നിങ്ങൾ തേടുന്നതെന്തും ഈ ലൈബ്രറിയിലുണ്ട് !

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഒരു മാറ്റം ആഗ്രഹിക്കുമ്പോഴും, തീരുമാനമെടുക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവാനും പ്രയാസപ്പെടുന്നുണ്ടോ നിങ്ങൾ ? എങ്കിൽ ഹറ്റോരി കമ്മ്യൂണിറ്റി സെന്ററിലെ സയൂരി കൊമാച്ചിയുടെ ലൈബ്രറിയിലേക്ക് വരൂ. നിങ്ങൾ തേടുന്നതെന്തും ഈ ലൈബ്രറിയിലുണ്ട് ! ഈ വാഗ്ദാനം പകരുന്ന ആശ്വാസം വായനയിലുടനീളം ദൃശ്യമാകുന്ന ജീവിതോന്മുഖമായ ജാപ്പനീസ് നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് ‘വാട്ട് യു ആർ ലുക്കിങ് ഫോർ ഈസ്‌ ഇൻ ദി ലൈബ്രറി’. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്തമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അഞ്ച് കഥാപാത്രങ്ങളുടെ ആത്മാഖ്യാനങ്ങളുടെ സമാഹരണമാണ് മിച്ചിക്കോ ഔയാമ എഴുതിയ ഈ നോവൽ. 2020 ൽ ജപ്പാനിൽ പ്രസിദ്ധീകരിച്ച് മൂന്ന് വർഷങ്ങൾക്കുശേഷം ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങിയപ്പോൾ ‘വാട്ട് യു ആർ ലുക്കിങ് ഫോർ ഈസ്‌ ഇൻ ദി ലൈബ്രറി’ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ ആയി മാറിയത് പുസ്തകത്തിലെ കഥാപാത്രങ്ങളിൽ വായനക്കാർക്ക് സ്വയം കണ്ടെത്താൻ കഴിഞ്ഞതിനാലും സമകാലീന ജീവിത പ്രതിസന്ധികളെ അവർ പ്രത്യാശയോടെ അഭിമുഖീകരിക്കുന്നതുകൊണ്ടുമാണ്.

ഒരു സെയിൽസ് അസിസ്റ്റന്റായി തൊഴിലിലേക്ക് കടന്ന 21 കാരിയായ ടോമോക്കയിൽ നിന്നും, ദീർഘമായ തൊഴിൽ ജീവിതത്തിന് ശേഷം ഓഫീസിൽ നിന്നും വിരമിച്ച 65 കാരനായ മസാഒയിൽ അവസാനിക്കുന്ന നോവലിന്റെ പ്രമേയം കേന്ദ്രീകരിച്ചിരിക്കുന്നത്, തങ്ങളുടെ കഥ പറയുന്ന അഞ്ച് കഥാപാത്രങ്ങളുടെ തൊഴിൽ – ജീവിത സംഘർഷങ്ങളിലാണ് (work life conflict). ഒരു തൊഴിൽ കണ്ടെത്തുന്നതിനും, അതിൽ തുടരുന്നതിനും നിരന്തരം മത്സരിക്കേണ്ടിവരുന്നതുകൊണ്ട് ജോലി-ജീവിത സംഘർഷനിരക്ക് ത്വരിതഗതിയിൽ ഉയരുന്ന ഇക്കാലത്ത് ഈ നോവലിന് സവിശേഷമായ പ്രാധാന്യമുണ്ട്. നിരവധി അടരുകളുള്ള ഈ നോവലിലെ കഥാപാത്രങ്ങൾ നേരിടുന്ന ജോലി-ജീവിത സംഘർഷങ്ങൾ മനസ്സിലാക്കുന്നതിലൂടെ നിങ്ങളിപ്പോൾ ഏതവസ്ഥയിലായിരുന്നാലും ജീവിതത്തെ കുറേക്കൂടി ആയാസരഹിതമാക്കാൻ കഴിയും. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഒരു പ്രചോദന ഗ്രന്ഥമല്ല ‘വാട്ട് യു ആർ ലുക്കിങ് ഫോർ ഈസ്‌ ഇൻ ദി ലൈബ്രറി’. നമ്മൾ തേടുന്നതെന്തെന്ന് തിരിച്ചറിയാൻ പ്രേരിപ്പിക്കുമ്പോഴും ഏതെങ്കിലും ഒരു ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് മാത്രമല്ല ജീവിത ലക്ഷ്യം എന്ന് നോവൽ ബോധ്യപ്പെടുത്തുന്നു.

