

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“നമ്മുടെ ചെലവിനുള്ള കാശിന് നമ്മൾ തന്നെ പണിക്ക് പോകണ്ടേ. ഭക്ഷണം മക്കളിൽ നിന്ന് കിട്ടുമെങ്കിലും ഞങ്ങൾക്ക് മരുന്നും കൂടി വാങ്ങിക്കണ്ടേ… അതിന് ഞങ്ങൾ തന്നെ പണിക്ക് പോകണം. ഈ പണിയില്ലെങ്കിൽ അക്കാര്യം വലിയ കഷ്ടത്തിലാവും.” തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാനായി തൃശൂർ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ 64 വയസുള്ള തൊഴിലാളി ചിന്നമ്മ ചാക്കോയുടേതാണ് നിരാശ നിറഞ്ഞ ഈ വാക്കുകൾ. തൊഴിലുറപ്പ് പദ്ധതിയെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി നവംബർ 27ന് തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിലേക്കും കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച് നടന്നു. തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, ദിവസക്കൂലി വർധിപ്പിക്കുക, തൊഴിൽ സമയം ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരം ഉന്നയിക്കുന്നത്. എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷനും വേതനം കൃത്യമായി കിട്ടാത്തതിനെതിരെ സമരത്തിലാണ്.


ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ഒരു സാമ്പത്തിക വര്‍ഷം ഏറ്റവും കുറഞ്ഞത് നൂറ് തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ദാരിദ്ര്യ ലഘൂകരണവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. 2008ൽ രാജ്യവ്യാപകമായി നടപ്പിലാക്കിയ ഈ പദ്ധതി വലിയ മാറ്റമാണ് ഇന്ത്യയിലെമ്പാടും സൃഷ്ടിച്ചിട്ടുള്ളത്. ഗ്രാമീണമേഖലയിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങളിലും കൃഷിയിലുമെല്ലാം ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്. എന്നാൽ തൊഴിൽ ദിനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തുകയും ബഡ്ജറ്റിൽ തുക അനുവദിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ കേന്ദ്ര സർക്കാർ പദ്ധതിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന പരാതി വ്യാപകമാവുകയാണ്.
തൊഴിൽ ദിനങ്ങൾ കുറയുന്നു
തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ പണിയും കൂലിയും കൃത്യമായി കിട്ടാതെ വന്നതോടെ പദ്ധതിയിൽ ചേരാൻ സ്ത്രീകൾ മടിക്കുന്ന സാഹചര്യം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം വികസിപ്പിച്ച നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (എൻ.എം.എം.എസ്) എന്ന ആപ്പ് ഉപയോഗിച്ചുള്ള ഹാജരെടുക്കലും പ്രതിസന്ധിയുണ്ടാക്കുന്നതായി തൊഴിലാളികൾ പറയുന്നു. പദ്ധതി നിർവഹണത്തിൽ ഏർപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പദ്ധതി നടപ്പിനെ ബാധിച്ചതായി വിമർശനമുണ്ട്. ആസൂത്രണത്തിലെ വീഴ്ച കാരണം ഒന്നേ മുക്കാൽ കോടിയിലധികം തൊഴിൽ ദിനങ്ങൾ സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷം കുറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര സർക്കാർ ഈ സാമ്പത്തിക വർഷം ആദ്യം അനുവദിച്ചത് ആറ് കോടി തൊഴിൽ ദിനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം അനുവദിച്ച 9.5 കോടി തൊഴിൽ ദിനങ്ങളിൽ നിന്നും മൂന്നരക്കോടി തൊഴിൽ ദിനങ്ങൾ ഒറ്റവർഷം വെട്ടിക്കുറച്ചു. കേരളത്തിന്റെ പ്രതിഷേധത്തെ തുടർന്ന് രണ്ട് കോടി തൊഴിൽ ദിനങ്ങൾ കൂടി പിന്നീട് അനുവദിക്കുകയായിരുന്നു.


