ഞങ്ങൾക്കും അവകാശപ്പെട്ടതല്ലേ ഈ സർക്കാർ സംവിധാനങ്ങൾ?

മൂന്നാറിൽ നിന്നും എംഫിൽ സ്കോളർ ചോദിക്കുന്നു. ഭാ​ഗം -1

“കേരളത്തെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും വർഷമാകും വരാൻ പോകുന്നത് എന്ന ശുഭപ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗം ഞാൻ ആരംഭിച്ചത്. ആ പ്രതീക്ഷ യാഥാർത്ഥ്യമായി എന്ന് സന്തോഷം അറിയിച്ചുകൊണ്ട് 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രസംഗം ഞാൻ ആരംഭിക്കുകയാണ്.” ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം ഫെയ്‌സ്ബുക്കിൽ കേട്ടുകൊണ്ടിരുന്ന മണികണ്ഠൻ പെട്ടെന്ന് ഫോൺ ഓഫ് ചെയ്ത് തന്റെ വീടിനെ നോക്കി. “ഈ ലയം ഇവിടെ വന്നിട്ട് നൂറ് വർഷത്തിന് മേലെയായി. അന്നെങ്ങനെ ഉണ്ടായിരുന്നോ അതുപോലെ തന്നെയാണ് ഇന്നുമുള്ളത്. അപ്പോൾ പിന്നെ എന്ത് യാഥാർത്ഥ്യമായി എന്നാണ് ഇവർ പറയുന്നത്?” ചെറിയ ചിരിയോടെ മണികണ്ഠൻ ചോദിച്ചു. മൂന്നാറിലെ പഴയ മൂലക്കടയിലുള്ള മിർച്ചീസ് ഹോട്ടലിലെ പണി കഴിഞ്ഞ് ലക്ഷ്മി എസ്റ്റേറ്റിലുള്ള തന്റെ വീട്ടിലേക്ക് വിശ്രമത്തിനായി എത്തിയതാണ് മണികണ്ഠൻ. തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ടാറ്റ കമ്പനി കെട്ടിക്കൊടുത്ത ലയങ്ങളൊന്നിലാണ് മണികണ്ഠന്റെ കുടുംബം നാല് തലമുറയായി ജീവിക്കുന്നത്. അതിൽ ഡിഗ്രി നേടുന്ന ആദ്യ തലമുറയിലെ ഒരാളാണ് മണികണ്ഠൻ.

വിരിപാറൈ പോകുന്ന വഴി. ഫോട്ടോ: ആരതി എം.ആർ

പഴയ മൂലക്കടയിൽ നിന്നും വിരിപാറൈ പോകുന്ന വഴിയിൽ കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ലക്ഷ്മി എസ്റ്റേറ്റ് നീണ്ടു പരന്ന് കിടക്കുന്നത് കാണാം. വളഞ്ഞുതിരിഞ്ഞ് പോകുന്ന ടാറിട്ട റോഡിനിരുവശവും തേയിലത്തോട്ടങ്ങൾ ഉണങ്ങി നിൽക്കുന്നുണ്ടായിരുന്നു. ജനുവരി മാസം അവസാനമുണ്ടായ മഞ്ഞുവീഴ്ചയിൽ കരിഞ്ഞുണങ്ങിയതാണ് ആ ചെടികൾ. “ഇനിയൊരു ആറ് വർഷം കൂടി അച്ഛന് പണിയുണ്ടാകും. അതുകഴിഞ്ഞാൽ ഈ വീട് വിട്ട് ഞങ്ങളിറങ്ങണം.” ലയങ്ങളുടെ കൂട്ടത്തിലെ ആ ചെറിയ വീട്ടിലേക്ക് ചൂണ്ടി മണികണ്ഠൻ പറഞ്ഞു. തലമുറകൾക്ക് മുൻപ് തിരുനെൽവേലിയിൽ നിന്ന് മൂന്നാറിലേക്ക് കുടിയേറി തോട്ടം തൊഴിലാളികളായി മാറിയവരാണ് മണികണ്ഠന്റെ കുടുംബം. മണികണ്ഠന്റെ അമ്മ പേച്ചിയമ്മയുടെ തലമുറക്കാരാണ് നിലവിൽ അവർ താമസിക്കുന്ന ലയത്തിലുണ്ടായിരുന്നത്. കല്യാണം കഴിഞ്ഞതോടെ മണികണ്ഠന്റെ അച്ഛൻ മയിൽരാജും ലക്ഷ്മി എസ്‌റ്റേറ്റിലേക്ക് എത്തുകയായിരുന്നു. “എന്റെ അമ്മയ്ക്ക് നാല് സഹോദരങ്ങളുണ്ടായിരുന്നു. അതിൽ മൂത്ത കുട്ടിയായിരുന്നു എന്റെ അമ്മ. കുടുംബത്തിലെ കഷ്ടപ്പാടും, ബാക്കി കുട്ടികളെ പഠിപ്പിക്കണം എന്നൊക്കെയുള്ളതുകൊണ്ട് പതിമൂന്നാമത്തെ വയസ്സിൽ അമ്മ തേയിലത്തോട്ടത്തിൽ പണിക്ക് പോകാൻ തുടങ്ങി. അസുഖബാധിതയായതിന് ശേഷമാണ് അമ്മ പണി നിർത്തിയത്. നിലവിൽ അച്ഛൻ മാത്രമേ തോട്ടം പണിക്ക് പോകുന്നുള്ളൂ.” മണികണ്ഠൻ ജീവിതം വിവരിച്ചു തുടങ്ങി.

