മൂന്നാറിലെ റവന്യൂ ദൗത്യവും ചെറുകിട കർഷകരുടെ ഭാവിയും

എനിക്ക് 80 വയസുണ്ട്. ഇവിടല്ലാതെ എനിക്ക് ഒരു സെന്റ് ഭൂമിയില്ല. ജീവിക്കുന്നെങ്കിൽ ഇവിടെ ജീവിക്കും മരിക്കുന്നെങ്കിലും ഇവിടെ തന്നെ മരിക്കും. ഇത്രയും നാളും ജീവിച്ച മണ്ണിൽ തന്നെ ജീവിക്കാൻ ഞങ്ങക്ക് അവകാശമുണ്ട്. എൺപതാമത്തെ വയസിൽ ഞാനിനി എവിടെപോയി തല ചായ്ക്കും? രണ്ട് ദിവസം ഞാൻ നിരാഹാര സമരം കിടന്നു. ഇതിനൊരു തീരുമാനം ഉണ്ടാകാതെ, ഞങ്ങടെ സ്ഥലത്തിനൊരു ഉറപ്പ് കിട്ടാതെ ഞങ്ങൾ പിന്മാറുന്ന പ്രശ്നമില്ല.” ജീവിക്കുന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുമോയെന്ന ആശങ്ക കാരണം പ്രായം തളർത്താത്ത പോരാട്ട വീര്യത്തോടെയാണ് ചിന്നക്കനാൽ സ്വദേശി മറിയക്കുട്ടിയമ്മ സംസാരിച്ചത്.

മറിയക്കുട്ടിയമ്മ

കയ്യേറ്റമൊഴിപ്പിക്കൽ സംബന്ധിച്ച നടപടികൾ റവന്യൂവകുപ്പ് വീണ്ടും ആരംഭിച്ചതോടെ ആശങ്കകളും വിവാദങ്ങളും മൂന്നാറിന്റെ തണുപ്പിനെ ചൂടുപിടിപ്പിച്ചിരിക്കുന്നു. കയ്യേറ്റമൊഴിപ്പിക്കാൻ വേണ്ടി ദൗത്യസംഘമെത്തുമ്പോൾ രണ്ട് സെൻറ് മുതൽ പത്ത് സെൻറ് വരെയുള്ള ഭൂമിയിൽ തലമുറകളായി താമസിക്കുന്ന കുടുംബങ്ങളും പട്ടയമില്ലാത്തതിന്റെ പേരിൽ കുടിയൊഴിയേണ്ടി വരുമോ എന്ന പേടിയിലാണ്. കയ്യേറ്റമൊഴിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ തുടങ്ങിയ ചെറുകിട കുടിയേറ്റ കർഷകരുടെ റിലേ നിരാഹാര സമരം ചിന്നക്കനാലിൽ തുടരുകയാണ്.

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘വൺ എർത്ത് വൺ ലൈഫ്’ എന്ന പരിസ്ഥിതി സംഘടന 2010 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് സംബന്ധിച്ചുള്ള തുടർ നടപടികളെ കുറിച്ച് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടുകയും ജില്ലാ ഭരണകൂടം 335  കയ്യേറ്റങ്ങളുടെയും അനധികൃത നിർമാണങ്ങളുടെയും പട്ടിക 2023 ആഗസ്റ്റ് 7ന് കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. റവന്യൂ നടപടികൾ വൈകുന്നതുകൊണ്ട് കോടതി തന്നെ ദൗത്യസംഘത്തെ നിയോഗിക്കാനുള്ള സാധ്യതയുള്ളതിനാൽ കയ്യേറ്റമാെഴിപ്പിക്കുന്ന നടപടികളിലേക്ക് കടന്നതായി സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് സെപ്റ്റംബർ 29 ന് സബ് കലക്ടർ, ആർ.ഡി.ഒ, കാർഡമം അസിസ്റ്റന്റ് കമ്മിഷണർ എന്നിവരുൾപ്പെടുന്ന, ഇടുക്കി കലക്ടർ ഷീബാ ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘത്തെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സർക്കാർ നിയോഗിക്കുകയായിരുന്നു.

