നിലം കാലം നലം – പൂത്തു വിടർന്ന നാൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പ്രശസ്തരായ എഴുത്തുകാരെല്ലാം അവരുടേതായ ഭാഷ ഉണ്ടാക്കിയിട്ടുണ്ട്. ഏകദേശം ഒന്നോരണ്ടോ പാരഗ്രാഫ് വായിച്ചാൽ അതിന്റെ രചയിതാവ് ആരെന്ന് വായനക്കാരൻ മനസ്സിലാക്കും. ഇങ്ങനെ വായനയിലൂടെ മനസ്സിലാക്കാൻ കഴിയുന്ന എഴുത്തുകാരിൽ ചിലരാണ് വി.കെ.എൻ, ഒ.വി വിജയൻ, ബഷീർ, യു.എ ഖാദർ തുടങ്ങിയവർ. ഇവരുടെ മിക്കകഥകളിലും നോവലുകളിലും ഏകദേശം ഒരേ ഭാഷയാണ് ഇവർ പിന്തുടരുന്നത്. അതുകൊണ്ടാണ് എഴുത്തുകാരനെ തിരിച്ചറിയാൻ വായനക്കാർക്ക് പ്രയാസമില്ലാതെ വരുന്നത്. ഇത് ചില ചലച്ചിത്ര അഭിനേതാക്കളുടെ കാര്യത്തിലും ശരിയാണ് എന്ന് മിക്കവരും സമ്മതിക്കും. ഏത് വേഷം കൊടുത്താലും ഏകദേശം ഒരേ പോലെ അഭിനയിക്കുന്ന നടന്മാരും നടിമാരും നമുക്കുണ്ട്. അതുകൊണ്ടാണ് മിമിക്രി കലാകാരന്മാർ അവരെ എളുപ്പത്തിൽ അനുകരിക്കുന്നത്. കഥാപാത്രത്തെ ഉൾക്കൊണ്ട് കഥാപരിസരം മനസ്സിലാക്കി ശരീരഭാഷയും ശബ്ദവും ഭാവവും നവീകരിക്കുന്നവർ അപൂർവ്വമാണ്.

എഴുത്തിന്റെ വഴിയിലേക്ക് തിരിച്ചുവന്നാൽ, കഥയുടെ പശ്ചാത്തലം അനുസരിച്ച് ഭാഷ നിർമ്മിക്കാൻ, അല്ലെങ്കിൽ കണ്ടെത്താൻ കഴിഞ്ഞ ഒരു എഴുത്തുകാരനാണ് മനോജ് കുറൂർ. അദ്ദേഹത്തിന്റെ ‘നിലം പൂത്തു മലർന്ന നാൾ’ എന്ന നോവൽ ഇതിന് ഉദാഹരണമാണ്. മനോജിന്റെ മറ്റ് രചനകളിൽ ഈ ഭാഷ വായനക്കാരൻ കണ്ടെത്തുന്നില്ല. ‘നിലം പൂത്തു മലന്ന നാൾ’ എന്ന പേരിൽ തന്നെ ഒരു മൗലികതയുണ്ട്. ഇവിടെ ഏത് നിലമാണ് പൂത്തത്, എവിടെയാണ് പൂത്തത്, എങ്ങനെയാണ് പൂത്തത് എന്ന് നോവൽ വായിക്കാതെ വായനക്കാർക്ക് ഊഹിക്കാൻ സാധിക്കുകയില്ല. മലയാളിയായ വായനക്കാരൻ ഊഹിക്കുന്നതുപോലെ ഇത് കേരളത്തിന്റെ മാത്രം കഥയല്ല. അല്ലെങ്കിൽ മലയാളിയുടെ മാത്രം സങ്കല്പമല്ല. കേരളം എന്ന നാടും മലയാളം എന്ന ഭാഷയും വേർതിരിയുന്നതിന് മുമ്പേ തമിഴ്നാടും കേരളവും ഒന്നായിരുന്ന ഒരു കാലത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരും. സഹസ്രാബ്ധങ്ങൾക്ക് മുമ്പേ മൂവേന്തൻമാരുടെ-ചേര-ചോള-പാണ്ഡ്യന്മാരുടെ ഭരണകാലത്തെ തമിഴകത്തിൻ്റെ മഹാവിസ്തൃതിയിലെ തെക്കുഭാഗമാണ് ഇതിലെ കഥാപരിസരം. മൂവേന്തന്മാരും ചിറ്റരശരും നാടുവാഴികളും അവരുടെ പടയും പടയോട്ടവും പോരാട്ടവും നടന്ന ചരിത്രത്തിലെ ഒരു കഷ്ണമാണ് ഈ നിലം. അത് പൂത്തതും മലർന്നതും കാടുകളിലും പുഴയോരങ്ങളിലും അപൂർവ്വം ചില അരമനകളിലും നെടുമനകളിലും കുടിലുകളിലും വഴിയോരങ്ങളിലും കാട്ടുപാതകളിലുമാണ്. സംഘകാലത്തിൻ്റെ ഒരു വളവുതിരിവിലാണ് കഥ പുരോഗമിക്കുന്നത്.