മിച്ചിക്കോ ഔയാമ

ഈ നോവൽ വായനയ്ക്ക് ഒരാമുഖമായി ജോലി-ജീവിത സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ സൂചിപ്പിക്കട്ടെ. വ്യക്തിജീവിതവും തൊഴിലും തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതോടെയാണ് ജോലി-ജീവിത സംഘർഷങ്ങളുണ്ടാകുന്നത്. ജോലി-ജീവിത സംഘർഷം ഒരു വ്യക്തിയുടെ നിത്യജീവിതത്തെ സാരമായി തന്നെ ബാധിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം തകരുന്നതിന് കാരണമാകും. ഇത് വ്യക്തിക്ക് സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താൻ കഴിയാതെ പോകും. നിരന്തരം കഠിന സമ്മർദ്ദം സഹിച്ച് ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ട അവസ്ഥയിൽ എത്തിച്ചേരും. ഇങ്ങനെ പരിഹരിക്കാനാവാത്ത ജോലി-ജീവിത സംഘർഷം വിഷാദത്തിൽ വരെയെത്താം. ഇതോടെ ജീവിതപരിചരണവും വളരെ മോശമാകും. സാമൂഹിക പിന്തുണ കൂടി കിട്ടാതെ ഒറ്റപ്പെടുമ്പോൾ ജോലി-ജീവിത സംഘർഷം ആത്മഹത്യയിലൊടുങ്ങാൻ വരെയിടയുണ്ട്.

വ്യക്തി ജീവിതത്തിനുള്ള സമയം അപഹരിക്കുന്ന ജോലിക്കൊപ്പം, വീട്ടിലെത്തിയാൽ കുഞ്ഞുങ്ങളെയോ മുതിർന്നവരെയോ കൂടെ പരിചരിക്കേണ്ട ഉത്തരവാദിത്തം കൂടിയാകുമ്പോഴും, സ്വകാര്യജീവിതത്തിൽ നിന്നും നിരന്തരം വിട്ടുനിൽക്കേണ്ടി വരുന്നതും, കൂട്ടുചേരുന്ന സന്തോഷവേളകളിൽ പങ്കെടുക്കാൻ കഴിയാതെ പോകുന്നതും, ജോലിസമയം കഴിഞ്ഞിട്ടും ജോലിയിൽ നിന്നും മുക്തമാവാൻ കഴിയാതാവുന്നതും, സഹപ്രവർത്തകരിൽ നിന്നും വേണ്ട പിന്തുണ ലഭിക്കാതിരിക്കുന്നതും, ജോലിയിൽ മുന്നേറാനാവാതെ, തിരിച്ചടികൾ നേരിടുന്നതും, ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയുമെല്ലാം ജോലി-ജീവിത സംഘർഷം തീവ്രമാക്കാറുണ്ട്. ഇതോടൊപ്പം പലമട്ടിലുള്ള ഉള്ളുടക്കലുകളും ജോലിയും ജീവിതവും സങ്കീർണമാക്കും. മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ടും അതല്ലാതെയും ജോലി-ജീവിത സംഘർഷം അനുഭവിക്കുന്ന അഞ്ച് വ്യക്തികളുടെ-കഥാപാത്രങ്ങളുടെ ആന്തരികസംഘർഷങ്ങളാണ് ‘വാട്ട് യു ആർ ലുക്കിങ്ങ് ഫോർ ഈസ് ഇൻ ദി ലൈബ്രറി’ എന്ന നോവലിലൂടെ എഴുത്തുകാരിയായ മിച്ചിക്കോ ഔയാമ പരിഹരിക്കുന്നത്. ഔയാമയുടെ രചനാരീതിയിൽ നോവലിസ്റ്റിന്റെ നേരിട്ടുള്ള ഇടപെടലുകൾ പ്രത്യക്ഷമായി കാണപ്പെടുന്നില്ലെങ്കിലും മനുഷ്യരെ തമ്മിലിണക്കുന്ന അദൃശ്യമായൊരു കൈ ഈ നോവലിലുടനീളമുണ്ട്.