ഒക്ടോബർ 19 ന് ദൗത്യസംഘം ആദ്യ കുടിയൊഴിപ്പിക്കൽ നടപടികളുമായി ചിന്നക്കനാലിലെത്തിയതോടെ നാട്ടുകാർ പന്തം കൊളുത്തി പ്രതിഷേധിച്ചിരുന്നു. സാധാരണക്കാരായ കുടിയേറ്റ കർഷകരുടെ ഭൂമി ഉൾപ്പെടെ കുടിയിറക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്. 48 മണിക്കൂറിനുള്ളിൽ കുടിയൊഴിഞ്ഞ് പോകണമെന്ന് 12 കുടുംബങ്ങൾക്ക് നോട്ടീസ് കിട്ടിയതോടെ ചിന്നക്കനാൽ നിവാസികൾ റിലേ നിരാഹാര സമരം ആരംഭിച്ചു. ചിന്നക്കനാൽ ഭൂസംരക്ഷണ സമര സമിതിയുടെ നേത‍ൃത്വത്തിൽ നടക്കുന്ന റിലേ നിരാഹാര സമരം നവംബർ 22ന് പത്ത് ദിവസം പിന്നിട്ടിരിക്കുന്നു.

ഭൂസംരക്ഷണ സമര സമിതിയുടെ റിലേ നിരാഹാര സമരം

മറിയക്കുട്ടിയമ്മക്ക് ഒരേക്കറിൽ കുറഞ്ഞ സ്ഥലമാണുള്ളത്. ആദിവാസികൾക്ക് അളന്നിട്ടിരിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ വർഷങ്ങൾക്ക് മുൻപ് മറിയക്കുട്ടിയമ്മ ഉൾപ്പ‍ടെ 14 പേരുടെ വീട് കത്തിച്ചു കളഞ്ഞിരുന്നു എന്ന് മറിയക്കുട്ടിയമ്മ പറയുന്നു. അതിനെതിരെ കേസ് കൊടുത്ത മറിയക്കുട്ടിയമ്മ ഉൾപ്പടെ 14 പേരുടെ ഭൂമി കലക്ടർ സമർപ്പിച്ച കുടിയൊഴിപ്പിക്കാനുള്ള ലിസ്റ്റിൽ പെടുന്നവയാണ്.

സമാനമായ അനുഭവമാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ച 12 പേരിൽ ഉൾപ്പെട്ട പ്രദേശവാസിയായ എസ് രാജനും പങ്കുവെക്കുന്നത്.

