മണിപ്പൂർ കലാപവും മോദിയുടെ അഞ്ച് ട്രില്യൺ ഡോളർ ഇക്കോണമിയും

ഇരുപത് വർഷത്തിലേറെയായി ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ചും വിമതസ്വരങ്ങളെക്കുറിച്ചും ആഴത്തിൽ അന്വേഷിക്കുകയും എഴുതുകയും ചെയ്യുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് രൂപ ചിനായ്. ‘അണ്ടർസ്റ്റാൻഡിങ് ഇന്ത്യാസ് നോർത്ത് ഈസ്റ്റ്- എ റിപ്പോർട്ടേഴ്സ് ജേണൽ’ എന്ന പുസ്തകം ഈ വിഷയത്തിൽ അവർ എഴുതിയിട്ടുണ്ട്. മണിപ്പൂരിലെ സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, എങ്ങനെയാണ് ആ കലാപത്തെ മനസ്സിലാക്കേണ്ടതെന്നും സമാധാനത്തിനായി ശ്രമിക്കേണ്ടതെന്നും രൂപ ചിനായ് സംസാരിക്കുന്നു. കേരളീയത്തിന് വേണ്ടി എ.കെ ഷിബുരാജുമായി നടത്തിയ സംഭാഷണം.

ബോംബെയിൽ വളർന്ന, ഇപ്പോഴും അവിടെ ജീവിക്കുന്ന താങ്കൾ മാധ്യമപ്രവർത്തനത്തിലേക്ക് എത്തിയ ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയായത് എന്തുകൊണ്ടാണ്?

രാജ്മോഹൻ ഗാന്ധി ചീഫ് എഡിറ്റർ ആയ ഹിമ്മത് വീക്കിലി (Himmat weekly) എന്ന ചെറിയ ഒരു പ്രസിദ്ധീകരണത്തിലാണ് ഞാൻ മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. 1980 കളിലായിരുന്നല്ലോ ആസാം മൂവ്മെന്റിന്റെ തുടക്കം. മാധ്യമങ്ങൾ അവഗണിച്ച ആ സംഭവം റിപ്പോർട്ട് ചെയ്യാനായിരുന്നു എന്റെ സഹപ്രവർത്തകയുടെ കൂടെ ഞാൻ അസമിൽ പോയത്. അന്ന് അസം, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, മേഘാലയ എന്നിവിടങ്ങളിൽ ഞങ്ങൾ  ഒരു മാസത്തോളം പര്യടനം നടത്തി. അതിനെത്തുടർന്ന് ഹിമ്മത്ത് വാരികയിൽ ‘Northeast in Turmoil’ എന്ന പേരിൽ ഒരു പ്രത്യേക സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. അതായിരുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായുള്ള എന്റെ പരിചയത്തിന്റെ ആരംഭം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക സാഹചര്യമാണ് ഈ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നതെന്ന യാഥാർത്ഥ്യം എന്നെ ഏറെ ആകർഷിച്ചു. ഹിമ്മത് വാരിക നിലച്ചപ്പോൾ ഞാൻ സൺ‌ഡേ ഒബ്സർവറിൽ ചേർന്നു. അതിനുശേഷമാണ് ബോഡോകളുടെ പ്രശ്നം പഠിക്കാൻ ഞാൻ വീണ്ടും പോകുന്നത്. എന്റെ കയ്യിലെ പൈസ തീരുന്നതുവരെ ഞാൻ അവിടെ ചെലവഴിക്കുകയും ബോഡോകളുടെ ജീവിതം മനസ്സിലാക്കുകയുമായിരുന്നു. തുടർന്നുള്ള മുപ്പത് വർഷങ്ങളിൽ ചില ഫെലോഷിപ്പുകൾ ലഭിച്ചപ്പോഴും ഇന്ത്യൻ എക്സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിൽ ജോലി ചെയ്യുമ്പോഴും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായുള്ള എന്റെ ബന്ധം തുടരുകയായിരുന്നു. അങ്ങനെ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ അവിടെ ലഭിക്കുകയും ഞാൻ ആ പ്രദേശങ്ങളെ ആഴത്തിൽ സ്നേഹിക്കുകയും അടുത്തറിയുകയും ചെയ്തു.

​ഗ്രാമത്തിന് കാവൽ നിൽ​ക്കുന്ന സുരക്ഷാഭടൻ. കടപ്പാട്: scroll

2023 മെയ് 3ന് ആണ് മണിപ്പൂരിൽ ഇംഫാൽ താഴ്‌വരയിൽ താമസിക്കുന്ന മെയ്തെയ് വിഭാഗവും മലയോര ജനതയായ കുക്കി വിഭാഗവും തമ്മിൽ വംശീയ സംഘർഷം ഉണ്ടാകുന്നതും എഴുപതിൽ കൂടുതൽ മനുഷ്യർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത്. പട്ടികവർഗ പദവി ലഭിക്കാനുള്ള മെയ്തെയ് ജനതയുടെ ദീർഘകാല‌ ആവശ്യത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചുകൊണ്ടുള്ള മണിപ്പൂർ ഹൈക്കോടതി വിധിയാണ് സംഘർഷങ്ങൾക്ക് കാരണമായതെന്ന് പറയാൻ കഴിയുമോ?

