പുതിയകാല വായനയിലെ എം.ടി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കാലങ്ങൾക്ക് അപ്പുറവും എം.ടി വായിക്കപ്പെടുമ്പോൾ

യു കൃഷ്ണാഞ്ജലി
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി)

എം.ടിയുടെ കഥകൾ വായനക്കാർക്ക് ഹൃദ്യമാകുന്നത് അദ്ദേഹത്തിന്റെ കഥാപാത്ര നിർമ്മിതിയുടെ മെയ് വഴക്കം കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. നമ്മൾ കണ്ടുപരിചയിച്ച പെണ്ണുങ്ങളും, നമ്മൾ അനുഭവിക്കുന്ന ജീവിതങ്ങളുമൊക്കെ തന്നെയല്ലേ ആ കഥകളിലുമുള്ളത് എന്ന് തോന്നിക്കും വിധമുള്ള രചനാവൈഭവം. കാതിൽ വളർന്നുവരുന്ന മണിയുള്ള, തൊട്ട് കണ്ണെഴുതാൻ പോന്ന കറുത്ത നിറമുള്ള, പെണ്ണുങ്ങൾക്ക് വിലക്ക് കല്പിച്ചിട്ടുള്ള തറവാട്ടിനകത്തെ മച്ച് കിളയ്ക്കാൻ പോലും തയാറാവുന്ന താൻപോരിമയുടെ സ്വത്വമാണ് എം.ടി കുട്ട്യേടത്തിക്ക് നൽകിയിട്ടുള്ളത്. മലയാളത്തിന്റെ ആ ‘കുട്ട്യേടത്തി’യോട് തോന്നിയിട്ടുള്ളത്ര സഹാനുഭൂതിയും, ഐക്യപ്പെടാനുള്ള ബോധവും എനിക്ക് മറ്റൊന്നിനോടും തോന്നിയിട്ടില്ല. ആ കഥാപാത്രം എന്റെ തന്നെ പ്രതിഛായയല്ലേ എന്ന് അനുഭവപ്പെട്ടിട്ടുമുണ്ട്. കറുത്തനിറത്തിന്റെ പേരിൽ കുടുംബത്തിൽ നിന്ന് തന്നെ നിരന്തരം അവമതിക്കപെടുന്നവൾ.

കുട്ട്യേടത്തി കഥാസമാഹാരത്തിന്റെ കവർ കടപ്പാട്:peerbey.com

സ്വന്തം ശരീരത്തിനോടുള്ള അവജ്ഞയും അപകർഷതയും മൂലം കാതിലെ മണി മുറിച്ചുമാറ്റുകയും ഏറ്റവുമൊടുവിൽ ആത്മഹത്യക്ക് കീഴ്പ്പെടേണ്ടി വരികയും ചെയ്യുന്ന കുട്ട്യേടത്തി സമൂഹത്തിൽ നിലനിൽക്കുന്ന സവർണ സൗന്ദര്യസങ്കല്പങ്ങളുടെ ബലിയാടാണ്. സമൂഹം പെണ്ണിന് മേൽ കല്പിച്ചുവെച്ച എല്ലാ ധാരണകളെയും അവൾ തിരുത്തുന്നുണ്ട്. പകരം ‘തെണ്ടിമയിസ്‌ട്രേട്ട് ‘ എന്ന വിശേഷണമാണ് അവൾക്ക് ചാർത്തികിട്ടുന്നത്. കുട്ട്യേടത്തിയുടെ ആത്മഹത്യ വർണ്ണവിവേചനം ഒന്ന് കൊണ്ട് മാത്രമാണെന്ന് വായിക്കരുത്. സ്നേഹനൈരാശ്യവും അതിനൊരു കാരണമാവുന്നുണ്ട്. ആരുടേയും സ്നേഹത്തിന് താൻ അർഹയല്ലെന്ന സ്വയം തോന്നലിന്റെ ഒടുവിലാണ് അവർ ആത്മഹത്യക്ക് ഒരുങ്ങുന്നത്. അത്തരത്തിൽ കുട്ട്യേടത്തിയും, സമാനമായ വിവേചനം നേരിടുന്ന നമ്മുടെ സമൂഹത്തിലെ ഓരോ മനുഷ്യരും മനഃശാസ്ത്രപരമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

