‘ഒന്നല്ലി നാമയി സഹോദരരല്ലി?’ മലയാളിയുടെ ജനിതക വഴികള്‍

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

Écrits – 2 (ബുക്ക് റിവ്യൂ കോളം)

“Men make their own history, but they do not make it as they please; they do not make it under self-selected circumstances, but under circumstances existing already, given and transmitted from the past. The tradition of all dead generations weighs like a nightmare on the brains of the living.”
(Karl marx /The Eighteenth Brumaire of Louis Bonaparte )

Early ​​Indians എന്ന പുസ്തകത്തിന്റെ ആരംഭത്തില്‍ ടോണി ജോസഫ് ആസ്ട്രോണമറായ ആന്‍ഡ്രൂ ഫ്രാങ്ക്നോയ്യെ ഉദ്ധരിച്ചുകൊണ്ടൊരു കാര്യം പറയുന്നുണ്ട്. നാം നിശ്ചലമാണെന്ന് തോന്നുമെങ്കിലും നാം ചലിക്കുന്നുണ്ട്. പരിണാമത്തിന് വിധേയമായികൊണ്ടിരിക്കുന്നുണ്ട്. കാരണം ഭൂഗോളം സൂര്യനെ പരിക്രമണം ചെയ്യുകയും സൂര്യന്‍ ക്ഷീരപഥത്തിലൂടെ മണിക്കൂറില്‍ മില്യണ്‍ കിലോമീറ്റര്‍ വച്ച് സദാ സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യനും ചലിച്ചുകൊണ്ടേയിരിക്കുന്നു എന്ന് സാരം. ഈ പരിണാമത്തിന് വിശദമായ ചരിത്രമുണ്ട്. പല സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയാണ് ഇന്ന് നാം കാണുന്ന സമൂഹം രൂപപ്പെട്ടത്. ഈ രൂപപ്പെടലിനെ വിവിധ രീതിശാസ്ത്രമുപയോഗിച്ച് ജ്ഞാനമേഖലകള്‍ വിശകലനം ചെയ്യുന്നുണ്ട്. വിശകലനാനന്തരം രൂപപ്പെടുന്ന നിരീക്ഷണങ്ങള്‍ മനുഷ്യവംശത്തെ സംബന്ധിക്കുന്ന പുതിയ അറിവുകളാണ് ലോകത്തിന് സമ്മാനിക്കുന്നത്. ടോണി ജോസഫിന്റെ ‘Early indians ‘ ജനിതക ചരിത്രമെഴുത്തിന്റെ രീതിശാസ്ത്രത്തിലൂടെ ഇന്ത്യയുടെ ഭൂതകാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. ആദ്യത്തെ ഇന്ത്യകാര്‍ ആരാണ്, നമ്മുടെ പൂര്‍വ്വികരുടെ ദേശമേതാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആ ഗ്രന്ഥം.

കെ സേതുരാമന്‍

കെ സേതുരാമന്‍ രചിച്ച ‘മലയാളി ഒരു ജനിതക വായന: കേരളീയരുടെ ജനിതക ചരിത്രം’ മലയാളി നടന്ന വഴികളിലൂടെയുള്ള പുനഃസന്ദര്‍ശനമാണ്. നിലവിലുള്ള ചരിത്രധാരണകളോട് വിയോജിച്ചും പുനരാഖ്യാനം നടത്തിയും ജനിതക ചരിത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് മലയാളിയെ സവിശേഷമായി പഠിക്കുകയാണ് ഈ ഗ്രന്ഥം.’മലയാളി ‘ എന്ന ഭാഷസൂചകനാമത്തിന്റെ ചുറ്റും നാം കെട്ടിയുണ്ടാക്കിയ അലങ്കാരങ്ങള്‍ നമുക്ക് അഴിച്ചുകളയേണ്ടി വരുന്നു. തായ് വഴികളും തന്തവഴികളും നമുക്ക് മറക്കേണ്ടി വരുന്നു. മലയാളിയുടെ സ്വത്വത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന രേഖകളില്‍ വിള്ളലുണ്ടാകുന്നു. കലര്‍പ്പിന്റെ ഭൂതകാലത്തെയാണ് കെ സേതുരാമന്‍ ശാസ്ത്രീയമായ രീതിശാസ്ത്രമനുസരിച്ച് വിവരിക്കുന്നത്. മനുഷ്യന്‍, സമൂഹം, മതം, ആധുനികം എന്നിങ്ങനെ നാലു ഭാഗങ്ങളായി വിഭജിച്ചാണ് മലയാളിയുടെ ജനിതക വഴികളെ ചര്‍ച്ച ചെയ്യുന്നത്. ഒരോ ഭാഗത്തിലുമായി വിവിധ അധ്യായങ്ങളില്‍, ഉപാധ്യായങ്ങളില്‍ മലയാളിയുടെ ജനിതക ചരിത്രത്തെ സൂക്ഷ്മവിശകലനം ചെയ്യുന്നു. കെ സേതുരാമന്റെ രണ്ടാമത്തെ പുസ്തകമാണിത്. ആദ്യ ഗ്രന്ഥമായ ‘മലയാളത്തിന്റെ ഭാവി’ മലയാളഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ഭാവിയും ചര്‍ച്ച ചെയ്ത ഗ്രന്ഥമായിരുന്നു.