പാണരും കൂത്തരും അവരുടെ വീരാരാധന വിളങ്ങുന്ന പാട്ടുകളും യുദ്ധവിജയങ്ങൾ പകർത്തുന്ന കൂത്താട്ടങ്ങളും ആണ് കഥയെ നയിക്കുന്നത്. ഇവരുടെയൊക്കെ പേരുകൾ തന്നെ പ്രാചീന തമിഴ്കലാചാരവും തനിമയും പെരുമയും വിളിച്ച് പറയുന്നവയാണ്. ചാമി, ചന്തൻ, ഉലകൻ, മയിലൻ, ചീര, ചിത്തര എന്നിവരാണ് കഥാപാത്രങ്ങൾ. പാരിയും ഔവ്വയാറും കപിലരും ഇടപെടുന്ന സന്ദർഭങ്ങളുണ്ട്. അങ്ങനെ കാലവും നിലവും കഥാപാത്രങ്ങളും അപരിചിതമായതിനാൽ അതിനൊത്ത ഭാഷ കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. അതുകൊണ്ട് കാലത്തെ പ്രതിഫലിപ്പിക്കുന്നവിധം കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഭാഷ നിർമ്മിക്കുവാൻ എഴുത്തുകാരൻ നിർബന്ധിതനായിരിക്കുകയാണ്. അങ്ങനെയാണ് ഇതിലെ ഭാഷ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും വളരെ പിറകിലേക്ക് പോയി, പ്രാചീനതമിഴിൽ പാണ്ടിത്തമിഴ്, കൊടുംതമിഴ്, പഴന്തമിഴ്, എന്നിവയിലൂടെ കാലഘട്ടത്തിന്റെ കീർത്തനമായി മാറിയത്. എഴുത്തുകാരൻ്റെ ഭാഷ കഥയുടെ ഭാഷയായതും ചരിത്രത്തിന്റെ ദൗത്യമായതും.

പതിനേഴുനൂറ്റാണ്ടു മുമ്പാണ് കഥ നടക്കുന്നത്. അതായത് നാലാം നൂറ്റാണ്ടിൽ. അന്നത്തെ ഭാഷ ഏറെക്കുറെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടത് സംഘസാഹിത്യത്തിൽ മാത്രമായിരിക്കും. അങ്ങനെ പ്രാചീനകൃതികൾ പരിശോധിച്ച് കണ്ടെത്തിയ ഭാഷയുടെ ആദിമരൂപങ്ങൾ തൃപ്തികരമായി പ്രയോജനപ്പെടുത്തുക എന്നത് എഴുത്തുകാരൻ്റ വെല്ലുവിളിയാണ്. അതാണ് മനോജ് കുറൂർ ഏറ്റെടുത്ത് സമൃദ്ധമായി, സഫലമായി എന്നുതന്നെ പറയാവുന്ന വിധത്തിൽ സാക്ഷാത്കരിച്ചിരിക്കുന്നത്.

