മലയാള കവികൾ ജീവിതം എഴുതുന്നില്ല

എൺപതുകളിൽ കെ സച്ചിദാനന്ദന്റെ കവിതകൾ തമഴിലേക്ക് മൊഴിമാറ്റം ചെയ്തുകൊണ്ടാണ് മലയാളം-തമിഴ് പരിഭാഷകനായ നിർമാല്യ മണി വിവർത്തനത്തിന്റെ വഴിയിലേക്ക് എത്തുന്നത്. മാധവിക്കുട്ടിയുടെ എന്റെ കഥയും തമിഴിന് പകർന്നുകൊടുത്തത് നിർമാല്യയാണ്. മാധവിക്കുട്ടിയുടെ ഇരുപത്തഞ്ചോളം കഥകൾ നിർമാല്യ തമിഴിലേക്ക് വിവർത്തനം ചെയ്തു. തമിഴിൽ ഏറെ വായിക്കപ്പെടുന്ന ചെറുകാടിന്റെ ജീവിതപാതയും കോവിലന്റെ തട്ടകവും ഉൾപ്പെടെ നോവലുകളും നിർമാല്യയുടെ ശ്രദ്ധേയമായ വിവർത്തനങ്ങളാണ്. കേരളത്തിലെ ഗോത്ര ഭാഷാ കവിതകൾ അദ്ദേഹം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുകയും ‘കേരള പഴങ്കുടി കവിതൈകൾ’ എന്ന പേരിൽ ഒരു സമാഹാരമായി പുറത്തുവരുകയും ചെയ്തു. ഇപ്പോൾ തമിഴകത്ത് മറഞ്ഞിരിക്കുന്ന ഗോത്ര ശബ്ദങ്ങൾക്ക് കാതോർക്കുന്ന നിർമാല്യ മണി കേരളീയവുമായി സംസാരിക്കുന്നു.

കേരളത്തിലെ ഗോത്ര ഭാഷാ കവിതകൾ തമിഴിലേക്ക് മൊഴിമാറ്റാനും ‘കേരള പഴങ്കുടി കവിതൈകൾ’ എന്ന സമാഹാരം പ്രസിദ്ധീകരിക്കുവാനുമുള്ള സാഹിതീയമായ പ്രേരണകളെന്തെല്ലാമായിരുന്നു ?

സമകാല മലയാള കവിതകൾ വായിച്ചപ്പോൾ എനിക്കവയിൽ താത്പര്യം തോന്നിയില്ല. എവിടെയോവെച്ച് ചോർന്നുപോയത് പോലെയാണ് സമകാല മലയാള കവിത. തമിഴ് കവിതകളോട് താരതമ്യപ്പെടുത്തുമ്പോൾ മലയാള കവിതകൾ വളരെ താഴെയാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട് പുതിയ മലയാള കവിതകൾ വിവർത്തനം ചെയ്യാൻ ആവശ്യപെട്ടപ്പോൾ ഗോത്ര കവിതകൾ ഞാൻ തിരഞ്ഞെടുത്തു. കേരള പഴങ്കുടിക്കവിതൈകൾ എന്ന സമാഹാരത്തിന്റെ ആമുഖത്തിലും ഈ കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്.

സമകാല മലയാള, തമിഴ് കവിതകളിൽ നിന്നും ഈ ​ഗോത്ര കവിതകളുടെ വ്യത്യാസങ്ങളും പുതുമകളും എന്തെല്ലാമാണ് ?

