തമ്മിലടിപ്പിക്കുന്ന ബി.ജെ.പി തന്ത്രത്തിന്റെ ഇരയാണ് മണിപ്പൂർ

നൂറ് കണക്കിന് ആളുകൾ മരണപ്പെട്ട, ആയിരങ്ങളെ അഭയമില്ലാത്തവരാക്കിയ മണിപ്പൂർ സംഘർഷത്തിന് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്‌ ഇനിയും സാധിച്ചിട്ടില്ല. ​കത്തിയെരിഞ്ഞ ​ഗ്രാമങ്ങളിൽ നിന്നും ഓടിപ്പോയ മനുഷ്യർ പല ക്യാമ്പുകളിൽ ആശങ്കയോടെ കഴിയുകയാണ്. ജൂലൈ 6, 7, 8 തീയതികളിലായി ഇടത് എം.പിമാരായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ, ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, പി സന്തോഷ് കുമാർ, കെ സുബ്ബരായൻ എന്നിവരടങ്ങുന്ന സംഘം മണിപ്പൂരിലെ ക്യാമ്പുകളും പ്രശ്നബാധിത പ്രദേശങ്ങളും സന്ദർശിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന ബിനോയ് വിശ്വം എം.പി കേരളീയവുമായി സംസാരിക്കുന്നു.

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളും, ക്യാമ്പുകളും താങ്കൾ അടങ്ങുന്ന സംഘം സന്ദർശിച്ചുവല്ലോ.140 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഈ കണക്കുകൾ യഥാർത്ഥമാണോ? എത്ര മാത്രം ഭീകരമാണ് മണിപ്പൂരിലെ അവസ്ഥ?

ഇത്തരം വ്യാപകമായ സംഘർഷങ്ങളുണ്ടാകുന്നവേളയിൽ പുറത്തുവരുന്ന ഔദ്യോഗിക കണക്കുകളൊന്നും ശരിയാകണമെന്നില്ല. അതിനാൽ ഈ കണക്ക് തെറ്റാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഞങ്ങളവിടെ കണ്ട കാര്യങ്ങൾ കേട്ടതിനേക്കാൾ ഭയാനകമാണ്. മണിപ്പൂർ സമൂഹം പരസ്പരം അവിശ്വാസത്തിന്റെയും സംശയത്തിന്റെയും തടവിലിരിക്കുകയാണ്. ഞാൻ ഇതിനു മുൻപ് പല തവണ മണിപ്പുർ സന്ദർശിച്ചിട്ടുണ്ട്. കുക്കികളും, മെയ്തെയികളും, നാഗ വിഭാഗങ്ങളും ചേർന്നതാണ് മണിപ്പൂരിലെ ജനസമൂഹം. തൊണ്ണൂറുകളിൽ ഇവർക്കിടയിൽ സംഘർഷം ഉണ്ടായിട്ടുണ്ട്. ഇക്കുറി അതിന്റെ എല്ലാ മാനങ്ങളേയും ലംഘിച്ചുകൊണ്ട് അതിഭീകരമായ അന്തരീക്ഷത്തിലേക്കാണ് സംഘർഷം എത്തിയിരിക്കുന്നത്.