‘നിലം പൂത്തു മലന്ന നാൾ’, കവർ

ഇവിടെ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്ന് ആരേയും വേർതിരിക്കുന്നില്ല. രാജാക്കന്മാർ പ്രഭുക്കൾ ജന്മികൾ എന്ന സംജ്ഞകളും ഇല്ല. ഉള്ളത് ഇവരാണ് : മൂവേന്തർ, ചിറ്റരചർ, കുറുനിലമന്നർ, വേൾകൾ, പടയാളികൾ, കാവലർകൾ… ഭരണത്തിൻ്റെ ശ്രേണിയിൽ മേലോട്ടും താഴോട്ടും പോർവിളിയും പടയോട്ടവും വിജയാഘോഷവും അതിൻ്റെ ഭാഗമായ് കൊള്ളയും കൊല്ലയും ചുട്ടെരിക്കലും ഒക്കെയുണ്ട്.

വെറ്റി നേടിയവരെ പുലവരും പാവലരും വാഴ്ത്തി. വാഴ്ത്തുമൊഴിയിൽ തെളിഞ്ഞ മന്നർ അവർക്ക് പൊന്നും നിലവും കൊടുത്തു. പാട്ടുകാർക്കും ആട്ടക്കാർക്കും പൊരുളുകൾ – സമ്മാനങ്ങൾ – കൊടുത്തു. വള്ളൽ എന്ന വിളിപ്പേരും. പെരുംപാവലർ വാഴ്ത്തിയില്ലെങ്കിൽ നേടിയതെല്ലാം വെറുതെ എന്ന് അരചർ കരുതി. പൊരുളുകൾ കിട്ടിയില്ലെങ്കിൽ ജന്മം വെറുതെയായെന്നു പാണരും കൂത്തരും കരുതി.

എഴുത്തുകാരൻ ഉപയോഗിച്ച വാക്കുകൾ ശ്രദ്ധിക്കുക: മൂവേന്തർ, ചിറ്റരചർ, കുറുനിലമന്നർ, വേൾകൾ, പുലവർ, പാവലർ , പെരുംപാവലർ, വാഴ്ത്തുമൊഴി, പൊരുളുകൾ, വള്ളൽ എന്ന വിളിപ്പേർ.

മനോജ് കുറൂർ

വായന ആയാസരഹിതമാക്കുന്നതിന്ന് നോവലിൽ ഉപയോഗിച്ച തമിഴ് വാക്കുകളുടെ മലയാളരൂപം പിറകെ കൊടുത്തിട്ടുണ്ട്. മാത്രമല്ല കഥയുടെ പശ്ചാത്തലവും പരിസരവും വ്യക്തമാകുന്ന വിധത്തിൽ പി രാമൻ കഥ നടന്നകാലത്തെയും ദേശത്തെയും കുറിച്ച് വ്യക്തമായ ചരിത്രരേഖകൾ തരുന്നുണ്ട്. വായനാനുഭവം സുതാര്യമാക്കുവാൻ ഇവ രണ്ടും പരമാവധി പ്രായാജനപ്പെടുത്താം. രാമന്റെ വിവരണം വായിച്ചശേഷം കഥയിലേക്ക് പ്രവേശിക്കാം. അല്ലെങ്കിൽ കഥയിലൂടെ നീങ്ങുന്നതിനിടയിൽ സന്ദർഭങ്ങളുടെ വിശദീകരണം ആവശ്യമായി വരുമ്പോൾ രാമന്റെ വിവരണം ആശ്രയിക്കാം.

