എന്റെ പുഴ

എം.ടി വാസുദേവൻ നായർക്ക് ഇന്ന് നവതി. പ്രകൃതിയുടേയും ഭാരതപ്പുഴയുടേയും നാശത്തെക്കുറിച്ച് എന്നും അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ഭാരതപ്പുഴ സംരക്ഷണ സമിതി, പെരിങ്ങോം ആണവ നിലയ വിരുദ്ധ സമരം, ചാലിയാർ മലിനീകരണ വിരുദ്ധ സമരം, പ്ലാച്ചിമട സമരം എന്നിവയിലെല്ലാം എം.ടിയുടെ സാന്നിധ്യവും പങ്കാളിത്തവുമുണ്ടായിരുന്നു. സ്വന്തം പുഴയായി എം.ടി എന്നും വിചാരിച്ച നിളാനദി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു സംഭാഷണത്തിൽ‌ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേരളീയം പുനഃപ്രസിദ്ധീകരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ‘എന്റെ പുഴ’ പ്രൊജക്ടിനെക്കുറിച്ച് എം.ടി വാസുദേവൻ നായരോട് ഏതാണ്ട് വിശദമായിത്തന്നെ പറഞ്ഞപ്പോൾ, ഒന്നിനു പിറകെ ഒന്നായി ബീഡി പുകച്ചുകൊണ്ട് അദ്ദേഹം കേട്ടിരുന്നു. യാതൊരു പ്രതികരണവുമുണ്ടായില്ല. “ഞാനിപ്പോൾ പുഴയെക്കുറിച്ച് സംസാരിക്കാറില്ല. വെറുതെ തൊണ്ട വറ്റിക്കാമെന്നല്ലാതെ…” എം.ടി ബീഡി കുത്തിക്കെടുത്തി, മൗനത്തിലേയ്ക്ക് വീണു. എനിക്ക് എം.ടിയെ മനസ്സിലാകും. ഞാനും ഒന്നും മിണ്ടിയില്ല.
“നമുക്ക് സംസാരിക്കാം, വിശദമായിതന്നെ സംസാരിക്കാം. ഇപ്പോൾ വേണ്ട.” നിശ്ചയിച്ചുറപ്പിച്ച സമയത്ത്, തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് വി.എം ദീപയും ഞാനും എം.ടിയുമായി സംസാരിച്ചു. എം.ടി ഭൂതാവിഷ്ടനായിരുന്നു. നനവുള്ള ഭൂതകാലസ്മരണകളിൽ നിന്നും വരണ്ട വർത്തമാനകാലത്തിലേക്ക് ആ സംഭാഷണം പടർന്നപ്പോൾ, സങ്കടവും കയ്പ്പുനിറഞ്ഞ ഫലിതവും നിസ്സഹായതയും നിശിത വിമർശനവുമെല്ലാം വന്നുനിറഞ്ഞു. അതു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കായിരുന്നു. – മാങ്ങാട് രത്നാകരൻ

ഭാരതപ്പുഴ

പുഴകളൊക്കെ നശിച്ചുകൊണ്ടിരിക്കയാണ്. പല പുഴകളുടെയും അവസ്ഥ ഇതാണ്. ഇവിടെ മാത്രമല്ല പലയിടത്തും ഇത് സംഭവിച്ചിട്ടുണ്ട്. ഞങ്ങളൊക്കെ കുട്ടിക്കാലത്ത് ഭൂമിശാസ്ത്രം പഠിക്കുമ്പോൾ തമിഴ്നാട്ടിലെ പെണ്ണാർ, പാലാർ, കാവേരി എന്നിങ്ങനെയുള്ള പുഴകളെക്കുറിച്ചു പഠിച്ചിരുന്നു. മുതിർന്നു കഴിഞ്ഞ് ആ വഴിക്കൊക്കെ പോയപ്പോൾ പണ്ട് കേട്ടിട്ടുള്ള പുഴകളുടെ പേരുകൾ ബോർഡുകളിൽ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ പുഴകൾ കാണുന്നില്ല, വരണ്ടു കിടക്കുകയാണ്. കഴുതകൾ മേയുന്ന കാഴ്ചയാണ് കണ്ടത്. അതുകണ്ടപ്പോൾ അത്ഭുതം തോന്നി. നമ്മൾ കുട്ടിക്കാലത്ത് ജിയോഗ്രഫിയിൽ പഠിച്ച പുഴകളുടെ ഇപ്പോഴത്തെ അവസ്ഥ ഭീകരമാണ്. നമ്മുടെ നാട്ടിലും പുഴകളുടെ അവസ്ഥ വളരെ മോശമാണ്. ഞാനൊക്കെ ഭാരതപ്പുഴയുടെ തീരത്തു അതുമായി ബന്ധപ്പെട്ടു ജീവിച്ച ആളാണ്, അതിന്റെ തീരത്തിൽ ജനിച്ചു, ആ ഗ്രാമത്തിൽ വളർന്നു. പിന്നെ ഞങ്ങളുടെ ജീവിതവുമായി ഏറ്റവും അടുപ്പം ഉണ്ടായിരുന്നത് പുഴയും, അടുത്തുള്ള വയലുകളും അതിനു കുന്നുകളുമൊക്കെയായിരുന്നു. ഇന്ന് ആ ഭൂമിശാസ്ത്രമൊക്കെ മാറിപ്പോയി.