യു കൃഷ്ണാഞ്ജലി

കഥയിൽ കുട്ട്യേടത്തിയുടെ പ്രേമഭാജനമാവുന്നത് അയൽക്കാരനായ ‘കീഴ്ജാതി’യിൽപ്പെട്ട ഒരുവനാണ്. അന്തസ്സും ആഭിജാത്യവുമുള്ള നായർ തറവാട്ടിൽ ജനിച്ചുവളർന്ന് ‘തറവാട്ടിന് ചീത്തപേരുണ്ടാക്കുന്ന നിഷേധിയായ കുട്ട്യേടത്തി’യുടെ കാമുകന്റെ തിരഞ്ഞെടുപ്പിലും കുട്ട്യേടത്തി എന്ന കഥാപാത്ര നിർമ്മിതിയിലും എം.ടി കൈവരിച്ച രാഷ്ട്രീയജാഗ്രതയും ബോധവും ശ്രദ്ധിക്കുക. കനമുള്ള തത്വചിന്തകളോ, ഗഹനമായ വായനകളോ ഒന്നും നിർബന്ധിക്കാത്ത, വളരെ ലളിതമായി നേരിട്ട് കഥ പറഞ്ഞുപോകുന്ന എം.ടിയുടെ ഈ ചെറുകഥയിൽ പോലും എത്ര സൂക്ഷ്മതയോട് കൂടെയാണ് ‘ജാതി ‘എന്ന സാമൂഹ്യവിപത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. എം.ടിയുടെ വിയോഗത്തിനൊടുവിൽ തീവ്രഹിന്ദുത്വവാദികൾ സമൂഹമാധ്യമങ്ങളിൽ അഴിച്ചുവിട്ട വിദ്വേഷപ്രചാരണങ്ങളുടെ പൊരുൾ മനസിലാക്കുവാൻ ഇതുപോലുള്ള കഥകൾ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. ഒളിച്ചും പതുങ്ങിയുമല്ല, നേർക്കുനേരെ വളരെ ശക്തമായി തന്നെ അദ്ദേഹത്തിന്റെ കഥകളിൽ ഇത്തരം സാമൂഹ്യപ്രശ്നങ്ങൾ ആഖ്യാനവിഷയമായി കടന്നുവരുന്നതുകൊണ്ട് തന്നെയാണ് കാലങ്ങൾക്ക് അപ്പുറവും എം.ടിയെ വായനക്കാർ ഒരു ഉപേക്ഷയും കൂടാതെ വായിക്കാൻ തിരഞ്ഞെടുക്കും എന്നതിന്റെ പിന്നാമ്പുറ രഹസ്യം!

ദൃശ്യപരതയുടെ വിസ്മയങ്ങൾ

എസ് സൈനബ
(പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിലെ മലയാളം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി)

എം.ടിയെ എഴുത്തിലൂടെയും സിനിമയിലൂടെയും അറിഞ്ഞിട്ടുണ്ട്. പക്ഷേ, എപ്പോഴും മനസിൻ്റെ ഓരം പറ്റിപ്പിടിച്ച് നിന്നത് എം.ടിയുടെ കഥാപാത്രങ്ങൾ അരങ്ങുവാണ് അഭിനയിച്ചത് കണ്ടപ്പോഴാണ്. ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന കഥയിൽ നിന്ന് ഉരുവം കൊണ്ട ‘നിർമ്മാല്യം’ എന്ന ചലച്ചിത്ര ഭാഷ്യവും വെളിച്ചപ്പാടിലൂടെ തകർന്നാടിയ സാമൂഹിക ആചാരങ്ങളെയും വിശ്വാസങ്ങളെയും ഒരു പുതു കാഴ്ചപ്പാടിലേക്ക് വലിച്ചിഴക്കാൻ കഴിവുള്ള ഒരു സംവിധായകൻ്റെ കലയും ഒതുക്കവും എം.ടി എന്ന വ്യക്തിത്വത്തിന് മാത്രമെ സാധ്യമാകൂ. മറ്റൊന്ന് തിരക്കഥാകൃത്ത് എന്ന നിലയിൽ എം.ടിയുടെ സാമർത്ഥ്യം. അത് ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കപ്പെട്ടത് അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടെ പറച്ചിലിലൂടെയാണ്.

