദ് പറയുന്നു, “എൻലൈറ്റൻഡ് ആയ ഭരണമാണ് പൊതുവേ ബ്രിട്ടൻ നമ്മൾക്ക് തന്നത്. ഈ ഭരണത്തിലൂടെയാണ് ഇന്ത്യ എന്ന സങ്കല്പം തന്നെ ഉണ്ടാവുന്നത്. നമ്മൾ ഒന്നിച്ചൊരു രാജ്യമെന്ന തോന്നലുണ്ടായി.” റോഡും പാലവും സ്കൂളും കോളേജും കോടതിയും പൊലീസും ജയിലും ഒക്കെ ഉണ്ടാക്കി, ഇന്ത്യയെമ്പാടും ഭരണസൗകര്യത്തിൻ്റെ ഏകീകൃത സ്ഥാപനങ്ങൾ ബ്രിട്ടീഷുകാർ കൊണ്ടുവന്നപ്പോൾ, ‘നമ്മൾ ഇന്ത്യക്കാർ’ എന്ന ഐക്യബോധം ഇവിടെ ഉണർന്നു എന്നത് കോളനി ചരിത്രകാരന്മാരുടെ വാദമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ മൂന്ന് പ്രസിഡൻസികളായും, അത് കൂടാതെ 500 ൽപരം നാട്ടുരാജ്യങ്ങളായും രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യയിൽ, “God save the King”/ “Long live the Queen” എന്ന ബ്രിട്ടീഷ്സ്തുതി പ്രവിശ്യകളിലും, കൊച്ചീ രാജാവിനും തിരുവിതാംകൂർ രാജാവിനും മംഗളഗീതം നാട്ടുരാജ്യങ്ങളിലുമുള്ള സ്കൂളുകളിൽ പാടിയ കുട്ടികൾക്ക് തങ്ങൾ ഇന്ത്യക്കാരാണെന്ന ഐക്യബോധം ഉണ്ടാക്കിയത് ബ്രിട്ടീഷുകാരല്ല, അവർക്കെതിരെ നാട്ടുരാജ്യങ്ങളിലും പ്രവിശ്യകളിലും ഒരേപോലെ ഉയർന്നു വന്ന 200 വർഷത്തെ ചരിത്രമുള്ള സ്വാതന്ത്ര്യപ്രസ്ഥാനമാണ്. സ്വാതന്ത്ര്യപ്രസ്ഥാനമില്ലെങ്കിൽ ഇന്ത്യ എന്ന വികാരമോ വിചാരമോ രാഷ്ട്രീയ ബോധമോ സാധ്യമല്ല.

ഇംഗ്ലീഷ് ഭരണമാകട്ടെ ഇന്ത്യയെന്ന സ്വാതന്ത്ര്യ ദാഹത്തിൻ്റെ ഏകീഭാവബോധത്തെ പലവിധത്തിൽ മലിനപ്പെടുത്തി ദുർബലമാക്കുകയാണ് ചെയ്തത്. അതിനാൽ സ്വാതന്ത്ര്യ സമരമൂല്യങ്ങളെ പരിഹസിക്കും വിധം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് കഷണങ്ങളായി വിശാലഭാരതം വിഭജിക്കപ്പെട്ടു. മാത്രമല്ല, ആദ്യം ഇന്ത്യയെ സാംസ്ക്കാരികമായി ഏകീകരിച്ച മൗര്യകാലത്തെ അശോകൻ്റെ ബുദ്ധധർമ്മ ദർശനങ്ങളുടെ സ്വാധീനത്തെയും, ഏറ്റവുമൊടുവിൽ വിശാല ഇന്ത്യയെ രാഷ്ട്രീയമായി ഏകീകരിച്ച മുഗൾഭരണ പ്രഭാവത്തെയും മായ്ച്ചുകളയുന്നുണ്ട് ഇംപീരിയൽ ചരിത്രബോധം. ഇന്ത്യയുടെ ആസേതുഹിമാചല ഭൂതകാലത്തെ ബ്രാഹ്മണമതവുമായി താദാത്മ്യപ്പെടുത്തി ബ്രാഹ്മണ്യാധിഷ്ഠിത ഹിന്ദുത്വത്തിന് ഇവിടെ വിത്തുപാകി കിളിർപ്പിച്ചു മതരാഷ്ട്രവാദത്തെ വളർത്തിയതും ഇതേ ചരിത്ര നിർമ്മിതിയാണെന്നും പറയാതെ വയ്യ. യഥാർത്ഥത്തിൽ ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്ക്കാരിക വിശാലതയെ ദ്രവിപ്പിച്ചു കളഞ്ഞു കോളനിഭരണം. ഇന്ത്യയുടെ സാംസ്ക്കാരിക ഐക്യത്തിൻ്റെ ശരിയായ ചരിത്രം അശോകൻ്റെ സാഞ്ചിസ്തൂപം വിളംബരം ചെയ്യുന്നു എന്ന സ്വാതന്ത്ര്യസമര ചരിത്ര ബോധ്യമാണ് അശോകസ്തംഭം, അശോകചക്രം ഇവയെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളാക്കി പുനരുജ്ജീവിപ്പിക്കാൻ നെഹ്രുവിനും മറ്റും പ്രചോദനമായതെന്നും നമുക്ക് ഓർക്കാം.

ആനന്ദ് പറയുന്നു, “കോളനി ഭരണങ്ങൾക്ക് ശേഷമാണ് ഏകലോകമെന്ന സങ്കല്പം തന്നെ ഉണ്ടാകുന്നത്.” എൻലൈറ്റൻഡ് എന്ന് ആനന്ദ് വിശേഷിപ്പിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും അതിവർത്തിച്ച്, ഇതര കോളനി സാമ്രാജ്യത്വങ്ങളെ കൂടി ആലിംഗനം ചെയ്ത്, അവയെ ഒന്നാകെ തന്നെ ‘പ്രബുദ്ധത’യുടെ ആഗോള പ്രതീകമായി പുകഴ്ത്തുകയല്ലേ ആനന്ദ് ഇവിടെ ചെയ്യുന്നത്? അതായത് നാം ഇന്ത്യക്കാരാണെന്ന ഏകബോധം ബ്രിട്ടീഷുകാർ വഴി വരദാനം കിട്ടിയതുപോലെ, നാമെല്ലാം ഭൂമിയിലെ ഏകോദരസോദരങ്ങളാണെന്ന് ലോകജനതയെ പഠിപ്പിച്ചത് ബെൽജിയൻ, ഫ്രഞ്ച്, ജർമ്മൻ തുടങ്ങിയ കോളനിഭരണങ്ങളാണെന്ന് സാരം!

ഫ്രഞ്ച് കോളനിയായ ഹെയ്തിയിൽ 1791-1804 കാലത്ത് നടന്ന സ്വാതന്ത്ര്യ സമരമാണ് അധിനിവേശ വിരുദ്ധവികാരത്തിന് ജന്മം നൽകി ആഗോള തലത്തിൽ അടിമകൾ ഒന്നാണെന്ന ബോധം നിർമ്മിച്ചത്. 1804 ൽ ഹെയ്തി ആദ്യത്തെ കറുത്ത റിപ്പബ്ലിക് ആയപ്പോൾ, അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമുള്ള കോളനിയടിമകൾക്ക് അവരുടെ വിമോചന പാതയിലെ ആദ്യത്തെ പ്രത്യാശയായി മാറി ഹെയ്തി. ഇതേകാലത്ത് തന്നെ ഫ്രഞ്ചുവിപ്ലവം ഉയർത്തിപ്പിടിച്ച സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ വെളുത്ത വർഗ്ഗമേധാവിത്വത്തിൻ്റെ സങ്കുചിത താൽപ്പര്യങ്ങളിൽ നിന്നും മോചിപ്പിച്ചു, ലോകമെമ്പാടുമുള്ള അടിമവർഗ്ഗത്തിൻ്റെ മൊത്തം മാനുഷികമൂല്യങ്ങളാക്കി ഹെയ്തിയൻ വിപ്ലവം നവീകരിച്ചു.