ഓരോ ഗ്രാമത്തിനും അവിടുത്തെ പുഴകളുമായി ഓരോ ബന്ധമാണുള്ളത്. ആ പുഴയ്ക്കൊരു കടവുണ്ടാകും. ആ കടവ് കടന്നു വേണ്ടേ പുറത്തുള്ള ലോകത്തേക്ക് പോകാൻ, പുറത്തു പോയി തിരിച്ചു വരുന്നതും ഈ കടവ് കടന്നാണ്. ഇതിഹാസം പോലത്തെ ഒരു കഥ ഞാൻ കേട്ടിട്ടുണ്ട്. വളരെ വളരെ വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ വിധവയായ ഒരു സ്ത്രീയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്ക് പശുക്കൾ ഉണ്ടായിരുന്നു. ഈ പശുക്കളെ കറന്നിട്ട് പാലു രാവിലെ പുഴവക്കത്ത് പോയി തോണി കാത്തുനിൽക്കും, അപ്പുറത്തെ കരയിൽ കൊടിക്കുന്നത്ത് എന്ന് പേരുള്ള ഒരു അമ്പലമുണ്ട്. അവിടെ ഈ പാല് കൊണ്ട് കൊടുക്കും. അവിടെ കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നാൽ അവിടുന്ന് കുറച്ചു നിവേദ്യച്ചോറ് കിട്ടും, ആ നിവേദ്യച്ചോറ് കൊണ്ടാണ് ഈ സ്ത്രീ വീട്ടിലേക്കു വരുന്നത്. കുട്ടികൾക്കുള്ള ഭക്ഷണമായിരുന്നു അത്. ഒരു തുലാവർഷക്കാലത്തു ഈ സ്ത്രീക്കു തോണി വിലങ്ങുന്നതു കാരണം അപ്പുറത്തെ കരയിലേക്ക് പാലുമായി പോകാൻ കഴിഞ്ഞില്ല. വീണ്ടും പാലുമായി ഉച്ചയ്ക്ക് പോയപ്പോഴും അപ്പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. വളരെ വിഷമിച്ചു ആ സ്ത്രീ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയ സ്ത്രീ പാലൊക്കെ കുട്ടികൾക്ക് കൊടുത്തു. അന്ന് രാത്രിയിൽ ആരോ ഇരുട്ടത്ത് വന്നു. വീടിന്റെ വാതിൽ തുറക്കാൻ പറഞ്ഞു. സ്ത്രീ വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു പാത്രം നിറയെ ചോറുമായി ഒരാൾ വന്നു. അത് കുട്ടികൾക്ക് കൊടുക്കാൻ പറഞ്ഞു, സ്ത്രീ പാത്രവുമായി അടുക്കളയിൽ പോയിട്ട് തിരിച്ചു വന്നപ്പോഴേക്കും അയാൾ പോയി എന്നാണു കഥ. ഞങ്ങളുടെ ഭഗവതിയാണ് ഈ ചോറ് കൊണ്ട് വന്നതെന്ന് അമ്മയും മുത്തശ്ശിയുമൊക്കെ ഞങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങളുടെ അടുത്ത തലമുറയും ആ ഭഗവതിയെ വിശ്വസിച്ചു പോരുന്നു. അങ്ങനെ പറയാൻ കാരണം കഴിഞ്ഞ ഇടയ്ക്കു ഞാൻ ഒരു ബന്ധുവിന്റെ മകളുടെ കല്യാണത്തിന് പോയപ്പോൾ എന്റെ ബന്ധുവായ ഒരു പയ്യൻ അവനു പുതിയ വീടും സൗകര്യങ്ങളുമൊക്കെ ഉണ്ടായത് ഭഗവതിയുടെ അനുഗ്രഹം കൊണ്ടാണെന്നു പറഞ്ഞു. അപ്പോൾ പുതിയ തലമുറയിലും ആ കഥ എത്തിയിട്ടുണ്ട്. ഇത്രയും അടുത്ത ബന്ധമാണ് ഞങ്ങൾക്ക് പുഴയുമായിട്ടു ഉണ്ടായിരുന്നത്.