കെ സേതുരാമന്‍ ജനിതക ചരിത്രമെഴുത്തിന്റെ രീതിശാസ്ത്രത്തോടൊപ്പം അംബേദ്ക്കറിന്റെ ചരിത്രദര്‍ശനത്തെയും വാദങ്ങള്‍ അവതരിപ്പിക്കാനായി കൂട്ടുപിടിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ക്രിസ് സ്ട്രിഗര്‍ (Chris stringer) , ഡേവിഡ് റെയിച്ച് (David reich), പോള്‍ മെല്ലാര്‍സ് (Paul mellars), വിന്‍സെന്റ് മക്കല്ലെ (Vincent macauly ) തോമസ് സെബാസ്റ്റ്യന്‍, കൊസാംബി, പാര്‍ത്ഥ മംജുദാര്‍ തുടങ്ങിയ ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞരുടെയും ചിന്തകളെ കെ സേതുരാമന്‍ ഈ പുസ്തകരചനയ്ക്കായി ആശ്രയിക്കുന്നുണ്ട്. രീതിശാസ്ത്രപരമായ കൃത്യതയോടെ ഘട്ടം ഘട്ടമായാണ് ആശയങ്ങളെ ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്. സമൂഹവും മതവും ജാതിയും ശരീരവും നിറവും ജനിതക ഘടനയും ആചാരവും ഭാഷയും പഠനവിധേയമാകുന്നു. ഈ മേഖലകളിലെല്ലാം സംഭവിച്ച പരിണാമകളുടെ ആകെത്തുകയായി ‘മലയാളി’ സ്വത്വത്തെ പരിഗണിക്കാം.

‘മലയാളി ‘ബോധത്തിന്റെ ജാതകം

നിലനില്‍ക്കുന്ന ചരിത്രത്തിന്റെ പുനാരാഖ്യാനത്തിലൂടെയാണ് ചരിത്രം നവീകരിക്കപ്പെടുന്നത്. ലഭ്യമായ തെളിവുകള്‍ വര്‍ദ്ധിക്കുമ്പോള്‍ നിലനില്‍ക്കുന്ന പല ധാരണകളിലും മാറ്റം സംഭവിക്കും. പുതിയ അറിവുകള്‍ രൂപീകൃതമാവും. ലോകത്തെ സംബന്ധിച്ച അറിവുളിലെല്ലാം അപനിര്‍മ്മാണം സംഭവിക്കും. ചരിത്രജ്ഞാനം നിത്യാന്വേഷണം ആവശ്യമുള്ള മേഖലയാണ്. നിരന്തരം നടക്കുന്ന ഉത്ഖനനങ്ങളിലൂടെ മാത്രമെ ഭൂതകാലത്തിന്റെ നേര്‍മ്മയില്‍ ചെല്ലാന്‍ കഴിയൂ. ഈ അന്വേഷണത്തിന് പല മാര്‍ഗ്ഗങ്ങളുണ്ട്. ചരിത്രം ഒരു ശുദ്ധജ്ഞാനമേഖലയായി നിലനില്‍ക്കുന്നില്ല. വിവിധ വിജ്ഞാനമേഖലകളുമായി അത് എപ്പോഴും ബന്ധം പുലര്‍ത്തുന്നു. പുരാവസ്തുവിജ്ഞാനീയവും സാമൂഹ്യശാസ്ത്രവും ശാസ്ത്രവും സാഹിത്യവും ചരിത്രപഠനത്തിന്റെ പ്രധാന ആശ്രയകേന്ദ്രങ്ങളാണ്. ഇത്തരത്തില്‍ ചരിത്രപഠനത്തിന്റെ രീതിശാസ്ത്രങ്ങളിലൊന്നായി ജനിതക ചരിത്രമെഴുത്തിനെ ഇന്ന് പരിഗണിച്ചുപോരുന്നുണ്ട്. ജനിതക പഠനം എന്ന വിപുലമായ ജ്ഞാനമേഖലയില്‍ നിന്നുള്ള അറിവുകളെ പിന്‍പറ്റി ഭൂതകാലത്തെ സമീപിക്കാനുള്ള വലിയ ശ്രമങ്ങള്‍ ഇന്ന് ചരിത്രപഠനമേഖലയില്‍ നടക്കുന്നുണ്ട്. അത്തരമൊരു ഉദ്യമമാണ് കെ സേതുരാമന്റെ ഈ ഗ്രന്ഥം.

