Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഭാഗം – 2
റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയെങ്കിലും റഷ്യയിൽ ഇപ്പോഴും കുടുങ്ങികിടക്കുന്ന ജെയ്നിനെയും ബിനിലിനെയും രഞ്ജിത്തിനെയും ഓർത്ത് സന്തോഷിന് മനസമാധാനമില്ല. ഇവരെ മൂന്ന് പേരെയും കൂടാതെ സിബിൻ, റോയ് എന്നീ രണ്ട് മലയാളികളുമടക്കം ആകെ അഞ്ച് മലയാളികളാണ് ഇപ്പോഴും റഷ്യയിലുള്ളത്. അധികം അപകടകരമായ മേഖലയിൽ അല്ലാത്തതുകൊണ്ട് തന്നെ സിബിനും റോയ്ക്കും നാട്ടിലേക്ക് മടങ്ങിവരാൻ താത്പര്യമില്ലെന്നാണ് സന്തോഷ് കേരളീയത്തോട് പറഞ്ഞത്. ജെയ്നും ബിനിലും യുദ്ധമുഖത്തുള്ള സൈനികർക്ക് ഭക്ഷണം, വെള്ളം മറ്റ് ആവശ്യ സാധങ്ങൾ തുടങ്ങിയവയെല്ലാം എത്തിക്കുന്ന ജോലിയിലാണ്. കാടുകളിലെ ബങ്കറിനുള്ളിലാണ് ഇരുവരും താമസം. നേരത്തെ ഫുഡ് പോയ്സൺ പിടിപെട്ട് ഒരു കാൽ തളർന്നുപോയ രഞ്ജിത്ത് റഷ്യയിലെ ഏതോ ആർമി ഹോസ്പിറ്റലിലാണെന്നും സന്തോഷ് പറയുന്നു.
റഷ്യയിൽ കുടുങ്ങി കിടക്കുന്ന തൃശ്ശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിലിന്റെ അളിയൻ സനീഷിനെ ബന്ധപ്പെട്ടപ്പോഴും കുടുംബത്തിന്റെ നിസ്സഹയാവസ്ഥയാണ് അറിയാൻ കഴിഞ്ഞത്. ബിനിലിനെയും ജെയ്നിനെയും എത്രയും പെട്ടന്ന് തന്നെ നാട്ടിലെത്തിക്കണമെന്നും, അവർ രണ്ട് പേരും അവിടെ സുരക്ഷിതരല്ലെന്നുമാണ് സനീഷ് പറയുന്നത്. റഷ്യൻ ആർമി സമ്മതിക്കാത്തതുകൊണ്ടാണ് ഇരുവർക്കും തിരിച്ചുവരാൻ സാധിക്കാത്തത് എന്നും സനീഷ് പറയുന്നു. “ബിനിലിന്റെയും ജെയ്നിന്റെയും വാട്സ്ആപ് മെസേജുകൾ വരുന്നുണ്ട്. ബിനിലിന്റെ അമ്മയെയും ഭാര്യയെയും വീഡിയോ കോളുകളും ചെയ്യാറുണ്ട്. അവരവിടെ ഒരു കാരണവശാലും സുരക്ഷിതരല്ല, കാരണം ഏത് നിമിഷവും എന്തും സംഭവിക്കാം എന്നുള്ള അവസ്ഥയാണ്” സനീഷ് കേരളീയത്തോട് പറഞ്ഞു. രണ്ടുപേരും അതിർത്തിയിൽ തന്നെയാണെന്നും, കൂടാതെ എപ്പോഴും ഡ്രോൺ അറ്റാക്കുകളും മിസൈൽ ആക്രമണങ്ങളുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും സനീഷ് കൂട്ടിച്ചേർത്തു. “അവരിപ്പോഴും ആർമിയുടെ കീഴിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. പട്ടാളക്കാർക്ക് ഭക്ഷണം എത്തിക്കുക, കമ്പിളി, സ്വെറ്ററുകൾ തുടങ്ങീ സാധനങ്ങൾ എത്തിക്കുക എന്ന ജോലിയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.”