“എന്റെ കാരണവർ 50 വർഷമായി ഇവിടെ താമസിക്കുന്നതാണ്. കാരണവരാണെനിക്ക് ഈ സ്ഥലം ഇഷ്ടദാനം തന്നത്. ഞങ്ങൾ പണ്ട് തെരുവ് പുല്ല് കൃഷി ചെയ്തിരുന്ന സമയത്താണ് റവന്യൂക്കാർ സർവ്വേക്ക് വരുന്നത്. ഞങ്ങൾ അവരെ തടഞ്ഞു. എന്നാൽ സ്ഥലം അളന്നു തിട്ടപ്പെടുത്താനാണ് എന്നാണ് അവർ പറഞ്ഞത്. പേടിക്കാനൊന്നുമില്ല എന്ന് പറഞ്ഞിട്ട് അവര് സ്ഥലം മൊത്തം സർവേ ചെയ്തു. പിന്നീടാണ് അറിഞ്ഞത് 44 ഏക്കർ ആദിവാസികൾക്ക് വേണ്ടി അളന്നു തിരിച്ചതാണെന്ന്. സർവ്വേചെയ്യുമ്പോൾ തന്നെ ഞ‍ങ്ങൾ കേസ് കൊടുക്കുകയും കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിനൊക്കെ മുന്നേ തന്നെ 2000ത്തിൽ ഇത് റവന്യൂ പുറമ്പോക്ക് സ്ഥലമാണെന്നും പട്ടയം പതിച്ച് കൊടുക്കാമെന്നും പറഞ്ഞ് വില്ലേജോഫീസർ തന്ന രേഖകൾ ഞങ്ങളുടെ കയ്യിലുണ്ട്. 2015 ൽ കലക്ടർ ഹിയറിങ്ങ് വിളിച്ചിരുന്നു. അന്ന് കൈയ്യിലുള്ള രേഖകൾ കൊടുത്തപ്പോൾ അംഗീകരിച്ചില്ല. പട്ടയമില്ലാത്തതുകൊണ്ട് ഞങ്ങളെ ഇറക്കി വിട്ടു. ഞങ്ങടെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പട്ടയമാവശ്യപ്പെട്ടുകൊണ്ട് ഞങ്ങളൊരു പന്ത്രണ്ട് പേര് ചേർന്ന് ഹൈക്കോടതിയിലൊരു കേസ് ഫയൽ ചെയ്തിരുന്നു. പക്ഷെ ഞങ്ങടെ കേസ് നോക്കിയിരുന്ന വക്കീൽ അതിനിടയിൽ മരിച്ചുപോയി. ആരും കേസിന് ഹാജരാകാതെയായി. വേറൊരു വക്കീലിനെ കേസ് ഏൽപ്പിച്ചിരുന്നു. ആദ്യം കൊടുത്ത കേസ് നിലവിലുള്ളതുകൊണ്ട് ആ വക്കീൽ കേസ് ഫയൽ ചെയ്തതുമില്ല, അതിനെകുറിച്ച് ഞങ്ങളോട് പറഞ്ഞതുമില്ല. ആദ്യം ഫയൽ ചെയ്ത കേസ് ഹിയറിങ്ങിന് ആരും പോകാതെ പത്ത് വർഷം കഴിഞ്ഞ് ഞങ്ങക്കെതിരെ വിധി വന്നു. ആ വിധി പ്രകാരം ഇത് സർക്കാർ ഭൂമിയാണെന്നും കുടിയൊഴുപ്പിക്കണമെന്നുമാണ്. അന്ന് ഒരുമിച്ച് കേസിന് പോയ എല്ലാവരുടേയും കുടിയിറക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന് കളക്ടർ റവന്യൂ വകുപ്പിന് നോട്ടീസ് നൽകിയിരിക്കുകയാണ്. ഞങ്ങളിപ്പോൾ അപ്പീൽ കൊടുത്തിട്ടുണ്ട് കോടതിയിൽ. ഒരേക്കറിൽ താഴെ സ്ഥലമുള്ള ഞാനും ആ ലിസ്റ്റിലുണ്ട്. ആ നോട്ടീസിലും ആദിവാസിക്ക് തിരിച്ചിട്ടിരിക്കുന്ന ഭൂമി കയ്യേറി എന്നാണ് പറഞ്ഞിരിക്കുന്നത്.”

മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയതായും അതിൽ 70 കേസുകളിൽ അപ്പീൽ നിലവിലുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. അപ്പീലുകളിൽ ജില്ലാ കലക്ടർ രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും വീട് നിർമിക്കാൻ ഒരു സെന്റിൽ താഴെ മാത്രം കയ്യേറിയവർക്ക് പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നുമാണ് സർക്കാർ വിശദീകരണം.

ചിന്നക്കനാലിലെ ഭൂമി

സർവ്വേ വകുപ്പാണ് ഇപ്പോഴത്തെ പ്രശ്നത്തിലെ കുറ്റക്കാരെന്നാണ് സമര സമിതിയംഗമായ പി.എം രാജൻ ആരോപിക്കുന്നത്.

“അവർ സ്ഥലം അളന്നപ്പോ 1964 മുതൽ ജനവാസം ഔദ്യോഗികമായി തെളിയിക്കുന്ന വീട് നമ്പർ ഉൾപ്പടെയുള്ള രേഖകൾ ഉള്ള സ്ഥലങ്ങൾ കയ്യേറ്റമെന്ന് എഴുതിവെച്ചു. ഈ പറയുന്ന ഭൂമികളിൽ നിന്നൊക്കെ കുടിയൊഴിപ്പിക്കൽ നടന്നാൽ അടുത്ത സ്ഥലങ്ങൾ ഒക്കെ ഇത് പോലെ ഭൂമിയുടെ രേഖ ആവശ്യപ്പെടാൻ തയ്യാറാക്കി വെച്ചേക്കുവാ. സർക്കാരിന്റെ ഏകവന പദ്ധതി വഴി UNDP ഫണ്ട് തട്ടാനുള്ള നാടകമാണിത്. ഡിജിറ്റൽ സർവ്വേയിൽ കൃഷിക്കാരന്റെ പേര് റിമാർക്ക് കോളത്തിൽ പോലും രേഖപ്പെടുത്തേണ്ടതില്ല എന്ന് സർവേ ഡയറക്ടറുടെ ഉത്തരവുണ്ട്. ഇപ്പോൾ നടക്കുന്ന ഡിജിറ്റൽ സർവ്വേ കഴിയുമ്പോൾ ഞങ്ങളെ പുറത്തിറക്കാനുള്ള നടപടികൾ പൂർത്തിയായി എന്ന് ചുരുക്കം. കുറച്ച് കുറച്ചായി സ്ഥലം പിടിച്ചെടുക്കുമ്പോ മറ്റൊരാൾക്ക് അല്ലേ സംഭവിച്ചതെന്ന് കരുതി ആരും ഒന്നും പറയില്ലല്ലോ.” പി.എം രാജൻ വിശദമാക്കി.

