Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഭാഗം – 1
തൃശ്ശൂർ കല്ലൂർ നായരങ്ങാടിയിലുള്ള സന്ദീപ് ചന്ദ്രന്റെ വീട്ടിലെത്തുമ്പോൾ അച്ഛൻ ചന്ദ്രൻ ഉമ്മറത്ത് തന്നെ ഒരു പഴയ ബെഞ്ചിൽ വിശ്രമിക്കുകയായിരുന്നു. അകത്ത് അമ്മയും അനിയത്തിയും അളിയനും മറ്റ് ബന്ധുക്കളും. എല്ലാവരും സന്ദീപിന്റെ മരണത്തോട് പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂവെന്ന് അവിടെയാകെ മൂടിനിന്ന നിശബ്ദത ഓർമ്മിപ്പിച്ചു. മരണം സൃഷ്ടിച്ച അനിശ്ചിതത്വവും നിസംഗതയും അവിടെ കൂടിയ ഓരോ മനുഷ്യന്റെ മുഖത്തും ഒരു വിഷാദം പോലെ നിഴലിച്ചു. 2024 ഏപ്രിൽ 2 ന് ആണ് ബിസിനസ് – തൊഴിൽ വിസയിൽ റഷ്യയിലെ ക്യാന്റീൻ ജോലിക്കാണെന്ന് കുടുംബത്തെ ബോധ്യപ്പെടുത്തി സന്ദീപ് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിൽ നിന്നും മോസ്കോയിലേക്ക് യാത്ര തിരിക്കുന്നത്. നാട്ടിൽ ഇലക്ട്രീഷ്യനായി പണിയെടുത്തിരുന്ന സന്ദീപ് ഏതൊരാളെയും പോലെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് റഷ്യയിലേക്ക് പറന്നത്. എന്നാൽ പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. ആഗസ്റ്റ് 15ന് യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന സന്ദീപിന്റെ അപ്രതീക്ഷിത മരണ വാർത്തയാണ് കുടുംബത്തിലേക്കെത്തിയത്. അനിശ്ചിതത്വങ്ങളുടെയും കാത്തിരിപ്പുകളുടെയും ഒടുവിൽ 2024 സെപ്റ്റംബർ 28 നാണ് റഷ്യൻ പട്ടാളത്തിന്റെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ട തൃശൂർ നായരങ്ങാടി സ്വദേശി സന്ദീപ് ചന്ദ്രനെ (36) അവസാനമായി ഒരുനോക്ക് കാണാനും അന്ത്യകർമ്മങ്ങൾ ചെയ്യാനും വീട്ടുകാർക്ക് സാധിച്ചത്.
തൊഴിലില്ലായ്മയും, കോർപ്പറേറ്റ് വൽക്കരണവും, തുച്ഛമായ ശമ്പള വ്യവസ്ഥയും, ജാതി വിവേചനങ്ങളും, സാമൂഹിക അസമത്വങ്ങളും, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും കാരണം ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാൽ കുടിയേറിപ്പോയ മനുഷ്യർ ആ രാജ്യങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും സുരക്ഷിതരാണോ എന്ന ചോദ്യവും ഏറെ പ്രധാനപ്പെട്ടതാണ്. ജീവിതം മെച്ചപ്പെടുത്താമെന്ന പേരിൽ നിർബന്ധിത തൊഴിലിലേക്കും അടിമത്തത്തിലേക്കും വിവിധ ‘ഏജൻസികൾ’ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായുള്ള പരാതികൾ വ്യാപകമാകുന്നുണ്ട്. അത്തരത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഒന്നാണ് യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കുന്നതിനായി റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മലയാളി യുവാക്കളുടെ അവസ്ഥ. റഷ്യൻ പട്ടാളത്തിന്റെ ഭാഗമായി യുദ്ധത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും കുടുങ്ങിക്കിടക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ മലയാളികളുണ്ടെന്ന വിവരം ഞെട്ടിക്കുന്നതായിരുന്നു.
2022 ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യ-യുക്രൈൻ യുദ്ധം രണ്ട് വർഷങ്ങൾക്കിപ്പുറം ഇന്നും തുടരുകയാണ്. ആഗോള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഈ യുദ്ധത്തിൽ മലയാളികൾക്കും ചതിയിലൂടെ പങ്കുചേരേണ്ടി വന്നിരിക്കുന്നു. പതിമൂന്ന് മലയാളികളടക്കം എഴുപതോളം ഇന്ത്യക്കാരാണ് വിവിധ ഏജൻസികളുടെ ചതിയിൽ അകപ്പെട്ട്, റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് നിർബന്ധിത സൈനിക സേവനത്തിന് വിധേയരായത് എന്നാണ് നിലവിലെ കണക്കുകൾ. യുദ്ധം രൂക്ഷമായ അതിർത്തി പ്രദേശങ്ങളിലാണ് AK 47 അടക്കമുള്ള ആയുധങ്ങളുമായി ഇവരെ വിന്യസിച്ചിരുന്നത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് എങ്ങനെയാണ് ഒരു വിദേശ രാജ്യത്തിന്റെ പട്ടാളത്തിൽ അംഗമായി യുദ്ധത്തിൽ പങ്കെടുക്കാൻ കഴിയുന്നതെന്നും ഇത്തരത്തിൽ ഏറ്റവും അപകടകരമായ ഒരു തൊഴിൽ തിരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിച്ച ഘടകമെന്താണെന്നും തീർച്ചയായും അന്വേഷിക്കപ്പെടേണ്ടതുണ്ട്.
യുക്രൈൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപിനെ അവസാനമായി ഒരുനോക്ക് കാണാൻ റഷ്യയിൽ കൂടെയുണ്ടായിരുന്ന തൃശ്ശൂർ കൊടകര സ്വദേശി സന്തോഷും, എറണാകുളം നെടുമ്പാശ്ശേരി സ്വദേശി റിനിലും വന്നിരുന്നു. സന്ദീപ് എങ്ങനെയാണ് റഷ്യയിൽ വെച്ച് കൊല്ലപ്പെട്ടത്? മലയാളികളായ സന്തോഷും റിനിലും അടക്കം എഴുപതോളം ഇന്ത്യക്കാർ എങ്ങനെയാണ് റഷ്യൻ ആർമിയിൽ നിന്നും രക്ഷപെട്ട് നാട്ടിൽ തിരിച്ചെത്തിയത്? ആരാണ് ഇവരെയെല്ലാം റഷ്യയിലെത്തിച്ചത്? ശക്തമായ നിരീക്ഷണ സംവിധാനങ്ങളുണ്ടായിട്ടും ഇത്തരമൊരു മനുഷ്യക്കടത്ത് എങ്ങനെയാണ് സാധ്യമായത്? കേരളീയം അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം.