ബുക്ക് കവർ

ഒരു വുമൺസ് വിയർ ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റായി ടൊമോക്കയ്ക്ക് സ്ഥിരതയുള്ള ജോലി ലഭിച്ചിട്ടും സംതൃപ്തി കണ്ടെത്താനാവുന്നില്ല. ചുറ്റും പാടശേഖരങ്ങൾ മാത്രമുള്ള തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാതിരിക്കാൻ വേണ്ടി മാത്രം അവൾക്ക് ജോലിയിൽ തുടരേണ്ടിവരുന്നു. സവിശേഷ സിദ്ധികളൊന്നും ആവശ്യമില്ലാത്ത, ആർക്കും ചെയ്യാവുന്ന ഒരു സാധാരണ തൊഴിൽ മാത്രമാണിതെന്ന ധാരണ അവളുടെ മനം മടുപ്പിക്കുന്നു. അന്നം കണ്ടെത്താനായി തൊഴിലെടുക്കുമ്പോഴും സമാധാനത്തോടെ ആഹാരം കഴിക്കാൻ പോലും സമയം ലഭിക്കാതെ പോകുന്നതും അവളെ അസംതൃപ്തയാക്കുന്നു. ഗ്രാമത്തിൽ നിന്നും ടോകിയോ നഗരത്തിലെത്താൻ അവളെ പ്രേരിപ്പിച്ച ജീവിതാഭിലാഷം ആദ്യ ജോലിയിൽ തന്നെ നൈരാശ്യമായി പരിണമിക്കുന്നു. എന്നാൽ തനിക്കനുയോജ്യമായ മറ്റൊരു ജോലി കണ്ടെത്താൻ അവൾക്കാവുന്നുമില്ല. ഇനി മറ്റേതെങ്കിലും ജോലിക്ക് ശ്രമിക്കുകയാണെങ്കിൽ അത് നേടിയെടുക്കാൻ തനിക്ക് ശേഷിയുണ്ടെന്നും അവൾക്ക് പ്രത്യാശയില്ല. സ്വന്തം അഭിലാഷം എന്തെന്ന് തിരിച്ചറിയാനാവാത്തതിനാൽ ഒന്നിലും സംതൃപ്തി കണ്ടെത്താനാവാതെ അലക്ഷ്യമായി മാറിയിരിക്കുന്നു ടൊമോക്കയുടെ ജീവിതം.

മനുഷ്യരുമായി ഇടപെടുമ്പോൾ സമ്മർദ്ദം അനുഭവപ്പെടുന്ന, മനുഷ്യബന്ധങ്ങളിൽ നിന്നും രക്ഷനേടാൻ ശ്രമിക്കുന്ന റിയോയ്ക്ക് സ്വന്തമായി ഒരു പുരാവസ്തുക്കട തുറക്കണം. ഒരുനാൾ ആ സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷയിൽ ഒരു ഫർണിച്ചർ നിർമ്മാണശാലയിലെ അക്കൗണ്ട് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണയാൾ. അവിടെയുള്ള മുതിർന്ന സഹപ്രവർത്തകന് സാങ്കേതികപരിജ്ഞാനം കുറവായതിനാൽ പലപ്പോഴും റിയോയുടെ ജോലിഭാരം ഇരട്ടിക്കുന്നു. ആനന്ദം നൽകാത്ത ജോലിയിൽ ഏറെ നേരം കളയേണ്ടി വരുന്നത് റിയോയെ അസന്തുഷ്ടനാക്കുന്നു. സെയിൽ ഡിപ്പാർട്ട്മെന്റിലെ പോലെ മനുഷ്യരുമായി നേരിട്ട് ഇടപഴകേണ്ടി വരുന്നില്ലെന്നതിൽ മാത്രമാണ് റിയോയ്ക്ക് അൽപം ആശ്വാസം. പുരാവസ്തുക്കൾക്കിടയിൽ സമയം ചിലവഴിക്കുന്നതും അപൂർവ്വങ്ങളായ പുരാവസ്തുക്കളെ നോക്കുന്നതും സ്പർശിക്കുന്നതുമെല്ലാമാണ് റിയോയ്ക്കാനന്ദം. പതിറ്റാണ്ടുകൾക്ക് അപ്പുറമുള്ള മനുഷ്യരുമായി അവർ ഉപയോഗിച്ച വസ്തുക്കളിലൂടെ ബന്ധപ്പെടാനാവുന്നതിൽ റിയോ ആഹ്ലാദിക്കുന്നു. ഇഷ്ടമില്ലാത്ത ജോലിയാണെങ്കിലും അത് ജീവിതാശ്രയമായതിനാൽ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലെ ജോലി നഷ്ടമാകുമെന്നതിൽ റിയോയ്ക്ക് ഭീതിയുണ്ട്. അതിനാൽ ഒരുനാൾ തന്റെ സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും റിയോ വ്യസനിക്കുന്നു.

