കുടിയേറുന്നവർ കൂടിവരുന്നതിന്റെ കാരണങ്ങളിലേക്ക്

തിരുവനന്തപുരം ജില്ലയിലെ പുതിയതുറ എന്ന കടലോരഗ്രാമത്തിൽ നിന്നും ഉപജീവനം തേടി അനധികൃതമായി യൂറോപ്പിലേക്ക് നാടുവിടുന്നവരെക്കുറിച്ചും ഈ സാഹസിക കുടിയേറ്റങ്ങളുടെ പിന്നിലെ സാമ്പത്തിക-സാമൂഹിക കാരണങ്ങളെക്കുറിച്ചും അന്വേഷിക്കുന്ന പരമ്പര അവസാനിക്കുന്നു. (ഭാ​ഗം – 3)

2020 ഒക്ടോബറിലാണ് 26 വയസുകാരനായ ആന്റണി ഗ്ലാസ്‌ഗോയിലെ ‘യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് ദ് സ്‌കോട്‌ലാന്റ്’ എന്ന സര്‍വകലാശാലയില്‍ എം.ബി.എ പഠനത്തിനായി എത്തുന്നത്. യൂറോപ്പിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും തൊഴിൽതേടി കുടിയേറുന്നവര്‍ക്ക് പറയാനുള്ളത് ചതിപ്രയോ​ഗങ്ങളുടെയും ദുരിതയാത്രകളുടെയും കഥകള്‍ മാത്രമല്ലെന്ന് ആന്റണി സാക്ഷ്യപ്പെടുത്തുന്നു. സാഹസികമായി യൂറോപ്യന്‍ രാജ്യങ്ങളിലെത്തി ജീവിതം മെച്ചപ്പെട്ട ആന്റണിയെപ്പോലുള്ള ചിലരും ഈ ​ഗ്രാമങ്ങളിലുണ്ട്. സ്റ്റുഡന്റ് വിസയില്‍ യൂറോപ്പിലേക്ക് ഉപരിപഠനത്തിനായി പോകുന്നവരുടെ എണ്ണം കൂടിവരുകയാണ്. പഠനത്തിനൊപ്പം പാര്‍ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്നതാണ് സ്റ്റുഡന്റ് വിസയിൽ പോകുന്നവരെ പ്രേരിപ്പിക്കുന്ന ഘടകം. “പഠനം മാത്രം ലക്ഷ്യമിട്ടല്ല ആരും ഇവിടെ വരുന്നത്. കുറഞ്ഞ ചെലവില്‍ പഠിക്കുകയും അതിനൊപ്പം സമ്പാദിക്കുകയും ചെയ്യാം. ഞാനിപ്പോള്‍ രണ്ട് വര്‍ഷം സ്‌റ്റേ ബാക്ക് കിട്ടിയാണ് ഇവിടെ തുടരുന്നത്. ബാക്കി സമയം കെയര്‍ അസിസ്റ്റന്റ് ആയി ജോലി നോക്കുന്നതുകൊണ്ട് വീട്ടിലേക്ക് കാശ് അയക്കാനും എന്റെ ചിലവുകള്‍ നോക്കാനും എനിക്ക് കഴിയുന്നുണ്ട്. നാട്ടിലാണെങ്കില്‍ അങ്ങനെ കഴിയില്ലല്ലോ?” ആന്റണി ചോദിക്കുന്നു. നിരവധി പേര്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നുണ്ടെങ്കിലും അതിന് കഴിയാതെ അനധികൃതമായി കുടിയേറി അഭയാര്‍ത്ഥികളായി കഴിയുന്നവരാണ് കൂടുതലും ഉള്ളതെന്നാണ് ആന്റണിയുടെ നിരീക്ഷണം.