മണികണ്ഠൻ അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം ലയത്തിന് മുന്നിൽ. ഫോട്ടോ: ആരതി എം.ആർ

തോട്ടം തൊഴിലാളികളായി തുടരുന്നത് വരെ മാത്രമേ ഒരു കുടുംബത്തിന് കമ്പനികൾ ലയങ്ങൾ അനുവദിക്കുകയുള്ളൂ. തന്റെ മക്കൾ പഠിക്കണമെന്ന് വാശിയുണ്ടായിരുന്ന മയിൽരാജും പേച്ചിയമ്മയും രണ്ട് ആൺമക്കളെയും തോട്ടം പണിക്ക് വിട്ടില്ല. അവരെ മതിയാവുവോളം പഠിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ മാനസിക പ്രശ്‌നങ്ങൾ കാരണം മൂത്ത മകൻ മഥന് ഡിപ്ലോമ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇളയമകനായ മണികണ്ഠൻ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിൽ ടൂറിസം ആന്റ് ഹോട്ടൽ മാനേജ്‌മെന്റിൽ എം.ഫിൽ ചെയ്യുന്നു. എന്നാൽ മൂന്നാറിലെ തോട്ടം തൊഴിലാളിയുടെ മകനായ, എസ്.സി വിഭാഗത്തിൽ നിന്നുള്ള, തമിഴ് സംസാരിക്കുന്ന മണികണ്ഠന് അക്കാദമിക ജീവിതം അത്ര ലളിതമായ ഒന്നായിരുന്നില്ല. തനിക്ക് അർഹതപ്പെട്ട സ്‌കോളർഷിപ്പുകളും ഫെല്ലോഷിപ്പുമൊക്കെ നേടിയെടുക്കാനായി വർഷങ്ങളായി കേരളത്തിലെ വിവിധ ഓഫീസുകളിൽ കയറിയിറങ്ങുകയാണ് മണികണ്ഠൻ എന്ന എംഫിൽ സ്‌കോളർ.

ഫെല്ലോഷിപ്പിനായുള്ള യാത്രകൾ

“2020-21ലാണ് എൻട്രൻസ് എഴുതി എംഫിൽ കിട്ടിയത്. കൊറോണ കാരണം അഡ്മിഷൻ കിട്ടാൻ താമസിച്ചു. 2022 ഫെബ്രുവരിയിലാണ് അഡ്മിഷൻ ശരിയാകുന്നത്. അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഇടുക്കി എസ്.സി-എസ്.ടി ഡിപാർട്‌മെന്റിൽ വിളിച്ച് ഫെല്ലോഷിപ്പിനെ പറ്റി ചോദിച്ചു. അവർ കൃത്യമായ മറുപടി തന്നില്ല. പിന്നീട് തിരുവനന്തപുരത്തെ ഡയറക്ടറേറ്റിൽ ചെന്നു. അവിടെയും ഒന്നും നടപടിയായില്ല. ജില്ലാ ഓഫീസിൽ തന്നെ ചെന്ന് അപേക്ഷ നൽകണമെന്നാണ് അവർ പറഞ്ഞത്. വീണ്ടും ജില്ലാ ഓഫീസിലേക്ക് അപേക്ഷ അയച്ചു. മറുപടി ഒന്നും വരാതായതോടെ രണ്ട് മാസം കഴിഞ്ഞ് ഓഫീസിൽ നേരിട്ട് പോയി ചോദിച്ചു. ആദ്യം പറഞ്ഞത് എംഫിൽ കേരളത്തിൽ നിലവിലില്ലാത്തതിനാൽ അന്വേഷിച്ചിട്ടേ ചെയ്യാൻ പറ്റൂവെന്നാണ്.” അങ്ങനെ മണികണ്ഠൻ തനിക്ക് അർഹതപ്പെട്ട ഫെല്ലോഷിപ്പിനായുള്ള യാത്രകൾ തുടർന്നു.