സന്ദീപ് റഷ്യൻ ആർമിയിൽ എത്തിയത് എങ്ങനെ?
“റഷ്യയിൽ ക്യാന്റീൻ ജോലിക്കാണെന്ന് പറഞ്ഞ് ചാലക്കുടിയിലുള്ള സ്റ്റീവ് എന്ന ഏജന്റ് വഴിയാണ് സന്ദീപ് റഷ്യയിലേക്ക് പോവാനുള്ള കാര്യങ്ങൾ ശരിയാക്കിയത്. വിസയുടെ കാര്യങ്ങൾക്കും മറ്റുമായി 80,000 രൂപയാണ് സ്റ്റീവിന് ആദ്യ ഗഡുവായി നൽകിയത്. ഏജൻസിയായിട്ട് ഒന്നുമില്ല, സ്റ്റീവ് ഇങ്ങനെ പുറത്തേക്ക് ആളുകളെ കൊണ്ടുപോവുന്ന ഒരാളാണ്. സ്റ്റീവ് എന്നത് യഥാർത്ഥ പേരൊന്നുമല്ല, അലക്സ് എന്നോ മറ്റോ ആണ് അയാളുടെ യഥാർത്ഥ പേര്.” സന്ദീപിന്റെ സഹോദരൻ സംഗീത് കേരളീയത്തോട് പറഞ്ഞു. “സന്ദീപ് ഇവിടെ നാട്ടിൽ ഇലക്ട്രിക്കൽ വർക്കുകളുമായി നിൽക്കുന്ന സമയത്താണ് സ്റ്റീവ് ഇങ്ങനെയൊരു വിസയുമായി ബന്ധപ്പെടുന്നത്. ഏപ്രിൽ രണ്ടിനാണ് ഇവിടെ നിന്ന് പോകുന്നത്. പോയി കഴിഞ്ഞ് രണ്ട് മാസത്തോളം കോൺടാക്റ്റുണ്ടായിരുന്നു. ക്യാന്റീൻ ജോലിയാണെങ്കിലും ട്രെയിനിങ്ങ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വിളിക്കാനൊക്കെ ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞു. പിന്നെ അറിയുന്നത് ഫോണും ബാഗും പാസ്സ്പോർട്ടും മിസ്സായി എന്നാണ്. അന്ന് വിളിച്ചത് വേറെ ആളുടെ ഫോണിൽ നിന്നാണ്.” സംഗീത് തുടർന്നു.
രണ്ട് പേരെ വെച്ച് മൂന്ന് ഗ്രൂപ്പായാണ് യാത്ര തിരിച്ചത്. സന്ദീപും, കൊല്ലത്തുള്ള സിബിയും ഏപ്രിൽ രണ്ടിനും തൃശ്ശൂർ സ്വദേശികളായ ജെയ്ൻ, ബിനിൽ എന്നിവർ ഏപ്രിൽ നാലിനും, കൊടകര സ്വദേശി സന്തോഷ്, നെടുമ്പാശ്ശേരി സ്വദേശി റെനിൽ എന്നിവർ ഏപ്രിൽ ആറിനുമാണ് നാട്ടിൽ നിന്നും റഷ്യയിലേക്ക് യാത്ര തിരിക്കുന്നത്. പ്രതിമാസം രണ്ട് ലക്ഷം രൂപയായിരുന്നു എല്ലാവർക്കും ശമ്പളം പറഞ്ഞിരുന്നത്. “സംസ്കാര ചടങ്ങിന് സന്തോഷും റെനിലും വന്നിരുന്നു. ജെയ്നും ബിനിലും ഇപ്പോഴും റഷ്യയിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. സന്ദീപ് ഇങ്ങോട്ട് വിളിക്കാതിരുന്നപ്പോ ഇവരുടെ നമ്പറിലേക്ക് ഒക്കെ വിളിച്ച് നോക്കിയിരുന്നു. ഗവണ്മെന്റിന്റെ കീഴിലുള്ള ക്യാന്റീനിലെ ജോലി മാത്രമേയുള്ളൂ എന്ന് പറഞ്ഞാണ് കരാർ ഒപ്പിട്ടത്. എന്നാൽ അവിടെ എത്തിയപ്പോഴാണ് സൈനിക ക്യാന്റീൻ ആണെന്ന് അറിയുന്നത്. ആഗസ്റ്റ് ഒന്നിനാണ് സന്ദീപ് മരണപ്പെടുന്നത്, എന്നാൽ ആഗസ്റ്റ് 15 നാണ് ഞങ്ങൾ അറിയുന്നത്. ആ സമയത്ത് തന്നെ കളക്ടറുമായും മറ്റും ബന്ധപ്പെട്ടു.” സംഗീത് പറഞ്ഞു. റഷ്യയിലെ ഡോക്യുമെന്റേഷൻ പ്രോസസ് വൈകിയതിനാലാണ് മൃതദേഹം വിട്ടുകിട്ടാൻ ഇത്രയും സമയമെടുത്തതെന്നും, ഇനിയും വൈകുമെന്ന പേടി കാരണമാണ് നിയമപരമായി പരാതിപ്പെടാതിരുന്നതെന്നും, എന്നാൽ കളക്ടർ നേരിട്ട് കേസെടുക്കുകയായിരുന്നു എന്നും സന്ദീപിന്റെ സഹോദരീ ഭർത്താവ് ഷജിത്ത് കേരളീയത്തോട് പറഞ്ഞു.