ഹെയ്തിയൻ വിപ്ലവം

1811 ൽ അമേരിക്കയിലെ ലൂസിയാനയിൽ നടന്ന, ചരിത്രത്തിലെ ഏറ്റവും വലിയ അടിമസമരമായ German Coast Uprising നും, 1831 ൽ ജമൈക്കയിലെ Baptist War നും നേരിട്ട് പ്രചോദനമായി ഹെയ്തിയൻ വിപ്ലവം. (സാമ്രാജ്യത്വ നിർമ്മിത ചരിത്രപുസ്തകത്തിൻ്റെ അലയൊലികൾ കോളനിവിരുദ്ധ സമരങ്ങളുടെ ഉത്തേജകൗഷധമായി ഇന്നും പാടുന്നത് ഫ്രഞ്ചുവിപ്ലവത്തെയാണെന്നും ഓർക്കുക) യൂറോപ്പിലും അമേരിക്കയിലും പിൽക്കാലത്തുണ്ടായ അടിമത്തനിരോധന പ്രസ്ഥാനത്തിൻ്റെയും ഊർജ്ജം യഥാർത്ഥത്തിൽ ഹെയ്തിയൻ വിപ്ലവമായിരുന്നു.

ഹെയ്തിൽ തുടങ്ങി 20-ാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയെത്തിയപ്പോൾ ലോകമാകെ പടർന്ന കോളനിവിരുദ്ധ സമരമാണ് ഏകലോകം എന്ന ആശയത്തിൻ്റെ അടിത്തറ. ചടുല ഗതാഗതം കൊണ്ട് വൻകരകളെ കൂട്ടിയിണക്കി മനുഷ്യ – വിഭവ – ആശയ വിനിമയത്തിലൂടെ കോളനിവാഴ്ച ലോകമാകെ ചമച്ചത്, മനുഷ്യരെ തമ്മിൽ ഭൗതികതലത്തിൽ ഒന്നിപ്പിക്കലും, മാനസികമായി മാരകമായ വിഭജനങ്ങളുമല്ലാതെ മറ്റെന്താണ്? അതുകൊണ്ടല്ലേ, ദക്ഷിണാഫ്രിക്കയിൽ വെച്ചു സാക്ഷാൽ മഹാത്മാഗാന്ധിക്ക് പോലും, ബ്രിട്ടീഷ് നിർമ്മിത ‘ആര്യവംശമഹിമ’യിൽ മനം മയങ്ങി, അതേറ്റുപാടി, ഇംഗ്ലീഷുകാർക്കൊപ്പം നിന്നു ആഫ്രിക്കക്കാരോട് വർണ്ണവിവേചനം കാട്ടേണ്ടി വന്നത്? യഥാർത്ഥത്തിൽ മൂന്നാംലോക കോളനി വിരുദ്ധസമരമാണ് സാമ്രാജ്യത്വ വർണ്ണവിവേചനത്തിൻ്റെ ദുർഗ്ഗന്ധത്തിൽ നിന്നും ഗാന്ധിജിയെ പിന്നീട് മോചിപ്പിച്ചതും, നെഹ്രുവിൻ്റെ മുൻകൈയിൽ ചേരിചേരാ പ്രസ്ഥാനമായി ലോകസമാധാനത്തിൻ്റെ ഏകലോക ദർശനം രാഷ്ട്രീയമായും സാംസ്ക്കാരികമായും ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്തതും.

ആനന്ദ് പറയുന്നത് കേൾക്കുക, “നമ്മൾ ഇപ്പോൾ ഭക്ഷിക്കുന്ന ഉരുളക്കിഴങ്ങും ഉള്ളിയും തക്കാളിയുമെല്ലാം ദക്ഷിണ അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതാണ്. കശുവണ്ടി പോലും പുറത്തുനിന്ന് വന്നതാണ്. നമ്മൾക്കിവിടെ ചുരുങ്ങിയ വിഭവങ്ങളെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഭക്ഷണകാര്യത്തിൽ ലോകം ഒന്നായത് കോളനി ഭരണത്തിലൂടെയാണ്.”

ഇവിടെയും മറ്റ് കോളനി ഭരണങ്ങളിൽ നിന്നും എൻലൈറ്റൻഡായതിനാൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മാത്രം പ്രശംസിക്കാൻ പുറപ്പെട്ട ആനന്ദ്, അതു മറന്ന് ഉരുളക്കിഴങ്ങും ഉള്ളിയും തക്കാളിയും എല്ലാം തന്ന, 500 കൊല്ലത്തെ അധിനിവേശ വാഴ്ചകളെ മൊത്തം പ്രകീർത്തിക്കുന്നത് ശ്രദ്ധിക്കുക. ഉരുളക്കിഴങ്ങും മറ്റും ലോകമാകെ വ്യാപിപ്പിച്ചത് കോളനിവാഴ്ചകൾ തന്നെയാണ്. എന്നാൽ അതോടൊപ്പം നമ്മൾ ‘ഐറിഷ് ഉരുളക്കിഴങ്ങ് ക്ഷാമം’ (Irish Potato Famine, 1845-1852) എന്ന ആധുനിക കാർഷിക ദുരന്തം കൂടി അറിയണം.

Irish Potato Famine of 1846–47, Granger

തെക്കേ അമേരിക്കയിലെ ആൻ്റീസ് പ്രദേശത്ത് നിന്നും സ്പെയിൻകാരാണ് ഉരുളക്കിഴങ്ങിനെ യൂറോപ്പിൽ പ്രചരിപ്പിച്ചത്. ആൻ്റീസിലെ ആയിരക്കണക്കിന് വരുന്ന ഉരുളക്കിഴങ്ങ് വൈവിധ്യത്തിൽ നിന്നും അത്യുല്പാദനം തരുന്ന ഏതാനും ഇനങ്ങൾ വികസിപ്പിക്കുന്നതിൽ മാത്രമാണ് യൂറോപ്യൻ കാർഷിക-സാമ്പത്തിക വ്യാപാരക്കണ്ണ് പ്രാധാന്യം കൊടുത്തത്. ഇംഗ്ലീഷ് അധിനിവേശ കാർഷിക-സാമ്പത്തിക നയങ്ങൾ അയർലൻ്റിലെ നാട്ടുവിഭവങ്ങളെ ക്ഷീണിപ്പിച്ചപ്പോൾ അവിടെ സാധാരണക്കാർക്ക് ഏകാശ്രയം എളുപ്പം കലോറി ലഭ്യമാക്കുന്ന ഉരുളക്കിഴങ്ങ് മാത്രമായി. തെക്കേ അമേരിക്കൻ ആൻ്റിസിലെ മിശ്രവിളകളും വിള വൈവിധ്യവും നിറഞ്ഞ പരിസ്ഥിതി സൗഹൃദ ഉരുളക്കിഴങ്ങ് കൃഷിയെ മാനിക്കാതെ, പ്രതിരോധം കുറഞ്ഞ അതുല്പാദന ഇനത്തെ (Irish Lumper) മാത്രം ഏകവിളയായി അയർലൻ്റിൽ പ്രചരിപ്പിച്ചതിനാൽ, അതിന് കീടബാധയെ ചെറുക്കാൻ കഴിയാതെ വ്യാപകമായ വിളനാശം സംഭവിക്കുകയും, പത്തുലക്ഷം പേരെ കൊന്ന മഹാക്ഷാമത്തെ വരുത്തിവെയ്ക്കുകയും ചെയ്തു.

വാണിജ്യ പ്രാധാന്യം മുൻനിർത്തി ഭക്ഷ്യവിളകളിലെ വിത്തുവൈവിധ്യത്തെ നശിപ്പിച്ചു, ഏതാനും ഇനങ്ങൾ മാത്രം കലോറിമൂല്യം നോക്കി പടർത്തി, അതിൻ്റെ ഭക്ഷ്യക്ഷാമ – രോഗദാരിദ്ര്യ പെരുപ്പങ്ങൾ ലോകമാസകലം വരുത്തിവെച്ചുവെന്നു മാത്രമല്ല, പ്രാദേശിക ഭക്ഷ്യവിളകളെ വിലക്കി, പകരം ഗ്ലോബൽ മാർക്കറ്റിനായി നാണ്യവിള കൃഷിയെ അടിച്ചേൽപ്പിക്കുകയും ചെയ്തു കൃഷിയിലെ കോളനിവാഴ്ച. മാർക്കറ്റിന് വേണ്ടി മാത്രമുള്ള ഈ കൊളോണിയൽ കാർഷിക- ഭക്ഷ്യനയം ലോകത്ത്, ഇന്ത്യയിൽ പ്രത്യേകിച്ചും, മഹാക്ഷാമങ്ങളെയും അതുമൂലം ലക്ഷക്കണക്കിന് മരണങ്ങളെയും രോഗ ദാരിദ്ര്യപീഡകളെയും വിളിച്ചുവരുത്തിയത് ഇപ്പോഴും മുഖ്യധാരാ ചരിത്രത്തിന് ദഹിക്കുന്നതല്ല.