ഗോത്രകവിതകൾ തമിഴിലേക്ക് വിവർത്തനം ചെയ്യുന്നതിന് മുമ്പ് ഒരു മലയാള കവിയോട് ഗോത്രകവിതകളെ കുറിച്ചുള്ള അഭിപ്രായം എന്തെന്ന്  ഞാൻ ചോദിച്ചിരുന്നു. “അതൊക്കെ ഒരു ഫാഷനാണ്. മഴയത്ത് മുളക്കുന്ന കൂണ് പോലെയാണ്. പെട്ടെന്ന് വരും, പെട്ടെന്ന് പോകും, നിലനിൽക്കില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ഭയങ്കര ഷോക്കായിപ്പോയി. വേണ്ടാത്ത പണിക്ക് ഇറങ്ങണോ എന്ന ഒരു ചോദ്യം വന്നു. പക്ഷേ അത് കാര്യമാക്കേണ്ടതില്ല, അത് അയാളുടെ അഭിപ്രായം മാത്രമാണ് എന്ന് പറഞ്ഞത് തമിഴ് കവിയും പരിഭാഷകനുമായ സുകുമാരൻ സാറാണ്.

“ഈ ഗോത്ര കവികളുടെ ആദ്യത്തെ രണ്ടു വരികൾ, ലോക കവിതകളുടെ അടുത്ത് എത്തുന്നതാണ്. അടുത്ത വരി കവിതയായില്ലെങ്കിൽ പോലും ആദ്യത്തെ രണ്ട് വരി ബെർടോൾഡ് ബ്രെഹ്തിന്റെ അടുത്ത് എത്തുന്നു.” എന്നാണ് സാറ് പറഞ്ഞത്.

എൻ സുകുമാരൻ, കടപ്പാട്:goethe.de

ഇതുവരെ പറയാത്ത ഇടങ്ങളെ കുറിച്ച് പറയുന്നവയാണ് ഗോത്ര കവിതകൾ. ഗോത്രവർ​ഗക്കാരുടെ ജീവിതത്തെ, അതിനടുത്തുള്ള കാര്യങ്ങളെ കുറിച്ച് പറയുന്ന ഈ കവിതകളിൽ മറ്റാർക്കും പറയാനാകാത്ത ഒരു ലോകമുണ്ട്. അതുകൊണ്ട് ഈ കവിതകൾ ആഴമുള്ളതാണ്. ഇങ്ങനെ ആധുനിക കവിതകൾ പറയാത്ത കാര്യങ്ങൾ പറയുന്നതാണ് ഗോത്ര കവിതകളുടെ പുതുമ. മലയാളത്തിലെയോ, ഇന്ത്യയിലെ മറ്റു ഭാഷകളിലെയോ കവികൾ പറയാത്ത ഒരിടത്തേക്ക് അവർ എത്തുന്നുണ്ട്. സംഘകാല കവിതയോളം അവരെത്തുന്നുണ്ട്. അവിടെ നിന്നാണ് അവർ വരുന്നത്. ആ വേരുകൾ കാണാനാവും ഈ കവിതകളിൽ.

മലയാളത്തിലെ പുതുകവിതകൾ തമിഴിലേക്ക് വിവർത്തനം ചെയ്യപ്പെടേണ്ട ആവശ്യമില്ല എന്ന് പഴങ്കുടി കവിതൈകളുടെ ആമുഖത്തിൽ പറയുന്നുണ്ടല്ലോ. സമകാല തമിഴ് കവിതയുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള കവിതകൾ ഭാവുകത്വപരമായി പിന്നിലാണ് എന്ന നിരീക്ഷണം വിശദമാക്കാമോ ?

മലയാള കവിതകൾ തമിഴിലേക്ക് വിവർത്തനം ചെയ്യേണ്ടതില്ല എന്ന് തീർച്ചയായും എനിക്ക് പറയാനാവും. മലയാള കവികൾ അനുകൂലിക്കണം എന്നില്ല. സച്ചിദാനന്ദന്റെ കവിതകൾ വിവർത്തനം ചെയ്തുകൊണ്ടാണ് എൺപതുകളിൽ ഞാൻ വിവർത്തനം തുടങ്ങുന്നത്. ഒരു നക്സലൈറ്റ് ആഭിമുഖ്യ മാസികയിലാണ് ആ കവിതകൾ ഞാൻ വിവർത്തനം ചെയ്തത്. സച്ചിദാനന്ദന്റെ കവിതകൾ വിവർത്തനം ചെയ്ത ആളല്ലേയെന്ന് ആളുകൾ ഇപ്പോഴും എന്നോട് വന്ന് ചോദിക്കും. ആ കവിതകൾ അന്ന് തമിഴ് കവിതകളെ മാറ്റിമറിച്ചു. തമിഴിൽ സച്ചിദാനന്ദനെ പോലെ കുറേപേർ എഴുതാൻ ശ്രമിച്ചു. അക്കാലത്ത് തമിഴിൽ എഴുതിക്കൊണ്ടിരുന്നവർ പലരും അവരുടെ ശൈലി മാറ്റിത്തുടങ്ങി. അതുപോലെ മലയാള കവിതയേയും തമിഴ് കവിതയേയും ഗോത്ര കവിതകൾ വേറൊരിടത്തേക്ക് കൊണ്ടുപോകും എന്നാണ് എന്റെ അഭിപ്രായം.

