കൈ കഴുകി തൊടേണ്ട പുസ്തകം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തികച്ചും യാദൃച്ഛികമായാണ് പ്രൊഫസർ കെ.കെ.അബ്ദുൽ ഗഫാറിന്റെ ‘ഞാൻ സാക്ഷി’ എന്ന ആത്മകഥ എന്റെ കൈയിൽ വരുന്നത്. അദ്ദേഹത്തിന്റെ മരുമകനായ കെ.കെ. അബ്ദു കാവുഗോളിയുടെ കൈയിലാണത് കൊടുത്തയച്ചത്. ഞങ്ങൾ തമ്മിൽ ഒരു പരിചയവുമില്ലായിരുന്നു. കോഴിക്കോട് എഞ്ചിനിയറിങ്ങ് കോളേജിലെ കാസർഗോഡുകാരനായ ഒരു പ്രൊഫസർ ആണദ്ദേഹം എന്ന് പത്രങ്ങൾ വഴി അറിയാമായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തെ ദുരന്ത കഥയിലെ നായകനായ വിദ്യാർത്ഥി രാജന്റെ അധ്യാപകനായിരുന്നു എന്നും.

മാസങ്ങൾക്ക് മുമ്പ് ഉദുമയിലെ ഒരു മുന്തിയ ഹോട്ടലിൽ വെച്ച് ആ പുസ്തകത്തിന്റെ റിലീസു നടത്തുമ്പോൾ എന്നെ കൂടി ക്ഷണിച്ചുകൊണ്ടാണ് അദ്ദേഹം പുസ്തകം അയച്ചു തന്നത്. ദൗർഭാഗ്യവശാൽ വൈറൽ ഫീവർ വന്ന് ഞാൻ കിടപ്പിലായ സമയമായതിനാൽ എനിക്കാ ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയില്ല. എന്നാൽ പനിക്കിടക്കയിൽ വെച്ച് തന്നെ 4 മണിക്കൂർ കൊണ്ട് ആ മഹത്തായ ആത്മകഥ വായിച്ചു തീർത്തു. തീർത്തതല്ല തീർന്നു പോയതാണ്. അത്രയ്ക്ക് ഹൃദ്യവും ലളിതവും ഹൃദയസ്പർശിയുമായിരുന്നു ആ മഹത്ഗ്രന്ഥം. ഒരു വിഷാദഗാനം പോലെ അതെന്നിൽ ഒഴുകി പരന്നു.

ഞാൻ സാക്ഷി

എന്തുകൊണ്ട് ഞാനാ പുസ്തകത്തെ മഹത്ഗ്രന്ഥം എന്ന് വിളിക്കുന്നു എന്ന് നിങ്ങൾ ചോദിക്കുമായിരിക്കും. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തു നിന്ന് പുറപ്പെട്ട് വിദ്യയുടെ വിലപ്പെട്ട സാക്ഷ്യപത്രങ്ങൾ നേടിയ, കാസർഗോഡിന്റെ ആത്മചൈതന്യം വിതറിയ ഒരു എഞ്ചിനീയറിങ്ങ് കോളേജ് പ്രൊഫസറുടെ നൈതികത തുടിക്കുന്ന അധ്യാപകജീവിതവും കേരളത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ ഭരണകൂട നൃശംസതയുടെയും പോലീസ് കിരാത വാഴ്ചയുടേയും രക്തസാക്ഷിയായ തന്റെ വിദ്യാർഥിയായ രാജന് വേണ്ടി നൈതികമായി പൊരുതിയ ആ അധ്യാപകന്റെ ആത്മകഥയെ മഹത്ഗ്രന്ഥം എന്നല്ലാതെ മറ്റെന്താണ് നാം വിളിക്കുക. അത്യന്തം മനുഷ്യാവകാശ വിരുദ്ധമായ ആ ചരിത്രമാണ് ഈ ആത്മകഥയെ നിറവുള്ളതാക്കിത്തീർക്കുന്നത്.

