സൈനികമായ പരി​ഹാരത്തേക്കാൾ സങ്കീർണ്ണമാണ് മണിപ്പൂർ

ഇംഫാൽ താഴ്‌വരയും ചുറ്റും പർവ്വതനിരകളുമുള്ള മണിപ്പൂർ ചരിത്രപരമായി തന്നെ സമതലങ്ങളും മലനിരകളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ്. അതിന്റെ തുടർച്ചതന്നെയാണ് 50ൽ അധികം പേർക്ക് ജീവൻ നഷ്ടമായ, ഇപ്പോഴും തുടരുന്ന മണിപ്പൂർ സംഘർഷം. ഈ സംഘർഷത്തിന് പിന്നിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക കാരണങ്ങൾ വളരെ സങ്കീർണ്ണവും വടക്കു കിഴക്കൻ മേഖലയിലെ ഗോത്രവിഭാഗങ്ങളും അല്ലാത്തവരും തമ്മിലുള്ള ഏറ്റമുട്ടലുകളുടെ കാരണങ്ങളുമായി പലതരം സാമ്യമുള്ളതുമാണ്. ഇപ്പോൾ മണിപ്പൂരിൽ ഉടലെടുത്ത ആഭ്യന്തര സംഘർഷങ്ങളിൽ  നിരവധി പേർക്കാണ്  ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടത്. പുറത്തുവന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം മരിച്ചവരുടെ എണ്ണം 54 ആണ്. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലധികമാണെന്നും പറയപ്പെടുന്നു. അമ്പതിനായിരത്തോളം പേർ ഇപ്പോഴും പല ക്യാമ്പുകളിലാണ് കഴിയുന്നത്. ആയിരത്തിലധികം പേർ ആസാമിലെ കച്ചാർ ജില്ലയിലേക്ക് പാലായനം ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ സമുദായമായ മെയ്തെയ് വിഭാഗവും ന്യൂനപക്ഷ ആദിവാസി വിഭാഗങ്ങളും തമ്മിലാണ് സംഘർഷം നടക്കുന്നത്. സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ ആർട്ടിക്കിൾ 355 പ്രഖ്യാപിക്കുകയും, ക്രമസമാധാന പാലനം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

