മാധ്യമപ്രവർത്തനത്തിൽ മാറ്റം വേണം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സ്വതന്ത്രമാധ്യമ പ്രവ‍ർത്തനത്തിന്റെ 25 വ‍ർഷങ്ങൾ, കേരളീയം ആ‍ർക്കൈവ് – ലക്കം 2

50 വർഷം മുമ്പ് ജേർണ്ണലിസം സ്കൂളുകൾ ഫാഷനായിരുന്നില്ല. ആ തൊഴിൽ പഠിപ്പിച്ചിരുന്നത് ന്യൂസ് റൂം, പ്രിന്റ് ഷോപ്പ്, കഫേകളുടെ മൂലകൾ, രാത്രിപ്പാർട്ടികൾ എന്നിവിടങ്ങളിലായിരുന്നു. ന്യൂസ്പേപ്പർ പടച്ചിരുന്നത് ഫാക്ടറികളിലെന്ന പോലെയും. അവിടെയായിരുന്നു ട്രെയ്നിങ്ങും വിവരങ്ങളും ഒരുക്കികൊടുത്തിരുന്നത്. വീക്ഷണങ്ങൾ രൂപപ്പെട്ടിരുന്നത് സഹവർത്തിത്വത്തിന്റെ അന്തരീക്ഷത്തിലും. ഞങ്ങൾ പത്രപ്രവർത്തകർ ദൃഢമായി സംഘം ചേർന്നു; ജീവിതം തന്നെ പൊതുവെ പങ്കിട്ടു. തൊഴിലിനെക്കുറിച്ച് ഞങ്ങൾക്ക് ആക്രാമകമായ വീക്ഷണമായിരുന്നു. മറ്റൊന്നിനെയും കുറിച്ച് ഞങ്ങൾ മിണ്ടിയതേയില്ല. തൊഴിലിൽ ഞങ്ങൾക്ക് സംഘസൗഹൃദമുണ്ടായി. ആർക്കും സ്വകാര്യ ജീവിതം എന്നൊന്ന് ഉണ്ടായിരുന്നതേയില്ല. സാമാന്യമായി ഒരു എഡിറ്റോറിയൽ ബോർഡ് ഉണ്ടായിരുന്നുവെങ്കിലും വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാഫ് മുഴുവൻ ഒത്തുചേരുമായിരുന്നു. ദിവസത്തെ ടെൻഷനിൽ നിന്നൊന്ന് രക്ഷപ്പെടാനും ഒരു കാപ്പി കുടിയ്ക്കാനുമായി എവിടെയെങ്കിലും ഒത്തുകൂടുന്നു, കൂട്ടത്തിൽ എഡിറ്റോറിയൽ പ്രവർത്തനവും. അത് കാർക്കശ്യം ഒട്ടുമില്ലാത്ത ഒരു സംഘം ചേരലായിരുന്നു. ഓരോ വിഭാഗത്തിന്റെയും വിഷയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ചൂടൻ ചർച്ചകൾ അവിടെ നടന്നു. ദൈനംദിനം നടന്ന ഈ സഞ്ചരിയ്ക്കുന്ന അക്കാദമിക് ചർച്ചയിൽ നിന്നും ഒന്നും പഠിയ്ക്കാതിരുന്നവരും ആ ചർച്ച ബോറായി തോന്നിയവരും യഥാർത്ഥ ജേർണലിസ്റ്റുകളായിരുന്നില്ല. അവ‍ർ മറിച്ചാണ് കരുതിയിരുന്നതെങ്കിലും.