നിലനില്‍ക്കുന്ന ചരിത്രാഖ്യാനങ്ങളെയാണ് ആദ്യം ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. ആധുനിക ജനിതക പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ചരിത്രപഠനങ്ങള്‍ അശാസ്ത്രീയമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. “കേരള ചരിത്രകാരന്മാരുടെ ആഖ്യാനത്തിന് വിപരീതമായി വംശീയഘടകങ്ങൾ ജാതിയോ ഗോത്രമോ അനുസരിച്ചല്ല എന്ന് ആധുനിക ജനിതക പഠനങ്ങൾ വ്യക്തമാക്കുന്നു. ആര്യവംശജർ എന്നു കരുതപ്പെടുന്ന നമ്പൂതിരിമാരിലും ദ്രാവിഡ ഘടകമാണ് പ്രകടമാകുന്നത്. ആര്യാംശവും നമ്പൂതിരിമാരിലുണ്ട്. നിഗ്രിറ്റോ വംശജരായി ചൂണ്ടിക്കാണിക്കപ്പെടുന്ന മുതുവരിൽ കാഴ്ചയിലും വെളുത്ത നിറമുള്ളവർ ധാരാളമുണ്ട്. മനുഷ്യ ശരീരഘടനയെ തീരുമാനിക്കുന്നത് സാമ്പത്തിക ഘടകവും ലൈംഗിക തെരഞ്ഞെടുപ്പുമാണ്.” (പേജ് 15). കേരളസമൂഹം, കേരള കുടിയേറ്റം, കേരളീയ ദേശീയത, കേരള ആധുനികത എന്നിവയില്‍ നിലനില്‍ക്കുന്ന ധാരണാ പിശകുകളെ അവതരിപ്പിച്ച് ആധുനിക ജനിതക പഠനത്തിന്റെ അടിസ്ഥാനത്തില്‍ അവയെ പുനരാഖ്യാനം ചെയ്യുകയാണ് ഗ്രന്ഥകാരന്‍.

പല സമൂഹങ്ങളുടെ കുടിയേറ്റത്തിലൂടെ രൂപപ്പെട്ട ജനതയാണ് മലയാളി എന്നതാണ് നിലവിലുള്ള ചരിത്രപഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രധാനമായും എം.ജി.എസ് നാരായണന്റെ ‘പെരുമാള്‍സ് ഓഫ് കേരള’ പോലുള്ള പഠനങ്ങള്‍ ഈ ആശയത്തോട് യോജിക്കുന്നവയാണ്. എന്നാല്‍ ഈ ചരിത്രപഠനങ്ങള്‍ ഭൂതകാലത്തെ പലപ്പോഴും ഒരു മിത്തായിട്ടാണ് പരിഗണിക്കുന്നത്. എന്നാല്‍ ജനിതക പഠനങ്ങളുടെയും നരവംശശാസ്ത്രപഠനങ്ങളുടെയും ഭാഷാശാസ്ത്രപഠനങ്ങളുടെയും ഫലം നിലവിലുള്ള ചരിത്രബോധ്യങ്ങളെ പാടെ നിഷേധിക്കുന്നതാണ്. കേരളത്തിലെ വിവിധ സമൂഹങ്ങള്‍ നമ്മില്‍ നിലനില്‍ക്കുന്ന ജനിതക ബന്ധവും അതിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ മലയാളിയുമാണ് പുതിയ പഠനങ്ങളുടെ കണ്ടെത്തലുകള്‍.

“വംശീയ കുടിയേറ്റ വിവരണത്തിന് വിരുദ്ധമായി ചെറു പ്രാചീന നായാട്ടുസമൂഹം കാർഷിക വൃത്തിയിലേർപ്പെടുകയും രാഷ്ട്രപരമായി ആദി ചേരന്മാരുടെ കാലഘട്ടത്തിൽ പുരോഗതി നേടുകയും ക്രമേണ മത ദർശനങ്ങളുടെ സ്വാധീനത്താൽ ജാതിസമൂഹങ്ങളായി വിഘടിക്കപ്പെടുകയും ചെയ്തു.” (പേജ് 25 ) എന്ന നിഗമനത്തിലേക്ക് ചരിത്രത്തിന്റെ പുനരാഖ്യാനം ചെന്നെത്തുന്നു.