കെ സച്ചിദാനന്ദൻ. കടപ്പാട്: poetryinternational.com

തമിഴ് കവിതയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാഷയിലും, ഭാവുകത്വത്തിലും മലയാള കവിത പിന്നിലാണ്. അതിനെ വേണമെങ്കിൽ ഇങ്ങനെ പറയാം, പാശ്ചാത്യ കവിതകൾ വായിച്ച്, അവയെ അനുകരിക്കാൻ ശ്രമിക്കുകയാണ് മലയാള കവികൾ. അവർ ജീവിതത്തിൽ നിന്നും കവിതകൾ എഴുതുന്നില്ല. പാശ്ചാത്യ ചിന്തകളിൽ നിന്നാണ് അവർ കവിതകൾ തിരഞ്ഞെടുക്കുന്നത്. തമിഴിൽ അങ്ങനെയല്ല, ജീവിതത്തിൽ നിന്നും അവർ‍ കവിതകൾ തിരഞ്ഞെടുക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടിൽ നിന്നും കവിതകൾ കണ്ടെടുക്കുന്നതുകൊണ്ടാണ് തമിഴ് കവിതകൾ ആഴമുള്ളതാകുന്നത്. കവിതയിൽ പുതിയ തലമുറകളുണ്ടാവുന്നത്.

സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവൽ ഞാൻ തമിഴിലേക്ക് വിവർത്തനം ചെയ്തു. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു നോവലാണ്. പല പതിപ്പുകൾ അച്ചടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തമിഴിൽ വേണ്ടത്ര വായിക്കപ്പെട്ടില്ല. പക്ഷേ, 1974 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ചെറുകാടിന്റെ ജീവിതപ്പാത ഇന്ന് തമിഴിൽ ശ്രദ്ധേയമായ പുസ്തകമായി കണക്കാക്കുന്നു. ഇതുപോലെ ഒരു ജീവിതം അവിടെയുണ്ടോ എന്ന് പലരും എന്നോട് ചോദിക്കുന്നു. 50 കൊല്ലത്തിനുശേഷമാണ് ഞാൻ വിവർത്തനം ചെയ്യുന്നത്. ഇന്നും പുതിയ വർക്കാണത്. പലരും വായിക്കുന്നുണ്ട്. പലരും ചർച്ച ചെയ്യുന്നുണ്ട്.

ജീവിതപ്പാത

വർഷങ്ങൾക്ക് മുൻപ് സുന്ദരരാമസ്വാമി മലയാളത്തിൽ നിന്നും തമിഴിലേക്ക് വിവർത്തനം ചെയ്യേണ്ട പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. അതിൽ ഒന്നാണീ പുസ്തകം. പല പ്രാവശ്യവും കേന്ദ്ര സാഹിത്യ അക്കാദമിയോട് ചോദിച്ചിട്ടും അവർ എനിക്ക് വിവർത്തനത്തിനുള്ള അനുമതി തന്നിരുന്നില്ല. അതിനാൽ വൈകിയാണ് ഞാൻ ഈ പുസ്തകം തമിഴിലേക്ക് വിവർത്തനം ചെയ്തത്. എന്നാൽ ഇന്നുമത് തമിഴിൽ വായിക്കപ്പെടുന്നുണ്ട്.      

