ഫെയ്ക്ക് ന്യൂസും പ്രതികാര ഹിംസയും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സമൂഹ മനസ്സിനെ മുറിപ്പെടുത്തുന്ന വ്യാജ വാ‍ർത്തകൾക്കും തെറ്റായ പ്രചാരണങ്ങൾക്കും കലാപങ്ങളിൽ നി‍ർണ്ണായക സ്വാധീനമുണ്ട്. ഈ ചരിത്രപാഠം ആവ‍ർത്തിക്കുകയാണ് മണിപ്പൂരിലെ ഹിംസാത്മകമായ കലാപവും. കുക്കികൾ മെയ്തെയ് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു എന്ന വ്യാജ വാർത്തയുടെ പ്രചാരണമാണ് കുക്കി സത്രീകൾക്ക് എതിരെയുള്ള നടുക്കുന്ന ആക്രമണങ്ങൾക്ക് പ്രേരണയായത്. കുക്കികൾക്ക് എതിരെ മണിപ്പൂരിൽ നടന്ന വ്യാ​​ജ പ്രചാരണങ്ങളെയും അവയെ തുടർന്നുണ്ടായ പ്രതികാര ഹിംസയെയും തുറന്നുകാട്ടുകയാണ് ഹൈദരാബാദ് സർവകലാശാലയിലെ സോഷ്യോളജി വിഭാഗം അധ്യാപികയായ മണിപ്പൂർ സ്വ​ദേശി ഹൊയ്നൈലിൻ​ഗ് സിത്ലൗ.

അക്രമാസക്തരായ ആൾക്കൂട്ടങ്ങളുടെ അനായാസ ലക്ഷ്യമാണ് സ്ത്രീകൾ എന്നതിനാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പാലിക്കപ്പെട്ട നിശബ്ദതയുടെ പേരിൽ മെയ് 3 ന് മണിപ്പൂരിൽ ആരംഭിച്ച വംശീയ കലാപത്തെക്കുറിച്ചുള്ള സംവാദങ്ങൾ വിശാലമായ രാഷ്ട്രീയ വിവക്ഷകളുള്ളതായി മാറിയിരിക്കുന്നു. സ്ത്രീകൾക്കെതിരായ ക്രൂരതകളെക്കുറിച്ചുള്ള വ്യാജ വാർത്തകളുടെ പ്രചാരണം തടയുന്നതിലും യഥാർത്ഥത്തിൽ നടന്നതെന്താണ് എന്ന് വ്യക്തമാക്കുന്നതിലും അധികൃതർ മൗനം തുടരുകയാണ്. മെയ്തെയ് സ്ത്രീകളെ ബലാത്സംഗം ചെയ്തതിനെക്കുറിച്ചുള്ള അത്തരം വ്യാജ വാർത്തകൾ ആ സമുദായത്തിലുള്ള കുറ്റവാളികൾ അവരുടെ അതിക്രമങ്ങളെ ‘പ്രതികാരം’ എന്ന് ന്യായീകരിക്കാനായി ഉപയോഗിക്കുന്നുണ്ട്.

അതിക്രമങ്ങൾക്കുള്ള ഉപകരണമായി മാറുന്ന സ്ത്രീ ശരീരങ്ങൾ

രാഷ്ട്രീയ പ്രചാരണത്തിനും പൊതുജന പിന്തുണ ശക്തിപ്പെടുത്തുന്നതിനുമായി കലാപകാരികളായ മെയ്തേയ് ഗ്രൂപ്പുകൾ ചുരാചന്ദ്പൂർ ജില്ലയിൽ കുക്കികൾ മെയ്തെയ് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചു. എന്നാൽ ചുരാചന്ദ്പൂരിൽ മെയ്തെയ് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മണിപ്പൂരിലെ പോലീസ് ഡയറക്ടർ ജനറൽ (ഡി.ജി.പി) പി ഡൂംഗൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

