Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ രാജ്യമെങ്ങും ദുഃഖമാചരിക്കുകയാണ്. ഉദാരവത്കരണ നയങ്ങൾ നടപ്പിലാക്കിയതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ഡോ. മൻമോഹൻ സിങ് പുകഴ്ത്തലുകൾക്കും ഇകഴ്ത്തലുകൾക്കും ഒരുപോലെ വിധേയനാകേണ്ടി വന്ന ഒരു രാഷ്ട്രീയ നേതാവാണ്. സിഖ് മതത്തിൽ നിന്നുമുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തികൂടിയാണ്. 1982 ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയുടെ കാലത്ത് റിസർവ് ബാങ്ക് ഗവർണറായി സേവനമനുഷ്ഠിച്ച സമയത്താണ് അധികാരവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആരംഭിക്കുന്നത്. 1985 വരെ ആ സ്ഥാനത്ത് തുടർന്ന ഡോ. മൻമോഹൻ സിങ് 1991 ൽ പി.വി നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ അപ്രതീക്ഷിതമായി ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. അതായിരുന്നു രാഷ്ട്രീയ പ്രവേശനമെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരവസരം പരീക്ഷിക്കാൻ മൻമോഹൻ സിങ് തയ്യാറായതേയില്ല. രാജ്യസഭയായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ തട്ടകം. 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി. 2004 ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെറുപാർട്ടികൾ ചേർന്ന് യു.പി.എ മുന്നണി രൂപീകരിക്കപ്പെടുകയും ചെയ്തതോടെ സോണിയ ഗാന്ധി, മൻമോഹൻ സിങിനെ പ്രധാനമന്ത്രിയായി നിർദേശിച്ചു. വീണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു അപ്രതീക്ഷിത നീക്കം. തുടർഭരണം നേടി 2014 വരെ ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിൽ തുടർന്നു.
സാമ്പത്തിക വിദഗ്ധനും ധനമന്ത്രിയുമായി മൻമോഹൻ സിങ് പ്രവർത്തിച്ചിരുന്ന കാലത്ത് നടത്തിയ പരിഷ്കരണങ്ങൾ ഇന്ത്യയുടെ ഗതി തന്നെ പിന്നീട് മാറ്റിത്തീർത്തു. ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം എന്നറിയപ്പെട്ട ആ നയം അതുവരെ ഇന്ത്യ പിന്തുടർന്നിരുന്ന ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ നിന്നും മത്സരാധിഷ്ഠിത കമ്പോളവ്യവസ്ഥയിലേക്കുള്ള വ്യതിചലനത്തിനാണ് വഴി തുറന്നത്. സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തി, ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ലോക സമ്പദ് വ്യസ്ഥയുമായി കൂട്ടിയിണക്കി, പൊതുമേഖലയെ സ്വകാര്യവത്കരിച്ചു. ഈ പരിഷ്കരണങ്ങളെ തുടർന്ന് ധനക്കമ്മി കുറഞ്ഞതും ജി.ഡി.പി ഉയർന്നതുമെല്ലാം അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളായി വിലയിരുത്തപ്പെട്ടു.