സുന്ദരരാമസ്വാമി. കടപ്പാട്: sahapedia.org

മലയാളത്തേക്കാൾ ഏറെ കേരളത്തിലെ ഗോത്ര ഭാഷകൾക്ക് തമിഴിനോട് അടുപ്പമുണ്ട്. മലയാളത്തിന്റെ ലിപിയിൽ എഴുതപ്പെടുമ്പോഴും, മലയാള വിവർത്തനങ്ങളോടൊപ്പമാണ് ഈ കവിതകൾ ഗ്രോത്ര കവിത എന്ന പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്. ഗോത്രഭാഷാരൂപങ്ങളാണോ അവയുടെ മലയാള വിവർത്തനങ്ങളാണോ തമിഴ് വിവർത്തനത്തിനുള്ള അടിസ്ഥാനമായി സ്വീകരിച്ചത് ? വിവർത്തനത്തിന്റെ രീതി എങ്ങനെയായിരുന്നു ?

ഗോത്ര കവിത പുസ്തകത്തിൽ നിന്നും വായിച്ച കവികളെ ആവനാഴി എന്ന തമിഴ് മാഗസിനിൽ ഞാൻ പരിചയപ്പെടുത്തിയിരുന്നു. ഒന്നു രണ്ടു പേരെ പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ വയനാട് കാട്ടിക്കുളത്തുവെച്ച് നടന്ന ഗോത്ര കവിതകളുടെ ഒരു ക്യാമ്പിലേക്ക് കേരള സാഹിത്യ അക്കാദമി എന്നെ വിളിച്ചു. അവിടെവെച്ചാണ് ഈ കവികളെ ഞാൻ നേരിട്ട് കാണുന്നത്. അവിടെവെച്ച് ഗോത്രഭാഷകളിൽ നിന്നും നേരിട്ട് ഈ കവിതകൾ ഞാൻ കേട്ടു.

ഏകദേശം ഒരു ഉദ്ദേശംവെച്ചാണ് ഈ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ഗോത്ര ഭാഷകളിലെ ആഴം മലയാള വിവർത്തനങ്ങളിൽ അഴിഞ്ഞു പോയിട്ടുണ്ട്. അതുകൊണ്ട് മൂന്ന് രീതിയിൽ ഈ കവിതകളെ ഞാൻ എടുത്തു. ആദ്യം മലയാള വിവർത്തനം നോക്കി, പിന്നീട് ഇവരുമായി നേരിട്ട് സംസാരിച്ച് ഗോത്രഭാഷയിലെ കവിതയുമായി താരതമ്യപ്പെടുത്തി, എന്നിട്ട് വിവർത്തനം ചെയ്യാൻ തുടങ്ങി. ഇങ്ങനെ മൂന്ന് തലങ്ങളിലായി ആ കവിതകൾ ഞാൻ വായിച്ചു, വിവർത്തനം ചെയ്തു.

ഗോത്ര കവിത

വിവർത്തനം ചെയ്യേണ്ട കവിതകൾ തിരഞ്ഞെടുക്കാൻ തമിഴ് കവി സുകുമാരൻ എന്നെ സഹായിച്ചിട്ടുണ്ട്. ഗോത്ര കവിത സമാഹാരത്തിലെ എല്ലാ കവികളും കവിതകളും പഴങ്കുടി കവിതകളിൽ ഇല്ല. പതിനെട്ടു കവികളെയാണ് തിരഞ്ഞെടുത്തത്. അതുപോലെ ഗോത്ര കവിത സമാഹാരത്തിൽ ഇല്ലാതിരുന്ന ഒരു പുതിയ കവി, ഹരീഷ് പൂതാടിയെ ഉൾപ്പെടുത്തുകയും ചെയ്തു. മികച്ച കവിതകൾ മാത്രമെ തിരഞ്ഞടുത്തിട്ടുള്ളൂ.