മാർക്വേസ് പത്രപ്രവർത്തനത്തിൽ

അക്കാലത്ത് പത്രപ്രവർത്തനം മൂന്ന് വിഭാഗമായിത്തിരിഞ്ഞു ന്യൂസ്, ഫീച്ചർ, എഡിറ്റോറിയൽ എന്നിവയായിട്ട്. ഏറ്റവും അന്തസ്സും സൂക്ഷ്മതയും വേണ്ടിയിരുന്നത് എഡിറ്റോറിയൽ സെക്ഷനായിരുന്നു. ഏറ്റവും വിലകെട്ടത് റിപ്പോർട്ടറുടെ തൊഴിലും. റിപ്പോർട്ടർ പൊതുവെ പുതുക്കക്കാരനായിരിയ്ക്കും. നിസ്സാര കാര്യങ്ങൾക്കാണ് അയാളെ നിയോഗിച്ചിരുന്നതും. പത്രപ്രവർത്തനത്തിന്റെ നാഡീവ്യവസ്ഥ വിപരീത ദിശയിലാണ് വർത്തിച്ചിരുന്നത് എന്ന് ആ കാലഘട്ടവും ആ പ്രൊഫഷനും വ്യക്തമാക്കിക്കൊണ്ടേയിരുന്നു. 19 വയസ്സുള്ള ഞാൻ നിയമവിദ്യാലയത്തിലെ ഏറ്റവും മോശമായ വിദ്യാർത്ഥിയായിരുന്നു. ആ ഞാൻ എഡിറ്റോറിയൽ സ്റ്റാഫായിട്ടാണ് ജോലിയാരംഭിച്ചത്. പതുക്കെപ്പതുക്കെ പാടു പെട്ട് ഞാൻ മേലോട്ടുള്ള വഴിവെട്ടി. പല സെക്ഷനിലും പണിയെടുത്ത് ഒടുവിൽ ഒരു വെറും വയസ്സൻ റിപ്പോർട്ടറായി.

ഈ തൊഴിലിന് വിശാലമായ സാംസ്കാരിക പശ്ചാത്തലം ആവശ്യമുണ്ട്. അത് തൊഴിൽ പരിസരം തന്നെയാണ് ഒരുക്കിത്തരുന്നത്. വായന അത്യാവശ്യവുമാണ്. സ്വയം പഠിക്കുന്നവർ പൊതുവെ മികച്ചവരും എളുപ്പം പഠിക്കുന്നവരുമാണ് (ആ കാലത്ത് പ്രത്യേകിച്ചും). ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷനായാണ് ഞങ്ങൾ പത്രപ്രവർത്തനത്തെ കണ്ടത്. അങ്ങനെത്തന്നെ ഞങ്ങൾ വിളിയ്ക്കുകയും ചെയ്തു. രണ്ടു തവണ കൊളംബിയൻ പ്രസിഡന്റായ അൽബെർട്ടോ ലെറാസ് കമാർഗോ (Alberto Lleras Camargo) എന്ന എക്കാലത്തെയും മികച്ച ജേർണലിസ്റ്റ് ഒരു ഹൈസ്കൂൾ ഗ്രാജ്വേറ്റ് പോലുമായിരുന്നില്ല. മാധ്യമപ്രവർത്തകർ വിവരമുള്ളവരല്ല എന്ന സത്യത്തോടുള്ള അക്കാദമിക് വൃത്തങ്ങളുടെ പ്രതികരണമായിരുന്നു പിൽക്കാലത്തെ ജേർണലിസം സ്കൂളുകൾ. ഇത് അച്ചടി മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചായിരുന്നില്ല. നിലവിലുള്ളതും ഇനിയുണ്ടാവാനുള്ളതുമായ എല്ലാ മാധ്യമങ്ങൾക്കും വേണ്ടിയാണത്.