അതുപോലെ, ചുരാചന്ദ്പൂർ മെഡിക്കൽ കോളേജിലെ മെയ്തെയ് നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വ്യാജ വിവരവും ഉയർന്നിരുന്നു. ഇതിന് ‘തെളിവ്’ ആയി ഒരു ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു. പക്ഷെ അത് 2022-ൽ ഉത്തർപ്രദേശിലെ മഥുരയിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയുടേതാണെന്ന് പിന്നീട് തെളിഞ്ഞു. അതിലുപരിയായി, തന്റെ മകൾ സുരക്ഷിതയാണെന്നും അവളെക്കുറിച്ച് പരക്കുന്ന കിംവദന്തികൾ തെറ്റാണെന്നും ഇംഫാലിലെ പ്രാദേശിക വാർത്താ ചാനലായ ISTV വഴി മെയ്തെയ് നഴ്‌സിന്റെ പിതാവ് കെ അച്ചൗബ വ്യക്തമാക്കി.

ഹൊയ്നൈലിൻ​ഗ് സിത്ലൗ

ദില്ലിയിലെ ജന്തർ മന്തറിൽ അടുത്തിടെ നടന്ന പ്രതിഷേധത്തിനിടെ ചില മെയ്തെയ് പ്രതിഷേധക്കാർ ഒരു സ്ത്രീയുടെ വലിയ ഫോട്ടോ പ്രദർശിപ്പിക്കുകയുണ്ടായി. കുക്കി സമുദായത്തിലെ അംഗങ്ങൾ ശാരീരികമായി ഉപദ്രവിച്ച ഒരു മെയ്തെയ് സ്ത്രീയുടേതാണെന്ന്  ആ ഫോട്ടോ എന്നായിരുന്നു പ്രതിഷേധക്കാർ അവകാശപ്പെട്ടിരുന്നത്. ഈ ചിത്രം കുക്കി-സോ പുരുഷന്മാരെ ‘ബലാത്സംഗികളായി’ ചിത്രീകരിക്കുന്ന പ്രചാരണങ്ങളെ ശക്തിപ്പെടുത്തി. എന്നാൽ ഈ ഫോട്ടോ അരുണാചൽ പ്രദേശിൽ നിന്നുള്ള ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീയുടേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. (ചിത്രം 1 കാണുക).

“ബലാത്സംഗത്തിനിരയായ 37 മെയ്തെയ് വിഭാഗക്കാരായ സ്ത്രീകളുടെയും 7 വയസ്സുള്ള ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ ഇംഫാലിലെ ഷിജ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്” എന്നതായിരുന്നു വ്യാപകമായി പ്രചരിച്ച മറ്റൊരു തെറ്റായ വിവരം. എന്നാൽ ആശുപത്രി അധികൃതർ ഈ വാദം ശക്തമായി നിഷേധിച്ചു. ഷിജ ഹോസ്പിറ്റൽ പോസ്റ്റ്‌മോർട്ടം പരിശോധനകൾ നടത്തുന്നില്ല എന്ന് അവർ ഉറപ്പിച്ച് പറഞ്ഞു.

ചിത്രം 1 – ഡൽഹിയിലെ ജന്തർ മന്തറിൽ മെയ്തേയ് വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന പോസ്റ്ററിലെ ചിത്രം. അരുണാചൽ പ്രദേശിലെ ഗാർഹിക പീഡനത്തിന്റെ ഇരയാണ് എന്നു തെളിയിക്കപ്പെട്ടു.

ഈ തെറ്റായ വിവരങ്ങളുടെ പ്രചാരണം വിശ്വാസയോഗ്യമല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും ഇവ സൃഷ്ടിച്ച നാശനഷ്ടങ്ങൾ പഴയപടിയാക്കാൻ കഴിയില്ല. നിരവധി കുക്കി-സോ സ്ത്രീകൾക്ക് അത്തരം തെറ്റായ വിവര പ്രചാരണങ്ങളുടെ ആഘാതങ്ങളെ നേരിടേണ്ടി വന്നു, ടാർഗെറ്റ് ചെയ്‌ത അക്രമത്തിനും വിവിധതരം ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുകയും ചെയ്തു. ഈ ലേഖിക പ്രദേശവാസികളുമായും അതിജീവിതമാരുമായും ഇരകളായ ചില സ്ത്രീകളുടെ കുടുംബങ്ങളുമായും സംസാരിച്ചു. അക്രമികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായും അവരുടെ അതിക്രമങ്ങളെ ‘പ്രതികാര നടപടി’കളായി ചിത്രീകരിക്കുന്നതായും അവരിൽ പലരും എന്നോട് പറഞ്ഞു.