ഇംഫാൽ ന​ഗരം കലാപത്തിന് ശേഷം. കടപ്പാട്: ദി ഹിന്ദു

നിലവിൽ സംഘർഷം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാനുള്ള കാരണം ഭൂഅവകാശങ്ങളെക്കുറിച്ചുള്ള ഗോത്രവിഭാഗങ്ങളുടെ തർക്കവും, പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യവും, സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളുമാണ്. പട്ടികവർഗ പദവിക്ക് വേണ്ടി ഭൂരിപക്ഷ വിഭാഗമായ മെയ്തെയ്കൾ ആവശ്യം ഉന്നയിക്കുന്നതിനോട്  സംസ്ഥാനത്തെ മറ്റ് ഗോത്ര വിഭഗങ്ങൾ മുന്നേ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മണിപ്പുരിൽ നാഗ, കുക്കി തുടങ്ങിയ വിഭാഗങ്ങൾക്ക് പട്ടികവർഗ പദവിയുണ്ട്. മെയ്തെയ് വിഭാഗക്കാരെ ഒ.ബി.സി, പട്ടികജാതി വിഭാഗത്തിലാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു മാറ്റണമെന്നും പട്ടികവർഗ വിഭാഗമാക്കണം എന്നുമാണ് കുറേക്കാലമായി ഇവർ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തേക്ക് വലിയ തോതിലുള്ള അനധികൃത കുടിയേറ്റം നടക്കുന്നതായും മെയ്തെയ് വിഭാഗക്കാർ ആരോപിക്കുന്നു. കുടിയേറ്റക്കാരെ കുക്കി ഗോത്രവിഭാഗങ്ങൾ സംരക്ഷിക്കുന്നതായും ഇവർ ആരോപിക്കുന്നു. ഈ വാദങ്ങളെ എതിർത്തുകൊണ്ട് കുക്കി, നാഗ ഗോത്രങ്ങൾ മെയ് 3 ന് നടത്തിയ ഐക്യദാർഢ്യ മാർച്ചിൽ നിന്നാണ് ഇപ്പോഴത്തെ സംഘർഷങ്ങൾ ആരംഭിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിപ്പൂരിലെ വിവിധ തദ്ദേശീയ ഗോത്ര വിഭാഗങ്ങൾ ഒന്നിച്ചാണ് ചുരാചന്ദ്പൂർ ജില്ലയിൽ വച്ച് മെയ്തെയ് വിഭാഗത്തിന് ഗോത്ര പദവി കൊടുക്കുന്നതിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM)ന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ചുരാചന്ദ്പൂർ മാർച്ചിനിടെ, സായുധരായ ജനക്കൂട്ടം മെയ്തെയ് സമുദായത്തിലെ ആളുകളെ ആക്രമിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ ഇംഫാൽ ജില്ലയിൽ കുക്കികൾ ആക്രമിക്കപെടുന്നതിലേക്കു നയിച്ചു. ഇത് സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും കുക്കി-മെയ്തെയ് വിഭാഗങ്ങൾക്കിടയിൽ സംഘർഷമായി വ്യാപിച്ചു. മെയ്തെയ് വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് തങ്ങളുടെ ഭൂമിയുടെ മേലുള്ള അവകാശങ്ങളെ ഇല്ലാതാക്കുമെന്നും, ഭരണഘടനാപരമായ സുരക്ഷ നഷ്ടപ്പെടുമെന്നും ഗോത്രവർഗക്കാർ ഭയപ്പെടുന്നു. മണിപ്പൂരിൽ സാമ്പത്തികവും, സാമൂഹ്യവുമായി മെച്ചപ്പെട്ടു നിൽക്കുന്ന വിഭാഗമാണ് താഴ്വരകളിൽ താമസിക്കുന്ന മെയ്തെയ് വിഭാഗം. മൊത്തം ജനസംഖ്യയുടെ അൻപത് ശതമാനത്തിനടുത്ത് മെയ്തെയ് വിഭാഗമാണ്. പ്രധാന പട്ടികജാതി വിഭാഗങ്ങളായ കുക്കി വിഭാഗവും, നാഗ വിഭാഗവും കൂടി ജനസംഖ്യയുടെ നാൽപ്പത് ശതമാനത്തോളം വരും. ഇവർ പ്രധാനമായും മലകളിലാണ് താമസിക്കുന്നത്. ഭരണഘടന പ്രകാരം പട്ടികവർഗ പ്രദേശമായി നോട്ടിഫൈ ചെയ്യപ്പെട്ട ഈ ഭൂമിയിൽ ഗോത്ര  വിഭാഗങ്ങൾക്ക് പ്രത്യേക അവകാശമുണ്ട്. ഹിൽ ഏരിയ കമ്മിറ്റി എന്ന ഭരണഘടനാപരമായ സ്ഥാപനമാണ് ഈ ഭൂപ്രദേശത്തിന്റെ ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നത്. മെയ്തെയിൽ ഭൂരിഭാഗവും ഹിന്ദു സമുദായത്തിലുള്ളവരും ബാക്കിയുള്ളവർ പംഗൽ എന്നറിയപ്പെടുന്ന മുസ്ലീങ്ങളുമാണ്. കുക്കി-നാഗ ഗോത്രവർഗക്കാരിൽ ഭൂരിഭാഗവും ക്രൈസ്തവ സമുദായക്കാരാണ്. മെയ്തെയ് വംശജനായ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രണ്ടാം തവണ അധികാരത്തിൽ വന്നതു മുതൽ ഗോത്രവർഗക്കാർക്കെതിരായ നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ഗോത്രവിഭാഗങ്ങൾ ആരോപിക്കുന്നു. ഗോത്രവർഗക്കാർ കാലങ്ങളായി താമസിക്കുന്ന പ്രദേശങ്ങൾ റിസർവ് വനമേഖലകളായി പ്രഖ്യാപിച്ച് അവരെ കുടിയൊഴിപ്പിക്കുക, വർഷങ്ങളായി ഇംഫാൽ ഈസ്റ്റിലെ ഗോത്രവർഗ കോളനികളിലുണ്ടായിരുന്ന പഴയ ക്രൈസ്തവ ദേവാലയങ്ങൾ അനധികൃത ഭൂമിയിലാണ് എന്ന് പറഞ്ഞ് പൊളിച്ചുകളയുക തുടങ്ങിയ സർക്കാർ നടപടികൾ ഗോത്രവിഭാഗങ്ങൾക്കിടയിൽ ബിരേൻ സിങ് സർക്കാരിനോടുള്ള എതിർപ്പ് വർദ്ധിപ്പിച്ചു. ഇതെല്ലാം ഇപ്പോൾ നടക്കുന്ന കലാപത്തിന് കാരണമായിത്തീർന്നിട്ടുണ്ട്.