തമിഴകത്തിന്റെ ചരിത്രവും പഴന്തമിഴിൻ്റെ സാരവും കൈവെള്ളയിൽ വായിക്കാൻ തക്കവണ്ണം രചന ഒരു ദേശാടനമാക്കിയ എഴുത്തുകാരനൊപ്പം നടക്കുമ്പോൾ വീണുകിട്ടിയ ചില മുഹൂർത്തങ്ങൾ ഇവിടെ സ്പർശിക്കാം.

ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ കീഴാളരാണ്. അവർ പാണരും കൂത്തരും ആണ്. “പാണർക്കും കൂത്തർക്കും ആടലും പാടലും ആണ് ആകെ അറിയുന്ന തൊഴിൽ.” അവർക്ക് പാടാൻ കഴിയാത്ത അവസ്ഥയും ആടാൻ കഴിയാത്ത അവസ്ഥയും അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. “ചിലങ്കയില്ലാത്ത കാലും ഞരമ്പില്ലാത്ത യാഴും” പോലെ. അതവർക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. വീടുകളിൽ നിന്ന് വിട്ടുനിൽക്കുന്ന പടയാളികളും ഭാര്യമാരെ കൂടെ കൊണ്ടുപോകുന്ന പടയാളികളും കഥയിൽ വരുന്നുണ്ട്. കൂടെ കൊണ്ടുപോയവർ പോലും രാത്രി വൈകിയെത്തുന്ന ഒരു അവസ്ഥാവിശേഷത്തെ കഥാകൃത്ത് പരിചയപ്പെടുത്തുന്നത് നേർ രേഖകളിലാണ്: “ഇരവിൽ വന്നുപോകുന്ന കളവല്ല ഒരുമിച്ചു കഴിയുന്ന കർപ്പാണ് നമ്മുടെ മുറ.”

പുസ്തകത്തിലെ തമിഴ് വാക്കുകൾ

കുടുംബസ്ഥരെ കുറിച്ചുള്ള എഴുത്തുകാരന്റെ വിലയിരുത്തൽ ഒറ്റവാക്യത്തിൽ ഒതുങ്ങുന്നു. “ഇല്ലറമുള്ളവൻ തുറവൂർക്കും വാനോർക്കും മേലെയാണെന്ന് അറിയലുകൾ.”

ഒരു കുടുംബിനിയുടെ ജീവിതത്തെക്കുറിച്ച്ഒരു സൂത്രവാക്യം: “അവളുടെ വാഴ്വ് അലക്കുംതോറും പിഞ്ചിപ്പോകുന്ന ഉടയാട”

കഥ നടക്കുന്നത് കാടുകളിലും നാടുകളിലും ചെറിയ പട്ടണങ്ങളിലും ആണെങ്കിലും സമൂഹത്തിൻ്റെ ഹൃദയം തൊടുന്ന ഒരു വാക്യം:
“അവരുടെ ചടങ്ങുകളിലും മഞ്ഞത്തിലെ വിഴാകളിലും പാട്ടും കൂത്തും വേണ്ടിവരും.”

സംഘകാലത്തെ പ്രണയത്തെക്കുറിച്ച് ഒരു പരാമർശം, “എരിക്കിൻ മാലയണിഞ്ഞ പൊയ്ക്കുതിര” യിൽ എത്തുന്നത് നമുക്ക് അപരിചിതമായ ഒരു സംഗതിയാണ്. നഷ്ടപ്രണയം – ഒരാൾക്ക് മാത്രം തോന്നുന്ന പ്രേമം – സഫലമാക്കുന്ന ഒരു പ്രാചീനരീതിയാണ് പൊയ്ക്കുതിരയെ മാലയണിയിക്കുന്നത്.

ബ്രാഹ്മണരെക്കുറിച്ചും അവരുടെ വൈദിക കാര്യങ്ങളെ കുറിച്ചും പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക
“അന്തണർ മറകൾ ഉരുക്കഴിക്കും ഇടങ്ങൾ.”