മണിപ്പൂരിന് വംശീയ സംഘർഷങ്ങളുടെ ദീർഘകാല ചരിത്രമുണ്ടല്ലോ. കുക്കി വിഭാഗങ്ങളും നാഗ വിഭാഗവും ഒരുപാടുകാലം സംഘർഷത്തിലായിരുന്നു. ആ സമയത്ത് മെയ്തെയ് വിഭാഗം അതിന്റെ ഭാഗമാകാതെ മാറിനിൽക്കുകയായിരുന്നു. 2016 ൽ ഞാൻ പുസ്തകം എഴുതുന്ന സമയത്ത് എനിക്ക് തോന്നിയത് മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അറുതി വന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു. എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട തീവ്രവാദ ഗ്രൂപ്പുകളും നിർവ്വീര്യമായിക്കൊണ്ടിരിക്കുകയായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പകരം യുവാക്കൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പഠനത്തിനും ജോലിക്കുമായി മണിപ്പൂരിന് പുറത്തുപോകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അത് മണിപ്പൂരിനെ സംബന്ധിച്ച് പുതിയ കാര്യമായിരുന്നു. അതേസമയം ഇതിനൊന്നും കഴിയാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗവും അവിടെ ഉണ്ടായിരുന്നു. എങ്കിലും വിവിധ മേഖലകളിൽ മാറ്റങ്ങൾ അവിടെ നടക്കുന്നുണ്ടായിരുന്നു.

ചുരാചന്ദ്പൂർ ജില്ലയിൽ ഗോത്രവർഗ പ്രതിഷേധത്തിനിടെ കത്തിനശിച്ച ടാങ്കർ. കടപ്പാട്:Reuters

എന്നാൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുന്നതോടെ കാര്യങ്ങൾ മാറുകയായിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. അതിന്റെ ഭാഗമായി മെയ്തെയ് വിഭാഗത്തിലെ യുവാക്കൾ വലതുപക്ഷ  തീവ്രവാദ രാഷ്ട്രീയം പിന്തുടരാൻ തുടങ്ങി. Arambai Tenggol, Meitei Leepun എന്നീ രണ്ടു വിഭാഗങ്ങൾ തങ്ങളുടെ പ്രവർത്തനം തീവ്രമാക്കുന്നത് ഇതിന്റെ ഭാഗമായാണ്. മെയ്തെയ് വിഭാഗത്തിലെ ഭൂരിപക്ഷവും 250 വർഷങ്ങൾക്ക് മുൻപ്, അവിടുത്തെ മഹാരാജാവിന്റെ ഭരണകാലത്ത് ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ്. ഇപ്പോഴും അവരുടെ ആദ്യ മതമായ സേനാമഹിയുടെ (Senamahi)  വിശ്വാസങ്ങളോട് മമത പുലർത്തുന്ന ഒരു വിഭാഗവും അവർക്കിടയിലുണ്ട്. അവരുടെ പഴയ മതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം വളരെക്കാലമായി നടക്കുന്നു. പലരും ഹിന്ദുമതത്തിന്റെയും സേനാമഹിയുടെയും സമന്വയം ജീവിതത്തിൽ പിന്തുടരുന്നു. കൂടാതെ ഹിന്ദുമത വിശ്വാസവും ആചാരങ്ങളും ജാതിവിവേചനവും ഒക്കെ അവരുടെ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. പല വിശാല കാഴ്ചപ്പാടുകളും ഉണ്ടായിരുന്ന അവരുടെ ജീവിതത്തിൽ ഹിന്ദുമതത്തിലെ ചില ഇടുങ്ങിയ ചിന്താഗതികൾ അവരെ വേറൊരു മനുഷ്യരാക്കി എന്നതാണ് സത്യം. ഇങ്ങനെ ഉടലെടുത്ത ഒരുതരം സ്വത്വ പ്രതിസന്ധിയുടെയും ഹിന്ദു ആചാരങ്ങളോടുള്ള വെറുപ്പിന്റെയും പശ്ചാത്തലത്തിൽ തങ്ങളുടെ വംശീയ സ്വത്വത്തെ തിരിച്ചറിയാനും അടയാളപ്പെടുത്താനും വേണ്ടിയാണ് ചില കൂട്ടായ്‍മകൾ അവർക്കിടയിൽ രൂപം കൊണ്ടത്. പിന്നീട് അതിന്റെ സ്വഭാവം മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് Arambai Tenggol, Meitei Leepun എന്നീ യുവ സംഘടനകളെ ബി.ജെ.പിയും ആർ.എസ്.എസ്സും തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ ബി.ജെ.പി മുഖ്യമന്ത്രി ബിരേൻ സിങിനും രാജ്യസഭ അംഗമായ മഹാരാജ സനജയോബ ലീഷേംബയ്ക്കും (Maharaja Sanajaoba Leishemba) ഇതിൽ പങ്കുണ്ട് എന്നുള്ള ആരോപണം ശകതമാണ്. അവർ ഈ ഗ്രൂപ്പുകളുമായി ചേർന്ന് നിൽക്കുന്ന നിരവധി ഫോട്ടോഗ്രാഫുകൾ ലഭ്യമാണ്. ഇപ്പോൾ നടന്ന കലാപത്തിൽ മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള  ഈ രണ്ടു ഗ്രൂപ്പുകൾ പങ്കാളികളാണ് എന്നാണ് മനസിലാക്കുന്നത്. ഇതാണ് മണിപ്പൂരിലെ സംഭവങ്ങളെ വിശകലനം ചെയ്തപ്പോൾ എനിക്ക് മനസിലായത്.