എന്നാൽ മറുവശത്ത്, ധനമൂലധനത്തിന് ഇന്ത്യ അന്ന് കീഴടങ്ങിയതിന്റെ കെടുതികളാണ് രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളായ പെരുകിവരുന്ന അസമത്വത്തിനും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും കാർഷിക തകർച്ചയ്ക്കും വിഭവ ചൂഷണത്തിനും അഴിമതിക്കും കാരണമായിത്തീർന്നത് എന്നും വിലയിരുത്തപ്പെടുന്നു. ആ വിമർശനം മൻമോഹൻ സിങ്ങിന് പിന്നീട് ജീവിതത്തിലുടനീളം നേരിടേണ്ടിവന്നു. ആഗോളവല്‍ക്കരണകാലത്ത് ഇന്ത്യയിലുണ്ടായ ദാരിദ്ര്യവല്‍ക്കരണത്തിന്റെയും, അതേസമയം ശതകോടീശ്വരന്മാര്‍ക്കുണ്ടായ വളര്‍ച്ചയുടെയും ഞെട്ടിക്കുന്ന കണക്കുകൾ ഈ വിമർശനം ശരിവയ്ക്കുന്നു. 1991 ലെ പരിഷ്കരണത്തെ തുടർന്ന് വിദേശ നിക്ഷേപകരും ആഗോള കമ്പനികളും ഇന്ത്യയിലേക്ക് ഇരച്ചെത്താൻ തുടങ്ങിയതോടെ തദ്ദേശീയ സമൂഹങ്ങളെ ജീവനോപാധികൾ വലിയ തോതിൽ കവർന്നെടുക്കപ്പെടുകയും ചങ്ങാത്ത മുതലാളിത്തം രാഷ്ട്രീയത്തിൽ പിടിമുറുക്കുകയും ചെയ്തു. ജി.ഡി.പിയിൽ വളർച്ച കാണിക്കാൻ കഴിഞ്ഞെങ്കിലും ഗ്രാമീണ കാർഷിക സമ്പദ് വ്യവസ്ഥ തകരുകയും കർഷകാത്മഹത്യകൾ വർദ്ധിക്കുകയും ചെയ്തു. പൊതുമേഖല മാത്രമല്ല, നാടിന്റെ പൊതുസ്വത്തും കോര്‍പ്പറേറ്റുകൾക്ക് കൈമാറുന്ന സ്ഥിതിയിലേക്ക് സ്വകാര്യവത്കരണം മാറി. വനം, ഭൂമി, ഖനിജങ്ങള്‍, വെള്ളം, പുഴ, കടൽ തുടങ്ങിയ പൊതു സമ്പത്തുകളെല്ലാം സ്വകാര്യ സ്വത്തായി മാറ്റിയാല്‍ മാത്രമേ അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്താനാവൂ എന്ന നവലിബറല്‍ കാഴ്ചപ്പാട് നാട് ഭരിച്ചു. അതുവഴി കോർപ്പറേറ്റുകൾക്ക് ലഭിക്കുന്ന അധികലാഭത്തെ വളര്‍ച്ചയുടെ സബ്‌സിഡിയായി കണക്കാക്കിയാല്‍ മതി എന്ന് വ്യാഖ്യാനിച്ചതിന്റെ പേരിൽ ഡോ. മൻമോഹൻ സിങ്ങിനെതിരെ വലിയ പ്രതിഷേധം അക്കാലത്ത് രൂപപ്പെട്ടിരുന്നു.
ഉദാരവത്കരണത്തിന്റെ ഒരു പതിറ്റാണ്ടിന് ശേഷം ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോഴേക്കും അദ്ദേഹം പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വളർച്ചയിലേക്ക് രാജ്യം എത്തിയില്ല എന്ന് മാത്രമല്ല കോർപ്പറേറ്റ് കൊള്ളയുടെ വഴികൾ സുഗമമാക്കുന്നതിനുള്ള അടിത്തറയായി അദ്ദേഹത്തിന്റെ പരിഷ്കരണങ്ങൾ മാറുകയും ചെയ്തിരുന്നു. എന്നാൽ 2004 ൽ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴും ഈ നയങ്ങൾ തുടരാനാണ് ഡോ. മൻമോഹൻ സിങ്ങും കോൺഗ്രസും തീരുമാനിച്ചത്. പരിഷ്കരണവാദത്തിൽ മൻമോഹൻ സിങ്ങിനൊപ്പം ഉറച്ചുനിന്ന പി. ചിദംബരം കൂടി മന്ത്രിസഭയിലേക്കെത്തിയതോടെ ചരിത്രത്തിൽ കാണാത്ത തരത്തിലുള്ള വിഭവക്കൊള്ളയ്ക്കും അഴിമതിക്കുമാണ് രാജ്യം സാക്ഷിയായത്. ജവഹർലാൽ നെഹ്റു സ്വതന്ത്ര ഇന്ത്യയ്ക്കായി രൂപപ്പെടുത്തിയ സാമ്പത്തിക നയത്തിന്റെ ആധാരശിലകള്‍ പൊതുമേഖലയ്ക്ക് നല്‍കിയ പ്രാമുഖ്യവും കേന്ദ്രീകൃത ആസൂത്രണവുമായിരുന്നു. ഇത് രണ്ടും അപ്രസക്തമായി മാറിയത് ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന പത്ത് വർഷമാണ്. തൊണ്ണൂറുകൾക്ക് ശേഷം ഇന്ത്യയിൽ ശതകോടീശ്വരന്മാരും അതിദരിദ്രരും ഒരുപോലെ കൂടിവന്നത് എന്തുകൊണ്ടെന്ന് തൃപ്തികരമായി വിശദീകരിക്കാൻ ഡോ. സിങ്ങിന്റെ സാമ്പത്തിക വൈദഗ്ധ്യത്തിന് കഴിഞ്ഞില്ല. അപ്പോഴേക്കും അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാരിന് നേതൃത്വം നൽകുന്ന ‘മൗനിയായ മൻമോഹ’നായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.