അൽബെർട്ടോ ലെറാസ് കമാർഗോ

15-ാം ശതകത്തിൽ ഈ പ്രൊഫഷന് തുടക്കമിട്ടവരുടെ പേരുകൾ പോലും വികസനത്വരയിൽ ഉപേക്ഷിയ്ക്കപ്പെട്ടു. ജേർണലിസം എന്ന പേരുപോലും ഉപയോ​ഗിക്കാതെയായി. കമ്യൂണിക്കേഷൻ സയൻസ് എന്നും മാസ് കമ്യൂണിക്കേഷൻ എന്നുമായി പകരം. പൊതുവെ പറഞ്ഞാൽ ഫലം ആശാവഹമായിരുന്നില്ല. അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷനുകളിൽനിന്ന് ബിരുദം നേടി പുറത്തുവരുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള വൻപ്രതീക്ഷകളുമായി കഴിയുകയും യഥാർത്ഥ ലോകത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ നിന്ന് അകന്നുപോവുകയും ചെയ്തു. സ്വന്തം ഉന്നമനത്തിൽ മാത്രം തത്പരരാവുകയും തൊഴിലിനെയും എന്തിന്, ജന്മസിദ്ധമായ കഴിവുകളെപ്പോലും മറക്കുകയും ചെയ്തു. പ്രത്യുത്പന്നമതിത്വവും അനുഭവജ്ഞാനവും സംബന്ധിച്ച് ഇത് ഏറെ സത്യമാണ്.

പത്രപ്രവർത്തനത്തിലേയ്ക്ക് കടന്നുവരുന്നവരിലേറെയും വ്യാകരണവും അക്ഷരവും വേണ്ടപോലെ അറിയായ്കകൊണ്ട് വായിക്കുന്നത് ശരിക്ക് മനസ്സിലാകാത്തവരാണ്. മന്ത്രിയുടെ മേശപ്പുറത്തിരിക്കുന്ന രഹസ്യരേഖ മറുപുറത്തിരുന്ന് തലതിരിച്ച് വായിയ്ക്കാൻ കഴിയും എന്നും, സംസാരിക്കുന്ന ആൾ അറിയാതെ അയാളുടെ സംഭാഷണം ശബ്ദലേഖനം ചെയ്യാൻ കഴിയുമെന്നും, രഹസ്യമാക്കി വെച്ചുകൊള്ളാമെന്നേറ്റിട്ടുള്ള സംഭാഷണം പരസ്യമാക്കാൻ കഴിയുമെന്നും അഭിമാനിക്കുന്നവരാണ് പലരും. ഇതിൽ ഏറ്റവും അസ്വാസ്ഥ്യജനകമായ വസ്തുത, ഈ മര്യാദാലംഘനമൊക്കെ പത്രപ്രവർത്തനത്തെ ഒരു വെല്ലുവിളിയായി കാണുന്നതുകൊണ്ടാണ് എന്നുള്ളതാണ്. ആദ്യം കിട്ടുന്ന വാർത്തയല്ല ഏറ്റവും നല്ലവാർത്ത, ഏറ്റവും നന്നായി അവതരിപ്പിക്കുന്ന വാർത്തയാണ് എന്ന കാര്യം അവർക്ക് വിഷയമേ അല്ല. അവരിൽ പലരും തങ്ങളുടെ കുറവുകൾ തിരിച്ചറിയുമ്പോൾ, തങ്ങൾക്ക് ഭാവിയിൽ ആവശ്യമായേക്കാവുന്ന സിദ്ധികളും ഭാഗ്യങ്ങളും കുത്തിവെച്ചു തരാതിരുന്നതിന് അധ്യാപകരെ ഭർത്സിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു.

