

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ബിഹാറിന്‍റെ തലസ്ഥാനമായ പട്നയിൽ നിന്ന് തൊണ്ണൂറ് കിലോമീറ്റർ അകലെയാണ് രാജ്ഗീര്‍. പട്നയിൽ നിന്നും ഗയയിൽ നിന്നും ട്രെയിൻ മാർഗ്ഗവും ബസ് മാർഗ്ഗവും രാജ്ഗീറിൽ എത്താം. പണ്ട് രാജ്ഗൃഹ് എന്നാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. നാലും അഞ്ചും നൂറ്റാണ്ടുകളിൽ എഷ്യാ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും പ്രബലമായിരുന്ന മഗധ സാമ്രാജ്യത്തിന്റെ രാജാധാനി (തലസ്ഥാനം) ആയിരുന്നു രാജ്ഗീർ. അശോകനും, ബിംബിസാരനും, കുമാരഗുപ്തയും പോലുള്ള പ്രതാപികളായ രാജാക്കന്മാർ രാജ്ഗീറിലിരുന്ന് മഗധയെ ഭരിച്ചു. ഇടക്കെപ്പോഴോ പാടലീപുത്രയും (ഇന്നത്തെ പട്ന) മഗധയുടെ തലസ്ഥാനമായി.
രാജ്ഗീറിൽ നിന്ന് 15 കിലോമീറ്റർ പോയാൽ നളന്ദയിലെത്താം. വിശ്വപ്രസിദ്ധമായ നളന്ദ യൂണിവേഴ്സിറ്റി (സർവകലാശാല) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ‘നളന്ദ യൂണിവേഴ്സിറ്റിയുടെ അവശിഷ്ടങ്ങള്‍’ (Ruins of Nalanda university) എന്നാണ് ടൂറിസ്റ്റ് മാപ്പിൽ ഈ മഹാത്ഭുതത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളോളം, ഭാഗികമായെങ്കിലും ചരിത്രത്തോടൊപ്പം മണ്ണിൽ പുതഞ്ഞുകിടക്കുകയായിരുന്ന സർവകാലയുടെ കെട്ടിടങ്ങൾ (അവശിഷ്ടങ്ങൾ) ആർക്കിയോളജിക്കൽ സർവെ ഏറ്റെടുത്ത് ഖനനം (excavation) ചെയ്തെടുക്കുകയായിരുന്നു. ആർക്കിയോളജിക്കൽ സർവെ നടത്തിയ 30 വർഷത്തിലധികം നീണ്ടുനിന്ന (1915-1937-1974-1982) ഖനനത്തിലൂടെയാണ് നളന്ദ യൂണിവേഴ്സിറ്റി ഇന്നത്തെ അവസ്ഥയിലെങ്കിലും വീണ്ടെടുത്തത്.


