

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മാർച്ച് 14, നദികള്‍ക്കായുള്ള അന്തര്‍ദേശീയ പ്രവൃത്തി ദിനത്തിൽ തൃശൂർ ജില്ലയിലെ മണലിപ്പുഴയുടെ സംരക്ഷണത്തിനായി നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാം.
എല്ലാ വർഷവും മാർച്ച് 14 നദികള്‍ക്കായുള്ള അന്തര്‍ദേശീയ പ്രവൃത്തി ദിനമായി ആചരിക്കുന്നു. നദികളുടെ സംരക്ഷണം, ആഘോഷം, അവബോധം സൃഷ്ടിക്കൽ എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസം. തൃശൂർ ജില്ലയിലെ പ്രധാന നദികളിൽ ഒന്നാണ് കരുവന്നൂർ പുഴ. അതിന്റെ പ്രധാന കൈവഴിയാണ് മണലിപ്പുഴ. 67 വർഷം മുമ്പ് പണി പൂർത്തീകരിച്ച കേരളത്തിലെ പഴക്കമുള്ള ഡാമുകളിൽ ഒന്നായ പീച്ചി ഡാം മണലിപ്പുഴക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. ആറ് പതിറ്റാണ്ടിൽ ഏറെയായി തൃശൂർ നഗരത്തിലിലേക്ക് നേരിട്ട് കുടിവെള്ളം പമ്പ് ചെയ്യുന്നത് പീച്ചി ഡാമിൽനിന്നാണ്. ജലസേചന പദ്ധതികളായ ഇടതുകര – വലതുകര കനാലുകൾ പീച്ചി ഡാമിന്റെ ഭാഗമാണ്. കൂടാതെ മണലിപ്പുഴ ഒഴുകുന്ന പഞ്ചായത്തുകളിൽ എല്ലാം അനവധി കുടിവെള്ള – ജലസേചന പദ്ധതികളും ഉണ്ട്. ഇപ്പോൾ തൃശൂർ നഗരത്തിലും, ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കരുവന്നൂർ പുഴയിൽ നിന്നുള്ള കുടിവെള്ള പദ്ധതികൾ വെള്ളമെത്തിക്കുന്നു. പുതിയതായി രൂപപ്പെടുന്ന ജലസേചന – കുടിവെള്ള പദ്ധതികൾ എല്ലാം കരുവന്നൂർ പുഴയിൽ നിന്നുള്ള പമ്പിങ്ങിനെയാണ് ആശ്രയിക്കുന്നത്. അവിടെയാണ് മണലിപ്പുഴ വലിയ തോതിൽ മലിനീകരിക്കപ്പെടുന്നതിലൂടെ ജില്ലയിലെ ശുദ്ധജല ലഭ്യതാ വിഷയം ഗൗരവകരമാകുന്നത്.


