അഭയാർഥികളുടേയും മനുഷ്യക്കടത്ത് സംഘങ്ങളുടേയും ലോകക്രമത്തിൽ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

അമേരിക്കയിൽ നിന്നും ചങ്ങലയിട്ട് യുദ്ധ വിമാനത്തിൽ കയറ്റി വിട്ട ഇന്ത്യൻ ‘അനധികൃത’ കുടിയേറ്റക്കാരെക്കുറിച്ചുള്ള ചർച്ചകളിലൊരിടത്തും അഭയാർഥികളുടെ ലോകക്രമത്തിലേക്ക് മനുഷ്യരാശി അനുനിമിഷം ‘പുരോഗമിക്കുക’യാണെന്ന യാഥാർഥ്യം കാണുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. അഭയാർഥി ലോകക്രമത്തിൽ മനുഷ്യക്കടത്ത് സംഘങ്ങൾ എങ്ങിനെ ഒരധോലോക സ്റ്റേറ്റ് തന്നെയായി രൂപാന്തരപ്പെടുന്നു എന്നതിനെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെല്ലാം പുറമെ ഇന്ത്യക്കാർ എന്തുകൊണ്ട് മനുഷ്യക്കടത്ത് സംഘങ്ങളുടെ വാഗ്ദാനങ്ങളിൽ വീഴുന്നു എന്നതും പ്രധാനമാണ്. അനധികൃത കുടിയേറ്റക്കാർ എന്ന വർഗീകരണത്തിലൂടെ മറച്ചുവെക്കാൻ കഴിയുന്നതല്ല ഈ കുടിയേറ്റത്തിന്റെ യാഥാർ‌ഥ്യം. സ്വന്തം നാട്ടിൽ ജീവിക്കാനും അതിജീവിക്കാനും കഴിയാതെ വരുമ്പോഴാണ് കുടിയേറ്റ സമൂഹങ്ങൾ എന്നുമുണ്ടായിട്ടുള്ളത്. 18,000 ഇന്ത്യക്കാരും സ്വന്തം നാട്ടിൽ നല്ല ജീവിതം സാധ്യമാകാത്തതുകൊണ്ടാണ് ഈ രാജ്യം വിട്ട് അമേരിക്കയിലേക്ക് പോയതും ഇപ്പോൾ പിടിയിലായി കൊടിയ അപമാനങ്ങൾ സഹിച്ച് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതും.

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട കുടിയേറ്റക്കാർ വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ. കടപ്പാട് : AP