പടയാളികളുടെ പടക്കോപ്പുകൾ സൂക്ഷിക്കുന്ന ഒരു മുറി ഇങ്ങനെയാണ് : “മെയ്കോപ്പുകൾ തൂക്കിയിട്ട അറ”

അപരിചിതരായ അതിഥികളെപ്പോലും സ്നേഹത്തോടെ സ്വീകരിക്കുന്ന പ്രാദേശിക മര്യാദയെപ്പറ്റി : “വാനൂരുടെയും ഈനോരുടേയും അരയന്മാരുടെയും കനിവ് നിങ്ങൾക്കൊപ്പം.”

ഇപ്പോഴും തുടർന്നുവരുന്ന തമിഴ്നാട്ടിലെ വീരവിളയാട്ടുകൾക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്ന് അറിയുവാൻ ഈ ഒറ്റവരി മതി. “മഞ്ജുവിരട്ടൽ കാളകളെ കീഴ്പ്പെടുത്തി വേളി കഴിക്കുന്നവർ.”

യുദ്ധവിളംബരം ഇങ്ങനെയാണ്: “പകിരങ്കം കൊട്ടിയറിയിക്കുക.”

ഒരു പഴംതമിഴന്റെ ജീവിതസന്ദേശം: “ഒറ്റപ്പെട്ടവർ ഒരുമിക്കുന്നിടത്തല്ലേ ആണ്ടവൻ കുടിയിരിക്കുക.”

സമ്പന്നമായ പ്രാചീനസംസ്കൃതി അടയാളപ്പെടുത്തുന്ന ഒരു വാക്യം: “ആനക്കൊമ്പ് കൊണ്ട് കല്ലുരലിൽ നെല്ലു കുത്തുന്നവർ.”

വേശ്യകളെക്കുറിച്ചും വേശ്യാ വിനോദത്തെക്കുറിച്ചും ഒളിവും മറവുമില്ലാത്ത ഒരു വിവരണം: “പരത്തകൾ – അവരുടെ അരികുപൊങ്ങിയ നനുത്ത പെൺകുറിയിൽ കൂത്താടി പല്ലുകൾ പതിഞ്ഞ പാടുകളുമായി കണവൻ വരുമ്പോൾ എതിരേൽക്കണം. അല്ലെങ്കിൽ അയാൾ കൂടുതൽ പരത്തകളെ തേടിപ്പോകും.”

ഒരു നാട്ടരചൻ്റെ കെടാത്ത യുദ്ധതന്ത്രവും വീര്യവും വെളിപ്പെടുത്തുന്നത് നോക്കൂ: “മലയിലും പുഴയിലും ഒരുപോലെ പെയ്യുന്ന മാരിപോലെ വേൾപാരി, മൂവന്തർക്കും വഴങ്ങാത്ത പാരി.”

പ്രഭുവിൻ്റെ വിശാലമായ ഹർമ്മ്യവും രാജാവിൻ്റെ കൊട്ടാരവും: “പാരിയുടെ നെടുമനയും മന്നവരുടെ അരണ്മനയും”

യുദ്ധത്തിൽ ജയിച്ചവർ ഇരകളെ പീഡിപ്പിക്കുന്ന വിധം: “വേൽപ്പാരിയുടെ റാണിമാരെ മുടി വലിച്ചു തെരുവിൽ ഇറക്കി.”

“വറുതിയിലും വലിയൊരു അഴൽ ഇല്ല” എന്നാണ് പെരുംപാണെന്റെ അനുഭവപാഠം.

കഥയിലെ ഒരു ദുരന്തസൂചന: “വാഴ്വിന്റെ ഓരോ തിരിയും കെടുകയാണല്ലോ മുഴുവനായി കടുംവരെ തുടരുക.

ഒരു പടയാളിയായ കാമുകൻ കാമുകിയോട് പറയുന്നത് “ഇരവിൽ നടക്കുന്നവൻ ഞാൻ. നിലാവാണ് നിന്റെ കൺകളിൽ.”

