Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ദേശീയ ശ്രദ്ധ നേടിയ ഹിന്ദി ന്യൂസ് ചാനലായ നാഷണൽ ദസ്തകിന് പൂട്ടൊരുക്കി കേന്ദ്രം. ദസ്തകിന്റെ യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റെ നോട്ടീസ് 2024 ഏപ്രിൽ 3ന് യൂട്യൂബ്, ദസ്തക് ചാനലിന് ഇ-മെയിലായി അയയ്ക്കുകയായിരുന്നു. സമാനമായ രീതിയിൽ ആർട്ടിക്കിൾ 19, ബോൽത്ത ഹിന്ദുസ്ഥാൻ എന്നീ ചാനലുകൾക്കും യൂട്യൂബ് നോട്ടീസ് അയച്ചിരുന്നു. മൂന്ന് ലക്ഷം വരിക്കാരുള്ള ബോൽത്ത ഹിന്ദുസ്ഥാൻ ചാനൽ സർക്കാർ താൽക്കാലികമായി നിരോധിച്ച് ദിവസങ്ങൾക്കുള്ളിലാണ് മറ്റ് രണ്ട് ചാനലുകൾക്കും നോട്ടീസ് വരുന്നത്. എന്നാൽ നാഷണൽ ദസ്തക്, ആർട്ടിക്കിൾ 19 എന്നീ ചാനലുകളെ ഇതുവരെ യൂട്യൂബിൽ നിന്നും നീക്കം ചെയ്യാത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. ശംഭുകുമാർ സിങ്ങ് എഡിറ്ററായ ദസ്തകിന് 94,10,000 വരിക്കാറാണുള്ളത്. ദലിത്, ആദിവാസി വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, പിന്നോക്ക വിഭാഗങ്ങൾ എന്നിവരുടെ ശബ്ദമായി നിലകൊള്ളുന്ന ചാനലായാണ് ദസ്തക് വിശേഷിപ്പിക്കപ്പെടുന്നത്. ഇതുതന്നെയാവാം ചാനലിനെതിരെയുള്ള കേന്ദ്ര നടപടിയ്ക്ക് പിന്നിലെ അദൃശ്യ കാരണം. “ലക്ഷകണക്കിന് ചാനലുകളും മാധ്യമങ്ങളുമുള്ള ഇന്ത്യയിൽ ബഹുജനപക്ഷം നിൽക്കുന്ന ദസ്തകിനെ നിങ്ങൾ ഭയപ്പെടുകയാണോ” എന്ന് ചോദിച്ചുകൊണ്ട് കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ചാനൽ എക്സ് പോസ്റ്റിലൂടെ രംഗത്ത് വന്നിരുന്നു. ദസ്തകിനെതിരെ യൂട്യൂബിന്റെ ലീഗൽ സെൽ പുറപ്പെടുവിച്ച നോട്ടീസ് വിവാദമായ 2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ കർശന വ്യവസ്ഥകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2021ലെ നിയമത്തിന്റെ പിൻബലത്തിലാണ് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്. ‘ദി കാരവൻ’ മാസിക പ്രസിദ്ധീകരിച്ച ലേഖനം 24 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2024 ഫെബ്രുവരി 13ന് നോട്ടീസ് നൽകിയതും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ പിൻബലത്തിലായിരുന്നു.
ബോൽത്ത ഹിന്ദുസ്ഥാനെതിരെ നടപടി സ്വീകരിച്ച് ചാനൽ യൂട്യൂബിൽ നിന്നും നീക്കം ചെയ്തതും കാരണം വ്യക്തമാക്കാതെയാണെന്ന് ചാനലിന്റെ ഉടമകൾ പരാതിപ്പെടുന്നു. 2021-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം, ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്കും ഏകത്വത്തിനും വിള്ളൽ വരുത്തുന്ന തരത്തിൽ എന്ത് പ്രവർത്തനങ്ങളാണ് തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അറിയാൻ ചാനലിന് പൂർണ അവകാശമുണ്ട്. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യവും വിമർശനവും അടിച്ചമർത്തേണ്ടത് ബി.ജെ.പിയുടെ മുഖ്യ അജണ്ടകളിലൊന്നായി മാറിയിരിക്കുന്നു എന്നാണ് ഈ നടപടികൾ സൂചിപ്പിക്കുന്നത്. ചെറുകിട മാധ്യമ സ്റ്റാർട്ട് അപ് എന്ന നിലയിൽ പരിശോധിച്ചാൽ, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, കർഷകസമരം, ഹാത്രസ് കേസ് തുടങ്ങിയ വിഷയങ്ങളിൽ അടക്കം സ്വീകരിച്ച നിലപാടുകളാകാം ബോൾത്ത ഹിന്ദുസ്ഥാനെ നിശബ്ദമാക്കാൻ കാരണമായത്. ഐ.