ലക്ഷ്മി എസ്റ്റേറ്റിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: ആരതി എം.ആർ

എംഫിൽ/പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് പ്രതിമാസം 30,000 രൂപയാണ് പോസ്റ്റ്മെട്രിക് ഫെല്ലോഷിപ്പ് നൽകി വരുന്നത് (യു.ജി.സി അനുവദിക്കുന്ന തുകയുടെ 75 ശതമാനമായ 23,250 എന്ന നിരക്കില്‍ ഫെലോഷിപ്പും കണ്ടിജന്റ് ഗ്രാൻ്റായി വർഷത്തിൽ 10,000 ലഭിക്കുന്നതാണെന്ന് സര്‍ക്കാര്‍ ഉത്തരവ് പറയുന്നു). കേരളത്തിൽ നിലവിലില്ലാത്ത കോഴ്‌സുകൾ, കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിലോ അം​ഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കുന്ന പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പ് തുക നൽകാമെന്നതാണ് നിലവിലെ നിയമം. എന്നാൽ കേരളത്തിൽ എംഫിൽ കോഴ്സ് ഇല്ലാത്തതിനാൽ ഫെല്ലോഷിപ്പ് നൽകാനാകില്ല എന്ന നിലപാടാണ് മണികണ്ഠന്റെ കാര്യത്തിൽ എസ്.സി-എസ്.ടി വകുപ്പ് സ്വീകരിച്ചത്. മണികണ്ഠന് പി.എച്ച്.ഡിക്ക് എൻട്രൻസ് എഴുതി സീറ്റ് ലഭിച്ചതാണ്. പക്ഷെ സാമ്പത്തികാവസ്ഥ മോശമായതുകൊണ്ടാണ് പി.എച്ച്.ഡിക്ക് ചേരാതെ എംഫില്ലിന് പഠിക്കാൻ തീരുമാനിച്ചത്. ഫെലോഷിപ്പ് സാധ്യതകൾ അടഞ്ഞതോടെ ബാങ്കിൽ നിന്ന് ലോണെടുത്തും ഒഴിവു സമയങ്ങളിൽ ഹോട്ടലുകളിൽ പണിയെടുത്തുമാണ് മണികണ്ഠൻ പഠിക്കാനുള്ള ചിലവുകൾ കണ്ടെത്തുന്നത്.

“ഇവിടെയുള്ളപ്പോൾ ബേബി ജോർജ് എന്ന ആളുടെ ഹോട്ടലിൽ പണി ചെയ്യും. രാത്രി അവിടെ തന്നെ ഇരുന്ന് പഠിച്ചിട്ട് രാവിലെ ഫ്രഷ് ആകാനായിട്ട് വീട്ടിൽ വരും. കോളേജിലാണെങ്കിൽ ക്ലാസ് കഴിഞ്ഞ് പണിക്ക് പോകും. പിന്നീട് ഹോസ്റ്റലിൽ പോയി ഉറങ്ങും.” കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി മണികണ്ഠന്റെ ദിനചര്യ ഇങ്ങനെയാണ് പോകുന്നത്. പിഎഫും ലോണടവും കഴിഞ്ഞ് അച്ഛന് കിട്ടുന്ന 4000 രൂപ ശമ്പളം വീട്ടു ചിലവിന് തന്നെ തികയില്ല എന്ന് ഈ ഇരുപത്തിയഞ്ചുകാരൻ മനസിലാക്കുന്നുണ്ട്. ഹൃദ്രോഗിയും ആസ്തമാ രോഗിയുമായ അമ്മയുടെയും, മാനസികപ്രശ്‌നങ്ങളുള്ള സഹോദരന്റെയും ആശുപത്രി ചിലവുകൾ കൂടി മണികണ്ഠനാണ് നോക്കുന്നത്. പ്രയാസങ്ങൾക്കിടയിലും പഠിക്കണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്താണ് മണികണ്ഠൻ ഇങ്ങനെ വിശ്രമമില്ലാതെ ഓടുന്നത്.

ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, യോ​ഗ്യത എന്നിവയാണ് ഫെല്ലോഷിപ്പ് കിട്ടാൻ ലഭ്യമാക്കേണ്ട ഡോക്യുമെന്റുകൾ എന്നിരിക്കെ പല തവണയായി വിവിധ ഡോക്യുമെന്റുകൾ ആവശ്യപ്പെടുകയാണ് ഉദ്യോഗസ്ഥർ എന്ന് മണികണ്ഠന് പരാതിയുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് എൻട്രൻസ് വഴിയാണ് തനിക്ക് അഡ്മിഷൻ കിട്ടിയതെന്നും അല്ലാതെ വെറുതെ കിട്ടിയ അഡ്മിഷനല്ലെന്നും മണികണ്ഠന് അമർഷമുണ്ട്. “പഞ്ചായത്തിൽ നിന്ന് എൻഓസി, ബ്ലോക്കിൽ നിന്ന് എൻഓസി, ജില്ലയിൽ നിന്ന് എൻഓസി, തമിഴ്‌നാട്ടിൽ നിന്ന് എൻ.ഒ.സി, ഡിപ്പാർട്‌മെന്റിൽ നിന്ന് ബോണഫൈഡ്, ഫീസ് സ്ട്രക്ചർ അങ്ങനെ നിരവധി തവണ പല സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നതു പ്രകാരം നൽകിയിട്ടുണ്ട്. ഇതൊക്കെ വേണമെന്ന് ഒരുമിച്ച് പറഞ്ഞിരുന്നെങ്കിൽ ഇത്രയും സമയം പാഴാകില്ലായിരുന്നു. ഓരോന്നും പ്രത്യേകം പറയുമ്പോൾ അവർക്കും എനിക്കും ബുദ്ധിമുട്ടാകും.” മണികണ്ഠൻ പറയുന്നു.

"2020-21ലാണ് എൻട്രൻസ് എഴുതി എംഫിൽ കിട്ടിയത്. 2022 ഫെബ്രുവരിയിലാണ് അഡ്മിഷൻ ശരിയാകുന്നത്. അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഇടുക്കി എസ്.സി-എസ്.ടി ഡിപ്പാർട്ട്മെന്റിൽ വിളിച്ച് ഫെല്ലോഷിപ്പിനെ പറ്റി ചോദിച്ചു. അവർ കൃത്യമായ മറുപടി തന്നില്ല. പിന്നീട് തിരുവനന്തപുരത്തെ ഡയറക്ടറേറ്റിൽ ചെന്നു. അവിടെയും ഒന്നും നടപടിയായില്ല."
എംഫിൽ വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പ് നൽകുന്നതിനെക്കുറിച്ച് പറയുന്ന സർക്കാർ ഉത്തരവിലെ ഭാ​ഗം

“കൃത്യമായ ഡോക്യുമെന്റുകൾ ഉണ്ടെങ്കിലും അവർക്ക് മടിയാണ്. നമ്മുടെ പൈസ നമുക്ക് എടുത്ത് കൊടുക്കാനുള്ള മടി. ഇടുക്കി ജില്ലാ ഓഫീസിൽ വരുന്നത് ഒന്നോ രണ്ടോ ആപ്ലിക്കേഷൻ മാത്രമാണ്. അത് പോലും അങ്ങനെ സ്‌കീമുകൾ ഇല്ലെന്ന് പറയും. പിന്നെ അപേക്ഷ റിജക്ട് ആക്കും അല്ലെങ്കിൽ ഫണ്ടില്ലെന്ന് പറയും.” കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരുന്ന അലച്ചിലിലൂടെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന രീതികൾ മണികണ്ഠന് കാണാപ്പാഠമായിട്ടുണ്ട്.

ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ നൽകാനും കത്തുകൾ നൽകാനുമൊക്കെയായി മാസം കുറഞ്ഞത് 10 തവണയെങ്കിലും മണികണ്ഠന് തിരുവനന്തപുരത്തേക്ക് പോകേണ്ടി വരുന്നുണ്ട്. ഇതിനൊക്കെ ചിലവാകുന്ന കാശ് ഞാനെന്ത് ചെയ്യണമെന്ന് മണികണ്ഠൻ ചോദിക്കുന്നു. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തെത്താൻ ആറ് മണിക്കൂർ യാത്രയാണുള്ളത്. എന്നാൽ ഓഫീസ് സമയത്തിന് മുന്നേ എത്തിയാൽ തനിക്ക് എവിടെയെങ്കിലും തങ്ങേണ്ടി വരുമെന്നും അത് അധിക ചിലവാകുമെന്നും കണക്കുകൂട്ടി മണികണ്ഠൻ തമിഴ്നാട്ടിലെ തേനി വഴി തിരുവനന്തപുരത്തേക്കുള്ള ബസിലാണ് കയറുക. 15 മണിക്കൂർ നീണ്ട യാത്ര! യാത്രക്കൊടുവിൽ വന്ന കാര്യം നടക്കുമോ ഇല്ലയോ എന്ന ആശങ്ക മാത്രമാണ് പലപ്പോഴും ബാക്കിയാകുക. ഇപ്പോഴും എസ്.സി-എസ്.ടി ഡിപാർട്‌മെന്റിന് കീഴിലുള്ള ഒരു ഓഫീസിൽ നിന്നും ഫെല്ലോഷിപ്പ് ലഭ്യമാകുമെന്ന ഉറപ്പ് ഈ യുവാവിന് ഇതുവരെ കിട്ടിയിട്ടില്ല. പക്ഷെ തനിക്ക് അവകാശപ്പെട്ടത് നേടിയെടുക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് മണികണ്ഠൻ.

