മണിയാർ കരാർ: അഴിമതിക്ക് വഴിയൊരുക്കുന്ന സ്വകാര്യവത്കരണം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കാലാവധി അവസാനിച്ച പത്തനംതിട്ട മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കരാർ 25 വർഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് നീട്ടിക്കൊടുക്കുന്നതിൽ അഴിമതിയാരോപണവുമായി പ്രതിപക്ഷം. ‌12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മെയ് 18നാണ് കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡുമായി കെ.എസ്.ഇ.ബി കരാർ ഒപ്പുവയ്ക്കുന്നത്. ബി.ഒ.ടി (ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ) വ്യവസ്ഥ പ്രകാരം 30 വർഷത്തേക്കായിരുന്നു കരാർ. 30 വർഷങ്ങൾക്ക് ശേഷം കെ.എസ്.ഇ.ബിക്ക് കൈമാറേണ്ട പദ്ധതി കാർബോറാണ്ടം കമ്പനിയാണ് നിർമ്മിച്ചത്. അന്ന് യൂണിറ്റിന് 50 പൈസ നിരക്കിലാണ് 30 വർഷത്തേക്ക് കരാർ നൽകിയിരുന്നത്. 2024 ഡിസംബ‍ർ 30 ന് പദ്ധതി കെ.എസ്.ഇ.ബിക്ക് തിരിച്ചേൽപ്പിക്കണം. ഇതിനായി 30 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സർക്കാർ ഇതുവരെ കാർബോറാണ്ടം കമ്പനിക്ക് നോട്ടീസ് നൽകിയിട്ടില്ല. കരാർ 25 വർഷത്തേക്ക് നീട്ടിക്കൊടുക്കുന്നതിന് വേണ്ടിയാണ് നോട്ടീസ് നൽകാത്തത് എന്നാണ് ആരോപണം. പ്രളയകാലത്ത് നാശനഷ്ടമുണ്ടായി എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കാലാവധി നീട്ടി ചോദിക്കുകയാണ് കമ്പനി. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കമ്പനിയാണ് കാർബോറാണ്ടം യൂണിവേഴ്സൽ.

കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡിന്റെ മണിയാറിലെ ഓഫീസ്. കടപ്പാട്:googleimages

മണിയാർ പദ്ധതിയുടെ നിയന്ത്രണാവകാശം കാർബോറാണ്ടം യൂണിവേഴ്‌സൽ കമ്പനിക്ക് നൽകാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. വ്യവസായം പ്രോത്സാഹിപ്പിക്കാൻ കരാർ തുടരണമെന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. കാർബോറാണ്ടം കമ്പനിക്ക് അനുകൂലമായി കരാർ നീട്ടിനൽകാൻ വ്യവസായ വകുപ്പും സംസ്ഥാന സർക്കാറും താത്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെ എതിർപ്പുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്ത് വന്നു. പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്നാണ് വൈദ്യുതി വകുപ്പിന്റെയും ബോർഡിന്റെയും അഭിപ്രായമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. പദ്ധതി തിരികെ കിട്ടിയാൽ അടുത്ത പത്ത് വർഷം കൊണ്ട് 140 കോടി രൂപയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്.

മണിയാർ ജലവൈദ്യുതപദ്ധതി വീണ്ടും സ്വകാര്യ കമ്പനിക്ക് നൽകാതെ സർക്കാർ ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തിരിച്ചെടുക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയും അഴിമതിയുമാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞു.വിഷയത്തിൽ കർശനവും വേഗത്തിലുമുള്ള തീരുമാനമുണ്ടാകണമെന്നും അല്ലാത്ത പക്ഷം, ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സംസ്ഥാന സർക്കാർ കാണിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്നും ചെന്നിത്തല കത്തിൽ പറയുന്നു. “പദ്ധതിയുടെ ബി.ഒ.ടി കരാർ 25 വർഷത്തേക്കു കൂടി നീട്ടി നൽകാനുള്ള നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ട്. യൂണിറ്റിന് വെറും അൻപത് പൈസ നിരക്കിൽ വൈദ്യുതി ഉലപാദിപ്പിക്കാവുന്ന നിലയമാണ് ആരുടെയൊക്കെയോ സ്വാർത്ഥ ലാഭം നോക്കി സ്വകാര്യ കമ്പനിക്ക് തീറെഴുതാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പല തെളിവുകളും രേഖകളും ഇതിനകം ഞാൻ പുറത്തുവിട്ടിട്ടുണ്ട്.” രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കി. കരാർ നീട്ടി നൽകുക വഴി കെ.എസ്.ഇ.ബി താത്പര്യമാണോ അതോ സ്വകാര്യ കമ്പനിയുടെ താത്പര്യമാണോ സംരക്ഷിക്കുന്നത് എന്നറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ നീട്ടാനുള്ള ഇടപാടിന് പിന്നിൽ വ്യവസായ മന്ത്രിയാണെന്നും കരാർ നീട്ടിക്കൊടുക്കാൻ വ്യവസായ വകുപ്പിൽ ഗൂഢനീക്കമുണ്ടായതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിക്കുന്നു.

കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ് കമ്പനിയുടെ കൊച്ചിയിലെ ഓഫീസ്. കടപ്പാട്:glassdoor

കാർബോറാണ്ടത്തിന് കരാർ നീട്ടി നൽകുന്നതിനെ കെ.എസ്.ഇ.ബിയും ശക്തിയുക്തം എതിർക്കുകയാണ്. പദ്ധതി ഏറ്റെടുത്ത് കൈമാറണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി ഊര്‍ജ്ജ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബി ചെയർമാനും, ചീഫ് എഞ്ചിനീയറും ഊർജ സെക്രട്ടറിക്ക് നൽകിയിരുന്ന കത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.

നഷ്ടത്തിലാവുന്ന കെ.എസ്.ഇ.ബി

“ഈ പദ്ധതിയുടെ ഗുണം, 30 വർഷത്തിന് ശേഷം നമ്മുടെ അസറ്റായി അത് തിരിച്ച് കിട്ടുമെന്നുള്ളതായിരുന്നു. അവരുടെ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റിന്റെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് 30 വർഷം അത് ഉപയോഗിക്കാനുള്ള അവസരമാണ്. നിബന്ധനകളോടുകൂടിയാണ് ഇത് കൊടുക്കുന്നത്. എന്നാൽ നിലവിൽ സർക്കാർ ചെയ്യുന്നത് നമുക്ക് യാതൊരു ഉപകാരവുമില്ലാതെ പൊതുമുതൽ സ്വകാര്യ കമ്പനിക്ക് ഏൽപ്പിച്ച് കൊടുക്കുന്നതിന് തുല്യമായ കാര്യമാണ്. ഒരു ജലവൈദ്യുത പദ്ധതിയെ സംബന്ധിച്ചിടത്തോളം 40 വർഷമാണ് ആയുസ്സ്. എന്നാൽ റെസിഡ്യൂവൽ ലൈഫ് അനാലിസിസ് നോക്കുമ്പോൾ 50 മുതൽ 54 വർഷം വരെ നീണ്ടുപോവാൻ സാധ്യതയുണ്ട്. അതായത് ലൈഫ് ടൈം മുഴുവൻ സ്വകാര്യ കമ്പനിക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ കരാർ നൽകിയിട്ടുള്ളത്. ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നതിലുപരി, സിപിഎം പോലെ ഡിസ്ഇൻവെസ്റ്റ്മെന്റിനെതിരെ സംസാരിച്ചവർ നിലവിലെ കരാറിനെ പോലും അവഗണിച്ചുകൊണ്ട് സ്വകാര്യ കമ്പനിക്ക് പൂർണമായി പൊതു ആസ്തി ഏൽപ്പിച്ചു കൊടുക്കുന്ന സ്വകാര്യവത്കരണമാണ് നടപ്പിലാക്കുന്നത് എന്നതാണ്.” രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി. മാത്യു കേരളീയത്തോട് പറഞ്ഞു.

“കെ.എസ്.ഇ.ബി പറയുന്നത് പ്രകാരം 139 .58 കോടിയുടെ നഷ്ട്ടം ഉണ്ടാവുമെന്നാണ് കണക്ക്. എന്നാൽ ഇതിനേക്കാൾ വലുതാണ് ബോർഡിൻറെ നഷ്ട്ടം. എനർജി സബ് ചാർജ് എന്ന പേരിൽ വൈദ്യുതി ബില്ല് വഴി സാധാരണക്കാരിൽ നിന്നാണ് ഇത്തരം നഷ്ട്ടങ്ങൾ ഈടാക്കുന്നത്.” ജോസഫ് സി. മാത്യു പറയുന്നു.