മണിപ്പൂരിൽ നടന്ന ഈ വംശീയ കലാപം നേരത്തെ നടന്ന സംഘർഷങ്ങളിൽ നിന്നും ഏതെങ്കിലും രീതിയിൽ വ്യത്യസ്തമായിരുന്നോ?

ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യം ഇത്തവണ നടന്ന കലാപത്തിൽ പേരില്ലാത്ത ആൾക്കൂട്ടം മെയ്തെയ് എം.എൽ.എ മാർക്ക് നേരെ നടത്തിയ ആക്രമണങ്ങളാണ്. അവർ ആരാണെന്നോ എവിടെ നിന്ന് വന്നു എന്നോ അറിയില്ല. ഇത് മണിപ്പൂരിന് പരിചയമുള്ള കാര്യമല്ല. കൂടാതെ ഇപ്പോൾ നടന്ന ആക്രമണങ്ങൾ വളരെ ക്രൂരമായ രീതിയിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരാണ് യാഥാർത്ഥത്തിൽ ഇതിന് പദ്ധതിയിട്ടതെന്നും അത് നടപ്പാക്കിയതെന്നും ഒരു സ്വതന്ത്ര അന്വേഷണത്തിലൂടെ വെളിവാകേണ്ട കാര്യങ്ങളാണ്. ക്രമസമാധാന നില പൂർണ്ണമായും തകർന്നു എന്നതാണ് വാസ്തവം. വിവിധ വിഭാഗത്തിലെ തീവ്രവാദ സംഘടനകൾ ഇതിൽ പങ്കുവഹിച്ചോ എന്ന് സ്ഥിരീകരിക്കുന്ന  തെളിവുകൾ എന്റെ മുന്നിൽ ഇല്ല. Arambai Tenggol എന്ന വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുമായി അസം റൈഫിൾസ്  സൈനികർ കലാപ ബാധിത മേഖലയിൽ വച്ച് ഏറ്റുമുട്ടി എന്നും മണിപ്പൂർ പോലീസ് Arambai Tenggol പ്രവർത്തകർക്ക് ആയുധങ്ങൾ നൽകി കലാപത്തിന് സഹായിച്ചു എന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. കലാപത്തിൽ കുക്കി വിഭാഗത്തിൽ നിന്നുള്ളവരാണ് കൂടുതൽ കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാൽ രണ്ടു വിഭാഗവും തീവ്രമായ ആക്രമണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇത് നടപ്പാക്കാൻ ചില ശക്തരുടെ സഹായം അവർക്ക് ലഭിച്ചു എന്നുതന്നെയാണ് തോന്നുന്നത്. മെയ്തെയ് വിഭാഗത്തിലെ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോൾ മനസിലായ കാര്യം ഇതാണ്. മണിപ്പൂർ മുഖ്യമന്ത്രിക്ക് പട്ടികവർഗ പദവി ലഭിക്കാനുള്ള മെയ്തെയ് ജനതയുടെ ദീർഘകാലമായുള്ള ആവശ്യത്തിൽ നടപടികൾ സ്വീകരിക്കാൻ താല്പര്യമില്ലായിരുന്നു. അത് ഒരു സങ്കീർണ്ണമായ വിഷയം ആയതുകൊണ്ടായിരിക്കാം. ഇപ്പോൾ മണിപ്പൂർ ഹൈക്കോടതി വിധി കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ സ്വാധീനം ചെലുത്തിക്കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹൈക്കോടതിയുടെ ഈ ഇടപെടൽ കുക്കി വിഭാഗത്തെ പ്രകോപിപ്പിച്ചു എന്നതാണ് വാസ്തവം. അതിനെ തുടർന്നാണ് നാഗ വിഭാഗവും കുക്കി വിഭാഗങ്ങളും ചേർന്ന് വലിയ റാലി സംഘടിപ്പിക്കുന്നത്. എന്താണ് തങ്ങൾ ചെയ്തുകൊണ്ടരിക്കുന്നതിന്റെ ഭവിഷ്യത്തെന്ന് കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ല എന്നത് വലിയ ദുരന്തത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