പൊതുവെ വിദ്യഭ്യാസത്തെക്കുറിച്ച് ഉന്നയിക്കാവുന്ന വ്യക്തമായ വിമർശനമാണിത്. പരിശീലനം നൽകുന്നതിനേക്കാൾ വിജ്ഞാനം നൽകുക എന്ന തലതിരിഞ്ഞ നടപടി സ്വീകരിച്ചിരിയ്ക്കുന്ന വിദ്യാലയങ്ങളെക്കുറിച്ചുള്ള പൊതുവിമർശനം. മുൻകാലങ്ങളിൽ തങ്ങളുടെ പ്രവർത്തകർക്കുള്ളിൽ ടീം സ്പിരിറ്റ് നിറച്ചിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ അതിൽ പിന്നാക്കം പോവുകയും ആധുനിക സജ്ജീകരണങ്ങൾ നേടുന്നതിൽ മത്സരിയ്ക്കുകയും ചെയ്യുന്നതായി കാണാം. ന്യൂസ്റൂം ലബോറട്ടറിയായി മാറുന്നു. അതിനകത്ത് ആളുകൾ ഒറ്റപ്പെടുന്നു. വായനക്കാരുടെ ഹൃദയം സ്പർശിയ്ക്കുന്നതിനേക്കാൾ വേണ്ടത് സൈബർ സ്പെയ്സിലേയ്ക്ക് പറക്കുന്നതാണ് എന്ന് വരുന്നു. അപമാനവീകരണം ഭീഷണമായി അതിദ്രുതം പടരുന്നു.

ഗാബോയും ജേർണലിസവും, മാരിയോ പോൾ കടപ്പാട് : mario-paul.com

തുടക്കക്കാർക്ക് പല പരാതികളുണ്ട്. ആറുമണിക്കൂർ കൊണ്ട് തീർക്കാവുന്ന ജോലിയ്ക്ക് എഡിറ്റർമാർ മൂന്നു മണിക്കൂറേ തരുന്നുള്ളു. അവസാനിപ്പിയ്ക്കാനുള്ള പരക്കം പാച്ചിലിനിടയിൽ ഒരു സംശയ നിവൃത്തിപോലും നൽകുന്നില്ല, എല്ലാം കഴിഞ്ഞാലോ ഒരു അഭിനന്ദനം പോലും കിട്ടുന്നില്ല. “ഞങ്ങളെ ഒന്ന് വഴക്കു പറയുന്നതുപോലുമില്ല” ഒരു യുവാവ് പറഞ്ഞു. എന്റെ അഭിപ്രായത്തിൽ റിപ്പോർട്ടിങ്ങ് വാസ്തവത്തിൽ വസ്തുതകളുടെ കൃത്യമായ പുനർനിർമ്മാണമാണ്. വായനക്കാരന് തോന്നണം, ഈ റിപ്പോർട്ടർ സംഭവം നേരിൽകണ്ട് പറഞ്ഞുതരികയാണെന്ന്.
ടെലിപ്രിന്ററും ടെലക്സും കണ്ടുപിടിയ്ക്കുന്നതിനു മുമ്പ് റേഡിയോ കമ്മ്യൂണിക്കേഷൻ രംഗത്ത് ആരോ സ്വന്തം തൊഴിലിലുള്ള അത്യാസക്തി നിമിത്തം ശബ്ദതരംഗങ്ങളിൽ നിന്ന് ലോകവാർത്ത പിടിച്ചെടുക്കുകയും വിവരമുള്ള ഒരു എഡിറ്റർ അത് എല്ലാ വിശദവിവരങ്ങളും സഹിതം പുനർനിർമ്മിക്കുകയും ചെയ്തു. ഒരേയൊരു വെർട്ടിബ്രയിൽ നിന്ന് ഒരു ഡൈനോസോറിനെ പുനർനിർമ്മിക്കുക തന്നെ.