“ഒരു മാസം കൂടി കഴിഞ്ഞാൽ എംഫിൽ പഠനം തീരും. പഠിത്തം കഴിഞ്ഞിട്ട് കാശ് കിട്ടിയിട്ട് കാര്യമുണ്ടോ? കാശില്ലാത്തത് കൊണ്ടാണ് പി.എച്ച്.ഡിക്ക് ജോയിൻ ചെയ്യാതെ എംഫില്ലിന് ജോയിൻ ചെയ്തത്. എംഫില്ലിന്റെ കാശ് പോലും കിട്ടുന്നില്ല. പിന്നെന്ത് വിശ്വസിച്ച് പി.എച്ച്.ഡി ചെയ്യും?” മണികണ്ഠൻ ആശങ്കപ്പെടുന്നു. “നമുക്ക് കിട്ടാനുള്ളതൊക്കെ കിട്ടി കഴിഞ്ഞാൽ നമ്മളും അവരുടെ ലെവലിലേക്ക് വരില്ലേ. അത് അവർക്കൊരു ഈഗോ ആണ്. താഴ്ന്ന ആളുകൾ താഴ്ന്ന് തന്നെ ഇരുന്നാൽ മതിയെന്ന നിലപാടാണ് അവർക്ക്. പെട്ടെന്നൊന്നും കയറി വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ അവർ ചെയ്യും.” അനുഭവങ്ങളിൽ നിന്നും വന്ന ആ വാക്കുകളിൽ മണികണ്ഠൻ അനുഭവിച്ച അധിക്ഷേപങ്ങളോടുള്ള പുച്ഛവും വാശിയും തെളിഞ്ഞു നിന്നു.

തങ്ങളുടെ മേലുള്ള വിശ്വാസമില്ലായ്മയാണ് ഡോക്യുമെന്റുകൾ ഇങ്ങനെ പലപ്രാവശ്യം ആവശ്യപ്പെടാൻ കാരണമെന്നാണ് മണികണ്ഠന്റെ വിലയിരുത്തൽ. എന്നാൽ തമിഴ്‌നാട്ടിലെ എസ്.സി- എസ്.ടി വകുപ്പ് ഇങ്ങനെയൊന്നുമല്ലെന്നും അവിടെ ജോലിക്കാരായുള്ളത് എസ്.സി- എസ്.ടി വിഭാ​ഗങ്ങളിൽ നിന്നുള്ളവർ മാത്രമാണെന്നും അതുകൊണ്ട് പ്രശ്‌നങ്ങൾ താരതമ്യേന കുറവാണെന്നും മണികണ്ഠൻ വിലയിരുത്തുന്നു. “ഇപ്പോൾ ഒരു വർഷം കൊണ്ട് 50,000 രൂപയാണ് ഈ നടത്തത്തിന് എനിക്ക് ചെലവായത്. ഇതുവരെ ഫെല്ലോഷിപ്പ് സാങ്ഷനായിട്ടില്ല.” പല സമയത്തായി പല ഓഫീസുകളിൽ കൊടുത്ത കെട്ടുകണക്കിന് അപേക്ഷകൾ കട്ടിലിൽ നിരത്തി കാണിച്ചുകൊണ്ട് മണികണ്ഠൻ പറയുന്നു.