“വിസയ്ക്ക് ആദ്യം കൊടുത്ത 80,000 കൂടാതെ റഷ്യയിൽ എത്തിയതിന് ശേഷം അവിടുത്തെ ഏജന്റിന് ഒരു ലക്ഷം കൊടുത്തുവെന്നാണ് കൂടെയുണ്ടായിരുന്ന സന്തോഷേട്ടൻ പറഞ്ഞത്. റഷ്യയിലെത്തി ഒരു മാസം കഴിഞ്ഞ് വീട്ടിലേക്ക് 50,000 മാത്രമാണ് അയച്ചത്. അവിടുത്തെ ഏജന്റിന്റെ പേരും സന്ദീപ് എന്നായിരുന്നു. ഇവരെല്ലാം സന്ദീപ് സർ എന്നായിരുന്നു ആ ഏജന്റിനെ വിളിച്ചിരുന്നത്. അയാൾക്ക് അവിടെ ബ്യൂട്ടിപാർലറോ മറ്റോ ആണ്. ഇവരെല്ലാം ഇവിടെന്ന് റഷ്യയിലേക്ക് പോയപ്പോൾ അയാളുടെ ഷോപ്പിലേക്കുള്ള ഫെയ്സ് വാഷ്, ക്രീം, സ്പാ ഐറ്റംസ് എന്നിവയായിരുന്നു ലഗേജിൽ കൂടുതലുണ്ടായിരുന്നത്. ഇവിടുത്തെ ഏജന്റ് സ്റ്റീവും ഒന്നും കൃത്യമായി ഞങ്ങളോട് പറഞ്ഞിരുന്നില്ല, ചാലക്കുടിയൊന്നുമല്ല അയാളുടെ സ്ഥലം, അതൊക്കെ മാറ്റിയാണ് പറഞ്ഞത്. ചാലക്കുടി റെയിൽവെ സ്റ്റേഷൻ പാർക്കിംഗിന് ഓപ്പോസിറ്റ് ആയാണ് സ്റ്റീവിന്റെ ഓഫീസ്. ഒരു ട്രാവൽ ഏജൻസിയുടെ ഓഫീസ് പോലെ ഒന്നുമായിരുന്നില്ല അവിടെ. ഒരു ലാപ്ടോപ്പോ, ഫയലുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചെസ് കളിക്കുന്ന യുവാക്കളുടെ ഒരു ക്ലബ്ബ് ആയിരുന്നു അയാളുടെ ഓഫീസ് എന്ന പേരിൽ കാണിച്ചുതന്നത്. സന്ദീപിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ചാലക്കുടിയിലെ ഏജന്റ് സ്റ്റീവിനെ ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. ട്രെയിനിംഗ് ആയതുകൊണ്ടാണ് ഫോണിൽ കിട്ടാത്തത്, പത്ത് ദിവസം കഴിയുമ്പോൾ ട്രെയിനിങ് കഴിയുമെന്നും അപ്പോൾ സന്ദീപ് തിരിച്ചുവിളിച്ചോളുമെന്നുമാണ് സ്റ്റീവ് ഞങ്ങളെ ബോധ്യപ്പെടുത്തിയത്.“ സംഗീത് നിരാശയോടെ വിവരിച്ചു.
മുറ്റത്തേക്ക് ടാർപോളിൻ വലിച്ചുകെട്ടിയ ആ ഒറ്റനില വീടും, പുല്ല് വളർന്നുതുടങ്ങിയ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയും കുറേ മനുഷ്യരും മാത്രമാണ് ഇന്നവിടെ അവശേഷിക്കുന്നത്. ഇനിയെന്ത് എന്നുള്ള വലിയ ചോദ്യം അവർ ഓരോരുത്തരുടെയും മുഖത്ത് കാണാമായിരുന്നു. മരണം സൃഷ്ടിച്ച ആഘാതത്തിൽ നിൽക്കുമ്പോഴും റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് ഇപ്പോഴും അവിടെ കുടുങ്ങികിടക്കുന്ന മനുഷ്യരെയോർത്ത് സന്ദീപിന്റെ വീട്ടുകാർ ആകുലപ്പെടുന്നുണ്ടായിരുന്നു.
ക്യാന്റീൻ ജോലിയെന്ന പേരിൽ പട്ടാള സേവനം
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുക്രെയ്നെതിരെ യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ എഴുപത് ഇന്ത്യക്കാരിൽ മലയാളിയായ ഒരാളാണ് തൃശൂർ കൊടകര സ്വദേശി സന്തോഷ് (40). ദൈവത്തിന്റെ കാരുണ്യം കൊണ്ടും തങ്ങളുടെ പ്രാർത്ഥന കൊണ്ടുമാണ് മകനെ തിരിച്ചുകിട്ടിയതെന്ന് സന്തോഷിന്റെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു. ബാങ്കിൽ നിന്നെടുത്ത ലോണുകളുടെ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് സന്തോഷ് സ്റ്റീവിനെ പരിചയപ്പെടുന്നതും, റഷ്യയിലെ മിലിട്ടറി ക്യാന്റീനിലെ ജോലിയെ കുറിച്ച് അറിയുന്നതും. ഉടൻ തന്നെ ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയും മറ്റും വിസയുടെ ആദ്യ ഗഡുവായ 80,000 രൂപ സ്റ്റീവിനെ ഏൽപ്പിക്കുന്നു.
“15 ലക്ഷം രൂപയുടെ കടമുണ്ട്. ആ കടം തീർക്കണമെങ്കിൽ പുറത്ത് പോയേ തീരൂ. റഷ്യയിലെ മറ്റ് ഒഴിവുകൾക്ക് 3.5 ലക്ഷം വരെ കൊടുക്കേണ്ടി വരുമെന്നും ക്യാന്റീൻ ജോലിയാണെങ്കിൽ അത്ര പൈസയൊന്നും കൊടുക്കേണ്ടെന്നുമാണ് സ്റ്റീവ് എന്നോട് പറഞ്ഞത്. ഈ ജോലിക്ക് മൊത്തം 2.5 ലക്ഷമാണ് പറഞ്ഞത്. 80,000 ആദ്യം കൊടുത്തിട്ട് ബാക്കി റഷ്യയിലെത്തിയതിന് ശേഷം കൊടുത്താൽ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്.” സന്തോഷ് അനുഭവങ്ങൾ പറഞ്ഞുതുടങ്ങി. “മിലിട്ടറി ക്യാന്റീനിലെ ജോലിയുണ്ടാവുമെന്നും കൂടാതെ ആർമി ക്യാമ്പിലെ ഇലക്ട്രിക്കൽ, പ്ലംബിങ്ങ് ജോലികളും മറ്റും ഉണ്ടാവുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ആർമിയിൽ ചേരേണ്ടിവരുമെന്നും അവരുടെ 20 ദിവസത്തെ ട്രെയ്നിങ്ങിന് പങ്കെടുക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നു. സുരക്ഷാകാര്യങ്ങൾ ഉണ്ടായതുകൊണ്ട് ഡ്രോൺ അറ്റാക്ക് ഒക്കെ വരുമ്പോൾ അതിനെ തടയാനും മറ്റുമായിട്ടാണ് ഇത്തരത്തിലൊരു പരിശീലനം എന്നാണ് പറഞ്ഞത്.” സന്തോഷ് തുടർന്നു.