നിളാതീരത്ത് എം.ടി. ഫോട്ടോ: റസാഖ് കോട്ടയ്ക്കൽ

ഈ കടവ് കടന്നാണ് അപ്പുറത്തെ ലോകം കണ്ടത്. കടവു കടന്നിട്ട് വേണം റെയിൽവേ സ്റ്റേഷനിൽ പോകാൻ. പള്ളിപ്പുറം സ്റ്റേഷനിൽ. പാസഞ്ചർ വണ്ടികൾ അവിടെ നിൽക്കും. ഞാൻ കോളേജിലൊക്കെ പോയിരുന്നത് ദിവസവും ഈ പുഴ കടന്നിട്ടാണ്. എന്റെ ചെറുപ്പകാലത്തു രണ്ടു വലിയ വെള്ളപ്പൊക്കം ഞാൻ കണ്ടിട്ടുണ്ട്. മലയിൽ നിന്ന് വരുന്ന വെള്ളമായതു കൊണ്ട് ഞങ്ങൾ വെള്ളപ്പൊക്കത്തിന് മലവെള്ളമെന്നാണു പറയുന്നത്. മലമ്പുഴ ഡാം ഉണ്ടാകുന്നതിനു മുൻപാണിത്. മലയിൽ വലിയ മഴ പെയ്താൽ ഇവിടെ വെള്ളപ്പൊക്കമുണ്ടാകും. എന്റെ വീട് വയലിന്റെ തീരത്താണെങ്കിലും കുറച്ചു ഉയരത്തിലായിരുന്നു. താഴെ താമസിക്കുന്ന ബന്ധുക്കളൊക്കെ വെള്ളപ്പൊക്കമുണ്ടായാൽ കെട്ടും ഭാണ്ഡവുമായി വീട്ടിലേക്കു വരും. അമ്മാവന്റെയൊക്കെ വീട്ടിൽ നിന്ന് അമ്മായിയും കുട്ടികളും സന്ധ്യ ആകുമ്പോൾ എന്റെ വീട്ടിലേക്കു വരുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. എപ്പോൾ പൊട്ടുമെന്നു അറിയാൻ അത് കാത്തു ആളുകൾ നിൽക്കും. പിന്നീട് അത്ര വലിയ വെള്ളപ്പൊക്കമൊന്നും ഉണ്ടായിട്ടില്ല. അണക്കെട്ടു വന്നതാവാം അതിനു കാരണം. അന്ന് ഈ മലവെള്ളം വന്ന് മൂന്നോ നാലോ ദിവസം വയലുകളൊക്കെ വെള്ളത്തിൽ മുങ്ങി കിടക്കും. ഞാനും ചേട്ടനും കൂടി വീടിന്റെ പടിക്കൽ നിന്ന് കുളിക്കുമായിരുന്നു. അത്രയ്ക്ക് വെള്ളമാണ് എല്ലായിടത്തും. നല്ല രസമായിരുന്നു അതൊക്കെ. മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് വെള്ളം ഇറങ്ങുന്നത്. അപ്പോഴേക്കും മലവെള്ളം കൊണ്ടുവരുന്ന ചെളികളാൽ വയൽ നിറഞ്ഞിരിക്കും. ഇത് അടുത്ത കൃഷിക്ക് സഹായകമായിരുന്നു. നല്ല വിളവുണ്ടാവും. ഇപ്പോൾ അങ്ങനത്തെ വെള്ളപ്പൊക്കമൊന്നും ഇല്ല. ഒന്നോ രണ്ടോ ദിവസം ചെറുതായിട്ട് വെള്ളം കയറും, അത്ര തന്നെ. എന്റെ പുഴയായ ഭാരതപ്പുഴയിൽ ഞങ്ങളുടെ പടിക്കൽ വെള്ളമുണ്ടാകില്ല. ഞങ്ങളുടെ അടുത്തുള്ളത് ഒന്ന് കിഴക്കേ പുഴയും, മറ്റേതു തിരൂർ കഴിഞ്ഞുള്ള വടക്കേ പുഴയും. വടക്കേ പുഴയിലും വെള്ളം കയറുമ്പോൾ ഞങ്ങൾ നടന്നു പാലത്തിനു ചുവട്ടിൽ പോയി കുളിക്കും. അവിടെ എപ്പോഴും വെള്ളമുണ്ടാകും, കാരണം കുന്തിപ്പുഴ അവിടെ വന്നാണ് ചേരുന്നത്. ഞങ്ങൾ കുട്ടികൾക്ക് വലിയ രസമായിരുന്നു അതൊക്കെ. ഇന്ന് ആ പുഴയ്ക്ക് ഒരുപാട് മാറ്റം സംഭവിച്ചു. ഈ കടവ് എന്ന് പറയുന്നത് വലിയൊരു പ്രസ്ഥാനമാണ്. കടവിനെക്കുറിച്ചു അതേ പേരിൽ ഞാനൊരു സിനിമതന്നെ ചെയ്തിട്ടുണ്ട്. കടവ് കടന്നാണ് നമ്മൾ മറ്റൊരു ലോകത്തേക്ക് പോകുന്നത്. അതു മാത്രമല്ല അവിടെ സ്ഥിരം വരുന്ന ആളുകൾ തമ്മിലുള്ള സ്നേഹബന്ധവും, അടുപ്പവും ഭയങ്കരമാണ്. നനുത്ത പ്രേമങ്ങൾ പോലും അത്തരം ബന്ധങ്ങളിലുണ്ടായിരുന്നു. പുറത്തേക്കു പോകുന്ന വാതിലുകൾ മാത്രമല്ല പല തരം ആളുകൾ ദിവസവും കണ്ടുമുട്ടുന്ന പ്രത്യേക ലോകമായിരുന്നു അത്. ഒരാളെ ഒരു ദിവസം കണ്ടില്ലെങ്കിൽ “ഇന്ന് മാഷിനെ കണ്ടില്ലല്ലോ” എന്ന് അന്വേഷിക്കുന്ന, ആളുകളുടെ ഒത്തുചേരലിന്റെ ഒരു സ്ഥലം കൂടിയായിരുന്നു അത്.

വെള്ളം ഇല്ലാത്തതു മാത്രമല്ല, ഒരുപാടു മാറ്റങ്ങൾ പുഴയ്ക്ക് സംഭവിച്ചു. പുഴയുടെ സംസ്കാരം തന്നെ മാറി. ഈ വരണ്ട സമയത്തു പുഴയുടെ ഇരുവശത്തും ചെറിയ ചെറിയ വീടുകൾ ഉണ്ടായിരുന്നു, ഇപ്പോളതൊന്നും ഇല്ല. അവരൊക്കെ കുളിക്കാനും കുടിക്കാനും ഉപയോഗിച്ചിരുന്നത് പുഴയിലെ വെള്ളമായിരുന്നു. ഓരോ വീട്ടുകാരും മണലിൽ കുഴി കുത്തിയിടും, അത് വൃത്തികേടാവാതിരിക്കാൻ ഓല മടലൊക്കെ കൊണ്ട് മൂടിയിടും. അവിടുന്ന് പെൺകുട്ടികൾ കുടത്തിൽ വെള്ളമെടുത്തു കൊണ്ടുപോകും. പുഴയിൽ വെള്ളം ഇല്ലാതായപ്പോൾ പരിസര പ്രദേശങ്ങളിലൊക്കെയുള്ള കിണറുകളിൽ വെള്ളം കുറഞ്ഞു. അടിവെള്ളം ഇല്ലാതെയായി, അടിവെള്ളം ഇല്ലെങ്കിൽ കിണറ്റിൽ വെള്ളം ഉണ്ടാവില്ല. എനിക്കവിടെ ചെറിയ ഒരു കോട്ടേജ് ഉണ്ടായിരുന്നു. പാരമ്പര്യമായി കിട്ടിയതൊന്നുമല്ല, പുഴ കാണാനായി ഒരു ചെറിയ കഷണം സ്ഥലം വാങ്ങിയതാണ്. അവിടെ വീടുണ്ടാക്കുമ്പോൾ ഞാൻ ആശാരിയോട് പറഞ്ഞത് എവിടെ നിന്നു നോക്കിയാലും പുഴ കാണണമെന്നാണ്. ഒരിക്കൽ ഒരു യാത്രക്കിടയിൽ ഞാൻ അവിടെ പോയപ്പോൾ കിണർ കുഴിക്കുകയായിരുന്നു. അപ്പോൾ “വാസു വന്നത് നന്നായി വെള്ളം കാണാറായി” എന്നാണ് ആശാരി പറഞ്ഞത്. അങ്ങനെ കുഴിക്കുമ്പോൾ അതിശക്തമായി വെള്ളം പുറത്തേക്കു വരികയാണ്. നമ്മുടെ നാട്ടുകാർ പൊതുവെ അതിശയോക്തിയുടെ ആളുകളായതു കൊണ്ട് “അയ്യോ ഇത് പ്രളയമായി വരുമല്ലോ” എന്നൊക്കെയാണ് പറഞ്ഞത്. ഞാൻ കണ്ടുനിൽക്കുമ്പോഴാണ് എവിടുന്നൊക്കെയോ മണൽച്ചാക്കൊക്കെ കൊണ്ടുവന്നു വെള്ളത്തിന്റെ ഗതി നിയന്ത്രിച്ചത്. അന്ന് ജനറേറ്റർ ഒന്നുമില്ലല്ലോ. എന്നാൽ ഇതേ സ്ഥലത്തു നാലു കൊല്ലം കഴിഞ്ഞപ്പോൾ വെള്ളമില്ലാത്ത അവസ്ഥയായി, കാരണം അടിവെള്ളം ഇല്ല. ചില വേനൽക്കാലങ്ങളിൽ ഇതുവഴി വരുമ്പോൾ കാണാൻ പറ്റുന്നത് നഗരത്തിൽ മാത്രം കാണാൻ പറ്റുന്ന ഒരു കാഴ്ച്ചയാണ്, ലോറികളിൽ വെള്ളം വരുന്നതും കാത്തു പാത്രങ്ങളുമായി നിൽക്കുന്ന പെണ്ണുങ്ങൾ. ഇതാണ് പുഴയുടെ കാര്യത്തിൽ സംഭവിച്ച വലിയൊരു മാറ്റം.