പത്ത് ദിവസത്തെ കാലാവധി

ലക്ഷ്മി എസ്റ്റേറ്റിൽ ഏറ്റവും അധികം രജിസ്റ്റേഡ് കത്തുകൾ വരുന്നത് മണികണ്ഠനാണെന്ന് പകുതി തമാശയ്ക്കും പകുതി കാര്യമായും പോസ്റ്റമാൻ വിനോദ് പറഞ്ഞു. തനിക്ക് സർക്കാർ ജോലി കിട്ടിയെന്നാണ് ഓരോ തവണയും കത്തുകൾ വരുമ്പോൾ നാട്ടുകാർ കരുതുന്നതെന്ന് മണികണ്ഠനും തമാശയായി പറഞ്ഞു. ജനുവരി 24നാണ് അവസാന കത്ത് മണികണ്ഠന്റെ വിലാസത്തിലേക്ക് എത്തുന്നത്. അറ്റൻഡൻസ് സർട്ടിഫിക്കറ്റും, ഇന്ത്യയിൽ മറ്റെവിടെ നിന്നും സ്‌കോളർഷിപ്പുകളൊന്നും കിട്ടിയിട്ടില്ല എന്ന ഡോക്യുമെന്റും പത്ത് ദിവസത്തിനുള്ളിൽ ലഭ്യമാക്കണമെന്നാണ് കത്തിൽ വിവരിച്ചിരിക്കുന്നത്. “ഈ ആഴ്ച എനിക്ക് പരീക്ഷ നടക്കുകയാണ്. പിന്നെങ്ങനെ ഞാൻ ഇതൊക്കെ അവർക്ക് പത്ത് ദിവസത്തിനുള്ളിൽ എത്തിക്കും? ആപ്ലിക്കേഷൻ എന്തായാലും റിജക്ട് ആകും. അറ്റൻഡൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകും. അപ്പോൾ വീണ്ടും മന്ത്രിയെ കാണണം. ഒരു വർഷമായി ആപ്ലിക്കേഷൻ കൊടുത്തിട്ട്, ഇപ്പോഴാണോ അറ്റൻഡൻസ് സർട്ടിഫിക്കറ്റ് ചോദിക്കേണ്ടത്? റിജക്ട് ആകാറാകുമ്പോൾ മാത്രം 10 ദിവസത്തിനുള്ളിൽ കൊണ്ടുതരണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. കാശ് സാങ്ഷനായാൽ 10 ദിവസത്തിനുള്ളിൽ ഇവർ കാശ് തരുമോ. ഞാൻ ചോദിക്കുന്ന സമയത്ത് ഇവർ കാശ് തരുമോ? ഇവർ അയക്കുന്ന കത്ത് ഇവിടെ വരാൻ 10 ദിവസം എടുക്കും. കത്ത് അയക്കാൻ എടുക്കുന്ന സമയം മതി പ്രോസസ് ചെയ്യാൻ. കടസിയിലെ അവർ റിജക്ട് ചെയ്യും.” തമിഴ് കലർന്ന മലയാളത്തിൽ മണികണ്ഠൻ അരിശത്തോടെ സംസാരിച്ചു.

മധുരെ കാമരാജ് യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ മണികണ്ഠൻ വിജയിച്ച കത്ത്

തമിഴ്നാട്ടിൽ നിന്നും കുടിയേറിയെത്തിയ മൂന്നാറിലെ തോട്ടം തൊഴിലാളികൾ കേരളത്തിൽ നേരിടുന്ന ഭാഷാ പ്രതിസന്ധിയും മണികണ്ഠനെ ബാധിക്കാറുണ്ട്. മലയാളം എഴുതാനറിയാത്ത മണികണ്ഠൻ ആദ്യമെല്ലാം ഇംഗ്ലീഷ് ഭാഷയിലാണ് അപേക്ഷകൾ എഴുതിയിരുന്നത്. എന്നാൽ ഇംഗ്ലീഷിൽ അപേക്ഷ എഴുതുന്നത് തന്നെ ഈഗോ പ്രശ്‌നങ്ങൾ ഉദ്യോഗസ്ഥരിൽ ഉണ്ടാക്കുന്നുവെന്ന് മനസിലാക്കി പിന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ അപേക്ഷകൾ മലയാളത്തിൽ എഴുതാൻ തുടങ്ങി. ഓഫീസുകളിൽ നിന്ന് മലയാളത്തിലെത്തുന്ന കത്തുകളും ഓർഡറുകളും സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മണികണ്ഠൻ വായിച്ച് മനസിലാക്കുന്നതും തിരികെ മറുപടി നൽകുന്നതും.

“ചിലർ മടുത്ത് പോകും. എന്നെപ്പോലെ ഒന്നോ രണ്ടോ പേരാണ് മടുക്കാതെ കയറിയിറങ്ങുന്നത്. ഫാമിലിയുടെ കണ്ടീഷൻ കൊണ്ടാണ് ഇങ്ങനെ നിരന്തരം ശ്രമിക്കുന്നത്. നമ്മൾ ഫൈറ്റ് ചെയ്താൽ നമുക്ക് കിട്ടും. നമ്മളെ പോലുള്ള ആൾക്കാർ മുന്നോട്ട് വന്ന് കഴിഞ്ഞാൽ ഇവർക്കെന്താ പ്രശ്‌നം? ഇത്രയും പഠിക്കുന്നതെന്തിനാ എന്ന് പോലും ഉദ്യോഗസ്ഥർ ചോദിച്ചിട്ടുണ്ട്.” മണികണ്ഠൻ ആ അനുഭവങ്ങൾ ഓർമ്മിച്ചു. നിരന്തരം കയറിയിറങ്ങുന്നതിൽ ഉദ്യോഗസ്ഥരും തന്നോട് മുഷിപ്പ് കാണിക്കാറുണ്ടെന്ന് മണികണ്ഠൻ പറയുന്നു. “അവരെത്ര മുഖം ചുളിച്ചാലും നമ്മുടെ ആവശ്യങ്ങൾ നടക്കണ്ടേ. ഒരു പത്ത് മിനിട്ട് എടുത്ത് ചെയ്ത് കഴിഞ്ഞാൽ അപ്പോൾ തന്നെ തീരുന്ന കാര്യമേ ഉള്ളൂ. ഇല്ലാത്ത ആൾക്കാർക്ക് കൊടുക്കാനല്ലേ ഈ സ്‌കീമുകൾ?” മണികണ്ഠൻ ചോദിക്കുന്നു.