തന്റെ പ്രിയപ്പെട്ടവിദ്യാർത്ഥിക്ക്‌ വേണ്ടി സാക്ഷിയുടെ ദൗത്യം ഏറ്റെടുത്ത, റിട്ടയർ ചെയ്ത ശേഷം വിദേശത്ത് പോയ അദ്ദേഹം, ഇവിടെ വന്ന് സാക്ഷിക്കൂട്ടിൽ കയറി രാജൻ എന്ന അരുമശിഷ്യന് വേണ്ടി തെളിവുകൾ നിരത്തി. അത്യന്തം കോരിത്തരിപ്പോടെ നാമീ കോടതി ഭാഗം വായിക്കുന്നു. നമ്മിൽ അവശേഷിച്ച നൈതികതയും മാനുഷികതയും ഉണർന്നെഴുന്നേല്ക്കുന്നു. കാസർഗോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പഠിപ്പിക്കാൻ പോയത് ഈ മഹത്തായ ജീവിതകർമ്മത്തിന് വേണ്ടിയാണോ എന്ന് പോലും ഈ ആത്മകഥ നമ്മെ ഓർമ്മിപ്പിക്കുന്നു. കാസർഗോട്ടുകാർക്ക് അഭിമാനിക്കാൻ ഉള്ള ഈ മഹാദൗത്യം പ്രൊഫസർ ഗഫാറിന്റെ ജീവിതദൗത്യം തന്നെയായി നാമഭിമാനിക്കുന്നു. കേരളത്തിലെ ആത്മകഥാ സാഹിത്യമെടുത്താലും കാസർഗോട്ടുകാരുടെ സാഹിത്യരചനകളിൽ പെടുത്തിയാലും ഈ ആത്മകഥ ദീപസ്തംഭം പോലെ ഉയർന്നു നില്ക്കുന്നു. എന്തുകൊണ്ടും കൈകഴുകി മാത്രമേ നാം ഈ പുസ്തകം സ്പർശിക്കാവൂ.

ഞാൻ സാക്ഷി പ്രകാശനം നിർവ്വഹിക്കുന്ന
കെ.കെ അബ്ദുൽ ഗഫാർ, ടൊവിനൊ തോമസ്, എം.എസ് ധോനി.

പ്രസാധകരായ കറന്റ് ബുക്സ്‌ ഈ പുസ്തകത്തെ പറ്റി വിശേഷിപ്പിച്ചത്‌ നോക്കുക: ഉന്നത വിദ്യാഭ്യാസം വിദൂരസ്വപ്നമായിരുന്ന കാസർഗോടൻ ഗ്രാമത്തിൽ നിന്നും ഉയർന്നുവന്ന ഒരു എഞ്ചിനിയറിങ്ങ് കോളേജ് അധ്യാപകൻ പാതകങ്ങൾ മഴയായി പെയ്ത അടിയന്തിരാവസ്ഥക്കാലത്ത് കാൽവിറയ്ക്കാതെ നിന്ന് പ്രിയ ശിഷ്യനെ തേടി കക്കയം ക്യാമ്പിലും പിന്നീട് അവന് നീതി ലഭിക്കാനായ കോയമ്പത്തൂർ കോടതിയിലും അവനു വേണ്ടി മുന്നിട്ടിറങ്ങിയ മുഴുവൻ ജനസമൂഹത്തിനു മുമ്പിലും സാക്ഷി പറയാൻ ധീരത കാട്ടിയ ജീവിതകഥയാണിത്.

150 പേജുള്ള ഈ പുസ്തകം 23 അധ്യായങ്ങളാണ്. രാജൻ, പ്രിയപ്പെട്ട വിദ്യാർഥി എന്നൊരധ്യായം തന്നെ ഇതിലുണ്ട്. പോലീസ് ഭീകരത അനുസ്മരിപ്പിക്കുന്ന, കായണ്ണ സംഭവവും രാജന്റെ അറസ്റ്റും, ഹോസ്റ്റലിലെ ഭീകരത, ഈച്ചരവാര്യരുടെ പോരാട്ടങ്ങൾക്കൊപ്പം, കക്കയത്തെ ഉരുട്ടൽ മുറ എന്നീ അധ്യായങ്ങൾ ഹൃദയമിടിപ്പോടെ മാത്രമേ വായിക്കാനാവൂ.

രാജൻ

തന്റെ വിദ്യാർത്ഥിയായ രാജൻ കൊല ചെയ്യപ്പെട്ടു എന്ന് ബോധ്യമായ ആ അധ്യാപകൻ റിജ്യണൽ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സർക്കാറിന്റെ നിർദ്ദേശപ്രകാരം ഏഡനിൽ സർവ്വീസ് ചെയ്യാൻ പോയ ശേഷവും രാജൻ കേസിൽ സാക്ഷിയാക്കിയ സമയത്ത് അദ്ദേഹം നാട്ടിലെത്തി. പ്രിയപ്പെട്ട രാജനു വേണ്ടി സാക്ഷി പറഞ്ഞു.