കലാപത്തിൽ വീടുകൾ നഷ്ടമായവർ. കടപ്പാട്: AFP

മണിപ്പൂരിൽ കുക്കി വിഭാഗങ്ങളെക്കുറിച്ച് കുറച്ചു നാളുകളായി നടക്കുന്ന വിദ്വേഷ പ്രചരണങ്ങളും ഇപ്പോഴത്തെ സംഘർഷങ്ങൾ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ട്. സംരക്ഷിത വനങ്ങളിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ, പോപ്പി തോട്ടങ്ങൾക്കെതിരായ സർക്കാരിന്റെ നിയമ നടപടികൾ തുടങ്ങിയ നയങ്ങൾ കുക്കി വിഭാഗത്തെ ഉന്നം വച്ചുള്ളതായി വിലയിരുത്തപ്പെടുന്നു. ഭൂരിപക്ഷ സമുദായമായ മെയ്തെയ്  സമൂഹത്തിന്റെ അരക്ഷിതാവസ്ഥയും പ്രശ്നങ്ങളെ വഷളാക്കി. സംസ്ഥാനത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം വരുന്ന മെയ്തെയ് സമൂഹം മൊത്തം ഭൂപ്രദേശത്തിന്റെ പത്തു ശതമാനത്തിലാണ് താമസിക്കുന്നത്. സംസ്ഥാനത്തിന്റെ 90 ശതമാനവും വരുന്ന മലനിരകളിൽ താമസിക്കുന്നത്, ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഗോത്ര വിഭാഗമാണ്. തങ്ങളുടെ കൈവശമുള്ള ഭൂപ്രദേശത്തിന്റെ വിസ്തൃതിയുടെ കുറവ് മെയ്തെയ് വിഭാഗം പ്രധാന പ്രശ്‌നമായി കാണുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായി കൂടിയാണ് ഇവർ പട്ടികവർഗ സംവരണം ആവശ്യപ്പെടുന്നത്. എന്നാൽ മെയ്തെയ്കൾക്കിടയിൽ ഒരു വിഭാഗം മാത്രമേ പട്ടികവർഗ പദവി എന്ന ആവശ്യം ഉന്നയിക്കുന്നുള്ളൂ. മെയ്തെയ് വിഭാഗങ്ങൾ അരക്ഷിതരാണെന്നും തങ്ങൾക്ക് ആവശ്യത്തിനുള്ള  കൃഷി ഭൂമിയില്ലെന്നും, കൃഷിക്ക് ആവശ്യമായ യൂറിയ ലഭിക്കുന്നില്ലെന്നും, പരിസ്ഥിതി പ്രശ്നങ്ങൾ തങ്ങളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കുന്നുണ്ടെന്നും ബോംബെ ഐ.ഐ.ടിയിലെ മണിപ്പൂരി വിദ്യാർത്ഥിയായ മൈക്കിൾ കേരളീയത്തോട് പറഞ്ഞു. “കുക്കി സായുധ സേനകളുമായുണ്ടായിരുന്ന സമാധാന കരാറിൽ നിന്നും (സസ്‌പെൻഷൻ ഓഫ് ഒപ്പറേഷൻസ്) സംസ്ഥാന സർക്കാർ പിൻവാങ്ങിയതും ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. കുക്കി വിഭാഗങ്ങളും, കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും അടങ്ങിയ ത്രികക്ഷി  വെടിനിർത്തൽ കരാറായിരുന്നു ഇത്. ഭൂമിയുടെ കാര്യത്തിലുള്ള ആശങ്കകളാണ് പട്ടികവർഗ പദവി എന്ന ആവശ്യത്തിലേക്കു ഞങ്ങളെ നയിച്ചത്. മെയ്തെയ് വിഭാഗം സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയുടെ ആകെ പത്ത് ശതമാനത്തിലാണ് ജീവിക്കുന്നത്. എന്നാൽ ഇവിടേക്ക് എല്ലാ വിഭാഗങ്ങളും വരികയും, കുടിയേറിപ്പാർക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മെയ്തെയികൾക്ക് ഈ ഭൂമിയിൽ സംരക്ഷണം വേണം. ഞങ്ങൾക്ക്‌ വേണ്ടത് പട്ടികവർഗ സംവരണമല്ല, മറിച്ച് ഭൂമിക്കുള്ള സംരക്ഷണമാണ്.” മൈക്കിൾ പറയുന്നു.

