ഏലൂർ ​ഗ്യാസ്ചേമ്പറിനെതിരെ പോരാടിയ വിപ്ലവകാരി

പെരിയാറിലെ വ്യവസായിക മലിനീകരണത്തിനെതിരെ പ്രക്ഷോഭം തുടങ്ങി വെച്ച ആദ്യകാല സമര പ്രവർത്തകൻ എം.കെ കുഞ്ഞപ്പൻ 2023 ആ​ഗസ്ത് 28 ന് അന്തരിച്ചു. കേരളത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾ ശക്തമല്ലാതിരുന്ന എഴുപതുകളിൽ വ്യവസായ മലിനീകരണത്തിന്റെ പ്രശ്നങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച വ്യക്തിയാണ് എം.കെ കുഞ്ഞപ്പൻ. എംഎൽപിഐ റെഡ്ഫ്ലാ​ഗ് സംസ്ഥാന കമ്മിറ്റി അം​ഗവും, ഏലൂർ മുൻസിപ്പാലിറ്റി മുൻ എൽഡിഎഫ് കൗൺസിലറും, ഏലൂർ സമര സമിതി ചെയർമാനുമായിരുന്നു. ഏലൂർ-എടയാർ മേഖലയിലെ വ്യവസായ ശാലകൾ പെരിയാറിനെ മലിനീകരിക്കുന്നതിനെതിരെ നടക്കുന്ന സമരത്തിന് വർഷങ്ങളായി നേതൃത്വം നൽകുന്ന പുരുഷൻ ഏലൂർ എം.കെ കുഞ്ഞപ്പനെ അനുസ്മരിച്ചുകൊണ്ടെഴുതിയ കുറിപ്പ്.

1972ൽ ഏലൂർ ഗ്യാസ് ചേമ്പറിലേക്ക് സ്വാഗതം എന്ന ബോർഡ് കളമശേരിയിൽ സ്ഥാപിച്ചുകൊണ്ട് സഖാവ് എം.കെ കുഞ്ഞപ്പൻ മലിനീകരണ വിരുദ്ധ പോരാട്ടം ആരംഭിക്കുമ്പോൾ കേരളത്തിൽ പരിസ്ഥിതി ചിന്തകൾ മുളപൊട്ടുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഏലൂരിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഫാക്ടിൽ നിന്ന് പുറത്തേക്ക് വിടുന്ന അമോണിയയുടേയും സൾഫർ ഡയോക്സൈഡിന്റെയും രൂക്ഷ ഗന്ധമുള്ള കട്ടി പുക മൂലം തൊട്ടടുത്തുനിക്കുന്ന മനുഷ്യനെ പോലും കാണാൻ കഴിയില്ലായിരുന്നു. പ്രതിഷേധിക്കാൻ കഴിയാതെ നെഞ്ചുകുത്തുന്ന പുക ശ്വസിച്ചാണ് ജനങ്ങൾ കഴിഞ്ഞു കൂടിയിരുന്നത്. അവിടെയാണ് സഖാവിന്റെ പ്രതിഷേധമുയർന്നത്. പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് സൈലന്റ് വാലി അടക്കമുള്ള പരിസ്ഥിതി മുന്നേറ്റങ്ങൾ കേരളത്തിൽ ഉണ്ടാകുന്നത്!

അതിരാവിലെ, “മാഷ് എണീറ്റില്ലേ” എന്ന ചോദ്യവുമായി അടുക്കളയിലേക്ക് കയറിവരുന്ന കുഞ്ഞപ്പൻ ചേട്ടൻ കട്ടൻ കാപ്പി കുടിച്ച് ഞാൻ ജോലിക്ക് പോകാൻ ഇറങ്ങുന്നതുവരെ പെരിയാർ മലിനീകരണം മുതൽ ഇടതുപക്ഷ ബദൽ വരെ ചർച്ച ചെയ്തിട്ടായിരിന്നു തിരിച്ച് പോകുക. ചിലപ്പോ, ‘നിങ്ങളെന്തിനാണ് എല്ലാ ദിവസവും പണിക്ക് പോകുന്നത്’ എന്ന് ചോദിക്കും. നാട്ടിലെന്തൊക്കെ ചെയ്യാനുണ്ട് എന്ന് പറയും.

