

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


2025 ആരംഭിച്ചത് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിക്കൊണ്ടായിരുന്നു. ഛത്തീസ്ഗഢിലെ സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകർ ക്രൂരമായി കൊല്ലപ്പെട്ടത് 120 കോടി രൂപയുടെ റോഡ് നിർമ്മാണ പദ്ധതിയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ്. കരൾ അരിഞ്ഞ് കഷ്ണങ്ങളാക്കുകയും ഹൃദയം ചൂഴ്‌ന്നെടുക്കുകയും ചെയ്യപ്പെട്ട നിലയിലാണ് ബിജാപൂരിലെ റോഡ് കോൺട്രാക്ടറുടെ വീട്ടുവളപ്പിലുള്ള സെപ്റ്റിക് ടാങ്കിൽ മുകേഷിന്റെ മൃതദേഹം കണ്ടെടുത്തത്. അഴിമതി പുറത്തുകൊണ്ടുവന്നു എന്നത് മാത്രമാണ് ഇത്രയും ക്രൂരത 32 കാരനായ ആ യുവ മാധ്യമ പ്രവർത്തകനോട് കാണിക്കാനുള്ള കാരണം. ഇന്ത്യയിലെ വൻകിട മാധ്യമങ്ങൾ ‘ഗോദി മീഡിയ’യായി മാറിയ കാലത്താണ് മുകേഷിനെ പോലെയുള്ള പ്രാദേശിക മാധ്യമ പ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വെച്ചും സത്യസന്ധമായ മാധ്യമ പ്രവർത്തനം നടത്തുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ മുന്നണി അധികാരത്തിലിരുന്ന കഴിഞ്ഞ പത്ത് വർഷം ഇന്ത്യയിൽ കൊല്ലപ്പെട്ട 28 ഓളം മാധ്യമ പ്രവർത്തകരിൽ ഏറെപ്പേരും മുകേഷിനെപ്പോലെ പ്രാദേശിക ഭാഷാ മാധ്യമ പ്രവർത്തകരായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതും ഇതേ കാലത്താണ്. ദേശീയതലത്തിൽ ശ്രദ്ധേയരായ മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളും ഭീഷണികളുമാണ് ചർച്ചകളിൽ എപ്പോഴും കടന്നുവരാറുള്ളതും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ഇന്ത്യയിലെ പ്രാദേശിക മാധ്യമ പ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും പലപ്പോഴും പ്രാദേശിക വാർത്തകൾ പോലുമാകാതെ പോകുന്നു. പ്രാദേശികമായി നടക്കുന്ന അഴിമതികൾ തുറന്നുകാണിക്കുകയും മാഫിയകൾ നടത്തുന്ന കൊള്ളകൾ സധൈര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഇത്തരം മാധ്യമ പ്രവർത്തകരുടെ കൊലക്ക് പിന്നിൽ പ്രവർത്തിക്കുന്നത് പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും മാഫിയത്തലവന്മാരും ഉൾപ്പെടുന്ന സംഘങ്ങളാണ്. ഈ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസും ശ്രമിക്കാറില്ല എന്നതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. 2014 മുതൽ 2023 വരെയുള്ള കാലത്ത് കൊല്ലപ്പെട്ട, സമൂഹം മറന്നുപോയ ആ മാധ്യമ പ്രവർത്തകരെ ഓർമ്മിക്കാം. അതേസമയം, ഈ പട്ടിക അപൂർണ്ണമാകാനും ഇടയുണ്ട്. തെളിവുകളുടെ അഭാവത്താൽ കൊലപാതകമായി പൊലീസ് രേഖപ്പെടുത്താത്ത മാധ്യമ പ്രവർത്തകരുടെ മരണങ്ങൾ ഇനിയുമുണ്ട്.