കേരളം അഭിവൃദ്ധിപ്പെട്ടത് പ്രവാസികളെക്കൊണ്ടാണ് എന്നത് വസ്തുതയാണ്. എന്നാൽ ഇത്രയും പ്രവാസികളുണ്ടായത് കേരളത്തിൽ ജോലിയില്ലാത്തതുകൊണ്ട് കൂടിയാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അടിസ്ഥാന തൊഴിൽ മേഖലയിൽ മലയാളികളില്ല എന്ന് മനസ്സിലാക്കിയാണ് ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് വന്നത്. അവരോട് ചോദിച്ചാലും സ്വന്തം നാട്ടിൽ തൊഴിലില്ല എന്ന പ്രതികരണം തന്നെയാണ് ലഭിക്കുക. മെക്സിക്കൻ മതിൽ ചാടിയാണ് തങ്ങൾ അമേരിക്കയിലേക്ക് പോകുന്നത് എന്ന് ഇപ്പോൾ തിരിച്ചെത്തിയ ഇന്ത്യക്കാർക്ക് അവരുടെ യാത്ര തുടങ്ങുമ്പോൾ അറിയുമായിരുന്നോ? അതോ യാത്ര തുടങ്ങി പല ദിവസങ്ങൾ കഴിഞ്ഞാണോ തങ്ങൾ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലാണെന്ന വസ്തുത അവർ മനസ്സിലാക്കിയത്? മനുഷ്യക്കടത്ത് സംഘങ്ങൾക്ക് നിർബാധം വിഹരിക്കാൻ കഴിയുകയും ആ സംഘങ്ങളിൽ‌ യാത്ര ചെയ്ത കുടിയേറ്റക്കാർ മാത്രം അനധികൃതരാവുകയും ചെയ്യുന്ന ലോകക്രമത്തെ പരിപാലിക്കുന്നതിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ സംഭാവനകൾ എന്താണ്? അമേരിക്ക എങ്ങിനെയാണ് ലോകമെങ്ങും അഭയാർഥികളേയും അനധികൃത കുടിയേറ്റക്കാരേയും നിത്യവും സൃഷ്ടിക്കുന്നത്? അതിൽ തന്നെ മാന്യ കുടിയേറ്റക്കാരനേയും അമാന്യ-അനധികൃത കുടിയേറ്റക്കാരേയുമുണ്ടാക്കുന്നത്? അമേരിക്കയുടെ ക്രമം എത്രയോ കാലമായി ലോകക്രമായി വളരുന്നതും (‘ലോങ് കോവിഡ്’ പ്രതിഭാസത്തിലാണ് അമേരിക്ക എന്നും വളർന്നത്, വളരുന്നത്- ഒരിക്കലുണ്ടായതിന്റെ അനുരണനം എന്നാണ് എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും പറയുക) എന്തുകൊണ്ടാണ്? ഇത്തരമൊരു ചർച്ചയുടെ അസാന്നിധ്യം ഇന്ന് ഈ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളെ ശുഷ്കമാക്കുന്നു.

സൗദി അറേബ്യയിലെ ജിദ്ദയിൽ ഞാൻ ജീവിച്ച 13 വർഷങ്ങളിൽ മലയാളിയുടെ പ്രവാസം ഒരു പൊതുമാപ്പിനും അടുത്ത പൊതുമാപ്പിനും ഇടയിലുള്ള ഇടക്കാല പ്രതിഭാസം എന്ന് തോന്നിച്ചിരുന്നു. ജിദ്ദയിൽ കന്തറപ്പാലത്തിനടിയിൽ വന്നിരുന്ന് പാസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ അറസ്റ്റിനും തുടർന്ന് ഡിറ്റൻഷൻ സെന്ററിലെ തടവിനും അതും കഴിഞ്ഞ് ഇന്ത്യൻ എംബസി നൽകുന്ന ഇന്ത്യക്കാരനെന്ന് സ്ഥിരീകരിക്കുന്ന രേഖയുമായി നാട്ടിലേക്കു മടങ്ങിയ പതിനായിരങ്ങളുണ്ട്. അന്നെല്ലാം സൗദി സർക്കാർ തന്നെ ബോംബെ വിമാന ടിക്കറ്റ് നൽകിയിരുന്നു. സൗദി വിമാനത്താവളത്തിൽ വെച്ച് കാൽ-കൈച്ചങ്ങലകൾ അഴിച്ചു മാറ്റും. അവരെല്ലാം നാട്ടിൽ വന്നിറങ്ങിയത് ചങ്ങലകളില്ലാതെയായിരുന്നു. ഒരിക്കൽ കന്തറപ്പാലത്തിനടിയിൽ ഒരു ഇന്തോനേഷ്യൻ സ്ത്രീ പ്രസവിച്ചത് ഓർക്കുന്നു. ആളുകൾ‌ വസ്ത്രങ്ങൾ കൊണ്ട് മറച്ച പ്രസവമുറിയിലാണ് ആ പെൺകുഞ്ഞ് ജനിച്ചത്. അധികൃതം/അനധികൃതം എന്ന് പറയുന്ന കുടിയേറ്റ ജീവിതങ്ങൾക്കിടയിലും മനുഷ്യന്റെ പുതിയ തലമുറ പിറന്നുകൊണ്ടിരിക്കുന്നു, അവർ അതിജീവിക്കാൻ ശ്രമിക്കുക തന്നെ ചെയ്യും. അതിനുള്ള വഴികളിലെല്ലാം മനുഷ്യക്കടത്ത് സംഘങ്ങൾ നിലയുറപ്പിക്കുന്നു. (പണ്ട് നാം അവരെ ഒതുക്കത്തിൽ വിസ തട്ടിപ്പ് സംഘങ്ങൾ എന്നു വിളിച്ചുപോന്നു, വൈകാതെ അവരുടെ ചെയ്തികളെ മറന്ന് അടുത്ത തട്ടിപ്പ് സംഘത്തിനെ സഹായിക്കുകയും ചെയ്തു).