Arambai Tenggol വിഭാഗത്തിലെ യുവാക്കൾ. കടപ്പാട്: Twitter

ഈ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ ബി.ജെ.പി സർക്കാർ മ്യാൻമാറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ എന്ന പേരിൽ മലയോര മേഖലകളിൽ നിന്നും തദ്ദേശവാസികളെ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. അവർ പോപ്പി വളർത്തുന്നു എന്നും മയക്കുമരുന്ന് വില്പന നടത്തുന്നു എന്നുമായിരുന്നു സർക്കാർ വാദം. ചില കുക്കി-നാഗ  വിഭാഗങ്ങൾ താമസിക്കുന്നത് റിസർവ് വനമേഖലകളിൽ ആണെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ വികസന പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ഭൂമി കൈയടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആദിവാസി ജനത പറയുന്നുണ്ടായിരുന്നു. മണിപ്പൂർ സംഘർഷങ്ങൾക്ക് ഈ കുടിയൊഴിപ്പിക്കലും ഒരു കാരണമായിട്ടുണ്ട്. ചെറിയ രീതിയിൽ തുടങ്ങിയ അക്രമങ്ങൾ പിന്നീട് വലിയ കലാപത്തിൽ അവസാനിക്കുകയായിരുന്നു.

മണിപ്പൂർ ഭരിക്കുന്ന ബി.ജെ.പി സർക്കാരിന് താല്പര്യമില്ലാഞ്ഞിട്ടും മെയ്തെയ് വിഭാഗത്തിന്റെ ആവശ്യം കോടതി നടപടികളിലൂടെ നടപ്പാക്കാൻ കേന്ദ്ര സർക്കാർ എന്തുകൊണ്ടായിരിക്കും താല്പര്യമെടുക്കുന്നത്?

ഈ കാര്യത്തിൽ എന്റെ ഗുജറാത്ത് സുഹൃത്തുക്കൾ എന്നോട് പങ്കുവച്ച കാര്യമാണ് പറയാൻ ഉള്ളത്. ഒരു  പുതിയ നയപരിപാടി നടപ്പാക്കുന്നതിന് മുന്നോടിയായി ബി.ജെ.പി സർക്കാർ അത് ജനങ്ങളിൽ എന്ത് പ്രതികരണം ഉണ്ടാക്കും എന്ന് പരീക്ഷിക്കും. അങ്ങനെ ഒരു ടെസ്റ്റ് ഡോസ് നടത്തിയിട്ടായിരിക്കും അവർ അത് നടപ്പാക്കാൻ ശ്രമിക്കുക. അത് ശരിയാണെന്ന് സമകാലിക സംഭവങ്ങൾ വിശകലനം ചെയ്‌താൽ നമുക്ക് മനസിലാകും. മണിപ്പൂരിൽ കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടായത് അങ്ങനെ ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് ഞാൻ കരുതുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ വന സംരക്ഷണ നിയമ ഭേദഗതി നോക്കിയാൽ സർക്കാരിന്റെ ലക്ഷ്യങ്ങൾ മനസിലാക്കാൻ പറ്റും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ ഭാഗമായി  ഇന്ത്യൻ കോർപ്പറേറ്റുകളെ ഉൾപ്പെടുത്തി പാം ഓയിൽ, റബ്ബർ കൃഷി തുടങ്ങിയ ഏകവിളകൾ വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളുടെ അവസാനത്തെ സങ്കേതമായ ഈ സംസ്ഥാനങ്ങളിൽ  വിവിധ ബിസിനസ്സുകൾ തുടങ്ങാനും പല കോർപ്പറേറ്റുകളും താല്പര്യപ്പെടുന്നുണ്ട്. മോദിയുടെ അഞ്ചു ട്രില്യൺ ഡോളർ ഇക്കോണമി പദ്ധതിയുടെ ഭാഗമായാണ് ഇതെല്ലാം വരുന്നത്. ഭാവിയെ ഒരു രീതിയിലും പരിഗണിക്കാതെ ഇന്ത്യയിലെ അവശേഷിക്കുന്ന പ്രകൃതിവിഭവങ്ങളെയും 2024 ലെ ഈ ലക്ഷ്യത്തിനുവേണ്ടി ഊറ്റിയെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

2023 ജൂൺ 4ന് ഐഹാംഗ് ആദിവാസി ഗ്രാമം കത്തിനശിച്ചപ്പോൾ

ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണഘടന പരിരക്ഷ നൽകുന്ന ഒരു പ്രദേശം എന്ന നിലയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കുക എളുപ്പമാണോ?