വാർത്തയുടെ വ്യാഖ്യാനത്തിനു മാത്രമെ പരിധിയില്ലാതുള്ളൂ. എഡിറ്റർ ഇൻ ചീഫിന്റെ പരിശുദ്ധ കൃത്യമാണ് എഡിറ്റോറിയൽ എന്നാണല്ലോ കരുതുന്നത്. സത്യം അങ്ങനെയല്ലെങ്കിലും. കഴിഞ്ഞ അരനൂറ്റാണ്ടിൽ ഉണ്ടായ ശ്രദ്ധേയമായ ഒരു മെച്ചം വാർത്തകളുടെയും റിപ്പോർട്ടുകളുടെയും കൂടെ കമന്റുകളും വിശദവിവരങ്ങളും ഒക്കെച്ചേർന്ന് എഡിറ്റോറിയൽ മികവു കൂടിയിട്ടുണ്ടെന്നാണ്. എന്തായാലും ഇതിന് ഉത്തമ ഫലമൊന്നുമുണ്ടായിട്ടില്ല. കാരണം ഈ തൊഴിൽ ഇന്ന് അത്യന്തം കുഴപ്പം പിടിച്ച ഒന്നായിട്ടാണ് കാണപ്പെടുന്നത് എന്നതുതന്നെ. പ്രസ്താവനകൾക്കിടയ്ക്ക് കണ്ടമാനം ഉദ്ധരണികൾ പ്രയോഗിക്കുന്നത് – അവ ശരിയോ തെറ്റോ ആവട്ടെ – ധാരാളം അബദ്ധങ്ങൾ വന്നുകൂടാൻ ഇടയാക്കുന്നു. ദുഷ്ടലാക്കോടു കൂടിയ വളച്ചൊടിക്കലുകളും വിഷം പുരട്ടിയ ദുർവ്യാഖ്യാനങ്ങളും ചേർന്ന് വാർത്തയെ മാരകായുധമാക്കുന്നു. വിശ്വാസ്യമായ കേന്ദ്രങ്ങളിൽ നിന്നോ കാര്യമറിയുന്നവരിൽ നിന്നോ, സീനിയർ ഓഫീസർമാരിൽനിന്നോ എല്ലാമറിയുന്ന നിരീക്ഷകരിൽ നിന്നോ എടുക്കുന്ന ഉദ്ധരണികൾ ചേർത്തു കഴിഞ്ഞാൽ പിന്നെ എന്ത് അക്രമവും ആവാം അതിനൊന്നും ശിക്ഷയില്ല എന്നുമാവുന്നു.

മാധ്യമപ്രവർത്തകർക്കുള്ള വർക്ഷോപ്പിനു ശേഷം മാർക്വേസും യുവജേർണലിസ്റ്റുകളും കടപ്പാട് : theparisreview.org

മറ്റൊരു പ്രധാന കുറ്റവാളി കൂടി ഇതിലുണ്ടെന്നു ഞാൻ കരുതുന്നു – റെക്കോർഡർ. അതിന്റെ കണ്ടുപിടുത്തത്തിന് മുമ്പ് മൂന്നേമൂന്ന് വസ്തുക്കൾ കൊണ്ട് പത്രപ്രവർത്തനം ഭംഗിയായി നടന്നുപോന്നു. അവ ഒരു നോട്ടുബുക്കും വിട്ടുവീഴ്ചയില്ലാത്ത വിശ്വസ്തതയും രണ്ട് കാതുകളുമായിരുന്നു. ഓർമ്മയ്ക്ക് പകരമല്ല റിക്കോർഡർ. മറിച്ച് ആ പാവം നോട്ടു ബുക്കിന്റെ പരിഷ്കരിച്ച രൂപം മാത്രമാണ് എന്ന കാര്യം യുവാക്കളായ പത്രപ്രവർത്തകർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. റിക്കോർഡർ കേൾക്കുന്നുണ്ട്; എന്നാൽ ശ്രദ്ധിക്കുന്നില്ല. ഒരു ഇലക്ട്രോണിക് തത്തയെപ്പോലെ അത് ഉരുവിടുന്നു, എന്നാൽ ചിന്തിക്കുന്നില്ല. അതിനെ ആശ്രയിക്കാം. പക്ഷേ അതിന് ഹൃദയമില്ലല്ലോ. ചുരുക്കത്തിൽ സംഭാഷകന്റെ വാക്കുകളെ ശ്രദ്ധിക്കുകയും അവയെ ബുദ്ധിപൂർവ്വം വിലിയിരുത്തുകയും വിധിയ്ക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ വാക്കുകൾ പോലെ വിശ്വസിച്ചാശ്രയിക്കാവുന്നതല്ല റെക്കോർഡർ.