“പദ്ധതി ആരംഭിച്ച് പതിനെട്ട് വർഷം കഴിഞ്ഞിട്ടും ഗ്രാമീണ ദാരിദ്ര്യം കുറയുകയല്ല, വർധിക്കുകയാണ് ചെയ്തത്. രജിസ്റ്റർ ചെയ്തിരുന്ന കോടിക്കണക്കിന് തൊഴിലാളികൾ പദ്ധതിയിൽ നിന്നും വർഷം തോറും പുറത്താകുന്നു. തൊഴിൽ ലഭിക്കുന്നവരുടെ എണ്ണവും വർഷം തോറും കുറയുന്നു. ഓരോ വർഷം കഴിയുംതോറും ലേബർ ബഡ്ജറ്റും പദ്ധതിക്കുള്ള തുകയും വെട്ടിച്ചുരുക്കിയിരിക്കുന്നു. 2020-2021 സാമ്പത്തിക വർഷത്തിൽ 385 കോടി തൊഴിൽ ദിനങ്ങൾ അനുവദിച്ചുകൊണ്ട് 11,8857 കോടി രൂപയാണ് അതിനായി ചെലവഴിച്ചത്. 2023-24 ഇത് 307 കോടി ദിനങ്ങളായി കുറച്ചുകൊണ്ട് 10,2850 കോടി രൂപയായി കുറച്ചു. പദ്ധതിക്കായി ബഡ്ജറ്റിൽ അനുവദിക്കുന്ന വിഹിതത്തേക്കാൾ കൂടുതലാണ് ഒരു സാമ്പത്തിക വർഷത്തിൽ വരുന്ന ചെലവ്. ഈ വർഷം ബഡ്ജറ്റിൽ അനുവദിച്ചത് 86,000 കോടിയാണ്. കഴിഞ്ഞ വർഷം 10 കോടി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കിയ കേരളത്തിന് ഈ വർഷത്തിൽ അനുവദിച്ചത് 6 കോടി തൊഴിൽ ദിനങ്ങൾ മാത്രമാണ്.” എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ കേരളീയത്തോട് പറഞ്ഞു.


“നൂറു തൊഴിൽ ദിനങ്ങൾ എന്നത് ക്രമമായി വെട്ടിച്ചുരുക്കിക്കൊണ്ട് പദ്ധതി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ സർക്കാർ നടത്തുന്നത്. കേരളത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ മൊത്തം 57,94,000 പേർ തൊഴിൽ കാർഡ് എടുത്തിട്ടുണ്ട്. അതിൽ തന്നെ ജോലി ചെയ്യാനായത് 24,16,000 പേർക്ക് മാത്രമാണ്. ഇതിൽ നൂറ് ദിവസത്തെ തൊഴിൽ ലഭിച്ചിരിക്കുന്നത് ഏതാണ് 3500ന് അടുത്ത് തൊഴിലാളികൾക്കാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ തൊഴിൽ കാർഡ് എടുത്തിരിക്കുന്ന തൊഴിലാളികൾ 39,33,000 പേരാണ്. 20,36,000 പേരാണ് അതിൽ തൊഴിലെടുത്തത്. അതിൽ നൂറ് ദിവസത്തെ ലഭിച്ചത് 5,69,108 പേർക്കും. നൂറ് ദിവസത്തെ തൊഴിൽ ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണം വർഷം തോറും കുറഞ്ഞുവരുന്നു. അതായത് തൊഴിൽ കാർഡ് എടുത്ത മുഴുവൻ ആളുകൾക്കും തൊഴിൽ ലഭിക്കുന്നില്ല എന്നാണ് ഈ കണക്ക് കാണിക്കുന്നത്.” എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് സീന ബോസ് കേരളീയത്തോട് പറഞ്ഞു.


