Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
നാലു വയസ്സുകാരിയുടെ ആറാം വിരലിന്റെ ശസ്ത്രക്രിയക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ വാർത്ത ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. ഒരു സർജറിക്ക് പകരം മറ്റൊന്നു ചെയ്യുക എന്നതിന് എന്ത് ന്യായീകരണം നൽകിയാലും മതിയാകില്ല. ചികിത്സാ പിഴവിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത്. എന്തുകൊണ്ട് ഇത്തരം കേസുകൾ ഇടക്കിടെ സംഭവിക്കുന്നു എന്നത് ഗൗരവത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ആവശ്യമായ പരിഹാരങ്ങൾ കൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടുകയും വേണം. മെഡിക്കൽ നെഗ്ലിജൻസുമായി ബന്ധപ്പെട്ട കേസുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിൽ ഇപ്പോഴും നമുക്ക് വ്യക്തതക്കുറവുണ്ട്. ഇത്തരം സംഭവങ്ങളുടെ മെഡിക്കൽ, ലീഗൽ വശങ്ങൾ സംസാരിക്കുകയാണ് രോഗികളുടെ അവകാശങ്ങൾക്കും ആരോഗ്യകരമായ ഡോക്ടർ രോഗി ബന്ധം വളർത്തിക്കൊണ്ടുവരുന്നതിനുമായി പ്രവർത്തിക്കുന്ന ചികിത്സാനീതി എന്ന സംഘടനയുടെ സെക്രട്ടറി ഡോ. പ്രിൻസ് കെ.ജെ
ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവം ആരോഗ്യ രംഗത്ത് സംഭവിച്ച ഗുരുതര വീഴ്ചകളിലൊന്നാണ്. എന്തുകൊണ്ടാണ് ഒരു സർജറി റൂമിൽ ഇത്തരമൊരു അശ്രദ്ധ സംഭവിക്കുന്നത്? ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു ശ്രദ്ധക്കുറവ് ഉണ്ടാകാൻ കാരണമെന്താണ്?
കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ച ഒരാളായത് കൊണ്ട് കുറച്ചൂടെ കൃത്യതയോടെ എനിക്കിതിന് മറുപടി പറയാൻ കഴിയും. ഏറ്റവും തിരക്കുള്ള മെഡിക്കൽ കോളേജുകളിലൊന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന ഇടം. സ്റ്റാഫിന്റെ ലഭ്യതക്കുറവും അമിത ജോലിഭാരവും കോളജിന്റെ പ്രവർത്തനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പകരം നാവിൽ ശസ്ത്രക്രിയ നടന്ന അന്നേ ദിവസം തന്നെ പരിശോധിക്കുക, പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ജനറൽ അനസ്തീസിയ നൽകിയ 16 സർജറികളും മറ്റ് 5 സർജറികളുമായിരുന്നു പീഡിയാട്രിക് സർജറിയിൽ മാത്രം ചെയ്യാനുണ്ടായിരുന്നത്. താരതമ്യേന ചെറിയൊരു സർജറി ടീം ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പ് ഇതെല്ലാം ചെയ്ത് തീർക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ എല്ലാ കാര്യങ്ങളും മെഡിക്കൽ പ്രോട്ടോക്കോൾ പ്രകാരം ചെയ്യാനുള്ള സാവകാശം ഉണ്ടാകില്ല. മനുഷ്യശേഷി കുറയുകയും ജോലിഭാരം കൂടുകയും ചെയ്യുമ്പോൾ ചില അശ്രദ്ധകൾ സംഭവിച്ചുപോകും. അത്തരത്തിലൊന്നാണ് ഈ കുട്ടിയുടെ വിഷയത്തിൽ സംഭവിച്ചത്. അതേസമയം ‘കുട്ടിക്ക് നാവിനും തടസ്സമുണ്ടായിരുന്നതിനാലാണ് ശസ്ത്രക്രിയ ചെയ്തതെന്ന’ മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം എത്രത്തോളം അപകടകരവും സാധാരണ യുക്തിയെ ചോദ്യം ചെയ്യുന്നതുമാണ്. ഡോക്ടർ തെറ്റ് ഏറ്റുപറഞ്ഞതിന് ശേഷമാണ് ഇങ്ങനെയൊരു കുറിപ്പ് ഇറക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടിയുടെ നാവിനും പ്രശ്നമുണ്ടായതു കൊണ്ടാണ് ശസ്ത്രക്രിയ ചെയ്തതെന്ന ഡോക്ടർമാരുടെ വിശദീകരണം യുക്തിഭദ്രമല്ലെന്നാണോ പറഞ്ഞുവരുന്നത് ?