ഏപ്രിൽ അവസാനം മണിപ്പൂർ ഹൈക്കോടതി മെയ്തെയ് വിഭാഗത്തിന്റെ സംവരണ ആവശ്യം അംഗീകരിക്കുകയും, ഈ ആവശ്യം ദേശീയ പട്ടിക കാര്യ വകുപ്പിലേക്ക് കൈമാറാൻ നിർദേശിക്കുകയ്യും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഈ നടപടി നിയമവിരുദ്ധമാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നുണ്ട്. “ഹൈക്കോടതിക്ക് അത്തരത്തിൽ നിർദ്ദേശം നടത്താനുള്ള അധികാരമില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. പട്ടികവർഗ പദവി ഭരണഘടനാപരമായി അനുവദിക്കേണ്ടത് പ്രസിഡന്റാണ്. പ്രസിഡന്റിന് മുന്നിൽ ഈ നിർദേശം എത്തണമെങ്കിൽ അതിനു മുൻപ് നിരവധി കടമ്പകളുണ്ട്. ആദ്യം സംസ്ഥാനം നിർദേശിക്കണം. പിന്നീട് സെൻസസ് രജിസ്ട്രാർ ജനറൽ, നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൽഡ് ട്രൈബ്സ്, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം, പാർലമെന്റ് ഇങ്ങനെ നിരവധി സംവിധാനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇതിനെല്ലാം ശേഷമാണ് നിർദ്ദേശം പ്രസിഡന്റിന് മുന്നിലെത്തുക. പ്രസിഡന്റിന് ഇതിൽ തീരുമാനമെടുക്കാൻ വിവേചനാധികാരമുണ്ട്. പ്രസിഡന്റ് ഒരു വിഭാഗത്തെ പട്ടിക വിഭാഗമായി പ്രഖ്യാപിച്ചാൽ കോടതികൾക്ക് പോലും ചോദ്യം ചെയ്യാൻ കഴിയില്ല.” ആദിവാസി അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകൻ സി.ആർ ബിജോയ് അഭിപ്രായപ്പെട്ടു.

സി.ആർ ബിജോയ്

നിലവിലെ അക്രമങ്ങളെക്കുറിച്ച് സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ ഹിൽ ഏരിയ കമ്മിറ്റി മണിപ്പൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം ദിൻഗൺഗ്ലുങ് ഗാംഗ്‌മേയ് (Dinganglung Gangmei) മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ സംവരണം നൽകുന്നതിനെതിരെ സമർപ്പിച്ച പരാതിയിൽ  ‘ഹൈക്കോടതി നിർദ്ദേശത്തെക്കുറിച്ചും’ ബെഞ്ച് ചില നിർണ്ണായക നിരീക്ഷണങ്ങൾ നടത്തി. ഒരു സമുദായത്തിന് എസ്.ടി പദവി നൽകാൻ ഹൈക്കോടതിക്ക് നിർദേശം നൽകാനാവില്ലെന്നും സുപ്രീംകോടതിയുടെ നിരവധി വിധികളുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. ആ വിധികൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഹർജിക്കാരൻ ബാധ്യസ്ഥനാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