ഇന്ന് ലോകമാകെ പടർന്ന് കയറുന്ന ജീവിതശൈലീ രോഗങ്ങൾക്കും അടിത്തറ പാകിയത് കോളനിഭരണം സൃഷ്ടിച്ച കാർഷിക-ഭക്ഷ്യനയമാണ്. ശർക്കരയും ചക്കരയും പോലുള്ള നാട്ടുമധുരങ്ങളെ തളർത്തി, പഞ്ചസാരയെ ആഗോള മധുരമാക്കി സുഖിപ്പിച്ചതും, ചെറുധാന്യ വൈവിധ്യ പോഷക സമ്പന്നതയെ തകർത്ത് ഗോതമ്പ്, ചോളം എന്നിവയെ മാത്രം എനർജി സോഴ്സാക്കി, പോഷക വൈവിധ്യത്തെ തകർത്തതും, അതുവഴി ഇപ്പോൾ അടിത്തട്ട് ജനതയിൽ പ്രമേഹാദി രോഗങ്ങളും പൊണ്ണത്തടിയും ലോകമാകെ ഉണ്ടാക്കി തീർത്തിരിക്കുന്നതും ഇംപീരിയൽ അഗ്രോ ഇക്കോണമിയത്രേ.

ഭക്ഷണകാര്യത്തിൽ ലോകം ഒന്നാകുക എന്നതിനർത്ഥം ലോകത്തുള്ള നിരവധിയായ ഭക്ഷ്യവൈവിധ്യം തകർന്നു തരിപ്പണമായി, പ്രാദേശിക ഭക്ഷ്യസുരക്ഷ അവതാളത്തിലായി, അതുവഴി മഹാക്ഷാമങ്ങൾ ലോകമാകെ കോളനിവാഴ്ചയാൽ വന്നു ചേർന്നുവെന്നാണ്. അത് മാത്രമല്ല ഭക്ഷണത്തിൻ്റെ വിരലിലെണ്ണാവുന്ന ആഗോള ഏകതാനത തദ്ദേശീയ ജനതയുടെ പോഷകലഭ്യതയെ ക്രൂരമായി ചോർത്തിക്കളഞ്ഞു, അവരെ നിത്യരോഗികളാക്കിയതും ആധുനിക ഭക്ഷ്യസംസ്ക്കാരത്തിലെ കോളനിവൽകൃതമായ അഖിലലോക വൈവിധ്യനാശമാണ്.

ആനന്ദ് : “സതി പോലൊരു ഭീകരമായ സംഗതി ലോകത്ത് ഏതെങ്കിലും രാജ്യത്ത് ഉണ്ടായിരുന്നോ എന്നറിയില്ല.” തീർച്ചയായും ബ്രാഹ്മണ മതത്തിൻ്റെയും പുരുഷാധിപത്യത്തിൻ്റെയും സംയുക്തഭീകരമുഖം പുറത്തു കാട്ടുന്ന അനിതര സാധാരണമായ ക്രൂരാചാരം തന്നെയായിരുന്നു സതി എന്നതിന് സംശയമേതുമില്ല. എന്നാൽ ലോകത്ത് പലയിടത്തും മതവും പുരുഷാധിപത്യവും കൈകോർത്ത് വ്യത്യസ്ത സ്വഭാവത്തിലുള്ള നിഷ്ഠൂര മനുഷ്യാവകാശലംഘന ദുരാചാരങ്ങൾ നിലവിലിരുന്നു. 15-ാം നൂറ്റാണ്ടിനും 17-ാം നൂറ്റാണ്ടിനുമിടയിൽ യൂറോപ്പിൽ നിലനിന്നിരുന്നതും 40,000-60,000 പേരെ കൊലപ്പെടുത്തിയതുമായ ‘ദുർമന്ത്രവാദിനി വേട്ട’ ഇതിനുദാഹരണമാണ്. മതാശാസനങ്ങളെ ധിക്കരിച്ച ശക്തകളായ അടിത്തട്ട് സ്ത്രീകളായിരുന്നു ദുർമന്ത്രവാദിനി വേട്ടയിൽ പച്ചയോടെ ചുട്ടുകരിക്കപ്പെട്ട ഒന്നാമത്തെ ഇരകൾ. വിവാഹേതരബന്ധം, എതിർലിംഗത്തിൽ പെടാത്ത ലൈംഗികബന്ധം എന്നിവയെ കടുത്ത മർദ്ദനമുറകൾ കൊണ്ടാണ് യൂറോ – അമരിക്കൻ സമൂഹം നേരിട്ടിരുന്നത്. വിശ്വാസത്തിൻ്റെ പേരിൽ മതവിഭാഗങ്ങളാൽ നിർവ്വഹിക്കപ്പെട്ട മതവിചാരണകളും കുപ്രസിദ്ധമാണല്ലോ.

“ബ്രിട്ടീഷ് ഭരണം ഇല്ലായിരുന്നെങ്കിൽ ദുരാചാരങ്ങളൊന്നും ഇവിടെ നിന്ന് പോകുമായിരുന്നി”ല്ലെന്നാണ് ആനന്ദ് പറയുന്നത്. ഇത് നമുക്കെങ്ങനെ തറപ്പിച്ചു പറയാൻ കഴിയും? കോളനിവാഴ്ചയെ ലോകഗതിയുടെ സ്വാഭാവിക പരിണതിയായി – പുരോഗമനപരമായ ഘട്ടമായി – രേഖീയമായി കണക്കാക്കുന്ന ചരിത്രബോധം വിമർശന വിധേയമാക്കേണ്ടിയിരിക്കുന്നു. “ധർമ്മ സംസ്ഥാപനാർത്ഥം സംഭവാമി യുഗേ യുഗേ” എന്ന് ഗീതയിൽ കുറിച്ചിട്ടതുപോലെ, യുക്തിവാദത്തിൻ്റെ പുതിയ യുഗത്തിൽ ലോകരക്ഷക്ക് കോളനിഭരണം സംഭവിച്ചു എന്നല്ലാതെ മറ്റെന്തു വിശ്വസിക്കും നമ്മൾ!

‘ദുർമന്ത്രവാദിനി വേട്ട’യ്ക്ക് ഇരയായവർക്കുള്ള സ്മാരകം, ജർമ്മനി. കടപ്പാട്:wikipedia

കോളനി സാമ്രാജ്യത്വ കാലത്തിന് മുമ്പ് ഇന്ത്യയുൾപ്പെടെയുള്ള നാടുകളിൽ നിലനിന്നിരുന്ന രാഷ്ട്രീയ – സാമ്പത്തിക – സാമൂഹ്യാവസ്ഥകളെപ്പറ്റിയുള്ള ചരിത്രപഠനങ്ങൾ കോളനിവൽക്കരണത്തെ ചരിത്രപരമായ വിമോചന അവതാരമായി കാണുന്നില്ല. പകരം ഈ നാടുകളിൽ വളർന്നുവന്ന പ്രാദേശിക – ആഗോളബന്ധത്തിലൂടെ, ആന്തരികമായി തന്നെ ഉയർന്നുവന്നുകൊണ്ടിരുന്ന പലതരം ആധുനികതകളെ (Multiple Modernities) കുറിച്ചാണ് ചരിത്രപഠനങ്ങൾ പറയുന്നത്. കോളനിവാഴ്ചയ്ക്കുമുന്നേ തന്നെ ഇന്ത്യയിൽ പ്രാദേശിക ഭാഷകൾ വ്യക്തിത്വമാർജ്ജിക്കുന്നതും, അവയിലൂടെ ജാതിവിരുദ്ധ പ്രസ്ഥാനം ശക്തമാകുന്നതും ശ്രദ്ധിക്കുക.