തീർച്ചയായും. കുട്ടിയുടെ നാവിനടിയിലെ കെട്ട് (ടങ് ടൈ) എന്നത് എമർജൻസി സർജറി ചെയ്യേണ്ട ഒരു ആരോഗ്യ പ്രശ്നമല്ല. എമർജൻസി സർജറിയാണെങ്കിൽ രോഗിയുടെ സമ്മതമില്ലാതെ തന്നെ സർജറി ചെയ്യാൻ ഡോക്ടർമാർക്ക് അനുമതിയുണ്ട്. ഐ പി സിയുടെ സെക്ഷൻ 80,88,92,93 എന്നീ വകുപ്പുകൾ ഡോക്ടർമാരുടെ പ്രവർത്തനങ്ങൾക്ക് നിയമപരമായ പിന്തുണ നൽകുന്നുണ്ട്. ഈ സെക്ഷൻ പ്രകാരം ചികിത്സയുടെ ഭാഗമായി വരുന്ന പ്രശ്നങ്ങളിൽ നിന്ന് ഡോക്ടർക്ക് സംരക്ഷണം ലഭിക്കും. പക്ഷേ നാല് വകുപ്പുകളും ‘Good faith’ (ഉത്തമ വിശ്വാസം) എന്ന ഒരു വാക്ക് ഉപയോഗിക്കുന്നുണ്ട്. ഐ.പി.സിയുടെ സെക്ഷൻ 52ൽ ‘ഉത്തമ വിശ്വാസം’ എന്താണെന്ന് പറയുന്നുണ്ട്. ‘Nothing is said to be done or believed in “good faith” which is done or believed without due care and attention’. കൃത്യമായ ശ്രദ്ധയും പരിചരണവും നൽകാത്ത കേസുകളിൽ ഉത്തമ വിശ്വാസം പരിഗണനീയമാകില്ല എന്നു ചുരുക്കം. അതുകൊണ്ടുതന്നെ തികഞ്ഞ അശ്രദ്ധയുടെ ഭാഗമായി വരുന്ന കേസുകളിൽ നേരത്തേ പറഞ്ഞ പ്രൊവിഷൻസ് ഡോക്ടർമാരെ സഹായിക്കില്ല. നാല് വയസ്സുകാരിയുടെ കൈവിരലിൽ നടക്കേണ്ട ശസ്ത്രക്രിയക്ക് പകരം നാവിൽ ശസ്ത്രക്രിയ നടന്ന കേസിൽ സർജൻസിന്റെ അശ്രദ്ധ സംഭവിച്ചിട്ടുണ്ടെന്നത് പകൽവെളിച്ചം പോലെ വ്യക്തമാണ്.
ഇന്ത്യ പോലൊരു രാജ്യം മെഡിക്കൽ നെഗ്ലിജൻസ് എന്നത് ഗൗരവത്തിലുള്ള ഒരു പ്രശ്നമായി ഇപ്പോഴും പരിഗണിക്കാത്തതുകൊണ്ടാണോ ഇത് ആവർത്തിക്കുന്നത്? കോഴിക്കോട് മെഡിക്കൽ കോളേജിൽ പരാതികൾ പതിവായിരിക്കുകയാണല്ലോ?