സഖാവ് എം.കെ കുഞ്ഞപ്പൻ

1998ൽ പെരിയാറിൽ മലിനീകരണം മൂലമുണ്ടായ വലിയ മത്സ്യക്കുരുതിക്കുശേഷമാണ് മത്സ്യത്തൊഴിലാളികളെ അണിനിരത്തി മലിനീകരണത്തിനെതിരെ ഐക്യനിരയുണ്ടാക്കണമെന്ന് കുഞ്ഞപ്പൻ ചേട്ടൻ പറയുന്നത്. അതിനുവേണ്ടി വരാപ്പുഴ, പിഴല, കടമക്കുടി, ചേരാനല്ലൂർ ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ കയറിയിറങ്ങി മലിനീകരണത്തെക്കുറിച്ച് സംസാരിച്ചു. അതിരാവിലെ സൈക്കിളിൽ വിവിധ സ്ഥലങ്ങളിൽ പോയി സംസാരിച്ച് സംഘടന രൂപികരണത്തിന്റെ കളമൊരുക്കി. തുടർന്ന് ഫാ. തോമസ് കോച്ചേരി, എം.കെ പ്രസാദ് മാഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ, മത്സ്യത്തൊഴിലാളി നേതാക്കൾ തുടങ്ങി നൂറുകണക്കിന് മനുഷ്യർ പങ്കെടുത്ത വലിയ ജനകീയ കൺവെൻഷൻ നടന്നു. തുടർന്നിങ്ങോട്ട് പെരിയാർ മലിനീകരണ വിരുദ്ധ സമിതി നടത്തിയ അവിസ്മരണീയമായ എല്ലാ മലിനീകരണവിരുദ്ധ പോരാട്ടങ്ങൾക്കും നേതൃത്വപരമായ പങ്കുവഹിച്ചു.

പ്രദേശിക വിഷയങ്ങളിൽ ഇടപെടുമ്പോൾ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും ഇടതുപക്ഷത്തിന്റെ കെട്ടുറപ്പില്ലായ്മയെ കുറിച്ചും ആശങ്കകൾ പങ്കുവക്കും. എല്ലാ ചർച്ചയിലും അദ്ദേഹം പറയുന്ന ഒരു കാര്യം വിശാല ഇടതുപക്ഷ ഐക്യമാണ് രാജ്യത്തുണ്ടാകേണ്ടത് നമ്മുടെ പ്രവർത്തനങ്ങൾ അതിനു കൂടി വേണ്ടിയാകണം എന്നതാണ്. അത് 87-ാം വയസ്സിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഓർമ്മകൾ ചെറുതായി മാഞ്ഞുതുങ്ങുന്നതുവരെ ആവർത്തിക്കുമായിരുന്നു.

എം.കെ കുഞ്ഞപ്പന് ജന്മനാടായ ഏലൂരിൽ നൽകിയ ആദരം

ജാതിയിൽ താണവന് വഴി നടക്കാനോ അമ്പലങ്ങളിൽ പ്രവേശിക്കാനോ കഴിയാതിരുന്ന കാലത്ത് വഴി നടക്കാനും ക്ഷേത്രത്തിൽ പ്രവേശിക്കാനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായി തിരുമുപ്പം ക്ഷേത്രത്തിലേക്ക് നടന്ന സമരത്തിൽ ചെറുപ്രായത്തിതന്നെ എം.കെ കുഞ്ഞപ്പൻ പങ്കെടുത്തു. കരിക്ക് സമരം അടക്കം നാട്ടിൽ നിലനിന്നിരുന്ന പല ജാതിയ ഉച്ഛനീചത്വങ്ങൾക്കെതിരെയും കുഞ്ഞപ്പൻ ചേട്ടൻ പ്രതികരിച്ചു. ചെറുപ്പത്തിലേ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന കുഞ്ഞപ്പൻ പിന്നീട് സി.പി.എമ്മിലും തുടർന്ന് ജീവിതാന്ത്യം വരെ സി.പി.എം.എൽ പാർട്ടിയിലും പ്രവർത്തിച്ചു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 5, 2023 1:13 pm