മനുഷ്യോല്‍പത്തിയെ സംബന്ധിച്ച ഡാര്‍വിന്റെ സിദ്ധാന്തം ധിഷണാചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമായിരുന്നു. ‘ദി ഒറിജിന്‍ ഓഫ് സ്പീഷിസ്’ എന്ന ഗ്രന്ഥം അതുവരെ നിലനിന്നിരുന്ന മതാത്മകമായ ഉല്‍പ്പത്തിചരിത്രത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ഡാര്‍വിനു ശേഷം വികസിച്ച ജനിതകപഠനം എന്ന വിപുലമായ ശാഖ മനുഷ്യപരിണാമത്തിന്റെ ജനിതകഹേതു മ്യൂട്ടേഷനാണെന്ന് മനസ്സിലാക്കി. മോളിക്യുലാര്‍ ക്ലോക്ക് എന്ന ജനിതകഘടികാരത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യജീവി ചിമ്പാന്‍സിയില്‍ നിന്ന് ആറുദശലക്ഷം മുന്‍പ് പരിണമിച്ചതാണെന്ന് വ്യക്തമാകുന്നതായി ക്രിസ് സ്ട്രെയിജറെ ഉദ്ധരിച്ച് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.
Y ക്രോമസോം മാപ്പിങ്ങിലൂടെ മനുഷ്യരുടെ ആദ്യമുന്‍ഗാമി 14,2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്നതായി ജനിതകശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ആഫ്രിക്കയില്‍ നിന്ന് ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതാണ് മനുഷ്യജനത. ജനിതകമാറ്റങ്ങളുടെ പരിശോധനയിലൂടെ ഈ വ്യാപനത്തെ ഇന്ന് വിശകലനം ചെയ്യുന്നുണ്ട്. പിതൃവഴിയും മാതൃവഴിയും അടയാളപ്പെടുത്തിയുള്ള പഠനങ്ങള്‍ ഏറെയാണ്. ശാരീരിക അളവുകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും തന്മാത്ര ജനിതക പഠനങ്ങളും ഈ മേഖലയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി.

പ്രധാനമായും രണ്ടു സിദ്ധാന്തങ്ങളെ ​ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു. റിസ്ലെയുടെ വംശാധിക്യസിദ്ധാന്തവും (വംശസംഘടനത്തിലൂടെ രൂപപ്പെടുന്ന സമൂഹം, ആര്യന്മാരുടെ പടയോട്ടത്തിലൂടെ കൈവന്ന അധികാരം, ആര്യന്മാരുടെ വര്‍ഗ്ഗസവിശേഷതകള്‍, ജാതിവ്യവസ്ഥയുടെ ദൃഢികരണം, സ്വവംശവിവാഹത്തിന്റെ സ്ഥാപനം തുടങ്ങിയ ആശയങ്ങള്‍ അവതരിപ്പിച്ചു. മൂക്കിന്റെ അളവനുസരിച്ച് പഠനം വികസിപ്പിച്ചു.) നെസ്ഫില്‍ഡിന്റെ സമൂഹ പരിണാമസിദ്ധാന്തവും (വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ക്ക് വ്യത്യസ്തമുദ്രകളില്ല, ഭൂമിശാസ്ത്രപരമായ സമീപസ്ഥിതിയുടെ പ്രസക്തി, ഉപജാതികള്‍ തമ്മിലുള്ള അകലകുറവ്, ജാതി പുരാതന പ്രതിഭാസമല്ല) ആണ് അവയില്‍ പ്രധാനം. വംശപരമായ ഏക സമൂഹത്തില്‍ നിന്ന് പിളര്‍ന്ന് ജാതികളായി മാറി എന്ന അംബേദ്ക്കറുടെ അഭിപ്രായം ഇവിടെ ഓര്‍ക്കാം. അംബേദ്ക്കര്‍ തന്നെ ഈ അഭിപ്രായം രൂപപ്പെടുത്താല്‍ സമയമെടുത്തു. ജാതി ഉന്മൂലനത്തിലെ അഭിപ്രായമല്ല ‘ആരാണ് ശൂദ്രന്മാര്‍’ എന്ന കൃതിയിലെത്തുമ്പോഴേക്കും അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

ജാതിയെയും ശരീരഘടനയെയും ആസ്പദമാക്കി ഇന്ത്യന്‍ നരവംശശാസ്ത്രജ്ഞര്‍ നിരവധി പഠനങ്ങള്‍ നടത്തിയതായി ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. പാര്‍ത്ഥ മംജുദാറിന്റെ പഠനങ്ങള്‍ ഈ മേഖലയിലാണ് വികസിച്ചത്. ഉയരം, തലയുടെ നീളം, നാസികയുടെ നീളം അകലം, മുഖത്തിന്റെ നീളം അകലം എന്നിവ ആസ്പദമാക്കി നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ജനവര്‍ഗ്ഗവിഭജനം അശാസ്ത്രീയമാണെന്നാണ്.