“സർക്കാറിന് അനുകൂലമായി സാക്ഷി പറയിക്കാനുള്ള ഒരിക്കലും നടക്കാത്ത ശ്രമങ്ങളുമായി ചിലർ എന്നെ വട്ടം ചുറ്റുന്നതാ”

അദ്ദേഹം പുസ്തകത്തിൽ എഴുതുന്നു: പിൽക്കാലത്ത് സച്ചിദാനന്ദൻ രാജനെ അനുസ്മരിച്ചെഴുതിയ കവിതയിൽ പറഞ്ഞ പോലെയായി കാര്യങ്ങൾ:

“നീ മരിച്ചതിന് ശേഷം അവർക്ക് തെളിവുകളില്ല. പക്ഷേ നീ ജീവിച്ചിരുന്നതിന് ഞങ്ങൾക്ക് തെളിവുകളുണ്ട്.”

നീതിക്കു വേണ്ടി നിലകൊള്ളുന്ന ഓരോ മനുഷ്യരുടെയും വിലാപം പോലെ ആ കവിതയിലെ നമുക്കെല്ലാം ഹൃദിസ്ഥമായ കുറച്ചു വരികൾ പ്രൊഫസർ ഗഫാർ ഉദ്ധരിക്കുന്നുണ്ട് :

“ഞങ്ങൾ മറക്കുകയില്ല ജീവിച്ചിരുന്ന കാലത്തോളം സിംഹാസനത്തിലും കവചിത വാഹനങ്ങളിലും നിന്റെ കൊലയാളികൾ സ്വസ്ഥനായിരിക്കുകയില്ല. ഞങ്ങൾ പൊയ്പോയാലും കഴുമരങ്ങളിലും ആത്മഹത്യയിലും അവസാനിച്ച യൗവ്വനങ്ങൾ നിങ്ങൾക്കു മാപ്പുതരില്ല”.

കെ. സച്ചിദാനന്ദൻ

ഇടയ്ക്ക് അദ്ദേഹം ഈച്ചരവാര്യര ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എടുത്തുദ്ധരിക്കുന്നുണ്ട് :

“എന്റെ നിഷ്ക്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്?”

ഈ ആത്മകഥ വായിച്ചു കഴിയുമ്പോൾ ഈച്ചരവാര്യരുടെ ഈ വിലാപമാണ് നാം വീണ്ടും കേൾക്കുക. വിഖ്യാത എഴുത്തുകാരൻ ഈ ലി വീസലിന്റെ നോബൽ സമ്മാനം നേടിയ Night എന്ന ആത്മകഥയിൽ നാസികളുടെ തടങ്കൽ പാളയത്തിൽ പെട്ടു പോയ ഒരാളുടെയും മകന്റെയും ദീന രോദനം നാം കേൾക്കുന്നു. അതിലും ഒരച്ഛനും മകനുമുണ്ട്..

ഈച്ചരവാര്യർ

പ്രൊഫസർ അബ്ദുൽ ഗഫാർ എഴുതിയ ഈ ആത്മകഥയിലും അദൃശ്യനായ ഒരു മകനും പീഡിപ്പിക്കപ്പെട്ട ഒരച്ഛനും കിടന്ന് നീറുന്നത് നമുക്ക് വായിക്കാം. നൈതികതയും മനുഷ്യാവകാശ ബോധവും അതീവമാനവീയതയും കൈമുതലായ ഒരു കാസർഗോടൻ പ്രൊഫസറുടെ ജീവിതം എഴുതപ്പെട്ടത് പോലും ഭരണകൂടം വേദനയുടെ മഴയത്ത് നിർത്തിയ ഒരച്ഛനും മകനും വേണ്ടിയാണെന്ന് നമ്മോട് വിളിച്ചു പറയുകയാണ് ഈ മഹത്ഗ്രന്ഥം. ആളും ആരവുമില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ഞാനെന്റെ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വായിക്കാൻ ശുപാർശ ചെയ്യുന്നു.

Also Read

3 minutes read August 31, 2023 5:30 am