പ്രാഥമികമായി മെഡിക്കൽ സിസ്റ്റത്തിന്റെ ഒരു പ്രശ്നം നിലവിലുണ്ട്. അത് നേരത്തേ സൂചിപ്പിച്ചു. അതിനുപുറമെ മെഡിക്കൽ നെഗ്ലിജൻസും സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ പ്രോട്ടോക്കോളിന്റെ ഭാഗമായി സർജറി ചെയ്യുന്നതിന് മുമ്പായി നിരവധി മുന്നൊരുക്കങ്ങൾ ഡോക്ടർമാർ ചെയ്യേണ്ടതുണ്ട്. രോഗിയെയോ ബന്ധപ്പെട്ടവരെയോ സർജറിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. സർജറിക്ക് മുമ്പും അതിനിടയിലും അവസാനവും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ഡോക്ടർമാർ പാലിക്കണം. സർജറിയുടെ ഭാഗമായി ചെക്ക് ലിസ്റ്റ് പരിശോധിക്കണമെന്ന് WHO യുടെ ഗൈഡ് ലൈൻസ് പറയുന്നുണ്ട്. മൂന്ന് ഘട്ടങ്ങളിലൂടെയാണ് ചെക്ക് ലിസ്റ്റ് പരിശോധന കടന്നുപോകുന്നത്. അനസ്തേഷ്യ കൊടുക്കുന്നതിന് മുമ്പുള്ള ഒരുക്കങ്ങൾ, കൺസെന്റ്, സർജറി ചെയ്യേണ്ട ഭാഗങ്ങൾ മാർക്ക് ചെയ്യൽ തുടങ്ങിയവ ഉൾക്കൊള്ളുന്ന സൈൻ ഇൻ, സർജറിക്ക് കയറുന്നതിന് അല്പം മുമ്പ് മാത്രം നടക്കുന്ന ടൈം ഔട്ട്, സർജറി ചെയ്ത മുറിവ് തുന്നുന്നതിന് മുമ്പ് സർജിക്കൽ ഇൻസ്ട്രുമെന്റ് പരിശോധിച്ച് ഉറപ്പുവരുത്തുന്ന സൈൻ ഔട്ട് എന്നിവയെല്ലാം ഒരുപോലെ പ്രധാനമാണ്. സൈൻ ഔട്ട് സെഷനിൽ ചിലർ കാണിച്ച അനാസ്ഥ കൊണ്ടായിരുന്നു ഹർഷിനക്ക് അഞ്ച് വർഷം വേദന സഹിച്ച് ജീവിക്കേണ്ടി വന്നത്. പൊതുവിൽ ആശുപത്രിയിലെ തിരക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ആരോഗ്യത്തിനുള്ള അവകാശം (Right to health) എന്നത് രോഗിയുടെ മൗലികാവകാശമാണ്. സ്വാഭാവികമായും രോഗികളുടെ മേലിൽ ആരോഗ്യവകുപ്പിന് നിരവധി ഉത്തരവാദിത്തമുണ്ട്. പ്രാഥമികമായി സർക്കാർ സ്ഥാപനങ്ങളെ സജ്ജമാക്കി നിർത്തുക എന്നത് സർക്കാർ ഉത്തരവാദിത്തമാണ്.
യു.കെ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ മെഡിക്കൽ നിയമങ്ങൾ വളരെ ശക്തമാണ്. ഇന്ത്യയിൽ മെഡിക്കൽ നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ധാരണക്കുറവ് നന്നായുണ്ട്. ഈയടുത്താണ് മെഡിക്കൽ ലോ നിയമപഠനത്തിൽ ഓപ്ഷണൽ സബ്ജക്ടായി നിലവിൽ വന്നത് തന്നെ. Jacob Mathew VS State Of Punjab കേസിൽ സുപ്രീംകോടതി, മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ഈ മാർഗനിർദേശങ്ങൾ പ്രകാരം കേരള സർക്കാരും എങ്ങനെയാണ് ക്രിമിനൽ കേസ് കൈകാര്യം ചെയ്യേണ്ടതെന്ന് സർക്കുലർ ഇറക്കിയിട്ടുണ്ട്. ഈ സർക്കുലർ പുതുക്കിയിട്ടുമുണ്ട്. ഏറ്റവും അവസാനം 2007-08 ലാണ് പുതുക്കപ്പെട്ടത് എന്നാണ് മനസിലാകുന്നത്. അതിൽ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് ഒരു കേസ് വന്നാൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആയിരിക്കണം അന്വേഷിക്കേണ്ടത് എന്ന് പറയുന്നുണ്ട്. ഡോക്ടർമാരെ അനാവശ്യമായി ഉപദ്രവിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് മാർഗനിർദേശങ്ങൾ വന്നിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥൻ അഥവാ ഡി.