രണ്ടുപേരെയും നാട്ടിൽ തിരിച്ചെത്തിക്കുന്നതിനായി ജില്ലാ കളക്ടർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ. രാധാകൃഷ്ണൻ എം.പി, ഹൈബി ഈഡൻ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി എന്നിവർക്കെല്ലാം പരാതി നൽകിയിട്ടുണ്ടെന്നും സനീഷ് പറയുന്നു. “അടൂർ പ്രകാശ് എം.പി ആണ് ഈ പ്രശ്നം ലോകസഭയിൽ ആദ്യം ഉന്നയിച്ചത്. അദ്ദേഹത്തിനും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി അടക്കം എല്ലാവരും പ്രശ്നത്തിൽ ഇടപ്പെട്ടിടുണ്ട്. വിദേശകാര്യ മന്ത്രിക്ക് മെയിൽ അയച്ചിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ഒരു ഫോൺ വന്നിരുന്നു. കേന്ദ്ര ഗവണ്മെന്റ് അന്വേഷണം നടക്കുന്നത് കൊണ്ട് തന്നെ നമ്മൾ പൊലീസിൽ വേറെ പരാതിയൊന്നും നൽകിയിട്ടില്ല. എംബസി പേപ്പറുകൾ എല്ലാം തന്നെ ശരിയാക്കിയിട്ടുണ്ട്, എല്ലാ ഇന്ത്യക്കാരുടെയും കരാറുകൾ റദ്ദാക്കിയിട്ടുണ്ട്. പക്ഷേ റഷ്യൻ ആർമി ഓഫീസർ അവരെ നാട്ടിലേക്ക് വിടുന്നില്ല എന്നാണ് ഞങ്ങൾക്ക് കിട്ടിയ മറുപടി. ഇനിയെന്താണ് തടസം എന്ന് ഞങ്ങൾക്ക് അറിയില്ല.” സനീഷിന്റെ വാക്കുകളിൽ നിസ്സഹായത നിറഞ്ഞു.
ജെയ്നിന്റെയും ബിനിലിന്റെയും തിരിച്ചുവരവിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നാണ് നോൺ റസിഡന്റ് കേരളൈറ്റ്സ് അഫയർസ് (NORKA) സി.ഇ.ഒ അജിത്ത് കോലാശ്ശേരി പറയുന്നത്. “അവരിപ്പോൾ റഷ്യൻ മിലിറ്ററിയുടെ ഭാഗമാണ്. മിലിട്ടറിയിൽ നിന്നും നേരിട്ട് ആളെ വിടാൻ കഴിയില്ലലോ, അത് റഷ്യൻ ഗവണ്മെന്റിൽ പോയി, റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൽ പോയി, അവിടെ നിന്നും റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട്, അവിടെ നിന്നും മിലിട്ടറിയുമായി ബന്ധപ്പെട്ട് അങ്ങനെ കുറേ കാര്യങ്ങളുണ്ട്. കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ബോഡി വിട്ടുകിട്ടാൻ തന്നെ ഒരുപാട് സമയമെടുത്തു. ബിനിലിന്റെയും ജെയ്നിന്റെയും റിലീസിന് വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പതുക്കെയാണ് അത് വരുന്നത്. ഇന്ത്യക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അവരെ തിരിച്ചയക്കണമെന്നുള്ള കാര്യം പ്രധാനമന്ത്രി റഷ്യയിൽ പോയപ്പോൾ റഷ്യൻ പ്രസിഡന്റുമായി പറഞ്ഞിട്ടുള്ളതാണ്. മോസ്കോയിലെ ഇന്ത്യൻ എംബസിക്ക് അറിയാവുന്ന കാര്യമാണ് ഇതെല്ലാം. ഈ രണ്ട് പേരുടെ കാര്യവും എംബസിയുടെ ശ്രദ്ധയിൽ പലപ്പോഴും കൊണ്ടുവന്നിട്ടുള്ളതാണ്. വാർ സോണിൽ ആയതുകൊണ്ട് തന്നെ അവരാരും അവിടെ സുരക്ഷിതരല്ല. യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്നെയാണ് അവർ ജോലിയെടുക്കുന്നതും.” നോർക്ക സി.ഇ.ഒ പറയുന്നു.