സ്വയംഭരണത്തിനും ഭൂമി കൈമാറ്റത്തിനും സാംസ്കാരിക വൈവിധ്യത്തിനും മറ്റും ഭരണഘടനയുടെ ആർട്ടിക്കിൾ 371, അഞ്ചാം ഷെഡ്യൂൾ നൽകുന്ന പ്രത്യേക പരിരക്ഷ തുടങ്ങിയവ മോദി വിഭാവനം ചെയ്യുന്ന വികസന പദ്ധതികൾക്ക് വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ ഇത് എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ അല്ല. നാഗാലാന്റിലും മിസോറാമിലും ആണ് അത് ശക്തമായി നിലനിൽക്കുന്നത്. അരുണാചലിലും മണിപ്പൂരിലും അത് ദുർബലമാണ്. പിന്നെയുള്ളത് അസമിലെ ബോഡോ ലാൻഡിലൊക്കെ നിലനിൽക്കുന്ന ആറാം ഷെഡ്യൂൾ പ്രകാരമായുള്ള സ്വയംഭരണമാണ്. ഒരു കാലത്ത് കശ്മീരിന് ഉണ്ടായിരുന്ന പോലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും വലിയ ഭരണഘടന പരിരക്ഷ ഇപ്പോൾ നിലനിൽക്കുന്നുണ്ട് എന്ന് പറയാം. എന്നാൽ ആർട്ടിക്കിൾ 370 നൽകുന്ന പരിരക്ഷ കശ്മീരിന് നഷ്ടമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്.  ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത് ഈ ഭരണഘടന അവകാശങ്ങൾ റദ്ദ് ചെയ്യാനാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ മോദി സർക്കർ കൊണ്ടുവന്നിരിക്കുന്ന വന സംരക്ഷണ നിയമ ഭേദഗതി ലക്ഷ്യമിടുന്നത് അതാണ്. നാഗാലാന്റിലും മിസോറാമിലും കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപപെടാൻ കഴിയില്ല. എന്നാൽ രണ്ടു രീതിയിൽ അവർക്ക് അത് നേടിയെടുക്കാൻ കഴിയും. ഒന്ന് തങ്ങളുടെ പുരോഗതിക്കുവേണ്ടിയാണെന്ന് തദ്ദേശവാസികളെ ബോധ്യപ്പെടുത്തി നേടിയെടുക്കുന്ന സമ്മതത്തോടെ, അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ വികസനത്തിനുവേണ്ടി നിയമ നിർമ്മാണം നടത്തുന്നതിലൂടെ.

താഴ്വരകളിൽ ജീവിക്കുന്ന മെയ്തെയ് വിഭാഗവും മലയോര നിവാസികളായ കുക്കികളും തമ്മിൽ സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ടോ?

കുക്കികൾ  ആറോളം വ്യത്യസ്ത ഗോത്രങ്ങൾ ചേർന്നുള്ള ഒരു വിഭാഗമാണ്. അവർക്കിടയിൽ ഒരുപാട് വൈജാത്യങ്ങൾ നിലനിൽക്കുന്നുണ്ട്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ നടക്കുന്ന മലയോര മേഖലകളിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ നടന്നിട്ടുണ്ട്. അവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ഒക്കെ ലഭിക്കുന്നുണ്ട്. എന്നാൽ താഴ്വരകളിൽ ഇന്ത്യൻ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മെയ്റ്റെ ഭാഷയ്ക്കാണ് (മണിപ്പൂരി എന്നും പറയപ്പെടുന്നു) പ്രാമുഖ്യം. മലനിരകളിൽ താമസിക്കുന്ന കുക്കി വിഭാഗങ്ങൾക്കും മറ്റ് ആദിവാസി വിഭാഗങ്ങൾക്കും ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഭരണതലത്തിലെ ഉയർന്ന പദവികളിൽ എത്താൻ അവർക്ക് കഴിയുന്നുണ്ട്. താഴ്വരയിലെയും മലയോര മേഖലയിലെയും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ വ്യത്യാസം ഉണ്ട്. സർക്കാരിന്റെ ശ്രദ്ധ മുഴുവൻ ഇംഫാൽ കേന്ദ്രീകരിച്ചാണ്. ഉന്നത വിദ്യാഭ്യാസ സൗകര്യം, ആശുപത്രികൾ ഒക്കെ അവിടെയാണ് ഉള്ളത്. അവിടെ താമസിക്കുന്ന മെയ്തെയ് വിഭാഗത്തിന് ഇത് സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. മാത്രവുമല്ല സംസ്ഥാന നിയമസഭയിൽ മെയ്തെയ് വിഭാഗത്തിനാണ് ഭൂരിപക്ഷം. മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം വലിയ അവഗണനയാണ് നേരിടുന്നത്. കൂടാതെ  കേന്ദ്ര സർക്കാരിൽ നിന്നും മണിപ്പൂരിന് എല്ലാകാലത്തും വളരെ ചെറിയ പിന്തുണ മാത്രമേ ലഭിക്കാറുള്ളൂ. അതുകൂടാതെയാണ്  രാഷ്ട്രീയ പാർട്ടി ഭേദമന്യേ നടക്കുന്ന അഴിമതിയും. അതുകൊണ്ടുതന്നെ വിദ്യഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങിയ മേഖലകൾക്കായി നീക്കിവയ്ക്കുന്ന പണം ഒരു വിഭാഗം ഉന്നതരുടെ കൈകളിലാണ് കാലാകാലങ്ങളായി എത്തുന്നത്.