representational image. courtesy:cleveland

13 വർഷത്തിലേറെ മിലാ മാഗസിന്‍റെ എഡിറ്ററായിരുന്നു നട്സുമി. അക്കാലമത്രയും മിലയ്ക്കുവേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു നട്സുമിയുടെ രാവും പകലും. മുപ്പത്തിയേഴാം വയസ്സിൽ ചീഫ് എഡിറ്ററായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നട്സുമി ഗർഭിണിയാവുന്നത്. സന്തോഷത്തോടെ തന്നെ അവൾ തന്റെ കുഞ്ഞിനായി ഒരുങ്ങി. ഗർഭിണിയായതിനാൽ ആർക്കും ഒരു പ്രയാസവും വരാതിരിക്കാൻ പരമാവധി ശ്രദ്ധചെലുത്തി. പുലർക്കാല പ്രയാസങ്ങളും ഉറക്ക ക്ഷീണവും എല്ലാം അടക്കിപ്പിടിച്ച് കാണാവുന്നത്ര വലുതായി വയർ വീർത്തുവരുവോളം ഗർഭിണിയാണെന്നവൾ പുറത്തറിയിച്ചില്ല. അവസാന മാസം വരെ ജോലിയിൽ തുടർന്ന് പ്രസവാനന്തരം നാല് മാസങ്ങൾ കഴിയവെ തന്റെ കുഞ്ഞിനെ ഡേ കെയറിൽ ഏൽപ്പിച്ച് പുതിയ ആശയങ്ങളുടെ ആവേശവുമായവൾ മിലയിൽ തിരിച്ചെത്തി. എന്നാൽ ചീഫ് എഡിറ്ററായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് പകരം കുഞ്ഞുള്ള ഒരു എഡിറ്ററുമായി ജോലി മുന്നോട്ടുപോകാൻ പ്രയാസമാകുമെന്ന കാരണത്താൽ നട്സുമിയെ ഇൻഫോർമേഷൻ ഡിപ്പാർട്ട്മെന്റിൽ നിയമിക്കാനായിരുന്നു മില മാനേജ്മെന്റ് തീരുമാനം. കുഞ്ഞിനെ നോക്കുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ടെന്ന അവളുടെ വാദം അംഗീകരിക്കപ്പെട്ടില്ല. അപ്രതീക്ഷിതമായ ഈ പുറന്തള്ളൽ അവൾക്ക് ഉൾക്കൊള്ളുവാൻ കഴിഞ്ഞതുമില്ല. ജോലി നഷ്ടപ്പെട്ടതോടെ അവളുടെ ജീവിതത്തിന്റെ ആനന്ദം നഷ്ടപ്പെട്ടു. അതേസമയം ജോലിത്തിരക്കുകളിൽ മുഴുകിയ ഭർത്താവിന്റെ അഭാവത്തിൽ കുഞ്ഞിനും ഓഫീസിനും വേണ്ട സമയം കണ്ടെത്താനും അവൾ നന്നേ പ്രയാസപ്പെട്ടു. അവധി ദിനങ്ങളിൽ പോലും അവൾക്ക് തീരാത്ത പണികളും, അസംതൃപ്തിയും അവശേഷിച്ചു. ഒരു നല്ല അമ്മയോ തൊഴിലാളിയോ ആവാൻ കഴിയാത്തതിനാൽ കുഞ്ഞിനും ഓഫീസിനുമിടയിൽ ആകുലതകൾ അവളെ വിട്ടൊഴിയാതെയായി.

കുട്ടിക്കാലം തൊട്ടേ മാങ്കാ ചിത്രകഥാ പുസ്തകങ്ങളിലെ കഥാപാത്രങ്ങളോടൊപ്പമാണ് ഹിരോയയുടെ സഹവാസം. മാങ്കാ കഥകൾ വായിക്കുന്നതോടൊപ്പം ആ കഥാപാത്രങ്ങളെ വരയ്ക്കുവാനും ഹിരോയയ്ക്ക്‌ അഭിനിവേശമുണ്ടായി. ഹൈസ്കൂൾ പഠനശേഷം ഒരു ഡിസൈനിങ് സ്കൂളിൽ ചേർന്നു പഠിച്ചെങ്കിലും ഹിരോയയ്ക്ക്‌ തന്റെ കലാവൈഭവത്തെ തൊഴിലാക്കിമാറ്റുവാനും വിൽക്കുവാനും കഴിഞ്ഞില്ല. അതിജീവന ശ്രമങ്ങൾക്കായുള്ള പാർട്ട്‌ ടൈം ജോലികളിലൊന്നും നിലനിൽക്കാനുമായില്ല. 30 വയസ്സായിട്ടും സ്ഥിരവരുമാനം നേടാനാവാതെ ഹിരോയയ്ക്ക് കലയിലും ജീവിതത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടു. സമപ്രായക്കാരുമായും ഇളയ സഹോദരനുമായും താരതമ്യപ്പെടുത്തുമ്പോൾ ഉപയോഗശൂന്യനായ ഒരുവനാണ് താനെന്ന തോന്നലിനാൽ അതിജീവന ശേഷിയില്ലാത്ത തന്റെ ജീവിതം മായ്ച്ചുകളഞ്ഞെങ്കിലെന്ന് ഹിരോയ ആശിക്കുന്നു. സ്വയം ആവിഷ്കരിക്കാൻ കഴിയാത്തതിന്റെ ജീവിത നിരാസത്തിൽ ഹിരോയയും അകപ്പെടുന്നു. സാമൂഹിക സങ്കല്പങ്ങൾക്ക് അനുയോജ്യമായ ജീവിതവിജയം കൈവരിക്കുവാൻ കഴിയാതെ പോയതിനാൽ പഴയ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ പോലും ഹിരോയ ഒറ്റപ്പെടുന്നു. അതിജീവനത്തിനായി ഒരു തൊഴിലോ ആത്മപ്രകാശനത്തിനായുള്ള ഒരവസരമോ നേടാനാവാതെ പരാജയപ്പെട്ട ഒരു കഥാപാത്രമായി മാറിയിരിക്കുന്നു റിയോ.