കൂടാതെ, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ സി.ബി.ഐയുടെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, അഞ്ചുതെങ്ങിലെ മനുഷ്യക്കടത്തിൽ പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നോർക്ക സി.ഇ.ഒ അജിത്ത് കോലാശ്ശേരി കേരളീയത്തോട് പറഞ്ഞു.
തൃശൂർ സ്വദേശിയായ സിബിന്റെ ബന്ധുക്കൾ കൂടിയാണ് ജെയ്നും ബിനിലും. നാട്ടിലെ ഏജന്റായ സ്റ്റീവും റഷ്യൻ ഏജന്റ് ആയ സന്ദീപും, സന്തോഷും മറ്റുള്ളവരും റഷ്യയിലേക്ക് വരുന്നതിന് മുൻപുള്ള അവരുടെ സംശയങ്ങളും ആശങ്കകളും മറ്റും തീർത്തുകൊടുത്തിരുന്നത് സിബിൻ മുഖേനയാണ് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനകാര്യം. നാട്ടിലെത്തി സ്റ്റീവിനെ ബന്ധപ്പെട്ടപ്പോൾ, കൊല്ലപ്പെട്ട സന്ദീപ് തനിക്ക് തരാനുള്ള വിസയുടെ ബാക്കിത്തുകയെ കുറിച്ച് മാത്രമാണ് പറഞ്ഞതെന്നാണ് സന്തോഷ് കേരളീയത്തോട് പറഞ്ഞത്. റഷ്യൻ ഏജന്റായ സന്ദീപ് റഷ്യയിൽ സ്പാ നടത്തുകയാണെന്നും, അയാളുടെ ഭാര്യാ പിതാവ് റഷ്യൻ ആർമിയിലെ തന്നെ ഉദ്യോഗസ്ഥനാണെന്നും റഷ്യൻ യുവതിയെയാണ് സന്ദീപ് കല്ല്യാണം കഴിച്ചിരിക്കുന്നതെന്നും സന്തോഷ് ഓർത്തെടുക്കുന്നുണ്ട്. റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്കുള്ള കേരളത്തിൽ നിന്നുള്ള പ്രൈമറി സോഴ്സ് ആണ് സന്ദീപ് എന്ന് ഈ സംഭവങ്ങളിൽ നിന്നെല്ലാം വ്യക്തമാണ്.
മനുഷ്യക്കടത്ത് ആരും അറിയുന്നില്ലേ?
കേരളത്തിലെയോ കേന്ദ്രത്തിലെയോ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചാലക്കുടിയിലുള്ള സ്റ്റീവ് എന്ന ഏജന്റിനെയോ റഷ്യൻ ഏജന്റ് സന്ദീപിനെയോ ബന്ധപ്പെടാനോ തെളിവുകൾ ശേഖരിക്കാനോ തയ്യാറാവുന്നില്ല എന്നത് അതിശയകരമായ കാര്യമാണ്. തൃശൂരിൽ മാത്രമല്ല, തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിലും കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ഹൈദരാബാദ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലും വ്യാപിച്ചുകിടക്കുന്ന പരസ്പരം പലവിധത്തിൽ ബന്ധമുള്ള മനുഷ്യക്കടത്ത് ചങ്ങലയാണ് ഇതിന് പിന്നില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് മനുഷ്യരുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യുക എന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് ഇവിടെ അരങ്ങേറുന്നത്. ചാലക്കുടിയിലുള്ള ഏജന്റ് സ്റ്റീവിനെ കാണാൻ ചെന്നപ്പോൾ അയാളുടെ ഓഫീസ് എന്ന പേരിൽ ഇവർക്കെല്ലാം കാണിച്ചുകൊടുത്തത് റെയിൽവെ സ്റ്റേഷൻ പാർക്കിങ്ങിന് എതിർവശത്തുള്ള യുവാക്കളും കുട്ടികളും ചെസ്സ് കളിക്കുന്ന ഒരു ക്ലബ്ബ് ആയിരുന്നു. കൃത്യമായ ഐഡന്റിറ്റിയോ രേഖകളോ ഇല്ലാതെ മറ്റൊരു ജോലിക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തികച്ചും മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം റിക്രൂട്ട്മെന്റുകൾ നിർബന്ധിത തൊഴിൽ ചൂഷണത്തിലേക്കും ആധുനിക കാലത്തെ അടിമത്വത്തിലേക്കുമാണ് യുവാക്കളെ എത്തിക്കുന്നത്.