ഗ്ലാസ്‌ഗോയില്‍ എം.ബി.എ ചെയ്യുന്ന ആന്റണി

മാഞ്ചസ്റ്ററിലെ ഷോപ്പ് ഓണർ

“2017ല്‍ ആദ്യമായി യൂറോപ്പില്‍ എത്തുമ്പോള്‍ എനിക്ക് ആകെ മനസിലാകുന്ന വാക്ക് മാല്‍ബ്രോ ഗോള്‍ഡ് എന്നത് മാത്രമായിരുന്നു.” യു.കെയിൽ എത്തിപ്പെട്ട് മാഞ്ചസ്റ്ററില്‍ ഷോപ്പ് ഓണറായി മാറിയ റിജിന്‍ ചിരിച്ചുകൊണ്ട് ആ കഥ വിവരിക്കാന്‍ തുടങ്ങി. “ബിസിനസ് വിസയിലാണ് ആദ്യമായി ഇവിടെ എത്തുന്നത്. ഇവിടെ വന്നതിന് ശേഷം വിസ അപ്‌ഗ്രേഡ് ചെയ്തു. ഇപ്പോള്‍ അത് കഴിയാറായി. ഇനി നാട്ടിലേക്ക് വരണം.” പ്ലസ് ടു പഠനശേഷം ഉടന്‍ തന്നെ യൂറോപ്പില്‍ കുടിയേറുകയായിരുന്നു റിജിന്‍. വീട്ടിലെ അരക്ഷിതാവസ്ഥകളാണ് ഉപരിപഠനം എന്ന ചിന്ത ഉപേക്ഷിക്കാന്‍ റിജിനെ പ്രേരിപ്പിച്ചത്. അച്ഛനും അമ്മയും അനിയത്തിയും അനുജനുമടങ്ങുന്ന അഞ്ചംഗ കുടുംബമായിരുന്നു റിജിന്റേത്. അനുജന്‍ വളരെ ചെറുപ്പത്തില്‍ തന്നെ കടലില്‍ വീണ് മരണപ്പെട്ടു. പന്ത്രണ്ടു വയസ് മുതല്‍ ചന്തയില്‍ മീന്‍ വില്‍ക്കാന്‍ പോകുമായിരുന്ന അമ്മയും മല്‍സ്യബന്ധനത്തൊഴിലാളിയായ അച്ഛനുമാണ് വീട്ടിലെ ചെലവുകള്‍ നോക്കിയിരുന്നത്. “എന്റെ അമ്മ രാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കും വീട്ടിലെ ജോലികളെല്ലാം കഴിഞ്ഞ് ഏഴ് മണിയാകുമ്പോള്‍ കടപ്പുറത്തേക്ക് പോകും. പത്ത് മണിയെങ്കിലുമാകും വീട്ടിലേക്ക് തിരിച്ച് വരാന്‍. പത്തരയാകുമ്പോള്‍ അമ്മ ചന്തയില്‍ പോകും. ചന്തയില്‍ നിന്ന് ഊണ് കഴിക്കാന്‍ ഒരു മണിക്ക് വീണ്ടും വീട്ടില്‍ വരും. രണ്ട് മണിയാകുമ്പോള്‍ ചന്തയിലേക്ക് വീണ്ടും പോയാൽ വൈകുന്നേരം എട്ടരയ്‌ക്കേ വീട്ടില്‍ തിരിച്ചെത്തുള്ളൂ. എട്ട് വര്‍ഷമാകുന്നതേയുള്ളൂ ഇപ്പോഴുള്ള ഒരു സെന്റിലെ വീട് വെച്ചിട്ട്. അതിന് മുമ്പ് ചെറ്റയും മണലുമൊക്കെ തന്നെയായിരുന്നു. അച്ഛനമ്മമാരെ ഇങ്ങനെ ജോലിക്ക് വിടണമെന്ന് ഒരു മക്കളും ആഗ്രഹിക്കില്ലല്ലോ.” യൂറോപ്പിലേക്ക് കുടിയേറണമെന്ന് ചിന്തിക്കാനിടയായ കാരണങ്ങൾ റിജിൻ വിശദമാക്കി.

“ആദ്യം അമേരിക്കയിലേക്ക് പോകാനായിരുന്നു എന്റെ പ്ലാന്‍. കാശിന്റെ മൂല്യം കണക്കാക്കിയപ്പോള്‍ യു.കെയിലോട്ട് പോകുന്നതാകും നല്ലതെന്ന് തോന്നി. ഇവിടെ ആദ്യം വന്നപ്പോള്‍ 80 പൗണ്ടൊക്കെയായിരുന്നു സാലറി. ഇപ്പോഴാണ് 100 പൗണ്ടായത്. ആദ്യം ബ്രിട്ടീഷ് പെട്രോളിയത്തില്‍ റിസപ്ഷനിസ്റ്റായിരുന്നു. ഇവിടെ വന്നാല്‍ എല്ലാ ജോലിയും ചെയ്യണം. ഇവിടെ അഞ്ചു വര്‍ഷം നിന്നാൽ നാട്ടിലൊരു വീട് കാണും. നമ്മുടെ നാട്ടില്‍ നിന്നാല്‍ അത് നടക്കുമോ? ഇപ്പോള്‍ ഞാന്‍ ഒരു ചെറിയ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നു. ലൈഫ് ഹാപ്പിയാണ്.” ഏറെ സംതൃപ്തിയുണ്ടായിരുന്നു റിജിന്റെ ആ വാക്കുകളിൽ.