ഗുജറാത്തിലെ മനുഷ്യർക്ക് (മടങ്ങിയവരിൽ 33 പേർ ഗുജറാത്തികളാണെന്ന് വാർത്തകളിൽ നിന്നും മനസ്സിലാക്കാം) ഈ വിധി നൽകിയ മനുഷ്യക്കടത്തുകാർക്ക് ഇന്ത്യൻ സ്റ്റേറ്റുമായി ബന്ധമുണ്ടോ? ഏറ്റവും പ്രധാനപ്പെട്ട ഈ ചോദ്യം ഉന്നയിക്കപ്പെടുന്നേയില്ല എന്നതാണ് ഇനിയും ഈ നാട്ടിൽ നിന്നും കുടിയേറാൻ നിൽക്കുന്നവർ നേരിടുന്ന യഥാർഥ പ്രതിസന്ധി. (എന്തുതന്നെയായാലും കുടിയേറ്റം അവസാനിക്കില്ല, ഉറപ്പ്). കേരളത്തിൽ നിന്നും റഷ്യയിലേക്ക് ജോലിക്ക് പോയി ഒടുവിൽ കൂലിപ്പട്ടാളക്കാരായി യുക്രൈനിലേക്ക് കൊണ്ടുപോയി കൊല്ലപ്പെട്ട യുവാക്കളെക്കുറിച്ച് ഒരു യഥാർഥ ചർച്ച ഇവിടെ ഉയരാത്തതും മനുഷ്യക്കടത്തുകാർ അതിശക്തരാണെന്നത് കൊണ്ടുകൂടിയാണ്. ഗാസയിലേക്ക് മടങ്ങിയെത്തിയവരോട് അവിടം വിട്ട് ‘സുരക്ഷിത’ സ്ഥലങ്ങളിലേക്ക് താമസം മാറ്റാൻ പറഞ്ഞ (ഗാസ ഗംഭീരമായ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കുമെന്നും ട്രംപ് വാഗ്ദാനവും ചെയ്തു!) ട്രംപിന്റെ ആവർത്തിക്കപ്പെട്ട ലോകക്രമത്തിൽ അഭയാർഥികളും കുടിയേറ്റക്കാരും (അധികൃത/അനധികൃത) ഒരേ പോലെ പോരാടുകയാണ്. അല്ലെങ്കിൽ പുതിയ ലോകക്രമത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം ഈ കുടിയേറ്റക്കാരുടെ ജീവിത വിമോചന സമരം തന്നെയാണ്.

