“വസ്ത്രങ്ങൾ അഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി”

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കുക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരായി നടത്തുന്ന വീഡിയോ ദൃശ്യമാണ് മണിപ്പൂരിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ഇനിയും അവസാനിച്ചിട്ടില്ലാത്ത കലാപത്തിന്റെ ക്രൂരതകൾ എത്രമാത്രം ദാരുണമാണെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ. അതും മാസങ്ങൾക്ക് മുന്നേ നടന്ന സംഭവം ഇന്റർനെറ്റ് വിലക്കുകൾ കാരണം പുറത്തുവരാൻ വൈകിയതാണ്. മാധ്യമ വാർത്തകളേക്കാൾ തീവ്രമായ സം​ഭവങ്ങളാണ് മണിപ്പൂരിന്റെ ഉൾ​ഗ്രാമങ്ങളിൽ അരങ്ങേറുന്നത് എന്ന ഞെട്ടൽ കൂടിയാണ് ഈ വീഡിയോ ദൃശ്യം ഉളവാക്കുന്നത്. കുറച്ച് പുരുഷന്മാർ ന​ഗ്നരായ, ഭയചകിതരായ രണ്ട് സ്ത്രീകളെ റോഡരികിലുള്ള വയലിലേക്ക് വലിച്ചിഴക്കുകയും നിരവധി യുവാക്കൾ അവരെ നോക്കി ആ റോഡിലൂടെ നടക്കുന്നതും വീഡിയോയിൽ കാണാം.

മണിപ്പൂർ കലാപം. കടപ്പാട്: thehindu

മെയ് 4 ന് കാങ്‌പോക്‌പി ജില്ലയിലെ ബി ഫൈനോമിന് സമീപം നടന്ന ഈ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ആ യുവതികളിൽ ഒരാൾ ‘സ്‌ക്രോൾ’ എന്ന വെബ് പോർട്ടലിന്റെ പ്രതിനിധിയുമായി സംസാരിച്ചു. മെയ് 4 ന് മെയ്തെയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ ഇവിടെ സംഘർഷം രൂപപ്പെട്ടതിനെ തുടർന്നാണ് ഈ സംഭവം നടക്കുന്നത് എന്ന് അവർ പറയുന്നു. അടുത്തുള്ള ഒരു ഗ്രാമത്തിൽ മെയ്തെയ് വിഭാഗക്കാർ ‘വീടുകൾ കത്തിക്കുന്നു’ എന്ന് കേട്ടതിനെ തുടർന്ന് ആ യുവതിയുടെ കുടുംബവും മറ്റുള്ളവരും ഒരു ഉൾവഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആൾക്കൂട്ടം അവരെ കണ്ടെത്തി. അയൽക്കാരനെയും മകനെയും കുറച്ച് ദൂരത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി. തുടർന്ന് “വസ്ത്രങ്ങൾ അഴിക്കാൻ” പറഞ്ഞുകൊണ്ട് ആൾക്കൂട്ടം സ്ത്രീകളെ ആക്രമിക്കാൻ തുടങ്ങി.

“ഞങ്ങൾ എതിർത്തപ്പോൾ അവർ എന്നോട് പറഞ്ഞു; നീ വസ്ത്രം അഴിച്ചില്ലെങ്കിൽ ഞങ്ങൾ നിന്നെ കൊല്ലും” നാല്പതുകാരിയായ ആ സ്ത്രീ പറഞ്ഞു. “ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞാൻ എല്ലാ വസ്ത്രവും അഴിച്ചത്. അപ്പോഴെല്ലാം പുരുഷന്മാർ അടിക്കുകയും ഇടിക്കുകയും ചെയ്തു. കുറച്ച് അപ്പുറമായിരുന്നതിനാൽ കൂടെയുണ്ടായിരുന്ന 21 വയസ്സുള്ള അയൽക്കാരിയായ യുവതിക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.” അവർ പറഞ്ഞു.