തരുൺ കുമാർ ആചാര്യ, ഒറീസ
മരണം: 2014 മെയ് 27
ഒഡിയ പ്രാദേശിക ന്യൂസ് ചാനലായ കനക് ടിവി, സംബാദ് (Sambad) എന്ന ഒഡിയ ദിനപത്രം എന്നിവയുടെ പ്രാദേശിക ലേഖകനായിരുന്നു തരുൺ കുമാർ ആചാര്യ. കഴുത്തറത്ത നിലയിലാണ് തരുൺ കുമാറിനെ കാണപ്പെട്ടത്. കുടുംബ വഴക്കാണ് കാരണമെന്നായിരുന്നു ആദ്യം പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ പ്രദേശത്തെ കശുവണ്ടി ഫാക്ടറിയിൽ ബാലവേല നടക്കുന്നതായി തരുൺ കുമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
ജഗേന്ദ്ര സിങ്ങ്, യു.പി
മരണം: 2015 ജൂൺ 8
2015 ലാണ് ഉത്തർപ്രദേശിലെ സ്വതന്ത്ര മാധ്യമ പ്രവർത്തകനായ ജഗേന്ദ്ര സിങ്ങ് ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് കൊല്ലപ്പെട്ടത്. പൊലീസ് റെയ്ഡിനിടയിലാണ് സിങ്ങിന് പൊള്ളലേൽക്കുന്നത്. മുഖ്യമന്ത്രിയുൾപ്പെട്ടിട്ടുള്ള അനധികൃത മണൽ ഖനനത്തെ സംബന്ധിച്ച് ജഗേന്ദ്ര സിങ്ങ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. പൊള്ളലേറ്റ് ആശുപത്രയിൽ പ്രവേശിച്ച സമയത്ത് ജഗേന്ദ്ര സിങ്ങ് തന്റെ ദേഹത്ത് തീ കൊളുത്തിയത് പൊലീസ് ഓഫീസറാണെന്ന് മൊഴിനൽകിയിരുന്നു. ബന്ധുക്കളും ദൃസാക്ഷികളും സമാനമൊഴിയാണ് നൽകിയത്.


സന്ദീപ് കോത്താരി, മധ്യപ്രദേശ്
മരണം: 2015 ജൂൺ 19
മധ്യപ്രദേശിലെ സ്വതന്ത്ര മാധ്യമ പ്രവർത്തകനായ സന്ദീപ് കോത്താരിയെ പൊള്ളലേറ്റ് കൊല്ലപ്പെട്ട നിലയിൽ 2015 ജൂണിലാണ് കണ്ടെത്തിയത്. പ്രാദേശിക ഹിന്ദി പത്രങ്ങൾക്കായി പ്രവർത്തിച്ചിരുന്ന സന്ദീപ് കോത്താരി മണൽ മാഫിയക്കെതിരെ അഞ്ച് വർഷത്തോളം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചുകൊണ്ടേയിരുന്നു. മണൽ ഖനനം നിർത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതി പിൻവലിക്കാൻ സന്ദീപിന് സമ്മർദ്ദമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
രാഘവേന്ദ്ര ദുബെ, മഹാരാഷ്ട്ര
മരണം: 2015 ജൂൺ 19
ബോംബെയിലെ പ്രാദേശിക മാഗസിൻ കുശ്ബൂ ഉജാലയുടെ എഡിറ്ററായിരുന്നു. മുംബൈയിലെ ഒരു ബാർ പൊലീസ് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബാർ ഉടമക്കുണ്ടായ വൈരാഗ്യമാണ് ദുബെയെ കൊലപ്പെടുത്താനുള്ള കാരണം. മാഗസിനിലെ രണ്ട് മാധ്യമ പ്രവർത്തകരെ റിപ്പോർട്ടിങ്ങിനിടെ ബാർ ജീവനക്കാർ ഉപദ്രവിക്കുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഹേമന്ത് യാദവ്, ഉത്തർപ്രദേശ്
മരണം: 2015 ഒക്ടോബർ 3
ഉത്തർപ്രദേശിലെ പ്രാദേശിക സ്വകാര്യ ഹിന്ദി ചാനലായ ടിവി 24 ൽ മാധ്യമ പ്രവർത്തകനായിരുന്നു ഹേമന്ത് യാദവ്. 2015 ഒക്ടോബറിൽ തോക്കുമായി ബൈക്കിലെത്തിയവരാണ് ഹേമന്തിനെ കൊലപ്പെടുത്തിയത്. മരണ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
കരുൺ മിശ്ര, ഉത്തർപ്രദേശ്
മരണം: 2016 ഫെബ്രുവരി 13
ഉത്തർപ്രദേശിലെ ജൻസന്ദേശ് ടൈംസിന്റെ അംബേദ്കർ നഗർ ബ്യൂറോ ചീഫായിരുന്ന കരുൺ മിശ്ര വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ മൂന്നുപേരാണ് കരുൺമിശ്രയെ കൊലപ്പെടുത്തിയത്. പ്രദേശത്ത് നടന്ന അനധികൃത ഖനനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പ്രദേശത്തെ രണ്ട് കോൺട്രാകടർമാരുടെ പേരും ഉൾപ്പെട്ടിരുന്നു.