കാഞ്ചിപുരിലെ തകർക്കപ്പെട്ട ദേവാലയത്തിൽ ഇടത് എം.പി സംഘം

കലാപബാധിതർ താമസിക്കുന്ന നിരവധി ക്യാമ്പുകൾ ഞങ്ങൾ സന്ദർശിക്കയുണ്ടായി. എല്ലാ ക്യാമ്പുകളിലെയും കാഴ്ചകൾ ദുരിതം നിറഞ്ഞതാണ്. സർക്കാർ മൂന്നു നേരം ഭക്ഷണം മാത്രം നൽകിയാൽ പോരല്ലോ? സ്ത്രീകൾക്ക് ശുചിമുറികൾ വേണം. ആർത്തവകാലത്ത് ആവശ്യത്തിന് സാനിറ്ററി നാപ്കിനുകൾ വേണം. കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വവും, പോഷകാഹാരവും ഉറപ്പു വരുത്തണം. വൃദ്ധരായവർക്ക് കൃത്യമായ പരിചരണം കിട്ടണം. അതുപോലെ രോഗികൾക്ക് ചികിത്സ സഹായം വേണം. ഇതിന്റെയെല്ലാം അപര്യാപ്തത ക്യാമ്പുകളിലുണ്ട്. വീട് നഷ്ടപ്പെട്ടവരും ആത്മരക്ഷാർത്ഥം ഓടിവന്നവരുമാണ് ക്യാമ്പുകളിലുള്ളത്. അതിനാൽ സർക്കാർ ഇത്തരം അടിസ്ഥാന കാര്യങ്ങൾ ഉറപ്പു വരുത്തണം. നിരവധി വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളതെല്ലാം പോയി കണ്ടിരുന്നു.

ഇടത് എം.പി സംഘം മണിപ്പൂർ ഗവർണർ അനുസുയ യുക്കിയോടൊപ്പം

ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും, ആരാധനാലയങ്ങൾക്കുമെതിരെ വ്യാപകമായ അക്രമങ്ങൾ നടന്നല്ലോ ? അത്തരം സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നോ?

കേരളത്തിൽ ചില പുരോഹിതർ ഇപ്പോഴും മോദി ന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ വരും എന്ന് വിചാരിക്കുന്നവരുണ്ട്. റബറിന് വില കൂടുകയാണെങ്കിൽ ബി.ജെ.പി വരട്ടെ എന്നെല്ലാം ആഗ്രഹിക്കുന്നവരുമുണ്ട്. ഞാൻ പങ്കെടുത്ത ഒരു യോഗത്തിൽ ന്യൂനപക്ഷങ്ങൾക്ക് മണിപ്പുരിൽ ഒരു പ്രശ്നവുമില്ലെന്ന് ഒരു മത നേതാവ് പ്രസംഗിക്കുകയുണ്ടായി. അവരെല്ലാം മണിപ്പൂർ കാണണം. ന്യൂനപക്ഷങ്ങളോടുള്ള മോദി സ്നേഹം എന്താണെന്ന് അവർ മനസിലാക്കണം. ഇത്തരം യഥാർത്ഥ്യങ്ങൾ അവരുടെ കണ്ണ് തുറപ്പിക്കണം. ഞങ്ങൾ അവിടെയുള്ള വൈദികരെയും, കന്യാസ്ത്രീകളെയും കണ്ടിരുന്നു. ഇംഫാലിലെ ഏറ്റവും നല്ല കാത്തലിക് സ്‌കൂളിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ സഹിക്കുകയില്ല. എയർപോർട്ടിനടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ തകർന്ന കാഴ്ചകളും അസഹനീയമായിരുന്നു. ഇതെല്ലാമാണ് മണിപ്പൂരിലെ യാഥാർഥ്യങ്ങൾ.

മണിപ്പൂരിൽ നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ തല്ലിപ്പൊട്ടിച്ചുകൊണ്ടു പ്രതിഷേധമുണ്ടായല്ലോ. എങ്ങനെയാണു കേന്ദ്ര സർക്കാരിന്റെയും, ബി.ജെ.പി യുടെയും നടപടികൾ കലാപത്തിലേക്ക് നയിച്ചത്?