കേരള ജനതയുടെ ജനിതക പഠനങ്ങള്‍ പ്രകാരം ഒരു ചെറുസമൂഹം നായാടി രാജ്യമാകെ വ്യാപിക്കുകയും അവരുടെ പിന്മുറക്കാര്‍ തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ജാതിസമൂഹങ്ങളായി മാറുകയും ചെയ്തതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പഠനങ്ങളെ ഗ്രന്ഥകാരന്‍ സ്വീകരിക്കുന്നുണ്ട്. ആ പഠനങ്ങള്‍ പ്രകാരം കേരളത്തിലെ ബ്രാഹ്മണര്‍ വടക്ക് നിന്നും കുടിയേറി വന്നവരല്ല. വടക്കേയിന്ത്യന്‍ ആര്യന്മാരുമായി വിദൂരസാമ്യം മാത്രമാണ് കേരളത്തിലെ ബ്രാഹ്മണര്‍ക്കുള്ളത്. മൗലികമായി ഏവരും ദ്രാവിഡ വര്‍ഗ്ഗത്തിന്റെ സന്തതികളാണ്. ബ്രാഹ്മണരും ഗോത്രവര്‍ഗ്ഗകാരും ഇതരസമൂഹങ്ങളും കാലക്രമേണ മൂന്നായി പിരിഞ്ഞവരാണ്. വംശീയമായ കലര്‍പ്പ് നടന്നിട്ടുണ്ട് എന്നതിന് അടിസ്ഥാനമാണ് ഈ പഠനങ്ങള്‍. നിറത്തെയും ശരീരഘടനയെയും ഉയരത്തെയും ആസ്പദമാക്കി ജാതിയെ പഠിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. ജനസംഖ്യയും ഭൂമിയുടെ അവകാശവും, തുറമുഖ വാണിജ്യവും സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടുന്നു.

സമൂഹ ജീവിതത്തിന്റെ ആധാരം

നിലവിലുള്ള ചരിത്രാഖ്യാനമനുസരിച്ച്, നിഗ്രീറ്റോ വംശജരുടെയും പ്രോട്ടോ ആസ്ട്രലോയിഡ് വംശജരുടെയും കുടിയേറ്റത്തിലൂടെ രൂപപ്പെടുന്ന ആദിവാസി കുടിയേറ്റവും ശ്രീലങ്കന്‍ ദ്വീപില്‍ നിന്നുള്ള ഈഴവരുടെ കുടിയേറ്റവും വടക്കേ ഇന്ത്യയില്‍ നിന്ന് 32 ഗ്രാമങ്ങളിലായി കുടിയേറി ആധിപത്യമുറപ്പിച്ച ബ്രാഹ്മണരുടെ കുടിയേറ്റവും തുടര്‍ന്നുണ്ടായ യഹൂദ അറബി ക്രിസ്ത്യാനികളുടെ കുടിയേറ്റവും എന്ന കുടിയേറ്റ ചരിത്രത്തിന്റെ വാദഗതികള്‍ ദുര്‍ബലമാവുകയും ശാസ്ത്രീയമായ പിന്‍ബലത്തിന്റെ അഭാവമുണ്ടാവുകയും ചെയ്തപ്പോഴാണ് ചരിത്രത്തിന്റെ പുനരാഖ്യാനം തുടരന്വേഷണങ്ങളില്‍ നിന്ന് രൂപപ്പെട്ടത്. ആറായിരം വര്‍ഷം മുന്‍പ് ആഫ്രിക്കയില്‍ നിന്ന് പലായനം ചെയ്ത നായാട്ട് സമൂഹങ്ങള്‍ കടല്‍ മാര്‍ഗ്ഗം ദക്ഷിണേന്ത്യയിലെത്തി കാര്‍ഷികവൃത്തിയിലേര്‍പ്പെടുകയും കാട് വെട്ടിത്തെളിച്ച് കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. ചേരരാജ്യം മധ്യകേരളത്തിലെ പ്രബല രാജ്യമായത്തോടെ ആദിചേരന്മാരുടെ രാഷ്ട്രം കൊടുങ്ങലൂര്‍ കേന്ദ്രീകരിച്ച് ഉദയം കൊണ്ടു.