42 വർഷത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്നും വിരമിച്ചപ്പോൾ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ടതായും സമൂഹത്തിൽ നിന്നും പുറത്താക്കപ്പെട്ടതായും തോന്നി മസാഒ ഗോന്നൊയ്ക്ക്. ഒന്നിനും വേണ്ട സമയം കിട്ടാതിരുന്ന മസാഒയ്ക്ക് ഒടുവിൽ ആവശ്യത്തിലേറെ സമയമുണ്ടായി. എന്നാൽ റിട്ടയർഡ് ലൈഫിൽ ഇനി എങ്ങനെ സമയം ചെലവഴിക്കണം എന്നറിയാതെ മസാഒ പ്രതിസന്ധിയിലായി. ഒരേയൊരു മകൾ ഒരു ജോലി കണ്ടെത്തിക്കഴിഞ്ഞു. അവളുടെ ബാല്യത്തിൽ കൂടെ കൂടുവാൻ അനുവദിക്കാതിരുന്ന സമയം ഇപ്പോൾ തന്നെ സ്വതന്ത്രനാക്കി തന്റെ മകളെ പിടികൂടിയിരിക്കുന്നു എന്ന് കുറ്റബോധത്തോടെ മസാഒ ഗോന്ന മനസ്സിലാക്കുന്നു. തിരക്കില്ലാത്ത സമയത്തിൽ മസാഒയുടെ വിചാരങ്ങളിൽ നിറയുന്നത് കുറ്റബോധവും ആത്മനിന്ദയുമാണ്. നാല് പതിറ്റാണ്ടിലേറെ ജോലിയിൽ മുഴുകി എന്നതൊഴിച്ചാൽ അഭിനന്ദനാർഹമായ നേട്ടങ്ങളൊന്നും കൈവരിക്കാനാവാത്തതിൽ മസാഒ സ്വയം അവമതിക്കുന്നു. സെയിൽസ് ഡിപ്പാർട്ട്മെന്റിലെ ജോലിയിൽ നിന്നും വിരമിച്ച് കേവലം ആറ് മാസങ്ങൾക്കകം തന്റെ സാമൂഹ്യബന്ധങ്ങളെല്ലാം നഷ്ടമായതോടെ ആത്മാർത്ഥ സുഹൃത്തെന്ന് പറയാൻ തനിക്ക് ആരുമില്ലെന്ന സത്യം മസാഒയെ ഏകാകിയാക്കുന്നു. ജീവിതത്തെ സമ്പൂർണ്ണമാക്കുന്ന, അഭിരുചികളൊന്നും ഇല്ലാതിരുന്നതിനാൽ അവശേഷിക്കുന്ന സമയം എന്തുചെയ്യണം എന്നറിയാതെ മസാഒ വാർദ്ധക്യത്തിലേക്ക് ബഹിഷ്കൃതനാവുന്ന ഒരു മധ്യവയസ്ക്കനായി സ്വയം തിരിച്ചറിയുന്നു.