“20 ദിവസം നല്ല ബുദ്ധിമുട്ട് ആയിരിക്കുമെന്നും അത് കഴിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് ഞങ്ങളുടെ തന്നെ ജോലിക്ക് കയറാമെന്നും സ്റ്റീവ് പറഞ്ഞു. സിബിൻ, റോയ്, രഞ്ജിത്ത് എന്നീ മൂന്ന് മലയാളികൾ ഞങ്ങളെക്കാൾ മുമ്പ് റഷ്യയിലേക്ക് പോയിട്ടുണ്ട്. അവരപ്പോൾ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. തേർഡ് ലൈൻ ബോർഡറിലാണ് അവരെന്നും അവർക്കവിടെ കുഴപ്പമൊന്നുമില്ലെന്നും സ്റ്റീവ് പറഞ്ഞു. എട്ട് മാസമായി അവരിപ്പോഴും അവിടെ തന്നെയാണ്. വിസയുടെ ആദ്യ ഗഡു കൊടുത്ത സമയത്താണ് റഷ്യൻ പട്ടാളത്തിൽ ചേർന്ന് പരിക്കുപറ്റിയ അഞ്ചുതെങ്ങിലെ മലയാളികളുടെ വാർത്ത പുറത്തുവന്നത്. അത് കേട്ടപ്പോൾ ആകെ ടെൻഷനായി. അങ്ങനെ ഞാനും സന്ദീപും സ്റ്റീവിനെ ബന്ധപ്പെട്ടു. അപ്പോൾ അയാൾ പറഞ്ഞത്, അഞ്ചുതെങ്ങിൽ നിന്നും പോയവർ വാഗ്നർ ഗ്രൂപ്പിൽ (സൈന്യത്തിന് ബദലായിട്ടുള്ള റഷ്യയിലെ തന്നെ മറ്റൊരു മിലിറ്റന്റ് ഗ്രൂപ്പ്) പെട്ടവരാണ് എന്നായിരുന്നു. വൈകുന്നേരം കാണാൻ വരാമെന്നും റഷ്യയിലുള്ള നേരത്തെ പറഞ്ഞ സിബിനുമായി വീഡിയോ കോൾ ചെയ്യാമെന്നും സ്റ്റീവ് പറഞ്ഞു. സിബിൻ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് വീണ്ടും ഞങ്ങളെ സമാധാനപ്പെടുത്തി. അത് കഴിഞ്ഞാണ് സ്റ്റീവ് എഗ്രിമെന്റ് എല്ലാം തയ്യാറാക്കുന്നത്. പോവുന്നതിന് തലേദിവസം വന്നാണ് എഗ്രിമെന്റ് ഒപ്പിടുന്നത്. അതുകൊണ്ട് തന്നെ കരാറിൽ എന്താണ് എഴുതിയതെന്ന് പോലും ശരിക്ക് വായിച്ച് നോക്കാനോ മറ്റോ കഴിഞ്ഞിരുന്നില്ല. മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ നിന്ന് റഷ്യയിലെ ഏജന്റായ സന്ദീപ് സാറിന്റെ രണ്ട് ആളുകൾ വന്നാണ് എന്നെയും റിനിലിനെയും കൊണ്ടുപോയത്.” സന്തോഷ് കൂട്ടിച്ചേർത്തു.
മോസ്കോയിൽ നിന്നും ആർമി ക്യാമ്പിലേക്ക്
റഷ്യയിൽ എത്തി വിശ്രമം പോലുമില്ലാതെയാണ് ആർമി ക്യാമ്പിലേക്ക് പോകേണ്ടി വന്നതെന്നാണ് സന്തോഷ് പറയുന്നത്. തങ്ങളെക്കാൾ മുൻപ് ആദ്യം റഷ്യയിലെത്തിയ സന്ദീപ്, സിബി, ജെയ്ൻ, ബിനിൽ എന്നിവരെ പിന്നീട് അവിടെ വെച്ച് കാണാൻ കഴിഞ്ഞുവെന്നും സന്തോഷ് പറയുന്നു. “മോസ്കോയിൽ നിന്നും 200 കി.മീ അകലെയുള്ള തുള ആർമി ക്യാമ്പിലേക്കാണ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. ക്യാമ്പിലെത്തി സന്ദീപിനെയും സിബിനെയും മറ്റുള്ളവരേയും കണ്ടപ്പോഴാണ് സമാധാനമായത്. ഇന്ത്യൻ പാസ്പോർട്ട് വാങ്ങിവെക്കുകയും റഷ്യൻ പാസ്പോർട്ട് എടുക്കാൻ പറയുകയുമാണ് അവർ ആദ്യം ചെയ്തത്. ആർമിയിൽ ചേരണമെങ്കിൽ റഷ്യൻ പാസ്പോർട്ട് നിർബന്ധമാണ്. ആദ്യത്തെ ഒരു മാസത്തോളം അവിടെയായിരുന്നു. അത് കഴിഞ്ഞാണ് റോസ്തോവിലുള്ള ആർമി ക്യാമ്പിലേക്ക് മാറ്റുന്നത്.