അഞ്ചുതെങ്ങിലെ മനുഷ്യക്കടത്ത്
തൃശ്ശൂരിലെ പോലെ തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ നിന്നും പൂവാറിൽ നിന്നും റഷ്യൻ പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടന്നിട്ടുണ്ട്. 2023 നവംബർ ഒന്നിനാണ് സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജോലിക്കെന്ന പേരിൽ പൂവാറിൽ നിന്നും ഡേവിഡ് മുത്തപ്പൻ (23) റഷ്യയിലേക്ക് യാത്ര തിരിക്കുന്നത്. റഷ്യൻ യുദ്ധത്തിൽ പങ്കെടുത്ത് ഡ്രോൺ ആക്രമണത്തിൽ ഒരു കാലിന് പരിക്കേറ്റാണ് ഡേവിഡ് നാട്ടിലേക്ക് തിരിച്ചെത്തിയത്. മൂന്നര ലക്ഷത്തോളം രൂപ ഏജന്റിന് നൽകിയാണ് ഡേവിഡ് റഷ്യൻ സ്വപ്നങ്ങളിലേക്ക് യാത്ര തിരിച്ചത്.
അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള പ്രിൻസ് സെബാസ്റ്റ്യൻ (24), ടിനു പനിയടിമ (25), വിനീത് സിൽവ (23) എന്നീ മൂന്ന് യുവാക്കളാണ് റഷ്യൻ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. യേശുദാസ് പ്രിയൻ എന്ന കഴക്കൂട്ടത്തുള്ള ഒരു ഏജന്റ് വഴിയാണ് മൂവരും റഷ്യയിലെ ജോലി സാധ്യതകളെ കുറിച്ചറിയുന്നത്. ഏഴ് ലക്ഷത്തോളം രൂപയാണ് ഇവർ വിസയ്ക്ക് വേണ്ടി ഏജന്റിന് നൽകിയത്. റഷ്യയിൽ അലക്സ് എന്ന ഏജന്റ് ആണ് ഇവരുടെ മറ്റ് കാര്യങ്ങളൊക്കെ ചെയ്തിരുന്നത്. പ്രിൻസും, വിനീതും നാട്ടിൽ തിരിച്ചെത്തിയത് ഗുരുതരമായ പരിക്കുകളോടെയായിരുന്നു. രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളവും കൂടാതെ 50,000 രൂപ അലവൻസുമായിരുന്നു ഏജന്റ് ഇവരോട് വാഗ്ദാനം ചെയ്തിരുന്നത്. കൂടാതെ ഒരു വർഷത്തിന് ശേഷം റഷ്യൻ പൗരത്വം ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇവരുമായി കരാർ ഒപ്പിട്ടതും നിർബന്ധിത സൈനിക സേവനത്തിന് അയക്കുന്നതും. മൂവരുടെയും വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ എത്തിയപ്പോഴാണ് മക്കൾ റഷ്യൻ കൂലിപട്ടാളത്തിലേക്കാണ് ആണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് വീട്ടുകാർ പോലുമറിയുന്നത്.