തുടർന്ന് റോഡിന് സമീപമുള്ള വയലിലേക്ക് വലിച്ചിഴച്ചതായും അവളോട് അവിടെ കിടക്കാൻ ആ പുരുഷന്മാർ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. “അവർ പറഞ്ഞതുപോലെ ഞാൻ ചെയ്തു, മൂന്ന് പുരുഷന്മാർ എന്നെ വളഞ്ഞു. ‘നമുക്ക് അവളെ ബലാത്സംഗം ചെയ്യാം’ എന്ന് അവരിൽ ഒരാൾ മറ്റൊരാളോട് പറയുന്നുണ്ടായിരുന്നു. എന്നാൽ ഒടുവിൽ അവർ അത് ചെയ്തില്ല.” യുവതി പറഞ്ഞു. ആ പുരുഷന്മാർ സ്തനങ്ങളിലെല്ലാം പിടിച്ച് വലിച്ചെങ്കിലും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടില്ല എന്നതിൽ ആശ്വസിക്കുന്നുണ്ടെന്നും യുവതി സ്ക്രോൾ പ്രതിനിധിയോട് പറഞ്ഞു.

മണിപ്പൂർ കലാപം. കടപ്പാട്: scmp.com

അതേസമയം, ‘ദി വയ‍‍ർ’ ന്യൂസ് പോർട്ടലിനോടും അക്രമിക്കപ്പെട്ട യുവതികൾ സംസാരിച്ചതായി വയർ റിപ്പോർട്ട് ചെയ്യുന്നു. മണിപ്പൂർ പോലീസ് അവിടെ ഉണ്ടായിരുന്നു എന്നും. എന്നാൽ തങ്ങളെ സഹായിച്ചില്ല എന്നും അവരിൽ ഒരാൾ ‘ദി വയറി’നോട് പറഞ്ഞു. കാറിൽ ഇരുന്ന് കലാപം കാണുന്ന നാലു പോലീസുകാരെ കണ്ടെന്നും, തങ്ങളെ സഹായിക്കാൻ അവർ ഒന്നും തന്നെ ചെയ്തില്ല എന്നും രണ്ടാമത്തെ അതിജീവിത പറഞ്ഞു.

അപ്പുറത്തുള്ള അതിജീവിതയെ കുറിച്ചായിരുന്നു ഞാൻ ആലോചിച്ചിരുന്നത്. എന്നാൽ ആൾക്കൂട്ടത്തിന് ആലോചനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവ‍ർ ഞങ്ങളെ പൊന്തക്കാടുകൾ ഉള്ള ഒരിടത്തേക്ക് കൊണ്ടുപോയി, മൂന്ന് ആളുകൾ എന്നെ പിടിക്കുകയും “ഇവരെ പീഡിപ്പിക്കാൻ തോന്നുന്നവർ വന്നോളൂ” എന്ന് ഒരാൾ വിളിച്ചു കൂവുകയും ചെയ്തു. മെയ്തെയ് ഗോത്രക്കാരിൽ തങ്ങളെ സഹായിച്ചവരും ഉണ്ടായിരുന്നു എന്ന് അവർ കൂട്ടിച്ചേർത്തു.

ഈ യുവതികളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയായതായി യുവതികളുടെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 18 ന് കാങ്‌പോക്പി ജില്ലയിലെ സൈകുൽ പോലീസ് സ്റ്റേഷനിൽ സീറോ എഫ്‌.ഐ.ആർ (ആ പ്രത്യേക പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, ഏത് പോലീസ് സ്റ്റേഷനിലും ഫയൽ ചെയ്യാൻ കഴിയുന്നതാണ് സീറോ എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിക്കുന്നു. എണ്ണൂറിനും ആയിരത്തിനും ഇടയിലുള്ള ‘അജ്ഞാതരായ അക്രമികൾക്ക്’ എതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയതായി സൈകുൽ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് നാലിന് ഉച്ചയ്ക്കാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. “എ.കെ റൈഫിൾസും എസ്.എൽ.ആർ തോക്കുകളും ഉൾപ്പെടെ അത്യാധുനിക ആയുധങ്ങൾ കൈവശം വയ്ക്കുന്ന അജ്ഞാതരായ ചില അക്രമികൾ മണിപ്പൂരിലെ കാങ്‌പോപി ജില്ലയിലെ ദ്വീപ് സബ്-ഡിവിഷനിലുള്ള ഞങ്ങളുടെ ഗ്രാമത്തിലേക്ക് ബലമായി പ്രവേശിച്ചു” എന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ആൾക്കൂട്ടം ഗ്രാമത്തിലെ വീടുകൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

പരാതിയിൽ പറയുന്ന പ്രകാരം, സ്വയരക്ഷയ്ക്കായി വനത്തിലേക്ക് ഓടിപ്പോകുകയായിരുന്നു ഗ്രാമത്തിലെ അഞ്ച് ആളുകൾ. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. അവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിൽ ഉള്ളവരാണ്. 56 വയസ്സുള്ള ഒരാൾ, അയാളുടെ 19 വയസ്സുള്ള മകൻ, 21 വയസ്സുള്ള മകൾ. മറ്റ് രണ്ട് സ്ത്രീകളും – ഒരാൾക്ക് 42 വയസ്സും, മറ്റൊരാൾ 52 വയസ്സും – സംഘത്തിൽ ഉണ്ടായിരുന്നു.