അതിന്റെ കാരണം ബി.ജെ.പി കളിച്ച നെറികെട്ട രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി ബി.ജെ.പി കുക്കികളോടും മെയ്തികളോടും ഒരേപോലെ സൗഹൃദം നടിച്ചു. ഒരേസമയം തങ്ങൾ രണ്ടു കൂട്ടർക്കും അനുകൂലമാണെന്ന് തോന്നിപ്പിച്ചു. എന്നാൽ ബി.ജെ.പി യഥാർത്ഥത്തിൽ രണ്ടു കൂട്ടരെയും കബളിപ്പിക്കുകയായിരുന്നു. ഇത് ഈ വിഭാഗങ്ങൾക്കിടയിൽ സംഘർഷങ്ങൾക്ക് കാരണമായി. സംഘർഷങ്ങളുടെ ഭാഗമായി കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. എന്നാൽ ഇപ്പോൾ ബി.ജെ.പി ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ഞങ്ങൾ എയർപോട്ടിൽ നിന്നും പോകും വഴിയെല്ലാം കാണുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ജി-20 ഹോർഡിങ്ങുകളാണ്. ‘മനുഷ്യമുഖമുള്ള വികസനം, മനുഷ്യത്വം, പുതിയ ലോകം’ എന്നീ വാചകങ്ങളുമായാണ് ഈ ബോർഡുകൾ നിൽക്കുന്നത്. കലാപം തുടങ്ങിയിട്ട് രണ്ടു മാസമായിട്ടും മണിപ്പൂർ എന്ന വാക്കുപോലും പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. എനിക്ക് അത്ഭുതമുള്ള കാര്യം മറ്റു കാര്യങ്ങളിൽ വാചാലനായ, 56 ഇഞ്ച് നെഞ്ചളവ് ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ഇപ്പോഴും ഈ വിഷയത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നതാണ്. അദ്ദേഹത്തിന് മണിപ്പൂർ എന്ന വാക്ക് അറിയില്ലേ എന്ന് ഞാൻ സംശയിക്കുകയാണ്. ഇതിന് മുൻപ് ഞാൻ മണിപ്പൂർ സന്ദർശിച്ചപ്പോൾ മോദിയുടെയും അവിടുത്തെ മുഖ്യമന്തി ബീരേൻ സിംഗിന്റെയും ഹോർഡിങ്ങുകൾ നിരവധി കാണാമായിരുന്നു. മോദി മണിപ്പൂരിലെ ഡബിൾ എൻജിൻ സർക്കാരിനെ പറ്റി പല തവണ രാഷ്ട്രീയ യോഗങ്ങളിൽ സംസാരിച്ചിട്ടുണ്ട്. മണിപ്പൂരിൽ ഒരു എഞ്ചിനുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ സർക്കാർ. അവിടെ നിയമവാഴ്ച സമ്പൂർണമായും തകർന്നിരിക്കുന്നു. ജനങ്ങൾ ആകെ ഭയചകിതരാണ്. കുക്കികളും മെയ്തികളും ഒരേപോലെ ദുഃഖിതരാണ്. അഭയാർത്ഥി ക്യാമ്പുകളിൽ അത്രയും ദയനീയമായ കാഴ്ചകളാണ്. എല്ലാ അഭയാർത്ഥി ക്യാമ്പുകളും കണ്ണീരിന്റെയും, കഷ്ടപ്പാടിന്റെയും , ദുരിതങ്ങളുടെയും കാഴ്ചകളാണ് നൽകുന്നത്. കുഞ്ഞുങ്ങൾ, സ്ത്രീകൾ, വൃദ്ധർ എന്നിവരാണ് വളരെയധികം കഷ്ടപ്പെടുന്നത്. കുക്കി, മെയ്തെയ് എന്ന് വ്യത്യാസമില്ലാതെ എല്ലാ ക്യാമ്പുകളുടേയും അവസ്ഥയാണിത്. കുക്കികളും, മെയ്തെയികളും മനുഷ്യരാണ്. അവരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യാൻ ശ്രമിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് രാഷ്ട്രീയത്തിന്റെ സമ്പൂർണമായ പരാജയമാണ് മണിപ്പൂരിൽ കണ്ടത്. ബി.ജെ.പിയുടെ നയങ്ങൾ മണിപ്പൂരിനെ പരാജയപ്പെടുത്തി, ഇന്ത്യയെ പരാജയപ്പെടുത്തി.