‘ബാബ വ്ലോഗ്സും’ ഫൈസൽ ഖാനും
റഷ്യൻ കൂലിപട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വാർത്തകളിലും ചർച്ചകളിലും ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരാണ് ഫൈസൽ ഖാൻ. ആരാണ് ഇയാൾ? എങ്ങനെയാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ റഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അയക്കുന്നത്? ഫൈസൽ അബ്ദുൽ മുത്തലിബ് ഖാൻ എന്ന ഫൈസൽ ഖാന്റെ യൂട്യൂബ് ചാനലായ ‘ബാബ വ്ലോഗ്സ്’ വഴി നിരവധി പേരാണ് വിദേശരാജ്യങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ആളുകളെ വിദേശത്തേക്ക് കയറ്റിയയക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസിയായാണ് ബാബ വ്ലോഗ്സ് പ്രവർത്തിക്കുന്നത് എന്നുതന്നെ പറയാം. ആകെ 35 പേരെയാണ് ഫൈസൽ ഖാൻ ഇതുവരെ റഷ്യയിലെത്തിച്ചത്. ഇങ്ങനെ അയക്കുന്ന ആളുകളെ യുദ്ധത്തിന്റെ മുൻനിരയിലോ അപകടമേഖലയിലോ വിന്യസിക്കില്ലെന്ന് റഷ്യൻ ഏജന്റുമാർ തനിക്ക് ഉറപ്പ് തന്നിരുന്നുവെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ പ്രതികരണത്തിൽ ഫൈസൽ ഖാൻ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഇത്തരമൊരു തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ അപകടസാധ്യതയെ കുറിച്ച് തന്നെ സമീപിക്കുന്നവർക്കെല്ലാം താൻ ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ടെന്നും ഫൈസൽ ഖാൻ പറയുന്നുണ്ട്.
ഹൈദരാബാദ് സ്വദേശി മുഹമ്മദ് അഫ്സാൻ (30) എന്ന യുവാവ് റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതോടുകൂടിയാണ് ഇന്ത്യയിൽ നിന്നും റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിന്റെ നടുക്കുന്ന വാർത്തകൾ പുറംലോകമറിയുന്നത്. അഫ്സാൻ കൊല്ലപ്പെട്ടതിന് ശേഷം അയാളുടെ സഹോദരനാണ് ബാബ വ്ലോഗ്സിനെ കുറിച്ചും ഫൈസൽ ഖാൻ വഴിയാണ് അഫ്സാൻ റഷ്യയിലെത്തിയതെന്നും വെളിപ്പെടുത്തലുകളുണ്ടായി. “റഷ്യയ്ക്ക് യുദ്ധത്തിൽ പോരാടാൻ മാൻ പവർ ആവശ്യമാണ്. പക്ഷേ നിങ്ങൾ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കേണ്ടതില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുക. സൈനിക ക്യാമ്പുകളിൽ ഹെൽപ്പർമാരായും സെക്യൂരിറ്റിമാരായും നിൽക്കുക.” റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നും തന്റെ യൂട്യൂബ് ചാനൽ വഴി ഫൈസൽ ഖാൻ പറഞ്ഞ വാക്കുകളാണിത്. നവംബർ, ഡിസംബർ മാസങ്ങളിലായി പതിനാറോളം ഇന്ത്യക്കാരെയാണ് താൻ ഇതുവരെ റഷ്യയിൽ എത്തിച്ചതെന്നാണ് ഫൈസൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞത്. ഫൈസൽ ഖാനെ കൂടാതെ റഷ്യയിൽ നിന്നുള്ള ക്രിസ്റ്റീനയും മൊയ്നുദ്ദീൻ ചിപ്പയും ഇന്ത്യയിൽ നിന്നും റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിന്റെ കണ്ണികളാണ്. ഫൈസൽ ഖാൻ ഇപ്പോഴും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അഞ്ചുതെങ്ങിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അരുൺ നോർബെർട്ട്, യേശുദാസ് പ്രിയൻ എന്നീ തിരുവനന്തപുരം സ്വദേശികളായ ഏജന്റുമാരെ നേരത്തെ സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരുന്നു.