തൊഴിൽ കാർഡ് എടുത്തിട്ടുള്ള പദ്ധതിയിലെ സജീവ തൊഴിലാളികളായവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ എട്ട് ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ലിബ്ടെക് ഇന്ത്യ എന്ന സംഘടന നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്. തൊഴിൽ കാർഡ് എടുത്തവരും തൊഴിൽ ചെയ്യുന്നവരും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നാണ് പഠനം വ്യക്തമാക്കുന്നത്. 100 ദിവസത്തിൽ കുറയാത്ത തൊഴിൽ ദിനങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാനുള്ള അവകാശം ബൈലോയിൽ ഉണ്ടായിരിക്കെയാണ് പല പ്രദേശങ്ങളിലും തൊഴിൽ കാർഡ് എടുത്തവരും തൊഴിൽ ലഭിക്കുന്നവരും തമ്മിലുള്ള അന്തരം വളരെ കൂടുതലാണ് എന്ന് കണക്കുകൾ കാണിക്കുന്നത്. ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ, തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 84.8 ലക്ഷം തൊഴിലാളികളുടെ പേരുകൾ പദ്ധതിയിൽ നിന്ന് ഇല്ലാതാക്കപ്പെട്ടതായും അക്കാദമിക് വിദഗ്ധരുടെ കൂട്ടായ്മയായ ലിബ്ടെക് ഇന്ത്യയുടെ പഠന റിപ്പോർട്ട് പറയുന്നു. ആധാർ അധിഷ്‌ഠിത പേയ്‌മെൻ്റ് സംവിധാനത്തിന് (എബിപിഎസ്) കേന്ദ്ര സർക്കാർ ഊന്നൽ നൽകിയതാണ് തൊഴിലാളികളുടെ പേരുകൾ ഇല്ലാതാക്കപ്പെടാൻ കാരണമെന്നാണ് പഠനം പറയുന്നത്. 2023 ജനുവരിയിലാണ് എബിപിഎസ് രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്. എബിപിഎസ്സിന് യോഗ്യത നേടുന്നതിന്, തൊഴിലാളികൾ നിരവധി നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ആധാർ കാർഡ് തൊഴിൽ കാർഡുമായി ലിങ്ക് ചെയ്യണം, ആധാറിലെ പേര് തൊഴിൽ കാർഡിലെ പേരുമായി പൊരുത്തപ്പെടണം, ബാങ്ക് അക്കൗണ്ട് പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് മാപ്പ് ചെയ്യണം തുടങ്ങിയ നിബന്ധനകൾ വന്നതോടെയാണ് നിരവധി തൊഴിലാളികൾ പദ്ധതിയിൽ നിന്നും പുറത്തായത്.
തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ
തൊഴിലുറപ്പിലെ സൈറ്റ് സൂപ്പർവൈസറി ജോലികൾ ചെയ്യുന്ന, മേറ്റുകൾ എന്നറിയപ്പെടുന്ന തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും പദ്ധതിയെ ബാധിക്കുന്നുണ്ട്. കൃത്യമായി കൂലി ലഭിക്കാതിരിക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അവർ നേരിടുന്നു. തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി രൂപപ്പെടുത്തിയ നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (എൻ.എം.എം.എസ്) എന്ന ആപ്ലിക്കേഷനുമായി ബന്ധപ്പെട്ടാണ് മേറ്റുമാർക്ക് കൂടുതൽ പരാതികൾ പറയാനുള്ളത്. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള എല്ലാ ജോലികൾക്കും ഹാജർ രേഖപ്പെടുത്തുന്നതിന് 2023 ജനുവരി ഒന്ന് മുതൽ ഇത് നിർബന്ധമാക്കിയിരുന്നു. ഇതുവഴി തൊഴിലാളികളുടെ ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകൾക്കൊപ്പം ഹാജർ രേഖപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം വർക് സൈറ്റ് മേറ്റുകൾക്കാണ്. തൊഴിലെടുക്കുന്ന എല്ലാവരും ഉൾപ്പെടുന്ന ഫോട്ടോ തൊഴിലെടുക്കുന്ന സ്ഥലത്ത് നിന്നും ആദ്യമെടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ജോലി പൂർത്തീകരിച്ച ശേഷം അതേ സ്ഥലത്ത് നിന്നും രണ്ടാമതും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യണം. മേറ്റുകൾക്ക് ഈ ആപ്പ് ഉപയോഗിക്കുന്നതിന് പരിശീലനം നൽകിയിട്ടുണ്ട്. എങ്കിലും പല മേറ്റുമാരും എൻ.എം.എം.എസിൽ അപ്ഡേറ്റ് ചെയ്യുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. ഇന്റർനെറ്റ് വേഗതയില്ലാത്ത ഉൾപ്രദേശങ്ങളിൽ ഹാജർ രേഖപ്പെടുത്തി തൽസമയം ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിന് കഴിയാതെ വരുന്നതോടെ തൊഴിൽ ദിനവും വേതനവും നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുന്നു.