ആഖ്യാനത്തിലെ ഒരു മിന്നുന്ന തിലകക്കുറി: “ഉറയിൽ നിന്ന് ഊരിയാൽ വാൾ പോലെ ഉടൽ തിളങ്ങുന്നത് കണ്ടു”

ചിന്താഗ്രസ്തയായ കാമുകിയുടെ അവസ്ഥ : “ഒരു ചിലന്തി കാലിലൂടെ കേറി ഇറങ്ങിയത് അറിഞ്ഞില്ല”

ഒരു നാട്ടുപാതയുടെ ലഘുവായ വിവരണം : “ചെരുന്നികളും ചുരപ്പുന്നകളും നിറഞ്ഞ വഴിയിലൂടെ.”

മദ്യസേവ നടത്തിയ ഭടന്മാരുടെ വിലാസം: “തലപെരുത്ത പടയാളികൾ അരസൻ്റെ പുകഴ് പാടി ചുവടുവെച്ചു തുടങ്ങി “

തുടർന്നുവരുന്ന ചില വാക്യങ്ങളിലെ സൂചന വായനക്കാർക്ക് തന്നെ വിട്ടുതരുന്നു.

” അമ്പുറകൾ ; വെട്ചിപ്പോരിൽ വെറ്റി” ആവനാഴിയല്ല, യുദ്ധത്തിലെ വിജയമല്ല.

“പടക്കോപ്പുകൾ പല്ലിളിച്ചു” തിളങ്ങുന്ന വാളും കുന്തവും തന്നെ ‘

“ചോരയുടെ കൊടുംമ്പിച്ച മണം പോയിട്ടില്ല”

“അറവും തിറവും -മൊഴിയിൽ” തമിഴിൻ്റ തനിമയിൽ തൊടുന്ന ഒരു പ്രയോഗം.

“മഴുവുമായി മരം വെട്ടാൻ പോകുന്നവർക്ക് മുട്ടു വരില്ല. ഇവിടെയല്ലെങ്കിൽ അവിടെ ഒരു മരം കിട്ടും.” കാട്ടിലെ അനുഭവങ്ങൾ വഴി വിളക്കാവുന്ന സന്ദർഭങ്ങളാണിത്.

“ഉയിരെഴുത്തും മെയ്യെഴുത്തും ചൊല്ലും പൊരുളും ആയി മൊഴിയുടെ ആഴവും പരപ്പും നെറിയും തിറവുംഅറവും മുറയും.” ഭാഷയെക്കുറിച്ചുള്ള ജ്ഞാനം ജീവിതത്തേയും വ്യാഖ്യാനിക്കുന്നു.

“അരസൻ്റെ കാവലൻ” രാജഭടനായിട്ടേ നമുക്ക് പരിചയമുള്ളൂ.

“പടയും നാടും പൊരുളും പരിവാരങ്ങളും, കൂട്ടുകാരും കോട്ടയുമുള്ള തികഞ്ഞ മന്നന്റെ മട്ട്.” വിവരണങ്ങളിലെ സത്യസന്ധത.

“കാവൽക്കാരൻ അകമ്പടിക്കാരൻ അരസന്റെ, ആലോചകരിൽ ഒരാളായി” ഒരു സാധാരണ ഭടൻ്റെ വളർച്ചയാണിതിലെ സൂചന.

“പാണനായി പിറന്നു, മറവനായി പുലർന്നു.” പാട്ടുകാരൻ ഗതിമുട്ടുമ്പോൾ കൊള്ളക്കാരനാവുന്ന ദുസ്ഥിതി

“അറിവും വീറും ഉള്ളവനെ അരചൻ കയ്യൊഴിയില്ല.” എന്നാണ് നീതിമാനും വിവേകശാലിയും ആയ ഒരു ഭരണാധികാരിയെപ്പറ്റി പറയുന്നത്.