മാഞ്ചസ്റ്ററിലെ റിജിന്റെ ഷോപ്പ്

അഞ്ചു വര്‍ഷം മുമ്പ് ആ നാട്ടിൽ നിന്നും യൂറോപ്പില്‍ ആദ്യമായി എത്തിയത് റിജിനും റിജിന്റെ തന്നെ നാട്ടില്‍ ട്രാവൽ ഏജന്‍സി നടത്തിയിരുന്ന ഒരാളും മാത്രമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ലെന്ന് റിജിന്‍ പറയുന്നു. “രണ്ട് വര്‍ഷം കൊണ്ട്, കൃത്യമായി പറഞ്ഞാല്‍ കൊറോണയ്ക്ക് ശേഷം ഞങ്ങളുടെ നാട് മുഴുവന്‍ ഇവിടെയുണ്ട്. നാട്ടില്‍ എട്ട് ലക്ഷം കടമെടുത്ത് വന്നാലും കുറഞ്ഞത് ഒരു വര്‍ഷം കൊണ്ട് ആ കടം തീര്‍ക്കാന്‍ കഴിയും. അഞ്ച് ആറ് വര്‍ഷം നില്‍ക്കാനാണ് ഇവര്‍ വരുന്നത്. കുറച്ച് സമ്പാദിച്ചതിന് ശേഷം തിരിച്ചു പോകും. ഈസ്റ്റ് ഹാം എന്ന പ്രദേശം മുഴുവന്‍ മലയാളികളാണ്. നാട്ടില്‍ കിട്ടുന്ന എന്തും അവിടെ കിട്ടും. ഐ.ഇ.എല്‍.ടിഎസ് വേണ്ട എന്നുള്ളത് കൊണ്ട് സ്റ്റുഡന്റ് വിസയിലും പലരും എത്തുന്നുണ്ട്. പ്ലസ് ടു പാസായ ഫേക്ക് സര്‍ട്ടിഫിക്കറ്റ് വെച്ച് വരുന്നവരുമുണ്ട്. ഇവിടെ അങ്ങനെ ഫേക്കായിട്ട് എത്തുന്നവര്‍ക്ക് ആകെ പേടിക്കേണ്ടത് ഇമിഗ്രേഷന്‍ ഓഫീസിനെ മാത്രമാണ്. അവിടെ പിടിക്കപ്പെട്ടാല്‍ ഡീപോര്‍ട്ട് ചെയ്യും. സീമാന്‍ വിസ വഴി വരുന്നവരാണ് അസൈലം സ്റ്റാറ്റസിന് ശ്രമിക്കുന്നത്. പക്ഷെ ഇന്ത്യക്കാര്‍ക്ക് അസൈലം സ്റ്റാറ്റസ് കിട്ടില്ല. കൊറോണയ്ക്ക് മുമ്പ് വരെ ഇങ്ങനെ അസൈലം സ്റ്റാറ്റസ് ചോദിച്ച് എത്തുന്നവരെ അവര്‍ക്കായുള്ള ഒരു ക്യാംപില്‍ കൊണ്ടിടും. ക്യാംപ് എന്ന് പറഞ്ഞാന്‍ എട്ട് പത്ത് കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഒരു സ്ഥലമാണ്. അവിടെ മൂന്ന് നേരം ഫുഡ്, ചര്‍ച്ച്, അമ്പലമൊക്കെ ഉണ്ടാകും. നമ്മുടെ നാട്ടില്‍ എന്തൊക്കെ ഉണ്ടോ അതെല്ലാം അവിടെ ഉണ്ടാകും. വക്കീലിനെ വെച്ച് വാദിച്ച് അസൈലം ക്ലെയിം ചെയ്‌തെടുക്കണമെന്ന ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ.” യു.കെയില്‍ അഭയാര്‍ത്ഥികളായെത്തുന്നവര്‍ക്ക് നല്ല സ്വീകാര്യതയുണ്ട് എന്നാണ് റിജിന്റെ അഭിപ്രായം. നാട്ടിലെ പോലീസിനെ പോലെ അവിടെ ആരും പെരുമാറാറില്ലെന്നും യു.കെയില്‍ മനുഷ്യന്‍ എന്ന പരിഗണന എല്ലാവരും തരുമെന്നും റിജിന്‍ അഭിപ്രായപ്പെടുന്നു. “ഇവിടെ ലീഗലായി വന്നാലും ഇല്ലീഗലായി വന്നാലും എല്ലാവര്‍ക്കും സുഖം തന്നെയാണ്. താരതമ്യേന ഇല്ലീഗലായി വരുന്നവര്‍ക്കാണ് ലീഗലായി വരുന്നവരേക്കാളും നല്ലത്. ലീഗലായി വരുന്നവര്‍ക്ക് ടാക്‌സ് കൊടുക്കണം. സ്റ്റുഡന്റ് ആയി വരുന്നവര്‍ 20 മണിക്കൂര്‍ മാത്രമേ പണിയെടുക്കാവൂ. ഇല്ലീഗലായി വരുന്നവര്‍ക്ക് എത്ര നേരം വേണമെങ്കിലും പണിയെടുക്കാം, ടാക്‌സും അടയ്ക്കണ്ട.” റിജിന്‍ പറയുന്നു.