എം.ടി. കടപ്പാട്: എ.കെ ബിജുരാജ്, മാതൃഭൂമി

പുഴയുടെ മൊത്തത്തിലുള്ള സംസ്കാരം തന്നെ മാറി. പുഴയുടെ ഇരുവശത്തും സമൃദ്ധമായ പച്ചക്കറികൾ പണ്ട് ഉണ്ടായിരുന്നു. ഞങ്ങളൊക്കെ പുഴ കടന്നു തന്നെയായിരുന്നു യാത്ര ചെയ്തിരുന്നത്. റെയിൽവേ സ്റ്റേഷനിലേക്കും അമ്പലങ്ങളിലേക്കുമൊക്കെ പുഴ താണ്ടിത്തന്നെയാണ് പോകുന്നത്. ആ പുഴയൊക്കെ നഷ്ടപ്പെട്ടു. ഞാൻ കഷ്ടപ്പെട്ട് അമ്പതു സെന്റ് സ്ഥലം വാങ്ങി വീട് വെച്ചു, ഇപ്പോൾ നോക്കിയപ്പോൾ പുഴയില്ല. മണൽ കയറ്റിവരുന്ന തമിഴ് ലോറികൾ മാത്രമാണ് കാണാൻ കഴിയുന്നത്. രാത്രിയൊക്കെ അവരാണ് അവിടെ കാത്തു നിൽക്കുന്നത്, അവരുടെ സമയമനുസരിച്ചാണ് മണൽ കയറ്റുന്നത്. പുഴയുടെ സംസ്കാരം മുഴുവനായി മാറി. വെള്ളം ഇല്ലാതായിപോയതും മണൽ വാരുന്നതും മാത്രമല്ല, പുഴയുടെ സംസ്കാരം മുഴുവനായി മാറി. മണൽ വാരുന്നതുതന്നെ തെറ്റാണ്. അപ്പോഴാണ് അശാസ്ത്രീയമായി കൂടി മണൽവാരൽ നടത്തിയത്. നിയമപരമായ മണൽവാരൽ എന്നൊന്ന് ഇല്ലാത്ത തരത്തിലുള്ള മണൽ വാരലായിരുന്നു അവിടെ നടന്നത്. കാരണം തമിഴ്നാട്ടിൽ പട്ടാമ്പി മണലിനു വലിയ വിലയാണ്. പട്ടാമ്പി മണൽ എന്നാണു അവിടുങ്ങളിൽ അറിയപ്പെടുന്നത്. അതാതു താവളങ്ങളിൽ കൈക്കൂലി കൊടുത്താൽ മണൽ ലോറികൾ കടത്തിവിടും, അങ്ങനെ പോയി പോയി മണൽ ഇല്ലാതാവുന്ന അവസ്ഥ വരെയെത്തി. കൂടുതൽ വാരരുതെന്നു പറഞ്ഞ് കേൾക്കാതെ വാരി വാരി പാലങ്ങളുടെ സ്ഥിതിയും അപകടത്തിലായി. പണ്ട് സായിപ്പന്മാരുണ്ടാക്കിയ കരിവള്ളൂർ പാലം പുതുക്കി പണിയേണ്ടി വന്നു. തീരത്തുള്ള താമസങ്ങൾ, ചെറിയ തരത്തിൽ നടന്ന കൃഷി, സ്വന്തമായിരുന്ന കുടിവെള്ളം, തീരത്തുണ്ടായിരുന്ന പച്ചക്കറിക്കൃഷി അങ്ങനെ പുഴയുടെ എല്ലാ തരത്തിലുള്ള സംസ്കാരങ്ങളും നഷ്ടമായി. ഇതാണ് പുഴയ്ക്കു സംഭവിച്ച മറ്റൊരു ആപത്ത്. സംഗീതത്തിന്റെയും വാദ്യകലയുടെയും ഒരു ബെൽറ്റാണ് ഭാരതപ്പുഴയുടെ തീരങ്ങൾ, അല്ലെങ്കിൽ ആ തീരങ്ങളിലൂടെയാണ് ഇതൊക്കെ വ്യാപിച്ചത്. ഗന്താവയെ പോലെയുള്ള ശാസ്ത്രജ്ഞർ പറഞ്ഞത് പുഴയുടെ വക്കിൽ അല്ലെങ്കിൽ മലയുടെ മുകളിൽ ഒക്കെയാണ് സംസ്കാരങ്ങൾ വളരുന്നത് എന്നാണ്. ചെറുപ്പത്തിൽ അത് കേട്ടപ്പോൾ എനിക്ക് വലിയ അത്ഭുതം തോന്നിയിരുന്നു. നമ്മുടെ തീരപ്രദേശത്തു ഒരുപാട് കലാരൂപങ്ങളും കലാകാരന്മാരും ഉണ്ടായിരുന്നു. പണ്ട് ഇതിനപ്പുറത്തു കൂടി ഒഴുകുന്ന പുഴയുടെ പേര് തിരൂർ പൊന്നാനി പുഴ എന്നായിരുന്നു. എന്നാൽ ഇന്നത് ഒരു കനാൽ പോലെയാണ്. വള്ളത്തോൾ ഈ പുഴയിലൂടെ തോണിയാത്ര നടത്തുന്നതിനെക്കുറിച്ച് ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്. ഇപ്പോൾ അതൊരു പുഴയാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഈ പുഴയിലൂടെ ജലഗതാഗതം, ചരക്കു നീക്കം ഒക്കെയുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന ട്രാൻസ്പോർട്ടിങ് സൗകര്യം. പണ്ടു കാലത്തു കപ്പലുകൾ വന്നിരുന്നു എന്നൊക്കെ പറയാറുണ്ട്. നമ്മുടെ വീടിന്റെ അടുത്ത് പന്നിയൂർ തുറ എന്നൊരു സ്ഥലമുണ്ടായിരുന്നു. അവിടെ ഒരു ചെറിയ തുറ ഉള്ളത് കൊണ്ടാണ് പന്നിയൂർ തുറ എന്ന പേര് വന്നതെന്നൊക്കെ പറയാറുണ്ട്. ഇപ്പഴും ആ സ്ഥലത്തിന്റെ പേര് പന്നിയൂർ തുറ എന്നു തന്നെയാണ്. തോണികളിലും, കപ്പലിലും പൊന്നാനി വരെ ചരക്കു നീക്കമുണ്ടായിരുന്നു. എന്റെയൊക്കെ ചെറുപ്പകാലത്തു വലിയ വള്ളങ്ങളിൽ സാധനങ്ങളുമായി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. രാത്രി ഞങ്ങളുടെ പടിക്കൽ തോണി ചേർത്തുനിർത്തും. എന്നിട്ടു അവർ ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിക്കും, ചിലപ്പോഴൊക്കെ അവർ കെസ്സ് പാട്ടുകളൊക്കെ പാടുന്നത് കേൾക്കാമായിരുന്നു. അങ്ങനെയുള്ള ഒരു ജീവിതവും പുഴയുടെ ഒരു സംസ്കാരവുമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ പാടേ മാറി. വെള്ളമില്ലായ്മ മാത്രമല്ല പുഴയ്ക്കു പറ്റിയ ആപത്ത്, അതിനെ ആശ്രയിച്ചുള്ള കുറച്ചു ജീവിതങ്ങൾ ആകെ മാറിമറിഞ്ഞുപോയി എന്നതാണ്.