മണികണ്ഠൻ ഫെല്ലോഷിപ്പിനായി അപേക്ഷിച്ചിട്ട് 2023 ഫെബ്രുവരിയിൽ ഒരു വർഷം തികയുകയാണ്. ഇതിനിടയിൽ എംഎഫിൽ പഠനം കഴിയാറായിട്ടും ലഭിക്കേണ്ട അവകാശം നേടിയെടുക്കേണ്ടതാണെന്ന നിശ്ചയ​ദാർഢ്യത്തോടെ മണികണ്ഠൻ മുന്നോട്ടുനീങ്ങുകയാണ്.

ഡിജിറ്റൽ ഡിവൈഡ്

മണികണ്ഠനെ പഠനത്തിൽ പിന്നോട്ട് വലിക്കുന്നതിലെ മറ്റൊരു കാരണമാണ് ലാപ്‌ടോപ് ഇല്ലായ്മ. തന്റെയൊപ്പം പഠിക്കുന്ന എല്ലാവർക്കും ലാപ്‌ടോപ് ഉണ്ടെന്നും അവർക്കൊക്കെ കൃത്യസമയത്തിന് പ്രൊജക്ടുകൾ സമർപ്പിക്കാൻ കഴിയുന്നുണ്ടെന്നും മണികണ്ഠൻ അല്പം വിഷമത്തോടെയാണ് പറഞ്ഞത്. സുഹൃത്തുക്കളുടെ ലാപ്‌ടോപ് കിട്ടുന്നതിന് അനുസരിച്ചാണ് പലപ്പോഴും മണികണ്ഠൻ കോളേജ് പ്രോജക്ടുകൾ തീർക്കുന്നത്. അല്ലെങ്കിൽ ഏതെങ്കിലും കമ്പ്യൂട്ടർ സെന്ററുകളെ ആശ്രയിക്കും. 2019ൽ മാത്രം സ്മാർട് ഫോൺ ഉപയോഗിച്ച് തുടങ്ങിയ ആളാണ് മണികണ്ഠൻ. അതും മറ്റൊരു സുഹൃത്തിന്റേത്. പക്ഷെ എത്രനാളാണ് ആത്മാഭിമാനം പണയപ്പെടുത്തി ഇങ്ങനെ കടം വാങ്ങി ലാപ്‌ടോപ് ഉപയോഗിക്കുക എന്ന് മണികണ്ഠൻ ആശങ്കപ്പെടുന്നുണ്ട്. അങ്ങനെയാണ് പ്രത്യേക കേസായി പരിഗണിച്ച് ലാപ്‌ടോപ് നൽകണമെന്ന അപേക്ഷയുമായി സർക്കാർ അധികൃതരിലേക്ക് എത്തുന്നതും. പക്ഷെ അവിടെയും നിരാശയായിരുന്നു ഫലം. “കേരളത്തിന് പുറത്ത് പഠിക്കുന്ന കുട്ടികൾക്ക് ലാപ്‌ടോപ് നൽകാനാകില്ല എന്നാണ് ജില്ലാ ഓഫീസിൽ പറഞ്ഞത്. ഡയറക്ടറേറ്റിൽ വിളിച്ച് ചോദിച്ചപ്പോഴും അവരും അത് തന്നെ ആവർത്തിച്ചു. സെക്രട്ടറിയേറ്റിൽ വിളിച്ചു ചോദിച്ചപ്പോഴാണ് പ്രത്യേക കേസുകളിൽ കൊടുക്കാറുണ്ടെന്ന് പറഞ്ഞത്.” ഒരു ലാപ്‌ടോപിനായി മണികണ്ഠൻ മുട്ടാത്ത വാതിലുകളില്ല എന്ന് വാക്കുകളിലൂടെ മനസിലാകുമായിരുന്നു.