രജ്ദേവ് രൻജൻ, ബീഹാർ
മരണം: 2016 മെയ് 13
ഹിന്ദുസ്ഥാൻ ഡെയ്ലി എന്ന ഹിന്ദി ദിനപത്രത്തിന്റെ ബിഹാറിലെ സിവാൻ എന്ന സ്ഥലത്തെ ബ്യൂറോ ചീഫായിരുന്ന രജ്ദേവ് രൻജനെ ബൈക്കിലെത്തി വെടിവെച്ചാണ് കൊലപ്പെടുത്തിയത്. സിവാനിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗം മുഹമ്മദ് ഷഹാബുദ്ദീനെതിരെ എഴുതിയ റിപ്പോർട്ടുകളാണ് രജ്ദേവ് രൻജന്റെ കൊലപാതകിത്തിന് കാരണമെന്നാണ് ആരോപണം.
ശന്തനു ഭൗമിക്, ത്രിപുര
മരണം: 2017 സെപ്തംബർ 20
ത്രിപുരയിലെ ദിൻറാത്ത് ന്യൂസ് ചാനലിൽ ജോലി ചെയ്തിരുന്ന 28 കാരനായ ശന്തനു ഭൗമികിനെ ഐപിഎഫ്ടി (Indigenous People’s Front of Tripura) യും ടിആർപി (Tripura Rajaer Ganamukti Parishad)യും തമ്മിൽ നടന്ന സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ആൾക്കൂട്ടം അടിച്ചുകൊല്ലുകയായിരുന്നു. ബിജെപി ബന്ധമുള്ള സംഘടനയായ ഐപിഎഫ്ടി പ്രവർത്തകരെ കൊലപാതകത്തെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സുദിപ് ദത്താ ഭൗമിക്, ത്രിപുര
മരണം: 2017 നവംബർ 21
Tripura State Rifles (TSR) ന്റെ വെടിയേറ്റാണ് 26 കാരനായ സുദിപ് കൊല്ലപ്പെട്ടത്. ബംഗാളി ഭാഷാ ദിന പത്രമായ ശ്യാൻധാൻ പത്രികയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ സുദീപ്, ടിഎസ്ആറിന്റെ കമാൻഡന്റുമായി അഭിമുഖം നടത്തുന്നതിനുള്ള അനുമതി വാങ്ങിയ ശേഷമാണ് ടിഎസ്ആറിന്റെ ആസ്ഥാനത്തെത്തിയത്. എന്നാൽ കമാൻഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് സുദിപ് കൊല്ലപ്പെടുകയായിരുന്നു.
നവിൻ ഗുപ്ത, ഉത്തർപ്രദേശ്
മരണം: 2017 ഡിസംബർ 30
ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണ് കാൺപൂരിലെ ഹിന്ദുസ്ഥാൻ എന്ന ഹിന്ദി പ്രാദേശിക പത്രത്തിലെ പ്രാദേശിക ലേഖകൻ നവിൻ കൊല്ലപ്പെടുന്നത്. ഗംഗാ നദിയിലെ അനധികൃത ഖനനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തതാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ ഗ്രാമത്തലവന് ഖനനവുമായുള്ള ബന്ധം നവിൻ റിപ്പോർട്ട് ചെയ്തിരുന്നു.


നവിൻ നിശ്ചൽ, വിജയ് സിംഗ്, ബിഹാർ
മരണം: 2018 മാർച്ച് 25
ഹിന്ദി പത്രമായ ദൈനിക് ഭാസ്കറിലെ ഭോജ്പുർ ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരായ നവിൻ നിശ്ചലും വിജയ് സിങ്ങും ബൈക്കിൽ യാത്ര ചെയ്യവേ കാറിടിച്ചാണ് കൊല്ലപ്പെടുന്നത്. ശൈശവ വിവാഹം, സ്ത്രീധനം, ഭൂമി കയ്യേറ്റം എന്നിവ സംബന്ധിച്ച് ഉള്ള റിപ്പോർട്ടുകളായിരുന്നു ഇരുവരും ചെയ്തത്. ഗ്രാമത്തലവനും മകനുമായിരുന്നു കൊലയ്ക്ക് പിന്നിൽ.