ഇതൊക്കെ കാണുമ്പോൾ വിഷമമുണ്ട്. പക്ഷെ ഒന്നും ചെയ്യാൻ കഴിയില്ല. പുഴ കണ്ടുകൊണ്ടിരിക്കാനാണ് ഞാൻ അവിടെ അമ്പതു സെന്റ് സ്ഥലം വാങ്ങി വീട് വെച്ചത്. എന്നാൽ ഇന്ന് പുഴ കാണാനേ ഇല്ല. കാണാൻ കഴിയുന്നത് കുറച്ചു ലോറികളും പൊന്തക്കാടുകളും. സന്ധ്യ കഴിഞ്ഞാൽ പുറത്തോട്ടു ഇറങ്ങാൻ പറ്റില്ല, ഈ പൊന്തക്കാടുകളിൽ കള്ളവാറ്റ് തുടങ്ങി. അവിടങ്ങളിലെ ജീവിതം തന്നെ മാറിമറിഞ്ഞു. പണ്ട് സന്ധ്യ കഴിഞ്ഞാൽ ഗ്രാമപ്രദേശങ്ങളിൽ ശാന്തതയായിരുന്നു. ഇപ്പോൾ അതല്ല, പുറത്തേക്കു ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഞാനിപ്പോൾ അങ്ങോട്ടേക്ക് പോകാറില്ല. ആ സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. അടിച്ചുവാരാൻ കൂടി ആളുകളെ കിട്ടാനില്ലാത്ത അവസ്ഥ. പിന്നെ അടുത്തുള്ള ബന്ധുവിനോട് വാടകയ്ക്ക് ആരെയെങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കാൻ പറഞ്ഞു. വാടക പ്രതീക്ഷിച്ചൊന്നുമല്ല. അടിച്ചു വാരാനെങ്കിലും ആളെ കിട്ടുമല്ലോ എന്ന് കരുതിയാണ്. പക്ഷെ ഞങ്ങളുടെ സ്ഥലം ചെറുതായതു കൊണ്ടും, വലിയ സ്ഥാപനങ്ങൾ ഇല്ലാത്തതു കൊണ്ടും അതിനും ആളുകളെ കിട്ടാതായി. ആകെയുള്ള ഒരു സ്കൂളിലെ ആളുകൾ കുറ്റിപ്പുറത്തും, കോഴിക്കോടും പോയി താമസിക്കാൻ തുടങ്ങി. അപ്പോൾ പുഴയുടെ പതുക്കെ പതുക്കെയുള്ള ക്ഷയമാണ് നമ്മുടെ മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്.