മണലിപ്പുഴ ഏറ്റവും മലിനീകരിക്കപ്പെടുന്നത് നെന്മണിക്കര പഞ്ചായത്തിലൂടെ ഒഴുകുമ്പോഴാണ്. അതും വർഷക്കാലത്താണ് പുഴയിലേക്ക് മലിനജലം ഒഴുകി വരുന്നത്. കഴിഞ്ഞ ഒരു ശദാബ്ദമായി കായൽ തോട്ടിലൂടെ വർഷക്കാലത്ത് മാസങ്ങളോളം ദുർഗന്ധം വമിക്കുന്ന മലിന ജലം മണലിപ്പുഴ കാഴ്‌ചകടവിൽ വന്നുചേരുന്നു. പുഴയിലേക്ക് ഒഴുകിയെത്തുന്ന കായൽതോട് മാലിന്യകൂമ്പാരമാണ്. നെന്മണിക്കര പഞ്ചായത്തിലെ വ്യാപാര-വ്യവസായ സ്ഥാപങ്ങൾ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. അവിടെ നിന്ന് പുറം തള്ളുന്ന ജൈവ, അജൈവ മാലിന്യങ്ങൾ സമീപത്തുള്ള കളിമൺ ഖനനം നടത്തിയ കുഴികളിൽ എത്തുകയും തുടർന്ന് വർഷക്കാലത്ത് തലോർ കായൽ തോട്ടിലൂടെ ഒഴുകി ദുർഗന്ധം വമിക്കുന്ന മലിന ജലം മണലിപ്പുഴ കാഴ്‌ചകടവിൽ വന്നുചേരുകയും ചെയ്യുന്നു. ഈ കടവിന് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും കുടിവെള്ള പദ്ധതി സ്ഥിതിചെയ്യുന്നത്. ഇ-കോളി ബാക്ടീരിയയുടെ ആധിക്യം മൂലം ഇവിടെ നിന്നുള്ള പമ്പിംഗ് നിർത്തിവെച്ചിരുന്നു. ഈ വെള്ളം തന്നയാണ് ജില്ലയിൽ പുതിയതായി തുടങ്ങിയ പല കുടിവെള്ള പദ്ധതികളുള്ള കരുവന്നൂർ പുഴയിൽ എത്തിച്ചേരുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള മണലിപ്പുഴ സംരക്ഷണ സമിതി 2016 ജൂണ്‍ മാസം മുതല്‍ നിരവധിയായ പ്രവര്‍ത്തനങ്ങൾ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ മണലിപ്പുഴയുടെ ഇരുവശമുള്ള കുടുംബങ്ങളില്‍ നടത്തിയ പഠനപ്രവര്‍ത്തനമായിരുന്നു മുഖ്യമായുള്ളത്. ഈ പഠനത്തില്‍ മണലിപ്പുഴ മലിനീകരിക്കപ്പെടുന്നത് എങ്ങനെ എന്ന വിഷയത്തില്‍ നിരവധിയായ വിവരങ്ങള്‍ ലഭിച്ചു. പുഴയിലെ വെള്ളത്തിന്റെ നിറവും, മണവും, ഗാഡതയും മാത്രമല്ല പുഴയോരത്തെ കിണറുകളിലെയും വെള്ളം മലിനപ്പെടുന്നതായി വ്യക്തമായി.


നെന്മണിക്കര പഞ്ചായത്തിലെ 90 ശതമാനത്തിലേറെ വയലുകളിലും കളിമൺ ഖനനം നടത്തിയ വലിയ കുഴികളാണ് ഉള്ളത്. ഈ കുഴികളില്‍ തളംകെട്ടി നില്‍ക്കുന്ന മലിനജലം പുഴയിലേക്ക് ഒഴുകുന്നതിന്റെ ദുര്‍ഗന്ധവും രൂക്ഷമാണ്. വേനൽക്കാലത്ത് ഇവിടെ നിക്ഷേപിക്കപ്പെടുന്നതും അതുപോലെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഒഴുക്കുന്നതുമായ മാലിന്യങ്ങൾ മഴക്കാലത്ത് പുഴയിലേക്ക് കുത്തിയൊലിക്കുന്നു. പുഴയോരത്തും പുഴയിലും ജൈവ-അജൈവ മാലിന്യങ്ങള്‍ നേരിട്ട് നിക്ഷേപിക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. തലോർ കായൽ മുതല്‍ ദേശീയപാതയ്ക്ക് ഇരുവശവും പാടത്ത് കക്കൂസ്-ആശുപത്രി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. കോഴി വേസ്റ്റും അറവുമാലിന്യങ്ങളും കാറ്ററിംഗ് മാലിന്യങ്ങളും കൂടാതെ റോഡിന്റെ ഇരുവശവും പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പുകളും ഹോട്ടലുകളും ഇവിടേക്കാണ് മാലിന്യങ്ങള്‍ തള്ളുന്നത്. പാലിയേക്കര ടോള്‍പ്ലാസയുടെ ഇരുവശത്തും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടേക്കാണ് തള്ളുന്നത്. പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ കക്കൂസായും ഈ പുഴയും പരിസരവും മാറിയിരിക്കുന്നു. ഈ മാലിന്യങ്ങൾ ടോൾ പ്ലാസയ്ക്ക് പടിഞ്ഞാറുള്ള അറക്കപാടത്ത് ഒഴുകി എത്തുകയും പാടത്തിന്റെ കരയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കിണറുകളും കുടിവെള്ള സ്രോതസുകളും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.