പുതിയതുറ തീരത്തെ വീടുകള്‍. ഫോട്ടോ: ആമോസ്

എന്തുകൊണ്ടാണ് കടലോരഗ്രാമങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ അനധികൃതമായ കുടിയേറ്റത്തിന് ഒരുങ്ങുന്നതിനെന്ന ചോദ്യത്തിന് റിജിന് വ്യക്തമായ ഉത്തരമുണ്ട്. “ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ ആരും കടല്‍പ്പണി തിരഞ്ഞെടുക്കാറില്ല. കടല്‍പ്പണിക്ക് പോയാല്‍ തന്നെ അന്നന്നുള്ള ചിലവിനുള്ള പൈസയല്ലേ കിട്ടുള്ളൂ. അതുമല്ല കടലില്‍ ഒരു പ്രാവശ്യം പണിക്ക് പോയി വരാന്‍ 5000 രൂപയെങ്കിലും വേണം. മണ്ണെണ്ണയ്‌ക്കൊക്കെ ഒരുപാട് കാശ് ചിലവാകും. എന്റെ അറിവില്‍ ഗവണ്‍മെന്റില്‍ നിന്ന് ഒരു സഹായവും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. പകരം റേഷന്‍ കാര്‍ഡ് എ.പി.എല്‍ ആക്കി ദ്രോഹിച്ചിട്ടേ ഉള്ളൂ. അതുകൊണ്ടുതന്നെ ഫാമിലി നന്നായിരിക്കുക, ഭാവി നന്നായിരിക്കുക എന്ന് മാത്രമേ ഇങ്ങോട്ട് കയറി വരുന്നവര്‍ക്കുള്ളൂ. ഇപ്പോ പ്ലസ് ടു പഠിച്ചത് പോട്ട്, എഞ്ചിനീയറിങ് കഴിഞ്ഞ എത്രയോ പേര്‍ ജോലി ഇല്ലാതെ ഇരിക്കുന്നു. എന്നെ പഠിപ്പിച്ച സാറ് വരെ ചോദിച്ചു ഇവിടെ വരാന്‍ വല്ല ചാന്‍സുമുണ്ടോന്ന്. നമ്മുടെ കടപ്പുറത്തെ പിള്ളേര്‍ക്ക് ഒന്ന് ഒന്നര ലക്ഷം രൂപ സാലറിയുള്ള ജോലി കിട്ടുവോ? എല്ലാവര്‍ക്കും കാശ് തന്നെ ആവശ്യം.” റിജിന്‍ പറയുന്നു.

ഓഖിക്ക് ശേഷം വന്ന മാറ്റങ്ങൾ

2017 നവംബര്‍ 29 നാണ് ഓഖി ചുഴലിക്കാറ്റ് വലിയ നാശം വിതച്ച് കേരള തീരം കടന്നുപോയത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 52 പേര്‍ മരിക്കുകയും 91ഓളം പേരെ കാണാതാവുകയും ചെയ്തു. ഓഖി മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം നല്‍കുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ്, ദുരന്തത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ കൃത്യസമയത്ത് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊന്നും കഴിയാതിരുന്നത് തുടങ്ങി വീഴ്ചകളും ദുരന്തത്തിന്റെ ആക്കം കൂട്ടി. ഓഖിയെ തുടര്‍ന്നുണ്ടായ ജനരോഷം കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കുന്നതിന് കാരണമായെങ്കിലും അതിന്റെ കാര്യക്ഷമതയില്ലായ്മ പിന്നീട് മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ഉപദ്രവമായി തീർന്നു. 2017ന് ശേഷം അറബിക്കടലിൽ പതിവായിത്തീർന്ന ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും ഇവരുടെ തൊഴില്‍ദിനങ്ങളെ തുടർച്ചയായി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