ബ്രാഹ്മണരുടെ അധിനിവേശവും ബലപ്രയോഗത്താല്‍ തദ്ദേശവാസികളെ കീഴടക്കലും നിലനില്‍ക്കുന്ന ചരിത്രാഖ്യാനത്തില്‍ സമൂഹരൂപീകരണത്തിനുള്ള പ്രധാന കാരണങ്ങളാണ്. എന്നാല്‍ ചരിത്രത്തിന്റെ പുനരാഖ്യാനമനുസരിച്ച് കുറിഞ്ഞിയിലും മരുതത്തിലും ജീവിച്ച മനുഷ്യര്‍ തൊഴിലടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ജാതി സമൂഹങ്ങളായി മാറി. സംഘസാഹിത്യകൃതികളെ ​ഗ്രന്ഥകാരന്‍ ഇവിടെ ആധാരമാക്കുന്നു. സമ്പത്തും തൊഴിലും സമൂഹ രൂപികരണത്തിലേക്ക് നയിച്ചു. ആദിചേരന്മാരുടെ അടയാളങ്ങളായാണ് ആചാര അനുഷ്ഠാനങ്ങള്‍ വികസിച്ചത്.

“പഞ്ചാബിലെ ബ്രാഹ്മണനും മദ്രാസ്സിലെ ബ്രാഹ്മണനും തമ്മിൽ എന്ത് സാമ്യമാണുള്ളത്? ബംഗാളിലെ അവർണ്ണനും മദ്രാസിലെ അവർണ്ണനുമിടയിൽ വംശപരമായ എന്ത് സാധർമമാണുള്ളത്? പഞ്ചാബിലെ ബ്രാഹ്മണനും പഞ്ചാബിലെ ചാമറിനും തമ്മിൽ വംശപരമായ എന്ത് വ്യത്യാസമാണുള്ളത്? മദ്രാസ്സിലെ ബ്രാഹ്മണനും മദ്രാസ്സിലെ പറയനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? പഞ്ചാബിലെ ബ്രാഹ്മണനും പഞ്ചാബിലെ ചാമറും വംശപരമായി ഒരേ കുടുംബക്കാരാണ്. ജാതി വ്യവസ്ഥ വംശീയമായ തരംതിരിക്കലല്ല. ഒരേ വംശത്തിൽപ്പെട്ട ജനങ്ങൾക്കിടയിലെ സാമൂഹിക വിഭജനമാണ് ജാതിവ്യവസ്ഥ” എന്ന അംബേദ്ക്കറിന്റെ അഭിപ്രായത്തോട് ഈ ജനിതക പഠനങ്ങള്‍ സാമ്യം പുലര്‍ത്തുന്നുണ്ട്. സംഘകാലം മുതല്‍ക്കുള്ള കൃതികളിലെ സമൂഹ രൂപികരണത്തെ ആസ്പദമാക്കിയാണ് കെ സേതുരാമൻ തന്റെ അഭിപ്രായം രൂപീകരിക്കുന്നത്. ലിപിയും ഭാഷയും, സംസ്കൃതവല്‍കരണം, ബ്രാഹ്മണരുടെ ആവിര്‍ഭാവം, വികാസം, തൊഴില്‍ വിഭജനം, കാര്‍ഷിക വ്യാപനം തുടങ്ങിയ ചിന്തകളെ സംഗ്രഹിച്ച് അദ്ദേഹം അവതരിപ്പിക്കുന്നു. ആഭരണം, വസ്ത്രധാരണരീതി, ആചാരങ്ങള്‍, പ്രണയം, വിവാഹം തുടങ്ങിയ സാമൂഹിക വ്യവഹാരങ്ങളില്‍ ഈ ജനിതക കലര്‍പ്പിന്റെ പ്രതിഫലനം എങ്ങനെയാണെന്ന് പരിശോധിക്കുന്നു.