നവഉദാരീകരണം വന്നതോടെ അഴിമതിയുടെ വലിപ്പത്തിലും വലിയ മാറ്റമാണുണ്ടായത്. അതിന്റെ തീവ്രതയും ഇന്ത്യ കണ്ടത് ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഭരണകാലത്താണ്. ടു ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ബെല്ലാരി ഖനി തട്ടിപ്പ്, ആദര്‍ശ് ഫ്‌ളാറ്റ് തിരിമറി, കല്‍ക്കരിപ്പാടം, ഹെലികോപ്റ്റര്‍ ഇടപാട്, കെ.ജി. ബേസിന്‍ വാതകകുംഭകോണം എന്നിങ്ങനെ കോടികളുടെ അഴിമതിക്കഥകളാണ് പുറത്തുവന്നത്. അഴിമതിയിൽ ഉൾപ്പെട്ട സംഖ്യയുടെ വലിപ്പം എങ്ങനെയാണ് കണക്കിൽ എഴുതുന്നതെന്ന് പോലുമറിയാത്ത സ്ഥിതി സംജാതമായി. 10,000 കോടിക്ക് മുകളിലായിരുന്നു ഓരോ അഴിമതിയും. ധാർമ്മിക അപഭ്രംശത്തിന്റെ പ്രശ്‌നത്തിൽ നിന്നും സാമ്പത്തിക നയത്തിൽ അന്തർലീനമായ ഒന്നായി നവലിബറൽ കാലത്ത് അഴിമതി മാറി. ഒരുപക്ഷേ, ഇത് തിരിച്ചറിഞ്ഞതുകൊണ്ടാകാം മൻമോഹൻ സിങ് എന്ന പ്രധാനമന്ത്രി നിസ്സംഗനായി ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു. ഫലമോ, 2014 ലെ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് അധികാരത്തിലെത്താൻ കഴിയുന്നതരത്തിലേക്ക് കോൺഗ്രസ് തകർന്നടിഞ്ഞു. രാജ്യസഭയിൽ തുടർന്നെങ്കിലും മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ പ്രധാന്യം പതിയെ ഇല്ലാതെയായി. കോൺഗ്രസ് പ്രവർത്തകരിൽ നിന്നും പുതിയ നേതൃത്വത്തിനായുള്ള മുറവിളികൾ ശക്തമാവുകയും ചെയ്തതോടെ മുൻ പ്രധാനമന്ത്രി രാഷ്ട്രീയ അപ്രസക്തനായി മാറി. പുതിയ ഭരണകക്ഷിയാകട്ടേ, ‘ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ’ ആക്കി അദ്ദേഹത്തെ അധിക്ഷേപിക്കാനും ശ്രമിച്ചു.
നോട്ട് നിരോധനം നടപ്പിലാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിളിച്ചുപറയാൻ വേണ്ടിയാണ് മൻമോഹൻ സിങ് വീണ്ടും ശബ്ദമുയർത്തിയത്. മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ധന്റെ ആ വിലയിരുത്തൽ തെറ്റിയില്ല എന്ന് പിന്നീട് നമ്മൾ അനുഭവിച്ചറിഞ്ഞു. 92-ാം വയസ്സിൽ വിടപറഞ്ഞ മൻമോഹൻ സിങ് നാളെ വിലയിരുത്തപ്പെടാൻ പോകുന്നത് എങ്ങനെയാകും? മൂലധന താത്പര്യങ്ങൾക്ക് ഇന്ത്യയെ തീറെഴുതിയ ഒരു സാമ്പത്തിക വിദഗ്ധനായോ, അതോ പിഴവുകൾ തിരിച്ചറിഞ്ഞ് ഒന്നും പറയാതെ പിൻവാങ്ങിയ ഒരു പാവം പ്രധാനമന്ത്രിയായോ? എന്തായാലും സർവ്വാധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെ പിന്നീട് കാണേണ്ടി വരുമ്പോൾ പലരും ഓർമ്മിച്ചിട്ടുണ്ടാകാം, ഡോ. മൻമോഹൻ സിങ് എത്രയോ മാന്യനായിരുന്നു. വിട.