എസ് സൈനബ

ഏറ്റവും വ്യക്തവും ശക്തവും ചടുലവുമായ സംഭാഷണങ്ങളിലൂടെ ദൃശ്യങ്ങളിൽ ചലിച്ചു നീങ്ങിയ കഥാപാത്രങ്ങൾ ഇന്നും മായാതെ കിടപ്പുണ്ട്. എം.ടി.യുടെ വാക്കുകൾ സൃഷ്ടിച്ച ഓളങ്ങൾ ചെറുതൊന്നുമല്ല. ചെറുകഥകളിൽ തുടങ്ങി നോവലുകൾ വരെ വാക്കുകളും വാക്യങ്ങളും സൃഷ്ടിക്കുന്നത് ഒരു യുഗാന്തരം നീളുന്ന ദൃശ്യപരതയുടെ വിസ്മയങ്ങളാണ്. എം.ടിയിലൂടെയുള്ള വായനാ സഞ്ചാരം ഒരേ സമയം എന്നെ ഏകാകിയും ദുഃഖിതയുമാക്കിയിട്ടുണ്ട്. മലയാള സാഹിത്യത്തിൽ കെട്ടണയാത്ത നക്ഷത്രമായി അവശേഷിക്കുന്ന ആ എഴുത്തുകാരന് പകരക്കാരനായി ഒരു എഴുത്തുകാരനെയും പ്രതിഷ്ഠിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.

പ്രതീക്ഷകളിലൂടെ ജീവിതത്തെ താങ്ങി നിർത്തുവാനുള്ള ഊർജം

അരുൺജിത്ത് മോഹൻ
(സി.പി.എ.എസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ ബി.എഡ് ഒന്നാം വർഷ വിദ്യാർത്ഥി)

എം.ടിയുടെ എഴുത്തും ഭാവനയും ആണ് ഒരുപക്ഷേ ഞാൻ ഉൾപ്പെടുന്ന യുവതയെ വായനയുടെ മറ്റൊരനുഭൂതി തലത്തിലേക്കും അതിൽനിന്ന് വൈകാരികവും വൈചാരികമാവുമായ ജീവിത വീക്ഷണത്തിലേക്കും നടത്തിയിട്ടുള്ളതെന്ന് നിസംശയം പറയാം. എം.ടി ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു ഇതിനടിസ്ഥാനം. ആ ഭാഷ കേവലം ഒരു കാലത്തിന്റെതായിരുന്നില്ല. മറിച്ച് വന്നും പോയുമിരുന്ന ഒരു ജനതയുടെയാകെ ശബ്ദമായിരുന്നു. അത് തീവ്രമായി പ്രണയിക്കുവാനും നിശബ്ദമായി വിരഹിക്കുവാനും ഒരു ജനതയെ തന്നെ പഠിപ്പിച്ചു. ഈ വിധം മലയാളി ഭൂമികയെ മറ്റൊരു തലത്തിൽ എത്തിച്ച എം.ടി കൃതികളിൽ വരികൾ കൊണ്ടും കല്പനകൾ കൊണ്ടും ഇന്നും ഹൃദയത്തിൽ തങ്ങി നിൽക്കുന്നത് മഞ്ഞാണ്. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും ജീവിതത്തിന്റെയും തന്നെ വിഭിന്നമായൊരു മുഖമാണ് എം.ടി മഞ്ഞിലൂടെ അവതരിപ്പിച്ചത്. മഞ്ഞിനോടൊപ്പം യാത്ര ചെയ്ത ഓരോ വായനക്കാരെയും നൈനിറ്റാളിന്റെ തീരത്തേക്ക് കൊണ്ട് പോകാൻ എം.ടിക്ക് കഴിയുന്നുണ്ട്.