ഹരീഷ് പൂതാടി

ചില കവികളിൽ നിന്നും പുസ്തകത്തിൽ ഇല്ലാത്ത പുതിയ കവിതകൾ വാങ്ങി വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ, ബിന്ദു ഇരുളം എന്നിവരുടെ ഒക്കെ ഗോത്ര ഭാഷാ സമാഹാരത്തിൽ ഇല്ലാത്ത കവിതകളും പഴങ്കുടിക്കവിതകളിൽ ചേർത്തിട്ടുണ്ട്. ഓരോരുത്തരുടെയും മൂന്ന് കവിതകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

അശോകൻ മറയൂർ

ഓരു കവിയുടെ ഫുൾപേജ് ഫോട്ടോ, അവരെ കുറിച്ചുള്ള ചെറുകുറിപ്പ്, പിന്നെ അവരുടെ കവിതകൾ, തമിഴ് ലിപിയിൽ ഗോത്ര ഭാഷയിലെ കവിതകൾ എന്നിങ്ങനെയാണ് പുസ്തകം രൂപപ്പെടുത്തിയിട്ടുള്ളത്.

സുകുമാരൻ ചാലിഗദ്ധ

തമിഴ് വാക്കുകളാണ് ഗോത്രഭാഷകളിൽ കൂടുതലായുളളത്. മാവിലൻ തുളു പോലെ ചില ഭാഷകൾ മാത്രം കന്നടത്തോട് അടുത്താണ്. സുകുമാരൻ ചാലിഗദ്ധ, ധന്യ വേങ്ങച്ചേരി, രാഗേഷ് നീലേശ്വരം ഇവരുടെ കവിതകൾക്ക് കന്നടത്തോടാണ് അടുപ്പം.

ധന്യ വേങ്ങച്ചേരി

കർണ്ണാടകത്തോട് അടുത്തുള്ള സ്ഥലങ്ങളിലെ ഭാഷകളായതുകൊണ്ടാണത്. എന്നാൽ അതിലും കുറെ തമിഴ് വാക്കുകളുണ്ട്. തമിഴ് ഭാഷയോടുള്ള ഈ അടുപ്പം വിവർത്തനത്തിന് ഒറിജിനലിന്റെ അടുത്തെത്താനുള്ള ഒരു സാധ്യതയായി.

ബിന്ദു ഇരുളം

അതോടൊപ്പം തന്നെ ഊരാളി ഗോത്രത്തിൽ നിന്നുമുള്ള അജിത്ത് ശേഖരന്റെ കവിതകളും പഴങ്കുടി കവിതകളിൽ ചേർത്തിട്ടുണ്ട്. ഗോത്ര കവിയാണെങ്കിലും അജിത്ത് ഗോത്ര ഭാഷയിലല്ല പൊതുവെ കവിതകൾ എഴുതാറുള്ളത്.

രാഗേഷ് നീലേശ്വരം

അവന്റെ ഭാഷ ഇല്ലാതായിക്കഴിഞ്ഞു. ആരും ആ ഭാഷ സംസാരിക്കാറില്ല. വീട്ടിൽ പോലും മലയാളത്തിലാണ് സംസാരിക്കുന്നത്. മലയാളം അവന്റെ ഭാഷയെ ഇല്ലാതാക്കി. അവൻ മലയാളത്തിലാണ് കവിതകൾ എഴുതുന്നത് എങ്കിലും അവരുടെ ജീവിതം പറയുന്നു. ഈ കാരണം ചൂണ്ടിക്കാണിച്ച് അജിത്ത് ശേഖരനെ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

അജിത്ത് ശേഖരൻ

സംഘകാല കവിതയുമായും തിണകളുടെ കാവ്യപാരമ്പര്യവുമായും ഗോത്ര കവിതകളുടെ വേരുകൾ എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു ?

അതെങ്ങനെ പറയണം എന്ന് എനിക്കറിയില്ല. സംഘകാല കവികളെല്ലാം അവരുടെ ജീവിതത്തിൽ നിന്നാണ് കവിതകൾ തിരഞ്ഞെടുത്തിട്ടുള്ളത്. അകം, പുറം എന്നൊക്കെ വേർതിരിവുകളുണ്ടാവും. ഐന്തിണൈകൾ എന്നു പറയും തമിഴിൽ. കുറുഞ്ചി, മുല്ലൈ, മരുതം. നെയ്തൽ, പാലൈ എന്നിങ്ങനെ. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിലാണ് അവരുടെ ജീവിതമുണ്ടായിരുന്നത്.