ഈ മനുഷ്യരെല്ലാം ‘വാട്ട് യു ആർ ലുക്കിങ്ങ് ഫോർ ഈസ് ഇൻ ദി ലൈബ്രറി’യിലെ കഥാപാത്രങ്ങൾ ആണെന്നാലും ലോകമെങ്ങും ജോലി-ജീവിത സംഘർഷം അനുഭവിക്കുന്ന ഏതൊരാൾക്കും ഇവരിൽ ഒരാളോടെങ്കിലും താദാത്മ്യപ്പെടാനാവും എന്നാണ് വിവിധ തൊഴിൽ മേഖലകളിലെ മാനുഷിക പ്രതിസന്ധികളെ നിരീക്ഷിക്കുന്നതിലൂടെ തിരിച്ചറിയാനാവുന്നത്. പത്തോളം രാജ്യങ്ങളിലെ കോർപ്പറേറ്റ് മേഖലകളിൽ വിവിധ തസ്തികകളിൽ പ്രവർത്തിക്കുന്ന 4,000 ത്തിലേറെ ജീവനക്കാരിൽ യു.കെ.ജി എന്ന സംഘടന നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 78 ശതമാനം ജീവനക്കാരും ജോലി-ജീവിത സംഘർഷം അനുഭവിക്കുന്നുവെന്ന് ദി എക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ജോലി ഭാരം ലഘൂകരിക്കുന്നതിനായി ശമ്പളം വെട്ടിക്കുറക്കുന്നതിന് പോലും 68 ശതമാനം ജീവനക്കാരും തയ്യാറാണെന്ന കണക്ക് ആരോഗ്യകരമായ ജോലി-ജീവിത സന്തുലിതാവസ്ഥയുടെ അഭാവം എത്രമാത്രമെന്ന് വ്യക്തമാക്കുന്നതാണ്. കോർപ്പറേറ്റ് മേഖലകളിൽ ഇത്തരം പഠനങ്ങൾ നടക്കുന്നെണ്ടെങ്കിലും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതാശ്രയമായ തൊഴിൽ മേഖലകളിലെ സമ്മർദ്ദങ്ങൾ കണക്കിലെടുക്കപ്പെടുന്നത് പോലുമില്ല. ജോലി-ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ കഥാപാത്രങ്ങളെ കുറിച്ചുള്ള ലഘുവിവരണങ്ങൾ വായിച്ചപ്പോൾ നിങ്ങൾക്കും ഇവരിലാരോടെങ്കിലും അടുപ്പം തോന്നിയിട്ടുണ്ടാവാം, അല്ലേ ? എങ്കിൽ ജീവിതത്തിൽ അനിവാര്യമായ മാറ്റം കൊതിക്കുന്ന ഒരാളാണ് നിങ്ങൾ ! സ്വന്തം ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും തിരിച്ചറിയുന്ന ആ പരിണാമത്തിനായി നിങ്ങൾ തേടുന്നതെന്തോ, അതിപ്പോൾ വ്യക്തമായി അറിഞ്ഞിരിക്കണം എന്നില്ലെങ്കിൽ പോലും ഈ ലേഖനത്തിന്റെ ആമുഖത്തിൽ വാഗ്ദാനം ചെയ്തത് പോലെ, അത് ഹറ്റോരി കമ്മ്യൂണിറ്റി സെന്ററിലെ ലൈബ്രറിയിലുണ്ട്. അതിനായി സയൂരി കൊമാച്ചിയെന്ന ലൈബ്രെറിയനെ നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ട്.

representational image. courtesy:pinterest

ഓരോരുത്തർക്കും ആ ലൈബ്രറിയിലെത്താൻ ഓരോ വഴികളുണ്ട്. അപ്രതീക്ഷിതമായാണ് ഈ നോവലിലെ കഥാപാത്രങ്ങൾ ഓരോരുത്തരും അവിടെ എത്തിപ്പെടുന്നത്. ഒരാൾ തന്റെ കഥ പറഞ്ഞു തുടങ്ങുമ്പോൾ ഇയാളെങ്ങനെ അവിടെയെത്തും എന്നറിയാനുള്ള കൗതുകം പോകെ പോകെ വായനയെ ആകാംക്ഷാഭരിതമാക്കുന്നുണ്ട്. ഗൂഢമായ അഭിലാഷങ്ങളെ പോലും സാധ്യമാക്കുന്നതിൽ യാദൃശ്ചികതകളുടെ പങ്കിനെ വിശ്വസിക്കുവാൻ ഈ നോവൽ പ്രേരിപ്പിക്കുന്നു, എന്നാൽ അകാരണമെന്ന് തോന്നിക്കുന്ന യാദൃശ്ചികതയിൽ നിങ്ങളുടെ പ്രവൃത്തിയുടെ പങ്കെന്തെന്നും ബോധ്യപ്പെടുത്തുന്നു. മനുഷ്യരെല്ലാം പരസ്പരം ജീവിതം പങ്കിടുന്നവരാകയാൽ ഓരോ ഇണക്കങ്ങളും പല ദിശകളിൽ നീളുന്ന അനേകം ചില്ലകൾ പടർത്തുന്നുവെന്ന് ഓർമപ്പെടുത്തുന്നു. ജീവിതത്തെ മുന്നോട്ടുനയിക്കുന്ന യാദൃശ്ചികതയുടെ ആ മാന്ത്രികത വെളിപ്പെടുത്തുന്ന സന്ദർഭങ്ങൾ ഓരോ അധ്യായത്തിലും തുടർച്ചയായി വായിക്കാം. അവയിലെനിക്ക് പ്രിയമേറെയുള്ളത് ഹറ്റോരി കമ്യൂണിറ്റി സെന്ററിൽ വന്നെത്തുന്നവരുടെ സയൂരി കൊമാച്ചിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയുടെ അവിസ്മരണീയ അനുഭവങ്ങളാണ്.