മാധ്യമപ്രവർത്തകർക്കിടയിൽ മാർക്വേസ് കടപ്പാട് : photos.com

റേഡിയോയുടെ കാര്യമെടുത്താൽ, ഉടനുടൻ അത് വാക്കുകളെ തുരുതുരെ പ്രക്ഷേപിക്കുന്നതിനാൽ റേഡിയോ ഇന്റർവ്യൂവിൽ എന്തുത്തരം കിട്ടുന്നു എന്നതല്ല ചോദ്യം ചോദിക്കുന്നയാൾ ശ്രദ്ധിക്കുന്നത്. അടുത്ത ചോദ്യത്തെ കുറിച്ചായിരിക്കും അയാൾ അപ്പോൾ ആലോചിക്കുന്നത്. റെക്കോർഡർ പ്രചാരത്തിലായതിനുശേഷം പണ്ടില്ലാത്ത വിധം ഇന്റർവ്യൂവിന് പ്രാധാന്യം കിട്ടിയിട്ടുണ്ട്. റേഡിയോയും ടെലിവിഷനും വരേണ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആൾ ചെയ്യുന്ന പ്രസ്താവനകളാണ് പരമസത്യം. സംഭവം കണ്ട ജേർണലിസ്റ്റ് പറയുന്നതല്ല കാര്യം എന്ന് അച്ചടി മാധ്യമങ്ങളും ധരിച്ചുവശായിട്ടുണ്ട്. പല പത്രാധിപന്മാർക്കും കൈയക്ഷരവും പകർത്തിയെ ഴുത്തും അഗ്നിപരീക്ഷയാണ്. ഉച്ചാരണപ്പിഴവ്, ചിഹ്നവ്യവസ്ഥ പ്രയോഗിക്കുന്നതിലെ പിശകുകൾ, അക്ഷരപ്പിശക് എല്ലാം ചേർന്ന് വാക്യഘടന തന്നെ തകരാറിലാകുന്നു. ഇതിനുള്ള പരിഹാരം നോട്ടു പുസ്തകത്തിലേയ്ക്കുള്ള തിരിച്ചു പോക്കായിക്കൂടെ? അങ്ങനെ പോവുകയാണെങ്കിൽ എഴുതുമ്പോൾ തിരുത്താൻ പത്രപ്രവർത്തകർ ശ്രദ്ധിക്കും.

ദ സ്കാന്റൽ ഓഫ് ദ സെൻച്വറി – മാർക്വേസിന്റെ ജേർണലിസ്റ്റ് ലേഖനങ്ങൾ

‍ധാർമ്മിക ബോധമില്ലാത്തതുകൊണ്ടല്ല, പ്രൊഫഷനലിസത്തിന്റെ അഭാവം കൊണ്ടാണ് ആധുനിക ജേർണലിസം വിഷമിക്കുന്നത് എന്നത് ഒരു തരത്തിൽ ആശ്വാസദായകമാണ്. കമ്മ്യൂണിക്കേഷൻ അക്കാദമിക് പരിപാടികളുടെ പോരായ്മ ഒരുപക്ഷേ ഈ പ്രൊഫഷന് വേണ്ട പലതും പഠിപ്പിക്കുന്നുണ്ടെങ്കിലും പ്രൊഫഷൻ പഠിപ്പിക്കുന്നില്ല എന്നതാവാം. മനുഷ്യത്വത്തിൽ അടിയുറപ്പിക്കുകയും കാർക്കശ്യവും അതിമോഹവും ഇല്ലാതാക്കുകയും ചെയ്തുകൊണ്ടുവേണം വിദ്യാർത്ഥികളെ രൂപപ്പെടുത്തേണ്ടത്. ഹൈസ്കൂൾ ക്ലാസ്സിൽ അവർക്ക് ലഭിക്കാത്തത് അതാണല്ലോ. എന്തായാലും ഏതുതരം വിദ്യാഭ്യാസവും മൂന്ന് പ്രധാന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