സന്ദീപിനും ജെയ്നിനും ബിനിലിനും റഷ്യൻ പാസ്പോർട്ട് ആദ്യം തന്നെ കിട്ടിയതുകൊണ്ട് അവരെ ആദ്യം കൊണ്ടുപോയി. അതുകൊണ്ട് തന്നെ അവരെ പിന്നെ കാണാൻ കഴിഞ്ഞില്ല. ഞാനും റെനിലും സിബിയുമായിരുന്നു ഒരുമിച്ച് ഉണ്ടായിരുന്നത്. ട്രെയ്നിങ്ങ് ആരംഭിക്കുന്നത് അവിടെ എത്തിയതിന് ശേഷമാണ്. നമ്മുടെ നാട്ടിലെ പോലെ തന്നെ നല്ല വെയിൽ ആയിരുന്നു. ആദ്യം തന്നെ ഹെൽമറ്റ്, ജാക്കറ്റ്, ഷൂ ഒക്കെയാണ് തന്നത്. പിറ്റേ ദിവസം AK 12 തോക്കും തന്നു. പിന്നെ മീറ്റിങ് ആയിരുന്നു. അത് കഴിഞ്ഞ് പൊളിഗോണിലേക്കാണ് (റഷ്യയുടെ ആണവായുധങ്ങൾ പരീക്ഷിക്കുന്ന സ്ഥലം) ഞങ്ങളെ കൊണ്ടുപോയത്. ഓരോ മണിക്കൂർ കഴിയുമ്പോഴും ട്രെയ്നിങ്ങ് ആണ്. ട്രഞ്ച് ഉണ്ടാക്കിയിട്ടുണ്ടാവും അതിനുള്ളിൽ നിന്നാണ് ട്രെയിനിങ്ങ്. പിന്നെ അപകടം പറ്റിയാൽ എടുക്കേണ്ട കാര്യങ്ങളെ കുറിച്ചും വയർലെസ്സുമായി ബന്ധപ്പെട്ട ക്ലാസുകളും എല്ലാം ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഷൂട്ടിംഗ് ട്രെയിനിങ്ങ് തുടങ്ങി. രാവിലെ നാല് മണിക്ക് എഴുന്നേൽക്കണം, തോക്ക് ക്ലീൻ ചെയ്യണം, അത് കഴിഞ്ഞ് വെയിലത്ത് മീറ്റിംഗ് ഉണ്ടാവും, അത് കഴിഞ്ഞ് വീണ്ടും ഷൂട്ടിംഗ്, വിശ്രമമേ ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് കുറച്ച് നേരം ഒന്ന് വിശ്രമിക്കുമ്പോഴേക്ക് വീണ്ടും മീറ്റിങ്ങുണ്ടാവും. അത് കഴിഞ്ഞ് വീണ്ടും ഷൂട്ടിംഗ് ആയിരിക്കും. ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമായിരുന്നു അവിടെ കൂടുതലായും ഉണ്ടായിരുന്നത്. എപ്പോഴും പകുതി ഭക്ഷണം മാത്രമേ കഴിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ട്രെയിനിങ്ങ് സമയത്ത് വിശ്രമിക്കാൻ അനുവദിക്കില്ല. റെസ്റ്റ് എടുക്കുന്നത് കണ്ടാൽ അപ്പോൾ തന്നെ ഓഫീസർമാർ ഗ്രനേഡ് എടുത്ത് എറിയും. എറിയുമ്പോൾ നമ്മൾ ട്രഞ്ചിലേക്ക് ചാടണം. അതുമൊരു ട്രെയ്നിങ്ങ് ആണെന്നാണ് അവർ പറയുന്നത്. ഇവിടുത്തെ 20 ദിവസത്തെ ട്രെയ്നിങ്ങ് കഴിഞ്ഞ് നുഹാൻസ് എന്ന ആർമി ക്യാമ്പിലേക്കാണ് പോയത്.” ഭീതിപ്പെടുത്തുന്ന അനുഭവം നിർവികാരമായാണ് സന്തോഷ് വിവരിച്ചത്.
“പിന്നീട് എഴുപത് ദിവസം അവിടെയായിരുന്നു. 7000 റൂബിൾ ആയിരുന്നു ആദ്യം കിട്ടിയ ശമ്പളം. പിന്നീട് 17,000 കിട്ടി, പിന്നീട് 40,000 റൂബിളും കിട്ടിയിരുന്നു. അവിടെ എത്തി റസ്റ്റ് എടുക്കാനൊന്നും സമയം തന്നില്ല. അതിന് മുൻപേ തോക്ക് തന്നു. AK 74 ആയിരുന്നു, സ്വന്തം പേരിലാണ് ആ തോക്ക് തന്നത്. കൂടാതെ ഹെൽമറ്റ്, ജാക്കറ്റ്, വിഷവാതകങ്ങളെ പ്രതിരോധിക്കാനുള്ള മാസ്ക്, മെഡിക്കൽ കിറ്റ് എന്നിവയെല്ലാം തന്നു. എല്ലാംകൂടെ 30 കിലോയോളം ഭാരമുണ്ടായിരുന്നു. ഒരു പട്ടാളക്കാരൻ ഉപയോഗിക്കുന്ന എല്ലാ സാധങ്ങളും യൂണിഫോമും ഞങ്ങളും ഉപയോഗിക്കണമായിരുന്നു. തോക്കിലുപയോഗിക്കാൻ ഓരോരുത്തർക്കും കൃത്യമായ കണക്കിൽ വെടിയുണ്ടകളും തന്നിരുന്നു. മെഡിക്കൽ ഇവാക്ക്വേഷൻ ഉണ്ടായിരുന്നു. ഗ്രനേഡ് എറിയുമ്പോൾ കൈയൊക്കെ പോയവർക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കണം, ബ്ലഡ് ക്ലോട്ടാവാനുള്ള ഇഞ്ചക്ഷൻ വച്ചുകൊടുക്കണം. മെഡിക്കൽ ഇവാക്ക്വേഷൻ ചെയ്യുമ്പോൾ പോലും ട്രെയ്നിങ്ങ് എന്ന പേരിൽ ഗ്രനേഡ് എറിയും, അപ്പോൾ പരിക്ക് പറ്റിയ പട്ടാളക്കാരനെ കമഴ്ത്തിയിട്ട് നമ്മൾ ചാടണം. റഷ്യൻ ആർമിയിൽ റഷ്യക്കാർ മാത്രമായിരുന്നില്ല. ചൈന, സിറിയ, സെനഗൽ, ഘാന, ശ്രീലങ്ക, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളും ഉണ്ടായിരുന്നു. രണ്ടാഴ്ച മാത്രം ക്യാമ്പിലെ മറ്റ് പണികൾ ചെയ്യാൻ കഴിഞ്ഞു. ആ സമയത്ത് മാത്രമാണ് തോക്കും മറ്റ് ആർമി സാധനങ്ങളൊന്നും ഉപയോഗിക്കാതിരുന്നത്.” സന്തോഷ് പറഞ്ഞു.