വൈ.എസ്.പി കേസിന് ആവശ്യമായ രേഖകൾ കണ്ടെടുത്ത ശേഷം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം കൊടുക്കണം. ഡി.എം.ഒ ആണ് മെഡിക്കൽ ബോർഡ് രൂപീകരിക്കേണ്ടത്. സബ്ജക്ട് എക്സ്പേർട്ട്, പബ്ലിക് പ്രോസിക്യൂട്ടർ, ഫോറൻസിക് വിദഗ്ധൻ എന്നിവരടങ്ങിയ സംഘമാണ് മെഡിക്കൽ ബോർഡിൽ ഉണ്ടാകേണ്ടത്. നിലവിലുള്ള ഉന്നത സമിതിയും ആവശ്യമെങ്കിൽ ഇടപെടും. ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ, ഡയറക്ടർ മെഡിക്കൽ എജ്യൂക്കേഷൻ, ഫോറൻസിക് വിദഗ്ധൻ, സബ്ജക്ട് എക്സ്പേർട്ട് എന്നിവരടങ്ങിയതാണ് ഈ ഉന്നത സമിതി. ആദ്യ സമിതിയിൽ നിന്ന് ഏതെങ്കിലും ഡോക്ടർ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചാലോ, ആവശ്യമെങ്കിൽ നെഗ്ലിജൻസ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടർക്ക് തനിക്കെതിരെയാണ് റിപ്പോർട്ട് വരുന്നതെങ്കിൽ അപ്പീലുമായി സമീപിക്കാവുന്ന സമിതിയാണിത്. അതേസമയം രോഗിക്ക് ഈ ഉന്നതാധികാര സമിതിയെ സമീപിക്കാനുള്ള അവകാശമില്ലെന്നത് തുല്യതയുടെ ലംഘനമായും കാണേണ്ടതാണ്.
ഡോക്ടർക്കും സ്ഥാപനത്തിനും അനുകൂലമായല്ലേ പലപ്പോഴും മെഡിക്കൽ ബോഡിന്റെ വിധിതീർപ്പ് ഉണ്ടാകുക. അതിന് എന്തെങ്കിലും പരിഹാരമുണ്ടോ?
Jacob Mathew VS State Of Punjab കേസിലെ സുപ്രീംകോടതി മാർഗനിർദേശത്തിൽ പറയുന്ന പ്രധാനകാര്യം, അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വിശ്വസനീയവും നിഷ്പക്ഷവുമായ അഭിപ്രായം (credible and impartial opinion) ലഭിക്കാനായാണ് കേസ് മെഡിക്കൽ ബോർഡിന് വിടുന്നത് എന്നാണ്. പരാതി ഉയർന്ന ഡോക്ടറുടെ പ്രവർത്തനങ്ങൾ ആ മേഖലയിലുള്ള മറ്റ് ഡോക്ടർമാരുടേതുമായി പൊരുത്തപ്പെട്ട് പോകുന്നുണ്ടോ സ്റ്റാൻഡേർഡ് കെയർ കൊടുക്കുന്നതിൽ ഡോക്ടർമാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നറിയാനുമൊക്കെയാണ് കേസ് മെഡിക്കൽ ബോർഡിന് വിടുന്നത് (Bolam principle). ഇവർ തരുന്ന വിവരങ്ങൾ ഡോക്ടറുടെ വീഴ്ചയെ സാധൂകരിക്കുന്നതാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നോട്ടുപോകാം. ഇനി അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെന്ന് തോന്നുന്നപക്ഷം ഒരു സ്വകാര്യ ഡോക്ടറോട് അഭിപ്രായം ചോദിക്കാം. വീഴ്ച ബോധ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥന് കേസുമായി മുന്നോട്ടുപോകാം. ഇല്ലേൽ മറ്റൊരു ടീമിനെ ഏൽപിക്കാം.
Bolitho VS City and Hackney Health Authority കേസ് പ്രമാദമായ കേസാണ്. ഇതിലെ കോടതി നിരീക്ഷണ പ്രകാരം ലോജിക്കലായി യോജിക്കാത്ത റിപ്പോർട്ടാണ് വരുന്നതെങ്കിൽ അതിനെ നിരസിക്കാനുള്ള അധികാരം കോടതികൾക്കുണ്ട് (Rejection of Bolam principle). അത് കോടതികൾ മനസ്സിലാക്കണം. മെഡിക്കൽ വിദ്ഗ്ധർ തരുന്ന റിപ്പോർട്ട് തീർത്തും ശരിയാകും എന്ന ധാരണയിൽ നിന്ന് മാറി കോടതികൾക്കത് ചോദ്യം ചെയ്യാം എന്ന് ചുരുക്കം.
മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിലവിലുള്ള സാധ്യതകൾ എന്തെല്ലാം. സാധാരണക്കാരായ രോഗികൾ ഇതിനെ എങ്ങനെയാണ് നേരിടേണ്ടത്?
രണ്ട് തരത്തിൽ മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ നമുക്ക് കൈകാര്യം ചെയ്യാം. ക്രിമിനൽ കേസായും സിവിൽ കേസായും. ക്രിമിനൽ കേസാണെങ്കിൽ പൊലീസാണ് സാധാരണ കേസെടുക്കുക. സിവിൽ കേസ് കൈകാര്യം ചെയ്യുന്നത് Tort law (സിവിൽ സ്യൂട്ടുകൾ കൈകാര്യം ചെയ്യുന്ന നിയമത്തിന്റെ ശാഖ) അനുസരിച്ചായിരിക്കും. ക്രിമിനൽ കേസാണെങ്കിൽ ആരോപിതനായ ഡോക്ടറുടെ മേൽ കുറ്റം സ്ഥാപിച്ചെടുക്കണമെങ്കിൽ ഡോക്ടർ എപ്പോഴും ഗ്രോസ് നെഗ്ലിജെൻസ് ആകണം. ഡിഗ്രി ഓഫ് നെഗ്ലിജൻസ് ഹൈ ലെവൽ ആകണം (ഡിഗ്രി ഓഫ് നെഗ്ലിജൻസ് ഓരോ കേസിനനുസരിച്ചും വ്യത്യസ്തമായിരിക്കും). എന്നാലെ ക്രിമിനൽ കേസ് നിലനിൽക്കുകയുള്ളൂ. സിവിൽ കേസാണെങ്കിൽ കൺസ്യൂമർ കോടതിയിലും കൊടുക്കാവുന്നതാണ്. ആപേക്ഷികമായി കൺസ്യൂമർ കോടതിയിൽ ചെലവ് കുറവാണെന്നതും പ്രത്യേകം സൂചിപ്പിക്കുന്നു. വിദഗ്ധരടങ്ങിയ മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിനെ കോടതിയിൽ ചലഞ്ച് ചെയ്യാനും രോഗിക്ക് അവകാശമുണ്ട്. പ്രൈവറ്റ് കംപ്ലെയിന്റും കൊടുക്കാം. പ്രൈവറ്റ് കംപ്ലെയിന്റ് കൊടുക്കുമ്പോൾ ഒരു വിദഗ്ധാഭിപ്രായം മൊഴിയായി സമർപ്പിക്കേണ്ടതുണ്ട്. മെഡിക്കൽ നെഗ്ലിജൻസ് നടന്നതായി അദ്ദേഹത്തിന്റെ മൊഴികളിൽ നിന്ന് വ്യക്തമാകുകയാണെങ്കിൽ പരാതിക്കാരനെ വിസ്തരിച്ച് കോടതി കേസെടുക്കുകയും ചെയ്യും.
Res Ipsa Loquitor എന്ന ലീഗൽ പ്രിൻസിപ്പൾ വളരെ ശ്രദ്ധേയമാണ്. The truth speak itself എന്നർഥം. മറ്റ് തെളിവുകളും അന്വേഷണങ്ങളും ആവശ്യമില്ലാത്ത വിധം യാഥാർഥ്യം നമ്മുടെ മുമ്പിലുണ്ടാകും. വയറ്റിൽ കത്രിക മറന്നു വെക്കുക, സർജറി ചെയ്യേണ്ട ഭാഗം മാറുക, ആളെ മാറി സർജറി ചെയ്യുക തുടങ്ങിയവ ഉദാഹരണം. കുട്ടിയുടെ വിഷയത്തിൽ അത്തരത്തിലൊരു മെഡിക്കൽ നെഗ്ലിജൻസാണ് സംഭവിച്ചത്.