ഈ പുഴയുടെ പുനരുജ്ജീവനത്തിനായി ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചണ്ടിയും, കുളവാഴയും നീക്കം ചെയ്യുന്ന പ്രവര്‍ത്തിയും, ഇരുഭാഗത്ത് നിന്നും കുറ്റിചെടികളും, പച്ചപ്പും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തിയും കുറച്ചുവർഷം മുമ്പ് നടന്നിരുന്നു. പുഴയില്‍ അടിഞ്ഞുകൂടിയ ചെളിയും, മണ്ണും നീക്കം ചെയ്യുന്നു എന്ന് പറഞ്ഞ് പുഴയിലെ മണ്ണ് ഖനനം ചെയ്ത്, ലേലം ചെയ്യുന്ന പ്രവർത്തി രണ്ട് തവണ നടന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ശാസ്ത്രീയമായ ഒരു പഠനവും നടന്നിട്ടില്ല. പുഴയുടെ ആഴം കൂടുന്നത് വെള്ളപൊക്കം ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുയും, വേനൽക്കാലത്ത് തീരദേശ പഞ്ചായത്തുകളിൽ ഓരുവെള്ളം കയറുന്നത് കൂടുന്നതിന് ഇടയാക്കുകയും ചെയ്യും. മണലിപ്പുഴയുടെ ഇരുകരയിൽ നിന്നും പുഴയിലേക്കുള്ള മലിനീകരണം തടയുന്നതിന് ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മണലിപ്പുഴയുടെ പുനരുജ്ജീവനം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിന് ഒരു വിദഗ്ദ സമിതിയെ അടിയന്തിരമായി നിയോഗിക്കണം. തലോര്‍ കായല്‍ പാടത്തും, അറക്കപാടത്തും കക്കൂസ് ആശുപത്രിമാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ നടപടികള്‍ വേണം.


തരിശായി കിടക്കുന്ന മേല്‍പറഞ്ഞ കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനും, കൃഷിയിറക്കുന്നതിനും സാധിച്ചാല്‍ മാലിന്യനിക്ഷേപം തടയുന്നതിനും കുടിവെള്ള സ്രോതസുകളെ സംരക്ഷിക്കുന്നതിനും സാധിക്കും. മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാതെ വർക്ക്ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളും കോഴികടകളും അറവുകേന്ദ്രങ്ങളും പ്രവര്‍ത്തിക്കരുതെന്ന നിബന്ധന കര്‍ശനമാക്കണം. മണലിപ്പുഴയിലേക്ക്, കായൽ തോട്ടിലേക്ക് നേരിട്ട് മാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. കേവലം ഒന്നോ രണ്ടോ ദിവസങ്ങൾകൊണ്ട് സംഘങ്ങളായി വിദഗ്ധ സമിതിയെകൊണ്ട് പഠനം നടത്തി ക്രമാനുഗതമായി കുറച്ച് വർഷങ്ങൾകൊണ്ട് പുഴയിലേക്ക് ഒഴുകുന്ന മലിനജലം കുറച്ച്, പുഴ മാലിന്യ മുക്തമാക്കാനുള്ള പദ്ധതികൾ പ്രാദേശിക ഭരണകേന്ദ്രങ്ങൾ നടപ്പാക്കണം. കൂടാതെ 2018 ലും 2024 ലും പുഴയുടെ അരികിലുള്ള പഞ്ചായത്തുകൾ അനുഭവിച്ച പ്രളയ ദുരിതം ഭീകരമായിരുന്നു. കോടികണക്കിന് രൂപയുടെ നഷ്ടമാണ് ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉണ്ടായത്. നീർച്ചാലുകൾ അനധികൃതമായി നികത്തപ്പെട്ടതും അശാസ്ത്രീയ ഹൈവേ നിർമ്മാണവും പ്രളയത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു.
ലോകത്ത് എല്ലാ ദിവസവും ഇരുപത് ദശലക്ഷം ടൺ മലിനജലം, വ്യാവസായിക, കാർഷിക മാലിന്യങ്ങൾ വെള്ളത്തിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്. അത് 6.8 ബില്യൺ വരുന്ന മുഴുവൻ മനുഷ്യ ജനസംഖ്യയുടെയും ഭാരത്തിന് തുല്യമാണ്! അതുകൊണ്ട് മനുഷ്യരാശിയുടെ നന്മയ്ക്കും നിലനിൽപ്പിനുമായി നമ്മുടെ നദികളെ സംരക്ഷിക്കേണ്ടത് അടിയന്തിര പ്രാധാന്യമുള്ള വിഷയമായി മാറിയിരിക്കുന്നു.