“അതിനിടയ്ക്ക് റഷ്യൻ സിം കാർഡ് സംഘടിപ്പിച്ച് വീട്ടിലേക്ക് വിളിച്ചിരുന്നു. മൊബൈൽ ഫോൺ കണ്ടുകഴിഞ്ഞാൽ അവർ ആണിയെടുത്ത് അടിക്കും. സന്ദീപിന്റെ കൂടെ പോയ ഈജിപ്പ്തുകാരിൽ കുറച്ചുപേർ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് അവന്റെ വിവരങ്ങൾ അറിഞ്ഞിരുന്നത്. ആ സമയത്താണ് സന്ദീപ് വാട്സ്ആപ് വഴി വോയ്സ്നോട്ട് അയക്കുന്നത്. അവരുടെ ട്രെയ്നിങ്ങ് പൂർത്തിയാതുകൊണ്ട് തന്നെ ജെയ്നിനും ബിനിലിനും ഭക്ഷണവും വെള്ളവും എത്തിക്കുന്ന ജോലിയും തനിക്ക് സെക്യൂരിറ്റി ജോലിയും ശരിയായി എന്നായിരുന്നു സന്ദീപ് പറഞ്ഞത്. എന്നാൽ പിന്നീട് സന്ദീപിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞ് സന്ദീപിന്റെ കൂടെയുള്ള ഈജിപ്തുകാരന് അപകടം പറ്റിയെന്നാണ് ഞങ്ങൾ അറിഞ്ഞത്. അത് കേട്ടപ്പോൾ ആകെ പേടിയായി. അപ്പോഴാണ് റഷ്യയിലെ ഏജന്റ് ആയ സന്ദീപ് സാർ പറഞ്ഞത്, സന്ദീപ് ചന്ദ്രനെയും മറ്റുള്ളവരെയും യുക്രെയ്ൻ ബോർഡറിലാണ് പോസ്റ്റ് ചെയ്തതെന്ന്. പിന്നീട് സന്ദീപിന്റെ അളിയനാണ് വിളിച്ച് പറയുന്നത് സന്ദീപ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന്. അത് കേട്ടപ്പോൾ തന്നെ ഞങ്ങളാകെ ടെൻഷനായി. ഞങ്ങളുടെ കമാന്ററോട് ചോദിച്ചപ്പോൾ അവർക്ക് സന്ദീപിന്റെ ട്രൂപ്പുമായി ബന്ധമില്ലെന്ന മറുപടിയാണ് ലഭിച്ചത്. നേരത്തെ പറഞ്ഞ സിബിന്റെ കൂടെയുണ്ടായിരുന്ന രഞ്ജിത്തിനെയാണ് ഞങ്ങൾ പിന്നീട് വിളിച്ചത്. അവൻ ഫുഡ് പോയ്സൺ കാരണം ആശുപത്രിയിലായിരുന്നു. അവന്റെ ഒരു കാൽ അത് മൂലം തളർന്നുപോയിരുന്നു. സന്ദീപിന്റെ സംഭവം സത്യമാണെന്ന് അവൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ നാട്ടിലെ ഏജന്റ് സ്റ്റീവിനെ വിളിച്ചു. അയാൾ ഞങ്ങളോട് പറഞ്ഞത് സുരക്ഷിതരായി ഇരിക്കാനും, വേറെ ജോലിയിലേക്ക് മാറ്റം വാങ്ങിത്തരാമെന്നുമായിരുന്നു. സിബിനെ വിളിച്ചപ്പോഴും അവനും ഞങ്ങളെ കയ്യൊഴിഞ്ഞു. ആരും ഇല്ലാതെയായി പോയ ഒരു ഫീലായിരുന്നു അപ്പോൾ ഞങ്ങൾക്ക്.” സന്തോഷ് വിശദമാക്കി.
സന്ദീപ് കൊല്ലപ്പെട്ടതിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താൽ തങ്ങളെ ബോർഡറിലേക്ക് മാറ്റുമെന്നും റഷ്യയിലെ ഏജന്റായ സന്ദീപ് ഭീഷണിപ്പെടുത്തിയതായി സന്തോഷ് പറയുന്നു. ഇക്കാര്യത്തെ കുറിച്ച് പറയാതിരുന്നാൽ സേഫ് ആയ ഇടത്തേക്ക്, അതായത് സിബിന്റെ അടുത്തേക്ക് തങ്ങളെ മാറ്റാമെന്ന വാഗ്ദാനവും റഷ്യൻ ഏജന്റ് സന്ദീപ് നൽകി.