മെഡിക്കൽ നെഗ്ലിജൻസുമായി ബന്ധപ്പെട്ട കേസുമായി പൊലീസിൽ പോകുമ്പോൾ സാധാരണയായി അവർ ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. ‘ഡോക്ടർമാർ മനഃപൂർവം ഇങ്ങനെ ചെയ്യില്ലല്ലോ, രോഗികളെ രക്ഷിക്കാനല്ലേ അവർ ശ്രമിക്കുക’ എന്നത്. സാധാരണ ക്രിമിനൽ കേസുകളിൽ ‘കുറ്റം ചെയ്യുക’ എന്ന ഉദ്ദേശ്യത്തോടെ ചെയ്താലെ ക്രിമിനൽ കേസുകൾ നിലനിൽക്കൂ. എന്നാൽ മെഡിക്കൽ നെഗ്ലിജൻസുമായി ബന്ധപ്പെട്ട കേസിൽ ഇത് വ്യത്യാസമുണ്ട്. ‘കുറ്റം ചെയ്യുക’ എന്ന മനോഭാവമല്ല ഇവിടെ പരിഗണിക്കുന്നത്. ‘Recklessness’ (ഉദാസീനത) എന്നതാണ് ക്രിമിനൽ നടപടിയുടെ തലത്തിലേക്ക് ചികിത്സയെ എത്തിക്കുന്ന ഘടകം. രോഗിക്ക് വന്നേക്കാവുന്ന എല്ലാ പ്രത്യാഘാതങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടായിട്ടും ഡോക്ടർ ഉദാസീനമായി പെരുമാറി എന്നതും അത്തരത്തിലൊരു നടപടി കൊണ്ട് രോഗി അപകടത്തിൽ പെടുന്നു എന്നതും ഗൗരവതരമാണ്. ഈ കുറ്റകരമായ ഉദാസീനതയാണ് മെഡിക്കൽ നെഗ്ലിജൻസിനെ ക്രിമിനൽ കേസിന്റെ തലത്തിലേക്ക് ഉയർത്തുന്നത്. സാധാരണക്കാർ ഇക്കാര്യം മനസ്സിലാക്കേണ്ടതുണ്ട്.
രോഗിയുടെ കൺസെന്റുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും കോഴിക്കോട്ടെ കുട്ടിയുടെ കേസ് ഉയർത്തുന്നുണ്ട്. കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതമില്ലാതെയാണ് നാവിന്റെ സർജറി നടന്നത്.
വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. ഇതുമായി ബന്ധപ്പെട്ട് അല്പം വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു. മെഡിക്കൽ നിയമപ്രകാരം ഓപ്പറേഷനടക്കമുള്ള പ്രധാന ചികിത്സകൾക്ക് 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിയുടെയും സമ്മതം വാങ്ങൽ നിർബന്ധമാണ്. 12 വയസ്സ് കഴിഞ്ഞ കുട്ടികളുടെ സമ്മതത്തോടെ അവരെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കാം. ഓപ്പറേഷൻ പോലുള്ള കേസിൽ രോഗിയിൽ നിന്നുള്ള informed consent നിർബന്ധമാണ്. എങ്ങനെയാണ് ഇൻഫോർമ്ഡ് കൺസെന്റ് വാങ്ങേണ്ടതെന്ന് Samira Kohli VS Prabha Manchanda കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറത്തിറക്കിയ ഗൈഡ്ലൈനിൽ പറയുന്നുണ്ട്. ചെയ്യുന്ന സർജറിയുടെ ഗൗരവം, അത് ചെയ്യുന്ന രൂപം, രോഗിയും ഡോക്ടറും ഏറ്റെടുക്കേണ്ടി വരുന്ന റിസ്ക്, ബദൽ മാർഗങ്ങൾ ഇതെല്ലാം രോഗിയെയോ ബന്ധപ്പെട്ടവരെയോ പറഞ്ഞ് മനസ്സിലാക്കണം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ രോഗിക്ക് സ്വീകരിക്കാനും നിരാകരിക്കാനും അവകാശമുണ്ടായിരിക്കും. രോഗിയോ രോഗിയുമായി ബന്ധപ്പെട്ട ആളോ മാത്രം ഒപ്പിട്ടതുകൊണ്ട് സമ്മതം (consent) സാധുവാകുകയില്ല. ഡോക്ടറുടെ ഒപ്പ് കൂടെ അതിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇൻഫോംഡ് കൺസെന്റ് (Informed consent) എപ്പോഴും കൃത്യമായിരിക്കണം. ഒരു സർജറിക്ക് കൊടുത്ത സമ്മതം വേറൊരു സർജറി ചെയ്യാനുള്ള സമ്മതമായി ഒരിക്കലും കാണാനൊക്കില്ല.