“മലമ്പ്രദേശങ്ങളിൽ ഭൂമിയും, വനവും നിയമപരമായി തന്നെ അവിടുത്തെ ഗോത്ര വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. റവന്യൂ നിയമമോ, വന നിയമമോ ഇവിടെ ബാധകമല്ല. മണിപ്പൂരിലെ പല പ്രദേശങ്ങളിലും റിസർവ് വനമാണ്, നോട്ടിഫൈ ചെയ്ത പ്രദേശമാണ് എന്നെല്ലാം ആരോപിച്ച് പട്ടിക വിഭാഗങ്ങളെ അവരുടെ പ്രദേശത്ത് നിന്നും പുറത്താക്കിയിരുന്നു. അവിടെ ഇത്തരത്തിൽ വനമായി നോട്ടിഫൈ ചെയ്യുന്നതും, വൈൽഡ്‌ലൈഫ് സാങ്ച്വറി ആയി പ്രഖ്യാപിക്കുന്നതും ജനങ്ങളെ അറിയിച്ചുകൊണ്ടല്ല. ചുരാചന്ദ്പുരിൽ കയ്യേറ്റക്കാരാണ് എന്ന് പറഞ്ഞ് പട്ടികവർഗക്കാരെ കുടിയൊഴിപ്പിച്ചിരുന്നു. ഈ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം നടക്കുന്നതിനിടയിലാണ് മെയ്തെയ് വിഭാഗത്തിന്റെ പട്ടികവർഗ സംവരണവുമായി  ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിർദേശം വന്നത്.” സി.ആർ ബിജോയ് അഭിപ്രായപ്പെട്ടു. ഇത് ഈ സമുദായങ്ങൾ തമ്മിലുള്ള ശത്രുത കൂടാൻ കാരണമായി.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി ക്ഷേത്രിമയൂം സാന്ത ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിൽ കുക്കികളെ പ്രകോപിക്കുന്ന തരത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചതായി അഭിപ്രായപ്പെടുന്നുണ്ട്. “കുക്കികളെ വനങ്ങളിൽ നിന്ന് സർക്കാർ പുറത്താക്കി. വനവാസികളുടെയും മലയോര ജനതയുടെയും സമ്മതമില്ലാതെ അവരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുകയാണുണ്ടായത്. ഈ വിഷയത്തെ സംബന്ധിച്ച് ഒരു കൂടിയാലോചനയും ഉണ്ടായില്ല.” അദ്ദേഹം പറഞ്ഞു. സൈക്കോട്ട് എം.എൽ.എ പൗലിയൻലാൽ ഹയോകിപ് (PAOLIENLAL HAOKIP) , കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാന ഭരണകൂടം മണിപ്പൂർ സമൂഹങ്ങളെ “ധ്രുവീകരിക്കുന്നു” എന്ന് അഭിപ്രായപ്പെട്ടിരുന്നു.  ചുരാചന്ദ്പൂർ ജില്ലയിലെ റിസർവ് വനഭൂമിയിൽ നിന്ന് ഗ്രാമീണരെ അടുത്തിടെ കുടിയൊഴിപ്പിച്ചതാണ് ഈ ധ്രുവീകരണത്തിന് പ്രധാന കാരണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. കുക്കി വിഭാഗത്തെ സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി തന്നെ അധിക്ഷേപിക്കുന്നതായും പരാതിയുണ്ട്. മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റുകളിൽ കുക്കി വിഭാഗത്തെ അനധികൃത കുടിയേറ്റക്കാരായും, മയക്കുമരുന്ന് വിതരണക്കാരായും ചിത്രീകരിക്കുന്നതായി പേര് വെളുപ്പെടുത്താൻ തയ്യാറാവാത്ത ബോംബെ ഐ.ഐ.ടി വിദ്യാർത്ഥി പ്രതികരിച്ചു.

മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്

“കലാപം നടന്ന ആദ്യ മണിക്കൂറുകളിൽ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്നും പരാതി ഉയരുന്നുണ്ട്. സർക്കാർ സമാധാനത്തിനുള്ള ആഹ്വാനം നൽകിയത് ഇരുപത്തിനാലു മണിക്കൂറിനു ശേഷം മാത്രമാണ്. മന്ത്രിമാരോ, നിയമസഭാ സാമാജികരോ അതിന് മുൻപ് ഒരു വാക്കും പറഞ്ഞില്ല. രണ്ടു വിഭാഗത്തിൽ നിന്നും ജനങ്ങൾ സഹായത്തിനുവേണ്ടി അഭ്യർത്ഥിക്കുകയുണ്ടായി, എന്നാൽ  ആദ്യത്തെ 24 മണിക്കൂറിൽ സർക്കാർ നിഷ്ക്രിയരായിരുന്നു. കലാപത്തിന് ആക്കം കൂട്ടിയ അപവാദപ്രചാരണങ്ങൾ തെറ്റാണ് എന്ന് പോലും പറയാൻ സർക്കാർ തയാറായില്ല. അത്തരത്തിൽ ഒരു ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നെങ്കിൽ അപകടങ്ങളുടെ എണ്ണം കുറക്കാമായിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ നിന്നും ആയുധങ്ങൾ മോഷ്ടിക്കപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് സർക്കാർ സംവിധാനങ്ങളുടെ പൂർണമായ തകർച്ചയാണ്.” ബോംബെ ഐ.ഐ.ടി  വിദ്യാർത്ഥിയായ മൈക്കിൾ പ്രതികരിച്ചു.