ഇങ്ങനെ വലിയ അന്തരം നിലനിൽക്കുമ്പോഴും ഞാൻ മുൻപ് കണ്ട മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ അത് സ്പർദ വളരാൻ കാരണമായിരുന്നില്ല. എല്ലാ വിഭാഗം ജനങ്ങളും വലിയ സൗഹാർദ്ദത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ അവർക്കിടയിൽ വിധ്വേഷം കടന്നുവന്നത് കഴിഞ്ഞ അഞ്ച് വർഷ കാലയളവിലാണ്. ഈ കാലയളവിലാണ് മ്യാൻമാറിൽ നിന്നുള്ള അഭയാർഥികളിലേക്ക് ജനശ്രദ്ധ തിരിയുന്നതും. ജീവന് ഭീഷണി നിലനിൽക്കുന്നത് കാരണം അഭയാർത്ഥികളാക്കപ്പെട്ട മ്യാൻമാറിലെ ജനങ്ങളോടുള്ള തദ്ദേശവാസികളുടെ സമീപനത്തിൽ മാറ്റം വരുന്നത് ഈ കാലയളവിലാണ്. അഭയാർത്ഥികളായ മനുഷ്യരുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച് സർക്കാരിന് വ്യക്തമായ ഒരു നയം ഉണ്ടായിരുന്നെങ്കിൽ തദ്ദേശവാസികൾക്കിടയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആകുമായിരുന്നു. അതില്ലാത്തതുകൊണ്ടാണ് കുക്കി വിഭാഗത്തെ മ്യാൻമാറിൽ നിന്നുള്ള അഭ്യാർത്ഥികളായി മെയ്തെയ് വിഭാഗം മുദ്രകുത്തുന്ന ദൗർഭാഗ്യകരമായ സ്ഥിതി ഉണ്ടായത്. ഇതിന് ഉത്തരവാദി കൃത്യമായ അഭയാർത്ഥി നയം രൂപീകരിക്കാത്ത കേന്ദ്ര സർക്കാർ ആണ്.  

രൂപ ചിനായുടെ പുസ്തകത്തിന്റെ കവർ

മണിപ്പൂരിലെ തീവ്രവാദ സംഘടനകൾ പഴയ പോലെ സജീവമാണോ?

മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള വലതു തീവ്രവാദ സംഘടനകളും കുക്കി, നാഗ വിഭാഗത്തിലെ തീവ്രവാദ സംഘടനകളും കൂടാതെ CorCom എന്ന പേരിൽ താഴ്വരയിൽ ഒരു തീവ്രവാദ ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. ഇവർക്കൊന്നും വലിയ പൊതുജന പിന്തുണ ഇല്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇവർ അഭയം പ്രാപിക്കുന്നത് അയൽ രാജ്യമായ മ്യാൻമാറിലാണ്. മ്യാൻമറിലെ മിലിട്ടറിയെ ഇവർ സഹായിക്കുന്നുമുണ്ട്. അതുകൊണ്ട് മ്യാൻമറിലെ ജനങ്ങളും അവരെ പിന്തുണയ്ക്കുന്നില്ല. ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ മ്യാൻമറിലെ താമസത്തിനായുള്ള പണം കണ്ടെത്തുന്നത് കൊള്ള നടത്തുന്നതിലൂടെയും മയക്കുമരുന്ന് വ്യാപാരത്തിലൂടെയുമാണ്. ഇതാണ് എനിക്ക് വിവിധ റിപ്പോർട്ടുകൾ വായിച്ചപ്പോൾ മനസിലായത്. എന്നാൽ ഇപ്പോൾ നടക്കുന്ന ക്യാമ്പയിൻ കുക്കികൾ മയക്കുമരുന്ന് വ്യാപാരം നടത്തുന്നു എന്നാണ്. നിലനിൽപ്പിനായുള്ള ജീവിതസമരത്തിന്റെ ഭാഗമായി ദരിദ്ര വിഭാഗങ്ങൾ പോപ്പി കൃഷി ചെയ്യുന്നുണ്ടാകാം. എന്നാൽ അതിന്റെ ഉപഭോക്താക്കൾ സമ്പന്നരും അധികാര സ്ഥാനത്തിരിക്കുന്ന ഉന്നതരും തീവ്രവാദ സംഘടനകളുമാണ്.

ഗോത്ര സമുദായങ്ങൾക്ക്‌ ലഭിക്കുന്ന പ്രത്യേകാവകാശങ്ങൾ കിട്ടാനായി, പട്ടികവർഗ പദവി ലഭിക്കാനുള്ള മെയ്തെയ് ജനതയുടെ ദീർഘകാല ആവശ്യത്തിന്റെ കാരണം എന്താണ്?