ഇത് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ഒന്ന്, കുക്കി-സോ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതിനായി മെയ്തെയ് സ്ത്രീകളെ അവർ ബലാത്സംഗം ചെയ്യുന്നതായുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ഇത് സാമുദായിക വികാരങ്ങളെ ആളിക്കത്തിക്കുകയും കുക്കി-സോ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ആൾക്കൂട്ടഹിംസയിലേക്ക് നയിക്കുകയും ചെയ്തു.

‌’പ്രതികാര’ അക്രമത്തിന്റെ ഭാരം വഹിച്ചത് ആരാണ്?

ബലാത്സംഗവും ‘പ്രതികാര ബലാത്സംഗവും’ ശത്രുവായി കരുതുന്നവർക്കോ അപരർക്കോ എതിരായ അങ്ങേയറ്റത്തെ ആക്രമണമാണ്. ഒരു സമൂഹത്തെ തന്നെ തരംതാഴ്ത്തുന്നതിനും അപമാനിക്കുന്നതിനുമുള്ള സൈക്കോളജിക്കൽ ഉപകരണങ്ങളായി സ്ത്രീ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾ ലക്ഷ്യമാക്കപ്പെടാറുണ്ട്. ഈ ലേഖിക സംസാരിച്ച നിരവധി അതിജീവിതകളും സാക്ഷികളും അവരുടെ കുടുംബാംഗങ്ങളും പറയുന്ന അനുഭവം ഇത് വ്യക്തമാക്കുന്നു: പലപ്പോഴും, കുറ്റവാളികൾ അവരുടെ ഹീനമായ പ്രവൃത്തികളെ ‘പ്രതികാരം’ എന്ന പേരിൽ ന്യായീകരിക്കുന്നു.‍

അത്തരത്തിൽ രക്ഷപ്പെട്ട ഒരു അതിജീവിത എന്നോട് പറഞ്ഞു; മെയ് 4 ന് പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന മെയ്തെയ് ആൾക്കൂട്ടവും മെയ്തെയ് തീവ്രവാദ ഗ്രൂപ്പായ അറംബായ് ടെങ്കോൾ, മെയ്തെയ് ലീപുൺ എന്നിവയിലെ അംഗങ്ങളും അവളുടെ ഗ്രാമം കത്തിച്ചു. അക്രമികൾ അയൽ ഗ്രാമത്തിൽ നിന്നാണ് വന്നത്. അക്രമികളിലൊരാൾ പറഞ്ഞു, “[ചുരാചന്ദ്പൂർ ജില്ലയിലെ] ലംകയിൽ ഞങ്ങളുടെ ആളുകളെ നിങ്ങളുടെ ആളുകൾ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. അതിനാൽ ഞങ്ങൾ നിങ്ങളോടും അത് തിരിച്ച് ചെയ്യും.”

ആൾക്കൂട്ടം അവരുടെ ജ്യേഷ്ഠനെയും മരുമകനെയും ഒരു വയലിൽ വെച്ച് കൊലപ്പെടുത്തി. അക്രമികൾ അവരുടെ മരുമകളെയും ഗ്രാമത്തലവന്റെ ഭാര്യയേയും വിവസ്ത്രരാക്കുകയും നഗ്നരായി നടത്തിക്കുകയും ചെയ്തു. തുടർന്ന് പൊതുസ്ഥലത്ത് വച്ച് ആൾക്കൂട്ടം അവരെ ബലാത്സംഗം ചെയ്തുവെന്നും അവർ ആരോപിച്ചു. ആൾക്കൂട്ട കൊലപാതകങ്ങളും വീടുകൾ കത്തിക്കുന്നതും കണ്ട്  മെയ്തെയ് പൊലീസ് കമാൻഡോകൾ വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു എന്നും അവർ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട രണ്ട് സ്ത്രീകളെ അക്രമികൾ ആൾക്കൂട്ടത്തിന് കൈമാറിയെന്നും ആൾക്കൂട്ടം അവരെ കൂടുതൽ മർദിച്ചതായും അവർ പറഞ്ഞു.