സന്ദീപ് ശർമ, മധ്യപ്രദേശ്
മരണം: 2018 മാർച്ച് 26
മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ന്യൂസ് വേൾഡ് എന്ന പ്രാദേശിക ടിവി ചാനലിന്റെ റിപ്പോർട്ടർ. അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്ന മാഫിയക്കെതിരെ തുടർച്ചയായി വാർത്തകൾ നൽകിയിരുന്നു. ബൈക്കിൽ യാത്ര ചെയ്യവേ ട്രക്ക് മനഃപ്പൂർവ്വം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമുണ്ടെന്നും സന്ദീപ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണ് മാഫിയയുടെ പ്രവർത്തനങ്ങളിൽ പൊലീസിനുള്ള പങ്കും സന്ദീപ് ശർമ്മ റിപ്പോർട്ട് ചെയ്തിരുന്നു.
ഷുജാത് ബുഖാരി, ജമ്മു കശ്മീർ
മരണം: 2018 ജൂൺ 14
കശ്മീരിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഷുജാത് ബുഖാരി ശ്രീനഗറിലെ പ്രസ് കോളനിയുടെ മുന്നിൽ വെച്ചാണ് വെടിയേറ്റ് മരിച്ചത്. ശ്രീനഗറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന റൈസിങ് കാശ്മീർ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായിരുന്ന ബുഖാരി, ഇന്ത്യ-പാക് സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. കാറില്‍ യാത്ര ചെയ്യവെയാണ് ഷുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം വെടിവെച്ചത്. വെടിവെപ്പില്‍ രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടു. 2000 ൽ ഉണ്ടായ വധഭീഷണിയെത്തുടർന്നാണ് അംഗരക്ഷകരെ ഏർപ്പെടുത്തിയത്.


ചന്ദൻ തിവാരി, ഝാർഖണ്ഡ്
മരണം: 2018 ഒക്ടോബർ 30
ഝാർഖണ്ഡിലെ ഹിന്ദിഭാഷാ ദിനപത്രമായ ‘ആജ്’ലെ മാധ്യമ പ്രവർത്തകനായ ചന്ദൻ തിവാരിയെ വീടിന് നൂറ് കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്നും മർദ്ദിച്ചവശനായ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു. ഗ്രാമീണ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് താൻ ഭീഷണി നേരിടുന്നതായി തിവാരി പ്രാദേശിക പൊലീസ് സ്റ്റേഷനിൽ മാസങ്ങൾക്ക് മുൻപ് പരാതി നൽകിയിരുന്നു. എന്നാൽ തിവാരിക്ക് സംരക്ഷണം നൽകാൻ പൊലീസ് തയ്യാറായില്ല.
അച്യുതാനന്ദ സാഹു
മരണം: 2018 ഒക്ടോബർ 30
ചന്ദൻ തിവാരി മരിച്ച അതേ ദിവസം തന്നെയാണ് അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിൽ പൊതുമേഖല സ്ഥാപനമായ ദൂരദർശിനിലെ വീഡിയോ ജേണലിസ്റ്റായ അച്യുതാനന്ദ സാഹു മാവോയിസ്റ്റ് ഒളിപ്പോരാളികളാൽ കൊല്ലപ്പെടുന്നത്.
ശുഭം മണി ത്രിപാഠി, ഉത്തർപ്രദേശ്
മരണം: 2020 ജൂൺ 19
ഉന്നാവോയിലെ Kampu Mai എന്ന പ്രാദേശിക ദിനപ്പത്രത്തിലെ റിപ്പോട്ടറായുരുന്നു ശുഭം മണി ത്രിപാഠി. അനധികൃതമായ നിർമ്മാണങ്ങൾക്കെതിരെ ശുഭം മണി ത്രിപാഠി എഴുതിയ ലേഖനങ്ങളും സമൂഹ മാധ്യമ പോസ്റ്റുകളും ചർച്ചയായതോടെ ആ നിർമ്മാണങ്ങൾ പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സർക്കാരിനെ ത്രിപാഠി അറയിച്ചിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.