ആധുനികത എന്നത് യൂറോപ്പിൽ രൂപം കൊണ്ട് ലോകത്തിൻ്റെ ഇതരഭാഗങ്ങളിലേയ്ക്ക് പരന്ന ഏകമുഖ സംഭവമല്ല. വ്യത്യസ്തങ്ങളായ സമൂഹങ്ങളുടെ ചരിത്രപരവും സാംസ്ക്കാരികവും സാമൂഹികവുമായ തനത് പാതകളിലൂടെ അവിടങ്ങളിൽ വികസിച്ചു വരുന്ന ബഹുവിധ പ്രക്രിയയാണത്. യൂറോപ്പിൻ്റെ ആധിപത്യ ആശ്രയത്വമില്ലാതെ തന്നെ ഇതര രാജ്യങ്ങൾക്ക് പ്രാദേശികതയും ലോകസമൂഹവും തമ്മിലുള്ള പരസ്പര ബന്ധം വഴി സ്വതന്ത്രമായി ബഹുരൂപ ആധുനികതയിലേക്ക് വളരാൻ കഴിയും. കോളനിപൂർവ്വ ഭരണങ്ങളായ ഇന്ത്യയിലെ മുഗൾ, തുർക്കിയിലെ ഓട്ടോമാൻ, ചൈനയിലെ ക്വിഗ് സാമ്രാജ്യം എന്നിവ യൂറോപ്യൻ സ്വാധീനമില്ലാതെ തന്നെ കേന്ദ്രീകൃത ഭരണത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും ബൗദ്ധിക സംസ്ക്കാരത്തിലും ആദ്യകാല ആധുനികതകളുടെ സവിശേഷതകൾ പ്രകടമാക്കിയിരുന്നു. എന്നാൽ യൂറോകേന്ദ്രിത ചരിത്രവീക്ഷണത്തിൽ ഇതര സമൂഹങ്ങൾക്ക് ആത്മപ്രകാശനത്തിന് കോളനിവാഴ്ച മാത്രമാണ് പശ്ചാത്തലവും ഊർജ്ജവും.

തദ്ദേശീയ സമൂഹങ്ങളിൽ അതാത് പ്രത്യേകതകൾക്കൊത്ത് ബഹുരൂപത്തിൽ ഉയർന്നുവന്ന കണ്ടുപിടുത്തങ്ങളുടെയും ഭരണത്തിൻ്റെയും സാമ്പത്തികോന്നതിയുടെയും ആധുനികതകളെ വിടരാൻ സമ്മതിക്കാതെ നുള്ളിക്കളയുകയാണ് യൂറോപ്യൻ കോളനിവാഴ്ച സത്യത്തിൽ ചെയ്തത്. അതിനാൽ ബഹുരൂപ ആധുനികതകളുടെ ജൈവവൈവിധ്യ ലോകം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പകരം പ്രതിരോധ ശേഷിയറ്റ ഏകവിളത്തോട്ടം പോലെ, അതിജീവനത്തിന് ഊർധ്വശ്വാസം വലിക്കുന്ന ഒരൊറ്റ ആധുനികതയിൽ ലോകം കുടുങ്ങികിടക്കുന്നു.

‘അടിമവ്യാപാരം നിർത്തലാക്കി’യതിൻ്റെ ക്രെഡിറ്റും ആനന്ദ് കോളനി വാഴ്ചയ്ക്ക് കൊടുക്കുന്നുണ്ട്. യഥാർത്ഥത്തിൽ ചരിത്രത്തിൽ ആദ്യമായി അടിമവ്യാപാരം നിർത്തലാക്കിയത് ഫ്രഞ്ച് കോളനിയായ സെൻ്റ് ഡൊമിനിക്കിൽ 1793 ൽ നടന്ന ഹെയ്തിയൻ വിപ്ലവമാണ്. അടിമവിപ്ലവ നായകരും ഹെയ്തി രാഷ്ട്രത്തിൻ്റെ പിതാക്കൾ എന്നറിയപ്പെടുന്നവരുമായ ടുസാൻ ലൂവർട്യുറോയും (Toussaint Louverture) ഴോങ് – ഴാക്ക് ഡിസലീനയും (Jean-Jacques Dessalines ) തങ്ങളുടെ സമരത്തിൻ്റെ നാഴികക്കല്ലായി അടിമകളുടെ വിമോചനത്തെ വിശേഷിപ്പിക്കുകയുണ്ടായി. 1805 ൽ രൂപീകൃതമായ ഹെയ്തിയൻ ഭരണഘടന അടിമ സമ്പ്രദായം പുനരാനയിക്കില്ലെന്ന് പ്രഖ്യാപിച്ചത് പിന്നീട് മറ്റു രാഷ്ട്രങ്ങൾക്ക് കൂടി മാതൃകയായി മാറി. ഹെയ്തിയൻ വിപ്ലവം കാരണം തങ്ങളുടെ കോളനികളിൽ അടിമത്തനിരോധനത്തിന് 1794 ൽ ഫ്രഞ്ച് ഗവൺമെൻ്റ് തൽക്കാലികമായെങ്കിലും മുന്നോട്ടുവന്നു. അമേരിക്കൻ കോളനിയായ വിർജീനിയയിൽ 1800 ൽ നടന്ന Gabriel Prosser Rebellion, ബ്രിട്ടീഷ് ഗയാനയിലെ Demerara Rebellion (1823), 1822 ൽ സൗത്ത് കരോലിനയിലെ കലാപം എന്നീ അടിമ ഉയിർത്തെഴുന്നേൽപ്പുകൾ ഹെയ്തിയൻ വിജയത്തിന് ശേഷം സംഭവിച്ചതാണ്. ബാർബഡോസ്, ക്യൂബ, ജമൈക്ക ഇവിടങ്ങളിലേയ്ക്കും സമരം പടരുകയുണ്ടായി. യൂറോപ്പിലും അമേരിക്കയിലും അടിമത്തവിരുദ്ധ പ്രസ്ഥാനങ്ങൾ സജീവമായതിനും ഹെയ്തിയൻ വിപ്ലവത്തോടാണ് നേരിട്ട് കടപ്പാട്.

വിർജീനിയയിൽ 1800 ൽ നടന്ന Gabriel Prosser Rebellion സ്മാരകം.

ഹെയ്തിയൻ നേതാക്കൾ അന്യരാജ്യങ്ങളിൽ അടിമത്ത നിരോധന പ്രസ്ഥാനങ്ങളുമായി ഐക്യപ്പെടുക മാത്രമല്ല അവിടങ്ങളിൽ നിന്നും രക്ഷ നേടിയ അടിമകൾക്ക് അഭയമരുളുകയും ചെയ്തു. 1833 ൽ ബ്രിട്ടൺ അടിമത്തം അവസാനിപ്പിക്കാനുള്ള ഒന്നാമത്തെ കാരണം, ഹെയ്തിയിലേതുപോലെ സംഭവിക്കാനിരിക്കുന്ന അടിമവിപ്ലവങ്ങളെ പേടിച്ചിട്ടാണ്. അങ്ങനെ അറ്റ്ലാൻ്റിക് അടിമവ്യാപാരവും അമേരിക്കയിലെ അടിമസമ്പ്രദായവും ചരിത്രത്താളിലേക്ക് ഒതുങ്ങിക്കൂടിയതിന് ലോകം ആദ്യം കടപ്പെട്ടിരിക്കുന്നത് വർണ്ണവിവേചനത്തിൻ്റെ കോളനിയുഗത്തോടല്ല, പ്രഥമ കറുത്ത റിപ്പബ്ലിക് ആയ ഹെയ്തിയോടും തുടർ അടിമ സമരങ്ങളോടുമത്രേ.