പി.എം രാജൻ

“അരികൊമ്പൻ വിഷയം ഇത്രയും വലിച്ച് നീട്ടാൻ കാരണം ഇവിടുത്തെ ഭൂമി പ്രശ്നമാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നതാണ്. ഇപ്പോഴത് ശരിയായിരിക്കുകയാണല്ലോ? കാരണം ആനയിറങ്കൽ നാഷ്ണൽ പാർക്ക് എന്ന പ്രോജക്ട് വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഒത്താശയോടെ കോടതി മുഖേന ഇവിടെ നടപ്പാക്കിയെടുക്കുക എന്നുള്ളതാണ് ഇതിന് പിന്നിലെ ലക്ഷ്യം.” ചിന്നകനാൽ സ്വദേശി സുനില് ആരോപിക്കുന്നു.

45 -50 വർഷം ഇവിടെ ജീവിച്ച ആളുകൾ ഇപ്പോൾ കയ്യേറ്റക്കാരായി. പറയുന്ന കാരണം പട്ടയമില്ല എന്നാണ്. 50 വർഷം ഇവിടെ താമസിച്ച ആളുകളെ ഇലക്ഷന് വോട്ട് ചെയ്യാൻ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്ത സർക്കാർ സംവിധാനങ്ങൾ എന്തുകൊണ്ട് ഞങ്ങക്ക് പട്ടയം തന്നില്ല എന്നും സുനിൽ ചോദിക്കുന്നു. “മൊത്തം കയ്യേറ്റങ്ങൾക്കെതിരെയുള്ള സമരമല്ല ഇത്. കുടിയേറ്റ കർഷകരായിട്ടുള്ള ആളുകളുടെ ഭൂമി ശാസ്ത്രീയമായി വിലയിരുത്തി, കൃഷി ഭൂമിയിലുള്ള ആദായങ്ങളുടെ കാലപഴക്കം നിശ്ചയിച്ചുകൊണ്ട് കൃഷിക്കാരനാണോ കുടിയേറ്റക്കാരനാണോ എന്ന് തീരുമാനിക്കണം.” സുനിൽ വ്യക്തമാക്കി.

സുനിൽ

ദേവികുളം താലൂക്കിൽ മുൻപ് നടന്ന കുടിയൊഴിപ്പിക്കലുകൾക്ക് സമാനമായി, വൻകിടക്കാരെ ഒഴിവാക്കി സാധാരണ കർഷകരെ ആണ് ഇത്തവണയും കുടിയൊഴുപ്പിക്കനായി റവന്യൂ വിഭാഗം ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്. മുമ്പ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരൻ, ബിജു പ്രഭാകർ എന്നിവർ തയ്യാറാക്കിയ കയ്യേറ്റങ്ങളുടെ ലിസ്റ്റിലെ ഭൂരിഭാഗം പേരും ഇപ്പോൾ കലക്ടർ സമർപ്പിച്ച ലിസ്റ്റിൽ ഇല്ലെന്ന് സുനിൽ ചൂണ്ടിക്കാണിക്കുന്നു.