വനത്തിലേക്കുള്ള വഴിയിൽ നോങ്‌പോക്ക് സെക്‌മായി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം അവരുടെ രക്ഷയ്ക്ക് എത്തിയിരുന്നു. നോങ്‌പോക്ക് സെക്‌മായി പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള തൗബു എന്ന സ്ഥലത്തിനടുത്ത് വച്ച് അക്രമാസക്തരായ ആൾക്കൂട്ടം അവരെ വഴിയിൽ തടയുകയും പൊലീസ് സംഘത്തിന്റെ കസ്റ്റഡിയിൽ നിന്നും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയിലുണ്ട്.

മണിപ്പൂർ പൊലീസിന്റെ ട്വിറ്റർ പേജിൽ നിന്നും

ആൾക്കൂട്ടം ഉടൻ തന്നെ 56 കാരനെ കൊലപ്പെടുത്തി. മൂന്ന് സ്ത്രീകളോടും വസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയും ജനക്കൂട്ടത്തിന് മുന്നിലൂടെ നഗ്നരായി നടത്തിക്കുകയും ചെയ്തു. ഇരുപത്തൊന്നുകാരിയായ സ്ത്രീ പകൽ വെളിച്ചത്തിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി. മറ്റ് രണ്ട് സ്ത്രീകൾ പരിചിതരായ ചില ആളുകളുടെ സഹായത്തോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇരുപത്തൊന്നുകാരിയുടെ ഇളയ സഹോദരൻ തന്റെ സഹോദരിയുടെ ജീവനും മാനവും സംരക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ ആൾക്കൂട്ടം ആ ചെറുപ്പക്കാരനെ സംഭവസ്ഥലത്ത് വെച്ച് കൊലപ്പെടുത്തി. പരാതിയിൽ പറയുന്നു.

സംഭവം നടന്നതായി പറയപ്പെടുന്ന നോങ്‌പോക്ക് സെക്‌മായി പൊലീസ് സ്‌റ്റേഷനിലേക്കാണ് പരാതി മാറ്റിയിരിക്കുന്നത്. കാങ്‌പോക്‌പിയിലെ പൊലീസ് സൂപ്രണ്ട് എം മനോജ് പ്രഭാകർ ഇത് സ്ഥിരീകരിച്ചു: “ഞങ്ങൾ സൈകുലിൽ പൂജ്യം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയും നോങ്‌പോക്ക് സെക്‌മായി‌ലേക്ക് കൈമാറുകയും ചെയ്‌തു.” സ്ക്രോൾ റിപ്പോർട്ട് പറയുന്നു.

പരാതിയിൽ അന്വേഷണം ആരംഭിച്ചോ എന്നതിനെക്കുറിച്ച് അഭിപ്രായം തേടുന്ന ഫോൺ കോളുകളോടും സന്ദേശങ്ങളോടും നോങ്‌പോക്ക് സെക്‌മായി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രതികരിച്ചില്ല‌ എന്ന് സ്ക്രോളും ദി വയറും ഒരുപോലെ റിപ്പോർട്ട് ചെയ്യുന്നു.

മെയ് 3 മുതൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നതുകൊണ്ടാണ് മെയ് 4 ന് നടന്ന ഈ ദാരുണമായ സംഭവത്തിന്റെ വീഡിയോ പുറത്തുവരാൻ വൈകിയത്. സംഭവം നടന്ന് 77 ദിവസം കഴിഞ്ഞ്, ജൂലൈ 19 നാണ് പൊലീസ് ഈ വിഷയത്തിൽ ഇടെപടുന്നത്. കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം മണിപ്പൂരിൽ നടക്കുന്ന പല ക്രൂരതകളും പുറംലോകം അറിയാതെ പോകുന്നതിന് കാരണമായി മാറുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു.

Also Read

4 minutes read July 20, 2023 1:01 pm