മണിപ്പൂരിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ നിന്നുമുള്ള ചിത്രം

അസ്സമിന് ശേഷം ബി.ജെ.പി വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു സ്ഥലമാണ് മണിപ്പൂർ. എന്നാൽ വടക്കു കിഴക്കൻ മേഖലയിൽ ബി.ജെ.പിക്ക് വലിയ രീതിയിൽ പ്രത്യാഘാതം ഉണ്ടാക്കാൻ പോകുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇതിന്റെ അനുരണനങ്ങൾ നോർത്ത്-ഈസ്റ്റിൽ പല സ്ഥലങ്ങളിലും ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാലും അതിൽ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള പദ്ധതി ബി.ജെ.പിക്ക് ഉണ്ടായിരിക്കും. എന്നാൽ അതിനുവേണ്ടി ഒരു ജനതയെ ഇങ്ങനെ ദ്രോഹിക്കരുത്. ഞങ്ങളുടെ എല്ലാ താല്പര്യങ്ങളെയും ഇതുപോലെ വഞ്ചിക്കരുത്. ഒരു ഇന്ത്യക്കാരന്റെ എല്ലാ രോഷവും അമർഷവും പ്രതിഫലിപ്പിച്ചുകൊണ്ടു എനിക്കിതാണ് പറയാനുള്ളത്.

നാലായിരത്തോളം ആയുധങ്ങളും, വലിയ അളവിൽ വെടിമരുന്നും പോലീസിന്റെ ആയുധശേഖരങ്ങളിൽ കലാപത്തിന് മുന്നേ നഷ്ടപ്പെട്ടതായി പറയുന്നുണ്ടല്ലോ. അതുപോലെ കുക്കി സായുധവിഭാഗങ്ങളുമായുള്ള ത്രികക്ഷി സസ്പെന്ഷന്സ് ഓഫ് ഒപറേഷൻസ് കരാർ പിൻവലിക്കപ്പെട്ടതും, കുക്കികൾ റിസേർവ്ഡ് വനമേഖലകളിൽ നിന്ന് കുടിയിറക്കപ്പെട്ടതും ഒക്കെ കലാപത്തിന് മുന്നേ നടന്ന കാര്യങ്ങളാണല്ലോ. കലാപത്തിലേക്ക് ജനങ്ങൾ എത്തിയതിൽ ബീരേൻ സിങ് സർക്കാരിന്റെ നടപടികൾ കാരണമായോ?

കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല. ആ അന്തരീക്ഷം പതിയെ, പതിയെ വളർന്നതാണ്. കുക്കി, മെയ്തെയ് വിഭാഗങ്ങൾക്കിടയിൽ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുണ്ട്. അതോടൊപ്പം കുക്കികളെയും, മെയ്തെയികളെയും, എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ ബാധിക്കുന്ന വിശപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, അരക്ഷിതത്വ ബോധം എന്നീ പ്രശ്ങ്ങൾ വലിയ അളവിൽ മണിപ്പൂരിൽ രൂപപ്പെട്ടു. അവർക്കെല്ലാവർക്കും വേണ്ടത് ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ്, തൊഴിലാണ്. അവയെപ്പറ്റിയെല്ലാം ജനങ്ങൾ ചിന്തിക്കുമ്പോൾ വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പി ചെയ്തത്. കുക്കികളെയും, മെയ്തെയികളെയും തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തത്. ഹിന്ദുക്കളുടെ പ്രശ്നങ്ങൾക്ക് കാരണം മുസ്ലിങ്ങളാണെന്നും, ക്രിസ്ത്യാനികളുമാണെന്നും പറഞ്ഞു തെറ്റിദ്ധാരണയുണ്ടാക്കുന്നതിന്റെ മറ്റൊരു രൂപമാണിത്. ഒരു വ്യക്തിയുടെ സാമൂഹിക-രാഷ്ട്രീയ പ്രശ്ങ്ങൾക്ക് കാരണം സർക്കാരോ, ഭരണനയങ്ങളോ അല്ല, അത് അപര മതത്തിന്റെ പ്രശ്നമാണ് എന്ന് പഠിപ്പിക്കുന്നതാണ് ബി.ജെ.പി- ആർ.എസ്.എസ് രഷ്ട്രീയം. ഈ വിഭജന രാഷ്ട്രീയം ബി.ജെ.പി മണിപ്പൂരിൽ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്.