കുടിയേറ്റവും ആധുനിക സമൂഹവും
2009ലെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം നിർബന്ധിത തൊഴിൽ എന്നത് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിന്റെ പ്രധാന ഭാഗമാണ്. ടെക്സ്റ്റൈൽ, കാർഷിക-മത്സ്യബന്ധന മേഖലകൾ എന്നിവയിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ വിവിധ ഏജൻസികൾ വഴി റഷ്യയിലേക്ക് എത്തിപ്പെടുന്നത്. നോർത്ത് കൊറിയയിൽ നിന്നും ഓരോ വർഷവും ഇരുപതിനായിരത്തോളം പുരുഷന്മാരും സ്ത്രീകളുമാണ് റഷ്യയിലേക്ക് നിർബന്ധിത തൊഴിലിനായി എത്തുന്നത്. നൈജീരിയ, യുക്രെയ്ൻ, മധ്യ ഏഷ്യ, ചൈന, മാൾഡോവ എന്നീ പ്രദേശങ്ങളിൽ നിന്നും റഷ്യയിലെത്തുന്ന സ്ത്രീകളെയും കുട്ടികളെയും വേശ്യാവൃത്തിക്കും ഭിക്ഷാടനത്തിനുമാണ് റഷ്യൻ തെരുവുകളിൽ ഉപയോഗപ്പെടുത്തുന്നത്. മാത്രമല്ല ഏകദേശം നാല് മില്ല്യൺ തൊഴിലാളികളാണ് ഓരോ വർഷവും റഷ്യയിലേക്ക് നിർബന്ധിത തൊഴിലിനായി കുടിയേറുന്നതെന്ന് ഹാർവാർഡ് ഇന്റർനാഷണൽ റിവ്യൂവിന്റെ റിപ്പോർട്ട് ഉണ്ട്. 2018-ൽ നടന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന് വേണ്ടിയും, 2018-ലെ സോച്ചി വിന്റർ ഒളിമ്പിക്സിന് വേണ്ടിയും റഷ്യ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് നിർബന്ധിത തൊഴിലിന് വിധേയരാക്കപ്പെട്ട കുടിയേറ്റ തൊഴിലാളികളെയാണ് എന്നുള്ളത് റഷ്യയെ സംബന്ധിച്ച് അവരുടെ ഇക്കോണമിയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകമാണ്. 2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ- യുക്രൈൻ യുദ്ധം ലോകരാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധത്തിന്റെ അനന്തരഫലമെന്നോണം നിരവധി റഷ്യൻ ജനതയാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിപ്പോയത്. അതുകൊണ്ടുതന്നെ തങ്ങളുടെ സൈന്യത്തിന്റെ അംഗബലം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇതരരാജ്യങ്ങളിൽ നിന്നുള്ള ഇത്തരം അനധികൃത കുടിയേറ്റം റഷ്യ പ്രോത്സാഹിപ്പിക്കുന്നതെന്ന് വ്യക്തം.
മെച്ചപ്പെട്ട സാമൂഹിക സ്ഥിതി സ്വപ്നം കണ്ടാണ് എല്ലാ മനുഷ്യരും സ്വന്തം ജന്മനാട് വിട്ട് അന്യരാജ്യത്തേക്ക് കുടിയേറുന്നത്. അതിൽ തന്നെ അപകടകരമായ തൊഴിൽ ചെയ്യാൻ പോലും മനുഷ്യരെ പ്രേരിപ്പിക്കുന്നത് സാമ്പത്തികമായി സുരക്ഷിതത്വം ലക്ഷ്യം കണ്ടിട്ടുതന്നെയാണ്.