പ്രതീക്ഷിച്ചതിലും വലിയൊരു പുസ്തകശേഖരം കണ്ടെത്തിയ ആശ്ചര്യത്തോടൊപ്പം പുസ്തകങ്ങൾ പകരുന്ന സമാശ്വാസവും ലൈബ്രറിയിൽ എത്തുന്നവരെല്ലാം അനുഭവിക്കുന്നുണ്ട്. പുസ്തകങ്ങൾക്കിടയിൽ നിൽക്കുമ്പോൾ പൊടുന്നനെ ഉള്ളിൽ നിറയുന്ന സമാധാനത്തിന്റെ ഹർഷവുമായാണവർ തങ്ങൾക്കനുയോജ്യമായ പുസ്തകം കണ്ടെത്തുന്നതിനായി റഫറൻസ് കോർണറിൽ ഇരിപ്പുറപ്പിച്ച സയൂരി കൊമാച്ചിയ്ക്ക് അടുത്തെത്തുന്നത്. റഫറൻസ് കോർണറിൽ എത്തിപ്പെട്ട ആരെക്കണ്ടാലും സയൂരി കൊമാച്ചിയിൽ നിന്നും നേരിടാൻ പോകുന്ന ആദ്യ ചോദ്യം ഇതാണ് – നിങ്ങൾ തേടുന്നതെന്താണ് ? ആത്യന്തികമായ ആ ഒരേയൊരു ചോദ്യത്തോടുള്ള പ്രതികരണങ്ങളിൽ നിന്നുതന്നെ ഒരാളുടെ ഉള്ളറിയുവാനാവും സയൂരി കൊമാച്ചിയ്ക്ക്. കണ്ടുമുട്ടിക്കഴിഞ്ഞ് നിമിഷങ്ങൾക്കകം ഒട്ടും അപരിചിതത്വമില്ലാതെ ഒരാൾ തന്നെ പൂർണ്ണമായും മനസ്സിലാക്കിയിരിക്കുന്നു, താനായി തന്നെ ഉൾക്കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്നതിന്റെ ആനന്ദാനുഭവമാണ് സയൂരി കൊമാച്ചിയുമായുള്ള കൂടിക്കാഴ്ച്ചയെ ഓരോരുത്തരും രേഖപ്പെടുത്തുന്നത്. അസാധാരണമായ ശബ്ദത്തിലെ അപ്രതീക്ഷിതമായ ആർദ്രതയും സൗമ്യമായ വാക്കുകളുടെ ദൃഢതയും അവളുടെ വിശ്വാസ്യതയും ഹൃദയവിശാലതയും ഉളവാക്കുന്നുവെന്നതിനാൽ ഉള്ളിന്റെയുള്ള് പോലും തുറന്നുകാണിക്കാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നു. സയൂരി കൊമാച്ചിയുടെ കണ്ണുകളുടെ കാന്തികത ഒരുവേള ഭയപ്പെടുത്തും. എന്നാൽ പിന്നെ കാരുണ്യത്തിന്റെ ദേവതയുടെ അഗാധമായ അനുകമ്പയാകും ആ കണ്ണുകളിൽ കാണുക. ഒടുവിൽ ആവശ്യപ്പെടുന്ന പുസ്തകങ്ങളോടൊപ്പം യഥാർത്ഥത്തിൽ അവർക്ക് ആവശ്യമുള്ള ഒരു പുസ്തകം കൂടി തിരഞ്ഞെടുത്ത് നൽകും ഈ ലൈബ്രറീയൻ. കൂടെയൊരു സമ്മാനവും !