“ചിന്നകനാൽ മേഖലയിലെ ഏറ്റവും വലിയ കയ്യേറ്റക്കാർ ടാറ്റയും ഹാരിസൺസും ഒക്കെയാണ്. ക്യാച്ച്മെന്റ് ഏരിയ ആണെങ്കിലും പാട്ടഭൂമികളുടെ കയ്യേറ്റമാണെങ്കിലും റവന്യൂ ഭൂമികളുടെ കയ്യേറ്റമാണെങ്കിലും ഏറ്റവും കൂടുതൽ കയ്യേറിയത് അവരാണ്. ബഹുമാനപ്പെട്ട കോടതി പോലും പറഞ്ഞിരിക്കുന്നത് സാധാരണ കർഷകരുടെ ഭൂമിയോ വീടോ ഒഴിപ്പിക്കരുതെന്നാണ്. കൃത്യമായിട്ടും ഒരേക്കറിൽ താഴെയുള്ള കർഷക ഭൂമിയെ ലക്ഷ്യമാക്കി കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയും ആ ഭൂമി ഏറ്റെടുക്കാനായിട്ടുള്ള നടപടിയുമായി മുൻപോട്ട്  പോവുകയുമാണ്. കയ്യേറ്റക്കാരൻ ആണെങ്കിൽ ഒഴിപ്പിച്ചോട്ടെ… ഞങ്ങൾ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ കൃഷി ദേഹണ്ണങ്ങൾ പരിശോധിച്ച് അതിന്റെ കാലാവധി നിശ്ചയിക്കണം. അതാണ് പ്രധാന ആവശ്യം. മുമ്പ് ഇത് പുൽമേടായിരുന്നുവെന്ന് ലിത്തോഗ്രാഫിൽ വരെ എഴുതിയട്ടുണ്ട്. ഇന്ന് ഈ കാണുന്നതൊക്കെ ഞങ്ങൾ നട്ടുപിടിപ്പിച്ചതാണ്. അതിന്റെ കാലാവധി പരിശോധിച്ചിട്ട് തീരുമാനിക്കുക ഞങ്ങൾ കയ്യേറ്റക്കാരനാണോ കുടിയേറ്റക്കാരനാണോ എന്ന്. ഭൂനിയമമനുസരിച്ച് 12 വർഷം താമസിക്കുന്ന ഭൂമിയിൽ കുടികിടപ്പിനുള്ള അവകാശമെങ്കിലും ഉണ്ടല്ലോ? ഇത് കൃത്യമായിട്ടും ഭരണഘടന വിഭാവന ചെയ്യുന്ന ആർട്ടിക്കിൾ 21 ന്റെ ലംഘനമാണ്.” സുനിൽ വിശദമാക്കി.

കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ്

കോടതിയിൽ കയ്യേറ്റക്കാരാണെന്ന റിപ്പോർട്ടാണ് കലക്ടർ കൊടുത്തിരിക്കുന്നത്. ഇതിൽ പുനരന്വേഷണം വേണം. പട്ടയത്തിൽ ഇല്ലാത്ത ഏക്കർ കണക്കിന് ഭൂമി ഹാരിസൺസിന്റെ കയ്യിലുണ്ട്. അത് പിടിച്ചെടുക്കാൻ കലക്ട്ർ എന്താണ് റിപ്പോർട്ട് കൊടുക്കാത്തത്? അപ്പോൾ സാധാരണക്കാരന് ഒരു നീതി കോർപ്പറേറ്റുകൾക്ക് മറ്റൊരു നീതിയെന്ന വ്യവസ്ഥ ഈ രാജ്യത്തുണ്ടോ? ചിന്നക്കനാലിൽ 150 ഓളം വ്യാജ പട്ടയങ്ങൾ ഉണ്ടെന്ന് കലക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ഈ പട്ടയങ്ങൾ ഉണ്ടാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ കലക്ടർ റിപ്പോർട്ട് കൊടുത്തില്ലലോ, അവർക്കെതിരെ നടപടി വേണ്ടേ? സർക്കാരും അധികാരികളും കുടിയൊഴിപ്പിക്കലിന്റെ പേരിൽ സാധാരണക്കാരോട് കാണിക്കുന്ന അസമത്വങ്ങളോടുള്ള വിമർശനം സുനിലിന്റെ ഈ ചോദ്യങ്ങളിൽ നിറഞ്ഞുനിന്നു.