അരുൺജിത്ത് മോഹൻ

കാത്തിരിപ്പിന്റെയും പ്രണയത്തിന്റെയും വിഹ്വലതകളുടെയും ലോകത്ത് തിങ്ങി പാർക്കുകയും ജീവിതത്തിലുടനീളം പ്രതീക്ഷകൾ കൊണ്ട് മുന്നോട്ടുപോവുകയും ചെയ്യുന്ന വിമലയെ പോലെയും ബുദ്ധുവിനെ പോലെയും വായനക്കാർക്ക് ഓരോരുത്തർക്കും പ്രതീക്ഷകളിലൂടെ ജീവിതത്തെ താങ്ങി നിർത്തുവാനുള്ള ഊർജം മഞ്ഞ് നൽകുന്നു. ഇത് കേവലമായ പ്രതീക്ഷയായിരുന്നില്ല മറിച്ച് ജീവിതത്തിന്റെ നാനാമുഖങ്ങളെയും സധൈര്യം നേരിടുവാനുള്ള കരുത്തായിരുന്നു. ഒരു ഒഴിവുകാലവും, കടം ചോദിച്ച വൈകുന്നേരവും ബാക്കിയാക്കി പര്യവസാനിക്കുന്ന മഞ്ഞിലേതു പോലെ എം.ടിയും കടന്നുപോകുമ്പോൾ അദ്ദേഹം എഴുതി വെച്ച ഓരോ കൃതിയും ഒരു നനുത്ത മഞ്ഞ് പെയ്യുന്ന ഒച്ചയിൽ പടരുന്നുണ്ട്. അത് വീണ്ടും പ്രായഭേദമന്യേ മലയാളികളോടൊപ്പം, യുവതയോടൊപ്പം യാത്ര ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.

മഞ്ഞ് കവർ കടപ്പാട് :amazon.in

ആ മഹാകാലത്തിന്റെ സാക്ഷ്യങ്ങളാവാൻ കഴിഞ്ഞതാണ് സാഫല്യം

സലാഹുദ്ധീൻ ഇ
(അധ്യാപകൻ, കരിയർ ട്രെയിനർ)

സാർഥകമായ ഒരു ജീവിതം അതിന്റെ ചിട്ടവട്ടങ്ങൾ പൂർത്തിയാക്കി വിട വാങ്ങിയിരിക്കുന്നു. ഉറൂബിന് പിറകെ മലയാള നോവൽ സാഹിത്യത്തിൽ ഉദിച്ചുയർന്ന ഒരു പ്രഭാത നക്ഷത്രമായിരുന്നു എം.ടി. നമ്മുടെ സംസ്‌കൃതിയെ പല നിലയിൽ ജ്വലിപ്പിച്ചു നിർത്തിയ ആ പ്രകാശം അസ്വാഭാവികമായല്ലാതെ അകാലത്തിൽ ഒട്ടുമേയല്ലാതെ അണഞ്ഞുപോയിരിക്കുന്നു. പക്ഷേ ആ പ്രകാശം ഇപ്പോഴും മലയാളിക്ക് ധന്യത പകരുന്നു. പതിരുകളില്ലാത്ത കതിർക്കുലയെന്ന് എം.ടി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ആഖ്യാന കലയുടെയും കഥാപാത്ര നിർമ്മിതിയുടെയും ഭാഷയുടെ നിളാ പ്രവാഹത്തിന്റെയും പൂർണ ശോഭയുൾക്കൊള്ളുന്ന ആ ജീവിതത്തെ വർണിക്കാൻ ഭാഷാക്ഷരിയുടെ കതിർക്കുല മതിയാവാതെ വരും. എം.ടി എന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിന്റെ ലോകവാതിലിൽ എഴുതി വെച്ച വിലാസമാണ്. അകത്തേക്കും പുറത്തേക്കും തുറക്കാവുന്ന ആ വാതിലിലൂടെ അനേകം തവണ കയറിയിറങ്ങിയാണ് മലയാള നോവൽ ഇന്നിവിടം വരെയെത്തി നിൽക്കുന്നത്.