എം.ടി. കടപ്പാട്: മനോരമ

ഈ ഇടവപ്പാതി കാലത്ത് മഴ പെയ്തു കിണറുകളൊക്കെ നിറഞ്ഞു, കുളങ്ങൾ നിറഞ്ഞു, അത് കരകവിഞ്ഞു ഒഴുകാൻ തുടങ്ങി. ഈ വെള്ളമൊക്കെ വന്നു പുഴയിൽ ചേരും. മീനൊക്കെ വരും, പുഴവക്കത്ത് മീൻപിടുത്തക്കാരായിട്ടുള്ള നാട്ടിൻപുറത്തെ നമ്മുടെ തന്നെ ആളുകളും നാട്ടുകാരും വലയൊക്കെ ആയി റെഡി ആയിട്ടു നിൽക്കും. അവർ ഈ പുഴയിലേക്ക് നോക്കിക്കൊണ്ടു നിന്ന്, ചില അലകൾ കണ്ടിട്ട് പറയും, വാളയാണ് വരുന്നതെന്ന്’. പുഴയെ വായിക്കാനുള്ള ഭാഷ അവർക്ക് അറിയാമായിരുന്നു. അവർ പറഞ്ഞത് പോലെ തന്നെ വാള തന്നെയാവും വലയിൽ കുടുങ്ങുന്നതും. അപ്പോൾ പുഴ ഇവരുമായിട്ടൊക്കെ ഇത്രയധികം സംവേദനം നടത്തിയിരുന്നു. അന്ന് ജീവനുള്ള വസ്തുവായിരുന്നു പുഴ. ഇന്നത് ജഡമായി മാറി. പുഴയ്ക്കപ്പുറമുള്ള വയലുകളും നഷ്ടമായി. ഇപ്പോൾ പത്തേക്കർ വരെ നികത്താൻ കഴിയും. പണ്ട് വഴി ചോദിക്കുമ്പോൾ കൂട്ടക്കടവ്’ എന്നൊക്കെ വെച്ചാണ് പറഞ്ഞിരുന്നത്. പുഴ ഇല്ലാതായതോടു കൂടി വയലുകളും ഇല്ലാതായി, കുടി വെള്ളം ഇല്ലാതെയായി, ആ ഗ്രാമപ്രദേശത്തിന്റെ സംസ്കൃതിയിൽ വലിയ മാറ്റം വന്നു.

മണൽവാരുന്ന യന്ത്രങ്ങളും ലോറികളും

ഇപ്പോൾ അടുത്തകാലം വരെയും മണൽ വിൽക്കുകയായിരുന്നു. ഒന്നിച്ചു മണൽ കൊണ്ടുപോകാൻ പറ്റാത്തതു കൊണ്ട് പിള്ളേരൊക്കെ സൈക്കിളിൽ മണൽവാരിക്കൊണ്ട് പോകുന്നു. അത് മാത്രമല്ല പുഴ ഒരു കുപ്പത്തൊട്ടിയായി മാറി. ഒറ്റപ്പാലം ഭാഗത്തു പുഴയുടെ ഇരുവശത്തും കടകളാണ്. ഈ കടകളിലെ മാലിന്യം മുഴുവനും പുഴയിലേക്കാണ് വലിച്ചെറിയുന്നത്. ഒരു മഴയങ്ങോട്ടു പെയ്തു കഴിഞ്ഞാൽ പുഴയിലെ മാലിന്യങ്ങളെല്ലാം പൊങ്ങിവരും. ഒന്നുരണ്ടുതവണ ഞാൻ അവിടെ പോയിട്ടുണ്ട്. ഈ കണ്ണിൽ കണ്ടതിനെല്ലാം കല്ലെറിയാൻ നടക്കുന്ന വിദ്യാർത്ഥി സംഘടനകളുണ്ടല്ലോ, അവർ പോയി ഇത്തരം ആളുകളെ പറഞ്ഞു മനസ്സിലാക്കണം. ഈ പുഴ അവരുടെ വേസ്റ്റ് ബിൻ അല്ലെന്നും കണ്ണിൽ കണ്ടതൊക്കെ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയല്ലെന്നുമൊക്കെ അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയണം. അത്രയ്ക്കും മാലിന്യങ്ങളാണ് പുഴയിലേക്ക് വലിച്ചെറിയപ്പെടുന്നത്. ഞാൻ അവിടുത്തെ കളക്ടർമാരോടൊക്കെ സംസാരിച്ചതാണ്, എല്ലാവർക്കും ആഗ്രഹം ഉണ്ട്, എന്നാൽ പഴയ രീതിയിലേക്ക് പുഴയെ തിരിച്ചുകൊണ്ടു വരാൻ കഴിയില്ല. ഈ പുഴയെ സംരക്ഷിക്കാൻ വലിയ ഫണ്ടുകളൊക്കെയുണ്ട്, എന്നാൽ എങ്ങനെ സംരക്ഷിക്കും? അതിനു ഒന്നാമതായി വേസ്റ്റ് മാനേജ്മെന്റ് വേണം, രണ്ടാമതായി അശാസ്ത്രീയമായ മണൽവാരൽ നിർത്തണം. ഒരു വ്യവസ്ഥയും ഇല്ലാതെയാണ് മണൽ വാരിക്കൊണ്ടു പോകുന്നത്. കുറേയൊക്കെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു എങ്കിലും എല്ലാം പോയി കഴിഞ്ഞിട്ട് പിന്നെ എന്ത് നിയമം കൊണ്ടുവന്നിട്ടും ഒരു കാര്യവുമില്ല. വികസനം എന്ന് പറയുന്നത് നാടിന്റെ വികസനം അല്ലേ? കുടിവെള്ളം ഇല്ലാണ്ട് എന്ത് വികസനം? മനുഷ്യനു വേണ്ട ചില പ്രാഥമിക ആവശ്യങ്ങളുണ്ട്. ശുദ്ധമായ വെള്ളം, ശുദ്ധവായു, ശുദ്ധമായ പച്ചക്കറികളും ഭക്ഷണ സാധനങ്ങളും. ഇതൊന്നുമില്ലാതെ വികസനത്തിന് എന്ത് അർത്ഥമാണ് ഉള്ളത്. വലിയ മണിസൗധങ്ങൾ ഉണ്ടാക്കിയിട്ട് എന്താണ് അർത്ഥം?