ഒ.ബി.സി വിഭാഗം, സാമ്പത്തിക പിന്നോക്ക വിഭാഗം തുടങ്ങിയ പരിഗണനകൾ ലഭിക്കുന്നവരാണ് മെയ്തെയ് വിഭാഗം. അതേസമയം അവരും നിലനിൽപ്പിനായി ബുദ്ധിമുട്ടുന്ന വിഭാഗം തന്നെയാണ്. അവർ താമസിക്കുന്ന ചില പ്രദേശങ്ങൾ ഫലഭൂയിഷ്ഠമായ ഭൂമിയാണെങ്കിലും മറ്റു പ്രദേശങ്ങളിൽ അവരുടെ ജീവിതം കഠിനം തന്നെയാണ്. നെഹറുവിന്റെ ഭരണകാലത്തു Kabaw Valley മ്യാൻമാറിന് നൽകിയതിൽ അവർ അസന്തുഷ്ടരാണ്. ഭൂമി പ്രശ്നം അവർ ദീർഘകാലമായി ഉന്നയിക്കുന്ന ഒന്നാണ്. കുക്കികളോട് ഇംഫാൽ വിട്ടുപോകാനും സ്വയംഭരണത്തിനും ഒക്കെ അവർ ആവശ്യപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. അവർ കുക്കികൾക്കെതിരെ വൻ തോതിലുള്ള പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  അതുകൊണ്ടുതന്നെ മെയ്തെയ് ജനതയ്ക്ക് പട്ടിക വർഗ പദവി ലഭിച്ചാൽ തങ്ങൾക്ക് അവരുടെ മേഖലകളിൽ അതിജീവനം നിഷേധിക്കപ്പെടുമെന്ന് കുക്കികൾ ഭയപ്പെടുന്നു. നാഗ വിഭാഗത്തിനും പല ആശങ്കകളും ഉണ്ട്.  എന്നാൽ പരസ്പരമുള്ള ഈ വിദ്വേഷവും ആശങ്കകളും പരിഹരിക്കാൻ കഴിയാത്ത ഒന്നല്ല.  

യഥാർത്ഥത്തിൽ ഒരു സമൂഹം എന്ന നിലയിൽ അവർ ഒരുമിച്ചു നിന്നുകൊണ്ട്, അവർ അനുഭവിക്കുന്ന പ്രശ്നങ്ങളെ  സംഘടിതമായി നേരിടാൻ സന്നദ്ധമാവുകയാണ് വേണ്ടത്. പുതിയ വന സംരക്ഷണ നിയമ ഭേദഗതി, വികസനത്തിന്റെ പേരിൽ നടക്കുന്ന വിഭവക്കൊള്ള, ഭൂമി നഷ്ടപ്പെടൽ, ഭക്ഷ്യ സുരക്ഷ തുടങ്ങി നിരവധി പ്രശ്നങ്ങൾ അവരുടെ മുന്നിലുണ്ട്. ഇതൊക്കെ അവർ ഒറ്റക്കെട്ടായി നേരിടണം. പുതിയ നിയമ പ്രകാരം അതിർത്തിയിൽ നിന്നും 100  കിലോമീറ്റർ ചുറ്റളവിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായി സർക്കാരിന് വനഭൂമി ഏറ്റെടുക്കാൻ അനുമതി ലഭിക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വലിയൊരു ശതമാനം വനഭൂമി സർക്കാർ നിയന്ത്രണത്തിൽ വരാൻ പോവുകയാണ്. ദേശസുരക്ഷയുടെയും വികസനത്തിന്റെയും പേരിൽ ആദിവാസി വിഭാഗങ്ങളുടെ സ്വയംഭരണവും വിഭവാധികാരവും ഇല്ലാതാകാൻ പോവുകയാണ്. കൂടാതെ ഇക്കോ ടൂറിസം പോലുള്ള പദ്ധതികളുമായി വൻകിട കോർപ്പറേറ്റുകളും വനഭൂമി കയ്യടക്കാൻ ഒരുങ്ങുന്നു. ഭരണകൂടം സൃഷ്ടിക്കുന്ന വിഭാഗീയത കാരണം ഇത്തരം സുപ്രധാന വിഷയങ്ങൾ ജനശ്രദ്ധ നേടാതെ പോകുന്നു.

രൂപ ചിനായ്

ഇത്തരം അനീതിക്കെതിരെ ജനങ്ങൾ പ്രതികരിക്കുന്നില്ലേ?

എന്താണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന് അവർക്കറിയില്ല. പാം ഓയിൽ കൃഷിയുടെ വ്യാപനത്തിനായി ഒരുപാട് പണം സർക്കാർ മുടക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ റോഡുകളും മറ്റ് വികസനവും നടക്കുമെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ മറുവശത്തെക്കുറിച്ച് തദ്ദേശവാസികൾ അജ്ഞരാണ്. ഈ അടുത്തകാലത്ത് ഒരു കോൺഫറൻസിൽ പങ്കെടുക്കാനായി നാഗാലാൻഡിലും അസമിലും ഞാൻ യാത്ര ചെയ്തിരുന്നു. പാം ഓയിൽ എന്ന ഏകവിള കൃഷിയിലൂടെ വരാൻ പോകുന്ന പാരിസ്ഥിതിക സാമൂഹ്യ പ്രശ്ങ്ങളെക്കുറിച്ച് ആരും ബോധമുള്ളവരായിരുന്നില്ല എന്ന് എനിക്ക് നേരിട്ട് മനസിലാക്കാൻ കഴിഞ്ഞു. പത്തു വർഷമായി തൊട്ടടുത്ത മിസോറാമിൽ നടക്കുന്ന പാം ഓയിൽ കൃഷി ഉണ്ടാക്കിയ ദുരിതങ്ങൾ നിലനിൽക്കെയാണ് ഇതെന്നോർക്കണം. കാരവനിൽ ഒരു റിപ്പോർട്ട് വന്ന ശേഷമാണ് മിസോറാമിൽ മണ്ണിന്റെ ഗുണനിലവാരം തകർന്നെന്നും, സ്വാഭാവിക വനഭൂമി ഇല്ലാതായെന്നും, ഭൂഗർഭ ജലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും, കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമൊക്കെ പുറംലോകം അറിഞ്ഞത്. പ്രാദേശിക ഭക്ഷ്യസുരക്ഷയും ജൈവ വൈവിധ്യവും പൂർണ്ണമായും ഇല്ലാതായി. ഗോദ്‌റെജ്‌, പതഞ്‌ജലി തുടങ്ങിയ കോർപ്പറേറ്റുകളാണ് അതിനു പിന്നിൽ. പാം ഓയിൽ വിളവെടുത്തു 24 മണിക്കൂറിനകം മില്ലിൽ എത്തിക്കണം. എന്നാൽ മിസോറാമിൽ ഒരു മിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോഡ് സൗകര്യങ്ങൾ പരിമിതവും. അതും വലിയ നഷ്ടങ്ങൾ കർഷകർക്ക് ഉണ്ടാക്കി. ഇതുതന്നെയാണ് പാപുവ ന്യൂ ഗ്വിനിയയിലും  ഇൻഡോനേഷ്യയിലും സംഭവിച്ചത്. പാം ഓയിൽ വരുന്നതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വലിയ വിഭാഗം ജനങ്ങൾ തോട്ടം തൊഴിലാളികളായി മാറും.

അവിടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ടോ?

തീവ്രവാദ ഗ്രൂപ്പുകളുടെപ്രധാന പണി കൊള്ളയടിക്കലും മയക്കുമരുന്ന് വ്യാപാരത്തിലൂടെ പണം കണ്ടത്തലുമാണ്. ഇത്തരം വിഷയങ്ങളിൽ ഒന്നും അവർ ഇടപെടുന്നില്ല. അവർക്ക്‌ പൊതുജന പിന്തുണ ഇല്ല എന്ന് ഞാൻ മുമ്പ് പറഞ്ഞല്ലോ.

ക്രമസമാധാന പാലനത്തിൽ സൈന്യം ഇടപെടുന്ന സ്ഥലമാണ് മണിപ്പൂർ. The Armed Forces Special Powers Act (AFSPA)  ദുരുപയോഗം ചെയ്തതിലൂടെ ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങൾക്കും മണിപ്പൂർ സാക്ഷിയായിട്ടുണ്ട്. എന്താണ് മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥ?

മണിപ്പൂരിലെ താഴ്വരകളിൽ ചില ഭാഗങ്ങളിൽ നിന്നും സൈന്യത്തിന് നൽകിയ പ്രത്യേക അധികാരം പിൻവലിച്ചിട്ടുണ്ട്. തുടർച്ചയായ ജനകീയ പ്രക്ഷോഭങ്ങളുടെയും പല കോണുകളിൽ നിന്നുള്ള ശക്തമായ എതിർപ്പുകളുടെയും ഫലമായാണിത്. മാത്രവുമല്ല സമീപകാലം വരെ തീവ്രവാദ പ്രവർത്തനങ്ങൾ പല ഭാഗത്തും നിലച്ചിരുന്നു.

സാംസ്‌കാരികവും സാമൂഹികവുമായി ഏറെ വൈജാത്യമുള്ള ജനതയാണ് മണിപ്പൂരിൽ ഉള്ളത്. അവർക്കിടയിൽ വെറുപ്പും പകയും ആശങ്കകളും വല്ലാതെ വളർന്നിരിക്കുന്നു. അതിനിടയിലാണ് ഭരണകൂടം അതിന്റെ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ നടപ്പിലാക്കുന്നത്. മണിപ്പൂരിലെ ജനങ്ങൾക്ക് എങ്ങനെ ഐക്യത്തോടെ ജീവിക്കാൻ കഴിയുമെന്നാണ് ആ ജനതയെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ താങ്കൾ കരുതുന്നത്?

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിശ്വാസവും പിന്തുണയും ഉണ്ടാകാനുള്ള രാഷ്ട്രീയ ഇടപെടൽ ആണ് ഉണ്ടാവേണ്ടത്. അതിനു മുൻകൈ എടുക്കേണ്ടത് സർക്കാർ തന്നെയാണ്. എന്നാൽ മണിപ്പൂർ ഭരിക്കുന്ന ബി.ജെ.പി സർക്കാരിലോ സൈന്യത്തിലോ മലയോര മേഖലയിലെ ആദിവാസി ജനങ്ങൾക്ക് വിശ്വാസമില്ല എന്നത് വലിയ പ്രശ്നം തന്നെയാണ്. എന്നാൽ പരസ്പരം സംസാരിക്കാനും ഒരുമിച്ച് നിൽക്കാനുമുള്ള ശ്രമങ്ങൾ ജനങ്ങൾക്കും നടത്താവുന്നതാണ്. അതിനെ പിന്തുണയ്ക്കാൻ മറ്റു സ്വതന്ത്ര സംഘടനകൾക്കും കഴിയും. തങ്ങൾക്കിടയിൽ വിഭാഗീയത സൃഷിടിച്ചുകൊണ്ട് ചില ശക്തികൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് മണിപ്പൂർ ജനത മനസ്സിലാക്കേണ്ടിയിരിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read