ആനന്ദ് : “ഇന്ത്യയുടെ ചരിത്രവും സംസ്ക്കാരവും പുറത്തുകൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. സംസ്കൃതത്തിലുണ്ടായിരുന്ന ക്ലാസിക്കുകൾ പുറത്തുവന്നത് ഇക്കാലത്താണ്.” ഇന്ത്യാചരിത്രത്തെ ബ്രാഹ്മണമത സംസ്ക്കാരത്തിലേക്ക് സങ്കോചിപ്പിക്കുന്ന ആര്യവംശമഹിമയാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ / ഇൻഡോളജിസ്റ്റുകൾ പ്രധാനമായും പ്രചരിപ്പിച്ചത്. അത് ബ്രാഹ്മണ്യത്തിൻ്റെ സംസ്കൃതവരമൊഴിയെ ഇന്ത്യൻ സംസ്ക്കാരമായി അവരോധിച്ചു, മറ്റ് നാനാജാതി സാംസ്ക്കാരിക വൈവിധ്യങ്ങളെ നിഷ്പ്രഭമാക്കി. മനുസ്മൃതിയും ഗീതയും വിവർത്തനം ചെയ്തു, അവയ്ക്ക് ഇന്ത്യൻ പൊതുസമൂഹത്തിൽ മുമ്പെങ്ങും കിട്ടാതിരുന്ന സ്വീകാര്യതയും വ്യാപനവും നേടിക്കൊടുക്കുക വഴി ബ്രാഹ്മണാധിപത്യത്തെയും ജാതിവ്യവസ്ഥയെയും രാഷ്ട്രീയമായും നിയമപരമായും തന്നെ പ്രബലമാക്കി തീർത്തു അവർ. ടെക്സ്റ്റുകൾക്കുള്ളിൽ സംസ്ക്കാരത്തെയും ജീവിതത്തെയും തിരഞ്ഞ്, കട്ടിലിനൊപ്പിച്ച് കാലു മുറിക്കുന്ന മത തീവ്രവാദത്തിന് നാന്ദി കുറിച്ചതിനും (പ്രൊട്ടസ്റ്റൻ്റ്) കോളനിചരിത്ര രചനയ്ക്കുള്ള പങ്ക് നിസ്സാരമല്ല.

“സെമിറ്റിക് മതങ്ങൾ വിശ്വസിച്ച പോലെ, മനുഷ്യന് വേണ്ടിയാണ് മറ്റ് ജീവികളെയെല്ലാം സൃഷ്ടിച്ചതെന്ന വാദം” ഡാർവ്വിൻ്റെ പരിണാമ സിദ്ധാന്തം വന്നപ്പോൾ അപ്രസക്തമായി. മനുഷ്യൻ മറ്റ് സ്പീഷിസുകളിൽ ഒന്നു മാത്രമാണെന്ന സത്യം പരിണാമസിദ്ധാന്തം പുറത്തുകൊണ്ടുവന്നു” എന്ന് ആനന്ദ് കാണുന്നു.

“നിലനില്പിന് വേണ്ടിയുള്ള സമരത്തിൽ കൂടുതൽ പരിഷ്കൃതരായ കോക്കേഷ്യൻ വംശക്കാർ തുർക്കികളെ അപ്പാടെ തോൽപ്പിക്കും. ആസന്ന ഭാവിയിലേക്ക് നോക്കുമ്പോൾ ഉന്നത പരിഷ്കൃത വംശങ്ങളാൽ ലോകത്ത് അത്രയധികം എണ്ണമറ്റ താഴ്ന്ന വംശങ്ങൾ ഉന്മൂലനം ചെയ്യപ്പെടും.” എന്ന് 1881 ൽ തൻ്റെ ഒരു സഹപ്രവർത്തകന് ഡാർവ്വിൻ കത്തെഴുതി. തൻ്റെ The Descent of Man (1871) എന്ന കൃതിയിലും ഇതേ ആശയം ഡാർവ്വിൻ്റേതായി കാണാം. (“At some future period, not very distant as measured by centuries, the civilized races of man will almost certainly exterminate and replace throughout the world the savage races.”). ഒരുവശത്ത് പരിണാമ സിദ്ധാന്തത്തിലൂടെ മനുഷ്യരെല്ലാം ഒരു ജാതിയാണെന്ന് ഡാർവ്വിൻ ബോധ്യപ്പെടുത്തിയെങ്കിലും, മറുവശത്ത് ഈ ജീവശാസ്ത്ര സിദ്ധാന്തത്തെ മനുഷ്യസമൂഹത്തിലേക്കും കൂടി പരാവർത്തനം ചെയ്തു ഡാർവ്വിന് എന്നും, അതിനാൽ ഡാർവ്വിൻ തിയറിയിൽ വർണ്ണ മഹത്വവാദം (Racism) മാത്രമല്ല, വംശോന്മൂലന വാദവും ഉള്ളടങ്ങിയതായി ഡാർവ്വിൻ പഠിതാക്കൾ കണ്ടെത്തുന്നു.

ചാൾസ് ഡാർവിൻ

ഡാർവ്വിനിസത്തെ പ്രത്യേകമായി പഠിക്കുന്നതിൽ പ്രസിദ്ധരായ ഏഡ്രിയൻ ഡെസ്മണ്ട് (Adrian Desmond), ജെയിംസ് മൂർ (James Moore) എന്നിവരുടെ കണ്ടെത്തലുകളെ ആസ്പദമാക്കി റിച്ചാഡ് വൈകാട്ട് (Richard Weikart) പറയുന്നു, ഡാർവ്വിൻ തിയറിയെ അപകീർത്തിപ്പെടുത്താൻ അതിനെ വളച്ചൊടിച്ചുണ്ടാക്കിയതാണ് സോഷ്യൽ ഡാർവ്വിനിസം (വർണ്ണമഹത്വവാദം) എന്ന് കരുതുന്നുവെങ്കിലും, മത്സരം, സ്വതന്ത്ര വ്യാപാരം, സാമ്രാജ്യത്വം, വംശോന്മൂലനം, ലിംഗപരമായ അസമത്വം എന്നിവ ഡാർവ്വിനിസത്തിൽ ഉണ്ട്. യൂറോപ്യൻ കോളനിവൽക്കരണത്തിനായി നാട്ടുസമൂഹങ്ങളെ മുച്ചൂടും ഇല്ലാതാക്കിയതിനെ, വംശനാശം എന്ന പരിണാമത്തിൻ്റെ പരിണതിയായി – വംശങ്ങളും ജാതികളും നശിക്കുന്നത് പ്രാക്ചരിത്രത്തിൻ്റെ നിയമമായി – ഡാർവ്വിൻ ജീവശാസ്ത്രവൽക്കരിച്ചു. അങ്ങനെ കോളനി സാമ്രാജ്യത്വ വ്യാപനത്തിൻ്റെ ക്രൂരഹിംസകൾ മനുഷ്യവർഗ്ഗ പുരോഗമനത്തിൻ്റെ ചാലകശക്തിയായി, അധുനികശാസ്ത്രവും യുക്തിയുമായി വെള്ളപൂശപ്പെട്ടു. തദ്ദേശീയ ജനതയെ തുടച്ചു നീക്കിയ അധിനിവേശം ‘നാച്വറൽ സെലക്ഷ’ൻ്റെ പ്രത്യക്ഷ തെളിവായി മാറി. അതിനാൽ, പ്രകൃതിനിർദ്ധാരണത്തിൻ്റെ ഏജൻസിയായ യൂറോപ്യൻ നരഹത്യകളെപ്പറ്റി ഡാർവ്വിൻ ചാൾസ് കിംഗ്സ്ലിക്കെഴുതി, “മാനവരിൽ ഉയർന്ന ജാതികൾ, മതിയാകുന്നത്ര ഉയരത്തിലെത്തുമ്പോൾ, പൂർണമായി ചില ജാതികളെ വ്യാപിപ്പിച്ചും നശിപ്പിച്ചും കളയും എന്ന് നിങ്ങൾ പറയുന്നത് വളരെ സത്യമാണ്.”

പരിണാമ സിദ്ധാന്തം പഠിക്കാതെ തന്നെ മനുഷ്യകുലത്തിൻ്റെ ഏകത്വം ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഡാർവ്വിന് മുമ്പ് ജീവിച്ചിരുന്ന ബ്രിട്ടീഷ് മിഷണറിയായിരുന്ന ഡേവിഡ് ലിവിംഗ്സ്റ്റൺ ഡാർവ്വിനെ പോലെ ആഫ്രിക്കക്കാർ പരിണാമപരമായി താഴ്ന്ന തട്ടിലാണെന്നു വിചാരിക്കുകയോ വർണ്ണമഹത്വവാദത്തെ അനുകൂലിക്കുകയോ ചെയ്തില്ല. അതിനും മുമ്പ് 16-ാം നൂറ്റാണ്ടിൽ, സ്പെയിൻകാരനായ മിഷണറി ബർത്തലോമ ഡ ലാ കാസസ് (Bartolomé de las Casas), റെഡ് ഇന്ത്യക്കാർ യൂറോപ്യന്മാരെ പോലെ പൂർണ്ണമനുഷ്യരാണെന്നും, അവർക്ക് തുല്യ മനുഷ്യാവകാശങ്ങൾ ഉണ്ടെന്നും, സ്പാനിഷ് അധിനിവേശ നരഹത്യകളെ ചെറുത്തുകൊണ്ട് അവർക്കിടയിൽ നിലകൊണ്ടിരുന്നു. ഇതിനെക്കാളൊക്കെ നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ജാതിവ്യവസ്ഥയെ പാടേ നിരസിച്ചു, മാനവ സാഹോദര്യം ബുദ്ധൻ വിളംബരം ചെയ്തിരുന്നല്ലോ.