ഇസ്രവേൽ മോസസ്, തമിഴ്നാട്
മരണം: 2020 ജൂൺ 19
തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തമിഴൻ ടിവിയുടെ റിപ്പോർട്ടറായിരുന്ന മോസസിനെ 2020 ലാണ് വെട്ടിക്കൊലപ്പെടുത്തിയത്. പുറമ്പോക്ക് ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങളെ പറ്റിയും, ലഹരി മാഫിയെ പറ്റിയും നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പുള്ള മാസവും ലഹരി മാഫിയയെ നേരിടുന്നതിലെ പൊലിസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. തനിക്കെതിരെയുള്ള ഭീഷണികളെ കുറിച്ച് മോസസ് പൊലീസിനെ അറിയിച്ചിരുന്നു.


പരാഗ് ഭുയാൻ, ആസാം
മരണം: 2020 നവംബർ 12
ആസാമിലെ പ്രതിദിൻ ടൈം എന്ന പ്രാദേശിക പത്രത്തിൽ മുതിർന്ന പ്രാദേശിക ലേഖകനായിരുന്നു പരാഗ്. കാറപകടത്തിലാണ് കൊല്ലപ്പെട്ടത്. പ്രാദേശികമായി നടക്കുന്ന അഴിമതിയും നിയമ വിരുദ്ധ പ്രവർത്തനങ്ങളും നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സഹ പ്രവർത്തകർ ആരോപിക്കുന്നു.
രാകേഷ് സിംഗ് നിർഭ്രിക്, ഉത്തർപ്രദേശ്
മരണം: 2020 നവംബർ 27
ലക്നൗവിലെ പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ സ്വരൂപിൽ മാധ്യമ പ്രവർത്തകനായ രാകേഷ് സിംഗിനെയും സുഹൃത്തിനെയും വീട്ടിൽ അതിക്രമിച്ചു കയറി തീകൊളുത്തി കൊല്ലുകയായിരുന്നു. ഗ്രാമത്തലവന്റെ അഴിമതിയെക്കുറിച്ച് നിരന്തരം റിപ്പോർട്ട് ചെയ്തതുകൊണ്ടാണെന്നും സത്യം റിപ്പോർട്ട് ചെയ്യുന്നതിന് നൽകേണ്ടി വന്ന വിലയിതാണെന്നും രാകേഷ് മരിക്കുന്നതിന് മുമ്പ് ആശുപത്രി അധികൃതർക്ക് മൊഴി നൽകിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രാമത്തലവന്റെ മകനെയുൾപ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സുലഭ് ശ്രീവാസ്തവ, ഉത്തർപ്രദേശ്
മരണം: 2021 ജൂൺ 13
സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് പൊലീസിന് പരാതി നൽകിയതിന്റെ പിറ്റേ ദിവസമാണ് എബിപി ന്യൂസിന്റെ റിപ്പോട്ടറായിരുന്ന സുലഭ് ശ്രീവാസ്തവയെ വാഹനപകടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന സംഘത്തിനെതിരെ വാർത്ത നൽകിയതിനെ തുടർന്ന് തനിക്ക് ഭീഷണിയുണ്ടെന്നായിരുന്നു സുലഭ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പക്ഷേ, പൊലീസ് നടപടിക്ക് മുന്നേ മാഫിയ അവരുടെ പക തീർത്തു.
ചെന്ന കേശവലു, ആന്ധ്ര പ്രദേശ്
മരണം: 2021 ആഗസ്റ്റ് 8
ആന്ധ്രാ പ്രദേശിലെ പ്രാദേശിക ചാനലായ EV5 ലെ മാധ്യമ പ്രവർത്തകനായ ചെന്ന കേശവലു സസ്പെന്റ് ചെയ്യപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ കാണാനായി പോയപ്പോഴാണ് ഉദ്യോഗസ്ഥനും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയത്. പുകയില വിൽപ്പനയും നിയമവിരുദ്ധ ചൂതാട്ടവും നടത്തുന്ന ക്രിമിനൽ ഗ്രൂപ്പുകളുമായി പൊലീസ് ഉദ്യോഗസ്ഥന് ഉള്ള ബന്ധം തുറന്നുകാട്ടുന്ന നിരവധി റിപ്പോർട്ടുകൾ കേശവുലു തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.