മതഭൂതകാലത്തിന്റെ രേഖകള്‍

മലയാളിയുടെ മതജീവിതം ഏക ജീവിതത്തില്‍ നിന്ന് പലതായി വേര്‍പ്പെട്ട് രൂപീകൃതമായതാണ്. ശ്രമണ ദര്‍ശനങ്ങളുടെ സ്വാധീനം കേരളസമൂഹത്തില്‍ അഗാധമായിരുന്നു. ബ്രാഹ്മണരുടെ സസ്യഭക്ഷണം ഈ സ്വാധീനത്തിന്റെ അടയാളമാണ്. ക്ഷേത്രാരാധനയിലും വാസ്തുശാസ്ത്രത്തിലും സ്വാധീനം പ്രകടമാണ്. “കേരളചരിത്രത്തിന്റെ അടിസ്ഥാന രേഖകളിൽ ഒന്നിൽപോലും ക്ഷേത്രമെന്നോ ഹിന്ദുവെന്നോ ഒരു പദമില്ല എന്ന് ഡോ. പുതുശ്ശേരി രാമചന്ദ്രൻ പറയുന്നു. പഠനവിധേയമായ ഈ ക്ഷേത്രരേഖകളിൽ ഒരിടത്തുപോലും ‘ക്ഷേത്രം’, ‘ഹിന്ദു’, ‘ശൈവ’മെന്നുള്ള പദങ്ങൾ കാണുന്നില്ല. ക്ഷേത്രം എന്ന അർത്ഥത്തിൽ ‘മുക്കാൽ വട്ടം’ എന്ന പദമാണുള്ളത്. അതും ചില ക്ഷേത്രരേഖകളിൽ മാത്രം. ഹിന്ദു എന്ന പദമേ ഒരിടത്തുമില്ല.”(പേജ് 321) തുടങ്ങിയ വസ്തുതകള്‍ ഹൈന്ദവകേന്ദ്രീതമായ ചരിത്രരചനയുടെ അടിപ്പടവുകളെ ഇളക്കുന്നുണ്ട്.

പൂര്‍വ്വികരക്തത്തില്‍ അഭിമാനം പൂണ്ട് അഭിമാന സംരക്ഷണത്തിനായി രക്തമൊഴുക്കുന്നവര്‍ ഭൂതകാലത്തിലേക്ക് ചുവടുകള്‍ അല്പം പിറകോട്ട് വെച്ച് നോക്കിയാല്‍ കാണാം നാമെല്ലാം കലര്‍പ്പുകളാണെന്ന വസ്തുത. പല സംസ്കാരങ്ങളിലൂടെയും ലോകബോധ്യങ്ങളിലൂടെയും സഞ്ചരിച്ച് അതിന്റെ മുദ്രകളെല്ലാം ഏറ്റുവാങ്ങിയതാണ് നമ്മുടെ ഭൂതകാലമെന്ന സത്യം ഉറക്കെ വിളിച്ചുപറയേണ്ട കാലം കൂടിയാണിത്. കൊളോണിയല്‍ കാലം കെട്ടുറപ്പില്ലാതിരുന്ന എല്ലാ ദര്‍ശനങ്ങളെയും സ്വീകരിച്ച ഒരു ഭൂപരിസരത്തില്‍ ഹിന്ദു എന്ന ആശയം വളരെ ഹിംസാത്മകമായ ഭാവത്തില്‍ ഉയര്‍ന്നുവന്നതിന്റെ ഭവിഷ്യത്താണ് വര്‍ത്തമാനകാല ഇന്ത്യന്‍ ജീവിതാവസ്ഥ. ബൗദ്ധജീവിതത്തിന്റെ അധഃപതനവും ഹിന്ദുമതത്തിന്റെ വ്യാപനവും വിവിധ മേഖലകളില്‍ പ്രകടമായതെങ്ങനെയെന്ന് അന്വേഷിക്കുന്നുണ്ട് ​ഗ്രന്ഥകാരന്‍.

ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയവയുടെ പ്രചാരം ഫ്യൂഡലിസത്തെ അസ്ഥിരപ്പെടുത്തി, ജാതിവ്യവസ്ഥയുടെ രൂക്ഷതയ്ക്ക് അയവുണ്ടാക്കി. മലയാളിയുടെ സംസ്കാരത്തില്‍ ആഴത്തിലുള്ള മുദ്രകള്‍ അവ പതിപ്പിച്ചു. ജീവിതവ്യവഹാരങ്ങളിലെല്ലാം വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ഈ മതങ്ങള്‍ക്ക് സാധിച്ചു. “അടിയാളവർഗ്ഗങ്ങളിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് കൂട്ടം കൂട്ടമായി പരിവർത്തനമായപ്പോൾ ഹൈന്ദവ രാജാക്കന്മാർ സഹിഷ്ണുതയോടെയാണ് പെരുമാറിയത്. പരിവർത്തനത്തെ തടയുകയോ മതപരിവർത്തനം ചെയ്തവരെ അക്കാരണത്താൽ ദ്രോഹിക്കുകയോ ചെയ്തില്ല. ജന്മിവ്യവസ്ഥയെ ദുർബലപ്പെടുത്താനും ജാതിവ്യവസ്ഥയ്ക്ക് അയവുവരുത്താനും മലയാളി സ്വത്വം രൂപപ്പെടാനും അധഃസ്ഥിതരുടെ ശാക്തീകരണത്തിനും ഇസ്ലാമിന്റെ പങ്ക് മഹത്തരമാണ്.” (പേജ് 353). അതുപോലെ തന്നെ ക്രിസ്തുമതത്തിന്റെ വികാസവും പ്രദേശങ്ങള്‍ക്ക് അനുസരിച്ച് വികസിച്ച സാംസ്കാരിക സ്വത്വവും മതപരിവര്‍ത്തനത്തിലൂടെ വികസിച്ച സങ്കരസംസ്കാരവും മതഭൂതകാലത്തിന്റെ രേഖകകളാണ്.