അതേ ദിവസം, മറ്റൊരു സ്ഥലത്ത് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 40 പേരുടെ സംഘം 22 കാരിയായ ആഗ്നസ് നെയ്ഖോഹാട്ടിനോടും അവളുടെ സുഹൃത്തിനോടും ഇങ്ങനെയാണ് പറഞ്ഞത്. “നിങ്ങളുടെ ഗോത്രത്തിലുള്ളവർക്ക് ‘എല്ലാ മോശമായ കാര്യങ്ങളും’ ചെയ്യാൻ കഴിയുമെങ്കിൽ (അതായത് മെയ്തെയ് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്ന കിംവദന്തി പോലെ) അപ്പോൾ ഞങ്ങൾ നിങ്ങളെ എളുപ്പത്തിൽ വിട്ടയക്കുമെന്ന് കരുതുന്നുണ്ടോ?” തങ്ങൾ പ്രതികാരം ചെയ്യുകയാണെന്ന് ആൾക്കൂട്ടത്തിലെ അംഗങ്ങൾ നേരിട്ട് സമ്മതിച്ചതായി നെയ്ഖോഹട്ട് ഈ ലേഖകനോട് പറഞ്ഞു. അവർ പറഞ്ഞു. “നിങ്ങൾ ചെയ്തത് തിരിച്ച് ചെയ്യാതിരിക്കാൻ എന്താണ് ന്യായം?” എന്നാണ് അവർ ചോദിച്ചത്. മെയ് നാലിന് വൈകുന്നേരം 4 മണിയോടെ, ഇംഫാലിലെ പോറോംപട്ടിലെ നൈറ്റിംഗേൽ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായ ആഗ്നസിനെയും അവരുടെ സുഹൃത്തിനെയും ഒരു സംഘം വടികൊണ്ട് മർദ്ദിക്കുകയും പല്ലുകൾ കൊഴിയുന്നതുവരെ തലയിലും മുഖത്തും ഇടിക്കുകയും വയറിലും പുറകിലും ചവിട്ടുകയും ചെയ്തു. അവർ അബോധാവസ്ഥയിലാകുന്നതുവരെ അവർ ഇത് തുടരുകയും മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്തതായി അവൾ പറയുന്നു.

അടുത്ത ദിവസം മെയ് 5 ന്, കാങ്‌പോക്‌പി ജില്ലയിലെ എച്ച് ഖോപിബുംഗ് ഗ്രാമത്തിൽ നിന്നുള്ള തെംനുവും ചോങ്‌പിയും [പേരുകൾ മാറ്റിയിട്ടുണ്ട്] പോറോമ്പറ്റിൽ നിന്ന് 2.9 കിലോമീറ്റർ അകലെ വച്ച് ബലാത്സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തു. ഇംഫാലിലെ കൊനുങ് മാമാങ്ങിലുള്ള ഒരു കാർ വാഷിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു 20 വയസുള്ള ഈ രണ്ട് സ്ത്രീകൾ. മെയ്തെയ് അക്രമികൾ അവരെ ഒരു മുറിക്കുള്ളിലേക്ക് വലിച്ചിഴയ്ക്കുകയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെ തടവിലാക്കി വയ്ക്കുകയും ചെയ്തതായി അവരുടെ ദുഃഖിതരായ കുടുംബാംഗങ്ങൾ ഈ ലേഖകനോട് പറഞ്ഞു. ആ ആൾക്കൂട്ടത്തിന് യുവതികളെ ചൂണ്ടിക്കാണിച്ചുകൊടുത്തത് പ്രാദേശിക മെയ്തെയ് സ്ത്രീകളാണെന്നും ‘പ്രതികാരം’ എന്ന നിലയിൽ അവരെ ആക്രമിക്കാൻ മെയ്തെയ് സ്ത്രീകൾ പ്രേരിപ്പിച്ചതായും കുടുംബാംഗങ്ങൾ പറയുന്നു.