“ആദ്യമൊക്കെ പണി സൈറ്റിൽ കയറി ഒരു ഒപ്പിട്ട് നമുക്ക് തൊഴിലിലേക്ക് പ്രവേശിച്ചാൽ മതി. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. തൊഴിൽ ആരംഭിക്കുമ്പോൾ എത്ര തൊഴിലാളികൾ വന്നിട്ടുണ്ട് എന്നത് ഫോണിൽ ഒരു ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണം. വൈകുന്നേരം പണി കഴിയുമ്പോൾ പണി തുടങ്ങിയത് എവിടെ നിന്നാണോ അവിടെ നിന്നുള്ള ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. അപ്പോൾ മാത്രമേ അന്നത്തെ വേതനം ലഭിക്കൂ. ചില സമയങ്ങളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് റേഞ്ച് ഉണ്ടാകില്ല, അപ്പോൾ അപ്‌ലോഡിങ് നടക്കില്ല. ഇത് അന്നത്തെ തൊഴിലാളികളുടെ കൂലി തന്നെ മുടക്കും. അവർ തൊഴിൽ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ഫോട്ടോ അപ്‌ലോഡ് ചെയ്ത് കിട്ടിയില്ലെങ്കിൽ കൂലി കിട്ടില്ല.” തൊഴിലുറപ്പ് മേറ്റ് ആയ ഗ്രേസി പറഞ്ഞു.


“രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് നാല് മണി വരെയാണ് ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള സമയം. ഇതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടാവാറുള്ളത്. സൈറ്റിലെ ആദ്യത്തെ പേജിൽ പത്ത് തൊഴിലാളികളുടെ പേരുണ്ടാകും. ഇതിൽ പത്ത് പേരും ചിലപ്പോൾ പണിക്ക് വന്നിട്ടുണ്ടാകണമെന്നില്ല. ചിലപ്പോൾ ആറ് പേരൊക്കെയേ കാണൂ. അപ്പോൾ ആ പേജ് മുഴുവനാവില്ലല്ലോ. ചിലപ്പോൾ രണ്ടാമത്തെ പേജിൽ മുഴുവൻ ആളുകളുമുണ്ടാകും. മുഴുവൻ ആളുകളെയും അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതുകൊണ്ട് അത് കൂലിയെ ബാധിക്കും. പിന്നെ റേഞ്ച് ഇല്ലാത്ത സൈറ്റിൽ ആണെങ്കിൽ ഫോണും കൊണ്ട് പറമ്പ് മുഴുവൻ കറങ്ങേണ്ടി വരും.” മേറ്റ് ദീപ കൂട്ടിച്ചേർത്തു.