എം.ടി യാത്രയായപ്പോൾ ഭാഷ മരിച്ച പോലെ തോന്നുന്നുവെന്നും കാലം നിശ്ചലമായത് പോലെ അനുഭവപ്പെടുന്നുവെന്നുമൊക്കെയുള്ള അനുശോചനങ്ങൾ കണ്ടു. കാലത്തിലൂടെയും രണ്ടാമൂഴത്തിലൂടെയും അസുരവിത്തിലൂടെയുമൊക്കെ ആഴത്തിൽ സഞ്ചരിച്ചവർക്ക് ഒരുപക്ഷേ അതൊരു അതിശയോക്തി പ്രയോഗമായി വായിക്കാനാവില്ല. അപ്പുണ്ണിയും സേതുവും ഗോവിന്ദൻ കുട്ടിയുമൊന്നും അവർക്ക് അപരിചിതരുമല്ല.
ജീവിച്ചിരിക്കുന്ന കാലത്ത് സർവസമ്മതനായിരിക്കുക, സമകാലികരെല്ലാം കാലുഷ്യങ്ങളില്ലാതെ ആ ജീവിതത്തെ നോക്കി അഭിവാദ്യം ചെയ്യുക, ഇതിഹാസങ്ങളെന്ന പോലെ എഴുതിയവയെല്ലാം പലയാവർത്തി വായിക്കപ്പെടുക, രാജ്യത്തെ തലയെടുപ്പുള്ള എല്ലാ പുരസ്കാരങ്ങളും തേടിയെത്തുക, മാധ്യമങ്ങൾ ആദരവോടെ രചനകൾക്കായി കാത്തിരിക്കുക, അച്ചടിക്കപ്പെടുമോ എന്ന പേടിയില്ലാതെ എഴുതാനും ഇടപെടാനുമാവുക. ഇങ്ങനെ എക്കാലത്തും എം.ടി കയ്യടക്കി വെച്ചിരുന്ന ഒരു നിലയുണ്ട്, എം.ടി ക്ക്‌ മാത്രം സാധ്യമാവുന്ന ഒരു നില.

കാലം കവർ കടപ്പാട് :olivepublications.in

മലയാളത്തിലെ ഏറ്റവും വലിയ വായനക്കാരിൽ ഒരാൾകൂടിയാണ് എം.ടി. ലോകസാഹിത്യവുമായി എം.ടിക്കുണ്ടായിരുന്ന നിരന്തര ബന്ധം ആ വായനക്കാരനെ കൂടുതൽ ഊർജ്ജസ്വലനാക്കി. അങ്ങനെയാണ് ബൃഹദാഖ്യാനങ്ങളുടെ സ്വഭാവ സാദൃശ്യങ്ങൾ എം.ടിയുടെ രചനകളിൽ നാം കണ്ട് മുട്ടുന്നത്. സാഹിത്യത്തിൽ, രാഷ്ട്രീയത്തിൽ, മതത്തിൽ, കലയിൽ എന്നിങ്ങനെ എല്ലാ മേഖലയിലും ഈ മഹാ ആഖ്യാനങ്ങൾ ഉണ്ടാവാറുണ്ട്. മലയാള സാഹിത്യത്തിലേയും സംസ്‌കൃതിയിലേയും ബൃഹദ് ആഖ്യാനമായിരുന്നു എം.ടി. ഈ ആഖ്യാനങ്ങളെയെല്ലാം കോർത്തിണക്കുന്ന കണ്ണിയാണ് കാലം. കാലം എന്നത് എം.ടിയുടെ ഒരു നോവലോ കേവലം ഒരു സംജ്ഞയോ ആയിരുന്നില്ല. എല്ലാ രചനകളുടേയും ഒഴുക്കിനെ നിർണയിക്കുന്ന ഒരു അടിവേരായിരുന്നു അതെന്ന് കാണാം.

നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോവുന്നു, വരും വരാതിരിക്കില്ല കാത്തിരിപ്പിനെക്കാൾ വലിയ പ്രാർത്ഥനയില്ല എന്ന് മഞ്ഞിലും നമുക്കിനി ഭൂതകാലങ്ങളില്ല ഓർമകളും പ്രതീക്ഷകളുമില്ല എന്ന് രണ്ടാമൂഴത്തിലും കാത്തുനിൽക്കാൻ എന്തെങ്കിലുമൊന്ന് ഉണ്ടാവുമ്പോൾ മറ്റെല്ലാം മറക്കാനാവുന്നു എന്ന് കാലത്തിലും എം.ടി പറയുന്നുണ്ട്. ഇവയൊക്കെയും പ്രത്യക്ഷമായും പരോക്ഷമായും കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. ജീവിതം ഒമ്പത് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പിന്നിട്ട വഴികളുടെ കടുപ്പമോ താണ്ടിയെത്തിയ ദൂരത്തിന്റെ ഗരിമയോ ഒന്നുമില്ലാത്ത ആ മനുഷ്യൻ വിനയാന്വിതനായി പറഞ്ഞു; “കാലത്തിനോട് എനിക്ക് നന്ദിയുണ്ട് ഇത്രയും കാലം എനിക്ക് അനുവദിച്ചതിന്…” ഈ വാക്കുകളുടെ വെട്ടത്തിലാണ് കുറിപ്പിന്റെ തുടക്കത്തിൽ എം.ടിയുടെ തിരിച്ചുനടത്തം ഒട്ടും അസ്വാഭാവികമല്ലായെന്ന് പറയാനുള്ള ധൈര്യം കൈവന്നത്. നിളപോലെ കളകളാരവം മുഴക്കി ശാന്തമായൊഴുകുന്ന ചൈതന്യവത്തായ ഭാഷയാണ് എം.ടിയുടെ കൈമുതലെങ്കിൽ ആ മഹാകാലത്തിന്റെ സാക്ഷ്യങ്ങളാവാൻ കഴിഞ്ഞതാണ് നമ്മുടെ സാഫല്യം.

സലാഹുദ്ധീൻ ഇ

1933 മുതൽ 2024 വരെയുള്ള കാലം എം.ടിക്ക്‌ ഒരായുസ്സും മലയാളിക്ക് ഒരനുഭൂതിയുമാണ്. സാമൂഹിക ചരിത്രത്തിലൂടെയും സാംസ്കാരിക പരിസരങ്ങളിലൂടെയുമുള്ള സർഗസഞ്ചാരം ലക്ഷ്യമിട്ടാണ് പുതുതലമുറ എം.ടിയെ തുറന്നുവെക്കുന്നത്. ഈ സഞ്ചാരത്തിനിടയിലാണ് ജീർണിച്ച് തുടങ്ങിയ നാലുകെട്ടുകൾക്കകത്ത് ഒറ്റപ്പെട്ട് ദുഃഖിതരായ മനുഷ്യരുടെ ഹൃദയസ്പർശിയായ കഥ കേൾക്കുന്നത്. അച്ഛനെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊന്ന സെയ്താലിക്കുട്ടിയോട് പകരം ചോദിക്കാനിറങ്ങിയ അപ്പുണ്ണി ഉച്ചവെയിലിൽ തളർന്ന് വീഴുന്നു. വീണ് കിടക്കുന്ന അപ്പുണ്ണിക്ക്‌ സാന്ത്വനമായി എത്തുന്നത് ചെയ്ത പാപത്തിൽ ഉള്ളുനീറിക്കഴിയുന്ന സെയ്താലിയാണ്. തറവാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ തുണയാവുന്നതും പഠന ശേഷം ജോലി വാങ്ങി നൽകുന്നതും സെയ്‌താലികുട്ടി തന്നെ. ചെയ്തുപോയ തെറ്റിന് സെയ്താലിയുടെ മധുരപ്രതികാരം. അതിനിടയിൽ അപ്പുണ്ണിയുടെ ദേഷ്യവും പകയുമൊക്കെ ബഹുമാനമായി രൂപാന്തരപ്പെട്ടു. പിന്നീട് വടക്കേപ്പാട്ട് തറവാട് വിലക്ക് വാങ്ങി അമ്മയുടെ കൈ പിടിച്ച് അങ്ങോട്ട് നടക്കുന്ന അപ്പുണ്ണിയെയാണ് നാം കാണുന്നത്. ക്ഷണികമായ ലോകത്തിന്റെ മായകളിൽ നിന്നും കുതറിമാറി ജീർണിച്ച സാമൂഹിക വ്യവസ്ഥകളുടെ നിശബ്ദമായ പൊളിച്ചെഴുത്താവുന്നു നാലുകെട്ട്. സ്വന്തം നീതി ബോധത്തിന്റെ കണ്ണട കൊണ്ട് മാത്രം സമൂഹത്തെ നോക്കിക്കാണുന്ന ദുരന്തത്തെയാണ് അസുരവിത്തിൽ അവതരിപ്പിക്കുന്നത്.