ചുരാചന്ദ്പൂർ- കുക്കി ടൗണിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി, പ്രതീകാന്മകമായി സ്ഥാപിച്ച ശവപ്പെട്ടികൾ

ബി.ജെ.പി യുടെ ഈ വിഭജന രാഷ്ട്രീയ തന്ത്രത്തിന് പിന്നിൽ കേവലമായ വോട്ട് ബാങ്ക് രഷ്ട്രീയം മാത്രമാണോ ഉള്ളത്? മറ്റെന്തെങ്കിലും രഹസ്യ അജണ്ടകൾ ഈ ഭിന്നിപ്പിക്കലിന് പിന്നിലുണ്ടോ?

മണിപ്പൂരിൽ രൂക്ഷമായ സാമ്പത്തിക പ്രശ്നങ്ങളുണ്ട്. അത് സമ്പത്തിന്റെ വിതരണത്തിന്റെയും, കയ്യടക്കലിന്റെയും പ്രശ്നമാണ്. മണിപ്പൂരിലെ വനമേഖലകൾ ആദിവാസി അവകാശങ്ങൾ പാലിക്കപ്പെടുന്ന സ്ഥലമാണ്. ഗോത്രവിഭാഗങ്ങൾക്ക് മാത്രമേ മലയോര മേഖലയിൽ ഭൂമി വാങ്ങുവാനും, ജീവിക്കാനും അനുവാദമുള്ളൂ. അവിടെ അദാനി പോലെയുള്ള കുത്തകകൾക്ക്‌ കാടുകൾ കൈവശം വയ്ക്കാനും, ഖനികൾ ആരംഭിക്കാനുമുള്ള ഒരു ഹിഡൻ അജണ്ട ബി.ജെ.പിക്ക് ഈ വിഷയത്തിലുമുണ്ട്. ട്രൈബൽ അവകാശങ്ങൾ എല്ലാവർക്കും വേണമെന്ന് മെയ്തികളെക്കൊണ്ട് ബി.ജെ.പി മുദ്രാവാക്യം വിളിപ്പിച്ചത് ഇത്തരത്തിലുള്ള വിഭവകൊള്ളയ്ക്ക് വേണ്ടിയാണ്. അദാനിയേയും മറ്റും ഇവിടേക്ക് ഒളിച്ചുകടത്താനുള്ള അജണ്ടയുടെ ഭാഗമാണിത്. സത്യത്തിൽ ഇത് അദാനിമാർക്ക് വനവിഭവങ്ങൾ കൈയടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാൽ നേരിട്ട് ഇത് പറയുക സാധ്യമല്ല. അതിനാൽ അരക്ഷിതമായ മെയ്തെയ് സമൂഹത്തിൽ വികാരം കുത്തിവച്ച് ട്രൈബൽ സ്റ്റാറ്റസിന് വേണ്ടി അവരെകൊണ്ടു മുദ്രാവാക്യം വിളിപ്പിക്കുന്നു. ബി.ജെ.പി പല വിഷയങ്ങളിലും, നിലപാടുകളിലും പുലർത്തുന്ന കാപട്യം ഇവിടെയും കാണാം. ബീഫിനെതിരെന്ന പേരിൽ നിരവധി ആൾക്കൂട്ടകൊലപാതകങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നും ബീഫ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ബി.ജെ.പി യുടെ ബന്ധുക്കളായ സമ്പന്നരാണ്. ഇത് തന്നെയാണ് ബി.ജെ.പി രാഷ്ട്രീയം. ഇത് തന്നെയാണ് മണിപ്പൂരിലും അവർ ചെയ്യുന്നത്.