“ഓഖിക്ക് ശേഷം മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ഇടയില്‍ ഭയം വര്‍ദ്ധിച്ചിട്ടുണ്ട്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ പലപ്പോഴും വലിയ ദുരന്തം പോലെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഓഖിക്ക് ശേഷമാണ് മുന്നറിയിപ്പുകള്‍ വ്യാപകമായി കൊടുക്കാന്‍ തുടങ്ങിയിട്ടുള്ളത്. മുന്നറിയിപ്പുകള്‍ കൊടുക്കുന്നതിന്റെ നൂറിലെത്ര ശതമാനം സംഭവിക്കുന്നുവെന്നും നമ്മള്‍ അന്വേഷിക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികള്‍ തന്നെ പറയുന്നത് കാലാവസ്ഥ മുന്നറിപ്പുകള്‍ക്ക് അനുസരിച്ച് കടലില്‍ പലപ്പോഴും ഒന്നും തന്നെ സംഭവിക്കുന്നില്ലെന്നാണ്. 20-28 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനെ അതിജീവിച്ച് മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുന്നവരാണ് ഇവിടുത്തെ മത്സ്യബന്ധനത്തൊഴിലാളികള്‍. പക്ഷെ ഇപ്പോള്‍ 20 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റുള്ളപ്പോള്‍ പോലും റെഡ് അലേര്‍ട്ട് കൊടുക്കുകയാണ്. മുന്നറിയിപ്പുകളെ അവഗണിച്ച് കടലില്‍ പോയി എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നാണ് ആളുകള്‍ പേടിക്കുന്നത്.” തീരദേശ വിദ്യാര്‍ത്ഥി വിപിന്‍ദാസ് പറയുന്നു. “അന്നന്ന് പണിയെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ് മത്സ്യബന്ധനത്തൊഴിലാളികളിലേറെയും. മാസത്തില്‍ ഒന്നോ രണ്ടോ തവണ മത്സ്യബന്ധനത്തിന് പോയാല്‍ കുടുംബം പുലരില്ലെന്ന് ഇവര്‍ വ്യക്തമായി മനസിലാക്കുന്നുമുണ്ട്. നാട്ടില്‍ മറ്റ് തൊഴിലുകളിലേര്‍പ്പെടാമെന്ന് കരുതിയാല്‍ അതില്‍ നിന്ന് ലഭിക്കുന്ന തുച്ചമായ വരുമാനം ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ക്ക് പരിഹാരമാകുകയുമില്ല. അപ്പോള്‍ കാശ് എങ്ങനെ സമ്പാദിക്കുമെന്ന ചോദ്യത്തില്‍ നിന്നാണ് യൂറോപ്യന്‍ നാടുകളിലേക്കോ ഗള്‍ഫ് രാജ്യങ്ങളിലേക്കോ ഉള്ള കുടിയേറ്റത്തെ ഇവര്‍ ആശ്രയിച്ചു തുടങ്ങിയത്.” വിപിൻ തുടർന്നു.

വിപിന്‍ദാസ്

കുടിയേറ്റത്തിന്റെ കാരണങ്ങൾ

പൊതുസമൂഹത്തില്‍ നിന്ന് നേരിടുന്ന അവഗണന, സാമൂഹികവും സാമ്പത്തികവുമായി തുടരുന്ന പിന്നോക്കാവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ കുടിയേറ്റത്തിന് പിന്നിലുണ്ടെന്ന് വിപിൻദാസ് പറയുന്നു. “തങ്ങളുടെ മക്കള്‍ കടല്‍പ്പണിയില്‍ ഏര്‍പ്പെടുന്നത് പ്രോത്സാഹിപ്പിക്കാത്ത നിരവധി മാതാപിതാക്കളെ ഇവിടെ കാണാം. അതേസമയം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും പുതിയതുറയിൽ കൂടുതലാണ്. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലുള്ള പ്രദേശമാണ് പുതിയതുറ. രണ്ടായിരത്തോളം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇവിടെ നിന്നും വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഡിഗ്രിക്ക് ശേഷം ഉപരിപഠനത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നുള്ളൂ. മത്സ്യബന്ധനത്തൊഴിലാളി സമൂഹം സാമ്പത്തികമായി പിന്നോട്ട് പോകുന്നതിൽ മദ്യത്തിന്റെ ഉപയോ​ഗം കൂടുന്നതും കാരണമായി മാറുന്നു. ആണുങ്ങള്‍ ഉള്ള വീട്ടില്‍ മിനിമം 600-900 രൂപയ്ക്ക് കുടിക്കാറുണ്ട്. തൊഴില്‍ ചെയ്ത് കിട്ടുന്നതിന്റെ പകുതിയോളം മദ്യപാനത്തിനായി ചിലവഴിക്കും. എന്നാല്‍ ഗള്‍ഫില്‍ അങ്ങനെ പറ്റില്ല. വിദേശത്ത് പോകുന്നതോട് കൂടി വീടിനോട് കമ്മിറ്റ്‌മെന്റ് ഉണ്ടാകുന്നു. പരമാവധി കാശുണ്ടാക്കിയാണ് തിരിച്ചുവരുന്നത്.” വിപിൻദാസ് പറയുന്നു.