യുദ്ധത്തിന്റെ ഭീകരതയും നിസ്സഹായതയും
“മാധ്യമങ്ങളിൽ സന്ദീപ് കൊല്ലപ്പെട്ട വാർത്ത വന്നതിന് പിന്നാലെ ഞങ്ങളെ ബോർഡറിലേക്ക് മാറ്റാനുള്ള ഉത്തരവ് വന്നു. അത് അറിഞ്ഞപ്പോൾ ശരിക്കും ഞങ്ങളെല്ലാവരും പേടിച്ചു. തോക്കടക്കം എല്ലാ സാധനങ്ങളും എടുക്കാനുള്ള ഉത്തരവും വന്നു. ആ സമയത്താണ് ഇന്ത്യൻ എംബസി വാർത്തകളിലൂടെ കാര്യങ്ങൾ അറിഞ്ഞ് ഇടപെടുന്നത്. അവർ ഞങ്ങളെ വിളിച്ച് സംസാരിക്കുമായിരുന്നു. രാംകുമാർ സാർ ആയിരുന്നു ഞങ്ങളോട് സംസാരിച്ചിരുന്നത്. കുഴപ്പമൊന്നുമില്ല ധൈര്യമായിട്ടിരിക്കാനാണ് അദ്ദേഹം പറഞ്ഞത്. ബോർഡറിലേക്ക് മാറ്റിയപ്പോൾ ബഹൂതി ബാച്ചിലായിരുന്നു ഞങ്ങൾ. ബോർഡറിലേക്കുള്ള യാത്രാമദ്ധ്യേ വഴിയിലെല്ലാം യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ നിറയെ കാണാൻ കഴിയും. തകർന്ന വീടുകളും വാഹനങ്ങളും കെട്ടിടാവശിഷ്ടങ്ങളും കൊണ്ട് വഴിയാകെ നിറഞ്ഞിരുന്നു. ബോർഡറിലെ ക്യാമ്പിലെത്തിയതിന് ശേഷം വിശ്രമിക്കാനാണ് പറഞ്ഞത്, കാരണം പിറ്റേദിവസം വെടിവെപ്പുണ്ട്. അത് കേട്ടപ്പോൾ ആകെ ടെൻഷനായി. ഇടിഞ്ഞുവീഴാറായ ഒരു കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു ഞങ്ങൾക്ക് താമസം. ഒന്നുകിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെടും, അല്ലെങ്കിൽ ഇതിന്റെയൊക്കെ കുലുക്കത്തിൽ കെട്ടിടം ഇടിഞ്ഞു വീണു മരിക്കും എന്ന സ്ഥിതിയിലായിരുന്നു അവിടെ നിന്നത്.
അമേരിക്കയിലും സെനഗലിലുമുള്ള രണ്ട് പേരെ കണ്ടപ്പോൾ ഞങ്ങൾക്ക് സമാധാനമായി, അവർ മുൻപ് ഒരുമിച്ച് ക്യാമ്പിലുണ്ടായിരുന്നവരായിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചൈനക്കാർ എല്ലാവരും കൊല്ലപ്പെട്ടുവെന്ന് ഇവർ രണ്ടുപേരുമാണ് ഞങ്ങളോട് പറഞ്ഞത്. പുറത്തിറങ്ങുമ്പോൾ സൂക്ഷിച്ച് ഇറങ്ങണമെന്നും ഏത് നിമിഷവും ഡ്രോൺ ആക്രമണം ഉണ്ടാവുമെന്നും അവർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അവിടെ വെച്ചാണ് ഞങ്ങൾ മാധ്യമങ്ങൾക്ക് വീഡിയോ അയച്ച് നൽകുന്നത്. അതിന് ശേഷമാണ് ഇന്ത്യയിൽ എല്ലാ മാധ്യമങ്ങളും വിവരം അറിയുന്നതും തുടർ നടപടികൾ വേഗത്തിലാക്കുന്നതും. പിറ്റേദിവസം തൊട്ട് ഞങ്ങൾക്ക് മെഡിക്കൽ ഇവാക്ക്വേഷൻ ആയിരുന്നു. അപ്പുറത്തെ ക്യാമ്പിൽ നിന്നും സിബിയെയും ഞങ്ങളുടെ കൂടെ നിയമിച്ചു. പക്ഷേ ഇവാക്ക്വേഷൻ വളരെ അപകടം പിടിച്ച പണിയാണ്. യുദ്ധത്തിനിടെ പരിക്കേറ്റ് കിടക്കുന്ന സൈനികരെ അവിടെപ്പോയി എടുത്തുകൊണ്ടുവരണം. ഒരാഴ്ചയിൽ ഒരുമിച്ചാണ് ഭക്ഷണവും വെള്ളവുമൊക്കെ കൊണ്ടുവരാറ്. പത്ത് ദിവസം കൂടുമ്പോഴാണ് കുളിച്ചിരുന്നത്. അപ്പുറത്തുള്ള കുഴികളാണ് ബാത്ത്റൂമായി ഉപയോഗിച്ചത്. എപ്പോഴും മിസൈൽ പോയികൊണ്ടിരിക്കുകയാവും. യുക്രെയ്നിലെ ബക്മത്ത് എന്ന പ്രധാനപ്പെട്ട യുദ്ധമുഖത്തേക്ക് ഞങ്ങളുടെ ക്യാമ്പിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പുറത്ത് മിസൈൽ വന്ന് പതിക്കുമ്പോഴൊക്കെ ഞങ്ങളുടെ കെട്ടിടം കുലുങ്ങും. നമ്മുടെ തൊട്ടടുത്ത് നിന്നാണ് മിസൈലുകൾ അപ്പുറത്തേക്ക് വിടുന്നത്, അതിനിടയിൽ വെടിവെപ്പും നടക്കുന്നുണ്ട്.
തോക്ക് ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്ന കള്ളം പറഞ്ഞതുകൊണ്ട് സെക്യൂരിറ്റി പണിയും ഇവാക്ക്വേഷനുമാണ് ഞങ്ങൾക്ക് കിട്ടിയത്. ക്ലീനിങ് ജോലിക്കായി രണ്ട് ശ്രീലങ്കക്കാരെയും സിറിയക്കാരെയും പിന്നീട് കൊണ്ടുവന്നു. യുദ്ധം നടന്ന സ്ഥലം ശവപ്പറമ്പ് ആയിരുന്നു. നോക്കുന്ന എല്ലായിടത്തും ശവങ്ങളായിരുന്നു. പേടിച്ചുകൊണ്ടാണ് ഓരോ രാത്രിയിലും കിടന്നുറങ്ങിയത്.” സന്തോഷ് യുദ്ധത്തിന്റെ ഭീകരതകൾ ഓർമ്മിച്ചെടുത്തു.
ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ദിനങ്ങൾ
യുദ്ധം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് തങ്ങളെ തിരിച്ച് വിളിക്കാനുള്ള ഇന്ത്യൻ എംബസിയുടെ ഓർഡർ വരുന്നതെന്നാണ് സന്തോഷ് പറയുന്നത്. “ഇന്ത്യക്കാരെയെല്ലാം തിരിച്ചയക്കണമെന്ന ഇന്ത്യൻ എംബസിയുടെ ഓർഡർ വന്നത് റഷ്യൻ ഏജന്റ് സന്ദീപ് ആണ് ഞങ്ങളെ വിളിച്ച് പറയുന്നത്. പിറ്റേദിവസം തന്നെ എംബസിയിൽ നിന്ന് വണ്ടിവന്നു. ‘ഇന്ത്യക്കാരെല്ലാം വേഗം റെഡി ആയിക്കോ, ഗോ ടു ഹോം’ എന്നാണ് റഷ്യൻ ഓഫീസർ പറഞ്ഞത്. ഞാൻ, റെനിൽ, സിബി എന്നിവരെ കൂടാതെ ആറ് ഹിന്ദിക്കാരും രണ്ട് തമിഴരും അടക്കം ആകെ 11 പേർ ഉണ്ടായിരുന്നു. വണ്ടിയിൽ നേരെ റോസ്തോവിലുള്ള ആശുപത്രിയിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. ആറ് ദിവസം ആശുപത്രിയിൽ റസ്റ്റ് ആയിരുന്നു. വിസ, പാസ്പോർട്ട് ഒക്കെ ക്യാൻസൽ ചെയ്യാനുള്ള പേപ്പർ വർക്കുകളെല്ലാം ആശുപത്രിയിൽ വെച്ചാണ് ചെയ്തത്. അവിടെ നല്ല ഭക്ഷണമൊക്കെയായിരുന്നു. അവിടെയെത്തിയപ്പോഴാണ് നല്ല പോലെയൊന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞത്. ആരോഗ്യം ഉണ്ടായിരുന്നെങ്കിലും എണീറ്റ് നടക്കാൻ പോലും കഴിയാത്ത അത്ര ക്ഷീണമായിരുന്നു. അത് കഴിഞ്ഞ് മോസ്കോയിലെ എംബസിയിലെത്തി റഷ്യൻ പാസ്പോർട്ട് എല്ലാം ക്യാൻസലാക്കി. പേപ്പർ വർക്കുകളെല്ലാം ശരിയാക്കി. ആറ് മാസം നിന്നാലെ റഷ്യൻ പാസ്പോർട്ട് വാലിഡ് ആവുകയുള്ളൂ. ഞങ്ങൾ അഞ്ച് മാസമേ ആയിരുന്നുള്ളൂ. പിന്നെ എംബസിയാണ് ടിക്കറ്റ് എടുത്ത് തന്നത്. അന്ന് ആറ് മണിയുടെ ഫ്ലൈറ്റിന് അവിടെന്ന് തിരിച്ചു, പിറ്റേന്ന് പുലർച്ചെ നാല് മണിക്ക് ഡൽഹി എയർപോർട്ടിലെത്തി. അവിടെ സി.ബി.ഐ ഉദ്യോഗസ്ഥരുടെ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലുണ്ടായിരുന്നു. അവർ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അത് കഴിഞ്ഞ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു. സെപ്റ്റംബറിൽ തിരുവോണത്തിന് തലേന്നാണ് വീട്ടിലെത്തിയത്.” സന്തോഷ് ദീർഘനിശ്വാസത്തോടെ പറഞ്ഞുനിർത്തി.
ജീവനോടെ നാട്ടിലെത്തിയെങ്കിലും യുദ്ധവും അതിന്റെ ഭീകരതയും സൃഷ്ടിച്ച ആഘാതം സന്തോഷിനെ ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് ആ കണ്ണുകളിൽ കാണാൻ കഴിയും. യുദ്ധത്തെ കുറിച്ച് വിശദീകരിക്കുമ്പോൾ ഭയം മുഖത്ത് നിഴലിച്ചിരുന്നു. രാത്രി പലപ്പോഴും ദുഃസ്വപ്നങ്ങൾ കണ്ട് സന്തോഷ് ഞെട്ടിയുണരാറുണ്ട്. കണ്ണടയ്ക്കുമ്പോഴെല്ലാം വോക്കിടോക്കിയുടെയും വയർലെസിന്റെയും ആർമി ഓഫീസർമാരുടെയും വെടിയൊച്ചകളുടെയും ശബ്ദം നിരന്തരം കേൾക്കുന്നതായും സന്തോഷ് പറയുന്നു. ഇത് സന്തോഷിന്റെ മാത്രം അവസ്ഥയല്ല, ഇന്ത്യയിൽ നിന്നും ഏകദേശം എഴുപതോളം പേരാണ് ഇത്തരത്തിൽ കൂലിപ്പട്ടാളത്തിലെത്തി പരിക്കേറ്റും അല്ലാതെയും സ്വന്തം നാട്ടിൽ ജീവനോടെ തിരിച്ചെത്തിയത്. കേരളത്തിൽ തൃശ്ശൂരല്ലാതെ അഞ്ചുതെങ്ങായിരുന്നു മനുഷ്യക്കടത്ത് സംഘത്തിന്റെ മറ്റൊരു പ്രധാന കേന്ദ്രം. ഏറ്റവും അടിസ്ഥാന ജനവിഭാഗങ്ങളെയാണ് ഇത്തരത്തിൽ മനുഷ്യക്കടത്തിന് വേണ്ടി ചൂഷണം ചെയ്യുന്നതെന്നാണ് ഇതിൽ പ്രധാനപ്പെട്ട മറ്റൊരു കാര്യം. കേരളത്തിന് പുറത്ത് തമിഴ്നാട്, ഹൈദരാബാദ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആരാണ് ഇത്തരം സംഘങ്ങളെയെല്ലാം നിയന്ത്രിക്കുന്നത്? ഇനിയും റഷ്യയിൽ കുടുങ്ങി കിടക്കുന്ന അഞ്ചോളം മലയാളികളുടെ നിലവിലെ സ്ഥിതിയെന്താണ്? അവരുടെ മോചനം സാധ്യമാണോ? ഇത്രയും സംഭവവികാസങ്ങൾ അരങ്ങേറിയിട്ടും ഇന്ത്യയിൽ സജീവമായി നിൽക്കുന്ന മനുഷ്യക്കടത്ത് സംഘത്തിനെതിരെ ഗവണ്മെന്റ് എന്ത് നടപടികളാണ് സ്വീകരിച്ചത്? കേരളീയം അന്വേഷണം രണ്ടാം ഭാഗത്തിൽ വായിക്കാം.