ബർത്തലോമ ഡ ലാ കാസസ്

കോളനി ഭരണകാലത്ത് നിഘണ്ടു നിർമ്മിക്കപ്പെട്ടുവെന്നും അതോടെ “ഭാഷയ്ക്ക് കൃത്യമായ അർത്ഥങ്ങളുണ്ടായി” എന്നും ആനന്ദ് പറയുന്നു. പരശുരാമൻ മഴുവെറിഞ്ഞു കേരളമുണ്ടായി എന്ന ഐതിഹ്യം ഓർത്തുപോയെങ്കിൽ ക്ഷമിക്കുക. യൂറോപ്യൻ കോളനിവാഴ്ചക്ക് മുമ്പ് ലോകം ശൂന്യമായിരുന്നു, യൂറോപ്യൻ ആധുനികതയോടെ അതേവരെ ലോകത്തില്ലാത്തതെല്ലാം അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ടുവെന്ന വായന ചരിത്രത്തോട് യാതൊരു നീതിയും പുലർത്തുന്നില്ല.

‘ഇരുണ്ട യുഗ’മെന്ന് യൂറോപ്യൻ ആധുനികതയുടെ വക്താക്കൾ തരംതാഴ്ത്തുന്ന മധ്യകാലഘട്ടത്തിലെ അറബിക് നിഘണ്ടു നിർമ്മാണ പാരമ്പര്യത്തെ -പ്രത്യേകിച്ചും അക്ഷരമാലാക്രമത്തിൽ പദങ്ങളെ വിന്യസിക്കൽ, പദമൂലം , പദോല്പത്തി എന്നിവയെ നേരിട്ടു തന്നെ സ്വീകരിച്ചതിൻ്റെ ഫലമായിട്ടാണ് യൂറോപ്പിൽ ‘പുത്തൻ’ നിഘണ്ടുക്കൾ ഉണ്ടായത്. നിഘണ്ടുവിൻ്റെ ഘടനയെ മാത്രമല്ല ഭാഷാസ്വരൂപം, ഉപയോഗം എന്നിവയെ പറ്റിയുള്ള ആധുനിക നിഘണ്ടു നിർമ്മാതാക്കളുടെ ചിന്തയെ നിർണ്ണയിച്ചതും അറബിക് നിഘണ്ടുക്കളാണ്. യൂറോപ്യൻ ആധുനികതയുടെ ഏറ്റവും വലിയതന്ത്രം ചരിത്രത്തിൻ്റെ നൈരന്തര്യത്തെ തമസ്ക്കരിച്ച്, പൂർവ്വബന്ധങ്ങളെയും കടപ്പാടുകളെയും കാണിക്കാതെ, ആധുനിക ലോകത്തിൻ്റെ പേറ്റൻ്റ് അതിന് മാത്രം അവകാശപ്പെട്ടതാണെന്ന സ്വകാര്യവൽക്കരണമാണ്.

“ഇന്ത്യയിൽ ശാസ്ത്രീയ മനോഭാവം വളർത്താൻ കോളനിവൽക്കരണം സഹായകമാ”യെന്ന് ആനന്ദ് പറയുന്നതും ഏഷ്യയെ പറ്റിയുള്ള മുഖ്യധാരാ ധാരണകളെ പ്രതിനിധാനം ചെയ്യുന്നു. യൂറോപ്പിൻ്റെ വ്യാവസായിക വിപ്ലവ ഫലങ്ങളിൽ ഏകപക്ഷീയമായി ലോകം നിമഗ്നമാക്കപ്പെട്ടതിനാൽ, 18-ാം നൂറ്റാണ്ടിൽ ചൈനയിലും ഇന്ത്യയിലുമുണ്ടായ ശാസ്ത്ര – സാങ്കേതികവിദ്യാ പുരോഗതി ശ്രദ്ധിക്കപ്പെട്ടില്ല. നെല്ല്, തേയില ഇവയിൽ മികച്ച ഇനങ്ങളെ നവീകരിച്ചെടുക്കുന്ന കാർഷികവിദ്യ, ചെയ്ൻ പമ്പുകളും ജലചക്രങ്ങളും പരിഷ്ക്കരിച്ച് ജലസേചനം സുഗമമാക്കിയ വൻകൃഷിയിടങ്ങൾ, തറികളിൽ വരുത്തിയ ആധുനികവൽക്കരണത്താൽ സിൽക്കിൻ്റെ ഉയർന്ന ഉല്പാദനം, പരുത്തി സംസ്ക്കരണത്തിലെ പുതിയ കണ്ടുപിടുത്തങ്ങൾ വഴി വസ്ത്ര നിർമ്മാണത്തിലുണ്ടായ കുതിച്ചുചാട്ടം, പരമ്പരാഗത ചൈനീസ് ചികിത്സയിൽ ഔഷധസസ്യ വർഗ്ഗീകരണം, വസൂരിക്കുള്ള പ്രതിരോധ ചികിത്സ, ജ്യോതി ശാസ്ത്രം, കലണ്ടർ നിർമ്മാണം, സെറാമിക്സ്, പ്രിൻ്റിംഗ് ടെക്നോളജി ഇവയിൽ ചൈന ഏറെ മുന്നിലായിരുന്നു അന്ന്.

ജ്യോതിശ്ശാസ്ത്രത്തിൽ ഇന്ത്യൻ – ഇസ്ലാമിക് – യൂറോപ്യൻ രീതികൾ സമന്വയിപ്പിച്ച ജയ്പൂർ മഹാരാജ ജയ്സിംഗ് (1688–1743) വാനനിരീക്ഷണത്തിലും ഗണിതത്തിലും ടൗൺ പ്ലാനിംഗിലും നൽകിയ സംഭാവനകൾ; ഉന്നത മേന്മയുള്ള ഉരുക്കു നിർമ്മാണത്തിൽ ലോകപ്രസിദ്ധി നേടിയതും, പിന്നീട് ‘ഡമാസ്ക്കസ് സ്റ്റീൽ’ നിർമ്മിക്കാൻ മാതൃകയായതുമായ സൗത്ത് ഇന്ത്യൻ ഇരുമ്പ് – ഉരുക്ക് ലോഹ വിജ്ഞാനം; സിങ്ക് സംസ്ക്കരണ വിദ്യയിലും കയറ്റുമതിയിലും ലോകകേന്ദ്രമായിരുന്ന രാജസ്ഥാനിലെ സവാർ ഖനികൾ (The Zawar mines in Udaipur district) എന്നിവ 18-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ ശാസ്ത്ര -സാങ്കേതിക മികവിൻ്റെ ചില ഉദാഹരണങ്ങളാണ്.

ഇന്ത്യക്കാർ ഭൗതിക പുരോഗതിയിൽ വിമുഖരും, എന്നാൽ മത – ആത്മീയ കാര്യങ്ങളിൽ മാത്രം മുഴുകുന്നവരും എന്നത് ഇന്ത്യയെ സാമ്പത്തികമായി കീഴ്പ്പെടുത്തി സാമ്രാജ്യത്വവാഴ്ച അനുസ്യൂതമാക്കാൻ കോളനിയുഗ പണ്ഡിതർ ചമച്ച കെട്ടുകഥയത്രേ. ഭൗതികലോകത്ത് നിങ്ങളാണ് സൂപ്പറെങ്കിൽ, സ്പിരിച്വാലിറ്റിയുടെ ലോകകുത്തക ഞങ്ങൾക്ക് മാത്രമാണെന്ന് അഭിമാനിച്ച്, സംസ്കൃതവുമായി സ്വാമിമാരെ കയറ്റുമതി ചെയ്യുന്നവരും, ആധുനിക ഭൗതികസാമഗ്രികൾ ഇറക്കുമതി ചെയ്ത് കോളനിവൽക്കരണത്തെ സ്വാഗതം ചെയ്യുന്നവരുമായ ഉപരി – മധ്യവർഗ്ഗ സമൂഹങ്ങളെ എന്നും ഒപ്പം നിർത്താൻ ഇരുതല മൂർച്ചയുള്ള ഈ ഇകഴ്ത്തൽ / പുകഴ്ത്തലുകൊണ്ട് ഇംഗ്ലണ്ടിന് സാധിച്ചു.