സ്ത്രീധനം എന്ന പ്രശ്നം

ബോംബെ ഐ.ഐ.ടിയിൽ സോഷ്യോളജി ​ഗവേഷണ വിദ്യാർത്ഥിയായ റോബിന്‍ ടൈറ്റസ് കടലോരഗ്രാമങ്ങളില്‍ നിന്നും യൂറോപ്പിലേക്കുള്ള കുടിയേറ്റം എന്ന ചലനാത്മകതയെ തീരദേശ സമൂഹങ്ങളുടെ അഭിലാഷങ്ങളിൽ (aspirations) വന്ന മാറ്റമായാണ് ഇതിനെ നോക്കിക്കാണുന്നത്. തീരദേശ സമൂഹങ്ങളുടെ ആസ്പിരേഷൻസ് മത്സ്യബന്ധനവുമായി മാത്രമല്ല ബന്ധപ്പെട്ട് കിടക്കുന്നത്. അവര്‍ വേറെ തരത്തിലുള്ള കാസ്റ്റ് അപ് ലിഫ്റ്റും സോഷ്യല്‍ മൊബിലിറ്റിയുമാണ് അന്വേഷിക്കുന്നത്.” റോബിന്‍ വ്യക്തമാക്കുന്നു. “മത്സ്യബന്ധനം എന്ന തൊഴിലില്‍ കമ്യൂണിറ്റി തുടരണ്ട എന്ന് ശക്തമായി വാദിക്കുന്നവര്‍ കമ്യൂണിറ്റിക്കുള്ളില്‍ തന്നെയുണ്ട്. ഇതാണ് കുടിയേറ്റത്തിലോട്ട് എത്തിച്ചിട്ടുള്ളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കൂടാതെ, തീരദേശ സമൂഹങ്ങളിലെ ലാറ്റിന്‍ കാത്തലിക്‌സിനിടയിലുള്ള സാമൂഹ്യ ഘടന എങ്ങനെയാണ് ഇതിനൊരു സമ്മര്‍ദ്ദം ഉണ്ടാക്കുന്നതെന്നും ആലോചിക്കേണ്ടതാണ്. സ്ത്രീധനം പോലൊരു സമ്പ്രദായം ഈ കമ്യൂണിറ്റിയിലെ പുരുഷന്മാരുടെ ഉത്തരവാദിത്തമായി തീരുന്നത് എങ്ങനെയെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.” തെക്കന്‍ തീരദേശ സമൂഹങ്ങളില്‍ മറ്റ് സമൂഹങ്ങളിലുള്ളത് പോലെ തന്നെ സ്ത്രീധനം എന്ന സമ്പ്രദായം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ചെറുപ്പക്കാരായ ആണുങ്ങള്‍ ഗള്‍ഫിലോട്ടും യൂറോപ്യന്‍ രാജ്യങ്ങളിലോട്ടും പോകുന്നതിന്റെ പ്രധാന കാരണം വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനം കൊടുക്കേണ്ടിവരുന്ന സാഹചര്യമാണെന്നും അതൊരു തരം ‘പുരുഷത്വം’ (masculinity) ആണ് കമ്യൂണിറ്റിയില്‍ ഉണ്ടാക്കുന്നതെന്നും റോബിന്‍ അഭിപ്രായപ്പെടുന്നു. “കമ്യൂണിറ്റിക്കുള്ളില്‍ സിസ്റ്റമാറ്റിക് ആന്റ് ഓര്‍ഗനൈസ്ഡ് ഇന്‍സ്റ്റിറ്റ്യൂഷണലൈസ്ഡ് ഫോമിലാണ് സ്ത്രീധനം എന്ന പ്രാക്ടീസിന്റെ ഓപ്പറേഷന്‍ നടക്കുന്നത്. അതിനകത്ത് നിന്ന് ആര്‍ക്കും വിട്ടുപോകാന്‍ പറ്റുന്നില്ല. ഗള്‍ഫ് മൈഗ്രേഷന്‍ വന്നതിന് ശേഷം സ്ത്രീധനം കൊടുക്കുന്ന തുകയിലും സ്വര്‍ണത്തിന്റെ അളവിലുമൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.” അദ്ദേഹം പറയുന്നു.