മണിപ്പൂർ കലാപത്തിനിടയിൽ ഒറ്റപ്പെട്ടുപോയ മലയാളി വിദ്യാർത്ഥികളെ നോർക്ക റൂട്സ് വിമാനമാർഗം കൊൽക്കത്തയിൽ എത്തിച്ചിരുന്നു. വിദ്യാർത്ഥികൾ സുരക്ഷിതരായി കേരളത്തിലെത്തിച്ചേർന്നു. കലാപത്തിന്റെ ഭാഗമായി ഹോസ്റ്റലുകളിൽ, ക്യാമ്പസ്സിലും അക്രമം നടന്നതായി മണിപ്പൂർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഫോറസ്ട്രി വിദ്യാർത്ഥിയായ അബ്ദുൽ ബാസിത് കേരളീയയത്തോട് പ്രതികരിച്ചു. ഹോസ്റ്റൽ ഗേറ്റുകൾ അടിച്ചു പൊളിക്കുകയും, പട്ടികവർഗ വിദ്യാർത്ഥികളുടെ ലാപ്ടോപ്പ്, പുസ്തകങ്ങൾ മറ്റ് സാധങ്ങൾ എന്നിവ നശിപ്പിക്കുകയും തുണികളും പുതപ്പുകളും കത്തിക്കുകയും ചെയ്തതായി അബ്ദുൽ ബാസിത് പറഞ്ഞു.

മണിപ്പൂരിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന മലയാളി വിദ്യാർത്ഥികൾ ഇംഫാൽ വിമാനത്താവളത്തിൽ

താഴ്വാരങ്ങളിൽ ഭൂരിപക്ഷ സമുദായമായ മെയ്തെയ് വിഭാഗങ്ങൾ ശക്തരാണ്. മലകളുടെ മുകൾ പ്രദേശങ്ങളിൽ കുക്കി വിഭാഗവും. ഓരോരുത്തരും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ അക്രമങ്ങൾ നടത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴ്വരകളിൽ ആയതിനാൽ കുക്കി വിഭാഗക്കാർ ഇനി രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷം മാത്രമേ ക്യാമ്പസുകളിൽ തിരിച്ചെത്താൻ സാധ്യതയുള്ളൂ എന്ന് അബ്ദുൽ ബാസിത് കൂട്ടിച്ചേർത്തു.  

നിലവിൽ സംഘർഷത്തിൽ അയവുവന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മണിപ്പൂരിൽ 52 കമ്പനി കേന്ദ്ര സായുധ പോലീസ് സേനകളെയും അസം റൈഫിൾസിനെയും വിന്യസിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത, സുപ്രീം കോടതിയെ അറിയിച്ചു. ഈ നടപടികളോടെ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും സോളിസിറ്റർ ജനറൽകോടതിയെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും,വീടുകൾ നഷ്ടപ്പെട്ടവരെ ഉടനടി മാറ്റിപാർപ്പിക്കണമെന്നും, ആരാധനാലയങ്ങൾക്ക് സംരക്ഷണം ഉറപ്പു വരുത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ മണിപ്പൂർ പോലെയുള്ള പ്രദേശങ്ങളിൽ നിയമപരവും, സൈനികവുമായ പരിഹാരങ്ങൾക്കപ്പുറം സംഘർഷത്തിൽ ഉൾപ്പെട്ട വിഭാഗങ്ങളും, സർക്കാർ സംവിധങ്ങളും തമ്മിൽ നടത്തുന്ന സമാധാന ചർച്ചകൾ കൊണ്ടേ പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ സാധിക്കൂ എന്നാണ് സി. ആർ ബിജോയ് പറയുന്നത്. “മണിപ്പൂർ സർക്കാരിനെ മെയ്തെയ് അധീനതയിലുള്ള ഒന്നായാണ് ഗോത്ര വിഭാഗങ്ങൾ കാണുന്നത്. അതുകൊണ്ടു ചർച്ചക്ക് ഇതുമായി ബന്ധപ്പെട്ട പല ഗ്രൂപ്പുകളുണ്ടാകും. നിലനിൽക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്ന, പൊതു ശൈലിയിൽ നിന്ന് വ്യത്യസ്തമായി, സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയമായ തീരുമാനങ്ങൾ ഉണ്ടാകും എന്നതാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുക.” സി.ആർ ബിജോയ് അഭിപ്രായപ്പെട്ടു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read