യുദ്ധവർണ്ണനയിൽ ആനകൾ ചത്തുവീണു എന്നല്ല പറയുന്നത്, “പോർ നടക്കുമ്പോൾ മുറിഞ്ഞ ആനക്കൊമ്പ് കാലിൽ തറച്ചു”എന്നാണ്.
ഇങ്ങനെ പോകുന്നു ശ്രദ്ധിച്ച് കണ്ടെടുത്ത് കൃത്യമായി വിളക്കിചേർത്ത ഭാഷാപ്രയോഗങ്ങൾ.

സംഘകാലം

ചരിത്രമാവുമ്പോൾ സൂക്ഷ്മമായ തുടക്കവും അവസാനവും പ്രതീക്ഷിക്കരുത്. അത് ഒരു തുടച്ചയാണ്. സംഭവങ്ങളുടെ പ്രവാഹമാണ്. വയലിൽ കൃഷി അവസാനിക്കാറില്ല. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്. അതുപോലെ വാഴ്‌വും തുടരുന്ന ഒരു പ്രക്രിയയാണ്. നിലങ്ങളും വാഴ്‌വും ഇവിടെ തളിർക്കുന്നു പൂക്കുന്നു. ജയവും പരാജയവും തുടരുന്നു. ദുരിതവും പ്രതീക്ഷയും തുടരുന്നു. ഇന്നലെയിൽ നിന്ന് ഇന്നോ ഇന്നിൽ നിന്ന് നാളെയോ ഒന്നും പഠിക്കുന്നില്ലെന്ന സത്യം ബാക്കിയാവുമ്പോഴും ചെറിയ സന്തോഷങ്ങളുടെ ഇടനിലങ്ങൾ പൂക്കാതിരിക്കുന്നില്ല. അങ്ങനെ പൂത്ത ഒരു കാലവും ഒരു നിലവും ആണ് എഴുത്തുകാരൻ ഇവിടെ പറിച്ചെടുത്ത് വായനക്കാരന് കാഴ്ചവെയ്ക്കുന്നത്. വായനക്കാരൻ അത് അടുത്ത വായനക്കാരന് കൈമാറുന്നു. കൈമാറ്റങ്ങളിലൂടെ നഷ്ടപ്പെടുന്നതും നേടുന്നതുമാണ് സാഹിത്യമാവുന്നത്.

ഒരു ചൈനീസ് ചിന്തകൻ പറഞ്ഞത് ഓർക്കുക. മുത്തച്ഛൻ മരിക്കുന്നു, അച്ഛൻ മരിക്കുന്നു, മകൻ മരിക്കുന്നു. അത് സാമാന്യചരിത്രം. എന്നാൽ മുത്തച്ഛൻ ജീവിച്ചിരിക്കെ അച്ഛൻ മരിച്ചാൽ അല്ലെങ്കിൽ അച്ഛൻ ആരോഗ്യത്തോടെയിരിക്കെ മകൻ അപകടത്തിൽ മരണപ്പെട്ടാൽ ആ ക്രമം തെറ്റുന്നു. അത് ദുഃഖത്തിന് കാരണമാവുന്നു. സാഹിത്യത്തിന് പ്രേരണയാവുന്നു. ഇവിടെ അക്രമങ്ങൾ ക്രമങ്ങളാവുകയും ക്രമങ്ങളിൽ ചതിവേലകൾ കടന്നുവരുകയും ചെയ്യുന്നു. മലയിലും പുഴയിലും മഴ പെയ്യുമ്പോഴും ഒലിച്ചിറങ്ങിയ വെള്ളം അവസാനം കടലിലെത്തുന്നു. അവിടെ വലിയൊരു ക്രമപ്പെടുത്തൽ നടക്കുന്നു. തളിർത്തതും പൂത്തതും കരിയാനാണെന്നറിയുമ്പോഴും അത് വീണ്ടും തളിർക്കുമെന്ന പ്രതീക്ഷ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുന്നു.