“മേറ്റുമാർ പഞ്ചായത്ത് എ.ഇ മാർക്ക് പറമ്പിന്റെ ലൊക്കേഷൻ അയച്ചുകൊടുക്കും. ഇതിനനുസരിച്ചാണ് എ.ഇ എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഇത് കഴിഞ്ഞ് അവർ ആ പറമ്പിന്റെ ഫോട്ടോയെടുക്കാനായി വരും. പണി ചെയ്യുന്നത് കയറ്റം ഉള്ള പറമ്പാണെങ്കിൽ അവർ പറമ്പിലേക്ക് കയറാതെ റോഡിൽ നിന്നുകൊണ്ട് ഫോട്ടോയെടുക്കും. ഇത് പിന്നീട് ഞങ്ങൾക്ക് വലിയ പണിയാകും. കാരണം പിന്നീട് ഇതേ സ്ഥലത്ത് വച്ചാണ് ഞങ്ങൾ തൊഴിലാളികളുടെ ഫോട്ടോയെടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്യേണ്ടത്. ആ ലൊക്കേഷനിൽ നിന്ന് കുറച്ച് മാറിയാൽ പോലും ഫോട്ടോ അപ്‌ലോഡ് ആവില്ല. ഇങ്ങനെ കുറേതവണ അപ്‌ലോഡ് ആവാതെയിരുന്നിട്ടുണ്ട്. അങ്ങനെയായാൽ ഞങ്ങൾക്ക് കൂലി കിട്ടില്ല. പണി കഴിയുമ്പോൾ കുന്നിൻ മുകളിലാണ് ഉള്ളതെങ്കിൽ അവിടെ നിന്നും ഫോട്ടോയെടുക്കാനായി ആദ്യം ഫോട്ടോ എടുത്ത സ്ഥലത്തേക്ക് തിരിച്ചുവരണം. എല്ലാ ദിവസവും രണ്ട് നേരം ചെയ്യണം. ഉച്ച നേരത്ത് ഇതിന് മാത്രമായി കുന്നിൽ നിന്നും ഇറങ്ങി താഴെ വന്ന്, ഫോട്ടോയെടുത്ത ശേഷം തിരിച്ചുകയറണം. ഇതൊക്കെ പ്രായമായവരെ സംബന്ധിച്ച് വലിയ ശാരീരിക ബുദ്ധിമുട്ടാണ്.” തൃശൂർ പുത്തൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ തൊഴിലുറപ്പ് മേറ്റ് ആയ അമ്മാളുക്കുട്ടി വർഗീസ് പ്രയാസങ്ങൾ പങ്കുവച്ചു.


തൊഴിലാളികൾ കൊഴിഞ്ഞുപോകുന്നത് തടയുന്നതിനും തൊഴിലാളികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താനും പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച രേഖകൾ സുതാര്യമാക്കാനും വേണ്ടി നടപ്പിലാക്കിയ എൻ.എം.എം.എസ് ആപ്ലിക്കേഷൻ പദ്ധതി എങ്ങനെയങ്കിലും നിർത്തലാക്കണം എന്നാണ് മേറ്റുകൾ ആവശ്യപ്പെടുന്നത്.


തൊഴിലുറപ്പ് പണിയെടുക്കുന്നവരിൽ 90 ശതമാനം പേരും സ്ത്രീകളാണ്. കൂടുതലും 60 വയസിന് മുകളിലുള്ളവർ. ശാരീരികമായ പല അസ്വസ്ഥതകളുമുള്ള ഈ പ്രായത്തിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ജോലികൾ പൂർത്തിയാക്കാൻ തൊഴിലാളികൾക്ക് കഴിയുന്നില്ല എന്ന ആശങ്കയും മേറ്റുകൾക്കുണ്ട്. പഞ്ചായത്തുകളിലെ എ.ഇ മാരുടെ എസ്റ്റിമേറ്റ് അനുസരിച്ചുള്ള ജോലികൾ പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ വയോധികരായ തൊഴിലാളികൾക്ക് കഴിയാത്ത സാഹചര്യമുണ്ട്.