കുടിയേറ്റവും തൊഴിലും സംബന്ധിച്ച ബന്ധത്തെക്കുറിച്ചുള്ള വിലയിരുത്തൽ കേരളീയത്തോട് പങ്കുവെക്കുകയാണ് മണിപ്പാൽ സെന്റർ ഫോർ ഹ്യുമനിറ്റീസിൽ അസ്സോസിയേറ്റ് പ്രൊഫസർ മുഹമ്മദ് ഷഫീക് കരിങ്കുറയിൽ. നമ്മുടെ നാട്ടിൽ തൊഴിലിനെ നോക്കിക്കാണുന്നത്, ജീവിതത്തിന്റെ മറ്റ് മേഖലകളിൽ നമ്മൾ കൈവരിച്ച നേട്ടങ്ങളുടെ എൻഡ് പ്രൊഡക്ട് ആയിട്ടാണെന്നാണ് ഷഫീക് പറയുന്നത്. നമ്മുടെ നാട്ടിൽ ജോലി കിട്ടുക എന്നതിന്റെ അർത്ഥം സെറ്റിൽ ചെയ്യുക എന്നുള്ളതാണെന്നും ഷഫീക് പറയുന്നു. “ഇതുകൊണ്ട് കൂടിയാണ് നമ്മുടെ നാട്ടിൽ പലപ്പോഴും ആളുകൾ ലക്ഷങ്ങൾ കൊടുത്ത് ജോലിക്ക് കയറുന്നത്. കാരണം ജോലി കിട്ടുക എന്ന് പറയുന്നത് ജീവിതത്തിന്റെ എൻഡ് ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ എല്ലാ ജോലിക്കും അല്ലെങ്കിൽ എല്ലാ ജോലിക്കാർക്കും ഒരുപോലെയുള്ള റസ്പെക്ട് കിട്ടില്ല. അതിന്റെ കാരണം ജാതിവ്യവസ്ഥയുടെ ബാക്കിപത്രമാണെങ്കിലും, അതിന്റെ പ്രധാനമുഖമെന്ന് പറയുന്നത് നമ്മുക്ക് തൊഴിലിനെ കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ്. അത്തരം ജോലികളെ നമ്മൾ നോക്കിക്കാണുന്നത് ഒരു സെറ്റിലിങ്ങ് ആയിട്ടല്ല, മറിച്ച് മൊബിലിറ്റി ആയിട്ടാണ്. നമ്മുടെ നാട്ടിൽ ഒരാൾ കിട്ടിയ ജോലി രാജിവെക്കില്ല. പക്ഷേ ഒരു ജോലി രാജിവെച്ച് കുറച്ചുകൂടെ മെച്ചപ്പെട്ട ഒരു ജോലി അങ്ങനെ കയറുന്ന ഒരു മൊബിലിറ്റി കൾച്ചർ മറ്റ് രാജ്യങ്ങളിലുണ്ട്. രണ്ടാമത്തേത്, ഈ മൊബിലിറ്റി കൾച്ചർ ഉള്ളതുകൊണ്ട് തന്നെ ജോലി നമ്മുടെ അവസാന സെറ്റിലിങ് പോയന്റ് ആവുന്നില്ല. മറിച്ച് അടുത്ത ലക്ഷ്യത്തിലേക്കുള്ള ഒരു ബ്രിഡ്ജ് മാത്രമാണ്. അതുകൊണ്ട് തന്നെ നാട്ടിൽ ലക്ഷങ്ങൾ നൽകി ജോലി വാങ്ങാൻ കഴിയാത്തവർ, അവരവരുടെ കഴിവിനനുസരിച്ചുള്ള ജോലിയില്ലാത്തവർ ഒക്കെ പുറത്ത് പോയി ആ പണം നാട്ടിലെ റസ്പെക്ടബിൾ ആയിട്ടുള്ള ജോലിയിലേക്ക് ട്രാൻസലേറ്റ് ചെയ്യാനോ, അല്ലെങ്കിൽ പുറത്ത് സെറ്റിൽ ചെയ്യാനോ ആണ് ശ്രമിക്കുക. ഇതിന്റെ മറ്റൊരു വശം എന്താണെന്ന് വെച്ചാൽ പുറത്ത് എല്ലാ ജോലിക്കും ഒരുപോലെ റസ്പെക്ട് കിട്ടിയില്ലെങ്കിലും എല്ലാ ജോലിക്കാർക്കും റസ്പെക്ട് ലഭിക്കുന്നുണ്ട്. ഇന്ന് ബേക്കറിയിൽ സേർവ് ചെയ്യുന്ന വ്യക്തി നാളത്തെ ഡോക്ടർ ആയിരിക്കുമെന്ന ധാരണ പുറത്തൊക്കെയുണ്ട്. ജോലി എപ്പോഴും അവിടെയൊരു ഉപജീവന മാർഗ്ഗമാണ്, അല്ലാതെ സെറ്റിൽമെന്റ് അല്ല.” ഷഫീക് പറയുന്നു.
സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യംവെച്ചാണ് ഓരോ മനുഷ്യരും അന്യദേശത്തേക്ക് കുടിയേറിയതെന്ന് മനസിലാക്കാൻ കഴിയും. സന്തോഷും സന്ദീപും റെനിലും സിബിനും ബിനിലും പ്രിൻസും ഡേവിഡും തുടങ്ങി എല്ലാവരും ജീവിതം ഒരു കരയ്ക്ക് എത്തിക്കണമെന്ന സ്വപ്നത്തോടെ തന്നെയാണ് റഷ്യയിലേക്ക് യാത്രതിരിച്ചത്. പക്ഷേ സ്വപ്നങ്ങൾ മാത്രം ബാക്കിയായി പുതിയ പ്രതീക്ഷയിലും ഒരല്പം പേടിയോടെ അവരിവിടെ ജീവിച്ചുകൊണ്ടിരിക്കുന്നു.
സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളാണ് മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ടതെന്നും ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. കൃത്യമായ സാമൂഹിക മൂലധനമില്ലാത്ത മനുഷ്യർ കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് എല്ലാകാലത്തും ജന്മദേശത്ത് നിന്നും പലായനം ചെയ്തിട്ടുള്ളത്. ആദ്യ കാലങ്ങളിൽ സിലോണിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും അനധികൃത്യമായി കുടിയേറിയിരുന്ന മലയാളികൾ ഇന്ന് യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ തുടങ്ങീ മറ്റ് ഭൂഖണ്ഡങ്ങളിലേക്കും കുടിയേറ്റം വ്യാപിപ്പിച്ചിരിക്കുന്നു. സാമ്പത്തിക സുരക്ഷയും സാമൂഹിക ഉന്നമനവും പ്രതീക്ഷിച്ച് ഏതുതരം പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ അവർ തയ്യാറാവുന്നു. യുദ്ധം രൂക്ഷമായി നിൽക്കുന്ന, പ്രദേശവാസികൾ പോലും പാലായനം ചെയ്യുന്ന റഷ്യ പോലെയൊരു രാജ്യത്തേക്ക് കുടിയേറി, ഭീതിപ്പെടുത്തുന്ന തൊഴിൽ ചെയ്യാൻ മലയാളികൾ എന്തുകൊണ്ട് സന്നദ്ധമാകുന്നു എന്നത് കേരളം ഗൗരവത്തോടെ ചർച്ചചെയ്യേണ്ടതുണ്ട്. മാത്രമല്ല ഇത്തരം മനുഷ്യക്കടത്തുകൾ തടയാൻ സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ എന്തുകൊണ്ട് ഉണ്ടാവുന്നില്ല എന്നുള്ളതും ഒരു വലിയ പ്രശ്നമാണ്. ചാലക്കുടിക്കാരൻ സ്റ്റീവ് എന്ന ഏജന്റ് ഇപ്പോഴും റെയിൽവേസ്റ്റേഷൻ പരിസരത്തും മറ്റും സജീവമായി തന്നെയുണ്ട്. അയാൾക്ക് ഇനിയും ഇരകളെ കിട്ടിക്കൊണ്ടിരിക്കും. ഒരു മനുഷ്യജീവന് വെറും 2ലക്ഷം രൂപ വിലയിട്ട് അയാളല്ലെങ്കിൽ മറ്റൊരാൾ ഈ കണ്ണി തുടർന്നുകൊണ്ടേയിരിക്കും. അപ്പോഴും ഉറക്കം വരാത്ത രാത്രികളിൽ വെടിയൊച്ചകളും സൈനിക കമാന്റുകളും വോക്കി ടോക്കിയുടെ ശബ്ദവും കേട്ട് ചില മനുഷ്യർ മാത്രം ഞെട്ടിയുണരും!