ടി ആക്ടിലെ സെക്ഷൻ 69 പ്രകാരം കേന്ദ്ര സർക്കാരിലെ അംഗീകൃത ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള ഉത്തരവുകൾ അയയ്ക്കാൻ അധികാരമുണ്ട്. ദേശസുരക്ഷയ്‌ക്കോ പരമാധികാരത്തിനോ പൊതുക്രമത്തിനോ ഭീഷണിയാണെങ്കിലാണ് ഉള്ളടക്കം തടയാൻ സർക്കാരിന് ഈ നിയമം ഉപയോഗിക്കാവുന്നത്. എന്നാൽ ഈ മൂന്ന് മാധ്യമങ്ങൾക്കുമെതിരെ സ്വീകരിച്ച നടപടിയിൽ ഉള്ളടക്കത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. 2015 ഡിസംബർ 20ന് പ്രവർത്തനം ആരംഭിച്ച നാഷണൽ ദസ്തക് മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുന്ന ഇന്ത്യയിലെ പാർശ്വവത്കൃത വിഭാഗങ്ങളുടെ പ്രശ്നങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ദലിത്-ബഹുജൻ സമുദായത്തിൽ നിന്നുള്ള എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും അവസരം കൂടുതലായി നൽകുന്ന ദസ്തക് ടീമിന് ആദ്യം നേതൃത്വം നൽകിയിരുന്നത് ഇന്ത്യ ടുഡേ മാസികയുടെ മുൻ എഡിറ്ററായ ദിലീപ് സി മണ്ഡലാണ്. ജനകീയ പ്രശ്നങ്ങൾ ഗ്രൗണ്ടിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ആർട്ടിക്കിൾ 19 ചാനലിന്റെ എഡിറ്റർ 20 വർഷമായി ഹിന്ദി ടെലിവിഷൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന നവീൻ കുമാറാണ്. 40,000 ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം ഹാൻഡിൽ താൽക്കാലികമായി റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് ബോൽത്ത ഹിന്ദുസ്ഥാന്റെ യൂട്യൂബ് ചാനലിന് സസ്പെൻഷൻ വരുന്നത്. “ഏത് വീഡിയോയാണ് അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതെന്ന് മനസിലാക്കാനായി ഞങ്ങൾ യൂട്യൂബിനോട് ചോദിച്ചിരുന്നു. മറുപടിക്ക് പകരം, പ്ലാറ്റ്‌ഫോമിലെ ഞങ്ങളുടെ മുഴുവൻ ഉള്ളടക്കവും അവർ ഇല്ലാതാക്കി.” ബോൽത്ത ഹിന്ദുസ്ഥാന്റെ സ്ഥാപകൻ ഹസീൻ റഹ്മാനി ദി വയർ എന്ന മാധ്യമത്തോട് പറഞ്ഞു.
2024 ഏപ്രിൽ7ന് പ്രമുഖ മാധ്യമസ്ഥാപനമായ ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂമിന് പ്രവർത്തനം നിർത്തേണ്ടി വന്നതും കേന്ദ്ര സർക്കാരിന്റെ ഇത്തരം സമീപനം കാരണമാണ്. ആദായനികുതി നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാണിച്ചാണ് ബി.ബി.സിക്കെതിരെ കഴിഞ്ഞവർഷം തുടർച്ചയായ നടപടിയുണ്ടായത്. ഇന്ത്യയിലെ നാല് മുൻ ബി.ബി.സി ഉദ്യോഗസ്ഥർ ചേർന്ന് രൂപം നൽകിയ ‘കളക്ടീവ് ന്യൂസ് റൂം’ എന്ന പ്രൈവറ്റ് കമ്പനിയുടെ നേതൃത്വത്തിൽ ആയിരിക്കും ഇനി മുതൽ ബി.ബി.സി സംപ്രേഷണം നടത്തുക. 2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ബി.ബി.സി തയ്യാറാക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി 2023 ഫെബ്രുവരിയിൽ സംപ്രേഷണം ചെയതതിന് പിന്നാലെയാണ് മുംബൈയിലേയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധനന നടത്തിയത്. 1940കൾ മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബി.ബി.സിക്ക് മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നതിനായി റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന സംഘടന തയ്യാറാക്കുന്ന ‘പ്രസ് ഫ്രീഡം ഇൻഡക്സ്’ പ്രകാരം 2023 ൽ ഇന്ത്യയുടെ റാങ്ക് 11 പോയിന്‍റ് ഇടിഞ്ഞ് 161 ൽ എത്തിയിരുന്നു. 180 രാജ്യങ്ങളുടെ കണക്കിലാണ് ഇന്ത്യയ്ക്ക് 161-ാം സ്ഥാനം. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്ന വ്യക്തമായ സൂചന വീണ്ടും നൽകിയിരിക്കുകയാണ് യൂട്യൂബ് ചാനലുകളുടെ നിരോധനം.