ഈസ്റ്റ് ഇംഫാൽ ജില്ലയിൽ നിന്നുമുള്ള ദൃശ്യം. കടപ്പാട്: പി.ടി.ഐ

മണിപ്പൂർ മുഖ്യമന്ത്രി ബീരേന് സിങ്ങിന് മേൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും, അദ്ദേഹം രാജി വെക്കണമെന്നും ഗവർണറോട് ആവശ്യപെട്ടിരുന്നല്ലോ. അവിടുത്തെ ജനങ്ങളും ഇത്തരത്തിൽ സംസാരിച്ചിരുന്നോ?

അതെ.ഞങ്ങൾ അങ്ങനെ ആവശ്യപ്പെട്ടിരുന്നു. ഞങ്ങളോടിത് ജനങ്ങൾ നേരിട്ട് പറഞ്ഞതാണ്. മെയ്തെയ് ക്യാമ്പ് സന്ദർശിച്ചപ്പോൾ അവിടെ നിന്നുള്ള യുവാക്കളാണിത് പറഞ്ഞത്. മണിപ്പുരിൽ സംഭവിച്ചത് ബി.ജെ.പിയുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെ ഭാഗമാണെന്ന് അവർ പറയുന്നു. ജനങ്ങളെ തമ്മിലടിപ്പിച്ച് ബി.ജെ.പി ലാഭം കൊയ്യുകയാണെന്നാണ് അവരുടെ അഭിപ്രായം. ഒരു ക്യാമ്പിൽ നിന്നല്ല പല ക്യാമ്പുകളിൽ നിന്നും ജനങ്ങൾ ഈ വിധം സംസാരിക്കുകയുണ്ടായി. ഈ അഭിപ്രായം വളരെ ശരിയാണ്. മണിപ്പൂരിലെ സേനകളുടെ കമാൻഡിംഗ് ഓഫീസർ മുഖ്യമന്ത്രി ആയിരുന്നു. എന്നാൽ കലാപത്തിന്റെ സാഹചര്യത്തിൽ അമിത് ഷാ അവരെ മാറ്റി ആ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ഏല്പിച്ചിരിക്കുകയാണ്. ഇതിന്റെയെല്ലാം ലക്ഷ്യം വളരെ വ്യക്തമല്ലേ. ഇതിന് ബി.ജെ.പി എന്തായാലും വില കൊടുക്കേണ്ടിവരും. ജനങ്ങൾക്കെല്ലാം മനസ്സിലാകുന്നുണ്ട്. കമ്മ്യൂണിസ്റ് പാർട്ടി ഉൾപ്പെടെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി ശ്രമിക്കേണ്ടത് സമാധാനം പുനസ്ഥാപിക്കാനാണ്. നഷ്ടപെട്ട സ്വത്തുക്കൾ, വീടുകൾ എന്നിവക്ക് സർക്കാർ പരിഹാരം കൊടുക്കണം. അതിനായി ഒരു നഷ്ടപരിഹാര കമ്മീഷൻ ഉണ്ടാക്കണം.

അപകടത്തിൽ പരിക്കേറ്റ സ്ത്രീയോടൊപ്പം ഇടത് എം.പി സംഘം

ഇപ്പോൾ ഈ വിഷയത്തിൽ ഒരു പുതിയ ഇടപെടൽ ഉണ്ടായിട്ടുണ്ടല്ലോ. യു.എസ്സ് അംബാസിഡർ ആയ എറിക് ഗർസെറ്റി മണിപ്പൂർ വിഷയത്തിൽ ഇടപെടാൻ അമേരിക്ക തയ്യാറാണെന്ന പ്രസ്താവന നടത്തിയിരിക്കുകയാണ്? എന്താണ് യു.എസ് അംബാസിഡറുടെ പ്രസ്താവനയോടുള്ള പ്രതികരണം?