കാടും കാടിനോട് ചേർന്നുള്ള ഇടങ്ങളുമാണ് കുറുഞ്ചി. ആ ജീവിതത്തിന് പറയുന്ന പേരാണ് കുറുഞ്ചി. അവിടുത്തെ പശ്ചാത്തലം, അവിടുത്തെ  ജീവികൾ, ജീവജാലങ്ങൾ, അവരുടെ ജീവിതം. ആ ജീവിതത്തിന്റെ അതിസൂക്ഷ്മമായ നിമിഷങ്ങളിൽ നിന്നും വലിയ ലോകത്തെ സൃഷ്ടിക്കുന്നതാണ് സംഘകാല കവിത. ഇത്ര കാലം കഴിഞ്ഞിട്ടും സംഘകാല കവിതകൾ പുതുതായിരിക്കുന്നു, പുതിയ കാര്യങ്ങൾ പറയുന്നു. അതുപോലെയാണ് ഗോത്ര കവിതകളും. എന്നാൽ ഇന്ന് മാറിക്കൊണ്ടിരിക്കുന്ന, മറഞ്ഞുകൊണ്ടിരിക്കുന്ന അവരുടെ ജീവിതത്തിന്റെ ദുഃഖം ഗോത്ര കവിതകളിലുണ്ട്. അവരുടെ മണ്ണിൽ നിന്ന് അവർ പുറത്താക്കപ്പെടുകയാണ്. പുറത്താക്കപ്പെടുന്ന ആ ജീവിതവും അതിന്റെ വേദനയും ഗോത്ര കവിതകളിലുണ്ട്.

കേരള പഴങ്കുടി കവിതൈകൾ

ഇതുപോലെ ഗോത്ര കഥകൾ വരികയാണെങ്കിൽ അതൊരു പുതിയ ലോകമായിരിക്കും എന്ന് എനിക്കു തോന്നുന്നു. പക്ഷേ അതിന് അവർ ശ്രമിക്കുന്നില്ല. കവിതയാണ് എല്ലാവർക്കും എളുപ്പം. ആ ജീവിതം അവരുടെ അടുത്തുണ്ട്. അവരുടെ ഉള്ളിലുള്ള കഥകൾ, ചെറിയ ചെറിയ കഥകൾ, ഓരോ ഗോത്രങ്ങളിലുമുള്ള കഥകൾ, അതൊക്കെ തിര‍ഞ്ഞെടുത്ത് ആദ്യം മലയാളത്തിൽ വരണം, പിന്നെ തമിഴിൽ വന്നാൽ നന്നായിരിക്കും.

കേരളത്തിലെ ഗോത്ര കവിതകൾക്ക് തമിഴിനോടും, സംഘകാല കവിതകളോടുമുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞല്ലോ. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ മുതൽ തെക്കേയറ്റത്തെ കേരളം വരെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഗോത്ര കവിതകളുടെ മുന്നേറ്റം നടക്കുമ്പോഴും തമിഴിൽ നിന്നും ഗോത്ര കവികൾ ഇല്ലാത്തത് എന്തുകൊണ്ടാണ് ?

വളരെ സങ്കീർണ്ണമായ ഒരു ചോദ്യമാണ്. ഇതിന് പെട്ടെന്ന് ഒരുത്തരം പറയണം എന്ന് എനിക്ക് തോന്നുന്നില്ല. തമിഴിലെ ഗോത്ര ഭാഷകളിൽ നിന്നും കവിതകളുമായി ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ല. കേരളത്തിലെ ഗോത്ര ഭാഷകൾ വിവർത്തനം ചെയ്തതിനെ തുടർന്ന് തമിഴിലെ ഗോത്ര കവികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. മുൻപ് ആദിവസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റായ ഒടിയൻ ലക്ഷ്മണൻ ഗോത്ര വാക്കുകൾ ഉപയോഗിച്ച് കവിതകൾ എഴുതിയിട്ടുണ്ട്. ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. പക്ഷെ ഈ കവിതകൾ ആ കവിതകളെ ഒക്കെ തകർത്തു. തമിഴിൽ ഇതുപോലെ കവിതകൾ വരണം. അതിനുള്ള ശ്രമമാണ് എന്റെ വിവർത്തനം.  