ഈ യുവതികളെ രക്ഷിക്കുന്നതിനായി അവരുടെ സഹപ്രവർത്തകർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് കുടുംബം എന്നോട് പറഞ്ഞു. അവർ നിലവിളിക്കുകയും മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തതായി പൂട്ടിയ മുറിക്ക് പുറത്ത് നിന്ന് കേട്ടെന്നും അവർ ബലാത്സംഗം ചെയ്യപ്പെടാനും പീഡിപ്പിക്കപ്പെടാനുമുള്ള സാധ്യതയുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.  ഒടുവിൽ 7 മണിക്ക് ശേഷം മുറി തുറന്നപ്പോൾ കണ്ടത് രക്തവും മുടിയും പടർന്നുകിടക്കുന്നതാണ്. അവർ ക്രൂരതയ്ക്ക് കീഴടങ്ങുകയായിരുന്നു. അവരുടെ മൃതദേഹങ്ങൾ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയോ ജെ.എൻ.ഐ.എം.എസിലെയോ മോർച്ചറിയിലാണ് ഉള്ളതെന്ന് മാതാപിതാക്കൾ പറഞ്ഞു. (ചിത്രം 2 കാണുക).

ചിത്രം 2: തെംനുവും ചോങ്‌പിയും

മെയ് 6 ന്, വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായ നാല്പത്തഞ്ചുകാരി തിയാൻഡം വൈഫെയെ കാങ്‌പോക്‌പി ജില്ലയിലെ ഫെയ്‌തയ്‌ചിംഗ് ഗ്രാമത്തിൽ വച്ച് മെയ്തെയ് ജനക്കൂട്ടം ആക്രമിക്കുകയും വെടിവെച്ച് കൊല്ലുകയും കത്തിക്കുകയും ചെയ്തു. മെയ് 7 ന് ആണ് അവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ആ വികൃതമാക്കപ്പെട്ട ശരീരത്തിൽ അവശേഷിക്കുന്നതെന്തായിരുന്നു എന്ന് പറയാൻ കഴിയുന്നത് ഗോർഖ റെജിമെന്റിനും ആൻഡ്രോ പൊലീസ് ഓഫീസർമാർക്കും ഒപ്പം മൃതദേഹം തിരിച്ചറിയാൻ പോയ പാസ്റ്റർ തിയാന വൈഫെ സുന്തക്കിനാണ്.

മെയ് 15-ന് ഇംഫാലിലെ ചെക്കോണിൽ നിന്ന് പതിനെട്ടുകാരിയായ കിമ്മിനെ ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയി. വാങ്‌ഖേയ് അയാങ് പള്ളി റോഡിലെ ഒരു മെയ്തെയ് സെറ്റിൽമെന്റിലേക്കാണ് അവളെ കൊണ്ടുപോയത്. അവിടെ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട ആൾക്കൂട്ടം അവളെ ആക്രമിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. തോക്കിന്റെ പാത്തികൊണ്ട് അവളുടെ കണ്ണുകളിൽ അടിച്ചു. ലൈംഗികാതിക്രമങ്ങളെ അവൾ എതിർത്തപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് അവർ അവളെ ഭീഷണിപ്പെടുത്തി. പിന്നീട് കൊഹിമയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച അവളുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചപ്പോൾ, ആക്രമണവും ബലാത്സംഗവും സ്ഥിരീകരിച്ചു. ബോധം വീണ്ടെടുത്ത ശേഷം (തലയിലെ ഇടി കാരണം അവൾ ബോധരഹിതയായിരുന്നു), തന്നെ കൊല്ലാനുള്ള അവരുടെ പദ്ധതികൾ കേട്ടതായി അവൾ റിപ്പോർട്ട് ചെയ്തു. മൂത്രമൊഴിക്കാനുണ്ട് എന്ന് പറഞ്ഞ്  യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു മുസ്ലീം ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ അവൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നും പറഞ്ഞു.

സംഘടിതമായ നിഷേധമോ ബോധപൂർവമായ ആത്മവഞ്ചനയോ?

