Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും വീടുകളിൽ റെയ്ഡ്
യെച്ചൂരിയുടെ വസതിയിലും റെയ്ഡ്
ദില്ലിയിൽ മാധ്യമപ്രവർത്തകർ, കോളമിസ്റ്റുകൾ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻസ് തുടങ്ങി നിരവധി പേരുടെ വീടുകളിൽ പൊലീസ് റെയ്ഡ്. മാധ്യമപ്രവർത്തകരായ അബിസാർ ശർമ്മ, ഭാഷ സിങ്, ഉർമിലേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ത, എഴുത്തുകാരനായ ഗീത ഹരിഹരൻ, രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിദഗ്ധനായ ഒനിൻന്ത്യോ ചക്രവർത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈൽ ഹാഷ്മി, സ്റ്റാൻഡ്-അപ്പ് കോമേഡിയനായ സഞ്ജയ് രജൗര എന്നിവരുടെ വസതികളിലാണ് പൊലീസ് ഇന്ന് അതിരാവിലെ റെയ്ഡ് നടത്തിയത്. ‘ന്യൂസ് ക്ലിക്ക്’ ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വസതിയിലും റെയ്ഡ് നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു.എ.പി.എ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസിന്റെ ഭാഗമായി ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുന്നത്. ആക്ടിവിസ്റ്റായ ടീസ്റ്റ സ്റ്റെതൽവാദ്, മുതിർന്ന മാധ്യമ പ്രവർത്തകനായ പരഞ്ജോയ് ഗുഹ താക്കുർതാ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
എഫ്.ഐ.ആർ നമ്പർ 224 /2023 എന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. 2023 ആഗസ്റ്റ് 17 ന് രജിസ്റ്റർ ചെയ്യപ്പെട്ട ഈ കേസിൽ യു.എ.പി.എ നിയമത്തിലെ 13, 16, 17, 18, 22 വകുപ്പുകളും, ഐ.പി.സി 153 എ, 120 ബി എന്നീ വകുപ്പുകളും ചേർത്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ന്യൂസ് ക്ലിക്കിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടന്നതായും അവരുടെ ഉപകരണങ്ങൾ പിടിച്ചെടുത്തതായും ദി വയർ സ്ഥിരീകരിക്കുന്നു.
ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീടിന് പുറകിലെ കെട്ടിടത്തിൽ താമസിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ റെയ്ഡ് നടത്തിയത്. സി.പി.എം ഓഫീസ് റിസപ്ഷനിസ്റ്റിന്റെ മകൻ സുമിത് ന്യൂസ് ക്ലിക്കിൽ ഗ്രാഫിക് ആർട്ടിസ്‌റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. സുമിത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിലെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടു തവണ രാം നാഥ് ഗോയങ്കെ അവാർഡിനർഹനായ മാധ്യമപ്രവർത്തകനാണ് അബിസാർ ശർമ്മ. ദില്ലി പൊലീസ് തന്റെ വീട്ടിലെത്തി ഫോണും, ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തുവെന്നു ഇദ്ദേഹം സമൂഹമാധ്യമായ എക്സി- ൽ രാവിലെ പങ്കുവച്ചു. മാധ്യമപ്രവർത്തകയായ ഭാഷ സിങ്ങും തന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തതായി പറയുന്നു. ‘ഇന്ത്യ വിരുദ്ധ’ അന്തരീക്ഷം സൃഷ്ടിക്കാൻ കോൺഗ്രസ് നേതാക്കളും ന്യൂസ് ക്ലിക്കും ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്ന ന്യൂയോർക്ക് ടൈംസിന്റെ 2023 ആഗസ്റ്റ് മാസത്തെ റിപ്പോർട്ടിലെ ആരോപണം മാത്രം അടിസ്ഥാനമാക്കിയാണ് ഈ കേസ്. ഈ ആരോപണം ബി.ജെ.പി എം.പി നിഷികാന്ത് ദുബേ ആഗസ്റ്റിൽ നടന്ന ലോക്സഭ സമ്മേളനത്തിൽ ഉദ്ധരിച്ചിരുന്നു. ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തിൽ നടന്ന റെയ്ഡുകളിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. സ്ഥിഗതികൾ നിരീക്ഷിക്കുകയാണെന്നും വിശദമായ പ്രസ്താവന ഉടൻ നൽകുമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ സമൂഹമാധ്യമമായ എക്സ് -ൽ പ്രതികരിച്ചു.