30 ഹെക്ടറോളം വരുന്ന പ്രദേശം മാത്രമാണ് ഖനനം (excavation) നടത്തിയിട്ടുള്ളത്. ഇത് മൊത്തം യൂണിവേഴ്സിറ്റി ക്യാമ്പസ്സിന്റെ പത്ത് ശതമാനം പോലുമാകുന്നില്ലെന്ന് ആർക്കിയോളജിക്കൽ സർവെ അവകാശപ്പെടുന്നു. ഇന്ന് ഈ പ്രദേശം, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി അംഗീകരിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകളില്ലെങ്കിലും, നാലാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ലോകോത്തര സർവകലാശാല, ഗുപ്ത രാജവംശത്തിലെ പ്രബല ചക്രവർത്തിയായിരുന്ന കുമാര ഗുപ്തയുടെ കാലത്ത് സ്ഥാപിതമായതത്രെ. അക്കാലങ്ങളിലെ ഏറ്റവും ആധുനികമെന്ന് വിശേഷിപ്പിക്കാവുന്ന ഈ യൂണിവേഴ്സിറ്റിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി, ഏകദേശം പതിനായിരത്തോളം വിദ്യാർഥികളും, വിവിധ വിഷയങ്ങളിൽ നിപുണരായ രണ്ടായിരത്തോളം അധ്യാപകരും ഉണ്ടായിരുന്നുവെന്ന് അവിടെ സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ലോകത്തിൽ തന്നെ ഇത്രയധികം വിദ്യാർത്ഥികൾക്ക് ഒരേ സമയം താമസിച്ച് പഠിക്കാവുന്ന ആദ്യത്തേതും, ഏറ്റവും പഴക്കമേറിയതുമായ യൂണിവേഴ്സിറ്റി (Residential University)യത്രേ നളന്ദ. പഠനവിഷയങ്ങളിൽ (syllabus) മാത്‍സ്, ആർട്സ്, മെഡിസിൻ, അസ്ട്രണോമി, മെറ്റാ ഫിസിക്സ്, തിയോളജി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നുവെന്നും ക്യാമ്പസിൽ സ്ഥാപിച്ച ശിലാഫലകങ്ങളിലൊന്നിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചൈന, കൊറിയ, തിബത്ത്, മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എത്തിയിരുന്നത്. ചുവന്ന ഇഷ്ടികകളിൽ തീർത്തവയാണ് നളന്ദയിലെ മനോഹരങ്ങളായ കെട്ടിടങ്ങൾ. അവയിൽ മൊണാസ്റ്റരികൾ, ക്ലാസ്സ് റൂമുകൾ, റീഡിങ് റൂമുകൾ, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയെല്ലാമുണ്ട്. ക്ലാസ്സ് മുറികളില്‍ അധ്യാപകർക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഇഷ്ടികകള്‍ കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങള്‍ ഇപ്പോഴും കാണാം.


അഞ്ചാം നൂറ്റാണ്ടിൽ ചൈനീസ് സഞ്ചാരിയും, ബുദ്ധ സന്യാസിയുമായ ഹുയാൻസാങ് (Xuan-Zang) നളന്ദ സന്ദർശിക്കുന്നുണ്ട്. അദ്ദേഹം ആദ്യം നളന്ദയിലെ വിദ്യാർത്ഥിയായി പഠനമാരംഭിക്കുകയും പിന്നീട് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. നളന്ദയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ ചൈനീസ് ഗവണ്മെന്റും ഇന്ത്യാ ഗവണ്മെന്റും ചേർന്ന് സ്ഥാപിച്ച ഹുയാൻസാങ് സ്മാരക മന്ദിരവും മുസിയവുമുണ്ട്. 1957ൽ സ്ഥാപിതമാകുന്ന ഈ സ്മാരകമന്ദിരം 1961ൽ ആണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ഇതിന്റെ ചുമരുകളിൽ അതിമനോഹരമായ ചുമർ ചിത്രങ്ങൾ (mural paintings ) കാണാം. നളന്ദയിൽ 17 വർഷം പഠനവും അധ്യാപനവുമായി ചിലവഴിച്ച ശേഷമാണ് ഹുയാൻസാങ് ചൈനയിലേക്ക് മടങ്ങിയത്. മടങ്ങുമ്പോള്‍ ബുദ്ധമതത്തെ കുറിച്ചുള്ള വലിയ ഒരു ചുമട് ഗ്രന്ഥങ്ങള്‍ (budhist scriptures) കൂടി അദ്ദേഹം കൂടെ കൊണ്ടുപോയി. പിന്നീടുള്ള 19 വര്‍ഷം അവയെല്ലാം സംസ്കൃതത്തില്‍ നിന്ന് ചൈനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ അദ്ദേഹം വിനിയോഗിച്ചുവത്രേ.


നളന്ദ സർവകലാശാലയും അവിടുത്തെ കെട്ടിട സമുച്ചയങ്ങളും നിരവധി തവണ ആക്രമിക്കപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം 1190 ൽ നടന്ന തുർക്കി – അഫ്ഗാൻ മിലിറ്ററി ജനറൽ ആയിരുന്ന ഭക്തിയാർ ഖിൽജി നടത്തിയ ആക്രമണമായിരുന്നു. നളന്ദയിലെ വൻ ഗ്രന്ഥശേഖരം (ലൈബ്രറി) കത്തിയൊടുങ്ങാൻ മൂന്ന് മാസമെടുത്തു എന്ന് പറയപ്പെടുന്നു. ആക്രമണത്തിനുള്ള കാരണങ്ങൾ വ്യക്തമല്ലെങ്കിലും ബുദ്ധമതത്തിന് ജനങ്ങളുടെ ഇടയിലുള്ള വര്‍ദ്ധിച്ചു വരുന്ന സ്വാധീനമാണ് നളന്ദയെ നശിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. പഠനവിഷയങ്ങൾ ഏറ്റവും ആധുനികമായിരുന്നെങ്കിലും, അടിസ്ഥാനപരമായി നളന്ദ ഒരു ബുദ്ധമത യൂണിവേഴ്സിറ്റിയായാണ് അറിയപ്പെട്ടിരുന്നത്.