മെഡിക്കൽ കൺസെന്റുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുമ്പോൾ പരിഗണിക്കേണ്ട പ്രധാന കേസുകളിലൊന്നാണ് T.T. Thomas vs Smt. Elisa കേസ്. സർജറിക്ക് നിശ്ചയിക്കപ്പെട്ട രോഗി, ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതു കാരണം മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു പോയി. തനിക്ക് സർജറിയുമായി ബന്ധപ്പെട്ട് രോഗിയുടെയോ ബന്ധപ്പെട്ടവരുടെയോ സമ്മതം ലഭിച്ചില്ല എന്നായിരുന്നു ഡോക്ടറുടെ വാദം. എന്നാൽ ‘സർജറി നിരാകരിച്ച രേഖയെവിടെ’ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഡോക്ടർക്കെതിരെയാണ് ഇവിടെ കോടതി വിധിച്ചത്. നിയമപരമായ ധാരണ ഡോക്ടർക്കും ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കിൽ ചെറിയ രേഖാപരമായി അശ്രദ്ധക്ക് ചിലപ്പോൾ വലിയ പിഴയായിരിക്കും അവർക്കടക്കേണ്ടി വരിക. ഒരു പ്രശ്നത്തിൽ പെട്ടാൽ റെക്കോർഡ് മാറ്റിത്തിരുത്താതിരിക്കുക എന്നതും ഡോക്ടർമാരടക്കമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. പലപ്പോഴും ചെറിയ പിഴയിലൊതുങ്ങേണ്ട കേസ് വലിയ കുറ്റമായി മാറാൻ ഇത് കാരണമാകും.
കോഴിക്കോട് നടന്ന സംഭവത്തിൽ അധിക വിരൽ മുറിച്ചുമാറ്റാൻ രക്ഷിതാക്കളുടെ സമ്മതം ലഭിച്ചിട്ടുണ്ടാകും. അതേസമയം നാവിൽ സർജറി ചെയ്ത വിഷയത്തിൽ കൺസെന്റ് വാങ്ങിയിട്ടില്ലെന്നത് വ്യക്തമാണ്. കൺസെന്റ് ചോദിക്കാനുള്ള പ്രായം കുട്ടിക്കായിട്ടില്ല. രക്ഷിതാക്കളോട് സമ്മതം ചോദിച്ചിട്ടുമില്ല. നേരത്തേ സൂചിപ്പിച്ചതു പോലെ എമർജൻസി സാഹചര്യവുമില്ല. കോഴിക്കോട് നടന്നത് പൊറുക്കാനാകാത്ത മെഡിക്കൽ നെഗ്ലിജൻസാണെന്നതിൽ സംശയമില്ല. ഒരു ഡോക്ടറുടെ മാത്രം ശ്രദ്ധക്കുറവായും അതിനെ ചുരുക്കാനാകില്ല. കാരണം ഓപ്പറേഷൻ തിയറ്ററിലെ സംഘത്തിന്റെ കൂട്ടുത്തരവാദിത്തമാണ് ഓരോ സർജറിയും. ഓരോരുത്തരും ഒരേ മനസ്സോടെ, പൂർണ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യം. ഒരു ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് പറയുന്നതിന് പകരം അന്നവിടെയുണ്ടായിരുന്ന സർജറി ടീമിന്റെ അനാസ്ഥയുടെ ഫലമാണ് കുട്ടി നേരിട്ടത് എന്ന് പറയുന്നതാവും കൂടുതൽ നന്നാകുക. തുടരുന്ന ഇത്തരം പ്രശ്നങ്ങളെ ആരോഗ്യ വകുപ്പ് ഗൗരവത്തോടെ സമീപിച്ച് ആവശ്യമായ പരിഹാരം കൊണ്ടുവരേണ്ടതുണ്ട്.