“എന്റെ ടീമിൽ മൊത്തം 60 വയസിന് മുകളിലുള്ളവരാണ്. കല്ല് കയ്യാല നിർമ്മാണം, മഴക്കുഴിയെടുക്കൽ, ജൈവവേലി കെട്ടൽ, കനാൽ നിർമ്മാണം, വാഴക്കുഴി കുത്തൽ, തെങ്ങിന് തടമെടുക്കൽ തുടങ്ങിയ പണികളാണ് ഞങ്ങൾ ചെയ്യുന്നത്. നീളവും വീതിയും ആഴവും ഉൾപ്പെടെ കുഴിയുടെ അളവുകൾ എഴുതി നിശ്ചിത എണ്ണം കുഴികൾ നിർമ്മിക്കണം എന്ന് സൈറ്റ് ഡയറിയിൽ എ.ഇ എഴുതിത്തരും. അതുപ്രകാരമാണ് ഞങ്ങൾ പണി ചെയ്യുക. മഴക്കുഴിക്ക് അളവനുസരിച്ച് കുഴി കുഴിച്ച് കല്ല് കൊണ്ട് കെട്ടിയെടുക്കണം. അഞ്ച് ദിവസം കൊണ്ട് പത്തും പന്ത്രണ്ടും കുഴിയൊക്കെ നിർമ്മിക്കാൻ അവർ പറയും. ഒരു മഴക്കുഴി കുത്തുന്നത് രണ്ടാള് ചേർന്നാണ്. ഈ രണ്ടാൾ ചേർന്നിട്ട് ഒരു ദിവസം കൊണ്ട് നാല് മഴക്കുഴി കുത്തണം എന്നൊക്കെ നിർദേശം കിട്ടാറുണ്ട്. ആദ്യം കുഴി കുത്തി, അതിലെ മണ്ണ് മുകളിലേക്ക് വലിച്ചിടണം. ഇതൊക്കെ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീർക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അതുപോലെ ജൈവവേലി നിർമ്മിക്കുമ്പോൾ ചിലപ്പോ ഇവർ പറയുന്ന ദിവസത്തിനുള്ളിൽ പണി പൂർത്തിയാകില്ല. ഒരേക്കർ ഭൂമിക്ക് ചുറ്റുമൊക്കെ ചിലപ്പോൾ വേലി കെട്ടേണ്ടി വരും. വേലി നിർമ്മിക്കാനായി കമ്പുവെട്ടികൊണ്ടുവരണം, അതാണ് പ്രധാന പണി. ഈ കമ്പും തറികളും ചുറ്റുവട്ടത്ത് നിന്നും കിട്ടുകയാണെങ്കിൽ കുഴപ്പമില്ല. അത് കിട്ടാത്ത സമയങ്ങളിൽ അതിന്റെ ശേഖരണത്തിന് കുറേ സമയമെടുക്കും. ചിലപ്പോൾ ദിവസങ്ങളെടുക്കും. കയ്യാല നിർമ്മിക്കാൻ ആണെങ്കിൽ കാട്ടുകല്ല് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. കരിങ്കല്ല് ഉപയോഗിക്കാൻ ഞങ്ങൾക്ക് അനുവാദമില്ല. പറമ്പുകളിൽ നിന്നും ഈ കല്ലെല്ലാം വെട്ടി പൊട്ടിച്ച് എടുക്കേണ്ടത് ഈ അറുപത് വയസു കഴിഞ്ഞ പെണ്ണുങ്ങളാണ്. അര മീറ്റർ നീളത്തിലും ഒരു മീറ്റർ ഉയരത്തിലും ഒരാൾ ഒരു ദിവസം കല്ലുകെട്ടണം. മണ്ണിനിടയിൽ നിന്ന് കല്ല് പൊട്ടിച്ചെടുത്ത് അത് കയ്യാല നിർമ്മിക്കുന്ന സ്ഥലത്ത് വരെയെത്തിക്കണം.” അമ്മാളുക്കുട്ടി വർഗീസ് വിശദമാക്കി. “പതിനെട്ട് വയസിന് മുകളിലുള്ള ഏതൊരാളെയും തൊഴിലുറപ്പ് ജോലിയിലേക്ക് പ്രവേശിപ്പിക്കുന്നുണ്ട്. തൊണ്ണൂറു വയസ് ഉള്ള ഒരു വ്യക്തി പദ്ധതിയിൽ ചേരാൻ താല്പര്യപ്പെട്ടാലും അത് നിരസിക്കില്ല. കാരണം തൊഴിലെടുത്ത് ജീവിക്കാൻ എല്ലാർക്കും അവകാശമുണ്ടല്ലോ.” മേറ്റായ അമ്മാളുക്കുട്ടി കൂട്ടിച്ചേർത്തു.