ആനന്ദ്: “നമ്മൾക്ക് ജനാധിപത്യത്തെപ്പറ്റി മനസ്സിലാക്കിത്തന്നതും പരിശീലനം തന്നതും ഇക്കാലത്താണ്.” ഈ വിഷയത്തിൽ 1954 ഒക്ടോബർ 3 ന് ആൾ ഇന്ത്യാ റേഡിയോ പ്രക്ഷേപണം ചെയ്ത പ്രഭാഷണത്തിൽ അംബേദ്ക്കർ പറഞ്ഞത് നോക്കുക: ” Positively, my social philosophy, may be said to be enshrined in three words: Liberty, Equality and Fraternity. Let no one, however, say that I have borrowed my philosophy from the French-Revolution. I have not. My philosophy has roots in religion and not in political science. I have derived them from the teachings of my Master, the Buddha. In his philosophy, liberty and equality had a place.” ഈ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് ക്രിസ്റ്റോഫ് ജഫ്റോൽട്ട് (Christophe Jaffrelot) എഴുതി, “ബുദ്ധൻ്റെ ഉത്ബോധനങ്ങൾ ജനായത്തപരമായതിനാൽ ജനായത്തം ഒരു പശ്ചാത്യ കണ്ടുപിടുത്തമല്ല – അംബേദ്കർ യൂറോപ്പുകാരും അമേരിക്കക്കാരുമായ അനേകം വിജ്ഞാനികളിൽ നിന്നും നേതാക്കളിൽ നിന്നും പ്രചോദനം നേടിയെന്ന് ധരിക്കുന്നുവെങ്കിലും – ഇന്ത്യാചരിത്രത്തിൻ്റെ ഉല്പന്നമാണ് ജനായത്തം.”

ക്രിസ്റ്റോഫ് ജഫ്റോൽട്ട്

1949 നവംബർ 25 ന് ഭരണഘടനയുടെ അന്തിമരേഖ അവതരിപ്പിച്ചുകൊണ്ട് നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ “പാർലമെൻ്ററി സമ്പ്രദായത്തിലേക്ക് വന്നതോടെ ഇന്ത്യ അതിൻ്റെ ബുദ്ധ പാരമ്പര്യത്തിലേക്ക് വീണ്ടും തിരിച്ചെത്തി”യെന്ന് അംബേദ്കർ പറയുന്നുണ്ട്. ഇന്ത്യക്ക് പാർലമെൻ്ററി നടപടികൾ അറിയില്ല എന്നത് നേരല്ല. പാർലമെൻ്ററി ക്രമങ്ങൾ – ഇരിപ്പിട വ്യവസ്ഥ, പ്രമേയങ്ങൾ, തീരുമാനങ്ങൾ, ക്വാറം, വിപ്, വോട്ടെടുപ്പ്, സെൻസർ മോഷൻ എന്നിങ്ങനെ ആധുനികമായ എല്ലാ പാർലമെൻ്ററി ചട്ടങ്ങളും – ബുദ്ധഭിക്ഷു സംഘങ്ങൾ പാലിച്ചിരുന്നുവെന്നും, ഇവയെല്ലാം അവർ കൈക്കൊണ്ടത് അവർക്ക് മുന്നേ നിലവിലിരുന്ന രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്നാണെന്നും ക്രിസ്റ്റോഫ് ജഫ്റോൽട്ട് പറയുന്നു.

ആനന്ദ് : “റെയിൽവേയാണ് സ്വാതന്ത്ര്യസമരത്തിന് സഹായകമായത്. ഗാന്ധിജി ഉൾപ്പെടെയുള്ളവരുടെ യാത്ര സുഗമമാക്കിയത് റെയിൽവേയാണ്. തപാൽ വകുപ്പാണ് സ്വാതന്ത്ര്യസമരത്തെ സഹായിച്ച മറ്റൊന്ന്.” റെയിൽവേയും തപാൽ വകുപ്പും ഇല്ലെങ്കിൽ സ്വാതന്ത്ര്യ സമരം സാധ്യമാകുമായിരുന്നില്ലെന്നാണോ? സ്വാതന്ത്ര്യ സമരത്തിനും 200 വർഷം മുമ്പ് ഹെയ്തിയിൽ കോളനിവാഴ്ചക്കും അടിമത്തത്തിനുമെതിരെ വിപ്ലവം നടന്നതും, ആദ്യത്തെ കറുത്ത റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടതും ഏത് യജമാന ശാസ്ത്ര-സാങ്കേതിക വികസന കാരുണ്യത്തിൻ്റെ കടാക്ഷത്താലാണ്? ഇപ്പോൾ കർഷകർ തലസ്ഥാനത്തേക്ക് ട്രാക്ടറിലെത്തി സമരം ചെയ്യുന്നത് മോദിയുടെ ഹൈവേ വികസനത്തിലൂടെയായതിനാൽ, ആ ആറുവരി അതിശീഘ്രപാതകളില്ലെങ്കിൽ കർഷകസമരം ഇന്ത്യയിൽ നടക്കില്ലെന്നാണോ? അതോ, യൂറോപ്യൻ ആധുനികതയ്ക്ക് മുമ്പ് ലോകത്തെങ്ങും നീതിബോധവും സമരോത്സുകതയും നിലനിന്നിരുന്നില്ലെന്നോ?

“ബ്രിട്ടീഷുകാർ കൊണ്ടുവന്ന പുരോഗമനാശയങ്ങൾ നിർഭാഗ്യവശാൽ മുസ്ലീങ്ങളെ ബാധിച്ചിരുന്നില്ല എന്നും കാണാ”മെന്ന് ആനന്ദ്. ഒരു വിഭാഗം മുസ്ലീങ്ങൾ പുരോഗമനാശയങ്ങളെ നിരസിക്കുന്നവരായി തീർന്നതിൽ ബ്രിട്ടീഷ് ഭരണത്തിൻ്റെ പങ്കുകൂടി അന്വേഷിക്കേണ്ടതുണ്ട്. പ്രാദേശിക സാഹചര്യങ്ങൾക്കും രീതികൾക്കും വഴക്കങ്ങൾക്കും അനുസരണമായി വ്യക്തിനിയമങ്ങളിൽ വൈവിധ്യം പുലർത്തിയിരുന്ന ഇന്ത്യൻ മുസ്ലീം സമൂഹത്തെ, എല്ലാ വിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കും ബാധകമായ ഏകതാനവും നീക്കുപോക്കില്ലാത്തതും കൂടുതൽ യാഥാസ്ഥിതികവുമായ നിയമവ്യവസ്ഥയിലേക്ക് ദൃഢപ്പെടുത്തിയതിൽ കോളനിഭരണത്തിൻ്റെ പങ്ക് നിർണ്ണായകമാണ്. ഭരണ സുസ്ഥിതിയുടെ ആവശ്യാർത്ഥം പുരോഗമനവും യാഥാസ്ഥിതികത്വവും തരാതരം മിശ്രണം ചെയ്ത പ്രജകളെ നിർമ്മിച്ചെടുക്കുന്നതിൽ സാമ്രാജ്യത്വത്തിൻ്റെ മിടുക്ക് ചെറുതൊന്നുമല്ല.