ഇത് വ്യക്തികൾ നടത്തുന്ന അതിസാഹസിക/നിയമ വിരുദ്ധ നീക്കം എന്ന നിലയിലേ മോദി ഭക്തർക്ക് ഇന്നും കാണാനാകുന്നുള്ളൂ. ഇതാണ് ലോകമെങ്ങും നടക്കുന്ന ജീവിത സമരം എന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. ‘ചങ്ങല’ ചർച്ചക്ക് ഒരു ദിശാബോധവുമില്ല എന്നു പറയുന്നത് അതുകൊണ്ടാണ്. തിരിച്ചുവന്നവരോട് ചോദിക്കൂ, ഇനി എന്താണ് പരിപാടി? അവരെല്ലാവരും എങ്ങിനേയും ഇവിടം വിടുക എന്ന ഉത്തരം തന്നെ നൽകും. കുടിയേറ്റമാണ് ഇന്നത്തെ പ്രതീക്ഷാ മുനമ്പ് എന്നത് കൊണ്ടുതന്നെയാണത്. അവിടെ തിരിച്ചടികൾ ഉണ്ടാകില്ലേ, വിചാരിച്ച ജോലി കിട്ടുമോ? കിട്ടിയാൽ നല്ല ശമ്പളം ഉണ്ടാകുമോ? ഈ ചോദ്യങ്ങൾ കുടിയേറുന്നവരെ സംബന്ധിച്ച് രണ്ടാമത്തേത് മാത്രമാണ്. ആദ്യം ചോദ്യവും ഉത്തരവും കുടിയേറുക എന്നതാണ്. അഭയാർഥികളെ സംബന്ധിച്ച് ഇത്തരം ചോദ്യങ്ങൾ തന്നെ അപ്രസക്തമായിരിക്കുന്നു.

‘എയർപ്ലെയ്ൻ മോഡ് ആൻ ഇറിവലന്റ് ഹിസ്റ്ററി ഓഫ് ട്രാവൽ’ കവർ

ഷഹനാസ് ഹബീബ്, പാസ്പോർട്ടുകളുടെയും യാത്രകളുടെയും ചരിത്രത്തെക്കുറിച്ച് എഴുതുന്ന അവരുടെ ‘എയർപ്ലെയ്ൻ മോഡ്: ആൻ ഇർറവറന്റ് ഹിസ്റ്ററി ഓഫ് ട്രാവൽ’ എന്ന പുസ്തകത്തിൽ ഒരാൾ പറയുന്ന നിരീക്ഷണം പങ്കുവെക്കുന്നുണ്ട്: ‘നിങ്ങൾ മൂന്നാം ലോകരാജ്യത്തുള്ളവർ സഞ്ചാരികളല്ല, എമിഗ്രേറ്റ് ചെയ്യുന്നവർ മാത്രമാണ്.’ നിങ്ങൾ പറയുന്ന നിയമം അനുസരിച്ചോ അത് പൂർണ്ണമായും ലംഘിച്ചോ ഞങ്ങൾ എമിഗ്രേറ്റ് ചെയ്യുന്നത് ഞങ്ങളെ കൊള്ളയടിച്ച് നിങ്ങൾ കൊണ്ടുപോയ സമ്പത്തിന്റെ ഓഹരി ചോദിച്ചുകൊണ്ടാണെന്നാണ് അതിനുള്ള മറുപടി. എമിഗ്രേറ്റ് ചെയ്യുന്നവർ ഒരുപക്ഷേ ആ ചരിത്ര യാഥാർ‌ഥ്യം തുടക്കത്തിൽ മനസ്സിലാക്കില്ല. പക്ഷേ, ഒരു ഘട്ടത്തിൽ അവരത് മനസ്സിലാക്കുന്നു. അവർ മെക്സിക്കൻ മതിൽ എടുത്തുചാടുന്നു. അനധികൃത കുടിയേറ്റക്കാരെ അധികൃത കുടിയേറ്റക്കാരാക്കാൻ വഴികളില്ലാത്ത ലോകത്ത് അതിനെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ ചർച്ച സാധ്യമാക്കാൻ ഇപ്പോഴത്തെ സംഭവങ്ങൾക്ക് കഴിയുമോ? അതാണ് ഏറ്റവും പ്രധാന ചോദ്യം. കാരണം മനുഷ്യന് മുന്നിൽ ഇന്ന് രണ്ട് പാതകളാണ് തെളിഞ്ഞു കിടക്കുന്നത്, അഭയാർഥികളുടെ പാതകൾ, കുടിയേറ്റക്കാരുടെ പാതകൾ- ഈ പാതകളുടെ വരമ്പ് അങ്ങേയറ്റം നേർത്തതുമാണ് എന്നുകൂടി ഓർ‌ക്കുക. 

Also Read

4 minutes read February 7, 2025 9:42 am