പഠിക്കാൻ ലാപ്‌ടോപ് അനിവാര്യമാണെന്നും പ്രത്യേക കാര്യമായി പരിഗണിച്ച് ലാപ്‌ടോപ് നൽകണമെന്നുള്ള അപേക്ഷ സ്വീകരിക്കാതായതോടെ 2023 ജനുവരി 3ന് മണികണ്ഠൻ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ നേരിൽ കണ്ട് ആവശ്യമറിയിച്ചു. “മന്ത്രി ലാപ്‌ടോപ്പിന് എത്ര വേണം, 45 കിട്ടിയാൽ മതിയോന്ന് ചോദിച്ചു. അപ്പോൾ ഞാൻ 50 വേണമെന്ന് പറഞ്ഞു. അപ്പോൾ തന്നെ എന്റെ ഫയലിൽ ഒപ്പിട്ട് സീലും വെച്ച് തന്നു. വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ അക്കൗണ്ടിൽ പൈസ വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അവിടുന്ന് ആപ്ലിക്കേഷൻ ഡയറക്ടറേറ്റിലേക്ക് അയച്ചു. അവർ നേരെ ജില്ലാ ഓഫീസിലേക്ക് അയച്ചു. പക്ഷേ ഇവിടെ വന്നപ്പോഴേക്കും തരാൻ പറ്റില്ലെന്നാണ് അവർ പറയുന്നത്. ഇതിന് മേൽ നമ്മൾ ആരെ കാണണം? മുഖ്യമന്ത്രിയെ കാണണോ? എന്റെ ഫാമിലിയിലെ ആദ്യത്തെ പഠിച്ച് കയറുന്ന ആളാണ്. എന്നെ പോലുള്ളവരെ സഹായിക്കാനും കൂടെയല്ലേ ഈ സംവിധാനങ്ങൾ?” മണികണ്ഠൻ നിസഹായനായി ചോദിക്കുന്നു.

മന്ത്രിയുടെ ഓഫീസിൽ നിന്നും അയച്ച കത്ത്

“നാളെ പി.എച്ച്.ഡി കിട്ടിയാലും ഇത് തന്നെയാകും സ്ഥിതി. ഒരുപാട് ആഗ്രഹമുണ്ട് പിഎച്ച്ഡി ചെയ്യണമെന്ന്. പക്ഷേ കിട്ടി കഴിഞ്ഞാൽ പൈസ വേണമല്ലോ…” മണികണ്ഠൻ ആരോടെന്ന പോലെ ശൂന്യതയിലേക്ക് നോക്കി സംസാരിച്ചു. മൂന്നാറിൽ നിന്നുള്ള തമിഴൻ ആയതു കൊണ്ടും ജാതിയിൽ താഴ്ന്നവനായത് കൊണ്ടുമാണ് താനിങ്ങനെ നിരന്തരം തഴയപ്പെടുന്നതെന്നാണ് മണികണ്ഠന്റെ വിലയിരുത്തൽ. ഏതൊരു ഓഫീസിൽ പോയാലും ഓപ്പണായിട്ട് ജാതി ചോദിക്കുന്നുവെന്നും ജാതി സർട്ടിഫിക്കറ്റ് നൽകിയാലും ജാതി ചോദിക്കുന്നതെന്തിനാണെന്നും മണികണ്ഠൻ അമർഷം കൊണ്ടു. “അടുത്ത ജന്മമെങ്കിലും, ഒന്ന് പൈസയുണ്ടാകണം അല്ലെങ്കിൽ വലിയ ജാതിയിൽ ജനിക്കണം. ഉന്മയാ… ഓഫീസുകളിൽ ആളുകൾ മര്യാദയില്ലാതെ, വ്യത്യാസമായാണ് നോക്കുന്നത്. റിജക്ട് ആയാൽ റിജക്ട്, അത്രയല്ലേ അവർക്കുള്ളൂ… നമ്മൾക്ക് അങ്ങനെയല്ലല്ലോ.” മണികണ്ഠൻ നിസഹായതയോടെ ഇരുന്നു.

മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിലെ ആ ലയത്തിൽ നിന്നും അർഹതപ്പെട്ട അവകാശങ്ങൾ നേടുന്നതിനായി മണികണ്ഠൻ നടത്തിയ ആദ്യ യാത്രയല്ല ഇത്. ജീവിതസാഹചര്യങ്ങളും ഭാഷയും വരെ പലപ്പോഴും പ്രതിബന്ധങ്ങൾ തീർത്തിട്ടും, നാല് തലമുറയായി തുടരുന്ന ലയത്തിലെ ആ ജീവിതത്തിന് ഒരു മാറ്റമുണ്ടാക്കാൻ വേണ്ടി മണികണ്ഠൻ നിരന്തര പ്രയത്നത്തിലാണിപ്പോഴും… (തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 10, 2023 6:29 pm