പ്രായാധിക്യമുള്ള സ്ത്രീകൾക്ക് തൊഴിലിടങ്ങൾ പലപ്പോഴും സൗഹാർദ്ദപരമാകുന്നില്ല എന്നാണ് മേറ്റുകൾ പറയുന്നത്. പണി സ്ഥലത്ത് സൗകര്യം ഇല്ലാതെ ആകുന്നതും അവരെ തൊഴിലിൽ നിന്ന് പിൻവലിക്കും. ആദ്യമൊക്കെ സ്വകാര്യ സ്ഥലങ്ങളിൽ പണിയെടുക്കാമായിരുന്നു. എന്നാൽ ഇപ്പോൾ അത് മൂന്ന് മാസത്തിൽ ഒരിക്കലായി കുറച്ചിട്ടുണ്ട്. അതാണ് തൊഴിൽ ദിനങ്ങൾ കുറയാൻ പ്രധാന കാരണമെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിൽ ദിനങ്ങൾ നിർബന്ധമായും മുന്നൂറായി വർധിപ്പിക്കണമെന്നാണ് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷന്റെ ആവശ്യം. ഇപ്പോൾ കിട്ടുന്ന 343 രൂപ എന്ന ദിവസക്കൂലി വർധിപ്പിക്കണമെന്നും എഴുന്നൂറ് രൂപയെങ്കിലും കൂലിയായി കിട്ടണമെന്നും അവർ ആവശ്യപ്പെടുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ ഏർപ്പെടുത്തണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതി പ്രകാരം തൊഴിലാളികൾ പ്രവൃത്തി ചെയ്യുന്ന വേളയിലോ, പ്രവൃത്തി മൂലമോ ഉണ്ടാകുന്ന അപകടങ്ങളിൽ എന്തെങ്കിലും പരിക്ക് പറ്റുകയാണെങ്കിലോ സൗജന്യ ചികിത്സ ലഭ്യമാക്കണം എന്നാണ് പദ്ധതിയുടെ ബൈലോയിൽ പറയുന്നത്. അപകട മരണങ്ങൾക്ക് എക്സ്ഗ്രേഷ്യാ 25,000 രൂപ ലഭ്യമാക്കണം എന്നും ബൈലോയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ തുക ഒന്നിനും തികയാറില്ല എന്നാണ് മേറ്റുകളും തൊഴിലാളികളും പറയുന്നത്. ഇപ്പോഴുള്ള നഷ്ടപരിഹാരം വർധിപ്പിക്കണം എന്നും അവർ ആവശ്യപ്പെടുന്നു.
തൊഴിലുറപ്പ് സൈറ്റുകളിൽ പല സമയത്തും അപകടങ്ങളും പരിക്കുകളും ഉണ്ടാകാറുണ്ട്. പണി സൈറ്റുകളിലേക്കുള്ള യാത്രാ വേളകളിൽ ഉണ്ടാകുന്ന അപകടങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈറ്റുകളിൽ നിന്നും പരിക്ക് പറ്റുക, തലകറക്കമുണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ സ്ഥിരമായി സംഭവിക്കാറുണ്ടെന്ന് മേറ്റുകൾ പറയുന്നു. അരുവിക്കരയിൽ ഭഗവതിപുരം വാർഡിൽ തൊഴിലുറപ്പ് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ച സംഭവവും കെണിയൊരുക്കിയ കോഴിഫാമിലെ കമ്പിയിൽ തട്ടി മാറനല്ലൂരിലെ തൊഴിലാളി ഷോക്കേറ്റ് മരിച്ചതും അടുത്തിടെയാണ്. വാഹനാപകടങ്ങൾ കൂടാതെ തെരുവ് നായയുടെ ആക്രമണവും പാമ്പു കടിയേൽക്കൽ, ഇടിമിന്നൽ ഏൽക്കൽ തുടങ്ങിയവയും പല പ്രദേശങ്ങളിലും സംഭവിച്ചിട്ടുണ്ട്.