1) തൊഴിലിനും അഭിരുചിക്കും പ്രാധാന്യം നൽകുക. 2) ജർണലിസ്റ്റുകൾ അന്വേഷണ സ്വഭാവികളായിരിയ്ക്കുക. 3) പൊതുജന സേവനത്തിന്റെ നൈസർഗ്ഗിക പശ്ചാത്തലവും ചരിത്രബോധവും നൽകുന്ന ഗ്രൂപ്പ് വർക്ക്ഷോപ്പുകളിലൂടെ അടിസ്ഥാന വിദ്യാഭ്യാസം നൽകുക. ഇതായിരിക്കണം വിദ്യാഭ്യാസപദ്ധതിയുടെ അടിസ്ഥാനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പഠനത്തിനുവേണ്ടി അഞ്ചുമണി കൂട്ടായ്മകൾ പുനരുജ്ജീവിപ്പിക്കണം എന്ന്. കാർടാഗെനാ ഡി ഇന്ത്യാസ് (Cartagena de Indias) ആസ്ഥാനമായിട്ടുള്ള സ്വതന്ത്രരായ ജേർണലിസ്റ്റുകളുടെ കൂട്ടത്തിൽ ഒരാളാണ് ഞാൻ.

കാർട്ടഗെനയിലെ മാർക്വേസ് ചുമർച്ചിത്രങ്ങളിലൊന്ന് കടപ്പാട് : freetour.com

ലാറ്റിനമേരിക്കയിൽ മുഴുവൻ മേൽപ്പറഞ്ഞ ലക്ഷ്യം കൈവരിക്കാനായി ഫൗണ്ടേഷൻ ഓർ എ ന്യൂ അപ്പ്റോച്ച് ടു ജേർണലിസം ഇൻ ഇബേറോ അമേരിക്ക (Foundation for a new approach to Journalism in Ibero America -Foundation para un Neuvo periodisma Iberamericano) എന്ന സ്ഥാപനത്തിലൂടെ പരീക്ഷണാത്മകമായ വർക്ക്ഷോപ്പുകൾ നടത്തി ഞങ്ങൾ പ്രവർത്തിച്ചുവരുന്നു. തുടക്കക്കാരായ പത്രപ്രവർത്തകർക്കു വേണ്ടിയുള്ള ഒരു പൈലറ്റ് പ്രോഗ്രാമാണിത്. പരിണതപ്രജ്ഞനും പ്രഗത്ഭനുമായ ഒരു മുതിർന്ന മാധ്യമ പ്രവർത്തകന്റെ ശിഷ്യത്വത്തിൽ അവർ റിപ്പോർട്ടിന്, എഡിറ്റിങ്, റേഡിയോ ടെലിവിഷൻ ഇന്റർവ്യൂ, പ്രോഗ്രാം ഹോസ്റ്റിങ് എന്നിവ പരിശീലിക്കുന്നു.

ക്ലാസ്സിൽ സിദ്ധാന്തങ്ങളും അക്കാഡമിക് ശാസ്ത്രങ്ങളും അവതരിപ്പിക്കാറില്ല. പകരം വട്ടമേശയ്ക്കു ചുറ്റുമിരുന്ന് സ്വാനുഭവങ്ങൾ പകർന്നു നൽകിയും ചർച്ചചെയ്തും അവർ മുന്നോട്ടുപോകുന്നു. ഒരാളെ ജേർണലിസ്റ്റാക്കുകയല്ല അവിടെ ചെയ്യുന്നത്. ജേർണലിസ്റ്റിന്റെ കഴിവിനെ പരിപോഷിപ്പിക്കുകയാണ്. അവിടെ പരീക്ഷയില്ല, ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഇല്ല. കണ്ടും കേട്ടുമറിഞ്ഞത് പരീക്ഷിച്ച് പ്രാവർത്തികമാക്കുന്നതിലൂടെയാണ് പങ്കാളികളുടെ പുരോഗതി. അവരെന്തു നേടി എന്ന് വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ ചുവടുപിടിച്ച് വിലയിരുത്തുക എളുപ്പമല്ല. എന്നാൽ അവരുടെ ഉത്സാഹമാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കു വേണ്ട ഊർജ്ജവും ഉന്മേഷവും നൽകുന്നത്. അത് മാദ്ധ്യമ സ്ഥാപനങ്ങൾ മാനിയ്ക്കുന്നുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ജേർണലിസ്റ്റുകൾ ഒത്തുകൂടി തങ്ങളുടെ പ്രൊഫഷനെക്കുറിച്ച് 5 ദിവസം ചർച്ച നടത്തി എന്നതുതന്നെ ഈ പരിശീലന പദ്ധതിയുടെ വിജയസൂചനയാണ്.