പെരിങ്ങോം ആണവ നിലയ വിരുദ്ധ സമരത്തിൽ സു​ഗതകുമാരിക്കും ആർ.വി.ജിക്കും ഒപ്പം എം.ടി. കടപ്പാട്: മാതൃഭൂമി

അനേകം സൗധങ്ങൾ ഉണ്ടാക്കി, പക്ഷെ വെള്ളമില്ല, എവിടെ വെള്ളം? ഇപ്പോൾ കോഴിക്കോട്ടൊക്കെ മൾട്ടി സ്റ്റോറിഡ് പദ്ധതികൾ എന്നൊക്കെ പറഞ്ഞു പത്തു നില പതിനഞ്ചു നിലയൊക്കെയാണ് പണിയുന്നത്, അതിൽ വെള്ളമില്ല. രാവിലെ നമ്മൾ കാണുന്നത് അവിടേക്കു കൊണ്ടു പോകാൻ പുഴയിൽ നിന്ന് ലോറികളിൽ വെള്ളം അടിച്ചു കയറ്റുന്നതാണ്. അപ്പോൾ പുഴകളുടെ നാശം നമ്മുടെ സംസ്കൃതിയുടെ നാശം കൂടിയാണ്. സംസ്കൃതിയെന്നോ, പാരമ്പര്യമെന്നോ, നമ്മുടെ പഴയ ജീവിത ശൈലി എന്നോ എന്തു വേണമെങ്കിലും പറയാം. അതിന്റെയൊക്കെ ഒരു മാറ്റമാണ്. പണ്ട് പച്ചക്കറിയൊക്കെ പുഴവക്കത്തു ഉണ്ടായിരുന്നു. ബ്രിഡ്ജ് വരുന്നതിനു മുമ്പ് കുറ്റിപ്പുറത്ത് വഴിയരികിൽ രാസവസ്തുക്കളൊന്നുമില്ലാത്ത പച്ചക്കറികൾ വിൽക്കാൻ വയ്ക്കും. അത് വാങ്ങിയിട്ടാണ് വീട്ടിലോട്ടു പോയിരുന്നത്. ഇപ്പോൾ വീണ്ടും ഇത്തരത്തിലൊരു തുടക്കം കുറ്റിപ്പുറം ഭാഗത്തൊക്കെ കണ്ടു വരുന്നുണ്ട്. കുറച്ചു കഴിഞ്ഞാൽ ഈ നഷ്ടബോധം വന്നിട്ട് നമ്മൾ തന്നെ അതിലേക്കു തിരിച്ചു പോകും. വെള്ളം കൊണ്ടുവരാൻ നിവർത്തിയില്ലാതെ ആയിരിക്കുന്നു. വാട്ടർ മാനേജ്മെന്റ് ഉണ്ടെങ്കിൽ അത് സാധിക്കും. ഈ കുന്നുംപുറത്തൊക്കെ പെയ്യുന്ന മഴ എങ്ങോട്ടാണ് പോകുന്നത്? അതിനെ സംരക്ഷിക്കണം. ചെറിയ മഴക്കുഴികൾ പോലുള്ള കുഴികൾ ഉണ്ടാക്കി അതിനെ പതുക്കെ നദിയിലേക്കു തിരിച്ചു വിടാൻ സാധിക്കും. പണ്ട് ഓരോ ഗ്രാമ പ്രദേശത്തും വലിയ വലിയ നിരവധി കുളങ്ങളുണ്ടായിരുന്നു. കുളങ്ങളൊക്കെ നികത്തി കെട്ടിടങ്ങൾ വെച്ചു, വയലുകൾ നികത്തി കെട്ടിടങ്ങൾ വെച്ചു. പുഴകളെ വികസിപ്പിക്കാനുള്ള ഒരു പദ്ധതി ഞാൻ ഉദ്യോഗസ്ഥന്മാരോടൊക്കെ സംസാരിച്ചതാണ്, പക്ഷേ അവിടെ വരുമ്പോൾ പ്രശ്നങ്ങളാണ്. അത് അമ്പലത്തിന്റെ കുളമാണ്. അത് നമ്മളെന്തിന് നന്നാക്കണം, അത് പള്ളിയുടെ കുളമാണ്. അത് നമ്മളെന്തിന് നന്നാക്കണം എന്നൊക്കെയുള്ള തർക്കങ്ങൾ വരും. പക്ഷേ വെള്ളം, ശുദ്ധ വായു, അത്യാവശ്യം കഴിക്കാനുള്ള ഭക്ഷണം ഇതെല്ലാം കഴിഞ്ഞിട്ടേ വികസനമുള്ളൂ. വികസനം എന്ന് പറയുന്നത് ഇതിന്മേലാണ്, കേറി കിടക്കാൻ ഒരു സ്ഥലം, ശ്വസിക്കാൻ വായു, കുടിക്കാൻ വെള്ളം, നേരത്തിന് ഭക്ഷണം. ഇതൊക്കെ കഴിഞ്ഞിട്ടുള്ള വികസനമേ എവിടെയും ഉണ്ടായിട്ടുള്ളൂ.