ഒരു വാർഡിൽ നിശ്ചിത ചതുരശ്ര അടിയിൽ മാത്രം തൊഴിലുറപ്പുകാരുടെ പണി പരിമിതപ്പെട്ടുപോവുക എന്നത് ഒരാശങ്കയായി നിലനിൽക്കുന്നുണ്ട്. മറ്റ് തൊഴിൽ മേഖലകളിൽ കൂടി തൊഴിലുറപ്പിനെ വ്യാപിപ്പിച്ചുകൊണ്ട് ഈ ആശങ്കകയ്ക്ക് വലിയൊരു പരിഹാരം കാണാൻ കഴിയും എന്നാണ് സീന ബോസ് പറയുന്നത്. പുല്ലു ചെത്തൽ, മഴക്കുഴി നിർമ്മാണം, കുളം/കനാൽ വൃത്തിയാക്കൽ എന്നീ പണികൾ മാത്രമാണ് ഇതിൽ പൊതുവെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതുകൊണ്ടുതന്നെ വർഷത്തിൽ തൊഴിൽ ദിനങ്ങൾ കുറയുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് മറികടക്കാനും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാനുമായി ചില നിർദ്ദേശങ്ങൾ അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.


“ക്ഷീര കൃഷി, ആട്ടിൻ കൂട് നിർമാണം, പശു വളർത്തൽ, പുൽ കൃഷി എന്നിവയെല്ലാം തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൊണ്ടുവരാവുന്നതാണ്. കോൺക്രീറ്റ് കൊണ്ടുള്ള ഗ്രാമീണ റോഡുകൾ നിർമ്മിക്കുന്ന ജോലിയും തൊഴിലുറപ്പിനെ ഏൽപ്പിക്കാവുന്നതാണ്. അതിനായി അവർക്ക് കോൺക്രീറ്റ് മിക്‌സിംഗിനും മറ്റുമുള്ള പരിശീലനം കൊടുക്കാം. അതുപോലെ ലൈഫ് പദ്ധതിയിലേക്കും അവരുടെ സേവനം കൊണ്ടുവരാം. ഒരു വാർഡിൽ ഒരു വീട് പണിയുന്നുണ്ടെങ്കിൽ അതിൽ ഏർപ്പെട്ടാൽ തന്നെ 150 ദിവസം തൊഴിൽ കിട്ടും. ഇടുക്കി ജില്ലയിൽ തൊഴിലുറപ്പ് പണിക്കാർ ഏർപ്പെട്ട കിണർ നിർമ്മാണം വിജയകരമായി പൂർത്തിയാക്കിയതാണ്. അതുപോലെ ഹോളോബ്രിക്സ്, ഇഷ്ടിക നിർമാണം ഒക്കെ ചെയ്തവരുണ്ട്. ഇത്തരത്തിൽ രണ്ട് രീതിയിൽ അവർക്ക് തൊഴിൽ ലഭ്യമാക്കിയാൽ തൊഴിൽ ദിനങ്ങൾ കൂട്ടാൻ സാധിക്കും.” സീന ബോസ് പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ സ്ഥലമാണ് കേരളം. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുന്നതിനും ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. കേവലം ഒരു തൊഴിൽദായക സംരംഭം എന്നതിലുപരി സംസ്ഥാനത്തിന്റെ ഉത്‌പാദനരംഗത്ത് ഗുണപരമായ മാറ്റം വരുത്താൻ കഴിയുന്ന രീതിയിൽ കാർഷിക മേഖലയിലേക്ക് കൂടി വ്യാപിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണിത്. ഇപ്പോൾ തന്നെ അത്തരം ചില ശ്രമങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഉയർന്ന കൂലി നിരക്കും തൊഴിലാളികളുടെ ദൗർലഭ്യവും കാരണം പ്രതിസന്ധി നേരിട്ട കേരളത്തിലെ ചെറുകിട കാർഷിക മേഖലയ്ക്ക് തൊഴിലുറപ്പ് പദ്ധതി പലതരത്തിലും ഉപകാരപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂലി വർദ്ധനവും തൊഴിൽ ദിനങ്ങളിലെ വർദ്ധനവും ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ തീർച്ചയായും പരിഗണിക്കേണ്ടതാണ്.