“ബ്രിട്ടീഷിന്ത്യയിൽ ഓരോ പത്ത് കൊല്ലം കൂടുമ്പോഴും വരൾച്ചയോ വെള്ളപ്പൊക്കുമോ കാരണം ഭക്ഷ്യക്ഷാമം ഉണ്ടാവുമായിരുന്നു.” റെയിൽവേ വന്നപ്പോൾ ധാന്യങ്ങൾ എത്തിക്കൽ സുഗമമായി എന്നും ആനന്ദ് പറയുന്നു. ബ്രിട്ടീഷിന്ത്യയിലെ ഭക്ഷ്യക്ഷാമങ്ങളുടെ ഒന്നാമത്തെ കാരണം ഭരണനയങ്ങൾ തന്നെയായിരുന്നു. പ്രകൃതി പ്രാതികൂല്യങ്ങൾ പെട്ടെന്നുള്ള കാരണങ്ങൾ മാത്രമാണ്. കൂടെക്കൂടെ വരുന്ന കാലാവസ്ഥാഭേദങ്ങളെ അനുയോജ്യ ജലസേചന രീതികളും വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളും, വിളപരിക്രമണം, മിശ്രവിളകൾ തുടങ്ങിയ കാർഷിക തന്ത്രങ്ങളും മണ്ണുസംരക്ഷണ ശൈലികളും സമൂഹ്യ ധാന്യനിക്ഷേപവും കൂട്ടായ്മയും നികുതിയിളവും തുടങ്ങി പലവിധ മാർഗ്ഗങ്ങളിലൂടെ കഴിയാവുന്നത്ര ആളുകൾ നേരിട്ടിരുന്നു. എന്നാൽ കമ്പനി ഭരണം ഈ സംവിധാനങ്ങളുടെ അടിത്തറ തന്നെ തകർത്തു. ഒപ്പം ഭൂബന്ധങ്ങളിലും നികുതി സമ്പ്രദായത്തിലും കാർഷിക വിളകളിലും അടിമുടി അഴിച്ചുപണി നടത്തി.

കമ്പനിഭരണം തുടങ്ങിയ ആദ്യ വർഷങ്ങളിൽ, 1770 – 1771ൽ ബംഗാളിൽ ഉണ്ടായ മഹാക്ഷാമത്തിൽ ജനസംഖ്യയിൽ മൂന്നിലൊന്നും മരിക്കാൻ കാരണം കമ്പനിയുടെ ഭൂർഭരണമല്ലാതെ മറ്റൊന്നുമായിരുന്നില്ല. കൃഷിക്കാരിൽ നിന്നും നിർബ്ബന്ധപൂർവ്വം ധാന്യം പിടിച്ചെടുത്ത് തെക്കേയിന്ത്യയിൽ കമ്പനിപ്പട്ടാളത്തിന് വിട്ടതും, ധാന്യവിപണിയിൽ കമ്പനി ഉദ്യോഗസ്ഥ- വ്യാപാരികളുടെ കുത്തകയും അഴിമതിയും വഴി വിലക്കയറ്റം വന്നതും, കടുത്ത കാർഷിക നികുതിയും, ദുരിതാശ്വാസത്തിൻ്റെ അഭാവവും ചേർന്നാണ് കൂട്ടമരണങ്ങൾ വരുത്തിവെച്ചത്. എന്നാൽ ജനരോഷം ഭയന്ന് എല്ലാക്ഷാമങ്ങൾക്കും മരണങ്ങൾക്കുമുള്ള ഒന്നാമത്തെ ഉത്തരവാദിത്വം പ്രകൃതിയുടെ തലയിൽ കെട്ടിവെച്ച് കോളനി ഭരണം രക്ഷപ്പെട്ടുപോന്നു. ഇന്നും ഭരണനേതൃത്വം ഇവിടെ പ്രകൃതിയെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നുണ്ടല്ലോ.

സൗത്ത് മുംബൈയിലെ മുംബൈ പോർട്ട് ട്രസ്റ്റ് റെയിൽവേയുടെ ബല്ലാർഡ് പിയർ മോൾ റെയിൽവേ സ്റ്റേഷൻ. കടപ്പാട്:wikipedia

റെയിൽവേ വന്നപ്പോൾ എവിടെ നിന്നും ധാന്യം സംഭരിക്കാനും, അവ ഉടനുടൻ പോർട്ടുകളിലെത്തിച്ച് ഇൻ്റർനാഷണൽ മാർക്കറ്റിലെത്തിക്കാനും സൗകര്യം വർദ്ധിച്ച കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ ക്ഷാമങ്ങളും മരണങ്ങളും കുറേക്കൂടി രൂക്ഷമാകുകയാണുണ്ടായത്. അതിനാൽ സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം മാത്രമേ ഭക്ഷ്യസുരക്ഷക്ക് കൂട്ടായി റെയിൽവേ മാറിയുള്ളൂ. കോളനി ഭരണനിർമ്മിത / യൂറോ കേന്ദ്രിത ചരിത്രബോധം, ജാതിവ്യവസ്ഥാ ബന്ധനങ്ങളിൽ ആധുനിക വിപണി തീർത്ത ചെറിയ വിള്ളലിലൂടെ വന്ന ഉല്പാദന – ഉപഭോഗ സ്വാതന്ത്ര്യം, മിഷണറിമാരുടെ നിസ്തുല സാമൂഹ്യസേവനങ്ങൾ ഇവ സമ്മിശ്രമായി നമ്മെ സ്വാധീനിക്കുന്നതിനാൽ ആഫ്രോ- ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേതുപോലെ സ്വതന്ത്രവും സമഗ്രവുമായ കോളനി ആധുനികതാ വിമർശനം ഏറ്റെടുക്കാൻ നമ്മുടെ എഴുത്തുകാർക്ക്, പ്രത്യേകിച്ചും മലയാള സാഹിത്യത്തിന് പൊതുവേ കഴിഞ്ഞിട്ടില്ല എന്നതാണ് നേര്. ആധുനികതയാൽ ജന്മം നൽകപ്പെട്ട ഞങ്ങൾ ഒരു വാക്ക് കൊണ്ടുപോലും അതിനെ നോവിക്കില്ല എന്ന ദൃഢപ്രതിജ്ഞയിലാണ് ഇവിടുത്തെ സാഹിത്യ ഉല്പാദക – ഉപഭോക്തൃ മധ്യവർഗ്ഗം.

യൂറോപ്യൻ കോളനിവാഴ്ചയുടെയും അതിൻ്റെ പരൽപേരായ ആധുനികതയുടെയും സൂക്ഷ്മതല പരിശോധന എഴുത്ത് – വായനാവർഗ്ഗത്തിൻ്റെ വിഷയ പരിധിയിൽ ഗൗരവമായി വരാത്തതിനാൽ ഇന്ത്യൻ ജനഹൃദയങ്ങളുടെ അബോധതലത്തിൽ ആധുനികതയാൽ വന്നുചേർന്ന വൈവിധ്യനാശ സ്വത്വസംഘർഷങ്ങളെ അവസരം നോക്കി മുതലെടുക്കുന്നത് ഹിന്ദുത്വ മതരാഷ്ട്ര വാദികൾ ആണ്. അധുനികതാ വിമർശനത്തിൻ്റെ പാരഡി/കോമഡി നിർമ്മാണത്തിൻ്റെ ക്വട്ടേഷൻ അവർ ഏറ്റെടുത്തിരിക്കുന്നു. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ, ഗോമൂത്രമാഹാത്മ്യ സ്തുതി, വേദിക് ജ്യോതിഷവും വിമാനവിദ്യയും, ഗണപതിയുടെ പ്ലാസ്റ്റിക് സർജറി എന്നിങ്ങനെ ഭൂതകാല ടൂറിസം സംഘടിപ്പിച്ചുകൊണ്ട് ആധുനികതാ പ്രതിസന്ധികളെ തീവ്രവലതുവാദം രൂക്ഷമാക്കുകയാണ്.

പാരമ്പര്യവും ആധുനികതയും നമുക്ക് നിശ്ചിത അകലത്തിൽ നിന്നും ആസ്വദിക്കേണ്ട ടൂറിസ്റ്റ് ലൊക്കേഷൻ അല്ല. അവ രണ്ടും ഒരേപോലെ ജീവിതം കൊണ്ട് മാറേണ്ടതും മാറ്റേണ്ടതുമാണ്. അതിനാൽ സർഗ്ഗവൈഭവവും ചിന്താശേഷിയും ആത്മാർത്ഥതയുമുളള എഴുത്ത് – വായനാ സമൂഹം പാരമ്പര്യത്തിൻ്റെയെന്ന പോലെ അധുനികതയുടെ സൂക്ഷ്മമായ അകംപുറം പരിശോധനക്കും സന്നദ്ധമാകണം. യൂറോപ്യൻ ആധുനികതയുടെ ഒറ്റക്കണ്ണിലൂടെ മാത്രം ലോകത്തെ നോക്കാതെ, വ്യത്യസ്തമായ അനേകം ആധുനികതകൾ വിടരേണ്ടിയിരുന്ന /വിടരുന്ന ഒരു ലോകം കാണാൻ മലയാളി തയ്യാറാകുമോ?

Also Read

18 minutes read January 17, 2025 12:51 pm