പിറവിയുടെ നാൾ മുതൽ സമൂഹത്തിന്റെ ആക്ഷേപസ്വരങ്ങളേറ്റ് മുറിപ്പെട്ട മനസ്സാണ് ഗോവിന്ദൻ കുട്ടിയുടേത്. ഒടുവിൽ തൊപ്പിയിട്ട് അബ്ദുള്ളയായി മാറിയപ്പോൾ ഹിന്ദുക്കളും മുസ്ലിംകളും ഒരു പോലെ അദ്ദേഹത്തെ അകറ്റി നിർത്തി. പക്ഷേ നാട്ടിൽ കോളറ പടർന്ന് പിടിച്ചു മനുഷ്യർ പിടഞ്ഞു വീണപ്പോൾ, എല്ലാവരും ദൂരെ മാറി നിൽക്കുക മാത്രം ചെയ്തപ്പോൾ ശവങ്ങൾ മറവ് ചെയ്തും മീനാക്ഷിയുടെ കുഞ്ഞിനെയെ ടുത്ത് ശേഖരൻ നായരുടെ മുമ്പിൽ കൊണ്ട് കിടത്തിയും ഗോവിന്ദൻ കുട്ടി പ്രതികാരം വീട്ടി. ഇവ രണ്ടിന്റേയും തുടർച്ചയാണ് കാലം. ബന്ധങ്ങൾ അർത്ഥശ്യൂന്യമാകുന്ന കാലത്തിന്റെ പ്രതിനിധിയാണ് സേതു. അതുകൊണ്ടാണ് സുമിത്ര പറയുന്നത്, സേതുവിന്‌ സേതുവിനെ മാത്രമാണ് ഇഷ്ടമെന്ന്. രണ്ടാമൂഴവും മഞ്ഞും രണ്ട് ദിശകളിലൊഴുകുന്നവയാണ്. ഒന്ന് അതീവ സംഗീതാത്മകം. മറ്റൊന്ന് മൗനങ്ങളാൽ ശക്തിപ്പെട്ടത്.

മലയാളത്തിലെ നാല്പത്തിയഞ്ചാമത് നദിയുടെ പേര് കൂടിയാവുകയാണ് എം.ടി. കൂടല്ലൂരിലെ ആകാശത്ത് സന്ധ്യ മയങ്ങാറായി. നിളയിലെ കടത്തുതോണി കയറാൻ നെറയെ ആൾക്കാര്ണ്ട് കടവത്ത്…ഇനി, ഒരാളൂടി എത്താന്ണ്ട്, എപ്പളും ബീഡി കത്തിച്ചു വലിയ്ക്കണ ഒരാൾ…കാത്തിരിയ്ക്കയാണ് ആ കഥയെഴുത്തുകാരനെ…
വരും…വരാതിരിക്കാനാവില്ല.

Also Read

7 minutes read January 5, 2025 9:58 am