‘നിലം പൂത്തുമലർന്ന നാൾ’ എന്ന തലക്കെട്ട്, നലം പൂത്തു മലർന്ന നാൾ തന്നെയാണ്. ഉഴവർകളുടെ തിനവിളഞ്ഞ പാടങ്ങളും, ഇടയർകളുടെ പാലും തൈരും നിറഞ്ഞ കുടിലുകളും അതാണ് പറയുന്നത്. മീനും ആട്ടിറച്ചിയും സമൃദ്ധമായിരുന്ന കാലം. വിശക്കുന്നവനെ വിളിച്ചുവരുത്തി ഭക്ഷണം കൊടുത്തിരുന്ന കാലം. പാണരുടെ പാട്ടുകളും കൂത്തർകളുടെ കൂത്തുകളും പൂത്തുമലർന്ന കാലഘട്ടത്തിൽ ഔവ്വയാരുടെ പാടൽകളും കപിലരുടെ അറിവുറൈകളും പെരുംപാവലരുടെ അനുഭവരേഖകളും പൂത്തുനിന്ന കാലം. യുദ്ധങ്ങളും ചതിവേലകളും ഉണ്ടായിരുന്നെങ്കിലും പൊതുവെ ഇടവേളകൾ ശാന്തമായ അന്തരീക്ഷത്തിൽ പ്രണയവും കുടുംബജീവിതവും പൂത്തു വളർന്നിരുന്നു. ഇത് സംഘകാലഘട്ടത്തിന്നിടയിലെ ഒരു സുവർണ്ണകാലം. പട്ടണങ്ങളും നഗരങ്ങളും പരിഷ്കാരവും എത്തിനോക്കുന്നതിന് മുമ്പേ ജനജീവിതം കാടുകളിലും നാടുകളിലും മുന്നേറുന്നതിന് മഴയും വിളവുകളും കൊണ്ട് നിലം പ്രസാദിച്ച കാലം എന്നൊക്കെ വാഴ്ത്തിപ്പാടാവുന്ന കാലം .

ഈ നോവലിൽ കാവേരിയും ശ്രീരംഗവും ഇല്ല. വൈകേയും മീനാക്ഷിയമ്മൻ കോവിലുമില്ല. ഉള്ളത് കാടുകളിലെ കാവുകളും മലദൈവങ്ങളുമാണ്. അവ പലതും ഇരയാക്കപ്പെട്ട അടിയാളരുടെ ആത്മാക്കൾ ശിലാരൂപം തേടിയതാണ്. ചരിത്രം തുടങ്ങുന്ന മൂഹൂർത്തം ക്ഷേത്രങ്ങളും ഗോപുരങ്ങളും ഉയരുന്നതിന്നു മുമ്പെ, മന്ത്രങ്ങളും സംഗീതാരാധനയും പ്രചാരം നേടുന്നതിന്നു മുമ്പെ, കലാകാരന്മാരും കൊത്തുപണിക്കാരും ശില്പികളും ഉണ്ടാവുന്നതിന്നു മുമ്പെ, ത്യാഗരാജസ്വാമികൾക്കും ദീക്ഷിതർക്കും മുമ്പെ, ഭരതനാട്യവും മോഹിനിയാട്ടവും അരങ്ങിലെത്തുന്നതിന് മുമ്പെ , പാട്ടുകളും കൂത്തുകളും പടർന്നുപന്തലിച്ച് പൂത്തു വിടർന്ന കാലം. അങ്ങനെയൊരു കാലത്തിനാണ് ഈ നോവലിലൂടെ നാം സാക്ഷ്യം വഹിക്കുന്നത്. ആ കാലത്തേയ്ക്ക് വായനക്കാരനെ എത്തിക്കുക എന്ന എളിയ ദൗത്യമാണ് ഇവിടെ നിറവേറ്റാൻ ശ്രമിച്ചത്.

Also Read

7 minutes read December 22, 2024 10:38 am