“പട്ടാളക്കാര്‍ക്കും ഗള്‍ഫുകാര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ സ്ത്രീധനം കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലോ അമേരിക്കയിലോ മൈഗ്രേറ്റ് ചെയ്ത ആണുങ്ങള്‍ക്ക് കൂടുതല്‍ സ്ത്രീധനം കിട്ടുന്നുണ്ട്. ഇവിടുന്ന് കടമെടുത്ത് പോകുന്ന തുക ഇങ്ങനെ കിട്ടുന്ന സ്ത്രീധനത്തിലൂടെ തിരിച്ചുപിടിക്കാമെന്നൊരു ചിന്തയാണ് ആണ്‍കുട്ടികളെ കൂടുതലും മൈഗ്രേറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ മൈഗ്രേറ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ സ്ഥിതി ഇതല്ല. അവര്‍ക്ക് നല്ല കല്യാണാലോചനകള്‍ വരുമെന്ന് കരുതിയാണ് അവര്‍ മൈഗ്രേറ്റ് ചെയ്യുന്നത്.” തീരദേശ വിദ്യാര്‍ത്ഥി വിപിന്‍ദാസ് അഭിപ്രായപ്പെട്ടു. ആണുങ്ങള്‍ക്ക് സ്ത്രീധനം കൂടുതല്‍ ലഭിക്കുമെന്നതിനാല്‍ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഒരു സാമൂഹ്യ സമ്മർദ്ദമായി പ്രവർത്തിക്കുന്നുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് താനെന്നും വിപിന്‍ദാസ് പറയുന്നു. “പ്ലസ് ടു കഴിഞ്ഞ ഉടന്‍ എന്റെ അമ്മയൊക്കെ പറഞ്ഞിരുന്നത് നേരെ ഗള്‍ഫിലേക്ക് പോകാനാണ്. ഗള്‍ഫിലോട്ട് പോകാത്ത ആണ്‍മക്കളില്ലാത്ത ഒരു വീട് പോലും പുതിയതുറയില്‍ ഉണ്ടാകില്ല. തുച്ചമായ പൈസയില്‍ വിസ കിട്ടും എന്നുള്ളതായിരുന്നു അതിലെ ആകര്‍ഷണീയത. വീട്ടിലെ സഹോദരിമാരെ കല്യാണം കഴിപ്പിച്ച് വിടുക എന്നുള്ളതാണ് ഇങ്ങനെ പോകുന്നവരുടെ പ്രധാന ലക്ഷ്യം. നിന്നെ പോലുള്ള പയ്യന്‍മാര്‍ കയറിക്കയറി പോയി, കുടുംബത്തിനെ നോക്കുന്നു എന്നൊക്കെ പറഞ്ഞ് വീട്ടില്‍ അമ്മ പ്രശ്‌നമാക്കുന്നതുകൊണ്ടാണ് വര്‍ഷങ്ങളായി വീട്ടില് നിന്ന് ഞാന്‍ മാറി നില്‍ക്കുന്നത്. പഠിക്കണമെന്ന് പറഞ്ഞാല്‍ ഇനിയെന്തോന്ന് പഠിക്കാന്‍ എന്നാണ് തിരിച്ച് ചോദിക്കുന്നത്. എന്റെ വീട്ടിലാണെങ്കില്‍ കെട്ടിച്ചു കൊടുക്കാന്‍ പെണ്‍മക്കളുമില്ല. എന്നാല്‍ പോലും ഈ പ്രഷറാണ്. അപ്പോള്‍ പിന്നെ മറ്റുള്ളവരുടെ കാര്യം ഊഹിക്കാവുന്നതെ ഉള്ളൂ.”

വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നുള്ള കാഴ്ച

തട്ടിപ്പുകൾക്ക് കുറവില്ല

എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന മോഹവുമായി കഴിയുന്നവരെ ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരുപാട് ട്രാവല്‍ ഏജന്‍സികള്‍ തീരദേശത്ത് കുറച്ചധികം വര്‍ഷങ്ങളായി മുളച്ചുപൊന്തിയിട്ടുണ്ട്. ഇത്തരം ട്രാവല്‍ ഏജന്‍സികളുടെ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ചിഞ്ചു ഡിക്‌സണ്‍ പ്രതികരിക്കുന്നത്. “മോഹനവാഗ്ദാനങ്ങളില്‍ വീണുപോകുന്നവരാണ് കൂടുതലും. ഫാമിലി രക്ഷപ്പെടുമെന്ന് കരുതിയാണ് പലരും ചതിയില്‍ വീണുപോകുന്നത്. 10 പേരില്‍ ഒരാള്‍ പോകും. ബാക്കി 9 പേരുടെ കാശും വെള്ളത്തിലാണ്. ലക്ഷങ്ങളുടെ ഇടപാടാണ് ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നത്. 18-30 വയസിനിടയിലുള്ള യുവാക്കള്‍ ഇങ്ങനെ പറ്റിക്കപ്പെടുന്ന കാര്യം പഞ്ചായത്ത് നോര്‍ക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.”

ഇത്തരം തട്ടിപ്പുകള്‍ പുതിയതുറ എന്ന പ്രദേശത്തെ മാത്രം പ്രശ്‌നമല്ല എന്നാണ് നോര്‍ക്ക് സി.ഇ.ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെടുന്നത്. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും പല തലത്തിലാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. “ഇന്ത്യാ ഗവര്‍ണ്‍മെന്റും കേരളാ ഗവര്‍ണ്‍മെന്റും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാനായി ചെയ്യുന്നുണ്ടെങ്കിലും അത്തരം പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. സുരക്ഷിതമായ ഡിഗ്നിഫൈഡ് മൈഗ്രേഷന്‍ നടക്കണമെങ്കില്‍ ആദ്യം കൃത്യമായ ബോധവത്കരണം നടത്തണം. രണ്ടാമതായി എസ്പി എന്‍.ആര്‍.ഐ സെല്‍ വഴി അന്വേഷിക്കണം. എന്നാല്‍ പലപ്പോഴും അവിടെയെത്തി ആളുകള്‍ പെട്ടുപോയതിന് ശേഷം മാത്രമാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് അറിയുക. ഇവിടുന്ന് പോകുന്നതിന് മുമ്പ് അറിഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഇടപെടാനുമാകൂ. ഇത്തരം തട്ടിപ്പുകളെ ചെറുക്കാനായി സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും ബോധവത്കരണം നടത്തുന്നുണ്ട്.” അദ്ദേഹം പറഞ്ഞു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പലതും അന്വേഷണം നടത്തുന്നതിന് മുന്നേ ട്രാവല്‍ ഏജന്റ് പരാതിക്കാരുമായി സംസാരിച്ച് ഒതുക്കിത്തീര്‍ക്കുന്നതായി കേരള പോലീസിന്റെ എന്‍.ആര്‍.ഐ സെല്‍ ഡിവൈഎസ്പി സന്തോഷ് എം.എം അഭിപ്രായപ്പെട്ടു.