നവ ലോകത്തിനായുള്ള നവജേർണലിസം വർക്ഷോപ്പിനിടയിൽ മാർക്വേസും മെർസെഡസും കടപ്പാട് : revista.drclas.harvard.edu

ആത്യന്തികമായ വിലയിരുത്തലിൽ ഞങ്ങൾ പത്രപ്രവർത്തനം പഠിക്കുന്നതിനുള്ള പുതുവഴികൾ നിർദ്ദേശിയ്ക്കുകയല്ല, പകരം പഴയ വഴി തെളിയിക്കുകയാണ് എന്നു തെളിയുന്നു. മാധ്യമങ്ങൾ ഈ പ്രവർത്തനത്തിന് വേണ്ട പിൻതുണ നൽകേണ്ടതാണ്. മാധ്യമപ്രവർത്തനം എന്നത് പീഢാനുഭവമാണ്. യാഥാർത്ഥ്യവുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിലൂടെയെ അതിനെ സ്വാംശീകരിയ്ക്കാനും മാനവീകരിയ്ക്കാനും കഴിയുകയുള്ളൂ. ഇത് രക്തത്തിൽ ലീനമായിട്ടില്ലാത്തവർക്കൊന്നും ജീവിതത്തിന്റെ പ്രവചനാതീതത്വത്തിൽ നിന്ന് ആളിപ്പടരുന്ന ഇതിന്റെ കാന്തികാകർഷണം ഗ്രഹിയ്ക്കാനാവുകയുള്ളൂ. ഈ അനുഭവമില്ലാത്ത ഒരാൾക്കും വാർത്ത നൽകുന്ന അന്യസാധാരണമായ ആവേശം സ്വായത്തമാവുകയില്ല. ഒരു ദൃഢപരിശ്രമത്തിന്റെ ആദ്യഫലം നൽകുന്ന ഹർഷോന്മാദം, പരാജയം സൃഷ്ടിക്കുന്ന അഭിമാനതി ഇതൊന്നും അവർക്കറിയില്ല. ഇതിനായി പിറക്കാത്ത ഒരാൾക്കും ഇതിനായി ജീവിയ്ക്കാനൊരുങ്ങാത്ത ഒരാൾക്കും അത് അനുഭവവേദ്യമാവുകയില്ല. മെരുക്കമില്ലാത്ത, വിഴുങ്ങുന്ന ഒരു തൊഴിലാണിത്. ഓരോ വാർത്തയും സഞ്ചാരം തുടങ്ങുന്നതോടെ അതിന്റെ പിറകിലെ അദ്ധ്വാനം ഒടുങ്ങും. അടുത്ത നിമിഷം അതിനേക്കാൾ കഠിനമായ ജോലി തുടങ്ങാൻ, ഒരു നിമിഷം വിശ്രമിക്കാതെ വീണ്ടും ജോലി തുടങ്ങാനുള്ള താത്കാലികമായ വിശ്രാന്തി മാത്രം.

(അവലംബം: ഇന്റർ അമേരിക്കൻ പ്രസ്സ് അസോസിയേഷൻ. പരിഭാഷ: കെ.ആർ ഇന്ദിര)

Also Read