മണിപ്പൂരിൽ അമേരിക്കയുടെ ഇടപെടലിന് കളമൊരുക്കുകയാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അമേരിക്കയ്ക്ക് ഇവിടെ കളമൊരുക്കാൻ വേണ്ടിയാണോ ഈ സംഘർഷങ്ങളും കലാപങ്ങളും, പരസ്പരമുള്ള അവിശ്വാസവും ഉണ്ടാക്കിയതെന്ന് നമ്മൾ തീർച്ചയായും സംശയിച്ചു പോകും. എന്നാൽ അമേരിക്കയ്ക്ക് ഈ വിഷയത്തിൽ ഒരു പങ്കും വഹിക്കാനില്ലെന്ന് ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി ഞാൻ ഉറപ്പിച്ചു പറയുന്നു. മണിപ്പൂരിൽ അമേരിക്കൻ ഇടപെടലിന് കളമൊരുക്കാനുള്ള ശ്രമമാണെങ്കിൽ അത് രാജ്യവിരുദ്ധമാണെന്ന് ഞാൻ ഉറപ്പിച്ചു പറയുകയാണ്. അമേരിക്ക അല്ല ഇവിടെ പ്രശ്‌നപരിഹാരം ഉണ്ടാക്കേണ്ടത്. ഇത് നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്. ഇവിടെ ഉണ്ടാകേണ്ടത് തോക്കുകൊണ്ടുള്ള പരിഹാരവുമല്ല. രാഷ്ട്രീയ പ്രശനങ്ങൾക്ക് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. അംബാസിഡറുടെ ഈ പ്രസ്താവനയോടും ഇന്ത്യൻ സർക്കാർ ഉറപ്പിച്ച് ഒരു നിലപാട് പറയുന്നില്ല. ലോക രാഷ്ട്രീയത്തിൽ അമേരിക്ക ഇടപെട്ട ഒരിടത്തും സമാധാനം ഉണ്ടായിട്ടില്ല. ലാറ്റിൻ അമേരിക്ക, യൂറോപ്പ്, പാലസ്തിൻ , അഫ്ഗാനിസ്ഥാൻ അങ്ങനെ എത്രയോ ഇടങ്ങളിൽ അമേരിക്ക ഇടപെട്ടു. അവിടെയൊന്നും സമാധാനം ഉണ്ടായില്ലെന്ന് മാത്രമല്ല, പ്രശ്‌നം വഷളാവുകയാണ് ചെയ്തത്. അവിടെയെല്ലാം അമേരിക്ക രാഷ്ട്രീയലാഭം ഉണ്ടാക്കുകയാണ് ചെയ്തത്. അമേരിക്കയുടെ ഇത്തരം നീക്കങ്ങൾക്കു സഹായം ചെയ്യുന്ന ബി.ജെ.പി യെയും അവരുടെ രാഷ്ട്രീയ വഴികാട്ടിയായ ആർ.എസ്.സിനെ കുറിച്ച് നമുക്ക് പരിതപിക്കുകയും അമർഷം കൊള്ളുകയും ചെയ്യാം.

യു.എസ്സ് അംബാസിഡർ എറിക് ഗർസെറ്റി കടപ്പാട്: പി.ടി.ഐ

ഇടത് എം.പിമാരും, കോൺഗ്രസ്സ് നേതൃത്വവും കലാപസ്ഥലം സന്ദർശിച്ചിരുന്നല്ലോ. ഇന്ത്യ നേരിടുന്ന വലിയ ഒരു ആഭ്യന്തര പ്രശനം എന്ന നിലയിൽ പ്രതിപക്ഷ കക്ഷികളുടെ സർവക്ഷി സംഘം മണിപ്പൂർ സന്ദർശിക്കുന്നത് ഉചിതമായിരിക്കല്ലേ? ഇത്തരത്തിലുള്ള ഒരു നടപടിക്ക് സാധ്യത ഉണ്ടോ?