”ഒരുനാൾ ഞാൻ ഒരു പുസ്തകം വായിച്ച് എന്റെ ജീവിതമാകെ മാറിപ്പോയി” എന്ന് ന്യൂ ലൈഫ് എന്ന നോവലിന്റെ ആദ്യ വാചകമായി ഓർഹാൻ പാമുക്ക് എഴുതിയ പോലെ പുസ്തകങ്ങളുമായി സഹവാസമുള്ള ഏതൊരു വായനക്കാരനും ജീവിതത്തിന്റെ അനിവാര്യമായ ഘട്ടങ്ങളിൽ പുസ്തകങ്ങൾ തങ്ങളെ തേടിയെത്തി ജീവിതം മാറ്റിമറിച്ച അനുഭവങ്ങളുണ്ടാകും. അത്തരത്തിൽ വായനയുടെ പരിവർത്തനശേഷിയെ ഉൾക്കൊണ്ടിട്ടുള്ള ലൈബ്രേറിയനാണ് സയൂരി കൊമാച്ചി. ജീവിതത്തെ സ്വാധീനിക്കാനും പരിവർത്തനവിധേയമാക്കുവാനും പുസ്തകങ്ങൾക്ക് കഴിയുമെന്നതിനാലാവും ഒരുപക്ഷേ ഒരു ലൈബ്രേറിയന്റെ ഉത്തരവാദിത്തം സയൂരി കൊമാച്ചി തിരഞ്ഞെടുത്തിരിക്കുക. സയൂരി നിർദ്ദേശിച്ച പുസ്തകത്തിലൂടെയുള്ള യാത്രയെ അനുഭവമൂല്യമാക്കിയവരാണ് ‘വാട്ട് യു ആർ ലുക്കിങ്ങ് ഫോർ ഈസ് ഇൻ ദി ലൈബ്രറി’യിലെ ആഖ്യാതാക്കളായ ടൊമോക്കയും റിയോയും നട്സുമിയും ഹിരോയയും മസാഓയുമെല്ലാം. ജപ്പാനിലെ പ്രശസ്തമായ ചിത്രപുസ്തകമായ ഗുരി ആന്റ് ഗൌരയാണ് സയൂരി ടൊമോക്കയ്ക്ക് എടുത്ത് നൽകുന്നത്. കുട്ടികൾക്ക് വേണ്ടി വരച്ചെഴുതിയിട്ടുള്ള ഒരു ബാലസാഹിത്യ കൃതിയ്ക്ക് ഒരു മുതിർന്ന വ്യക്തിയെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുമോ എന്ന് ആശ്ചര്യപ്പെടേണ്ടതില്ല. സസ്യങ്ങളുടെ അത്ഭുതത്തെക്കുറിച്ച് ബ്രിട്ടീഷ് റോയൽ ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി പ്രസിദ്ധീകരിച്ച ഗയ് ബാർട്ടർ എഴുതിയ ഹൌ ഡു വേർമ്സ് വർക്ക്, യുക്കാരി ഇഷി എഴുതിയ ജ്യോതി ശാസ്ത്രത്തെക്കുറിച്ചുള്ള ജാപ്പനീസ് പുസ്തകമായ മൂൺ പെറ്റൽസ്, റോബർട്ട് ക്ലാർക്കും ജോസഫ് വാലസും ചേർന്ന് തയ്യാറാക്കിയ ഫോട്ടോഗ്രാഫുകളാൽ സമ്പന്നമായ എവല്യൂഷൻ എ വിഷ്വൽ റെക്കോർഡ്, ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് കവി ഷിൻപെ കുസാനോയുടെ ഗെൻഗെ ആന്റ് ഫ്രോഗ്സ് എന്നിങ്ങനെ വ്യതിരക്തമായ പുസ്തകങ്ങളാണ് ഇവരിൽ ഓരോരുത്തർക്കായി സയൂരി തിരഞ്ഞെടുക്കുന്നത്. ജീവിത വിജയം കണ്ടെത്താനും ജോലിഭാരം ലഘൂകരിക്കുവാനുമുള്ള കുറുക്കുവഴികൾ സമാഹരിച്ച പുസ്തകങ്ങളല്ല ഇവയൊന്നും തന്നെ. എന്നാൽ ഈ പുസ്തകങ്ങൾ അവർ ഓരോരുത്തരുടെയും ജീവിതത്തോടും ജോലിയോടുമുള്ള മനോഭാവങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. ജോലിയെയും ജീവിതത്തെയും കുറിച്ചുള്ള സാമൂഹികമായ പൊതുബോധങ്ങൾ അടിച്ചേൽപ്പിക്കുന്ന മുൻധാരണകളെയും മനോഭാവങ്ങളെയും തിരുത്തുന്നുണ്ട് ഈ നോവലിന്റെ വായന. അതെങ്ങനെയെല്ലാം എന്നറിയാനായി സയൂരി കൊമാച്ചിയുടെ ആ ലൈബ്രറിയിലേക്ക് ഒന്ന് പോയി നോക്കൂ.

Also Read

9 minutes read July 15, 2024 3:43 pm