രമൺ കശ്യപ്, ഉത്തർപ്രദേശ്
2021 ഒക്ടോബർ 3
2021 ഒക്ടോബർ 3 ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊലയിലാണ് പ്രാദേശിക ന്യൂസ് ചാനൽ റിപ്പോർട്ടറായ രമൺ കശ്യപ് കൊല്ലപ്പെട്ടത്. കർഷക സമരം റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് സംഭവം. കേന്ദ്ര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ വാഹനമിടിച്ച് കൊലപ്പെടുത്തിയ എട്ടുപേരിലൊരാളായിരുന്നു രമൺകശ്യപ്.
ബുദ്ധിനാഥ് ഝാ, ബിഹാർ
മരണം: 2021 നവംബർ 12
ബിഹാറിലെ മഥുബനിയിലുള്ള പ്രാദേശിക മാധ്യമ പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ ബുദ്ധിനാഥ് ഝായെ കത്തിച്ച് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത് 2021 നവംബർ 12 നായിരുന്നു. 22 കാരനായ ബുദ്ധിനാഥ് വ്യാജ ക്ലിനിക്കുകൾക്കെതിരെ വാർത്ത നൽകിയതിനെത്തുടർന്ന് ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നതിനും വന്‍ തുക പിഴ ഈടാക്കുന്നതിനും കാരണമായിരുന്നു. ഭീഷണികൾ ലഭിച്ചെങ്കിലും ഫേസ്ബുക്ക് വഴി വ്യാജ ക്ലിനിക്കുകളെകുറിച്ച് വീണ്ടും എഴുതി രണ്ട് ദിവസത്തിനുള്ളിൽ ബുദ്ധിനാഥിനെ കാണാതാകുകയായിരുന്നു.
രോഹിത് കുമാർ ബിസ്വാൽ, ഒഡിഷ
മരണം: 2022 ഫെബ്രുവരി 5
ഒഡിഷയിലെ പ്രാദേശിക ഒഡിയ ദിനപ്പത്രമായ ധരിത്രിയിലെ റിപ്പോട്ടറായ രോഹിത് കുമാർ ബിസ്വാൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിതെറിച്ചാണ് മരിച്ചത്. പ്രദേശവാസികളോട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാവോയിസ്റ്റുകൾ പതിച്ച പോസ്റ്റർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് രോഹിത് കുമാർ കൊല്ലപ്പെട്ടത്.
സുഭാഷ് കുമാർ മഹ്തൊ, ബിഹാർ
മരണം: 2022 മെയ് 20
ബിഹാറിലെ ബെഗുസരായിയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകനായ സുഭാഷ് കുമാർ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 26 കാരനായ സുഭാഷ് പ്രാദേശിക കേബിൾ സ്റ്റേഷനായ സിറ്റി ന്യൂസ് എന്ന സ്മാർട്ട് ഫോൺ വീഡിയോ ആപ്പ് വഴിയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മദ്യ മാഫിയക്കെതിരെയും മണൽ മാഫിയക്കെതിരെയും നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു സുഭാഷ് കുമാർ.


ശശികാന്ത് വാരിഷെ, മഹാരാഷ്ട്ര
മരണം: 2023 ഫെബ്രുവരി 7
മഹാരാഷ്ട്രയിലെ രത്‌നഗിരി റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡ് (ആർ.ആർ.പി.സി.എൽ) എന്ന പദ്ധതിക്കെതിരെ പ്രദേശവാസികൾ നടത്തിയ സമരം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന മഹാനഗരി ടൈംസിന്റെ പ്രാദേശിക ലേഖകനായിരുന്നു ശശികാന്ത് വാരിഷെ. കൊലപാതകത്തെ തുടർന്ന് പന്താരിനാഥ് അംബേർകർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമരക്കാരെ ഭീഷണിപ്പെടുത്തിയ അംബേർകറിനെക്കുറിച്ച് ശശികാന്ത് വാർത്ത നൽകുകയും ഇയാളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്ന വാർത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഏക്‌നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർക്കൊപ്പം അംബേർകർ നിൽക്കുന്ന ഫ്ലക്‌സിന്റെ ചിത്രവും നൽകുകയും ചെയ്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.