അത്തരമൊരു നീക്കത്തിൽ ഇടതുപക്ഷ പാർട്ടികൾക്ക് ഒരു പങ്കുവഹിക്കാനുണ്ട്. എന്നാൽ സംയുക്ത നീക്കത്തിന് ദേശീയതലത്തിൽ ഞങ്ങളെക്കാൾ കൂടുതൽ സാധ്യത കോൺഗ്രസ് അടക്കമുള്ള മറ്റ് വലിയ പാർട്ടികൾക്കാണ്. അത്തരമൊരു നീക്കം ഉണ്ടാകുകയാണെങ്കിൽ ഞങ്ങൾ പൂർണമായും സഹകരിക്കും. മണിപ്പൂരിൽ സി.പി.ഐക്ക് സ്വാധീനമുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ഇവിടെ ചെയ്യും. എന്നാൽ ഞങ്ങൾക്ക് പരിമിതികളുമുണ്ട്. ഇത്തരം കാര്യങ്ങളിൽ വലിയ മതേതര ജനാധിപത്യ പാർട്ടികൾ പങ്കുവഹിക്കേണ്ടതുണ്ട്. ഞങ്ങളവരെ പ്രതീക്ഷയോടു കൂടിയാണ് കാണുന്നത്.

എന്താണ് മണിപ്പൂരിൽ സമാധാന ശ്രമത്തിനുള്ള സാധ്യതകൾ?

മണിപ്പൂരിൽ സമാധാനപൂർണമായ ജീവിതം പുനസ്ഥാപിക്കപ്പടണം. അത് ജനങ്ങൾ ഉണ്ടാക്കിയെടുക്കും. മണിപ്പൂരിലേത് ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. അതിന് രാഷ്ട്രീയ പരിഹാരം വേണം. ഇവിടെ തോക്കിന്, പട്ടാളത്തിന് ഒന്നും ചെയ്യാനില്ല. അടിയന്തര സംഘർഷ ഘട്ടങ്ങളിൽ സമാധാനം ഉറപ്പു വരുത്തുന്നതിന് പൊലീസോ പട്ടാളമോ വരുന്നതിനെ ഞാൻ കുറ്റപ്പെടുത്തുകയില്ല. എന്നാൽ അടിസ്ഥാനപരമായി ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ചെയ്യാൻ പോകുന്നത് ഗ്രാസ് റൂട്ട് ലെവലിൽ ജനങ്ങളെ ഒരുമിച്ചിരുത്തി, സമാധാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി മുന്നോട്ടുപോകുക എന്നതാണ്. ആ ശ്രമം വിജയിക്കും എന്നെനിക്ക് ഉറപ്പുണ്ട്. എന്റെ മണ്ഡലമായിരുന്ന നാദാപുരത്ത് നിരന്തരം ബോംബേറും, തീവെപ്പും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. നാദാപുരത്ത് ജനങ്ങളുടെ മുൻകൈയിൽ സമാധാനം ഉണ്ടാക്കിയെടുത്തതിൽ പങ്കുവഹിച്ച ഒരാളാണ് ഞാൻ. ജങ്ങൾക്കിടയിൽ ആത്മാർത്ഥമായി സമാധാന ശ്രമങ്ങൾക്ക് വേണ്ടി നിന്നാൽ, അവർക്കത് ബോധ്യപ്പെട്ടാൽ, രണ്ടു വിഭാഗവും നമ്മോടൊപ്പം നിൽക്കും. ജനങ്ങളൊരുമിച്ചു നിന്നാൽ സമാധാനം ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന്, ചെറിയ സ്ഥലമാണെങ്കിലും നാദാപുരത്തെ അനുഭവം പറയുന്നുണ്ട്. സമാധാനത്തിന് വേണ്ടി ശ്രമിക്കുന്നവർക്ക് രാഷ്ട്രീയ ദുഷ്ടലാക്കില്ലെന്നും, ആത്മാർത്ഥമായ സമാധാന വാഞ്ജയുണ്ടെന്നും ബോധ്യമായാൽ ജനങ്ങൾ കൂടെ നിൽക്കും. ജനങ്ങൾ ഒന്നിച്ചുനിന്നാൽ സമാധാനം ഉണ്ടാകും, അത് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ജനങ്ങൾ ഇല്ലാതെയുള്ള സമാധാനം, യഥാർത്ഥ സമാധാനമല്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read