കെ.എസ്.ഇ.ബിയെ മറികടന്ന നീക്കങ്ങൾ

മണിയാർ കരാർ കാർബോറാണ്ടം കമ്പനിയുടെ താത്പര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കം കെ.എസ്.ഇ.ബിയുടെ എതിർപ്പ് മറികടന്നെന്ന് രേഖകളുണ്ട്. കരാർ നീട്ടണമെന്ന കമ്പനിയുടെ വാദങ്ങളിൽ കഴമ്പില്ലെന്നും പ്രളയകാലത്ത് ഉൽപ്പാദന നഷ്ടമെന്ന വാദം നിലനിൽക്കുന്നതല്ലെന്നും കരാർ പുതുക്കുന്നത് സർക്കാർ താൽപര്യത്തിന് വിരുദ്ധമെന്നും കെ.എസ്.ഇ.ബി നിലപാടെടുത്തിരുന്നു. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

മണിയാർ ഡാം. കടപ്പാട്: googleimages

പ്രളയകാലത്തും മണിയാറിൽ സാധാരണ ഉൽപാദനം ഉണ്ടായെന്നാണ് കെ.എസ്.ഇ..ബിയുടെ റിപ്പോർട്ട്. പദ്ധതിയിൽ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകൾ ഒന്നും കെ.എസ്.ഇ.ബിക്ക് കമ്പനി നൽകിയില്ല. കെ.എസ്.ഇ.ബിയുടെ അനുമതി വാങ്ങാതെ പദ്ധതിയിൽ അധിക നിക്ഷേപം നടത്താൻ കരാർ പ്രകാരം സാധിക്കില്ല. അങ്ങനെ ചെയ്താൽ അത് കരാർ വ്യവസ്ഥയുടെ ലംഘനമാണ്. ഈ കരാർ നീട്ടി നൽകിയാൽ ബി.ഒ.ടി വ്യവസ്ഥയിൽ നിർമ്മിച്ച മറ്റ് കമ്പനികൾ ഇതേ ആവശ്യം ഭാവിയിൽ ഉന്നയിക്കുമെന്ന് കെ.എസ്.ഇ.ബി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മണിയാറിൽ 2018 ലെ പ്രളയത്തിൽ ഉൽപാദന നഷ്ടം ഉണ്ടായിട്ടില്ലെന്നും 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാത്രം നേരിയ നഷ്ടം ഉണ്ടായെന്നും കെ.എസ്.ഇ.ബി റിപ്പോർട്ട് പറയുന്നു. കരാർ കാലാവധി കാലത്തെ നഷ്ടത്തിന് സർക്കാരിന് ബാധ്യതയില്ലെന്നാണ് കെ.എസ്.ഇ.ബി നിലപാട്. കരാർ അനുസരിച്ച് ഇൻഷുറൻസ് സംരക്ഷണമുണ്ട്. അതിനാൽ നഷ്ടം നികത്താൻ സർക്കാരിന് ഒരുത്തരവാദിത്തവും ഇല്ലെന്നും കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി ചാർജ് വർധനവിൽ പൊറുതിമുട്ടുന്ന പൊതുജനത്തെയും, സാമ്പത്തിക പ്രതിസന്ധിയിലെത്തിയ കെ.എസ്.ഇ.ബിയെയും പ്രതിസന്ധിയിലാക്കി കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. കരാർ നീട്ടാനുള്ള വ്യവസായ വകുപ്പിന്റെ തീരുമാനവും പദ്ധതി തിരിച്ചെടുക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കവും എൽ.ഡി.എഫിനുള്ളിൽ തന്നെ രാഷ്ട്രീയ തർക്കങ്ങളിലേക്ക് നീങ്ങുകയാണ്. കെ.എസ്.ഇ.ബിയുടെ സമ്മതമില്ലാതെ സർക്കാരിന് പദ്ധതിക്കായി പുതിയ കരാർ ഒപ്പിടാനാവില്ല എന്നതിനാൽ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. അതോടൊപ്പം കരാർ നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണവും അന്വേഷിക്കപ്പെടേണ്ടതാണ്.

Also Read

4 minutes read December 18, 2024 11:53 am