ഗോത്ര വിഭാഗങ്ങളിൽ നിന്നും തമിഴിൽ എഴുതുന്ന എഴുത്തുകാരുണ്ടോ ?

ഗോത്ര ഭാഷയിൽ എഴുതിയവരും ഇല്ല, ഗോത്രവിഭാഗങ്ങളിൽ നിന്നും വന്ന് തമിഴിൽ എഴുതിയവരുമില്ല.

കേരള പഴങ്കുടി കവിതൈകളെ തമിഴ് കാവ്യാസ്വാദകർ എങ്ങനെ സ്വീകരിച്ചു ? പ്രതികരണങ്ങൾ എന്തെല്ലാമാണ് ? തമിഴിൽ വായിക്കപ്പെടുന്ന മലയാള പുസ്തകങ്ങൾ ഏതെല്ലാമാണ് ? എഴുത്തുകാർ ആരെല്ലാമാണ് ?    

ഇതുവരെ കാണാത്ത ഒരു ജീവിതം അവർ‌ കാണുന്നു. പല, പല ഇടങ്ങളിൽ നിന്നും കവികൾ എന്നെ വിളിച്ച് സംസാരിക്കുന്നുണ്ട്. ഈ ഐഡിയ എങ്ങനെ വന്നു എന്നാണ് അവർ ചോദിക്കുന്നത്. വലിയ വർക്കാണിത് എന്ന് ഇന്നലെക്കൂടെ മദ്രാസിൽ നിന്നും വിളിച്ച ഒരു പയ്യൻ പറഞ്ഞു. ഈ കവിതകൾ എങ്ങനെ കണ്ടെത്തി എന്ന് പലരും ചോദിക്കുന്നുണ്ട്, പൊതുവെ കവികൾ ചോദിക്കുന്നുണ്ട്. ഞങ്ങളെ കൊണ്ട് എഴുതാൻ പറ്റാത്ത വശങ്ങൾ ഇവയിലുണ്ട് എന്ന് അവർ പറയുന്നു.

മലയാളത്തിലെ പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും വർക്കുകൾ തമിഴിൽ കിട്ടാനുണ്ട്. സക്കറിയയുടെ പുസ്തകങ്ങളുണ്ട്. എം.ടിയുടെ എല്ലാ പുസ്തകങ്ങളുമുണ്ട്. തകഴിയുടെ കുറെ പുസ്തകങ്ങളുണ്ട്. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെയും എല്ലാ പുസ്തകങ്ങളുമുണ്ട്. ബഷീറിന്റെ ടോട്ടൽ വർക്ക് തമിഴിലുണ്ട്. കെ.ആർ മീരയുടെ പുസ്തകങ്ങളുണ്ട്.

അജയൻ മടൂർ

കോവിലന്റെ തട്ടകം, സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ, മാധവിക്കുട്ടിയുടെ എന്റെ കഥയും ഇരുപത്തഞ്ചോളം ചെറുകഥകളും ഉൾപ്പെടെ കുറെ പുസ്തകങ്ങൾ ഞാൻ വിവർത്തനം ചെയ്തിട്ടുണ്ട്.

തമിഴിൽ നിന്നും മലയാളത്തിലേക്കു വരുന്ന വിവർത്തനങ്ങൾ സമകാല തമിഴ് സാഹിത്യത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന വിമർശനം തമിഴ് സാഹിത്യകാരിൽ നിന്നും കേട്ടിട്ടുണ്ട്. തമിഴിലെ മികച്ച എഴുത്തുകാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടാതെ പോകുന്നുണ്ടോ ?