ചിന്നക്കനാൽ പഞ്ചായത്തിൽ മുപ്പതിലധികമാളുകളുടെ ഭൂമി കലക്ടർ സമർപ്പിച്ച ലിസ്റ്റിൽപ്പെട്ടിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് മെമ്പർ എന്‍.എം ശ്രീകുമാര്‍ പറയുന്നത്. 50-60 വർഷമായി താമസിച്ചിരുന്നവരൊക്കെ പഞ്ചായത്തിന്റെ രജിസ്റ്ററിലെ വീട്ട് നമ്പരുൾപ്പടെയുള്ളവ രേഖകളായി ഹാജരാക്കുമ്പോൾ, പഞ്ചായത്ത് സംബന്ധമായ രേഖകളൊന്നും സ്വീകരിക്കാൻ പറ്റില്ല എന്നാണ് കലക്ടർ പറയുന്നതെന്ന് എന്‍.എം ശ്രീകുമാര്‍ പരാതിപ്പെടുന്നു.

എന്‍.എം ശ്രീകുമാര്‍

“എന്റെ അച്ഛന്റെ അച്ഛൻ ഒക്കെ താമസിക്കാൻ തുടങ്ങുമ്പോ ചിന്നക്കനാൽ പഞ്ചായത്ത് രൂപീകൃതമായിട്ടില്ല. ഭൂമിയുടെ പഴക്കം തെളിയിക്കുന്ന രേഖകൾ വരെ കൊണ്ട് കാണിച്ചു. അതൊന്നും അംഗീകരിക്കില്ലെന്നാണ് കലക്ടർ പറയുന്നത്.” ശ്രീകുമാർ കൂട്ടിച്ചേർത്തു.

കാലാകാലങ്ങളായി ചെറുകിട കുടിയേറ്റ കർഷകരെ ഇറക്കി വിടുക എന്നുള്ള നയം മാറ്റി സർക്കാർ പട്ടയം തരണമെന്നാണ് സമര സമിതിയംഗം ശാന്താ സജീവ് പറയുന്നത്.

ശാന്താ സജീവ്

“എന്റെ ഭർത്താവിന്റെ കുടുംബത്തിന്റെ അ‍ഞ്ചാമത്തെ തലമുറയാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. മണ്ണിൽ പണിയെടുത്ത് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കുന്ന കർഷകരാണ് ഞങ്ങളൊക്കെ. സമരം ചെയ്യുമ്പോൾ നല്ല ബുദ്ധിമുട്ടാണ്.  മക്കളൊക്കെ കോട്ടയത്തും എറുണാകുളത്തുമൊക്കെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. മാസം അവർക്ക് ഫീസ് കൊടുക്കണ്ടേ? ക‍ൃഷി ആണേലും എന്നും ആദായമില്ല, കൂലിപണിക്ക് കൂടി പോയാ കാര്യങ്ങൾ നടത്തുന്നത്. അങ്ങനെയുള്ള ഞങ്ങളാണ് രാവിലെ മുതൽ സമരത്തിനിരിക്കുന്നത്. ആരും തന്നെ ജോലിക്ക് പോകുന്നില്ല. കൊച്ചുങ്ങളടക്കമാ ഞങ്ങൾ സമരത്തിനിരിക്കുന്നത്. എല്ലാരും എന്തിനും തയ്യാറായാണ് ഇരിക്കുന്നത്. മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് കത്തി മരിക്കുന്ന സ്ഥിതി വന്നാലും കുഴപ്പമില്ല.”

ശാന്തിയുടെ വാക്കുകളിൽ വിഷമവും ദേഷ്യവുമുണ്ടായിരുന്നു. പട്ടയം നൽകുകയോ ഭൂഅവകാശ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്യാതെ കുടിയിറക്കുമെന്ന് ഇടയ്ക്കിടെ ഭീഷണി മുഴക്കുന്ന അധികാരികളോടുള്ള പ്രതിഷേധം ചിന്നക്കനാലിലെ സമരപന്തലിൽ മുഴങ്ങിക്കേൾക്കാം. “മരിക്കേണ്ടി വന്നാലും ഞങ്ങളെതിർക്കും” എന്ന് ഉറപ്പിച്ചുപറയുന്ന ഈ ജനങ്ങളെ ബലപ്രയോഗത്താൽ മറികടക്കാൻ ശ്രമിച്ചാൽ റവന്യൂവകുപ്പിന്റെ നടപടികൾക്കെതിരെ മൂന്നാറിൽ വീണ്ടും എതിർപ്പുകൾ വ്യാപകമാകും

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 22, 2023 2:18 pm