ജീവനരേഖ: ചന്ദ്ര​ഗിരിപ്പുഴയുടെ ചരിത്രവർത്തമാനങ്ങൾ കവർ

കുട്ടികൾക്ക് ഇതൊക്കെ മനസ്സിലാവണം, അവർക്കു ഇതുവരെ മനസ്സിലായിട്ടില്ല, അവർക്കു കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും. നമ്മൾ കടന്നുപോകുന്ന വിപത്തുകളെപ്പറ്റി അവർക്കു ധാരണകളില്ല. ഈ പ്രകൃതിയോട് നമ്മൾ ചെയ്ത സംഹാരക്രിയകളെ പറ്റി കുട്ടികൾക്ക് ബോധ്യമില്ല, കാരണം നമ്മൾ കുട്ടികൾക്ക് അത് പറഞ്ഞുകൊടുക്കുന്നില്ല. ഈ പ്രകൃതി അവരുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇതുവരെ വന്നിട്ടില്ല. ഇപ്പോൾ ചില ലേഖനങ്ങളൊക്കെ ടെക്സ്റ്റ്ബുക്കിൽ വരുന്നു. പക്ഷേ ഇതുവരെ വന്നിട്ടുണ്ടായിരുന്നില്ല. പണ്ടങ്ങനെ ആയിരുന്നില്ല. ഞാനീ ഗ്രാമത്തിലെ സ്കൂളിലാണ് രണ്ടാം ക്ലാസ്സ് വരെ പഠിച്ചത്. അതുകഴിഞ്ഞു നാലാം ക്ലാസ്സ് വരെ അടുത്തുള്ള സ്കൂളിൽ പഠിച്ചു. ഇന്നത്തെ പോലെ എഴുത്തിനൊന്നും ഇരുത്തിയതല്ലായിരുന്നു. ശല്യം തീർക്കാൻ കൊണ്ടുപോയി ഇരുത്തിയതാണ്. അന്ന് പഠിപ്പിക്കുന്ന വിഷയങ്ങൾ വ്യത്യ സ്തമായിരുന്നു. ഞങ്ങളെ മരക്കണക്കും, കായക്കണക്കുമൊക്കെയായിരുന്നു പഠിപ്പിക്കുന്നത്. ഞങ്ങളുടെ കാലത്തു ചെറുകായകൾ ധാരാളമുണ്ടായിരുന്നു. അത് ഇങ്ങനെ ഒന്ന് രണ്ടു മാസം കൂടുമ്പോൾ വെട്ടിക്കൊണ്ടുപോയി വിൽക്കും. അതിങ്ങനെ ഓരോ സ്ഥലത്തു കൊണ്ടുപോയി വിൽക്കുമ്പോൾ അതിനൊരു കണക്കുണ്ട്. അന്നത്തെ സാഹചര്യങ്ങൾക്ക് വേണ്ടത് അതായതുകൊണ്ട് അതാണ് അന്നത്തെ സ്കൂളുകളിൽ പഠിപ്പിച്ചിരുന്നത്. അഞ്ചാം വയസ്സിൽ കംപ്യൂട്ടർ പഠിക്കുന്ന ഇന്നത്തെ കുട്ടികളോട് പ്രകൃതിയെക്കുറിച്ചും പുഴകളെക്കുറിച്ചുമൊക്കെ പറഞ്ഞാൽ അവർക്ക് പെട്ടെന്ന് മനസ്സിലാകും. അത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൊണ്ടുപോകണം. നഗരത്തിലെ കുട്ടികളോട് ഇത് പറഞ്ഞാൽ അവർക്ക് പെട്ടെന്ന് മനസ്സിലാകും. കാരണം കഴിഞ്ഞ മൂന്നു ദിവസമായി നഗരത്തിൽ വെള്ളമില്ല, എപ്പോൾ വരുമെന്ന് പറഞ്ഞു കാത്തിരിക്കുകയാണ്. ഗ്രാമത്തിലെയും ഇപ്പോഴത്തെ അവസ്ഥ ഏകദേശം ഇതാണ്. എന്റെ ഗ്രാമത്തിൽ വരിവരിയായി കുടം വെച്ച് കാത്തിരിക്കുന്നത് കണ്ടു ഞാൻ ഞെട്ടിയിട്ടുണ്ട്. കിണർ കുഴിച്ചിട്ടു വെള്ളം വരുന്നത് കണ്ടു ഞെട്ടിയ ആളുകളാണ്. ഒരിക്കൽ ഞാൻ വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ ഏതോ അമ്പലത്തിലെ ഉത്സവം കഴിഞ്ഞു മൂന്നാനകളെയും കൊണ്ട് കുറച്ചാളുകൾ വരുന്നു. ആനക്കാരൻ എന്റെ അടുത്തു വന്നിട്ട് പറഞ്ഞു “പുഴയിലെങ്ങും വെള്ളമില്ല, ഇവിടുത്തെ കിണറ്റിൽ വെള്ളമുണ്ടെന്നു അറിഞ്ഞു, ആന ദാഹിച്ചു നിൽക്കുകയാണ് വേറൊരു നിവർത്തിയുമില്ല.” എന്റെ ചെടികൾ നശിപ്പിക്കാതെ ഓരോ ആനകളെയായിട്ടു കൊണ്ട് പോയി വെള്ളം കൊടുക്കാൻ പറഞ്ഞു. അങ്ങനെ ആനകൾ വെള്ളം കുടിച്ചു പോയി. അപ്പോൾ ഇങ്ങനെയൊക്കെ ആയി അവസ്ഥ. പണ്ടുകാലത്ത് പുഴയുടെ ഏതെങ്കിലും ഒരു വശത്തു കുടിക്കാനും കുളിക്കാനും വേനൽക്കാലങ്ങളിൽ വെള്ളം കാണുമായിരുന്നു. അന്ന് പുഴ നമ്മുടെ പടിക്കൽ ഉണ്ടായിരുന്നു; ഇന്ന് വെള്ളമില്ലാതായി.

കടപ്പാട്: ജീവനരേഖ: ചന്ദ്രഗിരിപ്പുഴയുടെ ചരിത്ര വർത്തമാനങ്ങൾ: ചീഫ് എഡിറ്റർ, ജി.ബി.വൽസൻ/2018 ജനുവരി.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read