നല്ല വിവർത്തകരല്ലാത്തവർ ഇംഗ്ലീഷിൽ നിന്നും തമിഴ് പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നുണ്ട്. മലയാളികൾ അത് വാങ്ങി വായിക്കുന്നുണ്ട്. കോപ്പികൾ വിറ്റുപോവുന്നുണ്ട്. മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ ബാബുരാജ് കളമ്പൂർ എന്നൊരാൾ പെരുമാൾ മുരുഗന്റെ പുസ്തകങ്ങൾ തമിഴിൽ നിന്നും നേരിട്ട് വിവർത്തനം ചെയ്യുന്നുണ്ട്. നല്ല വൃത്തിയായി ചെയ്തിട്ടുണ്ട്. എന്നാൽ തമിഴിലെ പുതിയ എഴുത്തുകാർ, ലോക കഥകളോട് അടുത്ത് നിൽക്കുന്ന കഥകൾ അവർ എഴുതുന്നുണ്ട്. പക്ഷേ അതാരും തിരഞ്ഞെടുത്ത് വിവർത്തനം ചെയ്യുന്നില്ല.

ബാബുരാജ് കളമ്പൂർ

 ജയമോഹന്റെ തമിഴിലെ വർക്കുകൾ ഒക്കെ മലയാളത്തിലേക്ക് വരണം, സുന്ദര രാമസ്വാമിയുടെ ഒന്നു രണ്ടു വർക്കുകൾ മലയാളത്തിൽ വന്നിട്ടുണ്ട്. ഇനിയും ചെയ്യാനുള്ള ഒന്നുരണ്ടു വർക്കുകൾ കൂടിയുണ്ട്. യുവൻ ചന്ദ്രശേഖരന്റെ ചില കവിതകൾ അല്ലാതെ ഒരു നോവൽ പോലും മലയാളത്തിലേക്ക് വന്നിട്ടില്ല. അങ്ങനെ പറയുകയാണെങ്കിൽ വലിയ ഒരു ലിസ്റ്റുണ്ട് തമിഴിൽ.

നിർമാല്യ മണി

‘വിവർത്തനം മാനവികതയുടെ ബഹുമുഖങ്ങൾ ആനാവരണം ചെയ്യുന്നു’ എന്ന ആപ്തവാക്യത്തോടെ, തദ്ദേശീയ ഭാഷകൾക്ക് ഊന്നൽ നൽകുന്നതായിരുന്നു 2023 ലോക വിവർത്തന ദിനം. ഗോത്ര ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾ ഭാഷയ്ക്കും സംസ്കാരത്തിനും നൽകുന്ന പാഠങ്ങൾ എന്തെല്ലാമാണ് ?

നമുക്ക് കാണാനാവാത്ത ഒരു ലോകമുണ്ട്. കാണപ്പെടാത്ത ഒരു ലോകം, കണ്ടറിയപ്പെടാത്ത ഒരു ലോകം. ആ ജീവിതത്തെ പുതിയ ഒരു ഉയരത്തിലേക്ക് എത്തിക്കുകയാണ് ഗോത്രകവിതകൾ. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ആ ലോകത്ത് നിന്നും മുന്നോട്ടുവന്ന് അവർ കാണിച്ചു തരുന്നു. ഇതാ ഞങ്ങളുമുണ്ട് ഇവിടെ. വിവർത്തനങ്ങളും അതിന് സഹായകരമാകും. ഇന്ത്യൻ ഗോത്ര ഭാഷകളിൽ നിന്നും കൂടുതൽ വർക്കുകൾ വിവർത്തനം ചെയ്ത് വരേണ്ടതുണ്ട്. നാശത്തിന്റെ വക്കിലുള്ള ഭാഷകളാണ് ഇതെല്ലാം. ഗോത്ര ഭാഷകളിൽ നിന്നും കവിതകളും സർഗാത്മക രചനകളും വരാതായാൽ ഈ ഭാഷകൾ ഇല്ലാതെയാവും. 

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 2, 2023 12:25 pm