തെറ്റായ വിവരങ്ങൾ, അസത്യങ്ങൾ, കിംവദന്തികൾ എന്നിവ കലാപകലുഷിതമായ സാഹചര്യത്തിൽ നിരവധി ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കും. എന്നാൽ വസ്തുതകൾ എളുപ്പത്തിൽ പരിശോധിക്കാനോ സാധൂകരിക്കാനോ നിഷേധിക്കാനോ കഴിയും. ചിലപ്പോൾ, ഈ ലേഖിക ചെയ്യാൻ ശ്രമിച്ചതുപോലെ വിവരങ്ങൾ സ്ഥിരീകരിക്കാനോ നിരസിക്കാനോ ഒരു ഫോൺ കോൾ മതിയാകും.

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്: “ചുരാചന്ദ്പൂരിൽ മെയ്തേയി സ്ത്രീകളെ കുക്കി-സോ പുരുഷന്മാർ ബലാത്സംഗം ചെയ്തു” എന്ന് കുറ്റവാളികൾ വിശ്വസിച്ചിട്ടുണ്ടോ (അല്ലെങ്കിൽ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ)? ഇത് പലതവണ നിഷേധിക്കപ്പെട്ട വ്യാജ വാർത്തയാണ്. അതോ അക്രമികൾ തങ്ങളുടെ ക്രൂരതകളെ ന്യായീകരിക്കാൻ വേണ്ടി നടത്തിയ ആസൂത്രിത വ്യാജ പ്രചാരണത്തിന്റെ ഭാഗമായാണോ ഈ ‘വാർത്ത’ പ്രചരിപ്പിക്കപ്പെട്ടത്?

ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സുഗ്നുവിൽ നിന്നുള്ള കുക്കി ഗ്രാമവാസികൾ. ഫോട്ടോ: സൂരജ് സിംഗ് ബിഷ്ത്, ThePrint

മറ്റൊരു സന്ദർഭത്തിൽ, മാധ്യമ പ്രവർത്തകനായ സയ്യിദ് അലി മുജ്തബ 1993-ലെ മുസ്ലീം വിരുദ്ധ അക്രമത്തിനിടെ മെയ്‌തെയ്കൾ മുസ്ലീങ്ങൾക്കെതിരെ അഴിച്ചുവിട്ട തെറ്റായ വിവരങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനെ തുടർന്ന് മൂന്ന് ദിവസങ്ങൾക്കിടയിൽ 130 പാംഗലുകൾ (മുസ്ലീംങ്ങൾ) ആണ് മെയ്തെയ്കളാൽ കൊല ചെയ്യപ്പെട്ടത്. ആഴമേറിയ സാമൂഹിക വിള്ളലുകൾ സൃഷ്ടിക്കാനും അക്രമം വളർത്താനും മുൻകൂട്ടി ആസൂത്രണം ചെയ്ത തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും കൊടും നുണകളും  തന്ത്രപരമായി ഉപയോഗിക്കപ്പെടുന്നത് എങ്ങനെ എന്നതിന് ഉദാഹരണമായി മാറുന്നു ഈ സംഭവം.

‘സിവിൽ സൊസൈറ്റി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിരവധി അന്താരാഷ്ട്ര പ്രശസ്തമായ സംഘടനകൾ മണിപ്പൂരിൽ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകളെ രക്ഷിക്കുകയും അതിജീവിതകളെ പുനരധിവസിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ഈ സംഘടനകൾ എവിടെയാണ്? ഇരുകൂട്ടരുടെയും വാദങ്ങൾ തുല്യമായി പരിഗണിക്കുമ്പോൾ മാത്രമേ കുക്കി-സോസും മെയ്തെയ്കളും തമ്മിലുള്ള ഒരു കൂടിയിരിക്കൽ സാധ്യത കണ്ടെത്താൻ കഴിയൂ. നിലവിലെ സർക്കാരിലുള്ള വിശ്വാസം വീണ്ടെടുക്കാനും ഇതിലൂടെയേ സാധിക്കൂ.

(ഹൈദരാബാദ് സർവകലാശാലയിലെ സോഷ്യോളജി വിഭാഗം അധ്യാപികയാണ് ലേഖിക).

കടപ്പാട്: newsclick.in

Also Read

7 minutes read July 21, 2023 2:00 pm