അതിനുപുറമേ അന്ന് നിലനിന്നിരുന്ന വൈദിക (ബ്രാഹ്മണിക്കൽ) മതവും, ബുദ്ധ/ജൈന മതങ്ങളുടെ വളർച്ചയിൽ ഏറെ ആസ്വസ്ഥരും അസൂയാലുക്കളുമായിരുന്നു. വൈദിക മതം ബുദ്ധിസത്തേക്കാൾ പുരാതനമെങ്കിലും അവരിൽ മൃഗബലി, ബ്രാഹ്മണ പൂജ, ജാതീയത തുടങ്ങിയ നിരവധി ദുരചാരങ്ങൾ നിലനിന്നിരുന്നു. അതിനെതിരെ വളരെ പുരോഗമനപരമായ തിരുത്തൽ ചിന്തകളുമായി കടന്നുവന്ന ബുദ്ധമതത്തെയും അതിൻ്റെ വമ്പിച്ച സ്വാധീനത്തെയും സ്വാഭാവികമായും വെറുപ്പോടും വൈരാഗ്യത്തോടുമായിരുന്നു ബ്രാഹ്മണർ സമീപിച്ചിരുന്നത്. അതിനെ ഇല്ലാതാക്കാൻ വൈദിക മതക്കാർ ചെയ്തുകൂട്ടിയ ക്രൂരതകളും അനീതികളും അവർണനീയവും അവിശ്വസനീയവുമായിരുന്നു. അങ്ങിനെ പലപ്പോഴായുള്ള, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന, പല രീതിയിലുള്ള ആക്രമണങ്ങളിൽ ഈ ലോകോത്തര സർവകലാശാല അവസാനം മണ്ണടിയുകതന്നെ ചെയ്തു. അപ്പോഴേക്കും ബുദ്ധമതവും പതുക്കെ പതുക്കെ അപ്രസക്തമായിക്കൊണ്ടിരുന്നു.


കലാ, സാംസ്‌കാരിക, വിജ്ഞാന, വിദ്യാഭ്യാസ മേഖലകളിലെല്ലാം ഒരുകാലത്ത് ഏഷ്യാ ഭൂഖണ്ഡത്തിൽ തന്നെ ഏറ്റവും ഉന്നതങ്ങളിൽ എത്തുകയും ലോകജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ഭൂപ്രദേശമായിരുന്നു അന്നത്തെ മഗധ. നളന്ദയും പാടലീപുത്രയും ബുദ്ധ ഗയയുമെല്ലാം അടങ്ങുന്ന മഗധ. ജൈനമഹാവീരൻ തന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും കഴിച്ചുകൂട്ടിയത് നളന്ദയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കുണ്ടൽപൂരാണ്. അന്നത്തെ മഗധയാണ് ഇന്നത്തെ ബിഹാര്‍. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത, ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമാണ് ഇന്ന് ബിഹാര്‍. പട്നയില്‍ നിന്നും നളന്ദയിലേക്ക്, നിരവധി ഗ്രാമങ്ങള്‍ താണ്ടിവേണമെത്താന്‍. റോഡിന് ഇരുവശങ്ങളിലും ദാരിദ്ര്യത്തിന്റെയും വൃത്തികേടുകളുടെയും നിരവധി അടയാളങ്ങള്‍. ഈ അടയാളങ്ങള്‍ക്കിടയില്‍ ഒരത്ഭുതം പോലെ നളന്ദയെന്ന വിശ്വവിദ്യാലയത്തിന്റെ അവശിഷ്ടങ്ങള്‍… Ruins of Nalanda University!