പുതിയതുറ തീരം

ഇതിനിടയില്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളിലുള്ള ഉപരിപഠന സാധ്യതകളെ കുറിച്ച് തീരദേശ സമൂഹങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനായി ‘കരിസ്മ യൂറോപ്യന്‍ എജ്യുക്കേഷണല്‍ ഫോറം’ എന്ന വേദി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ ലഭ്യമാക്കുന്ന കോഴ്‌സുകള്‍, ഇന്‍ടേക്ക് ഏതൊക്കെ സമയങ്ങളിലാണ്, ഫീസ് സ്ട്രക്ചര്‍, അവിടുത്തെ സംസ്‌കാരം, ഭക്ഷണം, എന്നിവയൊക്കെ പറഞ്ഞുകൊടുത്ത് അനുയോജ്യമായ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് ഈ ഫോറം വഴി ഉദ്ദേശിക്കുന്നത്. “പാര്‍ട് ടൈം ജോലിക്കുള്ള അവസരം കിട്ടുമെന്നുള്ളത് കൊണ്ടാണ് ഇത്രയും വലിയ കാശ് മുടക്കി വിദ്യാര്‍ത്ഥികള്‍ പോകുന്നത്. പലപ്പോഴും ഇവര്‍ മിസ്‌ഗൈഡ് ചെയ്യപ്പെടും. അവിടെ ലഭിക്കാവുന്ന സ്‌കോളര്‍ഷിപ്പുകളെ പറ്റിയൊന്നും ഇവര്‍ക്ക് ധാരണ ഉണ്ടാകണമെന്നില്ല.” ഫോറം മെമ്പറായ ഫാദര്‍ ആഷ്‌ലിന്‍ ജോസ് വിശദീകരിച്ചു. “കൂടാതെ, ഇല്ലീഗലായി ഒത്തിരിപ്പേര്‍ തീരദേശത്ത് നിന്ന് യൂറോപ്പിലേക്ക് പോയിട്ടുണ്ട്. അവിടെ ജോബ് ഇല്ലെങ്കിലും ജോബ് ഓഫര്‍ ലെറ്റര്‍ സംഘടിപ്പിച്ച് കൊടുക്കുന്നവരുണ്ട്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ വിസ എടുത്ത് പറ്റിക്കുന്നുമുണ്ട്. ഫോറം ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മുൻഗണന നല്‍കുന്നതെങ്കിലും ഇല്ലീഗല്‍ വിസയാണെങ്കില്‍ ഞങ്ങള്‍ പരിശോധിക്കും. ഇതിനെ കുറിച്ച് അറിയാന്‍ താല്പര്യമുള്ള ആര്‍ക്ക് വേണമെങ്കിലും ഞങ്ങളെ സമീപിക്കാം.” ഫാദര്‍ പറഞ്ഞു.

കാലവസ്ഥാ വ്യതിയാനം, തൊഴിലില്ലായ്മ, മറ്റ് സാമൂഹ്യ അരക്ഷിതാവസ്ഥകൾ എന്നിവ കാരണം കുടുംബത്തിലുണ്ടാകുന്ന കഷ്ടപ്പാടുകൾ മറികടക്കുന്നതിനായാണ് മത്സ്യബന്ധന സമൂഹത്തിലെ ചെറുപ്പക്കാർ അനധികൃതമായും അല്ലാതെയും വ്യാപകമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാല്‍ ഏറ്റവും സുരക്ഷിതവും നിയമപരവുമായ വഴികളിലൂടെയുള്ള കുടിയേറ്റമായി ഈ പ്രവണതയെ മാറ്റുന്നതിനും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി കുടിയേറുന്നവർക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിനും സര്‍ക്കാർ സംവിധാനങ്ങൾക്ക് ബാധ്യതയുണ്ട്. പ്രവാസം നടത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വർദ്ധനവിനെ ദുരുപയോ​ഗം ചെയ്യുന്ന ഏജൻസികളുടെ തട്ടിപ്പുകൾ തീർച്ചയായും അവസാനിപ്പിക്കേണ്ടതുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 20, 2022 3:34 pm