ആധുനിക മലയാളിയുടെ ഉദയം

പാശ്ചാത്യരുടെ വരവോടെ സംഭവിച്ച ആധുനിക മലയാളിയുടെ ഉദയത്തെ പറഞ്ഞുകൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്. പോര്‍ച്ചുഗീസുകാരുടെയും ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും വരവും അതിലൂടെ ഉണ്ടായ സ്വത്വവികാസവും മലയാളിയൂടെ രൂപീകരണവും ഗ്രന്ഥകാരന്‍ പരിശോധിക്കുന്നു. പാശ്ചാത്യസമുദ്രപര്യവേഷണങ്ങളിലൂടെ വ്യാപിച്ച ആധുനികതയെ ഇന്ന് പ്രശ്നവല്‍ക്കരിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണങ്ങളെയും വിസ്മരിക്കാന്‍ സാധിക്കില്ല. ഭരണസമ്പ്രദായത്തിലും ജീവിതവ്യവസ്ഥയിലും പാശ്ചാത്യസ്വാധീനം മൂലം മാറ്റമുണ്ടായി. ഈ മാറ്റങ്ങള്‍ സമൂഹപരിണാമപ്രക്രിയയില്‍ ഉണ്ടാക്കിയ മാറ്റത്തെ വിശദമായി അവതരിപ്പിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. അതൊടൊപ്പം കേരളത്തിന്റെ അടിസ്ഥാനരേഖകകളായ ശാസനങ്ങളെയും ഭാഷയുടെ പരിണാമത്തെയും പരിശോധിക്കുന്നു. ഭാഷ വികാസവും എ.ആറിന്റെ ആറു നയങ്ങളും ഭാഷയുടെ സംസ്കൃതവല്‍കരണവും മിഷണറിഭാഷയുടെ കടന്നുവരവും ഭാഷാ പുനഃസ്ഥാപനവും ‘മലയാളി ‘ സ്വത്വത്തെ രൂപപ്പെടുത്തിയത് എങ്ങനെയെന്ന ആലോചനയെ അവതരിപ്പിക്കുന്നു.

അംബേദ്ക്കറുടെ ചിന്തകളെ ഓരോ അധ്യായത്തിന്റെയും എപ്പിഗ്രാഫായി കൊടുത്തിരിക്കുന്നതായി കാണാം. അംബേദ്ക്കര്‍ ചിന്തകള്‍ക്ക് ഇന്നത്തെ ജ്ഞാനനിര്‍മ്മാണപ്രക്രിയയില്‍ വളരെയധികം പ്രസക്തിയുണ്ട്. ധിഷണയുടെ ധാതുബലമായി അംബേദ്ക്കറിന്റെ ചിന്താവഴികള്‍ ഈ ഗ്രന്ഥത്തിലുടനീളമുണ്ട്. ഏകസമൂഹം ഭിന്നസമൂഹമായി പരിണമിച്ച ചരിത്രവഴികളെയാണ് പ്രധാനമായും കെ സേതുരാമന്‍ വിശദമാക്കാന്‍ ശ്രമിച്ചത്. ജനിതക പഠനങ്ങള്‍ വിവരിക്കുമ്പോള്‍ ശാസത്രീയ സംജ്ഞകള്‍ക്ക് വിശദീകരണം കൂടി നല്‍കിയിരുന്നെങ്കില്‍ അത് കുറേ കൂടി വായനയെ സഹായിക്കുമായിരുന്നു. ഏറെ സങ്കീര്‍ണ്ണമായ മലയാളിയുടെ ജനിതക ചരിത്രത്തെ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനുള്ള ഈ ശ്രമം നമ്മുടെ ചരിത്രപഠനവഴിയിലെ സുപ്രധാനമായ രേഖ തന്നെയാണ്.

മലയാളി ഒരു ജനിതക വായന: കേരളീയരുടെ ജനിതക ചരിത്രം
(മലയാളം)
പ്രസാധകർ: ഡി.സി
ബുക്സ്, വിഭാ​ഗം: ചരിത്രം‌, വില: 480

Also Read

9 minutes read May 22, 2022 11:30 am